സച്ചിദാനന്ദന് പ്രായമെന്നത് വെറും അക്കങ്ങൾ മാത്രമാവണേ എന്നാണ് പ്രാർത്ഥന. എന്നാൽ അദ്ദേഹം നിരന്തരമായി മരണത്തെക്കുറിച്ച്, ഓർമയുടെ മടക്കങ്ങളെക്കുറിച്ചെല്ലാം എഴുതുമ്പോൾ, എവിടേക്കാണീ ധൃതിപ്പെട്ടുള്ള തയ്യാറെടുപ്പെന്ന് തോന്നിയിട്ടുമുണ്ട്.
ഈ കവിശരീരത്തെ പരിശോധിച്ചാൽ വലിയൊരു കാലം അഴുക്കെടുപ്പിക്കാതെ മിടിക്കുന്നത് കാണാം. അടിയന്തരാവസ്ഥയും സാംസ്‌കാരികവേദിയും ആധുനിക കവിതാപരിണാമങ്ങളും ലിറ്റിൽ മാഗസിനും ആത്മഹത്യകളും ജോൺ എബ്രഹാമും അയ്യപ്പനും നവ തത്വചിന്താധാരകളും പെണ്ണെഴുത്തും പ്രതിരോധങ്ങളും എന്നുവേണ്ട എല്ലാമവിടെയുണ്ട്.
ഏത് ചെറിയ മാഗസിനാവട്ടെ കവിത ചോദിച്ചാൽ ഇല്ല എന്ന മറുപടി കവിക്ക് പരിചയമില്ല. വിമർശകരോട് സഹിഷ്ണുതയോടെ, അതും സമചിത്തതയോടെ, സംഭാഷണത്തിൽ ഏർപ്പെടാൻ വിമുഖതയില്ല. വ്യക്തിവിരോധത്തിൽ ഒന്നും എഴുതിയിട്ടില്ല. നിങ്ങൾക്ക് എന്നെ വിമർശിക്കാം എന്ന ജനാധിപത്യ ബോധം സച്ചിദാനന്ദനെപ്പോലെ മലയാളത്തിൽ എത്ര എഴുത്തുകാർക്കുണ്ടാവും?
അദ്ദേഹം ഇപ്പോഴും കവിതകൾ എഴുതുന്നു. ലോക കവിതയെ നമ്മുടെ മണ്ണിലേക്ക് പറിച്ചുനടുന്നു. നിരന്തരമായ ഇടപെടലാണ് ഈ വർഷങ്ങളിലൂടെ സച്ചിദാനന്ദൻ ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തിൽനിന്ന് ഇതെഴുതുന്നയാൾക്ക് വ്യക്തിപരമായി കിട്ടിയ വലിയ പാഠം, മുതിർന്ന എഴുത്തുകാരോട് സച്ചിദാനന്ദൻ പാലിച്ചിരുന്ന ആദരവാണ്. രാഷ്‌ട്രീയ നിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്ന അക്കിത്തമാവട്ടെ, ശാന്തിപ്പണിക്ക് പോയ വിഷ്ണുനാരായണൻ നമ്പൂതിരിയാവട്ടെ സച്ചിദാനന്ദന് പ്രിയ കവികൾ ആയിരുന്നു. നിങ്ങൾ പുലർത്തേണ്ട മര്യാദകൾ എന്തൊക്കെ എന്നുകൂടി അദ്ദേഹം പഠിപ്പിച്ചു തന്നിട്ടുണ്ട്.
ഇതെല്ലാം തീർത്തും വ്യക്തിപരമായ അഭിപ്രായമാണ്. ഈ നിലത്ത് ധൈര്യത്തോടെ ചവിട്ടാൻ ബലം തന്ന എഴുത്തുകാരനാണ് എനിക്ക് സച്ചിദാനന്ദൻ. അദ്ദേഹത്തിനോട് ചില കാര്യങ്ങളിൽ അഭിപ്രായ അകലം തോന്നിയിട്ടുണ്ടെങ്കിലും, അതിനൊന്നുമുള്ള അർഹതയില്ലെന്ന് നന്നായി അറിയുന്നതുകൊണ്ട് സച്ചിദാനന്ദവിമർശകനായി പേരെടുക്കാം എന്ന പൂതി ഒട്ടുമേയില്ല. ആ പ്രജ്ഞ കൂടുതൽ തെളിച്ചത്തോടെ പ്രകാശിക്കട്ടെ എന്നു മാത്രമേ ആഗ്രഹമുള്ളൂ.
