യുദ്ധം ഇരയാക്കിയ വീട്

‘‘ഓരോ വസ്തുവിലുമുണ്ട് നോവുന്ന പ്രാണൻ, തങ്ങിനിൽക്കുന്ന ഒരോർമ, വിരലുകളുടെ സ്പർശം, മണം, കാഴ്ച. അന്തേവാസികളെപ്പോലെത്തന്നെ വീടുകളും വസ്തുക്കളും ഓർമകളും വധിക്കപ്പെടുന്നു.’’

Mahmoud Darwish, ‘The House as Casualty’
in A River Dies of Thirst, translated by Catherine Cobham. London: Saqi Books, 2009.

കേട്ടറിഞ്ഞതും കടമെടുത്തതുമാണ് യുദ്ധത്തെക്കുറിച്ച് എനിക്കറിയാവുന്നതത്രയും. യുദ്ധമെന്ന് പേരിട്ടു വിളിക്കുന്ന, പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന, ഭീകരതയെപ്പറ്റി ചിലതൊക്കെ പറയാനുണ്ട് എനിക്കും. എന്നാലും, യുദ്ധത്തെപ്പറ്റി എഴുതാൻ ക്ഷണിച്ചപ്പോൾ എനിക്ക് തോന്നിയത് ഇപ്പോൾ കേൾക്കേണ്ടത് എന്റെ ശബ്ദമല്ല എന്നാണ്; മറിച്ച് പലസ്തീനിൽ നിന്ന് എത്രയോ കാലമായി ഉയർന്നുകൊണ്ടിരിക്കുന്ന ശബ്ദങ്ങളാണ്.

കഥയും കവിതയുമായി, ചിരിയും കരച്ചിലുമായി, മുദ്രാവാക്യങ്ങളായി, അന്ത്യഭാഷണമായി, ആത്മഗതവും സംഘഗാനവുമായി, അതാബയിലെ നീൾവിളിയും നഷീദിലെ ദുആയുമായി, താരാട്ടായി, മർമരങ്ങളും അട്ടഹാസങ്ങളുമായി പലസ്തീനികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു, അടിച്ചമർത്തുംതോറും കൂടുതലുച്ചത്തിൽ. അതിലൊരു ശബ്ദം വീണ്ടും കേൾപ്പിക്കാനുള്ള എളിയ ശ്രമമാണ് കാതറിൻ കൊഭം വിവർത്തനം ചെയ്ത മഹ്മൂദ് ദർവീശിന്റെ ‘The House As Casualty’ എന്ന ഈ കവിതയുടെ മലയാള വിവർത്തനം.

മഹ്‌മൂദ് ദർവീശ്

ഒരു ജനതയുടെ, സംസ്കാരത്തിന്റെ, കഥയും കാതലും ചരിത്രവും സമകാലികതയും കവിതയിലൂടെ എഴുതി, പാടി, ഉറപ്പിച്ച കവിയാണ് മഹ്‌മൂദ് ദർവീശ്. 1964-ൽ പ്രസിദ്ധീകരിച്ച ആദ്യ കവിതാസമാഹാരം മുതൽ 2008-ൽ ഹൃദയാഘാതം മൂലം മരിക്കുന്നതുവരെ പലസ്തീന്റെ ശബ്ദമായ മഹാകവി. 2002-ൽ, രമള്ളയിലെ കസബ തിയേറ്ററിൽമറ്റു നാലു കവികൾക്കൊപ്പം അദ്ദേഹം കവിത വായിക്കുന്നത് കേൾക്കാൻ ആയിരത്തിലധികം ആൾക്കാരാണ് വന്നത്. അതിന്റെ നാലാം ദിവസം ഇസ്രായേൽ പട്ടാളം രമള്ള ആക്രമിച്ചു. ദർവീശ് ബെയ്റൂതിൽ ആയിരുന്നു അപ്പോൾ. അൽ-കാർമെൽ എന്ന മാഗസിന്റെ എഡിറ്ററായി അദ്ദേഹം ജോലി ചെയ്തിരുന്ന സകാകിനി കൾച്ചറൽ സെൻറർഇസ്രായേലി പട്ടാളം നശിപ്പിച്ചു. ചവിട്ടിക്കൂട്ടിയിട്ട കടലാസു കൂമ്പാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ പുസ്തകമാണ് A River Dies of Thirst‘ദാഹിച്ചു മരിക്കുന്ന ഒരു പുഴ’.

ദർവീശ് അവസാനമായി എഴുതിയ കവിതകളുടെയും കുറിപ്പുകളുടെയും ഈ സമാഹാരം 2008-ൽ അദ്ദേഹം മരിക്കുന്നതിന് എട്ടു മാസം മുമ്പാണ് അറബിക്കിൽ പ്രസിദ്ധീകരിച്ചത്. 2009-ൽ അറബിക് സ്കോളറും സ്കോട്ട്ലണ്ട് സെൻറ് ആണ്ട്രൂസ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ കാതറിൻ കൊഭം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ലണ്ടനിലെ സാകി ബുക്സ് പ്രസിദ്ധീകരിച്ചു.

ഈ പുസ്തകത്തിലെ ‘The House As Casualty’ എന്ന ഈ രചന ഗദ്യകവിതയായോ കവിതയാവുന്നതിന് മുൻപുള്ള കുറിപ്പായോ ഡയറിക്കുറിപ്പായോ വായിക്കാം. ഇത് വിവർത്തനം ചെയ്യുമ്പോൾ എന്റെ മനസ്സിൽ ദർവീശ് ഒരിക്കൽ പറഞ്ഞ വാചകമായിരുന്നു: ‘ഇടയ്ക്കിടയ്ക്ക് താളം തെറ്റിക്കുന്നത് താളാത്മകതക്ക് അനിവാര്യമാണ്.’

താളം തെറ്റിയ കവിതയാണ് ‘യുദ്ധം ഇരയാക്കിയ വീട്’. അല്ലെങ്കിൽ താളം തെറ്റലിൽ മാത്രം എഴുതാവുന്ന കവിത. അതുയർത്തുന്ന ശബ്ദം പക്ഷേ കാഹളമാണ്; ഒരിയ്ക്കലും നിശ്ശബ്ദമാക്കാൻ പറ്റാത്ത കാഹളം.

★★★

യുദ്ധം ഇരയാക്കിയ വീട്
- മഹ്‌മൂദ് ദർവീശ്

രൊറ്റ നിമിഷത്തിൽ തകർക്കപ്പെടുന്നു ഒരു വീടിന്റെ ആയുസ്സത്രയും. ആൾതാമസമില്ലെങ്കിലും കൂട്ടക്കൊലപാതകത്തിന് ഇരയാണതും. സാർത്ഥകമായൊരു സൗധം ഇപ്പോൾ അസംസ്കൃത വസ്തുക്കളുടെ പൊതുശ്മശാനം, അല്ലെങ്കിൽ യുദ്ധകാലത്ത് അനാവശ്യമായിത്തീർന്ന കവിത. വീട് എന്ന ഇര വിച്ഛേദനമാണ്. സാധനങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ, വികാരങ്ങളെ പേരിട്ടു വിളിക്കുന്ന വാക്കുകളുടെ, ദുരന്താനന്തരം ഇരകളായ വസ്തുക്കളുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന വാചാലതയുടെ. ഓരോ വസ്തുവിലുമുണ്ട് നോവുന്ന പ്രാണൻ, തങ്ങിനിൽക്കുന്ന ഒരോർമ, വിരലുകളുടെ സ്പർശം, മണം, കാഴ്ച. അന്തേവാസികളെപ്പോലെത്തന്നെ വീടുകളും വസ്തുക്കളും ഓർമകളും വധിക്കപ്പെടുന്നു. മനുഷ്യരെപ്പോലെ ഛിന്നഭിന്നമായി ചിതറുന്നു കല്ലും ചില്ലും മരവും കമ്പിയും സിമൻറും. പരുത്തിയും പട്ടും കസവും കടലാസും പുസ്തകങ്ങളും നിരോധിക്കപ്പെട്ട വാക്കുകൾ പോലെ കഷണം കഷണമായി ചീന്തിയെറിയപ്പെടുന്നു. പ്ലെയ്റ്റ്, തവി, കളിപ്പാട്ടം, പാട്ടുപെട്ടി, പൈപ്പ്, വാതിൽപ്പിടി, ഫ്രിഡ്ജ്, വാഷിങ് മഷീൻ, പൂപ്പാത്രം, ഉപ്പിലിട്ട ഒലീവ് ഭരണി, അച്ചാർ കുപ്പി, ടിന്നിലാക്കിയ ഭക്ഷണം, എല്ലാം അവയുടെ ഉടമസ്ഥരെ പോലെ പൊട്ടിച്ചിതറുന്നു. ചതഞ്ഞരഞ്ഞിരിക്കുന്നു അവയുടെ ഉടമസ്ഥരെ പോലെത്തന്നെ ഉപ്പും പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും തീപ്പെട്ടിയും മരുന്നും ഗർഭനിരോധന ഉപാധിയും വിഷാദരോഗത്തിനുള്ള ഗുളികയും വെളുത്തുള്ളിയും സവാളയും തക്കാളിയും അരിയും പരിപ്പും. വാടക കരാർ, വിവാഹ ഡോക്യുമെൻറ്, ജനന സർട്ടിഫിക്കറ്റ്, കറൻറ് ബില്ല്, ഐഡൻറിറ്റി കാർഡ്, പാസ്പോർട്ട്, പ്രേമലേഖനം, എല്ലാം അവയുടെ ഉടമസ്ഥരുടെ ഹൃദയങ്ങൾ പോലെ പിച്ചിക്കീറിയിരിക്കുന്നു. ഫോട്ടോകൾ, പല്ല് തേക്കുന്ന ബ്രഷ്, ചീർപ്പ്, സൗന്ദര്യവർധക വസ്തുക്കൾ, ഷൂസ്, അടിവസ്ത്രം, കിടക്കവിരി, തോർത്ത്, എല്ലാം കാറ്റിൽ പറത്തിയിരിക്കുന്നു, ഒളിച്ചുവെച്ച കുടുംബരഹസ്യങ്ങൾ വിളിച്ചുപറഞ്ഞപോലെ. ഓർമകളാണിതോരോന്നും, എല്ലാം കൈവിട്ടുപോയ മനുഷ്യരുടെ, ഉടമസ്ഥർ നഷ്ടപ്പെട്ട വസ്തുക്കളുടെ. ഓർമകളാണിതോരോന്നും, ഒരൊറ്റ നിമിഷത്തിൽ തകർക്കപ്പെട്ട ഓർമകൾ. നമ്മെപ്പോലെത്തന്നെ മരിക്കുന്നു നമ്മുടെ സാധനങ്ങളും. പക്ഷേ അവ നമ്മോടൊപ്പം അടക്കം ചെയ്യപ്പെടുന്നില്ല.

★★★

Comments