‘ആ പ്രസ്താവന എം.ടി. പിൻവലിക്കണം’

ഒരു അഭിമുഖത്തിന്റെ ഓർമക്ക്​

‘ഒരധ്യാപകൻ എന്ന നിലയ്ക്ക് എഴുത്തച്ഛനെയും എം.ടി.യേയുമൊക്കെ കുറച്ചുകാലമായി ഞാൻ കുട്ടികളെ കലാലയങ്ങളിൽ പഠിപ്പിച്ചുപോരുന്നുണ്ട്. എഴുത്തച്ഛൻ സാഹിത്യത്തെക്കുറിച്ചും അല്പസ്വല്പമൊക്കെ അറിയാം. ആയതിനാൽ എം.ടി. മുൻപറഞ്ഞ പ്രസ്താവന പിൻവലിക്കണം.'

അതുപറഞ്ഞ്​ ഞാൻ കസേരയിലിരുന്നു. എന്നിൽനിന്ന്​ അദ്ദേഹം അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, എന്നുതോന്നുന്നു. എം.ടി.യുമായുള്ള ഒരു അഭിമുഖത്തിന്റെ ഓർമ.

എം.ടി. വാസുദേവൻ നായർ / Photo: Wikimedia Commons

എം.ടി. വാസുദേവൻ നായർ നവതിയിലേക്ക്​ എന്നതിനർഥം മലയാളത്തിലെ ആധുനികതാ സാഹിത്യം ഷഷ്ഠിപൂർത്തി കടന്നുവെന്നാണ്, അങ്ങനെ പറയുന്നത് ഒരു അധികവർത്തമാനമാണെങ്കിലും. മലയാളത്തിലെ ആധുനികതയെ കുറേക്കൂടി പുതിയൊരു സർഗസ്പന്ദത്തിലേക്ക് തള്ളിവിടുകയായിരുന്നു എം.ടി.യുടെയും മാധവിക്കുട്ടിയുടെയും തലമുറ. വ്യക്തിപരമായി അതിനെ, കുറേക്കൂടി ആന്തരികമായി അതിനെ, അല്ലെങ്കിൽ മനുഷ്യന്റെ ജൈവചോദനകളോട് അഭിരമിക്കുന്നതിനെയൊക്കെ സാഹിത്യത്തോട് അവർ അടുപ്പിക്കുകയോ കൂട്ടിക്കലർത്തുകയോ ചെയ്തു. ചരിത്രമെന്ന സംവർഗത്തെ പരിചരിക്കുന്നതിൽ നവോത്ഥാന കാലസാഹിത്യത്തിൽനിന്ന്​ വേറിട്ട ചില രീതികൾ സ്വീകരിച്ചു. സാമൂഹികചോദനകളുടെ അതുവരെ നടമാടിയ മാർഗത്തെ പുനഃമൂല്യവത്കരിച്ചു. ആധുനികതയുടെ രണ്ടാംപകുതിയിൽ ചരിത്രം, ഒരുതരം മിത്തുപോലെ രൂപാന്തരപ്പെട്ടു. എം.ടി. ഇവയ്ക്കിടയിൽപ്പെട്ട് ‘ഞെരുങ്ങിയ' ഒരെഴുത്തുകാരനാണ്.

തകരുന്ന തറവടുകളുടെ കഥയാണ് എം.ടി. സാഹിത്യമെന്ന പേച്ച് അന്നുമുതൽക്കെ കേട്ടുതുടങ്ങിയതാണ്. രണ്ടാമൂഴത്തിലെ ഭീമനോളം ആ പേച്ച് പടർന്നുനിന്നെങ്കിലും തകർന്ന തറവാടുകളെക്കുറിച്ച് ദുഃഖമില്ലാത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം എന്നാണ് എന്റെ വായന ഏറെക്കുറെ ബോധ്യപ്പെടുത്തിയത്. ആ കരുത്ത് എം.ടി.യിൽ എന്നും നിലനിന്നു. അതേസമയം, തട്ടിയാലും മുട്ടിയാലും തെറിച്ചുപോകാത്ത ചിലത് ഉള്ളിലുണ്ടെന്ന്​ എം.ടി. തന്റെ എഴുത്തിലൂടെ /കലാജീവിതത്തിലൂടെ എന്നും ഓർമിപ്പിച്ചു; സുമിത്രയിലൂടെയും, അപ്പുണ്ണിയിലൂടെയും, ഗോവിന്ദൻകുട്ടിയിലൂടെയും, ദ്രൗപദിയിലൂടെയും ഘടോൽക്കചനിലൂടെയും വിമലയിലൂടെയും ചന്തുവിലൂടെയും ഷർലക്കിലൂടെയും മറ്റും മറ്റും.

അന്ന് എം.ടി. എഴുതിയ പരിസ്ഥിതിപക്ഷ കുറിപ്പുകളെങ്കിലും പരിശോധിച്ചാൽ മതി, നമ്മുടെ ഭരണകൂടങ്ങൾ തികഞ്ഞ അവഗണനയിലൂടെയും കാഴ്ചപ്പാടില്ലായ്മയിലൂടെയും ഇന്നത്തെ കേരളീയ ജീവിതത്തെ എത്രമേൽ ദുഷ്‌കരമാക്കി, എന്നറിയാൻ.

ഏണസ്റ്റ് ഹെമിംഗ്​വേവേയുടെ എഴുത്തിനോടും ജീവിതത്തോടും എം.ടി.യുടേതിനെ കൂട്ടിവായിച്ച ചില വിമർശനങ്ങളുണ്ടായിട്ടുണ്ട്. എഴുത്തിലും കഥാപാത്ര- സ്വഭാവ നിർമിതിയിലും ജീവിതത്തിലും ഒരുപോലെ ആൺകരുത്ത് കാട്ടിയതിനാലാണ് അങ്ങനെയൊരു താരതമ്യം. മാത്രമല്ല, ഹെമിംഗ്​വേയെപ്പറ്റി, അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ഒരു കൃതി എം.ടി. എഴുതുകയും ചെയ്തു.
തകർന്ന തറവാടുകളുടെയും നാലുകെട്ടുകളുടെയു ഗൃഹാതുര ചാപല്യങ്ങളെ പ്രദർശിപ്പിക്കുകയായിരുന്നില്ല, എം.ടി.യുടെ കഥകളും നോവലുകളും, എന്നുവേണം പറയാൻ. അതേസമയം, അവയ്ക്ക് ഗൗരവപ്പെട്ട ഒരാഖ്യാനം നൽകാൻ എം.ടി.യ്ക്കായോ എന്നത്, മറ്റൊരു പ്രശ്‌നമാണ്.

എം.ടി.യുടെ എഴുത്ത് ഓരോ കാലത്തെയും അറിയാൻ ശ്രമിച്ചുവെന്നോ അഥവാ കാലം എം.ടി.യുടെ എഴുത്തിനെ പുതുക്കിപ്പണിയാൻ ശ്രമിച്ചു എന്നോ മറ്റോ പറയാം.

ഇതിനെക്കാളുമുപരി കരുത്തനായ ഒരു പത്രാധിപരായി എം.ടി.യെക്കാണാനാണ് എനിയ്ക്കിഷ്ടം. മാതൃഭൂമി അഴ്ചപതിപ്പിന്റെ പത്രാധിപരായിരുന്ന കാലത്ത് അദ്ദേഹം എഴുതിയ കോളങ്ങൾ, രാഷ്ട്രീയ -സാംസ്‌കാരിക -അനുഭൂതി കേരളത്തിന്റെ തലവിധി ഓർമിപ്പിച്ചവയായിരുന്നു. അന്ന് എം.ടി. എഴുതിയ പരിസ്ഥിതിപക്ഷ കുറിപ്പുകളെങ്കിലും പരിശോധിച്ചാൽ മതി, നമ്മുടെ ഭരണകൂടങ്ങൾ തികഞ്ഞ അവഗണനയിലൂടെയും കാഴ്ചപ്പാടില്ലായ്മയിലൂടെയും ഇന്നത്തെ കേരളീയ ജീവിതത്തെ എത്രമേൽ ദുഷ്‌കരമാക്കി, എന്നറിയാൻ.

എം.ടി. ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു എന്നല്ല, ഇപ്പറഞ്ഞതിനർഥം. എം.ടി.യുടെ എഴുത്ത് ഓരോ കാലത്തെയും അറിയാൻ ശ്രമിച്ചുവെന്നോ അഥവാ കാലം എം.ടി.യുടെ എഴുത്തിനെ പുതുക്കിപ്പണിയാൻ ശ്രമിച്ചു എന്നോ മറ്റോ പറയാം. ഒരുപക്ഷേ എം. ടിയുടെ ഫിക്ഷനേക്കാൾ, അദ്ദേഹത്തിലെ പത്രാധിപരുടെ കുറിപ്പുകൾക്ക് അതിന് സാധിച്ചിട്ടുണ്ട്.

കൈവച്ചതൊക്കെ പൊന്നാക്കിയയാൾ എന്ന് എം.ടി.യെ പുകഴ്ത്തുന്നവരാണ് അധികവും. ജ്ഞാനപീഠസ്ഥനാവാനുള്ള ‘മലയാളിയുടെ മോഹത്തോളം' അവ വളർന്നു. ചെയ്ത സിനിമകൾ മിക്കതും നന്നായി സ്വകരിക്കപ്പട്ടു.

എന്നെ ആ പ്രായത്തിൽ, എഴുത്തിലും ചിന്തയിലും ഏറെ ആകർഷിച്ചവരായിരുന്ന തലയെടുപ്പുള്ള ഏതാനും എഴുത്തുകാരുമായി ചെറിയ ഒരാത്മബന്ധം ഞാനും സൂക്ഷിച്ചു.വിജയനും ബഷീറും മുകുന്ദനും ആനന്ദും കുഞ്ഞബ്ദുല്ലയും ആണ് അവരിൽ ചിലർ.

വീഴാനുള്ളത് വീഴും. വാഴ്ത്തുപാട്ടുകാർ വെറുതെയാവും. ഏതൊരാളുടെ എഴുത്തിലും ഒട്ടിനിൽക്കുന്ന ജീനുകളുടെ ചില പ്രത്യേകതയുണ്ട്. അവയെ വെറുതെവിട്ട് സ്വയം വാർധക്യം വാരിവലിച്ചണിയുകയാണ് പലരും ചെയ്യാറ്. എം.ടി. അതിന് പോയില്ല. അതേസമയം, വ്യവസ്ഥ ബാക്കിവച്ച സാംസ്‌കാരത്തിന്റെ ജീനുകളെ അദ്ദേഹം നിരന്തരം നിരീക്ഷിച്ചു. അതിലെ ചാവുകളെ തിരിച്ചറിഞ്ഞു, സാഹിത്യത്തിലും കലയിലും ചിന്തയിലും അവയെ പെരുമാറി.
ഈ സ്വഭാവത്തെ എം.ടി.യുടെ സ്വഭാവത്തിലും മലയാളി തിരിച്ചറിഞ്ഞു. അതായിരിക്കും, സ്വഭാവത്തിൽ, ഒരു നാളികേരപാകനായി പോലും കാണാനുള്ള ഹൃദയവിസ്​തൃതി പലർക്കുമുണ്ടായില്ല.

എഴുത്തുകാർ, അഭിമുഖങ്ങൾ

ഈ ലേഖനം ഊന്നുന്നത് അദ്ദേഹവുമൊത്ത് നടത്തിയ ഒരഭിമുഖത്തിന്റെ കഥയിലാണ്. ആഖ്യാനത്തിന്റെ സ്വഭാവംകൊണ്ട്, അത് പലതായി തോന്നാം. അതേസമയം, എന്റെയും ഞാൻ പങ്കിട്ട കാലത്തിന്റെയും ചിന്തയുടെയും ആത്മസ്പർശങ്ങൾ ഇതിൽ കൂടിക്കുഴയുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ എഴുതാത്ത ഈ കഥ ഇപ്പോൾ എഴുതണം എന്നുതോന്നിയത്, വെറും വ്യക്തിരതിയുടെ ഭാഗമായല്ല. വെറും വിനോദവായനക്കുമല്ല. നമ്മുടെ സാഹിത്യനിരൂപണമണ്ഡലത്തിൽ സാധാരണ കണ്ടുവരാരുള്ള ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കൂടിയാണ്.

എനിക്ക് മലയാളത്തിലെ സാഹിത്യനായകന്മാരോടൊന്നും അധികം ബന്ധമില്ല. ആധുനികതയുടെ കാലവും ആ കാലത്തെ വായനയും ഒരുപക്ഷേ അത്തരം അടുപ്പങ്ങളെ ആഗ്രഹിച്ചിരുന്നു. അതിനുകാരണം, സത്താപരമായ വിമർശനവും ആസ്വാദനവും ആ കാലത്ത് നിറഞ്ഞുനിന്നിരുന്നു, എന്നതായിരിക്കണം. മാധ്യമങ്ങളുടെയും (വിശിഷ്യ അച്ചടിമാധ്യമം) പ്രസാധകരുടെയും നിലപാടുകൾ ഈ തരത്തിലുള്ള വായനയെ പ്രോസാഹിപ്പിച്ചുമിരുന്നു. മാർക്കറ്റിങ് തന്ത്രമായി ഇന്നത്തെപ്പോലെ അതിനെ വ്യാഖ്യനിക്കാൻ പറ്റില്ല. ഇലക്​ട്രോണിക്​ കാലത്ത് അവയുടെ അളവുകോലുകൾ വേറെയാണെന്നുമാത്രം. സാഹിത്യകാരരും കൃതികളും തമ്മിൽ ഒരാത്മബന്ധമുണ്ടെന്നും കഥയിലും പറച്ചിലിലും ആ ആത്മാംശം താങ്ങിനിൽപ്പുണ്ടെന്നും അവ സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മലയാളത്തിലെ ആധുനികതാ നിരൂപണത്തെ ഇവയൊക്കെ ആഴത്തിൽ സ്പർശിച്ചു. മാത്രമല്ല, അസ്തിത്വവാദത്തിന്റെ വിചാരപരമായ മൂശയിൽ ഇവയ്ക്ക് നിഗൂഢത്മകമായ സ്ഥാനം കൈവരികയുംചെയ്തു.

വൈക്കം മുഹമ്മദ് ബഷീർ

എന്നെ ആ പ്രായത്തിൽ, എഴുത്തിലും ചിന്തയിലും ഏറെ ആകർഷിച്ചവരായിരുന്ന തലയെടുപ്പുള്ള ഏതാനും എഴുത്തുകാരുമായി ചെറിയ ഒരാത്മബന്ധം ഞാനും സൂക്ഷിച്ചു.വിജയനും ബഷീറും മുകുന്ദനും ആനന്ദും കുഞ്ഞബ്ദുല്ലയും ആണ് അവരിൽ ചിലർ. പരസ്പരം അറിഞ്ഞുകൊണ്ടുള്ള ബന്ധമായിരുന്നില്ല ബഷീറിനോട്. ബഷീറിന്റെ എഴുത്തുകളുടെ സ്വാധീനം മാത്രമല്ല, ആ കാലം ബഷീറിനെ സ്വാധീനിച്ചതും ആരാധിച്ചതുമായ പലതും മറ്റു ചെറുപ്പക്കാരെപ്പോലെ എന്നിലും കൂടിക്കുഴഞ്ഞു. പിൽക്കാലത്ത്, ആ മിത്തുവത്കരണത്തോട് ഞാൻ വിയോജിക്കുകയും അതിനെ തള്ളിപ്പറയുകയും ചെയ്തു. എന്നാലും, ബഷീറിലും സത്യൻ എന്ന നടനിലും ആ കാലം ദർശിച്ച വല്ലാത്തൊരു യാഥാർഥ്യവും സത്യസന്ധതയുമുണ്ടായിരുന്നു.

ഇന്നും നമ്മുടെ ഭാഷക്ക് സാഹിത്യേതരമായ ശാസ്ത്രവിഷയങ്ങളെ സ്വഭാഷയിലേക്ക് മൊഴിമാറ്റുന്നതിൽ ഏറെ പരിമിതികളുണ്ട്. അതൊക്കെ ഈ അനുശീലനത്തിന്റെ അനന്തരഫലം കൂടിയാണ്. ഈ പദകോശദൗർലഭ്യം നേരിടാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇന്ന് മലയാളി.

ആ അർഥത്തിൽ, മറ്റു പല ചെറുപ്പക്കാരെയും പോലെ ബഷീറിനെ അഭിമുഖം നടത്തിയാണ് എന്റെ എളിയ എഴുത്തുജീവിതത്തിന്റെ ആത്മവിശ്വാസത്തിലേക്ക് ഞാനുമെത്തുന്നത്.
ഡിഗ്രിക്ക് പഠിക്കുമ്പോൾ, ബഷീറിനെ കൂട്ടുകാരോടൊത്ത് രണ്ടുവട്ടം ഞാൻ സന്ദർശിക്കുകയും ഒരഭിമുഖം തയാറാക്കി, ചന്ദ്രിക വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘തിളയ്ക്കുന്ന തലച്ചോറും മനവുമായ്' എന്നായിരുന്നു അതിന്റെ ശീർഷകം, എന്നുപോലും ഞാനോർക്കുന്നു. അക്കാലത്ത് ബഷീറിന്റെ മാംഗോസ്റ്റിൻ മരത്തിനുചോട്ടിൽ പിറന്ന കാക്കത്തൊള്ളായിരം അഭിമുഖങ്ങളുടെ കൂട്ടത്തിൽ ഒന്ന്. എന്നാലും, എഴുത്തിലേക്കും പരന്ന വായനയിലേക്കും എന്നെ ജ്വലിപ്പിച്ച ഒരു സംരംഭമായിരുന്നു, അത്.

വൈക്കം മുഹമ്മദ് ബഷീറുമായി ഉമർ തറമേൽ നടത്തിയ അഭിമുഖം

സാഹിത്യസമൂഹമായതുകൊണ്ടാവണം അഭിമുഖങ്ങൾ മലയാളിവായനക്കാർക്ക് എന്നും പഥ്യമുള്ള സംഗതിയാണ്. മലയാളിക്ക് ചിന്ത എന്നാൽ ശാസ്ത്രമല്ല, സാഹിത്യമാണ്. അതുകൊണ്ടുതന്നെ സാഹിത്യവിജ്ഞാനീയസമൂഹം എന്ന് നമ്മെ സ്വയം വിശേഷിപ്പിക്കാം. ഇന്നും നമ്മുടെ ഭാഷക്ക് സാഹിത്യേതരമായ ശാസ്ത്രവിഷയങ്ങളെ സ്വഭാഷയിലേക്ക് മൊഴിമാറ്റുന്നതിൽ ഏറെ പരിമിതികളുണ്ട്. അതൊക്കെ ഈ അനുശീലനത്തിന്റെ അനന്തരഫലം കൂടിയാണ്. ഈ പദകോശദൗർലഭ്യം നേരിടാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇന്ന് മലയാളി.
ഇലക്​ട്രോണിക്​ മാധ്യമങ്ങളുടെ വരവോടെ, ഒരുപക്ഷേ സാഹിത്യേതരമായ വിജ്ഞാനീയങ്ങൾ, പലതും ഒരു നിർബന്ധവന്ധ്യംകരണം പോലെ നാം സ്വീകരിക്കാൻതുടങ്ങി.

കുഞ്ഞബ്ദുള്ളയോട് കലയുടെ തത്വം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ബഡായി പറയുന്നപോലെയാകും അഭിമുഖവും നല്ലത്. മലയാളത്തിൽ ആധുനികതയെ ഇത്രമേൽ മെരുക്കിയ ഒരാൾ, എപ്രകാരം ഇങ്ങനെയാകും, എന്നൊക്കെ നാം കുണ്ഠിതപ്പെടും. പറഞ്ഞിട്ട് കാര്യമില്ല.

മുകുന്ദനോടും ആനന്ദിനോടും സംസാരിക്കുന്ന രസം മറ്റാരോടും കിട്ടിയിട്ടില്ല. വിജയനോടുള്ള സംസാരത്തിൽ, പലപ്പോഴും നാം ചിലപ്പോഴെങ്കിലും അസ്തപ്രജ്ഞരാവും. പിശുക്കിപ്പിശുക്കിപ്പറയുന്ന വാക്കുകൾ ചെറുതത്വമായി മാറുകയാണ് ചെയ്യുക. ഒരു ലിറിക്കിന്റെ സ്വഭാവമാണതിന്. ചിലപ്പോൾ ഗഹനമായ ഒരു ഫലിതമായി അവ രൂപം മാറും. അദ്ദേഹത്തിന്റെ കാർട്ടൂണിക് വിഷൻ പറച്ചിലിൽപോലും അത്ഭുതകരമാണ്. ‘യുദ്ധത്തിൽ ആരും പ്രതിയോഗികളല്ല', എന്നൊക്കെയുള്ള വാക്യങ്ങളുടെ മുഴക്കം ചെറുതല്ല.

ഒ.വി. വിജയൻ

പോത്തങ്കോട് ആശ്രമത്തിൽ ചെലവഴിച്ച അവസാനനാളുകളിലും ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ നിരവധി തമാശകളുണ്ടായി. അൾഷിമേഴ്സ് മൂലം കഷ്ടപ്പെടുന്ന കാലമാണത്. പറച്ചിലില്ല, എഴുതിക്കാണിക്കും. പരിക്ഷീണിതനായ അദ്ദേഹത്തെ ഒന്ന് രസിപ്പിക്കാൻ (കൂടുതൽ അടുപ്പം കാണിച്ചിരുന്നതുമൂലവും ) ഞാൻ, ‘താങ്കളുടെ മുടിയും തടിയുമൊക്കെ സുന്ദരമായിട്ടുണ്ടല്ലോ' എന്നുപറഞ്ഞു.
അപ്പോൾ, ‘താടിയിൽ മൈലാഞ്ചിയിടണോ' എന്നദ്ദേഹം എഴുതിക്കാണിച്ചു. എന്നിട്ട്, നാൽപത്തഞ്ച് ആംഗിളിൽ ഒരു ചിരി. ഞാൻ പച്ചവെള്ളമായി. കാലത്തിന്റെ
ഒരദൃശ്യകരം നമ്മെ തൊടുമ്പോലെ തോന്നും, അദ്ദേഹത്തിന്റെ വാക്കുകൾ.

മുകുന്ദൻ നമ്മുടെ സംപ്രത്യയപരമായ കാഴ്ചയെ എപ്പോഴും വിടാതെ പിന്തുടരും. ഒന്ന് മറ്റൊന്നിനോട് കണ്ണിചേർന്നുപോകുന്ന അനുഭവമാണത്. ഒരിക്കലും മറുത്ത്പറയാറില്ല.

ആനന്ദുമായി ഉമർ തറമേൽ നടത്തിയ അഭിമുഖം

ആനന്ദിനോട് സംസാരിക്കുമ്പോൾ, അദ്ദേഹത്തിന്റെ എഴുത്തിലും ചിന്തയിലും നാം അനുഭവിച്ച അസംസ്‌കൃതലിപികൾ ചരിത്രത്തിൽനിന്ന് മഴ പോലെ പെയ്യും.
അദ്ദേഹത്തെ പിടിച്ചെടുക്കാൻ പ്രയാസപ്പെടും. ആനന്ദിനെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും, അഭിമുഖത്തിനായി ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് പോയത്. ശില്പിയുടെ മട്ട് എഞ്ചിനീയറായ ആനന്ദിന്റെ എഴുത്തിലും പറച്ചിലിലുമുണ്ട്. ഒരു വാസ്തുശില്പിയുടെ കൈയിൽ മരമെന്നപോലെയാണ് ആനന്ദിൽ വാക്ക് രൂപംകൊള്ളുക. അദ്ദേഹത്തിന്റെ ശിൽപങ്ങളുടെ ഒരു പ്രദർശനം ഞാൻ കാണുകയും അതേക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. ‘വിഹ്വലതയുടെ ശില്പങ്ങൾ’ എന്നാണ് ആ എഴുത്തിന്​ ശീർഷകം കൊടുത്തത്. വിഹ്വലം എന്ന പദപ്രയോഗമൊന്നും, ഒരുപക്ഷേ ഇന്ന് ന്യൂ -ജന് മനസ്സിലാവാൻ പാടായിരിക്കും. ആധുനികത വിടാതെ പിന്തുടർന്നിരുന്ന ചില പ്രയോഗങ്ങളിലൊന്നാണത്.
കണിശക്കാരനാണ് ആനന്ദ്. താൻ പറയുന്ന ഓരോ ആശയവും സത്യസന്ധമായി പകർത്തുന്നുണ്ടോ, എന്ന് ഇടക്ക് ശ്രദ്ധിക്കും. അത് ഞാൻ ഉറപ്പ് വരുത്തിയിരുന്നു. തന്നെ തെറ്റിവായിക്കുന്നതും (Misreading -എന്നയർഥത്തിലല്ല) വക്രീകരിക്കുന്നതും അദ്ദേഹം സഹിക്കില്ല.

കുഞ്ഞബ്ദുള്ളയോട് കലയുടെ തത്വം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ബഡായി പറയുന്നപോലെയാകും അഭിമുഖവും നല്ലത്. മലയാളത്തിൽ ആധുനികതയെ ഇത്രമേൽ മെരുക്കിയ ഒരാൾ, എപ്രകാരം ഇങ്ങനെയാകും, എന്നൊക്കെ നാം കുണ്ഠിതപ്പെടും. പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞബ്ദുള്ളക്ക് ഒറിജിനാലിറ്റിയല്ലാതെ വശമില്ല. ബഷീറിനും കുഞ്ഞബ്ദുള്ളയ്ക്കും ഇക്കാര്യത്തിൽ സാമ്യമുണ്ട്. സാഹിത്യ തത്വശാസ്ത്രപരമായി കുഞ്ഞബ്ദുള്ളയോട് സംസാരിക്കാൻ വലിയ പാടാണ്. അതേസമയം, തന്റെ സാഹിത്യം പോലെത്തന്നെ ഐന്ദ്രികമായ ഒരനുഭവപരത സംസാരത്തിലും നമ്മെ തൊടും.

പി.കെ. ബാലകൃഷ്ണൻ

ഏറ്റവും കൊതിയോടെയും മതിയോടെയും സംസാരിച്ച വേറൊരു എഴുത്തുകാരൻ, പി.കെ. ബാലകൃഷ്ണനാണ്. ഇത്ര കൂസലില്ലാത്ത, റിബലിന്റെ മനസ്സുള്ള ചരിത്രത്തിൽ വാക്കുകളെ പൊരിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ അനുഭവങ്ങൾ, ബഷീറിനെക്കൊണ്ട് പറഞ്ഞപോലെ നമ്മെ തപിപ്പിക്കും. എന്റെ ജീവിതത്തിൽ ഉള്ളുപൊള്ളിക്കുന്ന ഒരനുഭവമായിരുന്നു, അദ്ദേഹത്തോടുള്ള സംസാരം. ജീവിതത്തിലുടനീളം അദ്ദേഹം അനുഭവിച്ച ഉറക്കില്ലായ്മ തന്നെയാണ്, ‘ഇനി ഞാൻ ഉറങ്ങട്ടെ'യിലെ ദ്രൗപദിക്ക് അദ്ദേഹം കൽപ്പിച്ചുകൊടുത്തത്, എന്ന് ബാലകൃഷ്ണൻ പറഞ്ഞതോർക്കുന്നു. ‘കേരളത്തിലെ അക്കാദമിക് പണ്ഡിതർ, എന്റെ നോവലിനെ (ഇനി ഞാനുറങ്ങട്ടെ) നോക്കി നാലുതെറി പോലും പറയാൻ മെനക്കെട്ടില്ല. അതും ബാലകൃഷ്ണന് പരസ്യമായേക്കുമോ, എന്നവർ ഭയന്നു’ എന്നുപോലും പറഞ്ഞു.
അഭിമുഖത്തിനിടയിൽ എന്നെയുംകൂട്ടി നാലുവട്ടം ബീഡി വാങ്ങാൻ പോയി. ഒന്ന് വലിക്കുന്നോ എന്ന് പലവട്ടം നിർബന്ധിച്ചു.

ഞാനേറ്റവും, സംസാരിക്കാൻ കൊതിച്ച ഒരാൾ, മേതിലാണ്. ഷെൽവിയുടെ മൾബറിയിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ചിലപ്പോഴെങ്കിലും കണ്ടിട്ടുള്ളതും സംസാരിച്ചതും. ഒരഭിമുഖം നടത്താനുള്ള മോഹം
ഒരിക്കൽ, ഞാൻ അദ്ദേഹത്തോടത് സൂചിപ്പിക്കുകയുണ്ടായി. മൾബെറിയിലൂടെ ഏറെക്കുറെ എല്ലാ പുസ്തകവും വായിക്കുകയും മേതിലിന്റെ എഴുത്തിനായി കത്തിരിക്കുകയും ചെയ്തിരുന്ന കാലമായിരുന്നു, അത്. ‘വാക്കുകൾക്ക് ഇപ്പോൾ ഡോളറിന്റെ വിലയാണ്' എന്ന തമാശയാണ് അദ്ദേഹം പറഞ്ഞത്. മേതിൽ അങ്ങനെയുള്ള ഒരാളല്ല, എന്ന് എനിക്ക് അദ്ദേഹത്തെ വായിച്ചപ്പോൾതന്നെ തോന്നിയതാണ്. മേതിലിന്റെ ആ ഒരു വാക്യം ഒരഭിമുഖമായി ഞാൻ ഇന്നും കരുതാറുണ്ട്.

പി.കെ. ബാലകൃഷ്ണനുമായി ഉമർ തറമേൽ നടത്തിയ അഭിമുഖം

എഴുത്തുകാരും അവരുടെ അനുഭവവും നേരിട്ട് ബന്ധമുണ്ട് എന്ന വിശ്വാസത്തിൽ നിന്നാണ് സാഹിത്യകാര അഭിമുഖങ്ങൾ ഇത്രയും നമ്മുടെ നാട്ടിൽ പോപ്പുലറായത്. അങ്ങനെ വിശ്വസിക്കുന്ന എഴുത്തുകാരും കൂടുതലുള്ള സ്ഥലമാണ് കേരളം. സത്യം പറഞ്ഞാൽ അതിൽ കഴമ്പില്ല. മാത്രമല്ല, എഴുത്തുകാർ സ്വന്തം കൃതിയെക്കുറിച്ച് പറയുന്നത് പലപ്പോഴും അബദ്ധവുമായിരിക്കും. വായനക്കാരെ ഒരു ബിന്ദുവിൽ തലച്ചിടാനേ ഇത്തരം അഭിമുഖങ്ങൾക്കാവൂ. എല്ലാ അഭിമുഖങ്ങളും അങ്ങനെയാണെന്ന വിശ്വാസവും എനിക്കില്ല. പലതരത്തിലുള്ള വിവരങ്ങൾ പലരിൽനിന്നും കിട്ടാറുണ്ട്.

എഴുത്തുകാരും അവരുടെ അനുഭവവും നേരിട്ട് ബന്ധമുണ്ട് എന്ന വിശ്വാസത്തിൽ നിന്നാണ് സാഹിത്യകാര അഭിമുഖങ്ങൾ ഇത്രയും നമ്മുടെ നാട്ടിൽ പോപ്പുലറായത്. അങ്ങനെ വിശ്വസിക്കുന്ന എഴുത്തുകാരും കൂടുതലുള്ള സ്ഥലമാണ് കേരളം. സത്യം പറഞ്ഞാൽ അതിൽ കഴമ്പില്ല.

അതേസമയം, വ്യക്തി പുലർത്തുന്ന വിഷയിപരത (subjectivity)എഴുത്ത് രൂപപ്പെടുന്നതിൽ നിന്ന്​ ഏറെ അകലെയാണ്. പറയുംപോലെ നമുക്ക് എഴുതാൻ പറ്റാത്തത് അതുകൊണ്ടാണ്. വ്യക്തിസത്തയിൽനിന്ന്​ അകൽച്ച പാലിച്ചുകൊണ്ടേ എഴുത്തിന്റെ പ്രക്രിയക്ക് നിലനിൽക്കാനാവൂ. അതുകൊണ്ടാണ്, വിമർശകരുടെ ദൗത്യം ഒരു പെരുച്ചാഴിയുടേതാണെന്ന് സൂസൻ സ്വൻടാഗിനെപ്പോലുള്ളവർ പറയുന്നത്. കൃതി പറയുന്ന അനുഭവത്തെ നേരിട്ട് അഭിസംബോധന ചെയ്യുകയല്ല, വിമർശകരുടെ പണി. ആഴത്തിൽ മുങ്ങി പുതിയ മണ്ണ് കൊണ്ടുവരാൻ അതിന് കഴിയണം. ആധുനിക വിമർശകർ, സാഹിത്യനിരൂപണത്തെ മറ്റൊരു ഭാഷാപ്രക്രിയായിട്ടേ (നിർമിതി)കാണുന്നുള്ളൂ. അല്ലെങ്കിൽ, മനുഷ്യന്റെ സമൂഹത്തോടുള്ള അന്യവത്കൃതമായ ഒരിടപെടലാണ്, എഴുത്ത്.

മേതിൽ രാധാകൃഷ്ണൻ

എഴുത്തുകാരെയും എഴുത്തിനെയും ബന്ധിപ്പിച്ച വിമർശന വിശകലനങ്ങളാണ് ഇന്നും മലയാളത്തിൽ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, പുതിയ കൃതികളുടെ അകക്കാമ്പ് കണ്ടെത്തുന്നതിൽ, മലയാള വിമർശനം ഇന്നും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. വിമർശവിമൂഢമായ സമൂഹത്തിൽനിന്ന്​ നല്ല വിമർശനം പ്രതീക്ഷിച്ചുകൂടാ, എന്നും ഇക്കാലത്ത് പറയാം.

‘ആധുനിക നോവലിലെ മിത്തുകളെ'ക്കുറിച്ചുള്ള പഠനമായിരുന്നു എന്റെ വിഷയം. ആധുനിക എഴുത്തുകാരിൽ ഏറെ പ്രശസ്​തരായ അഞ്ചെട്ടുപേരുടെ കൃതികളാണ് പഠിക്കാനുള്ളത്. അങ്ങനെയാണ്, പഠനത്തിന്റെ ഭാഗമായി എഴുത്തുകാരെ കാണാൻ പോകുന്നത്. അങ്ങനെയൊരു ആവശ്യം പഠനത്തിനില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ ഇവരെയൊക്കെ കാണാൻ പുറപ്പെട്ടത്. ഗവേഷണപ്രക്രിയയിലെ ഒരു ആക്ടിവിറ്റി ആണല്ലോ, പലതരം വിവരങ്ങൾ അവ നൽകിയേക്കാം.

ഒരഭിമുഖത്തിന്റെ കഥ

എം.ടി.യെ കാണാനും അഭിമുഖം നടത്താനും അവസാനമാണ് തീരുമാനിക്കുന്നത്. കാരണം, എം.ടി.യോട് അടുപ്പം എളുപ്പമല്ല എന്ന കേട്ടുകേൾവിയാണ് ഒന്ന്. ‘രണ്ടാമൂഴ'മാണ് പഠനസാമഗ്രി. ബഷീറിന്റെ എഴുത്തിലുള്ള ബഷീർ എന്ന വ്യക്തി, സമൂഹത്തിലെ ഒരംഗം തന്നെയായി പലപ്പോഴും അനുഭവപ്പെടാം. എം.ടി.യുടേത് അങ്ങനെയല്ല. ഒരു സമൂഹത്തെ മറപിടിച്ച്​ പെരുമാറുന്ന രീതി, എം.ടി.യുടെ മിക്ക നായകപാത്രങ്ങൾക്കുമുണ്ട്. അല്ലെങ്കിൽ, അങ്ങനെ പെരുമാറാൻ പഠിക്കുന്ന ഒരു പ്രച്ഛന്നസമൂഹമാണ്, അവയിലുള്ളത്.

‘ദൈവമേ', ഞാൻ ഉള്ളിൽ ഉറക്കെ വിളിച്ചുപോയി.
എം.ടി. എന്ന അക്ഷരപർവതത്തിനുചോട്ടിൽ, ഞാൻ നിരക്ഷരതയുടെയും തീവ്രവാദിയുടെയും ഒരടയാളമായപോലെ.

മാതൃഭൂമിയിൽ വിളിച്ച്​ എം.ടി.യോട്​ ഞാൻ കാര്യം സംസാരിച്ചു. കുറേ ഒഴിഞ്ഞുമാറിയെങ്കിലും അവസാനം സമ്മതിച്ചു. ചെല്ലാൻ പറഞ്ഞ ദിവസം അവിടെയെത്തിയപ്പോൾ, എം.ടി. വളരെ ദുഃഖിതനാണ്. നടി മോനിഷ മരിച്ച നാളുകളായിരുന്നു അത്. കടവ് എന്ന ചിത്രം ആയിടെയാണ് റിലീസായത്, എന്നാണോർമ. എനിക്ക് അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് വേദന തോന്നി.

എഴുത്തച്ഛന്റെ രാമായണമോ, മഹാഭാരതമോ ലക്കാക്കി, ജർമൻ കൂട്ടായ്മയോടെ ചില പ്രകാശനങ്ങൾക്ക് വഴിതുറക്കുന്നതുസംബന്ധിച്ച് ചില വാർത്തകൾ വന്ന കാലമാണത്. എം.ടി.യുടെ പേരും അതിനോടാനുബന്ധിച്ചു വായിച്ചതോർത്തു. അതേക്കുറിച്ച് ഞാനെന്തോ അദ്ദേഹത്തോട് ചോദിച്ചിരുന്നു. മഹാഭാരതം/രാമായണം സീരിയൽ ദൂരദർശനിൽ വന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു, അത്. ഇതിഹാസത്തെ വോട്ടുബാങ്കിന് പാകമാക്കുന്ന വക്രീകരണത്തെ സംബന്ധിച്ച്​, ഞാൻ അപ്പോൾ അദ്ദേഹത്തോട് സംസാരിച്ചതോർക്കുന്നു. അതിന് മറുപടിയായി എം.ടി. ഒന്നും പറഞ്ഞുമില്ല.മാതൃഭൂമി ഒഴിവുദിനമാകുന്ന അടുത്തദിനം കുറിച്ചുതന്ന് ആ ദിവസം വരാൻ പറഞ്ഞു.
ഞാൻ നന്ദി പറഞ്ഞിറങ്ങി.

വല്ലാത്തൊരു മൗനം ഒരു ഉരഗത്തെപ്പോലെ, ഞങ്ങൾക്കുചുറ്റും ഇഴഞ്ഞുനടക്കുന്നപോലെ. മിനുട്ടുകൾ കഴിഞ്ഞിട്ടും എം.ടി. സംസാരിക്കുന്നില്ല.

പറഞ്ഞ ദിവസം, ചോദിക്കാനുള്ളതൊക്കെ ക്രമത്തിൽ ഹൃദയത്തിന്റെ കൊടിമരത്തിൽ തൂക്കി കൃത്യം 10 മണിക്ക് മാതൃഭൂമി എഡിറ്ററുടെ മുറിയിൽ ചെന്നു.
എം.ടി. ഒറ്റയ്ക്കാണ്. സ്വതസിദ്ധമായ ചിന്താഗ്രസ്ഥത. എന്നോട് ഇരിക്കാൻ ആംഗ്യം കട്ടി. ഞാൻ അഭിമുഖത്തിന് റെഡിയായി ഇരുന്നു. വല്ലാത്തൊരു
മൗനം ഒരു ഉരഗത്തെപ്പോലെ, ഞങ്ങൾക്കുചുറ്റും ഇഴഞ്ഞുനടക്കുന്നപോലെ. മിനുട്ടുകൾ കഴിഞ്ഞിട്ടും എം.ടി. സംസാരിക്കുന്നില്ല. അന്നും എന്റെ വരവ് പഴങ്കഥപോലെയാവുമോ എന്ന ചിന്ത ആളി.
സർ, ഞാൻ തുടങ്ങട്ടെ, മൗനത്തിന് ഞാൻ തന്നെ മറയിട്ടു.
അപ്പോൾ അദ്ദേഹം എന്റെ നേർക്ക് തലയുയർത്തി, എന്നിട്ട് പറഞ്ഞു; ‘നിങ്ങളെപ്പോലുള്ള ഒരാൾക്ക് അഭിമുഖം തരാൻ എനിക്ക് താത്പര്യമില്ല.'

ഞാൻ ഐസായി. എന്താണ് കാര്യം എന്ന് പിടികിട്ടുന്നില്ല.
കണ്ണുകൊണ്ട് ഞാൻ ചോദ്യരൂപത്തിൽ അദ്ദേഹത്തോട് ഒരു വാക്യം മൊഴിഞ്ഞു, ‘എഴുത്തച്ഛൻ... എന്തോ വംശീയവാദിയോ... എന്നൊക്കെയുള്ള മട്ടിൽ നിങ്ങൾ അന്ന് സംസാരിച്ചു എന്നാണോർമ’, ചോദ്യരൂപത്തിൽ എന്നെയൊന്നുനോക്കി വീണ്ടും മുഖം കുനിച്ചിരുന്നു.

ഒരു മണിക്കൂർ സമയം അനുവദിക്കാം എന്ന് പറഞ്ഞിരുന്ന എം.ടി. അതൊക്കെ മറന്നു. പിന്നെ ഉത്സവം പോലെ. ചോദ്യങ്ങൾ, ഉത്തരങ്ങൾ... രണ്ടുമണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. കഴിയുംമുമ്പേ ഒരു ചായ കൂടി വരുത്തി.

‘ദൈവമേ', ഞാൻ ഉള്ളിൽ ഉറക്കെ വിളിച്ചുപോയി.
എം.ടി. എന്ന അക്ഷരപർവതത്തിനുചോട്ടിൽ, ഞാൻ നിരക്ഷരതയുടെയും തീവ്രവാദിയുടെയും ഒരടയാളമായപോലെ.

അപ്പുണ്ണിയും ഭീമനും ഗോവിന്ദൻകുട്ടിയുമൊക്കെ ആലോചിച്ചപോലെ ഞാൻ ഒരുനിമിഷം ചിന്തിച്ചു, ഇതാണ് നിമിഷം, ഇവിടെ ഞാൻ പരാജയപ്പെട്ടാൽ തീർന്നു. എവിടുന്നോ, കാട്ടിൽനിന്ന്​ കയറിവന്ന ‘ചങ്ങലയഴിഞ്ഞ ഒരു ചണ്ഡമാരുതനെ'പ്പോലെ (ഭീമന്റെ ഉല്പത്തിയെ രണ്ടാമൂഴത്തിൽ അങ്ങനെയാണ് കൽപ്പിച്ചിട്ടുള്ളത്) ഞാൻ എഴുന്നേറ്റുനിന്നു.
രണ്ടുംകൽപ്പിച്ച്, സ്വല്പം ഒച്ചയെടുത്ത് അദ്ദേഹത്തോട് പറഞ്ഞു, ‘ആ പ്രസ്താവന എം.ടി. പിൻവലിക്കണം'.
അദ്ദേഹം എന്നെ വല്ലാത്തൊരു നോട്ടം നോക്കി.
ഞാൻ തുടർന്നു, ‘എം.ടി. വാസുദേവൻ നായരുടെ കൃതികൾ ഏറെക്കുറെ വായിച്ചിട്ടുണ്ട്. ഒരധ്യാപകൻ എന്ന നിലയ്ക്ക് എഴുത്തച്ഛനെയും എം.ടി.യെയുമൊക്കെ കുറച്ചുകാലമായി ഞാൻ കുട്ടികളെ കലാലയങ്ങളിൽ പഠിപ്പിച്ചുപോരുന്നുണ്ട്. എഴുത്തച്ഛൻ സാഹിത്യത്തെക്കുറിച്ചും അല്പസ്വല്പമൊക്കെ അറിയാം. ആയതിനാൽ എം.ടി. മുൻപറഞ്ഞ പ്രസ്താവന പിൻവലിക്കണം.'

ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ഉമർ തറമേലിന്റെ ലേഖനം

കുറച്ചുനേരം, പിൻഡ്രോപ്പ് സൈലൻസ്.

അതുപറഞ്ഞ്​ ഞാൻ കസേരയിലിരുന്നു.
എന്നിൽനിന്ന്​ അദ്ദേഹം അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, എന്നുതോന്നുന്നു.
രണ്ടു മിനുട്ട് തലതാഴ്ത്തിയിരുന്നു. പിന്നെ, താഴ്ന്നസ്വരത്തിൽ എന്നോട് പറഞ്ഞു, ‘സാരമില്ല. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ അങ്ങനെയൊക്കെ ചിന്തിച്ചുപോകുന്നുണ്ടോ എന്ന് ഞാൻ ഉള്ളിൽ വേദനിച്ചു.’

ഒരു മഴപെയ്തു തോർന്നപോലെ കാര്യങ്ങൾ തണുത്തു.
എം.ടി. ടേബിൾ ബെൽ അമർത്തി. ഒരു മധ്യവയസ്‌കൻ കയറിവന്നു. രണ്ടു ചായ കൊണ്ടുവരാൻ അദ്ദേഹം പറഞ്ഞു, പിന്നെ, എന്നെനോക്കി മന്ദഹസിച്ചു, ‘ചോദിച്ചോളൂ...’

ഒരു മണിക്കൂർ സമയം അനുവദിക്കാം എന്ന് പറഞ്ഞിരുന്ന എം.ടി. അതൊക്കെ മറന്നു. പിന്നെ ഉത്സവം പോലെ. ചോദ്യങ്ങൾ, ഉത്തരങ്ങൾ... രണ്ടുമണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. കഴിയുംമുമ്പേ ഒരു ചായ കൂടി വരുത്തി.
നാളുകൾക്കുശേഷം ജനയുഗം വാരാന്തപ്പതിപ്പിൽ, ആ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ അച്ചടിച്ചുവന്നു.

തിരിച്ചുപോരുമ്പോൾ, അവിടെ സംഭവിച്ചത് ഒരു റിട്രോസ്‌പെക്റ്റീവ് പോലെ മനസ്സിൽ കളിച്ചു. സാഹിത്യകാരന്മാരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു പറ്റം ആളുകൾ എന്നും കാണും. അല്ലെങ്കിൽ അക്കാദമികളെ ചുറ്റിപ്പറ്റി നിരങ്ങുന്ന കുറേപ്പേർ. എന്നെപ്പോലെ ഒറ്റപ്പെട്ടവർ അവരവരുടെ അക്കാദമിക വിശ്വാസങ്ങളും പിൻബലവുമായി ജീവിക്കുന്നവരാണ്. അത്തരക്കാർ പൊതുവെ, അരക്ഷിതരാണ്. മാത്രമല്ല, സ്ഥാനവും വ്യക്തിയും തമ്മിലുള്ള അകൽച്ച എന്നും ചെറുതല്ല. സ്വത്വരാഷ്ട്രീയത്തെപ്പോലും ഇരുനിലമൂർച്ചയുള്ള ആയുധമായി പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത്, സ്വതന്ത്രമായി അഭിപ്രായം പറയുന്നവരുടെ സ്ഥിതിയെന്താ എന്നും ആലോചിക്കാവുന്നതാണ്. സ്വത്വരാഷ്ട്രീയത്തെ വംശീയവാദമായി ദുർവ്യാഖ്യാനം ചെയ്യുന്നവരും കുറവല്ല.

പിന്നെ ഞാൻ എം.ടി.യെ നേരിട്ടുകാണുന്നത്, അഞ്ചാറുവർഷങ്ങൾക്കുശേഷം തുഞ്ചൻ ഉത്സവത്തിൽ. ‘നോവൽ ഹരിതകം' എന്ന എന്റെ പുസ്തകത്തിൽ, ഗവേഷണപ്രബന്ധത്തിലെ, എം.ടി.യുടെ രണ്ടാമൂഴത്തെ പ്രതിപാദിക്കുന്ന ആ പ്രബന്ധം കൂടി ഉൾപ്പെടുത്തിയിരുന്നു. ‘നോവൽ ഹരിതക'ത്തിന്റെ കോപ്പി ഞാൻ അദ്ദേഹത്തിന് കൈമാറി, കാര്യം പറഞ്ഞു. അത് സ്‌നേഹപൂർവം വാങ്ങി ഭൂതകാലമെവിടെയോ, ഒരു തെല്ല് ഓർത്തപോലെ എന്നെ നോക്കിച്ചിരിച്ച്, വായിക്കാമെന്നും പറഞ്ഞ്​ പരിപാടികൾ നടക്കുന്ന സ്റ്റേജിലേക്ക് കയറിപ്പോയി.

കുമയൂണിലെ ദേബ് ബിസ്ത് കാമ്പസിന്റെ മുൻവശം

എം.ടി. സൃഷ്ടിച്ച പല കഥാസ്ഥലങ്ങളും പാത്രങ്ങളും മലയാളിയോടൊപ്പം മേയാറുണ്ട്. ഈയിടെ ഞാൻ നൈനിത്താളിൽ പോയപ്പോൾ, എം.ടി.യെ വായിച്ച ഏതുമലയാളിയും ചെയ്യുന്നപോലെ ‘മഞ്ഞി'ലെ കഥാപാത്രങ്ങളോട് സാദൃശ്യമുള്ളവർ അവിടെയുണ്ടോ എന്ന് നിരീക്ഷിച്ചു. എനിക്കാരെയും കാണാനായില്ല. നൈനി ദേവിയുടെ ക്ഷേത്രവും തടാകവും മാത്രം ചില സ്ഥലമോർമകൾ ഉള്ളിലുണ്ടാക്കി. മല കയറി, കുമയോൺ കുന്നുകൾ ചുറ്റിനടന്നു. മഞ്ഞിലെ സ്ഥലപരിസരം പോലും ഇന്നവിടെയില്ല. നടന്നുനടന്ന്, ടാക്കൂർ ദേബ്‌സിംഗ് ബിസ്ത് കാമ്പസിൽ ഞാനെത്തിപ്പെട്ടു. അവിടെ കുറച്ചുനേരം വിശ്രമിച്ചു തിരിച്ചുപോന്നു.

എം.ടി.യുടെ നോവലിനെ ആ പ്രദേശം മായ്ച്ചുകളഞ്ഞ പോലെയാണ്, ഇപ്പോൾ തോന്നുക. അങ്ങനെ മനസ്സിലാക്കിയ ഞാൻ ഇങ്ങനെയൊരു എഫ്.ബി. പോസ്റ്റിട്ടു: ' സുധീർകുമാർ മിശ്ര വന്നില്ല. വിമല വെറുതെ കാത്തിരുന്നു, എം.ടി.ക്ക് മഞ്ഞ് എന്ന നോവൽ എഴുതിത്തീരാൻ വേണ്ടിമാത്രം. ബുദ്ദുവിനെ ഒരുദിവസം കാണാതായി. സർദാർജി, ജീവിതത്തിന് ഒരു ഫിലോസഫി ചമച്ചു, വിധിവശാൽ വേദനാജനകമായ മരണത്തിന് കീഴടങ്ങി. ആയിടയ്ക്ക് ദില്ലിയിൽ നിന്നെത്തിയ സന്ദീപ്കുമാർ വിശാലുമായി വിമല പ്രണയത്തിലാവുകയും, അതിൽ അമലവിശാൽ എന്ന കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇപ്പോൾ അവൾ കുമയൂൺ സർവകലാശാലക്ക് കീഴിലുള്ള, ടാക്കൂർ ദേബ്‌സിംഗ് ബിസ്ത് കാമ്പസിൽ എം.എ.ആന്ത്രപ്പോളജിക്ക് പഠിക്കുന്നു. വിമലയെ അന്വേഷിച്ച് കേരളത്തിൽനിന്നുപോലും ഇപ്പോൾ ആരും എത്താറില്ല. സന്ദീപ്കുമാർ അവളെ ഉപേക്ഷിച്ചുപോയതുമില്ല. അമലവിശാൽ എം.ടി.യുടെ മഞ്ഞ് വായിച്ചിട്ടില്ല. വിമലയാകട്ടെ, കഥകൾ മകളോട് പറഞ്ഞതുമില്ല.' (മാർച്ച് 15, 2022).


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

ആദ്യമായി പാർലമെന്റ് മന്ദിരത്തിൽ കോൺസ്റ്റിറ്റ്വന്റ് അസംബ്ലി ചേർന്നപ്പോൾ (1946). മുൻ നിരയിൽ ഇരിക്കുന്നവരിൽ ഇടത്തു നിന്ന് ഒന്നാമത് ഡോ: ബി. ആർ. അംബേദ്കർ, ബി. ജി. ഖേർ, സർദാർ പട്ടേൽ, കെ. എം. മുൻഷി / photo: wikimedia commons

ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments