എം.ടി. വാസുദേവൻ നായർ / Photos: Punaloor Rajan

കാച്ചിയ എണ്ണയുടെ, ഉള്ളിച്ചോറിന്റെ മണങ്ങൾ രോഗകാലത്ത് സുഹൃത്ത് അനുഭവിച്ചത് എം.ടി. സാഹിത്യത്തിലായിരുന്നു

കോവിഡ് പോസിറ്റീവായ നാളുകളിൽ ഫോണിൽ സംസാരിച്ച ഒരു സുഹൃത്ത് മണങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതു തിരിച്ചു പിടിക്കാൻ എം.ടിയുടെ ഗന്ധബിംബങ്ങളിലൂടെ അലഞ്ഞതിനെക്കുറിച്ചും പറഞ്ഞത് ഇപ്പോൾ ഒരു പ്രധാന വായനാസൂചനയായി മാറിയിരിക്കുന്നു. എം.ടി. സാഹിത്യത്തിന്റെ ഇനിയുള്ള ജീവിതത്തിൽ നിർണ്ണായകമായേക്കാം ഇക്കാര്യം. നവതിയിലെത്തിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ തീർത്ത ഗന്ധബിംബങ്ങളിലൂടെ…

ചിരി. പിന്നെ നിശ്ശബ്ദത. ഒരാൾ എന്തോ പിറുപിറുത്തു. പടരുന്ന ചില പിറുപിറുപ്പുകൾ. അവയ്ക്കു വിവർത്തനമില്ല (എം.ടിയുടെ യാത്രകൾ, പേജ് 190). എം.ടിയുടെ സാഹിത്യ ലോകത്തിലേക്കുള്ള താക്കോൽ വാചകമാണിത്. പിറുപിറുപ്പിന് വിവർത്തനം അസാധ്യം, പക്ഷെ ‘ഒറിജിനൽ സാധ്യം' എന്നാണ് ആ വാചകത്തിന്റെ ഒരർഥം. എം.ടിയുടെ യാത്രാവിവരണ ലേഖനത്തിലാണ്, അതായത് അദ്ദേഹത്തിന്റെ നോൺ ഫിക്ഷൻ രചനയിലാണ് ഈ വാചകമുള്ളത്.

അദ്ദേഹത്തിന്റെ ഫിക്ഷൻ ലോകത്തെക്കുറിച്ച് പലമാതിരി എഴുതിയവരാരും ഈ വാചകം ശ്രദ്ധിക്കുകയോ അതിലൂടെ എം.ടി സാഹിത്യത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. അതിനാൽ പിറുപിറുപ്പ് എന്ന മനുഷ്യ സ്വഭാവം എങ്ങനെ വാക്കും ഭാഷയും സാഹിത്യവുമായി വളർന്നുവെന്ന് വേണ്ടവിധം മനസ്സിലാക്കാൻ നമുക്ക് കഴിയാതെയും പോയി. ആവർത്തിച്ചുള്ള പിറുപിറുക്കലുകളിൽ നിന്നാണ് കടുത്ത വിശ്വാസങ്ങൾ ബലപ്പെടുന്നതെന്ന് തെറാപ്പിസ്റ്റും പ്രചോദക എഴുത്തുകാരിയുമായ ഷാനൺ എൽ. ആൽഡർ പറയുന്നു. അതിനാലാണ് ഭാഷ രൂപപ്പെടും മുൻപ് മനുഷ്യർക്കിടയിൽ പ്രവർത്തിക്കാനാരംഭിച്ച ദീർഘനിശ്വാസം, പിറുപിറുപ്പ് എന്നിവ ഇന്നും മനുഷ്യർക്കിടയിൽ ഒരു സ്വഭാവമായി നില നിൽക്കുന്നതെന്നും ആൽഡർ പറയുന്നുണ്ട്. അക്ഷരങ്ങൾ മാത്രമല്ല, ചിഹ്നങ്ങൾ കൂടി ചേർന്നതാണ് ഭാഷ (കുത്തും കോമയും അർധ വിരാമങ്ങളും ആശ്ചര്യചിഹ്നങ്ങളും ലയിച്ച) എന്ന പോലെ മനുഷ്യവികാരങ്ങളുടെ ശക്തമായ പ്രാതിനിധ്യം പിറുപിറുക്കലിനുണ്ട്.

എം.ടി തന്റെ യാത്രാവിവരണത്തിൽ പറഞ്ഞിട്ടുള്ളത്, പിറുപിറുപ്പുകൾക്ക് വിവർത്തനമില്ല എന്നാണ്. പരിഭാഷയുടെ കേന്ദ്ര പ്രശ്നത്തിലേക്കും ആ പ്രസ്താവന നമ്മെ നയിക്കുന്നുണ്ട്. വിവർത്തന അസാധ്യതയിൽ പെട്ട ഒരു പ്രതിഭാസം പിറുപിറുപ്പാണെന്ന് എം.ടി പറയുന്നു. എന്നാൽ ഇതേ കാര്യം ‘ഒറിജിനൽ' എഴുത്തിൽ സാധ്യമാണോ? ആണ് എന്ന ഉത്തരം എം.ടി സാഹിത്യത്തിൽ എമ്പാടുമായി കാണാം. പിറുപിറുക്കലുകൾ പൊട്ടിക്കരച്ചിലുകളായും പ്രതിഷേധങ്ങളായും ജീവിത മുദ്രാവാക്യങ്ങളായും രൂപപ്പെടുന്നു. എം.ടി ഈ സങ്കൽപ്പത്തെ മഞ്ഞിന്റെ തുടക്കത്തിൽ ഇങ്ങിനെ അവതരിപ്പിക്കുന്നു: എണ്ണമറ്റ നേർത്ത ശബ്ദങ്ങൾ കൂടിക്കലർന്നു താളമുണ്ടാവുമ്പോഴാണ് നിശ്ശബ്ദത തോന്നുന്നത്. ശബ്ദമില്ലാത്ത ഒരവസ്ഥ ഇല്ലെന്ന് അവളോർത്തു.

മൊഴിക്കും ഭാഷക്കും മുമ്പ് ആശയ വിനിമയത്തിന്റെ ഭാഗമായി മനുഷ്യർ കൊണ്ടു നടന്ന, ഇന്നും കൂടെയുള്ള വിനിമയ പ്രതലത്തെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ മലയാളി എഴുത്തുകാരൻ എം.ടി ആയിരിക്കും

ശബ്ദമില്ലാത്ത ഈ അവസ്ഥയെ വാക്കുകളിലേക്ക് പകരുകയും അതിന്റെ പ്രാതിനിധ്യത്തെ അടയാളപ്പെടുത്തുകയുമാണ് എം.ടി ചെയ്യുന്നത്. ഇരുട്ടിന്റെ ആത്മാവിലെ മനോനിലെ തെറ്റിയ വേലായുധന്റെ പിറുപിറുക്കലുകളും ചങ്ങലയുടെ ശബ്ദവും ഒരേ പോലെ എന്താണ് സംസാരിക്കുന്നതെന്ന് ആ കഥയിലുണ്ട്. മൊഴിക്കും ഭാഷക്കും മുമ്പ് ആശയ വിനിമയത്തിന്റെ ഭാഗമായി മനുഷ്യർ കൊണ്ടു നടന്ന, ഇന്നും കൂടെയുള്ള വിനിമയ പ്രതലത്തെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ മലയാളി എഴുത്തുകാരൻ എം.ടി ആയിരിക്കും. ഈ ഒരു ആശയ പശ്ചാത്തലത്തിൽ നിന്ന് എം.ടി സാഹിത്യത്തെ സമീപിക്കുമ്പോൾ ഇക്കാര്യം കൂടുതൽ കൂടുതലായി തെളിഞ്ഞു കിട്ടും. മനുഷ്യ വികാരങ്ങളുടെ പൊട്ടിത്തെറിക്കലുകൾ, വികാരോർജ്ജ ഗോപുരങ്ങൾ എല്ലാം പൊട്ടിപ്പുറപ്പെടുന്നത് ഈ പറഞ്ഞ മനുഷ്യ സ്വഭാവത്തിൽ നിന്നാണ്. ശൂന്യാകാശത്തേക്ക് ഒരു പേടകം പുറപ്പെടുന്ന ലോഞ്ചിങ്ങ് പാഡിന് സമാനമായ ഒരു മനുഷ്യ/ഭാഷാ അനുഭവം.

എം.ടി സാഹിത്യത്തിലെ ശബ്ദപഥമാണ് സവിശേഷമായി പഠിക്കേണ്ടത് എന്നു തോന്നിയിട്ടുണ്ട്. ഇവിടെ പറഞ്ഞ കാര്യത്തിന്റെ മാനിഫെസ്റ്റേഷൻ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുക അപ്പോഴായിരിക്കും. ഭാഷക്ക് മുൻപേയുള്ള വിനിമയ രീതിയിൽ നിന്നാരംഭിച്ച് ഭാഷയുടെ ഇതേവരേയുള്ള എല്ലാ പടവുകളേയും ഒരു സിംഫണിയിലെന്ന പോലെ എം.ടി അവതരിപ്പിക്കുന്നു.

എം.ടി. വാസുദേവൻ നായർ
എം.ടി. വാസുദേവൻ നായർ

രണ്ടാമൂഴത്തിലും ഇതു തന്നെ നാം അനുഭവിക്കുന്നു. ഭീമന്റെ ശബ്ദം പുറത്തേക്ക് വേണ്ടവിധം കേൾക്കാൻ കഴിയാത്ത നിരവധി മുഹൂർത്തങ്ങളെ ഒലിപ്പെരുക്കിയിലെന്ന പോലെ നാം കേൾക്കുന്നത്, അത് ‘ഒറിജിനൽ' ആയി ‘വിവർത്തനം' ചെയ്യപ്പെട്ട പിറുപിറുക്കലുകൾ ആയതിനാൽ തന്നെ. (അതിനെക്കുറിച്ച് എം.ടി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: രണ്ടാമൂഴത്തിലൊക്കെ അങ്ങനെയാണ്. ചില സന്ദർഭങ്ങളിലെത്തുമ്പോൾ നമ്മളെ അതു പിടിച്ചു വലിക്കും. അപ്പോൾ അവിടെ കുറച്ചു കൂടി ചെയ്യേണ്ടതുണ്ട് എന്നു തോന്നും. അത് കലയുടെ ഭാഗമാണ്. നമ്മൾ എഴുതി വരുമ്പോൾ എന്തിനാ അവിടെ കൂടുതൽ വാക്കുകൾ എന്നു തോന്നിപ്പോകും. ചിലപ്പോൾ ഒരു നോട്ടം? ഒരു നോട്ടം. അതു മതി- എം.ടി/ അശ്വതി- മനസ്സിൽ ഗ്രാമത്തെക്കുറിച്ചുള്ള നോവൽ).

ബാലു ഷെർലക്ക് എന്ന പൂച്ചയോട് സംസാരിക്കുന്നു. അയാൾ പുതിയൊരു പേച്ചിന് ശ്രമിക്കുകയാണ്. അതിനുള്ള കാരണവും ന്യായവും യുക്തിയും തനിക്ക് തന്റെ തന്നെ ശബ്ദം കേൾക്കണമെന്നുള്ളതാണ്.

മൊഴിയുടെ നോട്ടമാണ് പിറുപിറുക്കലുകൾ.
അത് വ്യക്തമായി ഉച്ചരിക്കപ്പെടുന്നതല്ല. പക്ഷെ അതിൽ എല്ലാ മനുഷ്യ വികാരങ്ങളും തീവ്രമായി തന്നെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.ഷെർലക്ക് എന്ന കഥയിൽ ഇങ്ങിനെയൊരു വാചകമുണ്ട്: പൂച്ച പരിഹാസത്തിലൊന്നു നോക്കി മുരണ്ടു: ആ മുരളൽ പൂച്ചയുടേതു മാത്രമല്ല, കഥയിലെ ബാലുവിന്റേതു കൂടിയാണ്. ബാലു ഒരിക്കൽ ഇങ്ങിനെ പറയുന്നു: ഇടയ്ക്ക് എന്റെ ശബ്ദം ഒന്നു കേൾക്കണമല്ലോ; ചേച്ചി ജോലിക്കു പോയാൽ ഒറ്റക്കാവുമ്പോൾ ബാലു ഷെർലക്ക് എന്ന പൂച്ചയോട് സംസാരിക്കുന്നു. അയാൾ പുതിയൊരു പേച്ചിന് ശ്രമിക്കുകയാണ്. അതിനുള്ള കാരണവും ന്യായവും യുക്തിയും തനിക്ക് തന്റെ തന്നെ ശബ്ദം കേൾക്കണമെന്നുള്ളതാണ്.

തുടക്കത്തിൽ പറഞ്ഞ പ്രതിഭാസത്തിന്റെ മറ്റൊരു രീതിയിലുള്ള പ്രതിനിധാനമാണിത്. കാഴ്ച കാണുക എന്നതല്ല ശബ്ദം കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുക എന്ന ശ്രമം, പിറുപിറുക്കലുകളെ ജീവിത മുദ്രാവാക്യങ്ങളായി രൂപപ്പെടുത്തുക എന്ന ആഖ്യാന തന്ത്രമല്ലാതെ മറ്റൊന്നുമല്ല ഇത്. മനുഷ്യരാശിയിൽ ആദ്യ വാക്ക് ഉണ്ടായതെപ്പോൾ എന്ന് ഈ മനുഷ്യ സ്വഭാവത്തിലൂടെ കടന്നു പോകുമ്പോൾ വീണ്ടും വീണ്ടും നാം അന്വേഷിക്കുന്നു. കേരളം വിട്ടുള്ള ദേശങ്ങളിൽ കഥ നടക്കുമ്പോൾ (ഷെർലക്കിലടക്കം) ഈ വികാരം കൂടുതൽ രൂക്ഷമാകുന്നുണ്ട്.

നിന്റെ ഓർമ്മക്ക്, അതിന്റെ രണ്ടാം ഭാഗമായ കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ് എന്നീ കഥകൾ നോക്കുക. ഈ ആഖ്യാനങ്ങളുടെ കേന്ദ്രം സിലോണാണ്. (ശ്രീലങ്ക). മലയാളിയുടെ ശ്രീലങ്കയുമായുള്ള തൊഴിൽ പ്രവാസ ബന്ധത്തെ നമ്മുടെ സാഹിത്യത്തിൽ ഏറ്റവും മൂർത്തമായി പ്രതിനിധീകരിച്ച കഥകളാണിവ. നിന്റെ ഓർമ്മക്ക് എന്ന കഥയിൽ നാം ഈ വരികൾ വായിക്കുന്നു: ഞാൻ പ്രതീക്ഷിച്ചതു പോലെ വീട്ടിനകത്തെ അന്തരീക്ഷം സുഖകരമാവുന്നില്ല. കുശുകുശുപ്പുകൾ അവിടവിടെ പൊങ്ങുന്നു...അമ്മയെ കേൾപ്പിക്കരുതെന്ന് അവർക്കെല്ലാമുണ്ട്. കുഴപ്പം മുഴുവൻ ഞാൻ മനസ്സിലാക്കിയിടത്തോളം ആ പെൺകുട്ടിയെക്കൊണ്ടാണ്:
മറ്റൊരു വാചകം ഇങ്ങനെ: കാര്യം ഏറെക്കുറെ എനിക്ക് മനസ്സിലായി. വീടിനകത്തെ പിറുപിറുപ്പുകളിലെല്ലാം അടങ്ങുന്ന വിഷയം ഒന്നാണ്. ലീല അച്ഛന്റെ മകളാണ്!

യുവാൽ നോവാ ഹരാരി ‘കൾച്ചർ ഓഫ് വിസ്​പർ' എന്ന സങ്കൽപ്പം ഈയടുത്ത് അവതരിപ്പിച്ചത്, എം.ടി. കഥകൾ പതിറ്റാണ്ടുകൾക്കു മുമ്പെ സർഗസാഹിത്യത്തിൽ എങ്ങനെ അവതരിപ്പിച്ചു എന്നോർക്കുന്നത് പുതിയ ഉൾവെളിച്ചങ്ങൾ കൂടി നൽകുന്നു.

ഇവിടെ പിറുപിറുപ്പ് എന്ന മനുഷ്യ സ്വഭാവം അതിശക്തമായ കഥാപാത്രമായിത്തന്നെ മാറുന്നതായി കാണാം. ഈ കഥ സിലോണിൽ ജോലി ചെയ്യുന്ന ഒരാൾ അവധിക്ക് ലീല എന്ന പെൺകുട്ടിയുമായി നാട്ടിലെത്തുന്നതിനെക്കുറിച്ചാണ്. ആ കുട്ടി തന്റെ സുഹൃത്തിന്റെ മകളാണെന്നും യുദ്ധവേളയിലെ ബോംബിംഗിൽ കുട്ടിയുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടുവെന്നും അതിനാൽ സംരക്ഷണം നൽകാൻ കൊണ്ടു വന്നതാണെന്നും ശ്രീലങ്കൻ പ്രവാസി വാദിക്കുന്നു. എന്നാൽ അയാളുടെ വീട്ടിൽ ഭാര്യയും മറ്റുള്ളവരും ഇത് വിശ്വസിക്കുന്നില്ല. ആ വീട്ടിൽ ഒരു "വിസ്​പർ കാമ്പയിൻ' ആരംഭിക്കുന്നു. ഒടുവിലത് വൻ പൊട്ടിത്തെറിയാകുന്നു. അയാൾക്ക് ആ പെൺകുട്ടിയുമായി സിലോണിലേക്ക് തന്നെ മടങ്ങേണ്ടിയും വരുന്നു.

കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പിൽ നാം വായിക്കുന്നു: കൂട്ടുചേരാൻ പറ്റാത്ത രോഗാവസ്ഥകളെപ്പറ്റി പറഞ്ഞ് ഒഴിഞ്ഞുമാറി. പുറത്ത് ഇരുട്ടായിരുന്നു.നിന്റെ ഓർമ്മക്ക് എന്ന കഥയുടെ തുടർച്ചയിൽ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞ് ഒഴിഞ്ഞുമാറി പുറത്തെ ഇരുട്ടുമായി കൂട്ടുകൂടാൻ ശ്രമിക്കുന്ന നായകനെ കാണാം. അയാൾ പഴയ വിസ്​പർ കാമ്പയിനെക്കുറിച്ചാണ് ശ്രീലങ്കയിലേക്കുള്ള യാത്രയിൽ ഓർത്തുകൊണ്ടിരുന്നത്. ലീലയെ കണ്ടെത്താനുള്ള ശ്രമവും അയാൾ നടത്തുന്നുണ്ട്. എന്നാൽ ലീലയിലെ അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലം കഡുഗണ്ണാവയായിരിക്കില്ല മറ്റേതെങ്കിലും സ്ഥലമായിരിക്കാം എന്ന തോന്നലുമായി മടങ്ങുന്ന പത്രപ്രവർത്തകനായ നായകനിലാണ് കഥ അവസാനിക്കുന്നത്.

മനുഷ്യരാശിയുടെ സ്വഭാവ പഠനത്തിൽ യുവാൽ നോവാ ഹരാരി ‘കൾച്ചർ ഓഫ് വിസ്​പർ' (അടക്കം പറച്ചിൽ എന്ന അർഥത്തിൽ) എന്ന സങ്കൽപ്പം ഈയടുത്ത് അവതരിപ്പിച്ചത്, എം.ടി. കഥകൾ പതിറ്റാണ്ടുകൾക്കു മുമ്പെ സർഗസാഹിത്യത്തിൽ എങ്ങനെ അവതരിപ്പിച്ചു എന്നോർക്കുന്നത് പുതിയ ചില ഉൾവെളിച്ചങ്ങൾ കൂടി നൽകുന്നു. പല കാലങ്ങളിൽ (ഇന്നും) കേരളത്തിലെ കുടുംബ ഘടനയിൽ ഇപ്പറഞ്ഞ മനുഷ്യ സ്വഭാവം എങ്ങനെയെല്ലാം പ്രതിഫലിച്ചുവെന്നതിന്റെ ആർക്കൈവ് കൂടിയാണ് എം.ടി സാഹിത്യം. എന്നാൽ കേരളത്തിലെ എല്ലാ തരത്തിലും വിഭാഗങ്ങളിലും പെട്ട കുടുംബങ്ങളെ എം.ടിയുടെ സാഹിത്യ ലോകത്ത് കാണാനാവില്ല. ആ ഒഴിവാക്കലുകൾ പുതിയ അറിവുകളുടെ സഹായത്തോടെ ഓഡിറ്റ് ചെയ്യപ്പെട്ടേക്കാം.അപ്പോഴും ഇവിടെ പറഞ്ഞ മനുഷ്യപ്രകൃതി/സ്വഭാവം സാഹിത്യ/സംസ്‌ക്കാര പഠന സൂചനയായി നില നിൽക്കുക തന്നെ ചെയ്യുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അതോടൊപ്പം പിറുപിറുക്കുന്ന ഈ കഥാപാത്രങ്ങൾ, ഒറ്റപ്പെട്ടു പോയവർ രൂപപ്പെടുന്ന കാലം ഇന്ത്യൻ ദേശീയ സമരത്തിന്റെ തീക്ഷ്ണമായ കാലം കഴിഞ്ഞ് തൊട്ടുള്ള ദശകങ്ങളിലായിരുന്നു എന്ന കാര്യവും ഓർക്കാവുന്നതാണ്. ആ കാലത്ത് മുദ്രാവാക്യങ്ങളും സംഘടനാ പ്രവർത്തനങ്ങളും കൂട്ടം കൂടലുകളും സാധ്യമാകാതിരുന്ന ഒരു കൂട്ടം മനുഷ്യരാണ്, അവരുടെ ഒറ്റയാൾ ജീവിത സമരങ്ങളാണ് എം.ടി പ്രധാനമായും ചിത്രീകരിച്ചതെന്ന് കവി കെ.ജി.എസ് നിരീക്ഷിച്ചിട്ടുണ്ട്. (‘സഹയാത്രികൻ പറയുന്നതു പോലുള്ള കഥകൾ'/ എം.ടി. അനുഭവങ്ങളുടെ പുസ്​തകം/ പേജ് 28).

രണ്ട്​: പൊളിക്കേണ്ട എടുപ്പുകൾ

എം.ടിയുടെ വീടിനെക്കുറിച്ചുള്ള സങ്കൽപ്പം അദ്ദേഹം നിത്യചൈതന്യയതിയെ ഉദ്ധരിച്ച്​ ഇങ്ങനെ പറയുന്നു: വീട് കുറച്ചു മനുഷ്യജീവികളുടെ ഒരു പാർപ്പിടം മാത്രമല്ല, ഒരു ചിന്താരീതിയാണ്, ഒരു തത്വശാസ്ത്രമാണ്, ഒരു ദർശനമാണ് (ജീവിതത്തിലേക്കുള്ള ജാലകം/കിളിവാതിലിലൂടെ/ പേജ് 100). എം.ടി സാഹിത്യത്തെക്കുറിച്ചുള്ള ഒരു പ്രധാന നിരീക്ഷണം കൂടി ഇതോടുചേർത്ത് വായിക്കേണ്ടതാണ്. ഇന്ദുലേഖയിൽ നിന്ന്​ നാലുകെട്ടിൽ എത്തുമ്പോൾ മലയാളിയുടെ കുടുംബത്തെപ്പറ്റിയും തറവാടിനെപ്പറ്റിയും ഒരു പാടു സങ്കൽപ്പങ്ങൾ തകിടം മറിയുന്നതായി നമുക്ക് കാണാം. (ഡോ. വി.സി.ഹാരിസ്/ലിറ്റററി സെൻസിബിലിറ്റിയുടെ ബാരോമീറ്റർ/ എം.ടി. അനുഭവങ്ങളുടെ പുസ്തകം / പേജ് 52). എം.ടി സാഹിത്യത്തെക്കുറിച്ചുള്ള പ്രധാന നിരീക്ഷണമാണ് ഹാരിസിന്റേത്. കേരളത്തിലെ കുടുംബങ്ങളും തറവാടുകളും എങ്ങനെയെല്ലാം മാറി മറിഞ്ഞു? നാലുകെട്ടുകൾ എന്തുകൊണ്ട്​ പൊളിച്ചു മാറ്റപ്പെട്ടു? പിന്നീട് വന്ന വീടുകളിലെ മനുഷ്യർ എങ്ങിനെ ജീവിച്ചു? ഈ ചോദ്യങ്ങളിലേക്ക് നമ്മെ നയിക്കാൻ പ്രാപ്തമാണ് ഹാരിസിന്റെ നിരീക്ഷണം.

ഡോ. വി.സി. ഹാരിസ്
ഡോ. വി.സി. ഹാരിസ്

അദ്ദേഹം ആ ലേഖനത്തിൽ ഇങ്ങനെയും പറയുന്നു: നാലുകെട്ട് ചരിത്രത്തെ കുറിക്കുന്ന നോവലാണ്. അതുകൊണ്ടു തന്നെ അറുപതുകളിൽ ഒരു പ്രത്യേക രീതിയിൽ ആരംഭിച്ച നമ്മുടെ സാഹിത്യ സംവേദനക്ഷമതയിൽ ഉണ്ടായിട്ടുള്ള മാറ്റത്തെ കുറിക്കാനും ഈ നോവൽ ഉപകാരപ്രദമാണ്. ഒരു ദേശത്തിന്റേയും ഒരു സമൂഹത്തിന്റേയും ചരിത്രം വളരെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ രേഖപ്പെടുത്തുകയാണ് എം.ടി ചെയ്യുന്നത്: എം.ടി സാഹിത്യത്തിൽ സൃഷ്ടിച്ച വീടുകൾ/പാർപ്പുകൾ എന്ന സങ്കൽപ്പത്തെ കൂടുതൽ തെളിമയോടെ സമീപിക്കാൻ ഹാരിസ് നമ്മെ സഹായിക്കുന്നു. നാലുകെട്ട് പൊളിച്ചുനീക്കണമെങ്കിൽ അങ്ങനെ തന്നെ ചെയ്യണമെന്ന സമീപനമാണ് ഈ നോവലിലുളളത്. അതിലേക്ക് അപ്പുണ്ണിയെ നയിക്കുന്ന ഘടകങ്ങളിൽ പ്രധാനം അയാളിൽ തന്നെ എത്രയോ കാലങ്ങളായി കെട്ടിക്കിടന്ന, അയാൾക്ക് വ്യക്തമായി ഉച്ചരിക്കാൻ കഴിയാതെ പോയ അടക്കം പറച്ചിലുകളാണ്. അതിന്റെ അനിവാര്യമായ പൊട്ടിത്തെറിയിൽ അയാൾ ഇങ്ങനെ പറയുന്നു: വളരും. വളർന്നു വലിയൊരാളാകും. കൈകൾക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരേയും ഭയപ്പെടേണ്ടതില്ല. തല ഉയർത്തിപ്പിടിച്ചു നിൽക്കാം. ആരെടാ എന്നു ചോദിച്ചാൽ പരുങ്ങാതെ ഉറച്ച സ്വരത്തിൽ പറയാം. ഞാനാണ്, കോന്തുണ്ണി നായരുടെ മകൻ അപ്പുണ്ണി.

വീടുകൾ എം.ടി സാഹിത്യത്തിൽ മനുഷ്യനേയും പ്രകൃതിയേയും പോലെ മുഖ്യ കഥാപാത്രം തന്നെയാണ്. പന്ത്രണ്ട് വർഷം ഉറങ്ങിയ പൂക്കൾ എന്ന കഥയിൽ വാടക വീടും അതിൽ നിന്നുള്ള താൽക്കാലിക വിടുതിയും ചിത്രീകരിക്കുന്നു. ആ കഥയിൽ എം.ടി എഴുതുന്നു: ഒരു കഥ കേൾക്കൂ. മുമ്പ് ഏതോ ഒരു നഗരത്തിന്റെ അതിർത്തിയിലെ വാടക മുറിയിൽ ഒരു മനുഷ്യൻ പാർത്തിരുന്നു. മീനച്ചൂടിൽ നടന്നു മനസ്സു മടുത്ത് അയാൾ ഈ മുറിയുടെ താക്കോൽ വാങ്ങിയതാണ്. മഴക്കുവേണ്ടി അയാൾ കാത്തിരുന്നു. പുതുമഴയുടെ ഗന്ധം വന്നപ്പോൾ ജാലകങ്ങളും വാതിലും തുറന്നിട്ട് ഇറ വെള്ളത്തിലയാൾ പുളച്ചു നടന്നു. പിന്നീട് ഓരോ പ്രഭാതത്തിലും മഴ പെയ്യുന്നത് നോക്കി കിടന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ അസ്വസ്ഥനായി. ആ രാത്രി മഴക്കാലം അവസാനിക്കുമെന്നും പുലരുന്നത് മുകളിൽ തെളിഞ്ഞ മാനവും താഴെ മേച്ചിൽ പറമ്പിൽ നനുത്ത ഇളവെയിലും കണ്ടു കൊണ്ടായിരിക്കുമെന്നും കരുതി അയാൾ ഓരോ ദിവസവും ഉറങ്ങി'.
ഈ കഥയിലെ കഥാപാത്രത്തിന്റെ പാർപ്പ് നാലുകെട്ടിലെ അപ്പുണ്ണിയുടേത് പോലെയല്ല. തീർത്തും വിഭിന്നമാണ്. മുറി, താക്കോൽ, അടക്കൽ, തുറക്കൽ തുടങ്ങിയ കാര്യങ്ങൾ ഈ കഥയിലും കടന്നു വരുന്നു.

അപ്പുണ്ണി പൊളിക്കാൻ ആഗ്രഹിക്കുന്നത് പഴയ എടുപ്പിനേയല്ല, ആ എടുപ്പിലൂടെ സാധ്യമാക്കിയ ചിന്താരീതിയെയാണ്. അനിവാര്യമായ, ഒഴിച്ചുകൂടാൻ പറ്റാത്ത മാറ്റങ്ങൾക്കൊപ്പമുള്ള പൊളിച്ചു പണിയലുകളെയാണ് എം.ടി സാഹിത്യം മുന്നോട്ടു വെക്കുന്നത്.

‘നാമാദ്യം നമ്മുടെ പാർപ്പുകൾക്ക് രൂപം നൽകുന്നു, പിന്നീട് ആ പാർപ്പ് നമ്മെ രൂപപ്പെടുത്തുന്നു’ എന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പ്രസ്താവനയെ സാധൂകരിക്കുന്നതാണ് എം.ടി സാഹിത്യത്തിലെ വീടുകൾ. വീടുകളും എടുപ്പുകളും നില നിർത്തണോ കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് പൊളിക്കണോ എന്ന ചോദ്യത്തോട് എം.ടി തന്റെ ഒരു സാഹിത്യ നിരീക്ഷണ ലേഖനത്തിൽ എഴുതി: ജീർണ്ണിച്ച ആ സൗധം എന്തു കൊണ്ട് ലെസ്സർ വിട്ടുപോകുന്നില്ല? പഴയ സൗധം ആധുനിക യാന്ത്രിക യുഗത്തിന്റെ പ്രലോഭനങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ശിൽപ്പം തന്നെയാണ്. മുതലാളിയുടെ വ്യാപാര സൗധത്തിനു വേണ്ടി ബുൾഡോസറുകൾ നിരപ്പാക്കുന്നത് ചെറുത്തു നിൽക്കുകയാണ് ലെസ്സർ. ഇത് നമുക്കെല്ലാവർക്കും വേണ്ടിയാണ്. (ബർണാഡ് മാലെമൂഡിന്റെ കുടികിടപ്പുകാർ എന്ന നോവലിനെക്കുറിച്ച് ‘കുടികിടപ്പുകാർ' എന്ന ലേഖനത്തിൽ/ കിളിവാതിലിലൂടെ/ പേജ് 218).

എടുപ്പുകളും വീടുകളും സൗധങ്ങളും നിലനിർത്തണോ പൊളിക്കണോ എന്ന ചോദ്യത്തെ എം.ടി എങ്ങിനെയെല്ലാം അഭിമുഖീകരിച്ചു എന്നതിനുള്ള ഉത്തരങ്ങളിലൊന്നാണ് ഈ പരമാർശം.

ഇവിടെ പഴയ കെട്ടിടം പൊളിക്കുന്നതിനെ പ്രതിരോധിക്കുന്ന ലെസ്സർ എന്ന കഥാപാത്രത്തെ അദ്ദേഹം ഉയർത്തിക്കാട്ടുന്നു. അപ്പുണ്ണി പൊളിക്കാൻ ആഗ്രഹിക്കുന്നത് പഴയ എടുപ്പിനേയല്ല, ആ എടുപ്പിലൂടെ സാധ്യമാക്കിയ ചിന്താരീതിയെയാണ്. അനിവാര്യമായ, ഒഴിച്ചുകൂടാൻ പറ്റാത്ത മാറ്റങ്ങൾക്കൊപ്പമുള്ള പൊളിച്ചു പണിയലുകളെയാണ് എം.ടി സാഹിത്യം മുന്നോട്ടു വെക്കുന്നത്. അതേസമയം ഒരു തരത്തിലും അംഗീകരിക്കാനാകാത്ത പ്രകൃതിയെ നശിപ്പിക്കുന്നതു പോലുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ എഴുത്ത് രൂക്ഷ സമീപനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു. പുഴകളുടെ മരണത്തെക്കുറിച്ച് എം.ടി എഴുതി: പുഴകളൊക്കെ നശിച്ചുകൊണ്ടിരിക്കുകയാണ്. പല പുഴകളുടേയും അവസ്ഥ ഇതാണ്. ഇവിടെ മാത്രമല്ല, പലയിടത്തും ഇതു സംഭവിച്ചിട്ടുണ്ട്. ഞങ്ങളൊക്കെ കുട്ടിക്കാലത്ത് ഭൂമിശാസ്ത്രം പഠിക്കുമ്പോൾ തമിഴ്നാട്ടിലെ പെണ്ണാർ, പാലാർ, കാവേരി എന്നിങ്ങനെയുള്ള പുഴകളെക്കുറിച്ച് പഠിച്ചിരുന്നു. മുതിർന്ന് കഴിഞ്ഞ് ആ വഴിക്കൊക്കെ പോയപ്പോൾ പണ്ട് കേട്ടിട്ടുള്ള പുഴകളുടെ പേരുകൾ ബോർഡുകളിൽ എഴുതിവെച്ചിട്ടുണ്ട്. പക്ഷെ പുഴകൾ കാണുന്നില്ല. വരണ്ടു കിടക്കുകയാണ്. കഴുതകൾ മേയുന്ന കാഴ്ചയാണ് കണ്ടത്. അതുകണ്ടപ്പോൾ അൽഭുതം തോന്നി (എന്റെ പുഴ / ജീവന രേഖ- ചന്ദ്രഗിരിപ്പുഴയുടെ ചരിത്ര വർത്തമാനങ്ങൾ/ പേജ് 203). കുടുംബ ഘടനകൾ മാറുമ്പോൾ രൂപം മാറുന്ന വീടുകൾ ഒരു യാഥാർഥ്യമാണ്. എന്നാൽ ഏതു തരം കുടുംബ ഘടനയിലും മനുഷ്യനാവശ്യമായ പുഴ (പ്രകൃതി) സംരക്ഷിക്കപ്പെടേണ്ടതുമാണ്. ഈ സമീപനം എം.ടി സാഹിത്യത്തിന്റെ മൂലക്കല്ലാണ്.

മലയാളത്തിലെ എല്ലാ സിനിമകളും കുടുംബ കഥകളാണ്. കുടുംബമില്ലാതെ ഒരു സിനിമയെക്കുറിച്ച് നമുക്കോർക്കാൻ കഴിയില്ല. ഈ കുടുംബ കഥകളെല്ലാം പിറന്നത് വീടുകൾക്ക് പുറത്തുള്ള ലോഡ്​ജ്​ /ഹോട്ടൽ മുറികളിലായിരുന്നു എന്ന് തന്നെ സാമാന്യേന പറയാം.

മൂന്ന്​: വാസസ്​ഥലങ്ങൾ ആഖ്യാനദേശങ്ങൾ

വീടുകൾക്കൊപ്പം ഹോട്ടൽ മുറികളും എം.ടി സാഹിത്യത്തിൽ ആഖ്യാനം നടക്കുന്ന ഒരു ദേശമോ ഭൂമികയോ ആണ്. പല കഥകളിലും ഹോട്ടൽ മുറികൾ കടന്നു വരുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഒരു നോൺ ഫിക്ഷൻ കൃതിയിലെ പ്രധാന ആഖ്യാനങ്ങൾ നടക്കുന്നത് ഹോട്ടലുകളെ ചുറ്റിപ്പറ്റിയാണ്. തന്റെ സിനിമാ ഓർമകൾ പകർത്തിയ ചിത്രത്തെരുവുകൾ എന്ന കൃതിയിൽ. നേരത്തെ വീടുകൾ കഥാപാത്രമായതിനെക്കുറിച്ച് പറഞ്ഞതു പോലെ ഈ കൃതിയിൽ മനുഷ്യർക്കൊപ്പം ഹോട്ടലുകൾ പ്രധാന കഥാപാത്രമായി മാറുന്നു. ആ ഓർമകളിലെ ഒരു ദേശം മദിരാശിയും കോടമ്പാക്കമാണ്. ചിത്രത്തെരുവുകൾ മദിരാശിത്തെരുവുകൾ തന്നെ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി കണ്ട സിനിമ മുതൽ പിൽക്കാലത്ത് സിനിമാ പ്രവർത്തകനായി പ്രവർത്തിച്ചതിന്റേയും ഓർമ്മകളാണ് 190 താളുകളിൽ നാം വായിക്കുന്നത്.

മദ്രാസിൽ ഉദയാലോഡ്​ജിലെ മുറിയിൽ ആദ്യ തിരക്കഥ എഴുതാൻ ഇരുന്ന ദിവസങ്ങൾ എം.ടി ഇവിടെ ഓർക്കുന്നു. സിനിമക്കുള്ള തിരിക്കഥ എഴുതാനുള്ള ഇടം ലോഡ്ജ് മുറികളാണ്. മലയാളത്തിലെ എല്ലാ സിനിമകളും കുടുംബ കഥകളാണ്. കുടുംബമില്ലാതെ ഒരു സിനിമയെക്കുറിച്ച് നമുക്കോർക്കാൻ കഴിയില്ല. ഈ കുടുംബ കഥകളെല്ലാം പിറന്നത് വീടുകൾക്ക് പുറത്തുള്ള ലോഡ്​ജ്​ /ഹോട്ടൽ മുറികളിലായിരുന്നു എന്ന് തന്നെ സാമാന്യേന പറയാം. അക്കാലത്തെ നമ്മുടെ തിരക്കഥാകൃത്തുക്കളെല്ലാം പുരുഷൻമാരായതു കൊണ്ടായിരിക്കുമോ ഇങ്ങിനെ സംഭവിച്ചത്? വെർജീനിയ വുൾഫ് എഴുത്തുകാരിയുടെ മുറി എഴുതിയിട്ട് അപ്പോഴേക്കും ഏതാണ്ട് രണ്ടു ദശകമാകാനായിരുന്നു. ഇന്നതിൽ തീർച്ചയായും മാറ്റമുണ്ട്. സ്ത്രീകൾ തിരക്കഥ എഴുതുന്നത് ഇപ്പോൾ ഒട്ടും അപൂർവ്വമല്ല.

ഈ ലോഡ്​ജ്​ മുറി/ ഹോട്ടൽ ആഖ്യാനത്തിൽ ഏറ്റവും ഞെട്ടിച്ചത് "ടാർപോളിനിൽ പൊതിഞ്ഞ നോട്ടുകെട്ട്' എന്ന ലേഖനമാണ്. എം.ടി തിരക്കഥയെഴുതാനായി ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്നു. അതേ ഹോട്ടലിലേക്ക് രണ്ടു ചെറുപ്പക്കാർ വരുന്നു. അവർ വരുന്നത് കാറിലാണ്.

സമൃദ്ധമായി മുല്ലപ്പൂ ചൂടിയ സ്ത്രീകൾ. മങ്ങിയ വെളിച്ചത്തിൽ അവർ മുറികളിലേക്ക് കയറുന്നതിനിടക്ക് പുറത്തെ ഗാർഡൻ ലൈറ്റിൽ അവരുടെ സിൽക്ക് സാരികൾ തിളങ്ങുന്നതു കാണാം. പിന്നീട് ടാക്സികൾ സി. ബ്ലോക്കിന്റെ പിൻവശത്തെ ഇരുട്ടിലേക്ക് മാറ്റിയിടുന്നു. ​

കാറിന്റെ കാരിയറിൽ എന്തോ ടാർപോളിൻ കൊണ്ട് കെട്ടിമറച്ചുവെച്ചിട്ടുണ്ട്. ചെറുപ്പക്കാരിൽ ഒരാൾ പറഞ്ഞു, ഇൻകം ടാക്സ് റെയ്ഡുണ്ടാകുമെന്ന് പറഞ്ഞതിനെത്തുടർന്ന് പോന്നതാണ്, കാരിയറിൽ കെട്ടിവെച്ചിരിക്കുന്നത് കേഷാണ് (പേജ് 104- എം.ടിയും എൻ.പിയും അറബിപ്പൊന്ന് എഴുതുന്നതിനു മുമ്പായിരുന്നുവോ ഈ സംഭവം?) ഈ പണക്കടത്തിൽ കൂട്ടായിരുന്ന ചെറുപ്പക്കാരൻ പിന്നീടൊരിക്കൽ വണ്ടിക്കൂലിക്ക് കാശില്ലാതെ എം.ടിയെ കോഴിക്കോട് മാതൃഭൂമി ഓഫീസിൽ വന്നു കണ്ടതും അദ്ദേഹം എഴുതുന്നു.
അക്കാലത്തെ ഹോട്ടൽ മുറികളെ, അതിലെ ജീവിതത്തെ ഫിക്ഷനിൽ എന്ന പോലെ എം.ടി ഇങ്ങിനെ ആവിഷ്‌ക്കരിച്ചരിക്കുന്നു: കുറേശ്ശെയായി എഴുതാൻ കഴിയുന്നുണ്ട്. മൂന്നു ദിവസം കഴിഞ്ഞ് ഒരു രാത്രി.പത്തുമണിയായിക്കാണും. ഞാൻ താഴെ മുറ്റത്ത് മരച്ചുവട്ടിൽ നിൽക്കുന്നു. അപ്പോൾ ‘വുഡ്സൈഡിന്റെ' അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. അതു വരെ ഞാനത് ശ്രദ്ധിച്ചിട്ടില്ല. രാത്രിയിലെ പരിചാരകൻമാർ സൂട്ട് റൂമുകളിലേക്ക് പോകുമ്പോൾ ചുമലിലെ ട്രേയിലെ സോഡാക്കുപ്പികൾ ഇളകുന്ന ശബ്ദം. ടാക്സിക്കാറുകൾ പരിശോധനയൊന്നുമില്ലാതെ ഗേറ്റ് കടന്ന് സൂട്ട് റൂമുകളുള്ള ബ്ലോക്കിന്റെ മുൻപിൽ വന്നു നിൽക്കുന്നു. ടാക്സിയിൽ നിന്ന് ഇറങ്ങുന്നവരെ കാണാം. സമൃദ്ധമായി മുല്ലപ്പൂ ചൂടിയ സ്ത്രീകൾ. മങ്ങിയ വെളിച്ചത്തിൽ അവർ മുറികളിലേക്ക് കയറുന്നതിനിടക്ക് പുറത്തെ ഗാർഡൻ ലൈറ്റിൽ അവരുടെ സിൽക്ക് സാരികൾ തിളങ്ങുന്നതു കാണാം. പിന്നീട് ടാക്സികൾ സി. ബ്ലോക്കിന്റെ പിൻവശത്തെ ഇരുട്ടിലേക്ക് മാറ്റിയിടുന്നു. ചിലപ്പോൾ രണ്ടോ മൂന്നോ കാറുകൾ അങ്ങിനെ കാത്തുകിടക്കും. അകമ്പടിക്കാരായി വന്നവരും ടാക്സി ഡ്രൈവർമാരും ചെറിയ സൗഹൃദ സംഘങ്ങളുണ്ടാക്കി സിഗരറ്റ് വലിച്ചിരിക്കുന്നു. ഈ കാറുകൾ എപ്പോഴാണ് മടങ്ങിപ്പോവുന്നത്?

മറ്റെല്ലാ ബ്ലോക്കിലേയും മുറികൾ ഉറങ്ങിയാലും പടിഞ്ഞാറൻ ബ്ലോക്കിലേക്ക് ബെയർമാർ പോകുന്നു. കാക്കിയിട്ട ജോലിക്കാർ കൽപ്പന കാത്ത് പുറത്തു നിൽക്കുന്നു. രാത്രിയിൽ ലഹരി നുരഞ്ഞു പൊന്തുകയും മുല്ലപ്പൂക്കൾ വിടരുകയും സുഗന്ധങ്ങൾ പരക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ ബ്ലോക്ക്. പകലത്തെ ജീവിത പ്രാരാബ്ധങ്ങൾ കഴിഞ്ഞ് നേരത്തെ ഉറങ്ങുന്ന മറ്റു ബ്ലോക്കുകൾ: ആണുങ്ങളുടെ ഹോട്ടൽമുറി ജീവിതത്തെക്കുറിച്ചുള്ള ഇത്തരം എഴുത്തുകൾ മലയാളത്തിൽ കുറവാണ്.

ഹോട്ടൽ മുറികളിലൂടെയുള്ള ഈ യാത്രയെ എം.ടി വിശേഷിപ്പിക്കുന്നത് ‘എഴുത്തു മേശ ഇടാനുള്ള സ്ഥലം തേടി നടത്തിയ യാത്രകൾ' എന്നാണ്. വീടുകൾ എഴുതാൻ സഹായിക്കാത്ത പാർപ്പ് പുരകളാണെന്ന ഒരു സങ്കൽപ്പം, അതായത് വീടുകൾ സർഗാത്മക പ്രവർത്തനങ്ങൾക്ക് പറ്റിയ ഇടങ്ങളലല്ല എന്ന ഒരു വിമർശനം നേരിട്ടല്ലാതെ എം.ടി ഈ പ്രയോഗത്തിലൂടെ പറയുന്നുണ്ട്. മലയാളി വീടുകൾക്കു നേരെയുള്ളതു തന്നെയാണ് ആ വിമർശനം.

പത്മരാജൻ, എം.ടി
പത്മരാജൻ, എം.ടി

മദ്രാസിലെ ഹോട്ടലിനെക്കുറിച്ച് എം.ടി ഇങ്ങിനെ കൂടി എഴുതുന്നു: മദ്രാസിലെ ആ വലിയ ഹോട്ടലിലെ ധനിക സങ്കേതമായ പടിഞ്ഞാറൻ ബ്ലോക്കിനെപ്പറ്റി ഒരു അനുബന്ധം കൂടി കുറിക്കേണ്ടതുണ്ട്. മദ്രാസിലെ സിനിമാ ലോകത്തിൽ ഓഫീസ് ബോയി, വെപ്പുകാരൻ, ഡ്രൈവർ എന്നിങ്ങനെ പല ജോലികൾക്കായി വന്നവർ പിന്നീട് വളർന്ന് വലിയ നിർമാതാക്കളും വിതരണക്കമ്പനിയുടമകളുമായി മാറി. ധനപ്രതാപം കൊണ്ട് ചെയ്യാവുന്ന ആഘോഷങ്ങൾ നടത്തി വലിയ ഹോട്ടലുകളെ നടുക്കിയവർ പലരും ഉൽസവക്കൊടികളിറക്കി ദരിദ്രരായ അജ്ഞാതരുടെ കൂട്ടത്തിൽ ചേർന്നു: ഈ തരത്തിലാണ് ഈ പുസ്തകം ചിത്രത്തെരുവുകളെ അനാവരണം ചെയ്യുന്നത്.

‘എന്റെ ഗ്രാമത്തിലെ നോമ്പുകാലം തന്നെ പറയാം. രാത്രി ഒമ്പതു മണി കഴിയുമ്പോൾ അടുത്തുള്ള മുസ്​ലിം വീടുകളിൽ നിന്ന്​ ഇടിക്കലിന്റെ ശബ്ദവും വറുക്കലിന്റെ മണവും വരും. പറമ്പുകളും പാടങ്ങളും കടന്ന് ആ മണം വരും. കാറ്റ് ആ മണം എല്ലായിടത്തും എത്തിക്കും.’

ഇത്തരം അനുഭവങ്ങൾക്കൊപ്പം മലയാള സിനിമയിലെ നിരവധി നടീനടൻമാരെക്കുറിച്ചുള്ള ഓർമ്മകളും ഈ താളുകളിലൂടെ കടന്നു വരുന്നു. എഴുത്തുമുറി തേടി നടക്കുന്ന ഒരു എഴുത്തുകാരനെ ഈ പുസ്തകത്തിൽ എല്ലായിടത്തും കാണാം. അയാൾ ‘ഫസ്റ്റ് പേഴ്സൺ സിംഗുലറാ'യി നിന്ന് നടത്തുന്ന ആഖ്യാനമാണിതിൽ. നാലുകെട്ടുപോലെ ഹോട്ടലുകളും ആഖ്യാന കേന്ദ്രമായി തന്നെ പ്രവർത്തിക്കുന്നു. എഴുത്തുകാരൻ തന്റെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ അനുഭവ ആഖ്യാനം നടത്തുന്നു. ചിലപ്പോൾ അതിന് അധോലോകക്കുറിപ്പുകളുടെ സ്വഭാവം കൈക്കൊള്ളുന്നു. പലപ്പോഴും അത് ട്രാജഡിയുടെ വാരിക്കുഴികളിലേക്കുള്ള പൊട്ടിച്ചൂട്ട് വെളിച്ചവുമാണ്. വാസസ്ഥലങ്ങളെ ആഖ്യാന ദേശമാക്കുക, ലാൻറ്​ സ്‌കേപ്പാക്കുക എന്ന എം.ടി ഫിക്ഷനിലും നോൺ ഫിക്ഷനിലും പിന്തുടരുന്ന രീതി ഹോട്ടലുകൾ ആഖ്യാനഭൂമികയാവുന്ന ഈ രചനയിലും സമൃദ്ധമായി കാണാം.

നാല്​:

പത്രപ്രവർത്തനത്തിന്റെ ഭാഗമായി എം.ടിയെ ഒരു ഫീച്ചറിന് സമീപിച്ചതിനെക്കുറിച്ചുള്ള ഓർമ കൂടി ഇവിടെ പങ്കുവെക്കുന്നു. 1994ലെ റമദാൻ (നോമ്പ്) കാലമാണ്. ഞാനന്ന് മാധ്യമം പത്രത്തിൽ കോഴിക്കോട്ട് റിപ്പോർട്ടർ ട്രെയിനിയാണ്. പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പായ വാരാദ്യ മാധ്യമത്തിന്റെ എഡിറ്റർ ജമാൽ കൊച്ചങ്ങാടി ഒരു അസൈൻമെൻറ്​ തന്നു. എം.ടിയുടെ നോമ്പുകാല ഓർമ ചോദിച്ച് പകർത്തിയെടുത്ത് ഒരു ഫീച്ചറാക്കിക്കൊടുക്കണം. എം.ടി മാതൃഭൂമിയിൽ തിരിച്ചു വന്ന കാലമാണ്. ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ആദ്യം ഒഴിഞ്ഞു മാറി. ‘ഒരു തൊഴിൽ പ്രശ്നമാണ്​’ എന്നു പറഞ്ഞപ്പോൾ ഓഫീസിലേക്ക് വരാൻ നിർദേശിച്ചു. എം.ടി നോമ്പിനെക്കുറിച്ച് എന്തുതരം ഓർമ്മയായിരിക്കും പങ്കുവെക്കുക? കോഴിക്കോട്ടെ ജീവിതത്തിനിടെയുള്ള ഏതെങ്കിലും ഒരു നോമ്പു തുറ അനുഭവം. അതിനാണ് കൂടുതൽ സാധ്യത.

മാതൃഭൂമി കാബിനിൽ എം.ടി: എന്റെ ഗ്രാമത്തിലെ നോമ്പുകാലം തന്നെ പറയാം. അദ്ദേഹം സംസാരിച്ചു തുടങ്ങി. രാത്രി ഒമ്പതു മണി കഴിയുമ്പോൾ അടുത്തുള്ള മുസ്​ലിം വീടുകളിൽ നിന്ന്​ ഇടിക്കലിന്റെ ശബ്ദവും വറുക്കലിന്റെ മണവും വരും. പറമ്പുകളും പാടങ്ങളും കടന്ന് ആ മണം വരും. കാറ്റ് ആ മണം എല്ലായിടത്തും എത്തിക്കും. മല്ലിയും മുളകും വറുക്കുന്നതിന്റെ മണം. മസാലയുടെ മണം. അതങ്ങനെ ഒഴുകി വരും. അതാണ് നോമ്പുകാലത്തെക്കുറിച്ചുള്ള ഓർമ. ഞങ്ങൾ നിത്യജീവിത വിഷമത്തിലായിരുന്നു. അപ്പോഴാണ് മസാലയുടെ മണം വരുന്നത്- എം.ടി പറഞ്ഞു.

ഒരു നിമിഷം അദ്ദേഹം എന്തോ ആലോചിച്ചിരിക്കുന്നു. പിന്നീട് തുടർന്നു: അന്ന് ഇന്നത്തെപ്പോലെ മില്ലിൽ കൊണ്ടു പോയി മല്ലിയും മുളകും പൊടിപ്പിക്കുന്നതൊക്കെ കുറവാണ്. പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ. മാത്രവുമല്ല അന്നത്തെ വീടുകളിൽ ഇതൊന്നും കിലോക്കണക്കിന് വാങ്ങുന്ന രീതിയുമില്ല. പണമില്ലാത്തതു തന്നെ പ്രശ്നം. അപ്പോ കുറച്ചു വാങ്ങും. അത് ഉണക്കി ഉരലിലിട്ട് കുത്തിപ്പൊടിച്ച് പിന്നെ വറുക്കും. ആ വറുവലിന്റെ മണമാണ് ഞങ്ങൾക്കൊക്കെ കിട്ടിയിരുന്നത്- അദ്ദേഹം പറഞ്ഞു നിർത്തി. ആ വാക്കുകളിലത്രയും ആഖ്യാനമായിരുന്നു. അക്കാലത്തെ ഗ്രാമജീവിതത്തിന്റെ ചിത്രം.

ഫിക്ഷൻ എത്രമാത്രം നോൺ ഫിക്ഷനലാണ് (തിരിച്ചും) എന്ന് ആ വളരെക്കുറച്ചു സമയത്തെ സംസാരത്തിലൂടെ അദ്ദേഹം ഓർമ്മിപ്പിച്ചു. എം.ടിയുടെ ആഖ്യാനതന്ത്രത്തിൽ മണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് 1980ൽ വി. രാജകൃഷ്ണൻ ‘ശൈലിയുടെ പ്രകാശ തീരങ്ങൾ' എന്ന ലേഖനത്തിലെഴുതി. വാസനസോപ്പിന്റെ മണം, പിൻകഴുത്തിൽ അനുഭവപ്പെടുന്ന ശ്വാസത്തിന്റെ മണം എന്നിങ്ങനെയുള്ള എം.ടിയുടെ പ്രയോഗങ്ങളെക്കുറിച്ചാണ് നാലുകെട്ടിനെക്കുറിച്ചുള്ള ആ പഠന ലേഖനത്തിൽ പറഞ്ഞിരുന്നത്. (മൗനം തേടുന്ന വാക്ക് എന്ന പുസ്തകത്തിൽ ഒരു അധ്യായം ഈ ലേഖനമാണ്). എം.ടിയുടെ ഗന്ധബിംബങ്ങളെക്കുറിച്ച് പ്രകാശ് കെ.എസ് 1984ൽ കേരള കൗമുദി വരാന്തപ്പതിപ്പിൽ എഴുതിയ ലേഖനവും ഓർമയിലുണ്ട്. ‘ആൺനിനവുകളിൽ പെൺമണങ്ങൾ; നിറങ്ങൾ’ എന്ന ഗീതയുടെ ലേഖനം ഈ പ്രതിഭാസത്തെ വിമർശനത്തോടെ സമീപിച്ചതും ഓർമയിലുണ്ട്. പിന്നീട് എം.ടി സാഹിത്യത്തിലെ ഗന്ധ ബിംബങ്ങൾ ഗവേഷണ വിദ്യാർഥികളുടെ പി.എച്ച്.ഡി പ്രബന്ധങ്ങളുമായി.

വാസന സോപ്പിന്റെ, കാച്ചിയ എണ്ണയുടെ, ഉള്ളിച്ചോറിന്റെ മണങ്ങൾ രോഗകാലത്ത് സുഹൃത്ത് അനുഭവിച്ചത് എം.ടി. സാഹിത്യത്തിലായിരുന്നു. അപ്പോൾ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയരുന്നുണ്ട്. കോവിഡ് കാലം കഴിയുമ്പോൾ എങ്ങിനെയാണ് വായനക്കാരിൽ ഈ ഗന്ധബിംബങ്ങൾ ഇനി മുതൽ പ്രവർത്തിക്കുക?

ഈ അടുത്ത് എൻ. പ്രഭാകരൻ എഴുതി: നാലുകെട്ടിന്റെ ആരംഭത്തിൽ അപ്പുണ്ണി സന്ധ്യാസമയത്ത് അമ്മയുടെ നിർബന്ധം കാരണം വെളിച്ചെണ്ണ വാങ്ങാൻ പോകുന്നുണ്ട്. ആ പോക്കിൽ വെളിച്ചെണ്ണ വീട്ടിലെത്തിയാൽ അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന ഉള്ളിച്ചോറിന്റെ മണം അപ്പുണ്ണി മനസ്സുകൊണ്ട് അനുഭവിക്കുന്നുണ്ട്. ആ മണം നാലുകെട്ടിന്റെ ആദ്യ പേജുകളിൽ നിന്ന് അമ്പതിലേറെ വർഷം മുമ്പ് ഞാനും അനുഭവിച്ചിരുന്നു: (‘എന്തു കൊണ്ടാണ് മലയാളി ഇന്നും എം.ടിയെ വായിക്കുന്നത്’ എന്ന ലേഖനത്തിൽ നിന്ന്).

ഇന്ന് ഈ കോവിഡ്-19 കാലത്ത്, രോഗം വന്നാൽ ആദ്യം നഷ്ടപ്പെടുന്നത് മണങ്ങളാണ്. കോവിഡ് പോസിറ്റീവായ നാളുകളിൽ ഫോണിൽ സംസാരിച്ച ഒരു സുഹൃത്ത് മണങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതു തിരിച്ചു പിടിക്കാൻ എം.ടിയുടെ ഗന്ധ ബിംബങ്ങളിലൂടെ അലഞ്ഞതിനെക്കുറിച്ചും പറഞ്ഞത് ഇപ്പോൾ ഒരു പ്രധാന വായനാസൂചനയായി മാറിയിരിക്കുന്നു. വാസന സോപ്പിന്റെ, കാച്ചിയ എണ്ണയുടെ, ഉള്ളിച്ചോറിന്റെ മണങ്ങൾ രോഗകാലത്ത് സുഹൃത്ത് അനുഭവിച്ചത് എം.ടി. സാഹിത്യത്തിലായിരുന്നു. അപ്പോൾ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയരുന്നുണ്ട്. കോവിഡ് കാലം കഴിയുമ്പോൾ എങ്ങിനെയാണ് വായനക്കാരിൽ ഈ ഗന്ധബിംബങ്ങൾ ഇനി മുതൽ പ്രവർത്തിക്കുക? എം.ടി. സാഹിത്യത്തിന്റെ ഇനിയുള്ള ജീവിതത്തിൽ നിർണ്ണായകമായേക്കാം ഇക്കാര്യം.

the plague
the plague

കോവിഡിനെക്കുറിച്ച് എം.ടി ഇങ്ങനെ എഴുതി: ‘‘ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന ഈയൊരു ഘട്ടത്തിൽ കോവിഡുണ്ടാക്കിയ ഡിപ്രഷനിൽ നിന്ന് എനിക്കിതേവരേയും മുക്തനാകാൻ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്ന് ഞാനൊന്നും എഴുതുന്നില്ല. ലോകമാകെയും പ്ലേഗ് പടർന്നു പിടിച്ച ഒരു കാലത്താണ് ആൽബേർ കാമു "പ്ലേഗ്' എന്ന നോവലെഴുതിയത്. 2020 ൽ അതുപോലൊരു മഹാമാരിയുടെ നടുവിൽ നിൽക്കുമ്പോൾ ആ നോവലിൽ കാമു അവതരിപ്പിച്ച ഭയവും വേദനയും ലോകത്തിന്റെ യാഥാർഥ്യമായി തീരുകയാണെന്ന് എനിക്ക് തോന്നുന്നു. മരണം അന്നത്തെപ്പോലെ ഇന്നും ലോകത്തെയും മനുഷ്യരെയും ശാസ്ത്രത്തെയും കീഴ്‌പ്പെടുത്തിക്കൊണ്ട് ജയിച്ചുനിൽക്കുന്നു. ജീവിതവും മരണവും മുഖാമുഖം നോക്കിനിൽക്കുന്ന ഈയൊരു ഘട്ടത്തിൽ കോവിഡുണ്ടാക്കിയ ഡിപ്രഷനിൽനിന്ന് എനിക്കിതേവരെയും മുക്തനാവാൻ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്ന് ഞാനൊന്നും എഴുതുന്നില്ല. കഴിഞ്ഞുപോയ പലതും ഓർക്കുന്നു. അധികം വായിക്കരുത് എന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും വായനയിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു.'' (ട്രൂ കോപ്പി വെബ്സീൻ/ ഡിസംബർ 28/2020).

സാഹിത്യവായന ചികിൽസ കൂടിയാണെന്ന് (സുഖം കണ്ടെത്താനുള്ള ശ്രമം) എം.ടി തന്നെ പറയുന്നു. കഡുഗണ്ണാവ: ഒരു യാത്രാക്കുറിപ്പിലെ നായകൻ കൂട്ടുചേരാൻ പറ്റാത്ത രോഗാവസ്ഥകളെപ്പറ്റി പറഞ്ഞ് ഒഴിഞ്ഞുമാറുകയാണല്ലോ. കൂട്ടുചേരാൻ പറ്റാത്ത രോഗാവസ്ഥ ഒന്നര വർഷത്തോളമായി ലോകയാഥാർഥ്യമാണെന്നത് ഇപ്പോൾ നമുക്ക് മറക്കാനാകാത്ത ‘മെന്റൽ സ്‌കേപ്പാ'ണ്. കോവിഡ് ബാധിതരായ വായനക്കാർ മണങ്ങൾ തിരിച്ചുകിട്ടാനുള്ള ശ്രമത്തിൽ ആദ്യം ഓർമിക്കുന്നത് എം.ടിയുടെ ഗന്ധബിംബങ്ങളാണെന്നത് നാം ഇവിടെ കൂട്ടി വായിക്കണം. സാഹിത്യത്തിന്റേയും മനുഷ്യന്റേയും ഭാവി കൂട്ടിമുട്ടുന്ന ഒരു സംഗമ ബിന്ദുകൂടിയാണത്, നിസ്സംശയം.▮

(ട്രൂകോപ്പി വെബ്​സീൻ 27ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേഷൻ)


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments