ശാസ്ത്രത്തിനൊരു ക്ഷൗരക്കത്തി: സർ ഫ്രാൻസിസ് ബേക്കൺ

മനുഷ്യരാജി സ്വന്തം ബുദ്ധി ഉപയോഗിച്ച് സ്വയം രക്ഷകരാകാനുള്ള മഹാവിദ്യ എന്ന രീതിയിൽ ശാസ്ത്രം വിഭാവനം ചെയ്തയാളാണ് ഫ്രാൻസിസ് ബേക്കൺ. ആധുനിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് വോൾട്ടയർ വിളിച്ച, ശാസ്ത്ര ചിന്തക്ക് തടസ്സമായി നിന്ന ഭാഷയെ വസ്തുനിഷ്ഠത കൊണ്ട് ചെത്തി മിനുക്കിയ ഫ്രാൻസിസ് ബേക്കണിന്റെ ശാസ്ത്ര ചിന്ത ഒരു സാഹിത്യവിദ്യാർത്ഥിയുടെ കാഴ്ചയിലൂടെ അവലോകനം ചെയ്യുകയാണ് ലേഖകൻ

ധുനിക ശാസ്ത്രത്തിന്റെ വളർച്ചക്ക് നിർണായകമായിത്തീർന്ന ചില ആശയങ്ങൾ മുന്നോട്ടു വച്ച സർ ഫ്രാൻസിസ് ബേക്കൺ (1561-1626) എന്ന സാഹിത്യകാരനെ ഓർമിക്കുവാനാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്. ബേക്കൺ ഒരു ശാസ്ത്രജ്ഞൻ അല്ലായിരുന്നുവെങ്കിലും, ഇന്ത്യൻ ഭരണഘടനയുടെ ഭാഷയിൽ പറഞ്ഞാൽ, അദ്ദേഹത്തിന് സയന്റിഫിക് ടെമ്പർ ഉണ്ടായിരുന്നു. ശാസ്ത്രചിന്തക്ക് തടസ്സമായി നിന്ന ഭാഷയെ ചെത്തി മിനുക്കാൻ വസ്തുനിഷ്ഠതയുടെ ക്ഷൗരക്കത്തി ബേക്കൺ കൈയിലെടുത്തു. ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം നിരീക്ഷണ പരീക്ഷണങ്ങളിലേക്കും തിരിഞ്ഞു. കോഴിയിറച്ചി ഐസ് കട്ട കൊണ്ട് മൂടി കേടുവരാതെ സൂക്ഷിക്കുന്ന പരീക്ഷണത്തിനിടെ ന്യുമോണിയ ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്. ബേക്കണിന്റെ മുഖ്യ സംഭാവന നവോത്ഥാന കാലത്ത് ശാസ്ത്രത്തിന് ഒരു രീതിശാസ്ത്രം മെനഞ്ഞെടുക്കാൻ ശ്രമിച്ചു എന്നതാണ്.

ഷേക്‌സ്പിയർ എന്ന വെറും ഒരു സാധാരണക്കാരന് ഇത്ര മഹത്തായ കൃതികൾ എഴുതാൻ കഴിയില്ല, പകരം അസാധാരണ സിദ്ധിയും സാധനയും കൈവശമുള്ള ഒരു പ്രഭുവിനു മാത്രമേ സാധിക്കൂ എന്നാണവരുടെ വാദം

ഷേക്‌സ്പിയറുടെ സമകാലികൻ ആയിരുന്ന ഫ്രാൻസിസ് ബേക്കൺ, ജയിംസ് ഒന്നാമൻ രാജാവിന്റെ കീഴിൽ ചാൻസലർ പദവി വരെ എത്തിയെങ്കിലും ഒരു അഴിമതിക്കേസിൽ കുടുങ്ങി വിശ്രമജീവിതത്തിലേക്ക് തിരിയേണ്ടിവന്നു. ഷേക്‌സ്പിയർ കൃതികൾ യഥാർത്ഥത്തിൽ ബേക്കൺ ആണ് എഴുതിയത് എന്ന് പോലും വിശ്വസിക്കുന്നവർ ഉണ്ട്. ഷേക്‌സ്പിയർ എന്ന വെറും ഒരു സാധാരണക്കാരന് ഇത്ര മഹത്തായ കൃതികൾ എഴുതാൻ കഴിയില്ല, പകരം അസാധാരണ സിദ്ധിയും സാധനയും കൈവശമുള്ള ഒരു പ്രഭുവിനു മാത്രമേ സാധിക്കൂ എന്നാണവരുടെ വാദം. ബേക്കണെ ആധുനിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് വോൾട്ടയർ വിളിച്ചു. ഫ്രാൻസിലെ ജ്ഞാനോദയത്തിന്റെ ആരംഭം കുറിക്കുന്ന ബൃഹത് "എൻസൈക്ലോപീഡിയ' സമർപ്പിച്ചത് ബേക്കണിന്റെ ഓർമക്കായിട്ടാണ്. ഈയിടെ കീർത്തി നേടിയ യുവാൽ നോവ ഹരാരിയുടെ "സാപിയൻസ്' എന്ന പുസ്തകത്തിൽ സർ ഫ്രാൻസിസ് ബേക്കൺ ഒരു ശാസ്ത്ര വിപ്ലവകാരിയായിരുന്നു എന്ന് പ്രകീർത്തിച്ചിട്ടുണ്ട്.

ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സർ ഫ്രാൻസിസ് ബേക്കൺ എഴുതിയ "അഡ്വാൻസ്‌മെന്റ് ഓഫ് ലേർണിംഗ്' എന്ന ഗ്രന്ഥത്തിന്റെ മനോഹരമായ ഒരു കോപ്പി ഞങ്ങളുടെ വീട്ടിൽ എങ്ങനെയോ വന്നു ചേർന്നു. ഒരു അലങ്കാര വസ്തുവായി ആ പുസ്തകം അലമാരിയിൽ അങ്ങനെ ഇരുന്നു വർഷങ്ങളോളം. അന്ന് ഇംഗ്ലീഷ് വായിക്കാനൊന്നും എനിക്ക് അറിയില്ലെങ്കിലും ഇടയ്ക്കിടെ ഞാൻ അതെടുത്തു തിരിച്ചും മറിച്ചും കൈകാര്യം ചെയ്തു. തലക്കെട്ടിന്റെ അർത്ഥം മാത്രം എനിക്ക് മനസിലായി. കോളേജിൽ എത്തിയപ്പോൾ ശാസ്ത്രത്തിനു പകരം സാഹിത്യ പഠനത്തിലേക്കാണ് ഞാൻ തിരിഞ്ഞത്. അതുകൊണ്ടാണ് സാഹിത്യ വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിലൂടെ ബേക്കണിന്റെ ശാസ്ത്ര ചിന്ത ഇവിടെ അവലോകനം ചെയ്യുന്നത്.

അദ്ദേഹത്തിന്റെ "എസ്സേയ്‌സ്' എന്ന ഉപന്യാസ സമാഹാരം ഇംഗ്ലീഷ് സാഹിത്യത്തിലെ ഒരു അമൂല്യ കൃതിയാണ്. പാലാ സെയിന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് എം.എ ക്ലാസിൽ അദ്ദേഹത്തിന്റെ ഉപന്യാസങ്ങൾ വളരെ ഗൗരവത്തോടെയാണ് ഞങ്ങൾ പഠിച്ചത്. "പരമാർത്ഥത്തെപ്പറ്റി' എന്ന ആദ്യ ഉപന്യാസത്തിൽ തന്നെ അദ്ദേഹത്തിന്റെ നവോത്ഥാന ചിന്ത തെളിഞ്ഞു നിന്നു. തടവുകാരനായ യേശുവിനോട് "എന്താണ് പരമാർത്ഥം' എന്ന മഹാചോദ്യം ചോദിച്ചിട്ട് മറുപടി കേൾക്കാൻ നിൽക്കാതെ പീലാത്തോസ് പുറം തിരിഞ്ഞു എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്. മനുഷ്യന്റെ ബൗദ്ധികമായ പുറം തിരിയലുകൾക്കെതിരെ ഈ നുറുങ്ങു ഉപന്യാസത്തിലും ബേക്കൺ ഉന്നമിടുന്നത് വ്യക്തമായി കാണാം.

പുറം തിരിയൽ മാറ്റി അഭിമുഖീകരണം തുടങ്ങാൻ മുഖ്യ തടസ്സം മധ്യകാല യൂറോപ്പിലെ ദൈവശാസ്ത്രത്തിലൂന്നിയ ചിന്താ പാരമ്പര്യമായിരുന്നു. തടസ്സം മാറിവരുന്ന ഒരു ചരിത്ര സാഹചര്യം പെട്ടെന്ന് ഇംഗ്ലണ്ടിൽ ഉണ്ടായി. അവിടെ പ്രൊട്ടസ്റ്റന്റ് റിഫോർമേഷന്റെ ഭാഗമായി വിലക്കുകൾ അയഞ്ഞു തുടങ്ങി. റിഫോർമേഷന്റെ കാതൽ മതനവീകരണം അല്ലായിരുന്നു, മത തിരസ്‌കാരം തന്നെ ആയിരുന്നു എന്നതാണ് വാസ്തവം. മതത്തിനു പകരം മനസാക്ഷിയും, വായനാ സ്വാതന്ത്ര്യവും, പതുക്കെ സ്ഥാനം പിടിച്ചു. ബൈബിളിന്റെ ആധികാരികതയെ ചോദ്യം ചെയ്യാനൊന്നും ബേക്കൺ ശ്രമിച്ചില്ലെങ്കിലും പ്രകൃതി രഹസ്യങ്ങൾ അനാവരണം ചെയ്യണമെങ്കിൽ ദൈവശാസ്ത്രം പോലുള്ള പഴയ അറിവിൽ നിന്നും മാറിനിന്ന് നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും പുതിയ വിജ്ഞാനം ആർജ്ജിക്കണം എന്ന് "അഡ്വാൻസ്‌മെന്റ് ഓഫ് ലേണിങ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി.

ഇവിടെ ഓർമിക്കണ്ടത് നാല് നൂറ്റാണ്ടുകൾക്കു മുമ്പ്, ഇംഗ്ലണ്ടിലെ ഹെൻറി രണ്ടാമൻ രാജാവിനെ റോമിൽ ഇരുന്നുകൊണ്ട് ചാട്ടയടിച്ചു ശിക്ഷിക്കാൻ മാർപാപ്പയ്ക്ക് കഴിഞ്ഞു എന്നതാണ്. മാർപാപ്പയുടെ അനിഷ്ടത്തിനു പാത്രമായ ഹെൻറി രണ്ടാമൻ അർദ്ധനഗ്‌നനായി കാന്റർബറി കത്തീഡ്രലിൽ മുട്ടുകുത്തി ചാട്ടയടി കൊണ്ടു.

പ്ലേറ്റോ, അരിസ്റ്റോട്ടിൽ, എപിക്യൂറസ്, ലുക്രീഷ്യസ്, തുടങ്ങിയവർ വളർത്തിയെടുത്ത ശാസ്ത്ര പാരമ്പര്യം ക്രിസ്തു മതത്തിന്റെ ശൈശവ ദിശയിൽ തന്നെ ക്ഷയിച്ചു തുടങ്ങിയിരുന്നു. പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനം (476 AD) മുതൽ പ്രൊട്ടസ്റ്റന്റ് നവീകരണ ആരംഭം (1517) വരെയുള്ള കാലത്ത് ശാസ്ത്രം വഴിമുട്ടി നിന്നു എന്ന് പറയാതെ വയ്യ. ഇംഗ്ലണ്ടും, ഇംഗ്ലീഷ് ഭാഷയും ഒക്കെ രൂപപ്പെട്ടുവന്നത് ഈ ഇരുണ്ട നൂറ്റാണ്ടുകളിലാണ്. യൂറോപ്പിലെ ഒരേ ഒരു കേന്ദ്ര ശക്തി അന്ന് കത്തോലിക്കാ സഭയായിരുന്നു. ദേശീയത വളരുന്നതിന്റെ ഭാഗമായി മാർപാപ്പമാർക്കെതിരെ ചെറുതും, വലുതുമായ നാട്ടു ശക്തികൾ രഹസ്യമായി പോരാടി. പള്ളിയും സിംഹാസനവും ആയുള്ള പോരാട്ടത്തിൽ ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ വിജയിച്ചു എന്നത് ഒരു നിർണായക ചരിത്ര സംഭവമാണ്. ഇംഗ്ലണ്ടിലെ സഭയുടെ മാർപാപ്പ ആയി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഹെൻറി

ഹെൻറി  എട്ടാമൻ
ഹെൻറി എട്ടാമൻ

എട്ടാമൻ ഈ വിജയം നേടിയത്. രാജ്യത്തെ മൂന്നിലൊന്നു സ്വത്ത് അന്ന് കൈവശം വച്ചിരുന്നത് സഭയാണ്. ഹെൻറി എട്ടാമൻ ആ സ്വത്തും പിടിച്ചെടുത്തു. അങ്ങനെ ഇംഗ്ലണ്ട് ഒരു ബദൽ ശക്തികേന്ദ്രമായി മാറി. ഇവിടെ ഓർമിക്കണ്ടത് നാല് നൂറ്റാണ്ടുകൾക്കു മുമ്പ്, ഇംഗ്ലണ്ടിലെ ഹെൻറി രണ്ടാമൻ രാജാവിനെ റോമിൽ ഇരുന്നുകൊണ്ട് ചാട്ടയടിച്ചു ശിക്ഷിക്കാൻ മാർപാപ്പയ്ക്ക് കഴിഞ്ഞു എന്നതാണ്. മാർപാപ്പയുടെ അനിഷ്ടത്തിനു പാത്രമായ ഹെൻറി രണ്ടാമൻ അർദ്ധനഗ്‌നനായി കാന്റർബറി കത്തീഡ്രലിൽ മുട്ടുകുത്തി ചാട്ടയടി കൊണ്ടു. മാർപാപ്പയുടെ ചാട്ടവാർ ഇംഗ്ലണ്ടിൽ വരെ എത്തുകയില്ല എന്ന സാഹചര്യം ഉണ്ടായ നിമിഷം ശാസ്ത്രത്തിനു വളരാനുള്ള വഴി ഒരുങ്ങി. ബ്രൂണോയും, ഗലീലിയോയും അന്ന് ഇംഗ്ലണ്ടിലാണ് ജീവിച്ചിരുന്നതെങ്കിൽ സഭക്ക് അവരെ ശിക്ഷിക്കുവാൻ സാധിക്കില്ലായിരുന്നു.

നവോത്ഥാനത്തിന്റെ ആദ്യ നൂറ്റാണ്ടിൽ തന്നെ കലാകാരന്മാരും ചിന്തകരും യൂറോപ്പിലാകെ രഹസ്യമായും പരസ്യമായും ഗ്രീക് പാരമ്പര്യം തിരികെ കൊണ്ടുവരാൻ തുടങ്ങിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്ലേറ്റോ, അരിസ്റ്റോട്ടിൽ, എപിക്യൂറസ്, ലുക്രീഷ്യസ്, സെനെക്കാ തുടങ്ങിയവരുടെ മണ്മറഞ്ഞു പോയ പുസ്തകങ്ങളെല്ലാം അറബി പണ്ഡിതന്മാരുടെ കൈവശം ഉണ്ടായിരുന്നത് യുറോപ്പിലുടനീളം അച്ചടി വിദ്യയുടെ സഹായത്തോടെ പ്രത്യക്ഷപ്പെട്ടു. ആൾഡ്‌സ് മനുട്ടിയസ് തന്റെ പ്രസ്സിൽ തന്നെ 132 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ശാസ്ത്രത്തിന്റെ വളർച്ചയെ കുറഞ്ഞത് ആയിരം വർഷം ക്രിസ്തുമതം വൈകിപ്പിച്ചു എന്ന് ചുരുക്കം.

ഇംഗ്ലണ്ടിൽ നവോത്ഥാനം കുറച്ചു താമസിച്ചാണ് എത്തിയതെങ്കിലും പ്രായോഗികമായ ഒരു ശാസ്ത്രരീതി വളർത്താനുള്ള ഉദ്യമങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ തന്നെ തുടങ്ങിയിരുന്നു. അതും സഭക്കുള്ളിൽ നിന്നാണ് തുടങ്ങിയത്. ആത്മീയതക്ക് വെളിയിൽ, പ്രകൃതി ഭൗതികതയെപ്പറ്റി രൂപപ്പെട്ട ഉൾക്കാഴ്ചകളും, പരികൽപനകളും ഗ്രീക്ക് ഭാഷയിൽ നിന്നും, അറബിയിൽ നിന്നും വീണ്ടെടുക്കാൻ

റോജർ ബേക്കൺ
റോജർ ബേക്കൺ

ശ്രമിച്ചവരിൽ ബേക്കൺ എന്ന പേരുകാരനായ മറ്റൊരു അതികായനെകൂടി ഇവിടെ സ്മരിക്കുന്നു. റോജർ ബേക്കൺ (1214-1292) ഒരു ഫ്രാൻസിസ്‌കൻ പുരോഹിതനായിരുന്നു. വെടിമരുന്നു നിർമിക്കാനുള്ള ഫോർമുല യൂറോപ്പിൽ ആദ്യമായി ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്. അറബി ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന റോജർ ബേക്കൺ അരിസ്‌റ്റോട്ടിലിന്റെ ശാസ്ത്ര കൃതികൾ പുനരുജ്ജീവിപ്പിക്കുന്നത്തിൽ വലിയ പങ്കു വഹിച്ചു.

റോജർ ബേക്കണിന്റെ സമകാലികനായ തോമസ് അക്ക്വിനാസ് (1225-1274), ഇന്ന് ഒരു പുണ്യവാനായി വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും സഭയെ സ്വർഗത്തിൽ നിന്നിറക്കി ഭൂമിയിലേക്ക് മാറ്റിപ്പാർപ്പിച്ചു എന്നാണ് പ്രസിദ്ധ ഇറ്റാലിയൻ ചിന്തകനും നോവലിസ്റ്റും ആയ ഉംബെർതോ ഇക്കോ പറഞ്ഞിരിക്കുന്നത്. അക്ക്വിനാസിന്റെ 18 ലക്ഷം വാക്കുകൾ ഉള്ള "സുമ്മ തിയളോജിക്ക' എന്ന മാസ്റ്റർപീസ് യൂറോപ്പിലാകെ ഭാവി ശാസ്ത്രചിന്തയ്ക്കുള്ള വഴി തുറന്നു. ഇന്ന് ജീവിച്ചിരുന്നതെങ്കിൽ സഭയുടെ സകല എതിരാളികളുമായി അക്വിനാസ് ഒത്തുതീർപ്പുണ്ടാക്കുമായിരുന്നു എന്ന് ഇക്കോ എഴുതിയിട്ടുണ്ട്.

വില്യം ഓഫ് ഓക്ഖം (1287-1347) ആണ് രീതിശാസ്ത്ര ചിന്തയിൽ ഫ്രാൻസിസ് ബേക്കണിന്റെ മറ്റൊരു മുൻഗാമി. ഓക്ഖത്തിന്റെ ക്ഷൗരക്കത്തി (Okham's Razor) എന്ന സവിശേഷ പ്രയോഗം ഇന്നും ശാസ്ത്ര വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. ശാസ്ത്രാന്വേഷകർ അനാവശ്യമായ സങ്കീർണതകൾ ശാസ്ത്ര ചിന്തയിൽ നിന്ന് ചെത്തിക്കളയണം എന്ന് വ്യംഗ്യാർത്ഥം. ഭാഷയെതന്നെ ഓഖം പ്രശ്‌നവത്കരിച്ചു. അതിഭൗതികയുടെ വാക്കുകളെ വെറും വാക്കുകളാക്കി തരം താഴ്ത്തി. വിജ്ഞാനസിദ്ധാന്തം, നോമിനലിസം, അറിവിന്റെ ഭാഷ തുടങ്ങി വിവിധ ദർശന മണ്ഡലങ്ങളിൽ ആദ്യമായി ഇടപെട്ട വില്യം ഓഫ് ഓഖം പിന്നീട് നവോത്ഥാന കാലത്തും, ജ്ഞാനോദയ കാലത്തും വിവിധ തലമുറകളുടെ മേൽ സ്വാധീനം ചെലുത്തി. ഇന്ന് ഉംബെർട്ടോ ഇക്കോയുടെ "റോസാപ്പൂവിന്റെ പേര്' എന്ന നോവലിലെ ഡിറ്റക്റ്റീവ് വില്യം ഓഫ് ബാസ്‌കെർവിൽ ആയും അദ്ദേഹം ജീവിക്കുന്നുണ്ട്.

ഓഖത്തിന്റെ ക്ഷൗരക്കത്തി പേനയായും പേനാക്കത്തിയായി ഫ്രാൻസിസ് ബേക്കൺ നന്നായി വിന്യസിച്ചു. മനുഷ്യരാശി സ്വന്തം ബുദ്ധി ഉപയോഗിച്ച് സ്വയം രക്ഷകരാകാനുള്ള മഹാവിദ്യ എന്ന രീതിയിലാണ് അദ്ദേഹം ശാസ്ത്രത്തെ വിഭാവന ചെയ്തത്. "ഹോമോ സാപിയൻസ് സാപിയൻസ്' എന്നാണല്ലോ ലിന്നെയൻ സിസ്റ്റത്തിൽ നാമെല്ലാം അറിയപ്പെടുന്നത്. ബുദ്ധി ഉപയോഗിക്കുന്ന ജീവി. ആകാശത്തേക്ക് ഉറ്റുനോക്കിയിരുന്നുകൊണ്ട് "എന്താണീയാകാശം' "ആരാണ് ഞാൻ' "ഞാൻ എവിടെയാണ്' "ഞാൻ എങ്ങനെ ഉണ്ടായി' എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം ലഭിക്കണമെങ്കിൽ അഞ്ചു വിലങ്ങുതടികൾ ഉന്തി മാറ്റണമെന്ന് ബേക്കൺ നിർദേശിച്ചു. "ന്യൂ ഓർഗാനോൻ' അഥവാ "അറിവിന്റെ പുതിയ ഉപകരണം' എന്ന കൃതിയിൽ നാൾവരെ ഉള്ള പഴയ ഉപകരണങ്ങൾ ഉപേക്ഷിക്കുവാൻ ഉതകുന്ന ഒരു പദ്ധതി ആസൂത്രണം ചെയ്തു. പ്രകൃതിയെ ശരിയായി അറിയണമെങ്കിൽ സിദ്ധാന്താധിഷ്ഠിത (deductive reasoning) വാചകമേള ഉപേക്ഷിച്ചു, നീരീക്ഷണ പരീക്ഷണ (inductive reasoning) രീതി സ്വീകരിക്കണമെന്നാണ് ബേക്കണിന്റെ ഏറ്റവും മർമ്മ പ്രധാനമായ പ്രസ്താവന. ശരിയായ അറിവ് കാംക്ഷിക്കുന്ന ശാസ്ത്രജ്ഞൻ ആദ്യം നാല് വിഗ്രഹങ്ങൾ (idols) തകർക്കേണ്ടതുണ്ട് എന്ന് വിഗ്രഹഭഞ്ജകനായ ബേക്കൺ എഴുതി.

ഭഞ്ജിക്കപ്പെടേണ്ട വിഗ്രഹങ്ങൾ നാലുതരം:

ഒന്ന്: ഗോത്ര സംബന്ധിയായ വിഗ്രഹങ്ങൾ. അതായത് ഓരോ സമൂഹവും ലാളിക്കുന്ന മുൻവിധികൾ ചായ്‌വുകൾ, പൊതു അഹങ്കാരങ്ങൾ, അന്ധ വിശ്വാസങ്ങൾ എല്ലാം ഉന്മൂലനം ചെയ്യണം.

രണ്ട്: വ്യക്തി ജീവിക്കുന്ന ആത്മനിഷ്ഠമായ ഗുഹ എന്ന വിഗ്രഹം. ശരിയായ അറിവ് നേടണമെങ്കിൽ ഗുഹയിൽ നിന്ന് പുറത്തിറങ്ങണം; ആത്മനിഷ്ഠത വെടിഞ്ഞു വസ്തുനിഷ്ഠതയിലെത്തണം എന്ന് ചുരുക്കം; ശാസ്ത്രവും വ്യക്തിയും തമ്മിലുള്ള ബന്ധം വേർതിരിക്കണം.

മൂന്ന്: ചന്തയിൽ വാഴുന്ന ആശയങ്ങൾ, വാക്കുകൾ, വിശ്വാസങ്ങൾ; അങ്ങാടിയിൽ പാട്ടായതുകൊണ്ട് ഒരു അറിവും ശരിയാകണമെന്നില്ല എന്ന് ചുരുക്കം.

നാല്: നാടകശാലയിലെന്ന പോലെ വിഗ്രഹസ്ഥാനം നേടി അരങ്ങു തകർക്കുന്ന അറിവുകൾ തിരസ്‌കരിക്കണം.

നാളിതുവരെ വിവിധ സംസ്‌കാരങ്ങൾ നെയ്‌തെടുത്ത മായാലോകങ്ങൾക്കെതിരെ ഒരു കടന്നാക്രമണം തന്നെയാണ് ബേക്കൺ നടത്തിയത് എന്ന് വ്യക്തം. അധിഭൗതികവും, അമൂർത്തമായ ആശയങ്ങളും വാക്കുകളും (ഉദാഹരണമായി Essence, Fortune, Prime Mover, Universals ) ചിന്തയുടെ ക്ഷൗരക്കത്തികൊണ്ട് മുറിച്ചുമാറ്റി, ശാസ്ത്രത്തിന് ചെത്തിമിനുക്കിയ ഭാഷയുണ്ടാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ബേക്കണെ അടക്കം ചെയ്ത സ്ഥലത്ത് നിർമ്മിച്ച സ്മാരകം
ബേക്കണെ അടക്കം ചെയ്ത സ്ഥലത്ത് നിർമ്മിച്ച സ്മാരകം

വില്യം ഓഫ് ഓഖം നേരത്തെ നിഷ്‌കർഷിച്ചതുപോലെ പ്ലേറ്റോയുടെയും മറ്റും ദാർശനിക നിഘണ്ടു പൊള്ളയാണെന്ന് ബേക്കൺ എഴുതി അമ്പതു വർഷങ്ങൾക്കുള്ളിൽ മാത്തമാറ്റിക്‌സ് പുരോഗമിച്ചതോടെ ഭാഷയുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ശാസ്ത്രത്തിന് ശരിയായ ഭാഷ ഉണ്ടായി.

ബേക്കൺ എന്ന വ്യക്തി അറിവിന്റെ ഇരുണ്ട ഗുഹയിൽ നിന്ന് രക്ഷപ്പെട്ട മഹാനായിരുന്നെന്ന് ആരും ഇന്ന് വാദിക്കുന്നില്ല. അദ്ദേഹത്തിന്റെ ശാസ്ത്ര രചനകൾ മിക്കതും കാലഹരണപ്പെട്ടതായി തോന്നാം. കോപ്പർനിക്കസ്, കെപ്ലർ, ടൈക്കോ ബ്രാഹെ, ഗലീലിയോ തുടങ്ങിയവർ ശുദ്ധ ശാസ്ത്രജ്ഞർ സമീപകാലത്ത് വളർത്തിയെടുത്ത പ്രപഞ്ചഘടനാശാസ്ത്രം ബേക്കൺ ഉൾകൊള്ളാൻ ശ്രമിച്ചതായി കാണുന്നില്ല. ശരീരശാസ്ത്രത്തിലെ ഏറ്റവും പ്രധാന കണ്ടെത്തലുകളിൽ ഒന്ന് നടത്തിയത് ബേക്കണിന്റെ തന്നെ ഡോക്ടർ ആയിരുന്ന വില്യം ഹാർവി (1578-1657) ആയിരുന്നു. ചിട്ടയോടുകൂടി രക്തം പമ്പ് ചെയ്യുന്ന യന്ത്രമാണ് ഹൃദയം എന്ന് സ്ഥിരീകരിക്കുന്ന ഹാർവിയുടെ പ്രബന്ധം ബേക്കണിന്റെ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും തന്റെ ഡോക്ടറുടെ വർഷങ്ങൾ നീണ്ട ആ ഗവേഷണ പ്രയത്‌നത്തിൽ ബേക്കൺ പങ്കു വഹിച്ചതായി തോന്നുന്നില്ല.

ഒരു നല്ല ശാസ്ത്രജ്ഞനാകാൻ നീണ്ട പരിശീലനം ആവശ്യമാണ്. ഇന്ന് ഗവേഷണ സ്ഥാപനങ്ങളുടെ പശ്ചാത്തലത്തിലാണ് ശാസ്ത്രം വളരുന്നത്. അങ്ങനെയുള്ള ഒരു ഗവേഷണ സ്ഥാപനവും ബേക്കൺ വിഭാവനം ചെയ്തിരുന്നു. ഭാവിയിലെ ശാസ്ത്രത്തെപ്പറ്റി ബേക്കൺ കണ്ട ദീർഘദർശന സ്വഭാവമുള്ള ഒരു സ്വപ്‌നമാണ് "ന്യൂ അറ്റ്‌ലാന്റിസ്' എന്ന അദ്ദേഹത്തിന്റെ ഉട്ടോപ്യൻ നോവൽ. പൂർത്തിയാക്കാൻ കഴിയാതിരുന്ന ഈ കൃതി സർ തോമസ് മൂർ 1516-ൽ ലത്തീൻ ഭാഷയിൽ എഴുതിയ "ഉട്ടോപ്യ' യുടെ അനുകരണം ആണെന്ന് തോന്നാം. തോമസ് മൂർ സ്വകാര്യ സ്വത്തില്ലാത്ത പരിപൂർണ സമൂഹം വിഭാവന ചെയ്തപ്പോൾ, ബേക്കൺ ശാസ്ത്രത്തിനൊരു പറുദീസ തന്നെ സൃഷ്ടിച്ചു. രണ്ട് കൃതികളും കോളനിവത്കരണത്തിന്റെ സമകാലീന ചരിത്രവുമായി ബന്ധപ്പെട്ടതാണ്.

യുക്തിയിലും ശാസ്ത്രജ്ഞാനത്തിലും ആശ്രയിക്കുന്ന സംസ്‌കാരങ്ങൾ അന്ധവിശ്വാസികളേക്കാൾ മുന്നിലായിരിക്കുമെന്നും, ജ്യോതിഷം ഒരു വ്യാജ ശാസ്ത്രമാണെന്നും ഒക്കെ പ്രൊഫസർ വെങ്കിട്ടരാമൻ ഈയടുത്ത കാലത്ത് അഭിപ്രായപ്പെട്ടപ്പോൾ ഇന്ത്യയിലെ ശാസ്ത്രവിരുദ്ധശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിനെതിരെ പ്രക്ഷോപണത്തിനിറങ്ങി എന്നതും വിസ്മരിക്കുന്നില്ല.

"ന്യൂ അറ്റ്‌ലാന്റിസ്' പ്രധാനമായും ഇന്നറിയപ്പെടുന്നത് സോളമൻ ഹൗസ് എന്ന ഗവേഷണ കേന്ദ്രത്തിന്റെ വിവരണത്തിലൂടെയാണ്. ബേക്കണിന്റെ കഥാനായകൻ പസഫിക് സമുദ്രത്തിൽ എവിടെയോ ഉള്ള ഒരു രഹസ്യ ദ്വീപിൽ പൂർണബൗദ്ധികജീവിതം നയിക്കുന്നവർ സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ ലബോറട്ടറി സന്ദർശിക്കുന്നു. ഭൂഗർഭ ആലയങ്ങളും, അംബരചുംബികളും നിറഞ്ഞ ബെൻസേലം എന്ന ആ ദേശത്തുള്ളവർ ടെലസ്‌കോപ്പ്, മൈക്രോസ്‌കോപ്പ്, ഓട്ടോമാറ്റിക് ക്ലോക്ക്, അന്തർവാഹിനികൾ, വിമാനങ്ങൾ എന്ന് തുടങ്ങി 21-ാം നൂറ്റാണ്ടിനെ വെല്ലുന്ന ശാസ്ത്ര സാങ്കേതിക വളർച്ചകൾ അന്നേ നേടിക്കഴിഞ്ഞിരുന്നു. കഥാനായകനോട് അവരുടെ സ്ഥാപനത്തിന്റെ ദൗത്യം വിശദീകരിച്ചതിങ്ങനെയാണ്: കാര്യകാരണ ജ്ഞാനം നേടുക, മനുഷ്യസാമ്രാജ്യം വിപുലീകരിക്കുക, സാധ്യമായതെല്ലാം സാധ്യമാക്കുക.

"ന്യൂ അറ്റ്‌ലാന്റിസ്' എന്ന സാഹിത്യ കൃതിയിലെ സ്വപ്നലോകം യാഥാർഥ്യമായതാണ് ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റി എന്ന് പറയാം.

ബേക്കൺ 1626-ൽ മരണമടഞ്ഞു. ശാസ്ത്ര ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി റോയൽ സൊസൈറ്റി 1660-ഇൽ പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ മാർഗ്ഗരേഖയിൽ ബേക്കൺ ഉദ്‌ബോധിപ്പിച്ചപോലെ അലങ്കാരമില്ലാത്ത, ചെത്തി മിനുക്കിയ "പ്ലെയിൻ' സ്റ്റൈലിൽ തന്നെ വേണം എന്ന് സർ തോമസ് പ്രാറ്റ് എഴുതി. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഭാവനാത്മക നിർവഹണം ഫ്രാൻസിസ് ബേക്കൺ നടത്തിയെങ്കിൽ, റോയൽ സൊസൈറ്റിയും, ഐസക് ന്യൂട്ടനും, റോബർട്ട് ബോയിലും, ഡാർവിനും, ഫാരഡേയും ഒക്കെ താമസിയാതെ അതൊരു യാഥാർഥ്യമാക്കി. ഇന്ന് ലോകമാസകലം ഉള്ള യൂണിവേഴ്‌സിറ്റികളിലും, ലബോറട്ടറികളിലും ബേക്കൺ വിഭാവനം ചെയ്ത രീതിയിൽ പ്രകൃതി രഹസ്യങ്ങൾ ഒന്നൊന്നൊയി അനാവരണം ചെയ്തു കൊണ്ടിരിക്കുകയാണ്.

റോയൽ സൊസൈറ്റിയുടെ ഇന്നത്തെ പ്രസിഡണ്ട് ഇന്ത്യയിൽ നിന്നുള്ള നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ വെങ്കട്ടരാമൻ രാമകൃഷ്ണൻ ആണെന്നത് എടുത്തു പറഞ്ഞുകൊള്ളട്ടെ. യുക്തിയിലും ശാസ്ത്രജ്ഞാനത്തിലും ആശ്രയിക്കുന്ന സംസ്‌കാരങ്ങൾ അന്ധവിശ്വാസികളേക്കാൾ മുന്നിലായിരിക്കുമെന്നും, ജ്യോതിഷം ഒരു വ്യാജ ശാസ്ത്രമാണെന്നും ഒക്കെ പ്രൊഫസർ വെങ്കിട്ടരാമൻ ഈയടുത്ത കാലത്ത് അഭിപ്രായപ്പെട്ടപ്പോൾ ഇന്ത്യയിലെ ശാസ്ത്രവിരുദ്ധശാസ്ത്രജ്ഞർ അദ്ദേഹത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങി എന്നതും വിസ്മരിക്കുന്നില്ല.

Comments