എന്റെ കുറിപ്പിനോട് പ്രതികരിച്ചു കൊണ്ട് ദുരവസ്ഥയുടെ രാഷ്ട്രീയ സ്ഥാനങ്ങളെ കുറിച്ച് ബി. ഉണ്ണികൃഷ്ണൻ നടത്തുന്ന മറുവായനയ്ക്ക് അദ്ദേഹത്തിന് നന്ദി പറയുന്നു. ഈ ചർച്ച വികസിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പ്രധാനപ്പെട്ട, എന്നാൽ പരിചിതമായ, ഒരു നിലപാടാണ് അദ്ദേഹം ഇവിടെ കൈകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ മറുകുറിയിൽ എന്റെ നിലപാടുകൾ ഒന്ന് കൂടി വിശദീകരിക്കാൻ ഞാൻ ശ്രമിക്കുകയാണ്.
""1921-ലേത് തികഞ്ഞ വർഗ്ഗീയ കലാപമായിരുന്നുവെന്നും "മതഭ്രാന്ത'രായ മുസ്ലിം കലാപകാരികളാൽ നൂറുകണക്കിന് ഹിന്ദുക്കൾ കൊന്നൊടുക്കപ്പെട്ടുവെന്നും, ഹിന്ദു സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും, അമ്പലങ്ങളും കോവിലകങ്ങളും നശിപ്പിക്കപ്പെട്ടുവെന്നും ആയിരങ്ങൾ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കപ്പെട്ടുവെന്നും ഉച്ചസ്ഥരം സ്ഥാപിക്കാൻ ഹിന്ദുത്വവാദികൾ നടത്തുന്ന ശ്രമങ്ങളിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്നത് "ദുരവസ്ഥ'യിലെ വരികളാണ്. "ദുരവസ്ഥ' യെ ഈ വിധം കയ്യാളി സ്വന്തമാക്കുന്ന (appropriate) തിനെ പ്രതിരോധിക്കാനാണ് ടി.ടി ശ്രീകുമാർ ശ്രമിക്കുന്നത്'' എന്ന ഉണ്ണികൃഷ്ണന്റെ നിഗമനത്തിൽ ശരിയുണ്ടെങ്കിലും പിന്നീടദ്ദേഹം പറയുന്ന കാര്യങ്ങളുമായി എന്റെ കുറിപ്പിന് യാതൊരു ബന്ധവുമില്ല. അദ്ദേഹം പറയുന്നു: ""ഹിന്ദുത്വവത്ക്കരണത്തിൽ നിന്ന് കുമാരനാശാൻ എന്ന നമ്മുടെ എക്കാലത്തേയും ഏറ്റവും വലിയ കവിയെ രക്ഷിച്ചെടുക്കുന്ന "ശരിയായ വായന'യാണ് തന്റേതെന്ന ഉത്തമബോധ്യത്തിലാണ് ശ്രീകുമാർ ഈ ലേഖനം എഴുതിയിരിക്കുന്നത്''. എന്നാൽ വസ്തുത എന്താണ് എന്ന് കുറിപ്പ് പൂർണമായും വായിച്ചു മനസ്സിലാവുന്നതാണ്.
ഞാൻ പറയുന്നകാര്യങ്ങൾ ഇങ്ങന സംഗ്രഹിക്കാം:
ഒന്ന്: ""കലാപത്തിന്റെ അനിവാര്യമായ ഒരു സത്യം'' - അതൊരു കീഴാള വിപ്ലവമായിരുന്നു എന്നത് ആശാന്റെ കവിതയിൽ കടന്നു വരുന്നുണ്ടെങ്കിൽ പോലും "ഹൈന്ദവച്ചോര' ഒഴുക്കുന്നതിനെക്കുറിച്ചുള്ള ദീർഘമായ കലാപ വർണ്ണനക്ക് ഇടയിലാണ് അദ്ദേഹം ഇത് പറയുന്നത്.
രണ്ട്: പാട്ടക്കൃഷിക്കാരും, വസ്തു ചാർത്തി വാങ്ങി കഴിയുന്ന പാവങ്ങളും ജന്മിമാരുടെ ഭൃത്യരും അടങ്ങുന്ന അടിസ്ഥാന വർഗ്ഗമാണ്, കീഴാളരാണ് കലാപത്തിൽ പങ്കെടുത്തവരെന്ന് ആശാന് ബോധ്യമുണ്ടായിരുന്നു എങ്കിലും "അള്ളയല്ലാതൊരു ദൈവം' ഇവിടെ ഉണ്ടാവാതിരിക്കാൻ കൂടിയാണ് ഈ സമരമെന്ന് അദ്ദേഹം കൂട്ടി ചേർക്കുന്നു.
ആശാനിൽ കാണുന്ന ഇസ്ലാമോഫോബിയയുടെ വിത്ത് പാകുന്നതിൽ വിവേകാനന്ദൻ അടക്കം ഉള്ളവർ പങ്കു വഹിച്ചിട്ടുണ്ട് എന്നാണു ഞാൻ പറയുന്നത്. രണ്ടാമതായി ഓർക്കേണ്ടത്, ആശാൻ "ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയം' പിൻപറ്റിയിരുന്ന ആളല്ല എന്നതാണ്.
മൂന്ന്: വെള്ളക്കാർക്കും ജന്മിമാർക്കും എതിരെ നടന്ന കാർഷിക കലാപമാണ് മലബാർ വിപ്ലവം എന്ന ഉത്തമ ബോധ്യം ഉള്ളപ്പോൾ പോലും ആശാൻ അധികമായ് മതവിഭാഗീയത അതിൽ കുത്തിക്കലർത്തുക ആയിരുന്നു.
നാല്: ഈ കലാപത്തെ ഏകപക്ഷീയമായി കേവലമായ മതകലാപത്തിന്റെ കണക്കിൽ ചേർക്കാൻ കവിതയിൽ ചില ഇടങ്ങളിൽ മുതിർന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്നാമതായി വിവേകാനന്ദനും മറ്റും സ്വീകരിച്ചത് പോലെ കീഴാള വിഭാഗങ്ങൾ മത പരിവർത്തനം നടത്തുന്നതിന് എതിരായ ഒരു നിലപാടാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മലബാറിലെ മുസ്ലീം സമുദായം പ്രധാനമായും ഇത്തരത്തിൽ മത പരിവർത്തനം നടത്തിയാണ് പ്രബലമായത് എന്നദ്ദേഹം വിശ്വസിക്കുന്നു. അത് കവിതയിൽ തന്നെ രേഖപ്പെടുത്തുന്നു;
""തിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.
എത്രയോദൂരം വഴിതെററിനില്ക്കേണ്ടോ-
രേഴച്ചെറുമൻ പോയ് തൊപ്പിയിട്ടാൽ
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം,
ചെററും പേടിക്കേണ്ട നമ്പൂരാരേ!''.
എന്ന ആശാന്റെ നിലപാട് വിവേകാനന്ദന്റെ കേരളത്തെ കുറിച്ചുള്ള അതെ അഭിപ്രായമാണ്. ഇതിനെ വിമർശിച്ച് ഞാൻ മുൻപും എഴുതിയിട്ടുണ്ട്. ആശാനിൽ കാണുന്ന ഇസ്ലാമോഫോബിയയുടെ വിത്ത് പാകുന്നതിൽ വിവേകാനന്ദൻ അടക്കം ഉള്ളവർ പങ്കു വഹിച്ചിട്ടുണ്ട് എന്നാണു ഞാൻ പറയുന്നത്.
രണ്ടാമതായി ഓർക്കേണ്ടത്, ആശാൻ "ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയം' പിൻപറ്റിയിരുന്ന ആളല്ല എന്നതാണ്. ഇന്ത്യയിൽ വെയിൽസ് രാജകുമാരന്റെ സന്ദർശനത്തിനെതിരെ ഗാന്ധി ആഹ്വാനം ചെയ്ത പ്രതിഷേധ സമരം നടക്കുമ്പോൾ ആ ബഹിഷ്‌കരണത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിൽ നിന്നും പട്ടും വളയും വാങ്ങുക കൂടി ചെയ്ത ആളാണ് ആശാൻ. ജാത്യാടിമത്തത്തിൽ നിന്നുള്ള മോചനത്തിൽ ഒരു പങ്ക് ബ്രിട്ടീഷ് ഭരണത്തിന് വഹിക്കാനുണ്ടെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ആ നിലപാട് പിന്നീട് കേരളത്തിൽ നിവർത്തന പ്രക്ഷോഭത്തിന്റെ കാലമായപ്പോൾ കൂടുതൽ പ്രകടമായി. "നിവർത്തനം' എന്ന പേര് പോലും ഗാന്ധിയുടെ "നിസ്സഹകരണം' എന്ന പേരിനോട് സാമ്യം ഉണ്ടാകുന്നതെന്ന നിഷ്‌കർഷതയോടെ സ്വീകരിച്ചതാണ്. മാത്രമല്ല, ബ്രിട്ടീഷ് സർക്കാരിനാണ് നിവർത്തന പ്രക്ഷോഭക്കാർ നിവേദനങ്ങൾ നൽകുന്നത്. അവരുടെ മാധ്യസ്ഥം ആവശ്യപ്പെടുന്നുണ്ട് നിവർത്തന പ്രക്ഷോഭകാരികൾ.
അഞ്ച്: ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് കലാപത്തിന്റെ കാർഷിക സ്വഭാവത്തിൽ ആശാൻ മതസങ്കുചിതത്വം കലർത്തുന്നത്. ആശാൻ മതസങ്കുചിതത്വം കലർത്തിയില്ല എന്നല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അതിൽ പങ്കുണ്ട് എന്നാണു ഞാൻ പറയുന്നത്. ആ രാഷ്ട്രീയത്തെ ഇഴപിരിച്ചു നോക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ അതേസമയം തന്നെ സമരത്തിന്റെ ജന്മിത്വ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും ആയ സ്വഭാവത്തെ ആശാൻ കവിതയിൽ പൂർണ്ണമായും നിഷേധിക്കുന്നില്ല എന്നതും വിസ്മരിക്കരുത്. ആദ്യത്തെത് അംഗീകരിക്കുന്ന ഹിന്ദുത്വ ശക്തികൾ ഒരിക്കലും രണ്ടാമത്തെ സൂചനയെ കണ്ടതായി ഭാവിക്കില്ല.
എന്റെ കുറിപ്പിലെ ഈ പ്രത്യക്ഷമായ നിലപാടുകളെ എല്ലാം പാടെ അവഗണിച്ചുകൊണ്ട് മാത്രമേ ഞാൻ ആശാനെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന വാദിക്കാൻ കഴിയുകയുള്ളൂ. എന്റ കുറിപ്പിലങ്ങനെ ഒരു ശ്രമം നടന്നിട്ടില്ല.
ആറ്: കുറിപ്പിൽ ഒരിടത്തും തന്റെ കേട്ടറിവുകൾ വച്ചാണ് ദുരവസ്ഥ എഴുതിയത് എന്ന് ആശാൻ മുഖവുരയിൽ പറയുന്നതായി ഞാൻ എഴുതിയിട്ടില്ല. അങ്ങനെ ഒരു കാര്യം മുഖവുരയിൽ ഇല്ല. ദുരവസ്ഥയുടെ വിവിധ വിമർശനങ്ങളിൽ ഇതിനകം വന്നിട്ടുള്ള ഒരു നിലപടാണത്. അത് ഖണ്ഡിക്കാൻ കഴിയുന്നതാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ. പക്ഷെ പൊതുവേ കരുതപ്പെടുന്നത് ആശാൻ മാത്രമല്ല, ഗാന്ധിയും അംബേദ്കറും മറ്റു പലരും അന്ന് കൂടുതൽ ശക്തിയായ പ്രചരിച്ച ബ്രിട്ടീഷ് ആഖ്യാനങ്ങളെ ആണ് ആശ്രയിച്ചിരുന്നത് എന്നാണ്. മറിച്ചുള്ള വിവരങ്ങൾ പിന്നീടാണ് പുറത്തു വരുന്നത്.
ഏഴ്: "ലഹളയുടെ അപൂർണ്ണവും അസ്പഷ്ടവുമായ ഛായയും പാഠങ്ങളിൽ ചിലതിന്റെ മന്ദമായ പ്രതിദ്ധ്വനിയും മാത്രമേ ഇതിൽ നിന്ന് ഗ്രഹിപ്പാൻ കഴിയൂ' എന്നും "ഭൂതകാലവും പരോക്ഷതയുമാണ് കവിതാചിത്ര നിർമ്മാണത്തിന് പറ്റിയത്' എന്നും ആശാൻ എഴുതിയത് വസ്തുതാ കഥനത്തിൽ തന്നെ സംഭവിച്ചിട്ടുള്ള പ്രശ്‌നങ്ങൾ കൂടി സൂചിപിക്കുന്ന മുൻകൂർ മാപ്പുമൊഴിയാണ്, എന്റെ അഭിപ്രായത്തിൽ. ഇത് സ്വീകരിക്കുകയോ തിരസ്‌കരിക്കുയോ ചെയ്യാം. പക്ഷെ അതെക്കുറിച്ച് ആശാൻ ചിന്തിച്ചിരുന്നില്ല എന്ന് പൂർണ്ണമായും പറയാൻ കഴിയില്ല. ചരിത്രാകലം (historical distance) എന്നൊരു പ്രശ്‌നം ആശാൻ തന്നെയാണ് അവതരിപ്പിക്കുന്നത്.
എട്ട്. ദുരവസ്ഥ എന്ന കൃതിയിലെ മത സങ്കുചിതത്വം നിറഞ്ഞ ഭാഗങ്ങൾ ആ അർത്ഥത്തിൽ ഭാഗികമായ സാമൂഹിക സാഹചര്യ വർണനകൾ മാത്രമാണ്. അത് ആശാൻ ബോധപൂർവം ചെയ്യുന്നതാണ് എന്ന് നേരത്തെ സൂചിപ്പിച്ച ആ രണ്ടു കാരണങ്ങൾ കൊണ്ട് തന്നെ മനസ്സിലാക്കാം. എന്നാൽ അതേ സമയം തന്നെ അതിലെ ഏതോ തെറ്റിനെ മനസ്സിലാക്കാനോ അല്ലെങ്കിൽ അതിന്റെ ഒരു സന്നിഗ്ധത അവതരിപ്പിക്കാനോ ഒരു ശ്രമം കൂടി ആശാൻ മുഖവുരയിൽ നടത്തുന്നുണ്ട്. അങ്ങനെ ആ മുഖവുരയെ വായിക്കാൻ പറ്റില്ല എന്ന് ഒരു നിലപാട് എടുക്കാവുന്നതെയുള്ളൂ. എന്റെ നിലപാട് അതല്ല. അത് ആശാനെ രക്ഷിക്കാനല്ല. ആശാനെ എന്നല്ല ഒരു കവിയും രക്ഷിക്കേണ്ട ബാധ്യത ആർക്കും ഉണ്ടാവാൻ പാടില്ല അതേ സമയം കവിതയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് ആ മുഖവുരയിലെ ആശങ്കകൾ. വിലക്ഷണ കൃതിയാണ് എന്ന പ്രസ്താവത്തെ ഈ പരിപ്രേക്ഷ്യത്തിൽ നിന്ന് കൂടി കാണേണ്ടതുണ്ട്. അത് കവിതയിലെലെ മതസങ്കുചിതത്വത്തെ ഒരിക്കലും നീതിമത്കരിക്കുന്നില്ല.
ഒൻപത്: ആപ്പോൾ ഞാൻ പറയുന്നത് ദുരവസ്ഥയിൽ മത സങ്കുചിതമായ ഭാവനകൾ ഈ മുഖവുരയുടെ പേരിൽ പൊറുത്തുകൊടുത്ത് ആശാനെ ""രക്ഷിക്കണം'' എന്നല്ല. മതപരിവർത്തന വിരുദ്ധതയുടെയും ബ്രിട്ടീഷ് അഭിമുഖ്യത്തിന്റെയും നിലപാടുകൾ ആശാന് ഉണ്ടായിരുന്നത് കൊണ്ടും, ചരിത്രാകലം പാലിക്കാതെ എഴുതിയതെന്ന അഭിപ്രായം കൃതിയെ കുറിച്ച് അശാനുതന്നെ ഉണ്ടായിയിരുന്നത് കൊണ്ടും ദുരവസ്ഥയിലെ മതവിഭാഗീയ വർണ്ണനകളും എടുത്തുവച്ച് മലബാറിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ ജന്മിത്വ വിരുദ്ധ കലാപത്തെ ഹിന്ദു വംശീയ ഹിംസയായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വപരിശ്രമം വിലപ്പോവുകയില്ല എന്നാണ് ഞാൻ ഹിന്ദുത്വ ശക്തികളെ ഓർമ്മിപ്പിക്കുന്നത്.
പത്ത്: അദ്ദേഹത്തിന്റെ ബ്രിട്ടീഷ് ആഭിമുഖ്യം കീഴാള രാഷ്ട്രീയത്തിന്റെ മറ്റൊരു ചരിത്ര വശത്തെ കൂടി കാട്ടിത്തരുന്നതാണ് എന്ന കാര്യം ഇക്കൂട്ടത്തിൽ വിസ്മരിക്കാൻ പാടുള്ളതല്ല എന്ന് ഞാൻ സൂചിപ്പിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ എന്റെ കുറിപ്പിലെ ഈ പ്രത്യക്ഷമായ നിലപാടുകളെ എല്ലാം പാടെ അവഗണിച്ചുകൊണ്ട് മാത്രമേ ഞാൻ ആശാനെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന വാദിക്കാൻ കഴിയുകയുള്ളൂ. എന്റ കുറിപ്പിലങ്ങനെ ഒരു ശ്രമം നടന്നിട്ടില്ല. ദുരവസ്ഥയുടെ മുഖവുരയും കൃതിയിലെ പരാമർശങ്ങളും അവയ്ക്ക് പിന്നിലെ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് ഹിന്ദുത്വ ശക്തികൾ ഇപ്പോൾ നടത്തുന്ന മുതലെടുപ്പിന് ദുരവസ്ഥ ഉപയോഗിക്കുന്നതിന് യാതൊരു സാധുതയുമില്ല എന്ന ഒരു കാര്യമാണ് ഞാൻ പറയാൻ ശ്രമിച്ചിട്ടിള്ളത്. അത് തീർച്ചയായും ഈ ഘട്ടത്തിൽ പ്രസക്തമാണ് എന്നതുകൊണ്ടാണ് അതിനു മുതിർന്നിട്ടുള്ളത്.