കുഞ്ഞുണ്ണി സജീവ്.

നല്ല ആഖ്യാനം തിരിച്ചറിയാവുന്നവരായി
എല്ലാ മനുഷ്യരും പരിണമിച്ചിരിക്കുന്നു

നോവൽ, സിനിമ, വെബ്സീരീസുകൾ തുടങ്ങി പലതരം ആഖ്യാനരൂപങ്ങൾ ആധിപത്യം പുലർത്തുന്ന ഈ കാലത്ത് അവയുടെ ഉള്ളടക്കത്തിനും ആസ്വാദനത്തിനും സംഭവിക്കുന്ന പരിണാമങ്ങളെക്കുറിച്ച് കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

ഥകളിൽ ജീവിച്ച്, കഥകളിൽ മരിക്കുന്ന ജീവികളാണ് മനുഷ്യർ. ജനമൃതികൾ കടന്ന് തലമുറകൾ കൈമാറിയ കഥകളും ആഖ്യാനങ്ങളും പല മാധ്യമങ്ങളിലൂടെയായി നാം അനുഭവിച്ചു പോരുന്നു. മൃഗങ്ങളും പക്ഷികളും മൃഗരൂപം കലർന്ന മനുഷ്യരുമടങ്ങുന്ന വരകൾ ആദിമമനുഷ്യൻ ഗുഹാഭിത്തികളിലും പാറകളിലും വരച്ചിട്ടപ്പോൾ ആദ്യത്തെ ആഖ്യാനം പിറന്നു. പ്രകൃതിയുടെ സൗന്ദര്യവും വേട്ടയുടെ ഹിംസയും പ്രണയവും രതിയുമെല്ലാം നിഷ്കളങ്കമായ വരകളായി ഗുഹാഭിത്തികളിലും പാറകളിലുമായി നൃത്തം ചെയ്തു. തലമുറകളായി വരച്ചുതീർത്ത ഗുഹാചിത്രങ്ങളിൽ പക്ഷികളും മൃഗങ്ങളും നായകന്മാരും നായികമാരും ദൈവങ്ങളും ആരാധനാമൂർത്തികളും ഒരേ താളത്തിൽ നൃത്തം ചെയ്യുന്നതായി കാണാം. ആദിയിൽ നൃത്തം വെച്ച വരകൾ പിന്നീട് വാമൊഴിയിലേക്ക് രൂപാന്തരപ്പെട്ടപ്പോൾ അറിവും അനുഭവവും ഭാവനയും ആഖ്യാനങ്ങൾക്കൊപ്പം ചേർന്നു.

നേരിന്റെ നേരായ അവതരണമാണോ, അതോ നേരിന്റെ നിഴലുകളെ, അതായത്, നേരിന്റെ വികലമായ രൂപങ്ങളെയാണോ ആഖ്യാനങ്ങളായി അവതരിപ്പിക്കപ്പെട്ടിരുന്നത്?. പ്ലേറ്റോയുടെ പ്രശസ്തമായ ഗുഹയുടെ ഉപമ ഓർമിപ്പിക്കുന്നതാണ് ആഖ്യാനങ്ങളുടെ വംശാവലി. നേര് പറയുവാനും നേര് മറക്കുവാനും മനുഷ്യൻ ആഖ്യാനങ്ങളെ ആശ്രയിക്കുന്നു. ആഖ്യാനങ്ങൾ വരയിൽ നിന്ന് വാമൊഴിയായി പിന്നീട് സംഗീതമായി, പഴഞ്ചോല്ലുകളായി, എഴുത്തുകളും കഥകളുമായി, പിന്നീട് നാടകങ്ങളിലൂടെ അവ അഭിനയ - ആഖ്യാനമായി. അഭിനേതാവിന്റെ ശരീരത്തിലൂടെയും ശബ്ദത്തിലൂടെയും കാണികൾക്കുമുൻപിൽ അരങ്ങേറുന്ന ആഖ്യാനം ശ്രമിച്ചിരുന്നത് മനുഷ്യജീവിതത്തിന്റെ ആവർത്തനമോ അനുകരണമോ ആയിരുന്നു. ജീവിതത്തെ ഒരു ‘ഗെയിം’ ആയി കാണുവാൻ ‘തിയേറ്റർ’ സഹായിക്കുന്നുണ്ടെന്ന് വാഗ്നേർ അഭിപ്രായപ്പെടുന്നുണ്ട്.ഒരേസമയം ജീവിതത്തിന്റെ ഉന്മേഷദായകമായ തലങ്ങളെ അവതരിപ്പിക്കുവാനും നാമോരോരുത്തരെയും സമാധാനിപ്പിക്കുവാനും തിയേറ്ററിന് സാധിക്കുന്നു. ഗ്രീക്ക് ട്രാജഡികളിൽ മനുഷ്യന്റെ പലവിധ ദുരവസ്ഥകൾ ആഖ്യാനമായി മാറി. ജീവിതത്തിന്റെ ദുരവസ്ഥകളെക്കുറിച്ച് ഓർമിപ്പിക്കുന്നവയാണ് മികച്ച ട്രാജഡിയെന്ന് അരിസ്റ്റോട്ടിൽ കണ്ടെത്തുന്നുണ്ട്. ഭരതന്റെ നാട്യശാസ്ത്രത്തിലാകട്ടെ നാടകത്തിലൂടെയുള്ള ആഖ്യാനം ശുഭപര്യവസാനിയാകണമെന്ന നിർദ്ദേശം കാണാം. മരണത്തിനും രോഗത്തിനും വിരഹത്തിനും ആഖ്യാനത്തിന്റെ അവസാനത്തിൽ സ്ഥാനമില്ല. പലവിധ വൈകാരിക തലങ്ങളിലൂടെയുള്ള യാത്രയെ പ്രധാനപ്പെട്ട ലക്ഷ്യമായി എല്ലാ ആഖ്യാനരീതികളും മനസിലാക്കുന്നു. ചില ആഖ്യാനങ്ങൾ ജീവിതത്തെ ഓർമിപ്പിക്കുമ്പോൾ, ചില ആഖ്യാനങ്ങൾ ജീവിതത്തെ മറക്കുവാൻ സഹായിക്കുന്നു. നേരിനെ വെളിവാക്കുന്ന ആഖ്യാനങ്ങളും നേരിനെ മറയ്ക്കുന്ന ആഖ്യാനങ്ങളും മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. അതീവ ദുർബലമായ മനുഷ്യജീവിതം സാധ്യമാകുന്നത് അത്തരം ആഖ്യാനങ്ങളുടെ സഹായത്തോടു കൂടിയും. അറിവുകളും, അനുഭവവും അടുത്ത തലമുറയിലേക്ക് പകർന്നു നല്കുക എന്ന പ്രവർത്തി ആഖ്യാനങ്ങളുടെ മറ്റൊരു സാധ്യതയാണ്. പഞ്ചതന്ത്രകഥകളും, ഈസോപ്പ് കഥകളുമെല്ലാം ഗതകാലാനുഭവങ്ങളിലൂടെ ലഭിച്ച അറിവിനെ കഥകളുടെ രൂപത്തിൽ കേൾവിക്കാരോടും, വായനക്കാരോടുമായി സംവേദിക്കുവാൻ ശ്രമിച്ചിരുന്നു. ഇത്തരം കഥകളെല്ലാം മനുഷ്യനെ അവന്റെ / അവളുടെ മൃഗീയമായ വാസനകളോടുകൂടിയാണ് അവതരിപ്പിക്കുക.

‘നോവൽ’ എന്ന് ആഖ്യാനരീതി പ്രചാരം നേടുന്നത് മുതലാളിത്ത സമൂഹത്തിന്റെ വളർച്ചയോടൊപ്പമാണ്. നോവൽ എന്ന ആഖ്യാനരീതി വ്യവസായവൽക്കരണം സൃഷ്ടിക്കുന്ന ജീവിതാവസ്ഥകളെ നേരനുഭവങ്ങളായി അവതരിപ്പിച്ചു

സാംസ്‌കാരികമായ മാറ്റങ്ങൾ കഥാപാത്രങ്ങളിൽ കണ്ടെത്തുവാൻ സാധിക്കുമ്പോഴും സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി അധികാരപ്രയോഗം നടത്തുന്ന മൃഗങ്ങൾ എന്ന നിലയ്ക്കാണ് മനുഷ്യൻ അവതരിപ്പിക്കപ്പെടുന്നത്. ഗുഹാചിത്രങ്ങളിലെ മനുഷ്യന് മൃഗവുമായി രൂപസാദൃശ്യങ്ങൾ കണ്ടെത്താമെങ്കിൽ കഥകളിൽ മൃഗീയമായ വാസനകൾ മനസ്സിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങളെ ആഖ്യാനങ്ങളിൽ കണ്ടെത്താം. കഥാപത്രത്തേക്കാൾ കഥാപരിസരത്തിനും സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങൾക്കും വലിയ പ്രാധാന്യം നൽകിയാണ് വാമൊഴി ആഖ്യാനങ്ങൾ അവതരിപ്പിക്കപ്പെടുക. കഥാപത്രങ്ങൾ കഥാപരിസരത്തിലേക്കുള്ള വാതിലുകളാണ്, കഥാപാത്രങ്ങളിലൂടെ കഥാപരിസരത്തെയാണ് കേൾവിക്കാരും, വായനക്കാരും മനസിലാക്കുന്നത്. കഥാപരിസരം നിർമിക്കുന്ന അധികാരഘടനയ്ക്കുള്ളിൽ ജീവിക്കുന്ന മൃഗീയവാസനകളുള്ള മനുഷ്യർ, അവർക്കിടയിലെ മൂല്യങ്ങളെ മുറുക്കെപിടിക്കുന്ന ആദർശധീരരായ ചുരുക്കം ചില നായകന്മാർ. അവർ നയിക്കുന്ന ആഖ്യാനം മനുഷ്യജീവിതത്തിന് അനുകരിക്കാവുന്നതും, ഒഴിവാക്കുന്നതുമായ സ്വഭാവരീതികൾ അവതരിപ്പിക്കുവാനുതകുന്ന ഉപകരണങ്ങളാണ്.

അരിസ്റ്റോട്ടിൽ മുതലാണ് ആഖ്യാനങ്ങളിൽ കഥാപരിസരത്തിന് നൽകേണ്ട പ്രാധാന്യം ആഖ്യാനം മെനയുന്നവരുടെ ശ്രദ്ധയിലേക്ക് വരുന്നത്. ആഖ്യാനത്തിന്റെ അവതരണത്തേക്കാൾ, കഥപറച്ചിലിനേക്കാൾ ശ്രദ്ധ ഒരു ‘വിഷയ’ത്തിന്റെ അല്ലെങ്കിൽ ഒരു ‘മൂല്യ’ത്തിന്റെ അവതരണത്തിനാണ്. അത്തരം ആഖ്യാനങ്ങളിലൂടെ കാണികളുടെ ആത്മാവ് ശുദ്ധികരിക്കപ്പെടുന്നവെന്നാണ് അരിസ്റ്റോട്ടിലിന്റെ പക്ഷം.

മാർട്ടിൻ സ്കോർസിസിയുടെ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ Killers of the Flower Moon സിനിമയിൽ നിന്ന്
മാർട്ടിൻ സ്കോർസിസിയുടെ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ Killers of the Flower Moon സിനിമയിൽ നിന്ന്

സംഘകാല തമിഴ് ആഖ്യാനങ്ങളിലും ഒരു ‘വിഷയിയെ’ മുൻനിർത്തിയുള്ള ആഖ്യാനങ്ങൾ ധാരാളം കണ്ടെത്താം. മൂല്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ, പല തത്വവിചാരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ എന്നിവ കഥാഖ്യാനങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു. കഥാപത്രങ്ങൾ ഇവിടെ വലിയ പ്രാധാന്യം അർഹിക്കുന്നില്ല, മറിച്ച് അവർ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾക്കും, തത്വവിചാരങ്ങൾക്കും, ജീവിതരീതികൾക്കുമാണിവിടെ പ്രാധാന്യം. പല വിധ മൂല്യങ്ങളുടെ ആശയധാരകളുടെ ഒരുതരം പ്രോജക്ഷൻ (pro-jection) അഥവാ പ്രക്ഷേപണമാണ് ഇത്തരം ആഖ്യാനങ്ങളുടെ കേന്ദ്രസ്വഭാവം. ആദിയിൽ ഗുഹകളിലായി മതാചാര സ്വഭാവുമുള്ള ആഖ്യാനങ്ങൾ പിന്നീട് വാമൊഴിയും, എഴുത്തുമായി വളർന്നപ്പോൾ മതാചാരസ്വഭാവങ്ങളിൽ നിന്ന് പതിയെ അകലുവാൻ തുടങ്ങി. മതാചാരങ്ങളിൽനിന്ന് മുക്തമായ ആഖ്യാനങ്ങൾ പതിയെ ‘കഥ പറച്ചിൽ’ എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ‘Story- telling for its own sake’ എന്ന തരത്തിലേക്ക് എല്ലാ ആഖ്യാനരൂപങ്ങളും മാറി.

ആഖ്യാനങ്ങളെ ഏറ്റവും മികച്ച രീതിയിൽ അനുഭവഭേദ്യമാകുന്ന സാഹചര്യം ശാസ്ത്രീയമായ പല കണ്ടെത്തലുകളിലൂടെ സാധ്യമായി എന്നതാണ് ആധുനിക കാലത്തിന്റെ സവിശേഷത.

ആഖ്യാനങ്ങളെ ഏറ്റവും മികച്ച രീതിയിൽ അനുഭവഭേദ്യമാകുന്ന സാഹചര്യം ശാസ്ത്രീയമായ പല കണ്ടെത്തലുകളിലൂടെ സാധ്യമായി എന്നതാണ് ആധുനിക കാലത്തിന്റെ സവിശേഷത. റേഡിയോകളിലൂടെ ശബ്ദമായും, ഫോട്ടോഗ്രഫിയിലൂടെ ദൃശ്യമായും നാം ആഖ്യാനങ്ങളെ അനുഭവിച്ചു. സംഗീതം ഏറ്റവും മികച്ച ആഖ്യാനരൂപമായി മാറി. എഴുത്തിൽ നോവൽ ഏറ്റവും ശക്തമായി ആഖ്യാനത്തെ അവതരിപ്പിച്ചപ്പോൾ, സിനിമ എല്ലാ ആഖ്യാനരീതികളുടേയും സമ്മേളനമായി. 19-ാം നൂറ്റാണ്ടും, 20-ാം നൂറ്റാണ്ടിന്റെ തുടക്കവും എഴുത്തിലൂടെയുള്ള ആഖ്യാനത്തിന്റെ സുവർണകാലഘട്ടമായിരുന്നു.

‘നോവൽ’ എന്ന് ആഖ്യാനരീതി പ്രചാരം നേടുന്നത് മുതലാളിത്ത സമൂഹത്തിന്റെ വളർച്ചയോടൊപ്പമാണ്. നോവൽ എന്ന ആഖ്യാനരീതി വ്യവസായവൽക്കരണം സൃഷ്ടിക്കുന്ന ജീവിതാവസ്ഥകളെ നേരനുഭവങ്ങളായി അവതരിപ്പിച്ചു. യൂറോപ്യൻ മധ്യവർഗ്ഗത്തിന്റെ സ്വഭാവസവിശേഷതകളും, വളർന്നുവരുന്ന തൊഴിലാളിപ്രശ്നങ്ങളും നോവലുകളുടെ ഇതിവൃത്തമായി മാറി. നോവൽ എന്ന ആഖ്യാനം മുതലാളിത്തം നിർമിച്ചെടുത്ത സാഹിത്യരൂപമായി ലിയോൺ ട്രോട്സ്കി കണ്ടെത്തുന്നുണ്ട്. ആഗോളതലത്തിൽ പടർന്നു പന്തലിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഷയായ ‘ഇംഗ്ലീഷ്’ നോവലുകളുടെ പ്രഥമഭാഷയായും മാറി. പല യൂറോപ്യൻ ഭാഷകളിൽ പുറത്തിറങ്ങിയ നോവലുകൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത കാലഘട്ടം ആഗോളതലത്തിൽ നോവലുകൾ വായിക്കുന്നവരും, എഴുതുന്നവരുമായ വലിയ ഒരു കൂട്ടം മനുഷ്യരെ നിർമ്മിച്ചെടുത്തു.

നോവൽ എന്ന ആഖ്യാനം മുതലാളിത്തം നിർമിച്ചെടുത്ത സാഹിത്യരൂപമായി ലിയോൺ ട്രോട്സ്കി കണ്ടെത്തുന്നുണ്ട്.
നോവൽ എന്ന ആഖ്യാനം മുതലാളിത്തം നിർമിച്ചെടുത്ത സാഹിത്യരൂപമായി ലിയോൺ ട്രോട്സ്കി കണ്ടെത്തുന്നുണ്ട്.

നോവലുകളുടെ ആഖ്യാന മാതൃക മുൻമാതൃകകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആധുനികതയ്‌ക്കും വ്യവസായവൽക്കരണത്തിനും മുൻപുള്ള ആഖ്യാനങ്ങളിൽ കഥാപരിസരത്തിനും മൂല്യങ്ങൾക്കും പ്രാധാന്യം നൽകിയിരുന്നതായി കണ്ടെത്താം. കഥാപാത്രങ്ങൾ ആഖ്യാനങ്ങളിൽ പ്രധാനമായിരുന്നില്ല. നോവലുകളിൽ കഥാപാത്രങ്ങൾ പ്രധാനമായി. ആധുനിക ജീവിതം നയിക്കുന്ന ഒറ്റപ്പെട്ട മനുഷ്യരുടെ, അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ, ഒരു സമൂഹത്തിന്റെ കഥ പറയുക എന്ന രീതി നോവലുകൾ പിന്തുടർന്നു.

സീരീസുകൾ നൽകുന്ന ആഖ്യാനവിനോദം അന്ത്യമില്ലാത്തതാണ്, പ്രേക്ഷകരാൽ സ്വീകരിക്കപ്പെട്ടാൽ കഥാപാത്രങ്ങളുടെ ജീവിതം അവസാനിച്ചാലും കച്ചവടതാൽപ്പര്യങ്ങൾ മാത്രം മുൻനിർത്തി ആഖ്യാനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

ചില സാംസ്‌കാരിക നിരീക്ഷകർ കണ്ടെത്തുന്നത്, നോവലുകൾ ആധുനിക ലോകത്തിന്റെ സാംസ്‌കാരികമായ കൊടുക്കൽ- വാങ്ങലുകളുടെ ഫലമായി വളർന്നു വന്ന ഒരു ‘ഇൻക്ലൂസിവ് ആഖ്യാനം’ എന്ന നിലയ്ക്കാണ്. ചരിത്രത്തിൽ നിന്നും തത്ത്വചിന്താധാരകളിൽ നിന്നുമെല്ലാം ആശയങ്ങൾ സ്വീകരിച്ചും, ഏഷ്യൻ കഥാഖ്യാന ശൈലിയോടും, പലവിധ കഥകളുടെ (ഈജിപ്ഷ്യൻ, പേർഷ്യൻ, അറേബ്യൻ, ഇന്ത്യൻ) സ്വാധീനമേറ്റും വളർന്ന ആഖ്യാനമാണ് നോവൽ. ഏതു വിഷയത്തിൽ നിന്നും ആശയങ്ങൾ സ്വീകരിക്കുവാനും അവയെ ഉൾപ്പെടുത്തുവാനും നോവലിന് സാധിക്കും. ചരിത്രവും ശാസ്ത്രവും രാഷ്ട്രീയവുമെല്ലാം നോവലിന് വിഷയങ്ങളാണ്. പക്ഷെ, അത്തരം വിഷയങ്ങളുടെ നിയമങ്ങളോടോ അടിസ്ഥാനബോധ്യങ്ങളോടോ ഒരു പ്രതിപത്തിയും നോവലുകൾ പുലർത്തുന്നുമില്ല. ഒരേസമയം പലവിധ വിഷയങ്ങളിൽ ഇടപെടാനും എന്നാൽ അത്തരം വിഷയങ്ങളോട് പൂർണമായും അകലം പാലിക്കുവാനും നോവലെന്ന ആഖ്യാനത്തിന് സാധ്യമാകുന്നു. നോവലുകൾ എഴുത്തെന്ന ആഖ്യാനരീതിയെ അതിന്റെ പലവിധ വിഷയങ്ങളെ ഉൾച്ചേർക്കുന്ന, കഥാപാത്രങ്ങളെ പഠിക്കുന്ന ആഖ്യാനമെന്ന നിലയിൽ മാറി.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ എന്ന സിനിമയിൽ നിന്ന്
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ എന്ന സിനിമയിൽ നിന്ന്

ദസ്തയെവ്സ്കി, കാഫ്ക, അൽബേർ കമ്യു, സാർത്ര്, സിമോൺ ഡി ബുവാർ, ബോറിസ് പാസ്റ്റർനാക്, കസാൻസാക്കീസ് എന്നിങ്ങനെയുള്ള എഴുത്തുകാർ നോവൽ എന്ന ആഖ്യാനശൈലിയെ മറ്റൊരു രൂപത്തിലുള്ള ആഖ്യാനത്തിനും അനുകരിക്കുവാൻ സാധിക്കാത്തവിധം വളർത്തിയെടുത്തു. ആഖ്യാനങ്ങൾ നോവലുകളിൽ വ്യക്തിപരമായ അനുഭവമായി പരിണമിച്ചു. വായന എന്ന ഏകാന്തമായ പ്രവർത്തി മുതലാളിത്തം സൃഷ്ടിക്കുന്ന സാമൂഹികമായ അന്യവൽക്കരണത്തിനുള്ള മരുന്ന് എന്ന നിലയ്ക്കാണ് പ്രവർത്തിക്കുന്നത്.

വായന എന്ന ഏകാന്തമായ പ്രവർത്തി മുതലാളിത്തം സൃഷ്ടിക്കുന്ന സാമൂഹികമായ അന്യവൽക്കരണത്തിനുള്ള മരുന്ന് എന്ന നിലയ്ക്കാണ് പ്രവർത്തിക്കുന്നത്.

ഏകാന്തമായ ജീവിതം നയിക്കുന്ന വായനക്കാർക്കുവേണ്ടി ഏകാന്തമായ ജീവിതം നയിക്കുന്ന, അന്യവൽക്കരണം അനുഭവിക്കുന്ന എഴുത്തുകാർ നോവലുകൾ എഴുതി. ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലം നോവലിനെ കൂടുതൽ റിയലിസ്റ്റിക്കായി മാറ്റി. മനുഷ്യഭാവനയിൽ കണ്ടെത്തുവാൻ സാധികാത്ത തരത്തിലുള്ള യാതനകളും, വേദനകളും ജീവിതത്തിൽ നടക്കുമ്പോൾ എഴുത്തുകാർ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലത്തിനുനേരെ വിമർശനങ്ങൾ ഉയർത്തുന്നവരും മനുഷ്യസ്നേഹികളുമായി മാറി. മനുഷ്യാവകാശം, സമത്വം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ ആദർശമൂല്യങ്ങൾ എഴുത്തുകാർക്ക് പ്രിയപ്പെട്ടതായി. ജോർജ് ഓർവെൽ, ആൽഡോക്സ് ഹക്സ്‍ലി, ഹെമിംഗ്‌വേ തുടങ്ങിയ എഴുത്തുകാർ യുദ്ധവും രാഷ്ട്രീയവും സാമൂഹികവിശകലനങ്ങളും നോവലുകളുടെ വിഷയങ്ങളാക്കി.

സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത The Fabelmans എന്ന സിനിമയിൽ നിന്ന്.
സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത The Fabelmans എന്ന സിനിമയിൽ നിന്ന്.

20, 21 നൂറ്റാണ്ടുകൾ സിനിമയെന്ന ആഖ്യാനരീതിയുടെ വളർച്ചയുടെ കാലം കൂടിയാണ്. എല്ലാ കലകളും സമ്മേളിക്കുന്ന സിനിമയിൽ അതുവരെ വളർന്നുനിന്നിരുന്ന എല്ലാ ആഖ്യാനരീതികളും ഉൾച്ചേർക്കപ്പെട്ടു. നോവലിന്റെ തന്നെ ദൃശ്യ- ശ്രവ്യ ആഖ്യാനരൂപമായി സിനിമ പരിണമിക്കുന്നത് ഈ കാലഘട്ടത്തിലാണ്. നോവലിസ്റ്റുകളായി ജീവിച്ചിരുന്ന മനുഷ്യർ പതിയെ സ്ക്രിപ്റ്റുകളും സ്‌ക്രീൻപ്ലേകളും എഴുതുന്നവരായി മാറി. നോവലുകളിൽ നാനൂറോ അഞ്ഞൂറോ പേജുകളിൽ നിറഞ്ഞുനിന്നിരുന്ന ആഖ്യാനങ്ങൾ പതിയെ ഒന്നും, രണ്ടും മണിക്കൂറുള്ള സിനിമകളായി മാറി. സിനിമകളിൽ അതുവരെ വളർന്നുപോന്നിരുന്ന സകലവിധകലകളും സമന്വയിക്കപ്പെട്ടു. നോവലുകളെക്കാൾ വളരെ വലിയ വാണിജ്യ സാധ്യതകൾ തുറന്നുതന്ന ആഖ്യാനരൂപമായി സിനിമ മാറി.

സിനിമകൾ നൽകിയ കാഴ്ചകളിൽ നിന്ന് സ്വാധീനമുൾക്കൊണ്ടുമാത്രം സിനിമാഖ്യാനങ്ങൾ തീർക്കുന്ന ക്വിൻടിൻ ടാരന്റീനോ, ക്രിസ്റ്റഫർ നോളൻ, വെസ് ആൻഡേഴ്സൺ എന്നീ സംവിധായകർ സിനിമയുടെ ആഖ്യാനം നോവലുകളിൽ നിന്ന് പൂർണമായും വ്യത്യസ്തമാണെന്ന അഭിപ്രായത്തിന് പ്രചാരം നൽകി.

അമേരിക്കയും, സോവിയറ്റ് യൂണിയനും തമ്മിൽ നിലനിന്നിരുന്ന ശീതസമരത്തിന്റെ പശ്ചാത്തലത്തിൽ ‘ഹോളിവുഡ്’ അമേരിക്കയുടെ ഏറ്റവും മികച്ച ‘ആഖ്യാന ആയുധമായി’ മാറി. സിനിമയെ മറ്റെല്ലാ മുഖ്യധാര ആഖ്യാനങ്ങളെയും നിയന്ത്രിക്കുന്ന ആഖ്യാനരൂപമായി വളർത്തിയെടുക്കുന്നതിൽ അമേരിക്ക വിജയിച്ചു. ഭാവനയിൽ കാണാവുന്ന എന്തും സിനിമയുടെ ആഖ്യാനരൂപത്തിലേക്ക് മാറ്റാമെന്ന ആത്മവിശ്വാസം സംവിധായകർ പ്രകടിപ്പിക്കുന്നതും ഇതേ കാലഘട്ടത്തിലാണ്. മാർട്ടിൻ സ്കോർസിസി, സ്റ്റീവൻ സ്പീൽബർഗ്, സെർജി ലിയോണി, ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്നിവർ നോവൽ ആഖ്യാനങ്ങളെ നോവലുകളെക്കാൾ മികച്ച രീതിയിൽ സിനിമാഖ്യാനം മെനഞ്ഞവരാണ്. നോവലുകൾ നൽകിയ അടിസ്ഥാന ആഖ്യാനത്തിന് ചലച്ചിത്രഭാഷ്യം തീർത്തവർ പിന്നീട് പതിയെ നോവലുകളിൽ നിന്ന് അകലം പാലിക്കുവാൻ ആരംഭിച്ചു. സിനിമകൾ നൽകിയ കാഴ്ചകളിൽ നിന്ന് സ്വാധീനമുൾക്കൊണ്ടുമാത്രം സിനിമാഖ്യാനങ്ങൾ തീർക്കുന്ന ക്വിൻടിൻ ടാരന്റീനോ, ക്രിസ്റ്റഫർ നോളൻ, വെസ് ആൻഡേഴ്സൺ എന്നീ സംവിധായകർ സിനിമയുടെ ആഖ്യാനം നോവലുകളിൽ നിന്ന് പൂർണമായും വ്യത്യസ്തമാണെന്ന അഭിപ്രായത്തിന് പ്രചാരം നൽകി.

ക്രിസ്റ്റഫർ നോളൻ
ക്രിസ്റ്റഫർ നോളൻ

മുൻ മാതൃകകളെ പിന്തുടരുന്ന രീതി എല്ലാ ആഖ്യാനങ്ങളുടെയും പൊതു സ്വഭാവമാണ്. സിനിമകളുടെ ആഖ്യാനം തന്നെ സിനിമകൾ പിന്തുടരുന്ന രീതി പതിയെ നോവലുകളും സിനിമകളും തമ്മിലുള്ള ബന്ധത്തെ വിച്ഛേദിച്ചു. സിനിമാഖ്യാനത്തിന്റെ ഭാഷയെ നോവലുകളുടെ ഭാഷയിൽ നിന്ന് വേർപ്പെടുത്തി എന്നതാണ് സമകാലിക സിനിമകളുടെ പ്രത്യേകത. എഴുത്തിന്റെ. നോവലിന്റെ അടിസ്ഥാനമില്ലാതെ സിനിമകളുടെ ആഖ്യാനം സംവിധാനം ചെയ്യാം എന്നതാണ് ഇന്നിന്റെ കണ്ടെത്തൽ.

ഇന്ന് നമുക്കിടയിൽ നിലനിൽക്കുന്ന ആഖ്യാനങ്ങളുടെ ദൈർഘ്യം കൂടിയും കുറഞ്ഞും നിൽക്കുന്നുണ്ട്. രണ്ട് - മൂന്ന് മണിക്കൂറുകളുള്ള സിനിമയും, സെക്കൻഡുകൾ നീളുന്ന റീൽസും, സ്റ്റാറ്റസും, മാസങ്ങളും വർഷങ്ങളുമായി നീളുന്ന സീരീസുകൾ വരെ എത്തിനിൽക്കുന്നതാണ് കഥകളുടെ - ആഖ്യാനത്തിന്റെ സമകാലികപരിസരം. ഏറ്റവും മികച്ചരീതിയിൽ ആഖ്യാനങ്ങൾ മനുഷ്യന് അനുഭവേദ്യമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. സിനിമകൾക്ക് മേൽ നോവലുകൾക്കുണ്ടായിരുന്ന സ്വാധീനം പതിയെ കുറയുന്ന അവസരത്തിലാണ് സീരീസുകൾ നോവലുകളുടെ ആഖ്യാനത്തെ അതേ പടി പിന്തുടരുന്ന ആഖ്യാനമാതൃകകളായി വളരുന്നത്. നോവലുകളും കഥകളും സിനിമയുമെല്ലാം ആഖ്യാനം അവസാനിപ്പിക്കുന്ന രൂപങ്ങളാണ്.

സിനിമകൾക്ക് മേൽ നോവലുകൾക്കുണ്ടായിരുന്ന സ്വാധീനം പതിയെ കുറയുന്ന അവസരത്തിലാണ് സീരീസുകൾ നോവലുകളുടെ ആഖ്യാനത്തെ അതേ പടി പിന്തുടരുന്ന ആഖ്യാനമാതൃകകളായി വളരുന്നത്.

ഒരു പ്രത്യേക സമയപരിധിക്കുള്ളിൽ ആഖ്യാനം നിർത്തുന്ന രീതി ഒരു ലക്ഷ്യത്തിലേക്ക് നയിക്കുന്ന ആഖ്യാനരീതിയാണ്. കഥാപാത്രങ്ങളെ പഠനത്തിന് വിധേയമാക്കുന്ന, കഥാപാത്രം ലക്ഷ്യങ്ങൾ നേടുന്ന, കഥാപരിസരത്തിലെ സംഘർഷങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്ന ആഖ്യാനമാണ് മുഖ്യാധാര സിനിമകൾ പിന്തുടരുന്നത്. കഥാപത്രങ്ങളുടെ വളർച്ച ചുരുങ്ങിയ സമയപരിധിക്കുള്ളിൽ അവതരിപ്പിക്കുക എന്ന പ്രശ്നം സിനിമയുടെ ആഖ്യാനം നേരിടുന്ന ന്യൂനതയാണ്. രണ്ട് മണിക്കൂറിനുള്ളിൽ പ്രണയവും, വിവാഹവും, വിരഹവും, സംഘടനവും അവതരിപ്പിക്കുക എന്ന സിനിമയുടെ പ്രശ്നം പരിഹരിക്കുന്നത് സീരീസുകളാണ്. നോവലുകളിൽ വിദഗ്ദ്ധമായി അവതരിപ്പിക്കുവാൻ സാധ്യമായ കാരക്ടർ ആർക്കുകൾ, പലവിധ കഥകളുടെ കൂട്ടിച്ചേർക്കലുകൾ എന്നിവ സീരീസുകളിൽ സാധ്യമാണ്. നോവലിന്റെ ആഖ്യാനരീതിയെ പൂർണമായും പിന്തുടരുന്ന ആഖ്യാനശൈലിയാണ് സീരീസുകൾ പിന്തുടരുന്നത്. സിനിമകൾ സംവിധായകരുടെ ആഖ്യാനമാകുമ്പോൾ, സീരീസുകൾ പൂർണമായും എഴുത്തുകാരുടെ, നോവലിസ്റ്റുകളുടെ ആഖ്യാനമാണ്.

നോവലിന്റെ ദൃശ്യാവിഷ്‌കാരം സീരീസുകൾ പിന്തുടരുമ്പോൾ എഴുത്തുകാരന് ലഭ്യമാകുന്ന സ്വാതന്ത്ര്യം ശ്രദ്ധേയമാണ്. ബ്രേക്കിംഗ് ബാഡ്, സോപ്പ്രാനോസ്, പീക്കി ബ്ലൈൻഡേർസ്, ഗെയിം ഓഫ് ത്രോൺസ്, വൺ ഹൺഡ്രഡ് ഇയർസ് ഓഫ് സോളിറ്റ്യൂഡ് എന്നിങ്ങനെയുള്ള പല ലോകപ്രശസ്തമായ സീരീസുകളും എഴുത്തുകാരുടെ ആഖ്യാനലോകത്തെ ദൃശ്യവൽക്കരിക്കുന്നതാണ്. നോവലുകൾ ദൃശ്യഭാഷയിലേക്ക് മാറുമ്പോൾ സാധ്യമാകുന്ന സമയപരിധിയുടെ പ്രശ്നം സീരിസുകൾ പരിഹരിക്കുന്നുവെങ്കിലും, എഴുത്തിനെ ചലച്ചിത്രമാക്കി മാറ്റുന്ന പ്രവർത്തി സംവിധായകന്റെ പ്രേക്ഷപണത്തിലും (pro-jection) വീക്ഷണത്തിലും (perspective) നിലനിൽക്കുന്നു. ഒരു നോവൽ നൂറ് വായനക്കാർ വായിച്ചാൽ, ഒറ്റ ആഖ്യാനത്തിന് ലഭിക്കുന്ന നൂറ് വ്യാഖ്യാനങ്ങളുടെ ഭംഗി നഷ്ടമാകുന്നുണ്ട്. ആ നഷ്ടബോധം പക്ഷെ പൂർണമായും ദൃശ്യങ്ങൾ ആധിപത്യം പുലർത്തുന്ന ലോകത്ത് വളരെ ചുരുക്കം ചില മനുഷ്യർ മാത്രം തിരിച്ചറിയുന്ന നഷ്ടബോധമാകാം.

ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ  Megalopolis എന്ന സിനിമയില്‍ നിന്ന്.
ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ Megalopolis എന്ന സിനിമയില്‍ നിന്ന്.

സമീപത്തിറങ്ങിയ പല പുതിയ നോവലുകളിലും സിനിമയുടെയും സീരീസുകളുടെയും ദൃശ്യഭാഷ കടന്നുവരുന്നത് കാണാം. ദൃശ്യഭാഷ എല്ലാ എഴുത്തുകാരുടെയും ഭാഷയെ സ്വാധീനിക്കുന്നുണ്ട്. എഴുതാനുള്ള ആരംഭം പലപ്പോഴും നടക്കുക, വായനക്കാർ മനസ്സിൽ കാണുന്ന സ്‌ക്രീനിന്റെ നാല് കോണുകൾക്കുള്ളിൽ എന്താണ് ദൃശ്യവൽക്കരിക്കേണ്ടത് എന്ന ചിന്തയിലാണ്. ചലച്ചിത്രം മറ്റെല്ലാ കലകളേയും ഉൾച്ചേർക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതുപോലെ എഴുത്തുകാരന്റെ ഭാഷയേയും സ്വാധീനിക്കുന്നു. സീരീസുകൾ നോവലിന്റെ ആഖ്യാനമാതൃക പിന്തുടരുന്ന ദൈർഘ്യമേറിയ സിനിമയാണ്. കഥപറച്ചിലുകളുടെ ഉപഭോഗത്തിന് ഒരു പരിധി തീർത്തിരുന്ന നോവലുകളും സിനിമകളും സീരീസുകളിലേക്ക് എത്തുമ്പോൾ അന്ത്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന, എന്നാൽ അന്ത്യമില്ലാത്ത ആഖ്യാനങ്ങളുടെ തുടർച്ചയെ സൂചിപ്പിക്കുന്നു. സാമുവേൽ ജോൺസന്റെ വാക്കുകളാണ് സീരിസുകളുടെ ആഖ്യാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനസിലേക്ക് കടന്നുവരിക: ‘Conclusion in which Nothing is Concluded’. എന്തെന്നാൽ അന്ത്യമുണ്ടെന്നും എന്നാൽ അന്ത്യമില്ലെന്നും തോന്നിപ്പിക്കുന്ന ആഖ്യാനമാണ് സീരീസുകളുടേത്.

സീരീസുകൾ നൽകുന്ന ആഖ്യാനവിനോദം അന്ത്യമില്ലാത്തതാണ്, പ്രേക്ഷകരാൽ സ്വീകരിക്കപ്പെട്ടാൽ കഥാപാത്രങ്ങളുടെ ജീവിതം അവസാനിച്ചാലും കച്ചവടതാൽപ്പര്യങ്ങൾ മാത്രം മുൻനിർത്തി ആഖ്യാനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. അടുത്തിടെയായി ഇറങ്ങിയ കച്ചവടസിനിമകളും സീരിസുകളുടെ അന്ത്യമില്ലാത്ത വിനോദ ആഖ്യാന രൂപത്തെയാണ് പിന്തുടരുന്നത്. നോവലിനും, സിനിമകൾക്കും ശേഷം സീരിസുകളാണ് ഇന്നിന്റെ ആഖ്യാനമാതൃക. ആദിമകാലം മുതൽക്കേ തുടർന്നുപോരുന്ന ആഖ്യാനങ്ങൾ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. എല്ലാ മനുഷ്യരും കഥകൾ പറയുന്നവരോ, ആഖ്യാനങ്ങൾ മെനയുന്നവരോ ആയി പരിണമിച്ചല്ല. പക്ഷെ, ഒരു നല്ല ആഖ്യാനം തിരിച്ചറിയാവുന്നവരായി എല്ലാ മനുഷ്യരും പരിണമിച്ചിരിക്കുന്നു. പലവിധ ആഖ്യാനങ്ങൾ വളർന്നുവന്നപ്പോൾ കാണികളായി - ആസ്വാദകരായി പുതിയ ആഖ്യാനങ്ങളെ സ്വീകരിക്കുന്ന മനുഷ്യരും വളർന്നുവന്നു. അന്ത്യമില്ലാതെ ആഖ്യാനങ്ങൾ തുടരുന്നു.

Comments