ഒരു കൃതിക്ക് നിരവധി ഭാവനാഭൂപടങ്ങളെ രൂപപ്പെടുത്താനാവും.
അവയിൽ സുപ്രധാനമായ ഒന്നാണ് ദേശീയതയുടെ ഭൂപടം. ഭാരതത്തെപ്പോലെ കോളനിവൽക്കരണത്തിന് ഇരയായ ഒരു രാഷ്ട്രം എന്ന നിലയ്ക്ക് സാഹിത്യ കൃതികളിലൂടെ നിർമിക്കുന്ന ഭാവനാപരമായ ദേശീയ ഭൂപടം ചരിത്രത്തിലേക്ക് തുറക്കുന്ന ഒരു വാതിൽ കൂടിയത്രേ. ഈ മട്ടിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഉപുപ്പാക്കൊരാനേണ്ടാർന്ന് എന്ന കൃതിയെ സമീപിച്ചാലോ?
കോളനിയനന്തര ദേശീയതയുടെ ഭൂപടത്തെ ആധുനിക ദേശരാഷ്ട്ര രൂപീകരണവുമായി ചേർത്തുനിർത്തി പുരോഗമന കാംക്ഷയോടെ, എഴുത്തിലേക്ക് സ്വാംശീകരിക്കുകയായിരുന്നു നമ്മുടെ മിക്ക നവോത്ഥാനകാല എഴുത്തുകാരും. എന്നാൽ, ബഷീർ തന്റെ സുപ്രധാന രചനകളിലൂടെ ഏകതാനമായ ഒരു ദേശീയതാസങ്കല്പത്തോട് വിയോജിക്കുകയാണ് ചെയ്യുന്നത്. 1943-ൽ പുറത്തിറങ്ങിയ ആദ്യകൃതി, പ്രേമലേഖനത്തിൽ തന്നെ ഇതിന്റെ ശക്തമായ സൂചനയുണ്ട് . ‘സമസ്ത ലോക സുഖിനോ: ഭവന്തു ' എന്ന് ബഷീർ ആവർത്തിക്കുമ്പോഴും സമൂഹത്തിനകത്തെ ജാതി -വർഗ- വർണ ബന്ധങ്ങളെ വേറിട്ടുതന്നെ എഴുത്തിൽ അടയാളപ്പെടുത്തുന്നു. മുഖ്യധാരാ ദേശീയ പരികല്പനകൾ തഴുകിത്തലോടിയ സമുദായ രൂപത്തിനകത്തേയ്ക്ക് അരികുവൽക്കരിക്കപ്പെട്ട സമുദായ ജാതി സങ്കൽപങ്ങളെയെല്ലാം കടത്തിക്കൊണ്ടുവരുന്നു.
സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന കൃതി ഈ മാറ്റത്തിന്റെ രൂപകം തന്നെ. നമ്മുടെ ദേശീയതയെ രൂപപ്പെടുത്തിയ കൊളോണിയൽ സാധ്യതകളേറെയാണ്. മറ്റൊരുതരത്തിൽ, കോളനി ആധുനികത പ്രശ്‌നവൽക്കരിച്ച നമ്മുടെ നവോത്ഥാനാനന്തര ദേശീയ സംസ്‌കാരത്തെ ഏകതാനമാക്കുന്നതിനും അവയെ എത്രമേൽ പ്രയോജനപ്പെടുത്തി എന്നതിനെക്കുറിച്ചും ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. കോളനിവൽക്കരണം ഒരേസമയം ജനതയെ ആധുനികവൽക്കരിച്ചും നിലനിന്നിരുന്ന ഫ്യൂഡൽ സ്വഭാവഘടനയെ കൊണ്ടാടിയുമാണ് പുലർന്നുപോന്നത്.
ഖിലാഫത്ത് സമരത്തോടെ, ഇന്ത്യയെപ്പോലെയുള്ള കോളനീകൃത ദേശങ്ങളിൽ മുസ്ലിംകൾ ഈ രണ്ട് യൂറോപ്യൻ പദ്ധതികളെയും തുരങ്കം വയ്ക്കാൻ ശ്രമിച്ചതിന്റെ ചരിത്രം എമ്പാടുമുണ്ട്. കേരളത്തിലെ മാപ്പിളമാർക്ക് തീർച്ചയായും അതിൽ എടുത്തുപറയത്തക്ക പങ്കുണ്ട്.
പിൽക്കാലത്ത്, പല സാമൂഹ്യ സമ്മർദ്ദങ്ങളുടെയും ഫലമായി ക്രമേണ രൂപപ്പെട്ടുവന്ന ഫ്യൂഡൽ കുടുംബ മാതൃകകൾക്കകത്ത് ഒരു ഫ്യൂഡൽ- അർദ്ധ കൊളോണിയൽ സമുദായ മേൽഘടന രൂപപ്പെടുന്നു. ഇതിന്റെ സമുദായ രൂപമാണ്, ഉപ്പുപ്പാ... യിലുള്ളത്. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് സത്യസന്ധമായും ഈ മേൽപ്പാട വിശ്വസിച്ചു. മലബാർ സമരകാലത്തെ മത- രാഷ്ട്രീയ വിചാരവുമായി ഇതിനു വലിയ ചാർച്ചയില്ല. മറിച്ച് കൊളോണിയൽ സഹായത്തോടെ പുലർന്ന ഫ്യൂഡലിസത്തെ പൗരോഹിത്യ ചട്ടക്കൂടിനകത്ത് കൂടുതൽ ഉറപ്പിച്ചുനിർത്താനാണ് ഇവ സഹായകമായത്. സ്ത്രീകൾക്ക് എഴുത്ത് ഹറാമാണെന്ന് ഈ വ്യവസ്ഥ വിധിച്ചു. അർത്ഥമറിയാതെയുള്ള ‘ഓത്തും' മൗലവിമാരുടെ രാപ്രസംഗങ്ങളിൽ നിന്ന് കിട്ടുന്ന ലോകബോധവും മാത്രം അവ നിലനിർത്തി. സ്ത്രീയുടെ ജീവിതത്തെ വിധിവിലക്കുകളുടെ നടുപ്പുറങ്ങളിലേക്ക് അവ തള്ളിവിട്ടു.
ഇന്ത്യൻ ദേശീയ സമര ചരിത്രത്തിലും മുസ്ലിംകളുടെ രാഷ്ട്രീയ- സാമൂഹിക നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷമസന്ധിയെ എം.ടി. അൻസാരി വിമർശനാത്മക വിഷയി (Critical Subject) എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അത്തരമൊരു അവസ്ഥയൊഴിഞ്ഞുപോയി കേവലം തൊണ്ടായ അനന്തര സമുദായ സാഹചര്യത്തെയാണ് ഈ കൃതി തുറന്നുകാട്ടുന്നത്. കൃതിക്കുള്ളിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന മിത്തുകളുടെ ലോകം പുനർവായനയ്ക്ക് വിധേയമാക്കിയാൽ അക്കാര്യം തിരിഞ്ഞുകിട്ടും. ചരിത്രത്തിൽ, ഫ്യൂഡൽ പൗരോഹിത്യത്തിന്റെ അധികാരവും അധി നിവേശകരുടെ പരമാധികാരവും കൈകോർക്കുന്ന സവിശേഷ സാഹചര്യവും ഈ മിത്തുകൾക്ക് മറ്റൊരർത്ഥം പ്രദാനംചെയ്യുന്നു.
കൃതിയിലുള്ള ചില പുരാവൃത്തങ്ങൾ പരിശോധിക്കാം.
ഒന്ന് : അലിയുടെ ദുൽഫുക്കാർ എന്ന വാളിന്റെ മഹാത്മ്യം വെളിപ്പെടുത്തുന്ന കഥ. പരാക്രമശാലിയായ അലി (നാലാം ഖലീഫ ) തന്റെ ദുൽഫുഖാർ എന്ന വാൾ കടലിലെറിഞ്ഞു. മീനുകളുടെ കഴുത്തിൽ ഇരുവശത്തും കാണുന്ന വര ഈ വാൾ ഏറ്റിട്ടാണത്രേ ഉണ്ടായത്.
രണ്ട് : ഖുർ ആനെ കുറിച്ചുള്ള കഥ- ലോകത്തിലെ വൃക്ഷങ്ങളെല്ലാം പേനയാക്കി, സമുദ്രങ്ങളെല്ലാം മഷിയാക്കി ഖുർആനിന്റെ അർത്ഥം എഴുതുകയാണെങ്കിൽ, ഒരു അധ്യായം തീരും മുൻപേ ലോകത്തിലെ മരങ്ങൾ തീരും, കടലുകൾ വറ്റും.
മൂന്ന് : ഹജറുൽ അസ് വദിനെ (കഅബയിലെ കറുത്തകല്ല്) കുറിച്ചുള്ള കഥ. അള്ളാഹുവിനെ അനുസരിക്കാത്തവർക്ക് അവൻ വിശപ്പു കൊടുത്തു. വിശപ്പ് കഠിനമായപ്പോൾ അവർ അല്ലാഹുവിനെ അനുസരിച്ചു. അതിന്റെ സമ്മതപത്രം ഹജറുൽ അസ്വദിനകത്ത് സൂക്ഷിച്ചിരിക്കുന്നു എന്ന കഥ.
മൗലവിമാരുടെ രാപ്രസംഗങ്ങളിൽ നിന്ന് കുഞ്ഞിപ്പാത്തുമ്മ കേൾക്കുന്ന കഥകളാണിവയൊക്കെ. ഇതിൽ, ആദ്യത്തെയും അവസാനത്തേയും കഥ കാരുണ്യമില്ലാത്ത (രജോപ്രകൃതിയായ) അധികാരത്തെയും അഹന്തയെയും പ്രകടിപ്പിക്കുന്നു. രണ്ടാമത്തെ കഥയാകട്ടെ, ഖുർആനിന്റെ അമാനുഷികത വെളിപ്പെടുത്തുന്നതിനോടൊപ്പം അവയുടെ വ്യാഖ്യാനങ്ങളോട് ഫ്യൂഡൽ മുസ്ലിം സമുദായം പുലർത്തിപ്പോന്ന വിമുഖത വെളിപ്പെടുത്തുന്നു. ഖുർ ആൻ പരിഭാഷപ്പെടുത്തുന്നതും വ്യാഖ്യാനിക്കുന്നതും ദൈവേഛയ്ക്ക് വിരുദ്ധമാണെന്ന് മധ്യകാല പുരോഹിതർ വിശ്വസിപ്പിച്ചതും നടപ്പിലാക്കിയതും ഓർമിക്കാവുന്നതാണ്. ഇവയൊക്കെ ഫ്യൂഡൽ അധികാരത്തെ മതവുമായി ഉറപ്പിച്ചുനിർത്താൻ പുരോഹിതന്മാരുടെ സംഭാവനയാണെന്ന് പറയാറുണ്ട്.
ഖുർആനെ കുറിച്ച് പ്രചരിച്ച ഈ കഥകളിലും സമാനമായൊരു സാമന്ത കൊളോണിയൽ/ ഫ്യൂഡൽ വ്യവസ്ഥിതിയുടെ വേഴ്ച കാണാം. ഇത്തരം കഥകൾക്ക് വേദഗ്രന്ഥത്തിനകത്തെ അർത്ഥങ്ങളെ സമൂഹമധ്യത്തിലേക്ക് തുറക്കാനാവാതെ പൊതിഞ്ഞു സൂക്ഷിക്കാൻ പറ്റും. ദൈവത്തിന്റെ സൗന്ദര്യ / കാരുണ്യ ഗുണത്തെ (ജമാലിയ്യ ത്ത്) അവ വിദഗ്ധമായി മറച്ചുവെച്ചു. ബൗദ്ധികവും ജനകീയവുമായ മനുഷ്യജീവിതത്തെ നിയന്ത്രിച്ചുനിർത്താൻ പൗരോഹിത്യ -കോളോണിയൽ കൂട്ടുകെട്ടിനായി. വിദേശ ശക്തികൾക്കെതിരെ സമരസജ്ജരായിരുന്ന ഒരു ജനതയെ കോൾഡ് സ്റ്റോറേജിലേക്ക് സ്ഥാനം മാറ്റാനുമായി.
ഉപ്പുപ്പാക്കൊരാനേണ്ടാർന്നു..എന്ന കൃതിയെ കുറിച്ച്, ബഷീർ റൊണാൾഡ് ഇ. ആഷർക്ക് അയച്ച കത്തിൽ ഇങ്ങനെ പറയുന്നു: ‘ഇസ്ലാമിന്റെ പഴയ പ്രൗഢി വരച്ചു കാട്ടുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. അതേസമയം, ഭൂതകാലത്തിന്റെ ചുമടുംതാങ്ങിക്കൊണ്ട് മുസ്ലിംകൾ വർത്തമാന കാലത്തോട് പൊരുത്തപ്പെടാൻ കഴിയാതെ വീർപ്പുമുട്ടുന്നതിനെയും ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. പിച്ചക്കാരനായാലും ശരി, അറവുകാരനായാലും ശരി മഹാനായ അക്ബറുടെ നേർതാവഴിയാണ് തങ്ങളെന്ന് അവകാശപ്പെടുന്നവരാണ് അധികവും. ആന ആ ഭൂതകാലപാരമ്പര്യത്തിന്റെ ചിഹ്നമാണ്.'
അറേബ്യൻ നാടോടി ജീവിതത്തിൽ നിന്ന് രൂപാന്തരങ്ങളോടെ കയറിവന്ന മിത്തുകളായിരിക്കാം ഇവയൊക്കെ. മലബാർ കലാപത്തിനുശേഷം രൂപപ്പെട്ട സാമൂഹ്യാവസ്ഥയിൽ ഉറഞ്ഞുപോയ ഒരു സമുദായത്തോടാണ് ഈ കൃതിയിലെ പാരമ്പര്യത്തിനുള്ള കൂറ്. അവയോട് വേറാക്കൂറ് കാണിച്ചുകൊണ്ടാണ് നിസാറഹമ്മദിന്റെ യും ആയിഷയുടെയും ആധുനികമായ ജ്ഞാന വ്യവഹാരത്തിന്റെ സ്ഥാനം. അപഹരിക്കപ്പെട്ട സ്ത്രീയുടെ എഴുത്തധികാരം അത് തിരിച്ചു പിടിക്കുന്നു. പാരമ്പര്യപൊങ്ങച്ചങ്ങളും അയഥാർത്ഥ ജീവിതകാമനകളും ഒരുതരം നിരാകരണത്തിനു വിധേയമാകുന്നു. കുറേക്കൂടി സാമൂഹ്യ നിഷ്ഠമായ ജനജീവിതത്തിലേയ്ക്കും യഥാർത്ഥത്തിലേക്കും അവ തിരിച്ചുവരുന്നു.
കോളനി ആധുനികത നിർമിച്ച വിമോചന സംരംഭങ്ങളുടെ അകമ്പടിയോടു കൂടിത്തന്നെയാണ് ഈ വിമോചന പ്രക്രിയ നടക്കുന്നത്. ആയിഷ, കുഞ്ഞുപാത്തുമ്മ ക്കായി തയ്യാറാക്കിയ ഒരു പാഠഭാഗം ഇങ്ങനെയാണ്: ആയിഷ പറഞ്ഞു. ‘പിന്നെ........ ലാത്തിരി എന്ന് പറയരുത്. രാത്രി എന്നുപറയൂ.'
കുഞ്ഞുപാത്തുമ്മ പറഞ്ഞു, ‘രാത്തിരി '.
ഹോ അങ്ങനെയല്ല.. ത്രിട്ടോഷ് എന്ന വാക്കില്ലേ. അതിലേ ത്രി പറയൂ...‘രാത്രി'.
ആഷർ അതിങ്ങനെ പരിഭാഷപ്പെടുത്തുന്നു:
‘You mustn't say noight, say ‘night '
‘Neight’, said Kunjupatthumma.
‘No. Like that, ‘I' as in ‘White’ say... Night '.
യഥാർത്ഥ കേരളീയ പ്രകൃതിയിൽ നിന്നു മാറ്റി ആനയെ, സമുദായത്തിലെ, ഫ്യൂഡൽ /പാരമ്പര്യ പ്രഭുത്വത്തിന്റെ മുറ്റത്തേയ്ക്ക് കൊണ്ടുവന്ന കാലമാണ് ഉമ്മ കുഞ്ഞുതാച്ചുമ്മയുടെ സ്മരണയിൽ തഴമ്പിച്ചു നിൽക്കുന്നത്. കാടും ആനയുമില്ലാത്ത (മണലും കു(ഴി)യ്യാനയുമുള്ള )അറബ് സ്ഥലരാശി ഓർമിക്കുക. കുയ്യാന പിറകോട്ടു നടക്കുന്നു. ഈ പിറകോട്ടുനടത്തം പ്രദാനം ചെയ്ത സാമൂഹ്യ- അധികാര ശക്തികളെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ആനക്കുപകരം കുയ്യാനയെ സൃഷ്ടിച്ച്, സമുദായത്തിനകത്ത് വരച്ചുവെച്ച ഒരു ദേശീയതെയാണ് ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്...പ്രകാശിപ്പിക്കുന്നതെന്നുകാണാം.
ദേശീയതയുടെ ഏതു ഇടുങ്ങിയ രൂപവും മനുഷ്യസ്വാതന്ത്ര്യത്തെയും സർഗാത്മകമായ ജീവിത ബോധത്തെയും ചുരുക്കിക്കളയുന്നു. ദേശീയതയുടെ ഏക ശിലാത്മക രൂപങ്ങളിലൊന്നും ബഷീർ വിശ്വസിച്ചില്ല.അദ്ദേഹത്തിന്റെ ഏതു കൃതിയും അതിനു തെളിവാണ്.
ഉന്മാദ ദേശീയതയുടെ ഇക്കാലത്ത്, ബഷീറിന്റെ കൃതികൾക്ക് നവമായ അർത്ഥങ്ങൾ നൽകാൻ കഴിയുമെന്നതിൽ ഒരു സംശയവും വേണ്ട. കാരണം, ചരിത്രവും ഭാവിയുടെ രാസായുധങ്ങളും കൂടിക്കലർന്ന ഭാവനാഭൂപടങ്ങളാണ് അവയൊക്കെ.