മനസ്സിലാകണം എന്ന ആഗ്രഹത്തോടെ മാത്രമല്ല ഒരാൾ എഴുതുന്നത്. മനസ്സിലാകരുതെന്നും അതേ അളവിൽ അയാൾക്കാഗ്രഹമുണ്ട്. ഒരു പുസ്തകം തനിക്ക് ദുരൂഹമാണെന്ന് ഒരാൾ കണ്ടെത്തുമ്പോൾ അത് ആ പുസ്തകത്തിനെതിരെയുള്ള ഒരാക്ഷേപമാകുന്നില്ല. അത് എഴുത്തുകാരന്റെ ഉദ്ദേശ്യമായിരുന്നുവെന്നുവരാം. താനെഴുതുന്നത് ഏതൊരാൾക്കും മനസ്സിലാകണമെന്ന് അയാൾക്കാഗ്രഹമുണ്ടായിരുന്നില്ലെന്നുവരാം. വിശിഷ്ടമായ ധിഷണയും അഭിരുചിയുമുള്ളവർ സ്വന്തം ചിന്തകൾ പങ്കുവയ്ക്കാൻ തോന്നുമ്പോൾ അതിനുചേർന്ന ശ്രോതാക്കളെ തിരഞ്ഞെടുക്കുന്നു. ആ തിരഞ്ഞെടുപ്പിനർഥം, മറ്റുള്ളവരെ പുറത്തുനിർത്താനായി കടമ്പകളുയർത്തുന്നു എന്നുമാണ്. ശൈലിയുടെ ഏറ്റവും സൂക്ഷ്മമായ നിയമങ്ങളുടെ ഉല്പത്തി ഇവിടെയാണ്. നമ്മുടെ കാതുകളോട് ചേരുന്ന കാതുകളുള്ളവരുടെ കാതുകൾ തുറക്കുമ്പോൾതന്നെ അവ അകറ്റി നിർത്തുന്നു. അകലം സൃഷ്ടിക്കുന്നു. പ്രാപ്യമല്ലാതാക്കുന്നു, എന്നുപറഞ്ഞാൽ ദുരൂഹമാക്കുന്നു.
(‘എഴുത്തിലെ ദുരൂഹത’- ഫ്രഡറിക് നീഷേ, വിവ: വി. രവികുമാർ)
▮
കാലാതിവർത്തിയായ മനുഷ്യാവസ്ഥകളുടെ പ്രതിഫലനമാണ് ആനന്ദിന്റെ കഥകളും നോവലുകളും. തുറന്നുകിട്ടാൻ എളുപ്പമല്ലാത്ത താഴിട്ടു പൂട്ടിയ പ്രതലങ്ങൾക്കുള്ളിൽ യാഥാർഥ്യസമവാക്യങ്ങളാൽ സമസ്യകൾ അഴിച്ചെടുക്കൽ. ഭൂതകാലത്തിനും വർത്തമാനത്തിനും വരുംകാലത്തിനും നിരക്കുന്ന ഇതിവൃത്തങ്ങൾ. സമകാലികതയുടെ ആരവപ്പറമ്പുകളിൽ തോരണം ചാർത്താനുതകുന്ന തൂവൽഭാരമല്ല അത്. പലതും കടന്നുപോകും, മാറിയില്ലെന്നും വരും, പക്ഷേ, സംഗതികളെ അങ്ങനെ വിടരുതല്ലോ എന്ന അക്ഷരസമരത്തിൽ പിറന്നതാണെന്നു തോന്നും ആ രചനകളൊക്കെയും.

ഒരു കത്തിൽ മഹാശ്വേതാദേവി ആനന്ദിന് ഇങ്ങനെ എഴുതി: ‘പാപത്തിന് പ്രായശ്ചിത്തം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. എഴുത്തിലൂടെയെങ്കിലും...' സമൂഹത്തിന്റെ പാപങ്ങളുമായി സമരസപ്പെടാനൊരുക്കമല്ലാത്ത സ്വത്വബോധത്തിന്റെ പ്രതിഫലനമായും ആനന്ദിന്റെ രചനകളെ വായിക്കാം. അവയോരോന്നും വ്യക്തികളുടെ കഥകളാണ്... അവിടെ ഓരോ വ്യക്തിയും സമൂഹത്തെ ഒന്നായിത്തന്നെ പ്രതിഫലിപ്പിക്കുന്നു.
നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഏതാണ്ട് മുഴുവൻ കാലവും, ബംഗ്ലാദേശിന്റെ രക്തപങ്കിലമായ പിറവിയും നേരിൽ കണ്ടൊരാൾ. ഓർമിക്കുവാനും ആശങ്കപ്പെടാനും ഭാരമേറെയുള്ള സാധാരണക്കാരുടെ ജീവിതങ്ങൾ അദ്ദേഹത്തിന് വിഷയമായി.
നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഏതാണ്ട് മുഴുവൻ കാലവും, ബംഗ്ലാദേശിന്റെ രക്തപങ്കിലമായ പിറവിയും നേരിൽ കണ്ടൊരാൾ. ഓർമിക്കുവാനും ആശങ്കപ്പെടാനും ഭാരമേറെയുള്ള സാധാരണക്കാരുടെ ജീവിതങ്ങൾ അദ്ദേഹത്തിന് വിഷയമായി. തരിശാക്കപ്പെട്ട നിലത്ത് നട്ടുവളർത്തപ്പെട്ട ഭയത്തിന്റെ വിത്തുകൾ മുളച്ചു പൊന്തുന്ന കാഴ്ച. വെള്ളം ആവശ്യമില്ലാതെ വളരുന്ന ഭയത്തിന്റെയും വൈരത്തിന്റെയും സസ്യങ്ങളുടെ കാട്. പരിതാപകരമാംവിധം ഒറ്റയ്ക്കായിപ്പോയവരാണ് ആനന്ദിന്റെ കഥാപാത്രങ്ങളിലേറെയും. വിശാലമായ ലോകത്ത് മരിക്കാതെ അവശേഷിക്കുന്നവർ.
‘ചിലർ ഏതോ വീടുകളുടെ സുരക്ഷിതത്വത്തിൽ, മറ്റുള്ളവർ പേരറിയാത്ത തെരുവുകളിലും പുറമ്പോക്കുകളിലും, അനാഥാലയത്തിന്റെ മതിൽക്കെട്ടിനകത്തും'
(‘അപഹരിക്കപ്പെട്ട ദൈവങ്ങൾ’).

സ്ഥിരവും ഉറച്ചതുമായ ജീവിതത്തിൽ നിന്ന് കുടിയിറക്കപ്പെട്ട കോശിയേയും കുന്ദനേയും പോലുള്ളവർ. സുരക്ഷിതമായ അതിർത്തികൾ എന്നൊന്നില്ലെന്നും അരക്ഷിതാവസ്ഥയുടെ പുറമ്പോക്കുകളിലാണ് ജീവിതം അവശേഷിക്കുന്നതെന്നുമുള്ള തിരിച്ചറിവുകൾ. പങ്കിട്ട ഊഷ്മളമായ സൗഹൃദകാലത്തൊക്കെയും മഹാശ്വേതാദേവി എന്ന ദീദി ആനന്ദിന് കത്തുകളെഴുതി. കൊൽക്കത്തയിലെ ബാലിഗഞ്ച് സ്റ്റേഷൻ റോഡിലെ വാടകവീട്ടിൽ നിന്ന് ദില്ലി സുഖ്ദേവ് വിഹാറിലെ 80-സി വീട്ടിലേക്ക് പതിവായി വന്നുകൊണ്ടിരുന്ന കത്തുകളിൽ അവർ അദ്ദേഹത്തെ അഭിസംബോധന ചെയ്തത് Dear Puromboke Man എന്നായിരുന്നു. അരികുവൽക്കരിക്കപ്പെട്ടവർക്ക് അക്ഷരലോകത്ത് ഇടമൊരുക്കുകയായിരുന്നു അദ്ദേഹം. പുറമ്പോക്ക് മനുഷ്യരിലൂടെ മഹാസമൂഹത്തിന്റെ കഥ പറയുകയാണ് അദ്ദേഹത്തിന്റെ രീതി.
മഹാശ്വേതാദേവിയെപ്പോലെ തന്നെ വിലാപമല്ല, സമരമാണ് ആനന്ദിന്റെയും രീതി.
‘‘ഞാൻ ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടില്ല. ഒരു ജാഥയും നയിച്ചിട്ടില്ല. ഒരു വിവരണത്തിലും ഞാനൊരു ആക്റ്റിവിസ്റ്റ് ആയിരുന്നില്ല. നാലാൾക്ക് ഗുണംചെയ്യുന്ന ഒരു കാര്യത്തിലും ഇടപെടാതെ അലസനായ ഒരു എഴുത്തുകാരൻ, വേണമെങ്കിൽ ബുദ്ധിജീവി എന്നുപറയാം. ചിലപ്പോഴൊക്കെ ഇതിൽ ജാള്യതയും തോന്നിയിട്ടുണ്ട്’’- എവിടെയോ അദ്ദേഹം ഇങ്ങനെ കുറിച്ചു. ശബ്ദായമാനമായ പുറംലോകത്തെ ഉപേക്ഷിച്ച് അക്ഷരങ്ങളുടെ നിശ്ശബ്ദതയിലേക്ക് ഉൾവലിഞ്ഞൊരാൾ. മുഖ്യധാരയ്ക്ക് പുറത്തുള്ള കടലിലൂടെയുള്ള അവിരാമ സഞ്ചാരമായി കാണാം, അദ്ദേഹത്തിന്റെ എഴുത്തിനെ.
പ്രാദേശികത പ്രകടിപ്പിക്കുന്ന ഇന്ത്യൻ കഥകളിൽ താത്പര്യപ്പെടുന്ന പാശ്ചാത്യ ഭാവുകത്വത്തിന് നേരെതിരാണ് ആനന്ദിന്റെ രചനാലോകം. മലയാളത്തിന്റെ ഗ്രാമീണതയെ തീർത്തും കാല്പനികമല്ലാത്ത നാഗരികതകൊണ്ട് മറികടക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിപരമായ സംവാദങ്ങളൊന്നും സാധിക്കാത്തതും ഉപരിപ്ലവമായ പ്രതികരണങ്ങൾക്കപ്പുറം പോകാത്തതുമായ ഇടങ്ങളിൽ നിന്ന് രചയിതാവിനെപ്പോലെതന്നെ മാറിനിൽക്കുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും. അദ്ദേഹം ഇന്ത്യയെ വായനാമുറികളിലേക്ക് കൊണ്ടുവന്നു. അധികാരം രുചിക്കുകയും അധികാര മത്സരത്തിൽ സജീവമായി നിലനിൽക്കുകയും ചെയ്യുന്ന ഒരു വൃത്തത്തിലും ഉൾക്കൊള്ളിക്കാനാവാത്ത ദേശീയതയായി അതിനെ കാണാം. യുദ്ധം അവശേഷിപ്പിക്കുന്ന അപാരമായ ദുരന്തങ്ങളെകുറിച്ച്, സ്റ്റേറ്റിന്റെ ഭീകരതയെ കുറിച്ച്, സകലതും നിഷേധിക്കപ്പെടുന്ന പുറമ്പോക്ക് മനുഷ്യരുടെ ആകുലതകളെ കുറിച്ച് അദ്ദേഹം എഴുതി. സ്വാതന്ത്ര്യത്തിന്റെ ഗുണങ്ങൾ അനുഭവിച്ചവരുടെ ഗണത്തിൽപെടുന്നവർ അത് നിഷേധിക്കപ്പെടുന്നവർക്കുവേണ്ടി ശബ്ദം ഉയർത്തുകയെന്ന നീതിബോധം നിറഞ്ഞ രചനകൾ.

ഒരു മാതൃകയും പിന്തുടരാത്ത നവീന രചനാസങ്കേതങ്ങൾ. കാല്പനികതയുടെ പതിവു മട്ടിലുള്ള ലാവണ്യബിംബങ്ങൾക്കപ്പുറം രാഷ്ട്രം, നീതി, അടിച്ചമർത്തൽ തുടങ്ങിയവയൊക്കെയും അതിൽ ഇടംനേടി. എം.എൻ. റോയിയും ആന്ദ്രേ മാർലോയും ഓർവെല്ലും ഉൾപ്പെടെയുള്ളവരുടെ ചിന്താധാരകളുടെ വെളിച്ചത്തിൽ ആനന്ദിന്റെ അക്ഷരങ്ങൾ വായനക്കാരോട് സംവദിച്ചു. നമ്മുടെ സാഹിത്യത്തിൽ പരക്കെ അംഗീകരിക്കപ്പെടുന്ന പ്രാദേശിക പ്രവണതകൾക്ക് നേരെതിരാണ് അദ്ദേഹത്തിന്റെ എഴുത്ത്. അമൃത് ലാലുമായുള്ള അഭിമുഖത്തിൽ ഇതേപ്പറ്റി അദ്ദേഹം പറയുന്നതിങ്ങനെയാണ്: ‘‘പാൻ ഇന്ത്യൻ ആകാനുള്ള ബോധപൂർവമായ ശ്രമമുണ്ടായിട്ടില്ല. ഞാൻ ജീവിച്ചിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഒരു എഴുത്തുകാരന്റെ ഉപകരണങ്ങൾ പ്രയോഗിച്ച് ഞാൻ സഞ്ചരിക്കുന്നു എന്നതേയുള്ളൂ’’.
പ്രാദേശികത പ്രകടിപ്പിക്കുന്ന ഇന്ത്യൻ കഥകളിൽ താത്പര്യപ്പെടുന്ന പാശ്ചാത്യ ഭാവുകത്വത്തിന് നേരെതിരാണ് ആനന്ദിന്റെ രചനാലോകം. മലയാളത്തിന്റെ ഗ്രാമീണതയെ തീർത്തും കാല്പനികമല്ലാത്ത നാഗരികതകൊണ്ട് മറികടക്കുകയായിരുന്നു അദ്ദേഹം.
‘‘പാൻ ഇന്ത്യൻ ആകാനുള്ള ബോധപൂർവമായ ശ്രമമുണ്ടായിട്ടില്ല. ഞാൻ ജീവിച്ചിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഒരു എഴുത്തുകാരന്റെ ഉപകരണങ്ങൾ പ്രയോഗിച്ച് ഞാൻ സഞ്ചരിക്കുന്നു എന്നതേയുള്ളൂ’’- ആനന്ദ്.
ആനന്ദിന്റെ കഥകളെ മുൻനിർത്തി എഴുതിയ 'വേദനയുടെ ചില ഉപയോഗങ്ങൾ' എന്ന ലേഖനത്തിൽ അദ്ദേഹത്തിന്റെ കഥകളിലെ 'അ-കേരള പ്രതീതി'യെപറ്റി കെ.സി. നാരായണൻ വിവരിക്കുന്നുണ്ട്. ഒരു പാൻ ഇന്ത്യൻ അനുഭവത്തിന്റെ ഭാഷാപരവും സ്ഥലപരവുമായ സാന്നിധ്യമായാണതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഭ്രമണപഥം, പൂജ്യം, വാടകവീട് തുടങ്ങിയ കഥകളാണ് ഇവിടെ വിശകലനം ചെയ്തിരിക്കുന്നത്. കേരളത്തിൽ സംഭവിക്കുന്നവയല്ല ഈ കഥകളൊന്നും. ഡാർജിലിങ്ങും ബംഗാളും ഗുജറാത്തുമൊക്കെയാണ് കഥകളിലെ ദേശങ്ങൾ. 'ഇന്ന് അനായാസമെന്ന് തോന്നുന്ന ഈ അഖിലേന്ത്യാ ഭൂപടം അറുപതുകളുടെ തുടക്കത്തിൽ മലയാളകഥയിൽ ഇത്ര വിസ്തൃതിയിൽവിരിക്കപ്പെട്ടുകഴിഞ്ഞിരുന്നില്ല...' കെ.സി. നാരായണൻ വിലയിരുത്തുന്നു. ആ വായന മുൻനിർത്തി ആനന്ദിന്റെ കഥകളെ മലയാളലിപിയിൽസൃഷ്ടിക്കപ്പെട്ട അഖിലേന്ത്യാ ഭൂപടമെന്ന് വിശേഷിപ്പിക്കാവുന്നതാണ്.

വർഗാധിഷ്ഠിത അർഥങ്ങൾ പേറുന്ന സർവനാമങ്ങളുടെ വാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടാണ് ആനന്ദ് മലയാളത്തിൽ സാഹിത്യരചന നടത്തിയത്. രൂപം ജനപ്രിയമാകുമോ എന്നതിനെ കുറിച്ച് ചിന്തിച്ചുള്ള നോവലെഴുത്തല്ല അത്. അദ്ദേഹത്തിന്റെ കൃതികളിൽ പ്രത്യയശാസ്ത്രം കഥാപാത്രത്തോളം മൂർത്തമാണ്. വസ്തുനിഷ്ഠമല്ലാത്ത ഒരു ഫ്രീസിങ് പോയിന്റിൽ നിന്ന് ഉടലെടുക്കുന്ന ചിന്തയുടെയും യാഥാർഥ്യങ്ങളുടെയും എതിരൊഴുക്കായി വേണം അതിനെ കാണാൻ. എല്ലാ സാങ്കല്പസൂചികകൾക്കും എതിരായി അക്ഷരങ്ങൾ അണിനിരക്കുന്ന കാഴ്ച. അറുപതുകളിലെ ഇന്ത്യയെ ഒപ്പിയെടുത്ത ആൾക്കൂട്ടം, എഴുപതുകളിലെ രാഷ്ട്രീയാന്തരീക്ഷത്തെ അതേമട്ടിൽ തുറന്നുകാട്ടിയ അഭയാർഥികൾ, ഭരണകൂടത്തിന്റെ അധികാരങ്ങളും അതിന്റെ ഇരുതല മൂർച്ചയും വിഷയമാകുന്ന മരുഭൂമികൾ ഉണ്ടാകുന്നത്, സ്ഥലകാലങ്ങൾക്കതീതമായി അധികാരത്തിന്റെ ഭാരത്തെ വ്യക്തമാക്കുന്ന ഗോവർധനന്റെ യാത്രകൾ, അടിയന്തരാവസ്ഥയുടെ അടരുകളിലൂടെ ചലിക്കുന്ന ഉത്തരായനം... ആർദ്രതയുടെ ഈർപ്പം വറ്റിച്ച് ഭരണകൂടങ്ങൾ സൃഷ്ടിച്ചുയർത്തുന്ന മരുഭൂമികൾ കഥാഭൂമികകളായി.
ആനന്ദിന്റെ മനുഷ്യർ കാത്തിരിപ്പിനെ പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വർത്തമാനത്തെ കാണുകയും കേൾക്കുകയുമെന്നത് കല മുന്നോട്ടുവെക്കുന്നൊരു നിർദേശമാണ്
മനുഷ്യർ അജ്ഞാതദുഃഖങ്ങളുടെ ഉടമകളാണെന്ന്, മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ ആനന്ദ് പറയുന്നു. സ്വന്തം തേഞ്ഞ മനസ്സുകളിൽ ആവലാതികളെ വീണ്ടും വീണ്ടും ഉരസുന്ന നിശ്ശബ്ദർ. തിളക്കമുള്ളതും ആശ നൽകുന്നതുമായ എന്തെങ്കിലും അടയാളങ്ങൾക്കും ശകുനങ്ങൾക്കും വേണ്ടി അവർ തപ്പുന്നു. ദർഗകളുടെയും അമ്പലങ്ങളുടെയും വാതിലുകളിൽ മുട്ടി മടങ്ങിപ്പോകുന്നു. അലസമായ വൈകുന്നേരങ്ങളും നരച്ച പഴയ തുണികളുടെ ഗന്ധമുള്ള ആണ്ടറുതികളുമാണവരുടെ സമ്പത്ത്. രണ്ടു കാലിൽ നടന്നുപോകുന്ന വികാരമുള്ള സസ്യജാലങ്ങൾ മാത്രമാണവിടെ മനുഷ്യർ. അവരിൽ രണ്ടുതരക്കാരേ ആകെയുള്ളൂ. കൊഴിഞ്ഞുപോകുന്നവരും നിലനിന്നുപോകുന്നവരും.

മറ്റു ജീവികളെ ഭക്ഷിച്ചു വളരുകയും ചിലതിന് ഭക്ഷണമാകുകയുമെന്ന പ്രകൃതിനിയമത്തിലൂന്നി 'മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന നോവലിൽ അദ്ദേഹം മനുഷ്യ ജീവിതത്തെ നിർവചിക്കുന്നുണ്ട്. മനുഷ്യനിലെത്തുന്നതുവരെയേ പ്രകൃതി വളരെ ശ്രദ്ധാപൂർവം പിന്തുടരുന്ന ആ നിയമത്തിന് സാധുതയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. മറ്റു ജീവികൾക്ക് ഇരയാകാതിരിക്കാൻ മനുഷ്യൻ കിണഞ്ഞു പരിശ്രമിക്കുന്നു. മരിച്ചതിനുശേഷമോ അല്ലെങ്കിൽ രോഗാവസ്ഥയിലോ മാത്രം പുഴുക്കൾക്കും മൈക്രോബുകൾകകും ഭക്ഷണമാകുന്നു. 'ഒരുവൻ ചിലപ്പോൾ അവനെ ഒരേസമയത്തുതന്നെ ഒരു വേട്ടനായയുടെയും ഇരയുടെയും രൂപങ്ങളിൽ കണ്ടെത്തിയെന്നുവരും. അല്ലെങ്കിൽ അവനുണ്ടാകുക വേട്ടക്കാരന്റെ സ്ഥാനത്തുനിന്ന് ഇരയുടെ സ്ഥാനത്തേക്കുള്ള ക്രേമാന്മുഖമായ പരിവർത്തനത്തിന്റെ ഭയാനകമായ അനുഭൂതിയായിരിക്കാം’. നിശ്ശബ്ദം, നിർദോഷം ഇരയാകുന്നതിൽ നിന്ന് മനുഷ്യനെ വിലക്കിയിട്ടില്ലാത്ത, അതിനെ ഗുണമായി പ്രകീർത്തിക്കുന്ന പ്രകൃതിനിയമത്തിനു നേരെയുള്ള സൂക്ഷ്മ വിമർശനം ഇതിൽ വായിച്ചെടുക്കാം.
ആനന്ദിന്റെ രചനകളിൽ കാലം എന്നത് കാത്തിരിപ്പിന്റെ മാധ്യമമായിട്ടാണ് തോന്നിയിട്ടുള്ളത്. കാത്തിരിപ്പ് എന്ന് പേരിട്ട കഥയിൽ ഒരു കഥാപാത്രത്തിലൂടെ ആനന്ദ് കാത്തിരിപ്പിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നുണ്ട്: ‘‘കാത്തിരിപ്പ് ഒരു ഉമ്മറപ്പടി അസ്തിത്വമാണ്. കാത്തിരിക്കുന്ന ആൾ വർത്തമാനത്തിലും അയാൾ എന്തിനുവേണ്ടി കാത്തിരിക്കുന്നുവോ അത് ഭാവിയിലുമാണ്. ഭാവി സങ്കല്പമാണ്. പക്ഷേ, അത് വർത്തമാനത്തിൽ പ്രവേശിക്കുന്നതോടെ ഘനീഭവിച്ച് രൂപമാർജിക്കുന്നു. രൂപമാർജിക്കുന്ന ഏതിനും ഒഴിച്ചുകൂടാത്ത ക്ഷയത്തിന്റെയും ജീർണിക്കലിന്റെയും പ്രക്രിയയും അവിടെ തുടങ്ങുന്നു’’.

അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും കഥാപാത്രങ്ങൾ ‘കാത്തിരിപ്പ് ' എന്ന കഥയിലെന്നപോലെ കാത്തിരിക്കുന്നവരാണ്. ‘‘പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ, രോഗികൾ, തൊഴിലില്ലാത്തവർ, നാടോടികൾ, ഉടുതുണിയില്ലാത്തവർ. ഒരു ലോകം മുഴുവൻ കാത്തിരിക്കുകയാണ്, കാത്തുനിൽക്കുകയാണ്. വണ്ടികൾക്കോ, ഭക്ഷണത്തിനോ, വെള്ളത്തിന്റെ വണ്ടിക്കോ, ഭാഗ്യത്തിനോ, അല്ലെങ്കിൽ വെറും ഇത്തിരി ഭേദപ്പെട്ട വേറൊരു ദിവസത്തിനോ വേണ്ടി’’.
വേണ്ടതൊന്നിനും വേണ്ടി കാത്തിരിക്കാൻ മടിക്കുന്ന, വേണ്ടുന്നതല്ലാത്തതിനുവേണ്ടി ധൃതിപ്പെടുന്ന പുതുകാലത്ത് ഭൂത- ഭാവി- വർത്തമാനങ്ങളുടെ പരിധിക്കുള്ളിലൊതുങ്ങാത്ത ആനന്ദിന്റെ മനുഷ്യർ കാത്തിരിപ്പിനെ പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വർത്തമാനത്തെ കാണുകയും കേൾക്കുകയുമെന്നത് കല മുന്നോട്ടുവെക്കുന്നൊരു നിർദേശമാണ്. ചില നവീകരണങ്ങൾക്ക് കലയുടെ നിർദേശങ്ങളെ അനുസരിക്കേണ്ടതുണ്ട്.