ആനന്ദിന്റെ മരണ സർട്ടിഫിക്കറ്റ് ആണ് ഞാൻ ആദ്യം വായിച്ചത്, ഡിഗ്രിക്ക് ആദ്യ വർഷം പഠിക്കുമ്പോൾ. എം.എ മലയാളത്തിനു ചേർന്നപ്പോൾ നോവലുകൾ പഠിക്കാനുള്ള കൂട്ടത്തിൽ ആനന്ദിന്റെ ആൾക്കൂട്ടവും. വിജയനെയും മുകുന്ദനെയും പട്ടത്തു വിളയെപോലും ഈസിയായി വായിച്ചിരുന്നുവെങ്കിലും "ആൾക്കൂട്ടം' കടുകട്ടിയായി തുടർന്നു.
എം.എയ്ക്ക് എന്റെ സുഹൃത്തും സഹ മുറിയനും ആയിട്ടുള്ള ഒരാൾ എം. ബേബി റഷീദ് ആയിരുന്നു. പ്രശസ്ത ഇടതു ചിന്തകനും ട്രോട്സ്‌കിസ്റ്റുമായ എം. റഷീദിന്റെ മകൻ. ചിന്തയിലും വായനയിലും കുശാഗ്രബുദ്ധൻ. അവൻ എനിക്ക് ഒരുപായം പറഞ്ഞു തന്നു. ഇത്തരം പുസ്തകങ്ങൾ വായിക്കാൻ എളുപ്പവഴി.
അതുപ്രകാരം, ആദ്യ പുറങ്ങൾ കുറെ വായിച്ചു, പിന്നെ 10 പുറങ്ങൾ വിട്ടു വായിക്കാൻ തുടങ്ങി. ആൾക്കൂട്ടം പോലുള്ള കൃതികൾ അങ്ങനെ വായിച്ചാലും പ്രശ്‌നമില്ല എന്ന് എനിയ്ക്കും തോന്നി. കാരണം, അതിനു രേഖീയമായ ഒരിതിവൃത്തമില്ല. എം. ടിയെയോ മാധവിക്കുട്ടിയെയോ ഒന്നും അങ്ങനെ വായിക്കാൻ പ്രയാസമാണ്.
അങ്ങനെ, ഒരാഴ്ച കൊണ്ട് ഞാൻ ആൾക്കൂട്ടം വായന വിജയകരമായി പൂർത്തിയാക്കി. എന്നു മാത്രമല്ല, അതിലെമിക്ക പാത്രങ്ങളും സന്ദർഭങ്ങളും എനിയ്ക്ക് സ്വാധീനമുള്ളവരായിത്തീരുകയും ചെയ്തു. പിന്നെ അധ്യാപകനായി ജോലിയിൽ കയറിയപ്പോഴാണ് നോവൽ വീണ്ടും വായിച്ചത്.
ആൾക്കൂട്ടം എന്ന നോവൽ മലയാള സാഹിത്യത്തിലെ ഒരു വിച്ഛേദമാണ്. അതിനെക്കുറിച്ചും ആനന്ദിനെ കുറിച്ചും ചിലതൊക്കെ എഴുതിയിട്ടുണ്ട്. ഇതുവരെ മുംബൈ സന്ദശിക്കാത്ത എനിക്ക് ആനന്ദിന്റെ ഈ നോവൽ ദേശം ഒരു ഗൃഹാതുര ദേശമാണ്. ഈ മുംബൈ ഇന്നില്ലെങ്കിലും! എന്നാലും ആനന്ദിന്റെ നോവലുകളിൽ ഏറ്റവും നല്ല രാഷ്ട്രീയ നോവലുകളായി എനിക്ക് ബോധ്യപ്പെട്ടത് മരുഭൂമികൾ ഉണ്ടാകുന്നത്, വ്യാസനും വിഘ്‌നേശ്വരനും തുടങ്ങിയ കൃതികൾ ആണ്. ഇന്ത്യൻ രാഷ്ട്രീയത്തെയും അധികാര അസംബന്ധങ്ങളേയും പുനർവായിക്കാൻ ഇന്നും ഏറെ കെൽപ്പുള്ളവയാണ് ഇവ. കോവിഡ് കാലത്തെ ദുരന്തം നിറഞ്ഞ അതിഥിതൊഴിലാളികളുടെ പലായനങ്ങൾ പോലും മരുഭൂമികൾ ഉണ്ടാകുന്നതിലെ പലായനങ്ങളുമായി ഏറെ രാഷ്ട്രീയ സാമ്യം കാണാം. ഈ കൃതിയെ കുറിച്ച് ഞാൻ വിശദമായി എഴുതിയിട്ടുമുണ്ട്.
ആൾകൂട്ടം വായിക്കാതെ, ആധുനിക മലയാള നോവൽ വായന അപൂർണ്ണമാണ്. അത്രകണ്ട് ഭാവുകത്വ വ്യതിയാനം നടത്തിയ മലയാളത്തിലെ നോവൽ ആണത്. ആൾക്കൂട്ടത്തിനു അര നൂറ്റാണ്ട് തികയുമ്പോൾ, നോവലിനേക്കാൾ ഒമ്പത് വയസ് കൂടുതലുള്ള ഒരു കുട്ടിയെപ്പോലെ ഇങ്ങനെ കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.