ചാൾസ് ബുകൗസ്‌കി / Photo: Kino Lorber

ഭ്രഷ്ടലോകത്തിന്റെ നിത്യ കാമുകൻ

അമേരിക്കയിലെ പുസ്തക വിൽപ്പനശാലകളിൽ ഏറ്റവും കൂടുതലായി മോഷ്ടിക്കപ്പെടുന്നത് ചാൾസ് ബുകൗസ്‌കിയുടെ പുസ്തകങ്ങളത്രെ. സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവുമധികം വീണ്ടെടുക്കപ്പെട്ട എഴുത്തുകാരിലൊരാൾ കൂടിയാണ് അദ്ദേഹം. അമേരിക്കയിലും യൂറോപ്പിലുമായി നൂറിലധികം വെബ് സൈറ്റുകളാണ് അദ്ദേഹത്തിനായുള്ളത്. ബുകൗസ്‌കിയുടെ ജന്മശതാബ്ദി വർഷമായിരുന്നു 2020.

Some lose all mind and become soul, insane,Some lose all soul and become mind, intellectualSome lose both and become accepted.Charles Bukowski (1921-1994)

ർമൻ - അമേരിക്കൻ കവിയും കഥാകൃത്തും നോവലിസ്റ്റുമായ ചാൾസ് ബുകൗസ്‌കിയുടെ ജന്മശതാബ്ദി വർഷമാണ് 2020 ൽ കടന്നുപോയത്. സാർത്രും ഷെനെയും ഏറ്റവും മഹാനായ അമേരിക്കൻ കവിയായി വാഴ്​ത്തിയ ബുകൗസ്‌കി ജീവിച്ചിരിക്കെ അമേരിക്കയിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും അക്കാദമിക സമൂഹവും തിരസ്‌കരിച്ച എഴുത്തുകാരൻ കൂടിയായിരുന്നു. ലൊസാഞ്ചലസ് മഹാനഗരത്തിന്റെ അധോതലങ്ങളിൽനിന്ന് ഉയിർകൊണ്ട ഇരുണ്ട വാങ്മയങ്ങളാണ് ബൊഹീമിയൻ ജീവിതം നയിച്ച അദ്ദേഹത്തിന്റെ കവിതകൾ. "അമേരിക്കൻ നിമ്‌ന ജീവിതത്തിന്റെ അപ്പോസ്തലൻ 'എന്നാണ് റ്റൈം മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

പ്രഖ്യാതമായ കാവ്യ പ്രസ്ഥാനങ്ങളുടെ രാജരഥ്യകളിലൂടെയായിരുന്നില്ല ബുകൗസ്‌കിയൻ കവിതയുടെ പ്രയാണം. തെരുവിന്റെ അലോസരങ്ങളിൽ നിന്ന് ഊർജ്ജം സംഭരിച്ച് വെട്ടിത്തുറന്ന പുതുവഴിയിലൂടെ അതു സഞ്ചരിച്ചു, നിന്ദിതരും പീഢിതരും ആ കവിതകളിൽ കുടിപാർത്തു. പരിഷ്‌ക്കാരിയുടെ വെടിപ്പും മിനുപ്പും ആ കവിതകൾക്കന്യമായിരുന്നു. അത് മദ്യശാലകളിലും വേശ്യാലയങ്ങളിലും രാപാർത്തു. രൂപത്തെയോ ഘടനയെയോ കുറിച്ച് വ്യാകുലതകളില്ലാതെ അഴിഞ്ഞാടി. നെറുന്തലയിൽ വെടിയേറ്റ് തെരുവിലലഞ്ഞു.

കൗമാരകാലത്തുണ്ടായ മുഖക്കുരുവിന്റെ വടുക്കൾ മൂലം മുഖം പരുക്കനായി മാറി. ഒരു റെബലിന്റെ രൂപപ്പെടലായിരുന്നു അക്കാലത്തിന്റെ ബാക്കിപത്രം

ബാല്യം, അലച്ചിലുകൾ

ഒരിക്കൽ എഴുത്തുകാരനാകാൻ വേണ്ട മുന്നുപാധികളെക്കുറിച്ചുള്ള ചോദ്യത്തിന് "അസന്തുഷ്ടമായ ബാല്യം' എന്നായിരുന്നു ഹെമിങ്​വേയുടെ മറുപടി. തികച്ചും അസന്തുഷ്ടമായിരുന്ന ബാല്യമായിരുന്നു ബുകൗസ്‌കിയുടേത്. ജർമനിയിൽ ജനിച്ച കവിയുടെ അമ്മ ജർമൻകാരിയും അച്ഛൻ പോളിഷ് -അമേരിക്കനുമായിരുന്നു. ഇരുവരും ഒന്നാം ലോകയുദ്ധകാലത്ത് കണ്ടുമുട്ടിയവർ. കർക്കശക്കാരനായ പട്ടാളക്കാരൻ പിതാവ് നിസ്സാരമായ കാര്യങ്ങൾക്കുപോലും മകനെ നിരന്തരം മർദ്ദിക്കുമായിരുന്നു. അദ്ദേഹത്തിന് രണ്ടു വയസ്സുള്ളപ്പോൾ കുടുംബം അമേരിക്കയിലേക്ക് ചേക്കേറി. സ്‌കൂളിൽ ജർമൻ ഉച്ചാരണച്ചുവയാൽ പരിഹസിക്കപ്പെട്ടു. ഡിസ്ലെക്‌സിയ കാരണം പഠനത്തിലും പിന്നാക്കമായിരുന്നു. കാര്യമായ സൗഹൃദങ്ങളൊന്നും അക്കാലത്തുണ്ടായിരുന്നില്ല.

കൗമാരകാലത്തുണ്ടായ മുഖക്കുരുവിന്റെ വടുക്കൾ മൂലം മുഖം പരുക്കനായി മാറി. ഒരു റെബലിന്റെ രൂപപ്പെടലായിരുന്നു അക്കാലത്തിന്റെ ബാക്കിപത്രം. പതിമൂന്നാം വയസ്സിൽത്തന്നെ മദ്യാസക്തനായി ബുകൗസ്‌കി. അകത്തും പുറത്തുമുണ്ടായ മുറിവുകൾ ജീവിതാന്ത്യം വരെ അദ്ദേഹത്തെ അലട്ടിയിരുന്നു. ക്രൂരവും വേദനാനിർഭരവുമായ ആ കാലം പിൽക്കാലത്ത് Ham on Rye എന്ന നോവലിൽ അദ്ദേഹം ആവിഷ്‌കരിച്ചു. തന്റെ കൃതികളിൽ ബുകൗസ്‌കി സ്വയം പുനഃസൃഷ്ടിച്ചു- ഹെൻറി ചിനാസ്‌കി എന്ന അപര വ്യക്തിത്വത്തിന്റെ (alter ego) രൂപത്തിൽ. മിക്ക കഥകളിലെയും നോവലുകളിലെയും നായകൻ ഹെൻറി ചിനാസ്‌കിയായിരുന്നു.

ഒരു പ്രാദേശിക ഗ്രന്ഥാലയമായിരുന്നു ബുകൗസ്‌കിയുടെ അക്കാലത്തെ അഭയ കേന്ദ്രം. അത് മറ്റൊരു ലോകമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. തന്നെ അഗാധമായി സ്വാധീനിച്ച ഡൊസ്റ്റ്യോവ്‌സ്‌കി, കാഫ്ക, ഹെമിങ്‌വേ, ഡി.എച്ച്. ലോറൻസ്, ക്‌നുട്ട് ഹാംസൺ, ചെഖോവ്, ജോൺ ഫാന്റേ എന്നിവരെ പരിചയിച്ചത് അവിടെ വെച്ചായിരുന്നു. പിന്നെ എഴുത്തിലേക്ക് കടന്നു. കഥകളെഴുതാൻ തുടങ്ങി. തന്റെ കഥാപാത്രങ്ങളെപ്പോലെ പലപ്പോഴും ബുകൗസ്‌കിയും നഗരപ്രാന്തത്തിലെ പഴകിപ്പൊളിഞ്ഞ വീടുകളിൽ വസിച്ചു (റെയ്​മണ്ട് ചാർലറുടെ നായകൻ ഫിലിപ് മാർലോ കുറ്റാന്വേഷകനെന്ന നിലയിൽ കടന്നുപോയതും ഇതേ ഇടങ്ങളിലൂടെയായിരുന്നു). ബുകൗസ്‌കിയുടെ പ്രാരംഭദശയിലെ എഴുത്ത് വൻപരാജയമായിരുന്നു. കോളേജ് പഠനം പാതിവഴിയിലവസാനിപ്പിച്ച്, നരകതുല്യമായ വീടുവിട്ടിറങ്ങി അമേരിക്കയിൽ പലയിടത്തുമായി പത്തു വർഷത്താളം അലഞ്ഞു. പല പണികളും ചെയ്തു. തെരുവിൽ അന്തിയുങ്ങി. മദ്യം മാത്രമായിരുന്നു ഏക ആശ്വാസം. എഴുത്ത് നിലച്ചു പോയിരുന്നെങ്കിലും ആത്മവിശ്വാസം കൈവെടിഞ്ഞിരുന്നില്ല. ഒരു ദശകം നീണ്ട അലച്ചിലിനുശേഷം ലൊസാഞ്ചലസിൽ തിരിച്ചെത്തിയ ബുകൗസ്‌കി കവിതകളെഴുതാനാരംഭിച്ചു.

ബുകൗസ്‌കി ലോസ് ആഞ്ചലസിലെ തെരുവിൽ / Photo: bukowski.net

കവിതാപ്രസ്ഥാനങ്ങൾ, വേറിട്ട സഞ്ചാരങ്ങൾ

1950കളുടെ തുടക്കത്തിൽ ആധുനികതയുടെയും (Modernism) നവവിമർശനത്തിന്റെയും (New Criticism) സ്വാധീനം സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ പ്രബലമായിരുന്നു. The New Yorker, The Atlantic Monthly, Harper's, Esquire തുടങ്ങിയ വൻകിട പ്രസിദ്ധീകരണങ്ങൾ ബുകൗസ്‌കിയുടെ കവിതകൾ തുടർച്ചയായി നിരസിച്ചു പോന്നു. എന്നാൽ അമ്പതുകളുടെ മധ്യത്തോടെ ആധുനികതയുടെ സ്വാധീനവലയത്തിലായിരുന്ന മുഖ്യധാരാ സാഹിത്യ മാസികകളെയും അക്കാദമിക സ്വഭാവമുള്ള ജേണലുകളെയും പിന്തള്ളി ബീറ്റ് നിക് പ്രസിദ്ധീകരണങ്ങൾക്ക് പ്രാമുഖ്യം കൈവന്നു തുടങ്ങി. ലിറ്റിൽ മാഗസിനുകളും മിമോഗ്രാഫുകളും ഏറെ പ്രചാരത്തിലായി. ബീറ്റ് എഴുത്തുകാരായ ജാക് കെറൂക്, അലൻ ഗിൻസ്ബർഗ്, വില്യം ബറോസ് എന്നിവർ ശ്രദ്ധേയരായി. മുഖ്യധാരയുടെ താത്പര്യങ്ങൾക്കപ്പുറം ഒരു ‘സാൻ ഫ്രാൻസിസ്‌കോ നവോത്ഥാനം' രൂപപ്പെട്ടു. ഒപ്പം, ന്യൂയോർക്ക് സ്‌കൂളിന്റെ പല അവാന്തരവിഭാഗങ്ങളും സജീവമായി രംഗത്തു വന്നു. ഇതിലെ പ്രമുഖരായിരുന്നു ജോൺ ആഷ്ബറി, ഫ്രാങ്ക് ഒഹാര തുടങ്ങിയവർ. നിരവധി സാഹിത്യധാരകൾ ഇക്കാലയളവിൽ രൂപം കൊണ്ടു. ബ്ലാക് മൗണ്ടനീറിങ്, ഒബ്ജക്റ്റീവ്സ്റ്റ്‌സ്, ഡീപ് ഇമേജ് പോയറ്റ്‌സ് എന്നിവ അവയിൽ ചിലതായിരുന്നു.

സാഹിത്യ രംഗത്തുണ്ടായ മാറ്റങ്ങളുടെ ഈ കാലഘട്ടം ബുകൗസ്‌കിയെ ഏറെ പിന്തുണച്ചു. എന്നാൽ അദ്ദേഹം ഒരു കവിതാ പ്രസഥാനത്തിന്റെയും ഭാഗമാകാൻ കൂട്ടാക്കിയില്ല. ബ്ലാക് മൗണ്ടനീറിങിലെയും കെന്യോൻ പ്രസ്ഥാനത്തിലെയും കവികളെ അദ്ദേഹം വിമർശിച്ചു; അവർ കാവ്യ സ്രഷ്ടാക്കളല്ലെന്നും വിനോദവ്യാപാരികൾ മാത്രമാണെന്നും അഭിപ്രായപ്പെട്ടു. സാഹിത്യത്തിലെ സ്ഥാപനവത്കരണത്തിനെതിരെ പലപ്പോഴും കവി രോഷാകുലനായി.

വില്യം എസ്. ബറോസ്, അലൻ ഗിൻസ്ബർഗ്, ജാക് കെറൂക്

എന്നും വേറിട്ട വഴിയിലൂടെ മാത്രം സഞ്ചരിച്ചു ബുകൗസ്‌കി; കവിതയുടെ ആ ഒറ്റയാൻ പാതയിൽ സ്വയം നീതനായി. തന്റെ എഴുത്തിൽ ബുകൗസ്‌കി അങ്ങേയറ്റം സത്യസന്ധനായിരുന്നു. എഴുത്തിനെക്കുറിച്ചുള്ള തന്റെ നിലപാട്
അദ്ദേഹം ഒരു കവിതയിൽ വെളിപ്പെടുത്തുന്നുണ്ട്; അത് യുവകവികൾക്കുവേണ്ടിക്കൂടിയാണ്:

if it doesn't come bursting out of youin spite of everything,don't do it.unless it comes unasked out of yourheart and your mind and your mouthand your gut,don't do it.(So You Want To Be A Writer)

എഴുത്തെന്നാൽ ബുകൗസ്‌കിക്ക് ആത്മബലി തന്നെയായിരുന്നു; എന്നാലത് അദ്ദേഹം ആനന്ദത്തോടെതന്നെ നിർവ്വഹിച്ച ഒന്നായിരുന്നു.
പരമ്പരാഗത മാസികകൾക്കെന്നപോലെ "അവാങ്ഗാദ്' പ്രസിദ്ധീകരണങ്ങൾക്കു വേണ്ടിയും അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെട്ടതുകൊണ്ടു മാത്രം പല സമാന്തര പ്രസിദ്ധീകരണങ്ങളും അണ്ടർ ഗ്രൗണ്ട് ലിറ്റിൽ മാസികകളും ജനപ്രിയമായി. പരുക്കൻ - നിർവ്വികാര മട്ടിലുള്ള ആഖ്യാനരീതിയാണ് പലപ്പോഴും ബുകൗസ്‌കി അവലംബിച്ചത്. ഭൗതികതയിൽ വ്യാമുഗ്ദ്ധമാകുന്ന ശൈലി അണ്ടർ ഗ്രൗണ്ട് വായനാവൃത്തങ്ങളിൽ കവിയെ ശ്രദ്ധേയനാക്കിമാറ്റിയെങ്കിലും അക്കാലത്തെ മുഖ്യധാരാ സാഹിത്യത്തിന് അഭിമതനായിരുന്നില്ല അദ്ദേഹം; സാഹിത്യ കാനോനീകരണങ്ങളിൽ ഉൾപ്പെട്ടതുമില്ല. തിരസ്‌ക്കാരമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.

തന്റെ നഗരത്തിലെ ഒരു അണ്ടർ ഗ്രൗണ്ട് പത്രത്തിനുവേണ്ടി എഴുതിയ പംക്തിയാണ് "Notes of a Dirty Old Man' - ഇത് പിന്നീട് പുസ്തക രൂപത്തിൽ പ്രസിദ്ധീകൃതമായി. അക്കാലത്ത് അദ്ദേഹം ഒരു പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്നു. സർക്കാർ സർവ്വീസിലുള്ള ഒരാൾ അണ്ടർ ഗ്രൗണ്ട് പത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയ FBI ബുകൗസ്‌കിക്കായി ഒരു ഫയൽ തന്നെ സൂക്ഷിച്ചിരുന്നു.

പരമ്പരാഗത മാസികകൾക്കെന്നപോലെ 'അവാങ്ഗാദ്' പ്രസിദ്ധീകരണങ്ങൾക്കു വേണ്ടിയും ബുകൗസ്‌കി നിരന്തരം എഴുതിക്കൊണ്ടിരുന്നു. / Photo: bukowskiforum.com

ജീവിതത്തിലെ/കവിതയിലെ ഭ്രഷ്ടലോകങ്ങൾ

ഡൊസ്റ്റ്യോവ്‌സ്‌കി, കമ്യു, സെലിൻ, ക്‌നുട്ട് ഹാംസൺ എന്നിവരെ ആരാധിച്ച ബുകൗസ്‌കി അവരെ അധോതല മനുഷ്യരുടെ ജീവചരിത്രകാരന്മാരായാണ് കണ്ടത്.ജീവിതം കൊണ്ട് ചില വേളകളിൽ ബുകൗസ്‌കി കമ്യുവിന്റെ "അന്യനെ' അനുസ്മരിപ്പിച്ചേക്കും. പ്രാചീന ചൈനീസ് കവികളായ ഡു ഫു, ലി പൊ എന്നിവരും ബുകൗസ്‌കിയെ സ്വാധീനിച്ചു.

നിരവധി സ്ത്രീകളുമായുള്ള ബന്ധങ്ങളും, ബന്ധശൈഥില്യങ്ങളും , അനിയന്ത്രിത ലൈംഗികതയും, മദ്യാസക്തിയും, ഏകാന്തതയും, വിഷാദവും, ആത്മഹത്യാ ത്വരയും പല മട്ടിൽ ജീവിതത്തിൽ സന്ത്രാസങ്ങൾ സൃഷ്ടിച്ചപ്പോഴും എഴുത്തു തന്നെയാണ് കവിയിൽ ഔഷധമായി വർത്തിച്ചത്.

നാനാവിധ ജോലികളിലേർപ്പെട്ടു അദ്ദേഹം. ഡോഗ് ബിസ്‌കറ്റ് ഫാക്ടറിയിൽ തൊഴിലാളിയായി. രാത്രിയിൽ സബ്‌വേകളിൽ പരസ്യ പോസ്റ്റർ പതിക്കാൻ പോയി. കിട്ടിയ ജോലികളൊക്കെ എഴുത്തിനും മദ്യപാനത്തിനുമായി അധികം താമസിയാതെ ഉപേക്ഷിച്ചു, പോസ്റ്റ് ഓഫീസിലേതുൾപ്പടെ. അങ്ങനെ പലപ്പോഴും പട്ടിണിയിലായി. മാരകമായ രീതിയിൽ കുടൽ പുണ്ണു ബാധിച്ച് ആശുപത്രിയിലാക്കപ്പെട്ടു. മരണത്തിന്റെ വക്കോളമെത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. ക്‌നുട്ട് ഹാംസന്റെ "Hunger' ആയിരുന്നു ബുകൗസ്‌കിയുടെ പ്രിയ കൃതികളിലൊന്ന്. ദാരിദ്ര്യത്തിൽപ്പെട്ടുഴറുന്ന യുവ എഴുത്തുകാരന്റെ കഥയായിരുന്നു അത്.തന്റെ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയായി ആ കൃതിയെ അദ്ദേഹം കണ്ടു.

നിരവധി സ്ത്രീകളുമായുള്ള ബന്ധങ്ങളും, ബന്ധശൈഥില്യങ്ങളും, അനിയന്ത്രിത ലൈംഗികതയും, മദ്യാസക്തിയും, കടുത്ത ഏകാന്തതയും , വിഷാദവും, ആത്മഹത്യാത്വരയും പലമട്ടിൽ ജീവിതത്തിൽ സന്ത്രാസങ്ങൾ സൃഷ്ടിച്ചപ്പോഴും എഴുത്തു തന്നെയാണ് കവിയിൽ ഔഷധമായി (therapeutic) വർത്തിച്ചത്. അവിശ്രാന്തമായ എഴുത്തിനാൽ മരണവാഞ്ചയെ അതിജീവിച്ചു കവി.എഴുത്ത് പ്രമേയമായി വരുന്ന കവിതകൾ തന്നെ ഒട്ടനവധിയുണ്ട്. "How can we know the dancer from the dance?' എന്ന ഡബ്യു.ബി. യേറ്റ്‌സിന്റെ റെട്ടറിക് ചോദ്യം ബുകൗസ്‌കിയിലേക്ക് തൊടുത്തു വിടുക -എഴുത്തിൽനിന്നെന്നെ വേർതിരിക്കാമോ എന്നായിരിക്കും ജീവിതം കൊണ്ട് കവി ഉദാഹരിക്കുക. ആന്തരികാവയവങ്ങൾ പോലെ ഉള്ളിന്റെ ഭാഗമാണത്. എഴുതിയില്ലെങ്കിൽ താൻ ഉടനേ രോഗബാധിതനായേക്കുമെന്നും മരിച്ചുപോയേക്കുമെന്നും അയാൾ കരുതിയിരുന്നു.
സ്വജീവിതത്തിലെ തിക്തതകളെയും വൈകാരിക വിക്ഷുബ്ധതകളെയും വൈരുദ്ധ്യങ്ങളെയും ഉപഹാസപൂർവ്വം നേരിടാൻ കെല്പുള്ള കവികൂടിയാണ് ബുകൗസ്‌കിയെന്നു കാണാം.ഉള്ളിലെ മാർദ്ദവങ്ങൾക്ക് പരുക്കൻ ഭാവങ്ങൾ കൊണ്ട് മറയിട്ടെങ്കിലും അവ അനാവൃതമാകുന്ന ചുരുക്കം ചില സന്ദർഭങ്ങളും ആ കാവ്യലോകത്തുണ്ട്.

"Blue bird' എന്ന കവിത നോക്കുക:

there's a bluebird in my heart that wants to get out but I'm too tough for him, I say, stay in there, I'm not going to let anybody see you.

അവനവന്റെയുളളിലെ ചെകുത്താന്റെ നടനം ബോധ്യമായതിനാലാവാം
മാതാവിനെയും തന്നെയും മർദ്ദിക്കാറുണ്ടായിരുന്ന പിതാവിനെയും കവി പിൽക്കാലത്ത് അനുതാപപൂർവ്വം നോക്കിക്കാണുന്നുണ്ട് :

".....because he couldn't understandwhat was attacking him from within.'(a smile to remember)

ക്‌നുട്ട് ഹാംസൺ / Photo: Alvilde Torp

തന്റെ കവിതകളിൽ ബുകൗസ്‌കി നിഷ്‌ക്കാമിയായും അളവറ്റ തൃഷ്ണകളിൽ വ്യാമുദ്ധനാകുന്ന നിത്യകാമിയുമായി ഒരേ സമയം പകർന്നാടുന്നു. അവയിൽ ജീവിതത്തിന്റെ കയ്പും മധുരവും സന്തോഷവും സന്താപവും അഹമഹമികയാ കൂടിക്കലരുന്നു. പ്രണയവും പ്രണയരാഹിത്യവും ആക്രാമകമായ ലൈംഗികതയും ഭ്രാന്തിന്റെ വക്കോളമെത്തുന്ന ഉന്മത്തമായ ലഹരിയും ശൂന്യതാബോധവും
അയാളെ ഉള്ളാലെ ചിതറിക്കുന്നു. മരണവാഞ്ചയിൽ നിന്ന് പിന്നെയും കവി ജീവിതത്തിലേക്ക് പിന്മടങ്ങുന്നു. വാഴ്വിന്റെ അർത്ഥശൂന്യതയെ,മനുഷ്യാവസ്ഥയിൽ ഉൾച്ചേർന്ന അസംബന്ധതയെ ഹാസ്യാത്മകമായി ആവിഷ്‌ക്കരിക്കുന്നു; തികച്ചും അലങ്കാര മുക്തമായ ഭാഷയിൽ.
സമൂഹവും ഭരണകൂടവും അടിച്ചേല്പിക്കുന്ന ശാസനങ്ങളെപ്രതി അയാൾ ക്രുദ്ധനാകുന്നു.
അപ്പോൾ സ്വാഭാവികമെന്നോണം കവിതയിൽ തെരുവിന്റെ 'അപകൃഷ്ട ' ഭാഷ കടന്നുവരുന്നു.

മദ്യാസക്തി, പരുക്കൻ പ്രണയ രീതികൾ, കുതിരപ്പന്തയം, വാതുവെപ്പുകൾ എന്നിവയൊന്നും കാവ്യ വിഷയമായി ആരും കണ്ടിരുന്നില്ല. ബുകൗസ്‌കിയൻ കവിതയിൽ അവയും ഇടം നേടി. ഒട്ടും പരിഷ്‌കൃതമല്ലാത്ത പ്രയോഗങ്ങളുടെ ആധിക്യം ചില കവിതകളെ ഒട്ടു ദുർബ്ബലപ്പെടുത്തിയിരുന്നതായും കാണാവുന്നതാണ്.

real loneliness is not necessarily limited towhen you are alone(Love is a Dog from Hell)

വ്യക്തിയുടെ കേവലമായ ഏകാന്തതയ്ക്കുപരിയായുള്ള അരക്ഷിതാവസ്ഥയെക്കുറിച്ച് ആകുലനായ കവി തീർച്ചയായും സാമൂഹ്യയാഥാർത്ഥ്യത്തോടു പുറത്തിരിഞ്ഞു നിൽക്കുന്നയാളല്ല. അതോടൊപ്പം
വിനിമയം അസാധ്യമാകുന്ന സാമൂഹ്യാവസ്ഥയെ വിമർശനവിധേയമാക്കുന്നുമുണ്ട് കവി: "I can't even find a roach to commune with.'

ചാൾസ് ബുകൗസ്‌കി /Photo: Bukowski.net

മുക്തഛന്ദസ്സിൽ (free verse) പരുക്കൻ യാഥാർത്ഥ്യങ്ങൾ ആവിഷ്‌ക്കരിക്കുന്ന ആദ്യ കാല സമാഹാരങ്ങളിലെ കവിതകൾ വിലക്ഷണബിംബങ്ങളാൽ സമൃദ്ധവും വൈകാരികതയുടെ കടുത്തചായക്കൂട്ടുകൾ കലർന്നതുമാണ്.

next time take my left arm or a fifty but not my poems: I'm not Shakespeare but sometime simply there won't be any more, abstract or otherwise; there'll always be money and whores and drunkards.( To The Whore Who Took My Poems)

"Flower, Fist and Bestial Wail' എന്ന ആദ്യ കാവ്യസമാഹാരത്തിൽ വന്യമായ ആണഹന്തയുടെ തിരത്തള്ളലിന്റെ ദൃശ്യമുണ്ട്. പ്രണയത്തിലുൾച്ചേർന്ന കാപട്യത്തിന്റെ കയ്പു നിറഞ്ഞ പരിണതിയാണതെന്ന സമർത്ഥിക്കലുമുണ്ട്.
മനുഷ്യ കുലത്തിന്റെയാകെ ആസന്നദുരന്തങ്ങളുടെ സൂചനകളും ആ കവിതളിൽ കാണപ്പെടുന്നു. ജീവിതത്തിന്റെ നശ്വരഭാവം ഈ സമാഹാരത്തിലെ കവിതകളിൽ രൂഢമാകുന്നു.അദ്ദേഹത്തിന്റെ കവിതകളിൽ പിന്നീട് പലപ്പോഴും ആവർത്തിച്ചു വരുന്ന മോട്ടിഫാണത്.

"ഞങ്ങൾ ഒരു പോലിരിക്കുന്നു ഞങ്ങൾക്ക് ഇരട്ടകളാകാമായിരുന്നു. '
(ഇരട്ടകൾ / The Twins)
പിതാവിനോടുള്ള വൈരത്തെ ജീവിതത്തിലെ മാനുഷികമായ പാരസ്പര്യമായി ഉയർത്താനുള്ള യത്‌നം ഈ ആദ്യകാല കവിതയിൽ കാണാം.

ഒരിക്കലും ഭ്രാന്തമാകാത്തവരുടെ ജീവിതം ഹാ, എത്ര കഠിനം! എന്ന് അത്ഭുതം കൂറിയ വിഗ്രഹഭഞ്ജകനായ കവി വൈരുദ്ധ്യമെന്നും ഔദ്ധത്യമെന്നും തോന്നിക്കുമാറ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: "I am my own god.'

"Love is a Dog from Hell' എന്ന ശ്രദ്ധേയ കൃതിയിൽ കൂടുതലായും ആത്മനിഷ്ഠമായ കവിതകളാണുള്ളത്. പ്രണയവും ഭോഗേച്ഛയും മുഖ്യ പ്രമേയങ്ങളാകുന്നു. ക്ഷണികതയാൽ പ്രണയവും ലൈംഗികതയും ദുരന്തഫലിതമായി മാറുന്നതായി കവി നിരീക്ഷിക്കുന്നു. സ്‌ത്രൈണതയുടെ ഭിന്നരൂപങ്ങൾ കവി ആവിഷ്‌ക്കരിക്കുന്നുണ്ട്; അവരിൽ കലാകാരികളും, വേശ്യകളും, പരിഷ്‌ക്കർത്താക്കളുമുണ്ട്. സമൂഹത്തിലെ അപമാനവീകരണ സംവിധാനങ്ങൾ കലാത്മക മനസ്സുള്ളവരെ ഭ്രാന്തരാക്കുന്നതിൽ കവി രോഷം കൊള്ളുന്നു. സമൂഹം കല്പിക്കുന്ന മാന്യതകളും, ഉപചാരങ്ങളും, നാട്യങ്ങളും അഴിച്ചുകളയുന്ന തെരുവുകളുടെ ജൈവാന്തരീക്ഷം ഈ കവിതകളിൽ നിറയുന്നു.

"Night of the Earth Poems' കവി ജീവിച്ചിരിക്കെ പുറത്തിറങ്ങിയ ഈ അവസാന സമാഹാരത്തിൽ മദ്യവും കാമിനിമാരും ഉന്മത്തമാക്കിയ യൗവ്വനത്തെ കാല്പനികവത്ക്കരിക്കുന്നു. പ്രായമാകുന്നതിനെയും മരണത്തെയും കേന്ദ്രീകരിച്ചുള്ള തന്റെ വികാരങ്ങളെയും ഇതിൽ കവി വിലയിരുത്തുന്നു. മരണവും ഭ്രാന്തും അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രിയങ്കരമായ പ്രതിപാദ്യവിഷയങ്ങളായിരുന്നു.

ലിൻഡ ലീ ബീഗിളിനെ അഭിസംബോധന ചെയ്യുന്ന പ്രണയകവിതകളും ഇതിലുണ്ട്; നഷ്ട പ്രണയത്തിൽ വ്രണിതമായ ആത്മാവിന്റെ ചിത്രണങ്ങളും. അധികാര പ്രമത്തതയ്‌ക്കെതിരെയുള്ള കവിയുടെ ഉറച്ച സ്വരം ഈ കവിതകളിലും മുഖരിതമാകുന്നു.

രുചിയുടെ.... മരണത്തിന്റെ നിറമെന്താണ് ?even the taste inside my mouth is blue and I am alone and dying and blue (blue)
ഐന്ദ്രിയ സംവേദനത്തിന്റെ, മരണത്തിന്റെ, വാഴ്​വിന്റെ പല അവ്യാഖ്യേയ അവസ്ഥകളെ ആവിഷ്‌ക്കരിക്കുന്ന "നീല' പോലുള്ളവ അവസാനകാല കവിതകളെ വ്യതിരിക്തമാക്കുന്നുണ്ട്.

ലിൻഡ ലീ ബീഗിൾ, ചാൾസ് ബുകൗസ്‌കി

വിമർശനങ്ങളും വിമർശനങ്ങളും ....

"I feel better when everything was in disorders' (Metamorphosis)
അവ്യവസ്ഥയുടെ സൗന്ദര്യശാസ്ത്രമാണ് പലപ്പോഴും ആ കവിതകളുടെ കാതൽ. ജീവിതത്തിന്റെ നൈഷ്ഫല്യത്തെക്കുറിച്ചുള്ള ചിന്തകളും(nihilism), ആത്മനിരാസവും വേണ്ടുവോളമുണ്ട് അവയിൽ. ഒരിക്കലും ഭ്രാന്തമാകാത്തവരുടെ ജീവിതം ഹാ, എത്ര കഠിനം! എന്ന് അത്ഭുതം കൂറിയ വിഗ്രഹഭഞ്ജകനായ കവി വൈരുദ്ധ്യമെന്നും ഔദ്ധത്യമെന്നും തോന്നിക്കുമാറ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: "I am my own god.'

ശരാശരിയെ (mediocrity) മാത്രം നോർമലായി കാണുന്ന, ആഘോഷിക്കുന്ന, എന്നാൽ ആഗ്‌നേയ പ്രതിഭകളെ ഉൾക്കൊള്ളാനാവാത്ത, സാമൂഹ്യ വ്യവസ്ഥിതിയോടാണ് കവി ഇങ്ങനെ കലഹിക്കുന്നത്. അരാജകത്വത്തെ പ്രഘോഷിക്കുന്ന, സാമൂഹ്യനിരാസവും സിനിസിസവും മുഖമുദ്രയാക്കിയ കവിതകളാണവ എന്ന് അലസവായനകൾ തീർപ്പു കല്പിച്ചേക്കാം. മതവും ഭരണകൂടങ്ങളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ചേർന്ന് കാലാകാലങ്ങളായി പരുവപ്പെടുത്തിയെടുത്ത ഉപരിതല സ്പർശിയും കപടവുമായ സാമൂഹിക-സാംസ്‌കാരിക നിർമിതികളെ അഴിച്ചുകളയുന്ന, സമൂഹ ശരീരത്തെ ഗ്രസിച്ച നൈതികത തീണ്ടാത്ത അധികാരബാന്ധവത്തിന്റെ ദുർബാധകളുടെ ഉച്ചാടകനാണ് കവി എന്ന് സൂക്ഷ്മവായനകൾ തിരിച്ചറിയാതിരിക്കില്ല. ചിലപ്പോൾ അനീതിയുടെ സ്ഥാപനവത്ക്കരണത്തിനെതിരെയുള്ള ക്രോധാത്മകമായ പ്രതികരണമായി ആ കാവ്യഭാഷ മാറുമ്പോൾ സമൂഹമാന്യതയുടെ അളവുകോലുകൾക്ക് അലോസരമുണ്ടാക്കുന്ന തെരുവുഭാഷയുടെ(language of the guttersnipes) സ്വഭാവം അതിൽ കലരുന്നുണ്ട്.

ചാൾസ് ബുകൗസ്‌കി / Photo: Magnolia Pictures

പൊതുസമ്മതിയില്ലാത്ത, ഗർഹണീയമെന്നോ പ്രക്ഷിപ്തമെന്നോ കരുതാവുന്ന പ്രയോഗങ്ങളും സന്ദർഭങ്ങളും എത്രയോ ഉണ്ട് ആ കാവ്യ സഞ്ചയത്തിൽ എന്ന കടുത്തവിമർശകനവും ബുകൗസ്‌കിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിഷയാസക്തിയും ലഹരിവസ്തുക്കളും ജീവിതത്തിലുടനീളം ഒഴിയാബാധയായിരുന്നു കവിക്ക്. സ്വാഭാവികമായും ലൈംഗികത മുറ്റിയ ബിംബാവലികളും കവിതകളിൽ സമൃദ്ധമായി ഇടം പിടിച്ചു. ചില കവിതകൾ ആൺകോയ്മയുടെ പ്രകടനവും സ്ത്രീവിരുദ്ധവുമാണെന്ന (misogyny) വിമർശനം ഫെമിനിസ്റ്റുകൾ ഉന്നയിച്ചിട്ടുണ്ട്.

സ്വന്തം നഗരമായ ലൊസാഞ്ചലസിന്റെ തെരുവുജീവിതത്തെ നാട്യത്തൊങ്ങലുകളില്ലാതെ എഴുത്തിലാവാഹിച്ച ബുകൗസ്‌കിക്ക് പണ്ഡിതമ്മന്യർ ഒരു പദവി ചാർത്തിനൽകി - "അമേരിക്കയുടെ ഓടയെഴുത്തുകാരൻ ഷേക്‌സ്പിയർ' (America's sewer Shakespeare)

"ആയാസപ്പെട്ടെഴുതരുത്, കവിത നിങ്ങളെത്തേടി വരുന്നില്ലെങ്കിൽ ' - ഇതായിരുന്നു കാവ്യരചനയിൽ കവിയുടെ വിശ്വാസ പ്രമാണം.അദ്ദേഹം കവിതയിൽ പണിത ബദൽ ലോകങ്ങളുടെ പൊരുൾ തിരിച്ചറിയാൻ അന്നത്തെ അക്കാദമിക സമൂഹവും മിനക്കെട്ടില്ല.

ശേഷിപ്പുകൾ ...

1994 ൽ ,തന്റെ എഴുപത്തിമൂന്നാം വയസ്സിൽ, കാലിഫോർണിയയിൽ വെച്ച് ലുക്കീമിയ ബാധിച്ച് അന്തരിച്ചപ്പോൾ ആറ് നോവലുകളും നൂറുകണക്കിന് കഥകളും ആയിരക്കണക്കിന് കവിതകളുമായി അറുപതിൽപ്പരം പുസ്തകങ്ങളാണ് ബുകൗസ്‌കിയുടെ സാഹിത്യ സംഭാവന. നാല്പതിലധികം സമാഹാരങ്ങളിലായി അനേകായിരം കവിതകളുണ്ട് അദ്ദേഹത്തിന്റേതായി. അത്യധികം
പ്രത്യുല്പന്നമതിയായ അദ്ദേഹത്തിന്റെ പല സമാഹാരങ്ങളും മരണാനന്തരമാണ് പുറത്തുവന്നത്. അന്തരിച്ച ശേഷമുള്ള പത്തു വർഷത്തോളം പുതിയ സമാഹാരങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്നുവെന്നത് സാഹിത്യ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായിരിക്കാം. പന്ത്രണ്ടിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികളുടെ ദശലക്ഷക്കണക്കിന് പ്രതികളാണ് വിറ്റഴിഞ്ഞത്. തന്റെ ശൈലി ഫോട്ടോഗ്രഫിയിലേതുപോലെ ഋജുവും ലളിതവുമാണെന്ന് പറയാറുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്മാരക ശിലയിൽ "Don't Try' എന്നു രേഖപ്പെടുത്തിയിരുന്നു. കവിതയുടെ കാര്യത്തിൽ ആരുമത് സാരമായെടുത്തില്ലെന്നു വേണം കരുതാൻ; അദ്ദേഹത്തിന്റെ കാവ്യശൈലിക്ക് അത്രമാത്രം അനുകർത്താക്കളാണ് പിൽക്കാലത്തുണ്ടായത്. ആത്മാഖ്യാനങ്ങളും പ്രലപനങ്ങളും അവനവനിലേക്ക് മാത്രമായി ചുരുങ്ങുന്ന "അവനോനിസ'മായിരുന്നില്ല ബുകൗസ്‌കിയുടെ കവിതകൾ ഉയർത്തിപ്പിടിച്ചത്; അനുകർത്താക്കൾ പലരുടേതും അങ്ങനെയായിരുന്നുതാനും. ബുകൗസ്‌കിയൻ കവിതകളിലെ പ്രത്യക്ഷ ലാളിത്യം ആപത്ക്കരമാണെന്ന് തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. അവരുടേത് വെറും ഛന്ദോബദ്ധമല്ലാത്ത സൂത്രപ്പണികളായി മാത്രം അധഃപതിച്ചു. "ആയാസപ്പെട്ടെഴുതരുത്, കവിത നിങ്ങളെത്തേടി വരുന്നില്ലെങ്കിൽ ' - ഇതായിരുന്നു കാവ്യരചനയിൽ കവിയുടെ വിശ്വാസപ്രമാണം. അദ്ദേഹം കവിതയിൽ പണിത ബദൽ ലോകങ്ങളുടെ പൊരുൾ തിരിച്ചറിയാൻ അന്നത്തെ അക്കാദമിക സമൂഹവും മിനക്കെട്ടില്ല.

ഗ്രീൻ ഹിൽസ് മെമ്മോറിയൽ പാർക്കിലുള്ള ബുകൗസ്‌കിയുടെ ശവകുടീരം / Photo: Wikimedia Commons

കാവ്യ മാർഗത്തിൽ പ്രബലമായ അഭിരുചികളെയോ അഭിജാത രുചികളെയോ ബുകൗസ്‌കി ഗൗനിച്ചില്ല, (സാധാരണത്വത്തെ ആഘോഷിക്കുന്ന ശൈലി കാരണം വാൾട്ട് വിറ്റ്മാന്റെയും കാൾ സാൻഡ്ബർഗിന്റെയും കവിതകളോട് ബുകൗസ്‌കിയുടെ കവിതകൾ സാധർമ്യം പുലർത്തുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.) സ്വീകാര്യതയ്ക്കായി തനതു കാവ്യവ്യക്തിത്വം ബലികഴിക്കാതെ തന്നെ തന്റേതായ ഒരു വായനാ സമൂഹത്തെ അദ്ദേഹം സൃഷ്ടിച്ചെടുത്തു. ക്രമേണ അമേരിക്കൻ കവിതാശാഖയ്ക്ക് ബുകൗസ്‌കിയെ പുറന്തള്ളാനാവാത്ത നിലയായി. അമേരിക്കയിലേക്കാൾ യൂറോപ്പിൽ, പ്രത്യേകിച്ചും താൻ പിറന്ന ജർമ്മനിയിൽ അദ്ദേഹം കൂടുതൽ വായിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും അദ്ദേഹം സാഹിത്യ കാനന്റെ (literary cannon) ഭാഗമായി മാറിയെന്നത് കാലത്തിന്റെ കാവ്യനീതിയാവാം.

"കവികൾക്ക് ജീവചരിത്രമില്ല, കവിതകൾ തന്നെയാണ് അവരുടെ ജീവചരിത്ര 'മെന്ന് ഒക്റ്റാവിയോ പാസ് പറഞ്ഞത് ബുകൗസ്‌കിയോളം ബാധകമാകുന്ന മറ്റൊരു കവിയുണ്ടോ!

"തുലഞ്ഞുപോയിട്ടും .... ബുകൗസ്‌കീ ... നിങ്ങൾ ജീവിച്ചിരിക്കുന്നു, അതിനാൽ ഞാൻ ജീവനൊടുക്കുക്കയില്ലെന്നു തീരുമാനിച്ചു.' ഒരു വായനക്കാരൻ അദ്ദേഹത്തിനെഴുതി. അമേരിക്കയിലെ ഉപരിവർഗം തിരസ്‌ക്കരിച്ചപ്പോഴും ലോകമെമ്പാടുമുള്ള വായനക്കാരുടെ സ്‌നേഹം ബുകൗസ്‌കിയെ തേടിയെത്തി. അദ്ദേഹം കാവ്യലോകത്തെ ഒരു കൾട്ട് ഫിഗർ ആയി മാറി. ഷോൺ പെൻ, മഡോണ എന്നിവരുടെ പ്രിയങ്കരനായി. അമേരിക്കയിലെ പുസ്തക വിൽപ്പനശാലകളിൽ ഏറ്റവും കൂടുതലായി മോഷ്ടിക്കപ്പെടുന്നത് ബുകൗസ്‌കിയുടെ പുസ്തകങ്ങളത്രെ! വേദികളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും പൊതുവെ അകന്നു കഴിഞ്ഞ അദ്ദേഹം വളരെ ദുർല്ലഭമായി, വറുതികളിൽ വച്ചുനീട്ടപ്പെട്ട ഏതാനും ഡോളറുകൾക്കു വേണ്ടിത്തന്നെ, വേദികളിൽ പ്രത്യക്ഷപ്പെട്ടു. സാന്താക്രൂസ് കാവ്യോത്സവത്തിൽ കവിതയവതരിപ്പിക്കുന്ന ബുകൗസ്‌കിയെ കാണാനെത്തിയ ഒരു ആരാധകൻ തിങ്ങിനിറഞ്ഞ സദസ്സിലേക്ക് പ്രവേശിക്കാനാവാത്ത നൈരാശ്യത്താൽ ഓഡിറ്റോറിയത്തിൽ ബോംബു വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പരത്തി സിറ്റി പൊലീസിനും സംഘാടകർക്കും പരിഭ്രാന്തി സൃഷ്ടിച്ച സംഭവം നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജെയിംസ് ഡലസാൻഡ്രോ രേഖപ്പെടുത്തിയിട്ടുണ്ട്. സംഗതി അറിഞ്ഞിട്ടും സദസ്സിലൊരാൾ പോലും അനങ്ങിയില്ലത്രെ! ആ കാവ്യോത്സവത്തിന്റെ മുഖ്യചുമതലക്കാരനായിരുന്നു ഡലസാൻഡ്രോ.

"കവികൾക്ക് ജീവചരിത്രമില്ല, കവിതകൾ തന്നെയാണ് അവരുടെ ജീവചരിത്ര 'മെന്ന് ഒക്റ്റാവിയോ പാസ് പറഞ്ഞത് ബുകൗസ്‌കിയോളം ബാധകമാകുന്ന മറ്റൊരു കവിയുണ്ടോ! എന്നിരിക്കിലും, ബുകൗസ്‌കിയുടെ അര ഡസനോളം ജീവചരിത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവുമധികം വീണ്ടെടുക്കപ്പെട്ട എഴുത്തുകാരിലൊരാൾ കൂടിയാണ് അദ്ദേഹം. അമേരിക്കയിലും യൂറോപ്പിലുമായി നൂറിലധികം വെബ് സൈറ്റുകളാണ് അദ്ദേഹത്തിനായുള്ളത്. നിരവധി സംഗീത ബാൻഡുകൾ തങ്ങളുടെ പാട്ടുകൾ ആദരപൂർവ്വം അദ്ദേഹത്തിനു സമർപ്പിച്ചിരുന്നു. ജനപ്രിയ സംസ്‌ക്കാരത്തെ പല മട്ടിൽ സ്വാധീനിച്ച എഴുത്തുകാരൻ കൂടിയാണ് ബുകൗസ്‌കി.

ബുകൗസ്‌കി അക്ഷീണമായ സർഗചേതനയാൽ പണിതുയർത്തിയ ബദൽ കാവ്യസംസ്‌ക്കാരത്തെ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ സംഗ്രഹിക്കാം: "എന്നെ വായിക്കുമ്പോൾ അവർ വാസ്തവത്തിൽ സാഹിത്യം വായിക്കുകയല്ല, യഥാർത്ഥ ജീവിതത്തിന്റെ ഭാഗമാവുകയാണ്.' ▮

* പ്രയോഗത്തിന്​ എം.കൃഷ്ണൻ നായരോടു കടപ്പാട്.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ടി. പി. സജീവൻ

കഥാകൃത്ത്​, വിവർത്തകൻ. പി. കുഞ്ഞിരാമൻ നായരുടെ കളിയച്​ഛൻ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തി. ഒഡിയ ഭാഷയിലെ ആദ്യ ദളിത് നോവൽ അഖില നായകിന്റെ ഭേദ, സാഗരിക ദാസുമൊത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

Comments