ട്രൂകോപ്പി തിങ്ക് ഓണം കഥാപുരസ്കാരം കുഞ്ഞില മാസ്സിലാമണി എഴുതിയ ‘ഫീഡ്ബാക്ക്’ എന്ന കഥയ്ക്ക്. ആർദ്ര കെ.എസ്. എഴുതിയ ‘തനിയാവർത്തന’ത്തിനാണ് രണ്ടാം സ്ഥാനം. ചഞ്ചു എം.എൽ. എഴുതിയ ‘കാലാ ബംദർ’ മൂന്നാം സ്ഥാനം നേടി.
25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാമത്തെ കഥയ്ക്ക് 15,000 രൂപയും മൂന്നാമത്തെ കഥയ്ക്ക് 10,000 രൂപയും സമ്മാനം നൽകും.
സാറാ ജോസഫ്, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ്, ഡി. അഷ്ടമൂർത്തി, ഗായത്രി ദേവി എന്നിവരടങ്ങിയ ജൂറിയാണ് സമ്മാനാർഹരെ തെരഞ്ഞെടുത്തത്.
സിനിമാ സംവിധായികയും തിരക്കഥാകൃത്തുമാണ് കോഴിക്കോട് സ്വദേശിയായ കുഞ്ഞില മാസ്സിലാമണി. 'ഗുപ്തം' ആണ് ആദ്യ സിനിമ. 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജിയിലെ 'അസംഘടിതർ' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. 'ദ ലാസ്റ്റ് ഓഫ് ദം പ്ലാഗ്‌സ്' എന്ന സിനിമയുടെ തിരക്കഥയ്ക്ക് ടൊറാൻേറാ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഡയറക്ടറേഴ്‌സ് ലാബിലേക്ക് പ്രവേശനം ലഭിച്ചിരുന്നു. സംവിധാനത്തിലും തിരക്കഥാരചനയിലും കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഉപരിപഠനം. കുഞ്ഞില മലയാളത്തിൽ എഴുതുന്ന ആദ്യ കഥയാണ് ‘ഫീഡ് ബാക്ക്’.

പാലക്കാട് കീഴൂർ സ്വദേശിയായ ആർദ്ര കെ.എസ് പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സോഷ്യൽ ആന്ത്രപ്പോളജിയിൽ ഗവേഷകയാണ്. 'കമലാ കൾട്ട്' ആദ്യ കഥാസമാഹാരം.
കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷകനും കെ.എസ്.എഫ്.ഇയിൽ ജൂനിയർ അസിസ്റ്റന്റുമാണ് ചഞ്ചു എം.എൽ.
35 വയസ്സിൽ താഴെയുള്ളവർക്കായി നടത്തിയ മത്സരത്തിൽ ലഭിച്ച 530 കഥകളിൽനിന്ന് പത്ത് കഥകളാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. കൃഷ്ണ ബി.എസ് (മ്യാവൂ), എസ്. സൈനബ (യക്ഷി), ഐശ്വര്യ ജലജ പ്രദീപ് (ബോർഹേസ് തർജ്ജമാനുഭവത്തെക്കുറിച്ച് പരിഭാഷക), ഗോകുൽ രാജ് (കാപ്പിരിത്തുരുത്തിലെ പുണ്യാളൻ), ആദി (അരസിയൽ വാദം), ലയ ചന്ദ്രലേഖ (സിസ്റ്റർ മേരി മഗ്ദലനയുടെ ജീവിതത്തിലെ രണ്ട് ദിനങ്ങൾ), അഭിജിത് എ.എൻ (ആരൽ) എന്നിവരാണ് അന്തിമ റൗണ്ടിലെത്തിയത്.
സമ്മാനാർഹമായ മൂന്ന് കഥകളടക്കം പത്തു കഥകൾ ആഗസ്റ്റ് 24ന് പുറത്തിറങ്ങുന്ന ട്രൂകോപ്പി വെബ്സീൻ ഓണപ്പതിപ്പിൽ വായിക്കാം.
