വൈക്കം മുഹമ്മദ് ബഷീർ ഒരിക്കലും ഒരു പണ്ഡിതനെപ്പോലെ എഴുതിയിട്ടില്ല. ഒരു പക്ഷേ അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും. ബഷീറിന്റെ എഴുത്ത് ലളിതമായിരുന്നു. ചിലപ്പോഴൊക്കെ വാക്യങ്ങൾ വ്യാകരണനിയമങ്ങളെപ്പോലും ലംഘിക്കുന്നവയായിരുന്നു. എന്നാൽ ആ ലാളിത്യത്തിനുള്ളിൽ ഏറ്റവും മിനുക്കിയെടുത്ത ഗദ്യങ്ങൾക്കുപോലും എത്തിപ്പിടിക്കാൻ കഴിയാത്തവിധം മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ഒരു ബോധ്യമുണ്ടായിരുന്നു.
ഇന്ത്യയിലുടനീളവും അറേബ്യയിലുമൊക്കെ അലഞ്ഞുതിരിഞ്ഞുനടന്ന അപരിചിതരുടെ വീടുകളിൽ അന്തിയുറങ്ങിയ, ഒരിക്കൽ കാശ്മീരിൽ ഷെയ്ഖ് അബ്ദുള്ളയുടെ അതിഥിയായിപ്പോലും കഴിഞ്ഞ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം ഓരോ കഥയും രൂപപ്പെടുത്തിയത്.
പണമായിരുന്നില്ല അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ ലക്‌ഷ്യം. പുസ്തകങ്ങളോടുള്ള തന്റെ വായനാദാഹം തീർക്കാനായിരുന്നു അദ്ദേഹം എറണാകുളത്ത് ഒരു പുസ്തകക്കട നടത്തിയത്. ഇത് നമ്മൾ ഓർത്തു വെക്കേണ്ടതാണ്. ആടുകളെയും പാമ്പുകളെയും ഉറുമ്പുകളെയും പഴുതാരകളെയും വവ്വാലുകളെയും മറക്കാനാവാത്ത കുട്ടിക്കാലത്തെ പ്രണയങ്ങളെയും കുറിച്ച് അത്രമേൽ ആർദ്രതയോടെ എഴുതിയ അതേ മനുഷ്യൻ തന്നെയാണ് തന്റെ പിൽക്കാല രചനകളിൽ സ്വന്തം കാലഘട്ടത്തിലെ മതപരവും രാഷ്ട്രീയവുമായ ജീവിതത്തിന്റെ ഏറ്റവും മൂർച്ചയേറിയ വിമർശകനായി മാറിയത്. ആ സൗമ്യതയും കടുത്ത വിമർശനവും ഒരേ സ്രോതസ്സിൽ നിന്നുതന്നെയാണുണ്ടായത്. വലിയ വാക്കുകളെ കൂട്ടുപിടിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

ബൈബിളിനും ഗീതയ്ക്കും വിവിധ ശാസ്ത്ര പുസ്തകങ്ങൾക്കുമൊപ്പം ബഷീർ തന്റെ വീട്ടിൽ ഖുറാനിന്റെ ഒന്നിലധികം കോപ്പികൾ സൂക്ഷിച്ചിരുന്നു. അദ്ദേഹം വിശ്വാസത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഇടുങ്ങിയതും പ്രതിരോധാത്മകവും ആയുധമാക്കപ്പെട്ടതുമായ ഒരൊറ്റ വായനയിലേക്ക് വിശ്വാസത്തെ ഒതുക്കുന്നതിനെയാണ് അദ്ദേഹം എതിർത്തത്. ബഷീറിനെ സംബന്ധിച്ച് ഒരു വിശുദ്ധ ഗ്രന്ഥത്തെ മനസ്സിലാക്കാൻ ഒരു പുരോഹിതൻ പ്രസംഗപീഠത്തിൽനിന്ന് പറയുന്ന കാര്യങ്ങളുടെ അന്ധമായ ആവർത്തനം പോരായിരുന്നു. അതിന് വിശാലമായ ഒരു ലോകവീക്ഷണമാണ് ആവശ്യമായിരുന്നത്. ഇതൊരു പ്രധാനപ്പെട്ട സംഗതിയാണ്. ശരിക്കുള്ള ആത്മീയ അന്വേഷണങ്ങളെ ഇന്ന് നാം കാണുന്ന ശബ്ദകോലാഹലങ്ങൾ നിറഞ്ഞ മതപ്രകടനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ചിന്തയാണ്.
ബഷീറിനെ സംബന്ധിച്ച് ഒരു വിശുദ്ധ ഗ്രന്ഥത്തെ മനസ്സിലാക്കാൻ ഒരു പുരോഹിതൻ പ്രസംഗപീഠത്തിൽനിന്ന് പറയുന്ന കാര്യങ്ങളുടെ അന്ധമായ ആവർത്തനം പോരായിരുന്നു. അതിന് വിശാലമായ ഒരു ലോകവീക്ഷണമാണ് ആവശ്യമായിരുന്നത്.
അഹങ്കാരത്തിന്റെ മുഖംമൂടിയണിഞ്ഞ നിശ്ചലതയായിരുന്നു ബഷീറിന്റെ പ്രധാന ആവലാതി. ഗണിതം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിലെല്ലാം ബൗദ്ധിക നേതൃത്വം നൽകിയ ഏതാനും നൂറ്റാണ്ടുകൾക്കു ശേഷം ഒരു നീണ്ട നിദ്ര ബാധിച്ചുവെന്ന് അദ്ദേഹം എഴുതി. ബഷീറിന്റെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ, ആയിരം വർഷം നീണ്ടുനിന്നൊരു ഉറക്കം. ആ ഉറക്കത്തിൽ നിന്ന് ആളുകൾ ഉണർന്നപ്പോൾ അവർ ഒരു ലബോറട്ടറിയോ ശാസ്ത്രസ്ഥാപനമോ അല്ല ആവശ്യപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പകരം ഒരു കൊടിയും മുദ്രാവാക്യവുമായിട്ടാണ് അവർ ഉണർന്നത്. ഒരു ഇസ്ലാമിക രാഷ്ട്രം എന്ന മുദ്രാവാക്യം. പാക്കിസ്ഥാൻവാദകാലത്തെ രചനകൾ ഇതാണ് പറഞ്ഞത്. അങ്ങനെയൊരു രാജ്യം എങ്ങനെ പ്രവർത്തിക്കും, എങ്ങനെ വിദ്യാഭ്യാസം നൽകും, അല്ലെങ്കിൽ എങ്ങനെ പുതുമകൾ കൊണ്ടുവരും എന്നതിനെക്കുറിച്ചുള്ള യാതൊരു പദ്ധതികളുമില്ലാതെ അവർ ആവർത്തിച്ചു കൊണ്ടിരുന്നു. ശാസ്ത്ര- സാങ്കേതിക നേട്ടങ്ങൾ എവിടെയെന്ന് അദ്ദേഹം തുറന്നുചോദിച്ചു. ഒപ്പം സ്വന്തം ചോദ്യത്തിന് ഉത്തരം നൽകുകയും ചെയ്തു. മറ്റുള്ളവർ കണ്ടുപിടിക്കുന്നു, ഈ സമൂഹം അത് ഉപഭോഗം ചെയ്യുക മാത്രം ചെയ്യുന്നു.
ഈ നിശ്ചലതയ്ക്കൊപ്പം നിലനിൽക്കുന്ന മറ്റൊരു വൈരുദ്ധ്യത്തിലേക്കും അദ്ദേഹം വിരൽ ചൂണ്ടി- ഭീമമായ, ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയ സമ്പത്ത്, സ്വകാര്യ ദ്വീപുകളിൽ നിർമ്മിച്ച കൊട്ടാരങ്ങൾ, ഏറ്റവും പവിത്രമായ നഗരങ്ങളിലെ എണ്ണമറ്റ സമ്പത്ത്. എ ന്നാൽ ഈ സമ്പത്തിന് അനുയോജ്യമായ ബൗദ്ധിക സംഭാവനകളുടെ സമ്പൂർണ്ണമായ അഭാവം. ബഷീറിന്റെ കാഴ്ചപ്പാടിൽ, കൗതുകമില്ലാത്ത പണം കേവലം കാഴ്ചവസ്തുക്കൾ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

അടുത്തത്, ഐക്യത്തിന്റെ സമ്പൂർണ്ണമായ അഭാവത്തെക്കുറിച്ചായിരുന്നു. ഒരേ മതപരമായ സ്വത്വം അവകാശപ്പെടുന്ന രാജ്യങ്ങളുടെ ഭൂപടത്തിലേക്ക് നോക്കിയ ബഷീർ കണ്ടത് സാഹോദര്യമല്ല. ഭിന്നതകളും, വൈരുധ്യങ്ങളും സംഘർഷങ്ങളും യുദ്ധങ്ങളും. ഡസൻ കണക്കിന് പ്രത്യേക രാജ്യങ്ങൾ, പരസ്പരം മത്സരിക്കുന്ന വിഭാഗങ്ങൾ. ഇനിയുമൊന്ന് സൂക്ഷമായി നോക്കിയാൽ ഒരു വിഭാഗത്തിലെ നേതാവിന് മറ്റൊരു വിഭാഗത്തിലെ അംഗങ്ങളെ സുരക്ഷിതമായി അഭിസംബോധന ചെയ്യാൻ പോലും കഴിയാത്തവിധം ആന്തരികമായി വിഭജിക്കപ്പെട്ട സമൂഹങ്ങൾ. ഇറാൻ- ഇറാഖ് യുദ്ധത്തെയാണ് അദ്ദേഹം ഇതിന് ഏറ്റവും വ്യക്തമായ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. ഒരേ ദൈവത്തെ വിളിച്ച് പരസ്പരം നശിപ്പിക്കുന്ന ഇരുപക്ഷങ്ങൾ. ഈ പ്രവണത നിയന്ത്രണമില്ലാതെ തുടർന്നാൽ ഇരുപക്ഷത്തെയും സഹായിക്കാൻ ഒടുവിൽ ആരാണ് ബാക്കിയുണ്ടാവുക എന്ന് ബഷീർ ലളിതമായി ചോദിച്ചു.
ഇരുൾമൂടിവരുന്ന ഈ കാലത്തിരുന്ന് വായിക്കുമ്പോൾ ഉറക്കത്തെയും കാഴ്ചവസ്തുക്കളെയും ഭിന്നതകളെയും ഇടുങ്ങിയ വ്യാഖ്യാനങ്ങളെയും കുറിച്ചുള്ള ബഷീറിന്റെ പഴയ നിരീക്ഷണങ്ങൾ പ്രസക്തമാകുന്നു. അത് അദ്ദേഹം യഥാർത്ഥത്തിൽ അഭിസംബോധന ചെയ്ത സമൂഹത്തിന് അപ്പുറത്തേക്ക് നീങ്ങുന്നു.
ഈ വിമർശനത്തെ ഇന്നും പ്രസക്തമാക്കുന്നത് ഇതിലൊന്നും ഒരു പ്രത്യേക മതത്തെയോ പ്രദേശത്തെയോ മാത്രമായി ഒതുക്കാനാവില്ല എന്നതുകൊണ്ടാണ്. ആ പ്രത്യേക പേരുകൾ മാറ്റിവെച്ചാൽ ഈ മാതൃക സാർവത്രികമാണെന്ന് കാണാം. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ പട്ടിണിയിലാകുമ്പോൾ സമ്പത്ത് വളരെ കുറച്ചുപേരുടെ കൈകളിൽ മാത്രം കുമിഞ്ഞുകൂടുന്നു. പൊതുജനക്ഷേമത്തേക്കാൾ അടിയന്തിര പ്രാധാന്യമുള്ള ഒന്നായി രാഷ്ട്രീയ സ്വത്വം മാറുന്നു. വിഭജനം പലപ്പോഴും ഐക്യത്തേക്കാൾ അധികാരത്തിലുള്ളവർക്ക് ഉപയോഗപ്രദമാകുന്നതിനാൽ വിഭാഗീയവും ദേശീയവുമായ ഭിന്നതകൾ പരിഹരിക്കപ്പെടുന്നതിന് പകരം അവ വളർത്തപ്പെടുകയും ആളിക്കത്തിക്കുകയും ചെയ്യുന്നു. സാധാരണക്കാരെ സംരക്ഷിക്കാനും സേവിക്കാനുമായി സൈദ്ധാന്തികമായി നിലവിൽ വന്ന ഭരണകൂടങ്ങൾ, തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനും ജനങ്ങളുടെ വിശ്വസ്തത പിടിച്ചുപറ്റാനും വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുമായി നിലകൊള്ളുന്നു. ഇതിനായി ഏത് കൊടിയോ ഏത് വേദഗ്രന്ഥമോ ഏത് പ്രത്യയശാസ്ത്രമോ ആണ് ന്യായീകരണമായി ഉപയോഗിക്കുന്നത് എന്നത് അവിടെ പ്രസക്തമല്ല.
ബഷീർ ചൂണ്ടിക്കാണിച്ച അതിനേക്കാൾ ഗുരുതരമായ നഷ്ടം 'വിനയം' ആണ്. വിനയം എന്നാൽ ബലഹീനതയയല്ല അദ്ദേഹം കണ്ടത്. സ്വന്തം അറിവ് അപൂർണ്ണമായിരിക്കാം എന്ന് പറയാനുള്ള സന്നദ്ധതയാണ്, മറ്റൊരാളുടെ വേദന സ്വന്തം വേദനയോളം തന്നെ പ്രാധാന്യമുള്ളതാണെന്ന് സമ്മതിക്കലാണ്. ഒന്നിലധികം വിശുദ്ധ ഗ്രന്ഥങ്ങൾ വശങ്ങളിലായി വെച്ച് വായിക്കാനുള്ള ബഷീറിന്റെ നിർബന്ധം , ഒരു പാമ്പിനും ഭിക്ഷക്കാരനും രാജാവിനും സാഹിത്യത്തിൽ ഒരേപോലെ അന്തസ്സ് നൽകിയത്, എല്ലാം വിനയത്തിന്റെ തന്നെ വിവിധ ഭാവങ്ങളായിരുന്നു. അത് അധികാരശ്രേണികളെ പിടിച്ചുലച്ചു. ഒരു ശബ്ദത്തിനോ ഒരു പുസ്തകത്തിനോ ഒരു രാജ്യത്തിനോ അല്ലെങ്കിലൊരു നേതാവിനോ മാത്രമായി സത്യത്തിന്മേലോ മൂല്യത്തിന്മേലോ കുത്തകാവകാശമുണ്ടെന്ന ചിന്തയെ അത് നിരസിച്ചു.

അതേസമയം, സമകാലിക പൊതുജീവിതം പലപ്പോഴും വിനയത്തിന്റെ വിപരീതവശത്തിനാണ് പ്രതിഫലം നൽകുന്നത്. അന്വേഷണങ്ങളേക്കാൾ ഉറപ്പിച്ചുപറയുന്ന വാശികൾക്കാണ് ഇന്ന് അംഗീകാരം. ശാന്തമായ കഴിവുകളേക്കാൾ ശക്തിപ്രകടനങ്ങളാണ് പുരസ്കരിക്കപ്പെടുന്നത്. തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ- മത പാരമ്പര്യങ്ങളിലുള്ള നേതാക്കൾ സേവനത്തിന്റെ ഭാഷയ്ക്കുപകരം പ്രതാപത്തിന്റെയും ഭീഷണിയുടെയും ഭാഷയിലാണ് സംസാരിക്കുന്നത്. ബഷീർ ഏറ്റവും കൂടുതൽ വിലമതിച്ചിരുന്ന മനുഷ്യത്വത്തിന്റെ സാധാരണ അടയാളങ്ങൾ - അപരിചിതരോടുള്ള ക്ഷമ, നിർധനരോടുള്ള ആർദ്രത, ലോകത്തെ ഭയപ്പെടുന്നതിനുപകരം അതിനെക്കുറിച്ചുള്ള കൗതുകം - എന്നിവയ്ക്ക് പൊതുസമൂഹത്തിൽ വളരെ കുറഞ്ഞ ശ്രദ്ധയേ ലഭിക്കുന്നുള്ളൂ. ഇവയ്ക്കൊന്നും പണം ചെലവില്ലെങ്കിലും ഒരു സർക്കാരിന്റെയോ സ്ഥാപനത്തിന്റെയോ അനുവാദം ആവശ്യമില്ലെങ്കിലും.
നേരിട്ട് പ്രസംഗിക്കാതെ തന്നെ ബഷീറിന്റെ എഴുത്തുകൾ ലളിതമായൊരു തിരുത്തൽ നിർദ്ദേശിക്കുന്നുണ്ട്. അമൂർത്തവും ഗൗരവമുള്ളതുമായ കാര്യങ്ങളിലേക്ക് (ഒരു കൊടി, ഒരു മുദ്രാവാക്യം അല്ലെങ്കിൽ സമ്പൂർണ്ണ മതപരമോ രാഷ്ട്രീയമോ ആയ അധികാര അവകാശവാദങ്ങൾ) ശ്രദ്ധ തിരിക്കുന്നതിനുമുൻപ് യാഥാർത്ഥ്യവും വിനീതവുമായ കാര്യങ്ങളെ (ഒരു വ്യക്തിയെ, ഒരു മൃഗത്തെ, ഒരു ചെറിയ കാരുണ്യപ്രവൃത്തിയെ) പരിഗണിക്കുക. ബഷീറിന്റെ കാഴ്ചപ്പാടിൽ വലിയ ആശയങ്ങൾ പലപ്പോഴും ക്രൂരതയ്ക്കുള്ള മറയായി മാറാൻ എളുപ്പമാണ്. എന്നാൽ ലളിതമായ യാഥാർത്ഥ്യങ്ങൾ മനുഷ്യനെ സത്യസന്ധനായി നിലനിർത്തുന്നു.
ഇരുൾമൂടിവരുന്ന ഈ കാലത്തിരുന്ന് വായിക്കുമ്പോൾ ഉറക്കത്തെയും കാഴ്ചവസ്തുക്കളെയും ഭിന്നതകളെയും ഇടുങ്ങിയ വ്യാഖ്യാനങ്ങളെയും കുറിച്ചുള്ള ബഷീറിന്റെ പഴയ നിരീക്ഷണങ്ങൾ പ്രസക്തമാകുന്നു. അത് അദ്ദേഹം യഥാർത്ഥത്തിൽ അഭിസംബോധന ചെയ്ത സമൂഹത്തിന് അപ്പുറത്തേക്ക് നീങ്ങുന്നു. സമ്പത്തിനെ നേട്ടമായും കടുത്ത വാശികളെ ജ്ഞാനമായും ഭരണകൂടഅധികാരത്തെ ധാർമ്മികാധികാരമായും തെറ്റിദ്ധരിക്കുന്ന ഏതൊരു സമൂഹവും അദ്ദേഹം വിവരിച്ച അതേ ആയിരം വർഷത്തെ നിദ്രയിലേക്ക് വീണുപോകാനുള്ള അപകടത്തിലാണ്.
ബഷീറിന്റെ മറുപടി എപ്പോഴും ഒരു മനോഭാവമായിരുന്നു. കൗതുകമുള്ളവരായിരിക്കുക, വിനയമുള്ളവരായിരിക്കുക, ഒരു സ്ഥാപനത്തിന്റെ അവകാശവാദങ്ങളുടെ വലിപ്പം അതിന്റെ മുന്നിൽ നിൽക്കുന്ന സാധാരണക്കാരനായ മനുഷ്യന്റെ അന്തസ്സിനേക്കാൾ വലുതാകാൻ ഒരിക്കലും അനുവദിക്കാതിരിക്കുക, തുടങ്ങിയതെല്ലാം.
