എം ഗോവിന്ദന്റെ ആരാധകനും അന്ന് പി.എസ്.പി പ്രവർത്തകനും നല്ല വായനക്കാരനുമായ ചോമ്പാലിലെ വി. സി. കൃഷ്ണൻ 1970ൽ പുരോഗമനവായന ശാലയിലെ ഒരു ചർച്ചായോഗത്തിൽ, വിഷയത്തിൽനിന്ന് മാറി, പരിചയപ്പെടുത്തിയതിൽ പിന്നെ വായിച്ച നോവലായിരുന്നു ആനന്ദിന്റെ "ആൾക്കൂട്ടം.' അങ്ങനെ ഒരു പുസ്തകം ഇറങ്ങുന്നുണ്ടെന്നോ ഇറങ്ങിയെന്നോ കുറച്ചു മുമ്പെ അറിഞ്ഞിരുന്നു. നിങ്ങൾ ഈ പുസ്തകം നിർബന്ധമായും വായിക്കണം എന്ന് കൃഷ്ണൻ സദസ്സിനോട് ആവശ്യപ്പെട്ടു. ഏകദേശം അതേസമയത്ത് തലശ്ശേരിയിലെ ബാലഗോപാലൻ എന്ന ഗ്രന്ഥകാരൻ അന്യവത്കരണത്തെപ്പറ്റി "വേറാക്കൂറ്' എന്ന പഠനം എഴുതിയിരുന്നു. പ്രസിദ്ധീകരിച്ചത് കുറേ കഴിഞ്ഞാണ്. അതെന്തോ വായിക്കാൻ സാധിച്ചില്ല. അതിനും മുമ്പെ "ഖസാക്കിന്റെ ഇതിഹാസം' പുറത്തു വരികയും അതിനെപ്പറ്റി വായനക്കാർ പരക്കെ ചർച്ചചെയ്യുകയുമുണ്ടായി. ഡിറ്റക്ടീവ് നോവലുകളും മുട്ടത്തു വർക്കിയും കടന്ന് പൊറ്റെക്കാടിന്റെയും തകഴി ദേവുമാരുടെയും രചനകൾക്കു ശേഷം വായിച്ച ആധുനികകൃതികൾ, മലയാളത്തിൽ നിർണായകമായ മാറ്റങ്ങൾ വന്നു കഴിഞ്ഞു എന്നു തോന്നിച്ചു. വിജയൻ, കാക്കനാടൻ തുടങ്ങിയ എഴുത്തുകാരിൽ ചിലരോട് ചിലർക്ക് കൂടുതൽ അടുപ്പം തോന്നുന്നുണ്ടായിരുന്നു. എങ്കിലും ഇവരെയെല്ലാം ഒരേ നിലയിലാണ് ഞങ്ങൾ കണ്ടത്. അയാളെക്കാൾ ഇയാൾ മികച്ചയാൾ എന്ന മട്ടിലെ താരതമ്യങ്ങൾ ആരും പറഞ്ഞതായി ഓർമ്മിക്കുന്നില്ല. മാത്രമല്ല അങ്ങനെ താരതമ്യം ചെയ്യാൻ ആവശ്യമായ പ്രാപ്തിയോ പരിശീലനമോ ഞങ്ങൾക്ക് ഉണ്ടായിരുന്നുമില്ല. പല കാര്യങ്ങളും പുതുതായി പഠിക്കുകയായിരുന്നു. വായനയിൽ ശാഠ്യങ്ങൾ ഇല്ലാതിരുന്നതിനാൽ വളരെ വ്യത്യസ്തമായ ഭാഷയിലും ശൈലിയിലും എഴുതിയ രചനകൾ ഇഷ്ടപ്പെടാൻ കഴിഞ്ഞു.
'ഖസാക്കിന്റെ ഇതിഹാസം' ധ്വനിസാന്ദ്രമായ പ്രതിബിംബ ഭാഷയിലാണെങ്കിൽ 'ആൾക്കൂട്ടം' ഗദ്യാത്മകമായ യതാതഥശൈലിയിലാണ്. എന്നാൽ ഈ വ്യത്യാസം ഏതെങ്കിലും വിധത്തിൽ 'ആൾക്കൂട്ട'ത്തെ 'ഇതിഹാസ'ത്തിൽ നിന്ന് താഴ്ത്തിനിർത്തുന്നതായി ഞങ്ങൾക്കു തോന്നിയില്ല
"ഖസാക്കിന്റെ ഇതിഹാസം' ധ്വനിസാന്ദ്രമായ പ്രതിബിംബഭാഷയിലാണെങ്കിൽ "ആൾക്കൂട്ടം' ഗദ്യാത്മകമായ യതാതഥശൈലിയിലാണ്. എന്നാൽ ഈ വ്യത്യാസം ഏതെങ്കിലും വിധത്തിൽ "ആൾക്കൂട്ട'ത്തെ "ഇതിഹാസ'ത്തിൽ നിന്ന് താഴ്ത്തിനിർത്തുന്നതായി ഞങ്ങൾക്കു തോന്നിയില്ല. രണ്ടും ഒരേ നിലയിൽ ആയിരുന്നു. ഇതിനു കാരണം പാശ്ചാത്യരുടെ ആധുനികകൃതികൾ ആയിരുന്നു. അവരുടെ കൃതികളിലൊന്നും കാവ്യാത്മകഭാഷ ഞങ്ങൾ കണ്ടില്ല, അല്ലെങ്കിൽ കാണാൻ കഴിഞ്ഞില്ല. ഏറ്റവും വലിയ ഉദാഹരണം കാഫ്ക ആയിരുന്നു. പുഷ്പാലംകൃതവും വർണശബളവും പശ്ചാത്തലത്തിൽ സംഗീതം പൊഴിക്കുന്നതുമായ കാവ്യാത്മകഭാഷയ്ക്കു പകരം ഗദ്യാത്മകയഥാതഥഭാഷയായിരുന്നു കാഫ്കയിൽ. ഞങ്ങൾ വായിച്ചത് ജർമ്മൻ മൂലമായിരുന്നില്ല ഇംഗ്ലീഷ് ആയിരുന്നു എങ്കിലും. ഇനി വരുന്ന തലമുറയ്ക്ക് ഈ സൗജന്യം കിട്ടുകയില്ല. നിരൂപകരാകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കാഫ്കയെ അവർ ജർമ്മനിൽ തന്നെ വായിക്കേണ്ടിവരും.
ആധുനികസാഹിത്യത്തിന്റെ വരവോടെ അതുവരെ മലയാളത്തിൽ ഹൃദയത്തിൽ സ്പർശിച്ച് എഴുതിക്കൊണ്ടിരുന്ന എഴുത്തുകാർ ഒറ്റയടിക്ക് അപ്രസക്തരായതു പോലെ തോന്നി. ആധുനികർ തെളിച്ച പുതുവഴിയിലൂടെയാണ് സാഹിത്യം ഇനി മുന്നേറുകയെന്നും തോന്നിയിരുന്നു. പിന്നെ സംഭവിച്ചത് മറ്റൊന്നാണ്. ആധുനികതയെ ആധുനികർ തന്നെ തള്ളിപ്പറഞ്ഞു. മങ്ങിപ്പോയ പഴയ താരങ്ങൾ പ്രതികാരബുദ്ധിയോടെ ചാടിവീണ് രംഗം കയ്യടക്കി. പിറകെ വന്ന ആധുനികോത്തരർക്ക് അവരെ പുറത്താക്കാൻ കഴിഞ്ഞതുമില്ല.
പൊതുവേ മലയാളനോവലുകൾ ചെറിയ കാൻവാസിൽ വരച്ച ചെറിയ ചിത്രങ്ങളാണ് എന്ന പരാതി ഞങ്ങൾക്കുണ്ടായിരുന്നു. "പാവങ്ങൾ,' "വിലയ്ക്കു വാങ്ങാം' തുടങ്ങിയ വിവർത്തനങ്ങൾ വായിച്ച ഞങ്ങൾക്ക് മലയാളത്തിലും അത്തരം കൃതികൾ വന്നാൽ കൊള്ളാമായിരുന്നു എന്നു തോന്നി. വിലാസിനിയുടെ "ഇണങ്ങാത്ത കണ്ണികൾ,' "ഊഞ്ഞാൽ' എന്നിവ വായിച്ചുവെങ്കിലും അവയിൽ വഴിഞ്ഞൊഴുകിയ പ്രണയം എന്നെ മടുപ്പിച്ചു. "ഇണങ്ങാത്ത കണ്ണികളി'ൽ നായകൻ സുഹൃത്തിന്റെ ഭാര്യയെ പ്രണയിക്കുന്നതാണ് കഥ. ഇത്രയധികം സ്ത്രീകൾ ലോകത്തുണ്ടായിരുന്നിട്ടും അവരിൽ ആരെയെങ്കിലും സമീപിക്കാതെ സുഹൃത്തിനു തന്നെ കാമുകനായകൻ പാരവെച്ചത് എനിക്കു പിടിച്ചില്ല. എന്നാൽ "ആൾക്കൂട്ടം' ഇതിനെല്ലാം പരിഹാരമായിത്തീർന്നു. ഇതാ ഇന്ത്യൻ എന്നു വിളിക്കാവുന്ന ആദ്യത്തെ മലയാളനോവൽ. മലയാളത്തിനു പരിചിതമായ ആശയലോകത്തിൽനിന്ന് ഉയർന്നു നില്ക്കുന്ന രചന. കഥാപാത്രങ്ങൾ മലയാളികളല്ലാത്തതിനാൽ അവരുടെ സംസാരത്തിന് വിവർത്തനത്തിന്റെ സ്വഭാവമാണ്. മലയാളികഥാപാത്രങ്ങളുടെ സംസാരത്തിനും പ്രാദേശികച്ചുവയില്ല. അവരുടെ കുടുംബം കേരളം വിട്ടു പോന്നിട്ട് ഏറെയായല്ലോ.
ഇതാ ഇന്ത്യൻ എന്നു വിളിക്കാവുന്ന ആദ്യത്തെ മലയാളനോവൽ. മലയാളത്തിനു പരിചിതമായ ആശയലോകത്തിൽനിന്ന് ഉയർന്നു നില്ക്കുന്ന രചന.
വ്യക്തിയെ സർവ്വനാഥനായി കല്പിച്ചു തുടങ്ങിയിരുന്ന എന്നെ "ആൾക്കൂട്ടം' എന്ന പേര് ആദ്യം അതിശയിപ്പിച്ചു. വ്യക്തിയെ ശരിപ്പെടുത്താൻ തക്കം നോക്കിക്കഴിയുന്ന വില്ലന്മാരുടെ ഗൂഢസംഘമാണ് ആൾക്കൂട്ടം എന്നായിരുന്നു എന്റെ തെറ്റിദ്ധാരണ. ഇതിനു കാരണം അന്നത്തെ ആളുകളുടെ പൊതുസ്വഭാവമായിരുന്നു. നിങ്ങളെക്കാൾ മുതിർന്ന ആളുകൾ, ബന്ധുവായാലും അല്ലെങ്കിലും, എല്ലാവരും നിങ്ങളെ മകനായി കാണുകയും നിങ്ങളെ ഉപദേശിക്കുകയും ശകാരിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. "നിന്റെ അപ്പനാടാ പറയുന്നത്' എന്നാണ് അവരുടെ ഭാവം. ഈ കടന്നുകയറ്റം കാണുമ്പോൾ ചെറുപ്പക്കാർക്ക് ദേഷ്യംവരും. ആൾക്കൂട്ടത്തിൽ നിന്ന് മാറിനില്ക്കുക, ബഹളത്തിൽ സ്വന്തം ശബ്ദം വേറിട്ടു കേൾപ്പിക്കുക, ആൾക്കൂട്ടത്തിൽ പെട്ടാലും തനിയെ നില്ക്കുക എന്നൊക്കെയായിരുന്നു ആദർശങ്ങൾ. "അന്യ(അദർ പീപ്പ്ൾ)രാണ് നരകം' എന്നു സാർത്രെ പറഞ്ഞത് ആൾക്കൂട്ടമാണ് നരകം എന്ന അർത്ഥത്തിലാകണമല്ലോ. അങ്ങനെയിരിക്കുന്ന ആൾക്കൂട്ടത്തെയാണ് ആനന്ദ് മുഖ്യകഥാപാത്രമാക്കിയത് എന്നു ഞാൻ വിചാരിച്ചു. ബോംബെ പോലുള്ള വൻനഗരങ്ങളിൽ മെഗാആൾക്കൂട്ടങ്ങൾ കാണുമായിരിക്കും എന്നു സങ്കല്പിച്ചു. നോവൽ വായിച്ചപ്പോൾ ആനന്ദിന്റെ ആൾക്കൂട്ടം വെറും ആൾക്കൂട്ടമല്ല, ഏകാകികളുടെ ആൾക്കൂട്ടമാണെന്നു മനസ്സിലായി. അല്ലെങ്കിൽ വിശ്വരൂപം പോലെ വലിപ്പം വെച്ചു നില്ക്കുന്ന വലിയ ഒരു ഏകാകിയാണെന്ന് ബോധ്യമായി. നിസ്സഹായതയുടെയും ആന്തരശൈഥില്യത്തിന്റെയും ആൾക്കൂട്ടമായിരുന്നു അത്. കൃത്യമായും അതിന് ഒരു അഖിലേന്ത്യാസ്വഭാവം ഉണ്ടായിരുന്നു. നിരൂപകർ അന്നു തന്നെ അക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇന്ത്യൻ പാരമ്പര്യമായിരുന്നു അതിന്റെ അടിത്തറ. ദാരിദ്ര്യത്തിൽ സന്തോഷിക്കുക, ഒന്നും ആഗ്രഹിക്കാതിരിക്കുക, മനസ്സിൽ കരുണ നിറയ്ക്കുക, ഒന്നിനെയും ഹിംസിക്കാതിരിക്കുക, എല്ലാം ദാനംചെയ്യുക, ഞാൻ എന്ന ബോധം മനസ്സിൽനിന്ന് തൂത്തുമാറ്റുക. എന്തിനും വഴങ്ങിക്കൊടുക്കുക, സഹിഷ്ണുവായിരിക്കുക എന്നീ ആഹ്വാനങ്ങൾ അനുസരിക്കുന്ന ആൾക്കൂട്ടം.
അവരുടെ ജീവിതം അവർ എന്റേതിൽനിന്നു വ്യത്യസ്തമായ ഏതു രീതിയിൽ അനുഭവിക്കുന്നു, വസ്തുക്കളെ വിഭിന്നമായ ഏതു രീതിയിൽ കാണുന്നു എന്ന് അറിയാനാണ് ഞാൻ കവിതകളും കഥകളും വായിക്കുന്നത്. പത്തുവസ്തുക്കൾ മുന്നിലുണ്ടെങ്കിൽ അവയ്ക്കു തമ്മിൽ എത്ര സാദൃശ്യങ്ങൾ ഉണ്ട് എന്നാണ് പലരും നോക്കുക. എന്നാൽ അവയ്ക്കിടയിൽ എത്ര വ്യത്യാസങ്ങൾ ഉണ്ട് എന്നാവണം നിരൂപകരുടെ നോട്ടം. സാദൃശ്യങ്ങൾ എണ്ണിപ്പെറുക്കി അവയെ സംഗ്രഹിക്കുന്ന മട്ടിൽ ഒരു സാമാന്യപ്രസ്താവന രൂപപ്പെടുത്താൻ ചില നിരൂപകർ ശ്രമിക്കുന്നു. ലോകത്തിലുള്ള എന്തിനെയും മറ്റേതിനോടും സാദൃശ്യപ്പെടുത്താം, അല്പമൊന്ന് വലിച്ചുനീട്ടാമെങ്കിൽ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതേപോലെ മറ്റൊന്നിനോടും സാദൃശ്യമില്ലാത്ത ഒരു വിശേഷഭാവത്തെപ്പറ്റിയും സാമാന്യപ്രസ്താവങ്ങൾ രൂപപ്പെടുത്താം.
'ആൾക്കൂട്ട'ത്തിന്റെ ശക്തമായ ആകർഷണങ്ങളിൽ ഒന്ന് അതിലെ കഥാപാത്രങ്ങളുടെ ആത്മനിയന്ത്രണവും വിരക്തിയുമാണ്'
ആൾക്കൂട്ടത്തിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത് അവരുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെപ്പറ്റിയാണ് - മലയാളഭാഷയിൽ ക്ലാസിക്കുകൾ സൃഷ്ടിക്കാൻ സഹായകമായേക്കാമെന്നു അന്നു ചിലർ സങ്കല്പിച്ച ലോകയുദ്ധമോ കൊടുംവരൾച്ചയോ മഹാപ്രളയമോ ആൾക്കൂട്ടത്തിലില്ല. ഈ വാക്യങ്ങളുടെ തുടർച്ചയായി കേൾക്കുന്നയാളോ നോവൽകാരൻ തന്നെയോ അവയെപ്പറ്റി സാമാന്യപ്രസ്താവനകൾ നിർവഹിക്കുന്നത് "ആൾക്കൂട്ട' ത്തിൽ കാണാം. ഇത്തരം പ്രസ്താവനകളാണ് ആൾക്കൂട്ടത്തിന്റെ ദാർശനികതയായി വായനക്കാർക്ക് അനുഭവപ്പെടുക. ജീവിതവിവേകം എന്നു വിശേഷിപ്പിക്കേണ്ടത് ഇവയെയാണ്. മറ്റു ദാർശനികരുടെ ജീവിതനിരീക്ഷണങ്ങൾ കഥാപാത്രങ്ങൾ ഉദ്ധരിക്കുന്നുണ്ടാവാം, അവയെപ്പറ്റി ഏറെ പറയാനില്ല, പറയുകയും വേണ്ട.
"ആൾക്കൂട്ട'ത്തിന്റെ ശക്തമായ ആകർഷണങ്ങളിൽ ഒന്ന് അതിലെ കഥാപാത്രങ്ങളുടെ ആത്മനിയന്ത്രണവും വിരക്തിയുമാണ്.
ആധുനികസാഹിത്യമെന്നാൽ കടിഞ്ഞാണില്ലാത്ത രതിയും അതിന്റെ ചിത്രീകരണവുമാണ് എന്ന ധാരണ അന്ന് വ്യാപകമായിരുന്നു. ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങളുടെ സന്മാർഗനിഷ്ഠ ആധുനികരുടെ അച്ചടക്കമില്ലായ്മക്ക് നേരെ വിപരീതമായിരുന്നു. നിങ്ങളുടെ ഈ രതിയെക്കാൾ വലിയ എത്രയോ കാര്യങ്ങൾ ജീവിതത്തിൽ വേറെ കിടക്കുന്നു എന്ന ഭാവം ആൾക്കൂട്ടത്തിന് എപ്പോഴുമുണ്ട്. മികച്ച നോവലൊക്കെയായിരിക്കാം "ഇതിഹാസം,' പക്ഷെ നടന്നു വരുന്നത് സ്ത്രീയാണോ, എങ്കിൽ രവി അവളെയും കയറിപ്പിടിക്കും എന്നു പേടിക്കണമായിരുന്നു. അത്ര മോശമാണ് രവിയുടെ ലിംഗബോധം.
ചിലപ്പോൾ എനിക്കു തോന്നിയതാകാം, "ആൾക്കൂട്ടം' സാന്ദ്രമായ ശോകത്തിന്റെ കഥയായിരുന്നു. കാവ്യദുഃഖങ്ങൾക്ക് സാധാരണമായ കുഗ്രാമ/ഇടയപശ്ചാത്തലം ഈ നോവലിൽ ഇല്ല. ഉള്ളത് വെറും നഗരവും ഷർട്ടും ട്രൗസേർസും ധരിച്ചു നടക്കുന്ന നഗരമനുഷ്യരുമാണ്. സൂട്ടു ധരിച്ചു നടക്കുന്ന നഗരവാസിക്ക് എന്തു ദുഃഖം എന്നാവുമല്ലോ സംശയം. നഗരത്തിലും ദുഃഖമാകാം. ആൾക്കൂട്ടത്തിൽ നാമതു കാണുന്നു. പതിവു നോവലുകളെപ്പോലെ പ്രണയത്തിനും കുടുംബത്തിനും പരമപ്രാധാന്യം കൊടുക്കുന്ന കഥയുമല്ല അത്. മുഖ്യകഥാപാത്രങ്ങൾ മിക്കവാറും ചെറുപ്പക്കാരായ സുഹൃത്തുക്കളാണ്. ഏകദേശം ഇന്നത്തെ ന്യൂജെൻ സിനിമയിലേതുപോലെ. മിക്കവരും ഗ്രാമത്തിന്റെ ഓർമ്മകളും ഭാരവും പേറി വന്നവരാണ്. ആൾക്കൂട്ടത്തിൽ അകപ്പെട്ടുപോയ ഒറ്റപ്പെട്ട വ്യക്തികൾ അനുഭവിക്കുന്ന ഏകാന്തതയ്ക്കും അന്യതാബോധത്തിനും വ്യക്തമായ കാരണമുണ്ട്. നഗരജീവിതത്തിന്റെ യാന്ത്രികതയുടെ ഉത്പന്നമായിരുന്നില്ല അത്. ആധുനികതയുടെ മൂല്യങ്ങൾ ഉൾക്കൊള്ളാതെ ആധുനികതയുടെ ലോകത്തിലേയ്ക്ക് പ്രവേശിച്ചപ്പോൾ അനുഭവപ്പെട്ട അപരിചിതത്വമാണ് ആൾക്കൂട്ടത്തിലെ അന്യതാബോധം.
സ്വതന്ത്രവ്യക്തിയുടെ സ്വത്വത്തെ ചതച്ചരച്ചു കളയുന്ന ഭീകരയന്ത്രമായി ആനന്ദിന്റെ ആൾക്കൂട്ടത്തെ അതായത് നോവലിലെ ജനഗണപശ്ചാത്തലത്തെ ചിത്രീകരിക്കാം. എന്നാൽ നോവൽ എഴുതിയ കാലത്തിനിപ്പുറം ആൾക്കൂട്ടത്തിന് സമകാലചരിത്രത്തിൽ എന്തെല്ലാം മാറ്റങ്ങൾ വന്നു എന്നു നോക്കുക! ബോംബെയിലെ കാര്യം കേട്ടറിവേ ഉള്ളൂ. അന്നത്തെ ബോംബെയെക്കുറിച്ച് കുറേക്കാലം അവിടെ ജോലിചെയ്ത സുഹൃത്ത് എ രവീന്ദ്രൻ പറയുമായിരുന്നു. ബോംബെയെപ്പറ്റി രവി പറഞ്ഞ കഥകളിലെ ഉയർന്ന നർമ്മബോധം കാരണം പലതും രവിയുടെ കെട്ടുകഥകൾ ആയിരിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. രവിയുടെ ബോംബെയിലൂടെ ഞാൻ ആനന്ദിന്റെ ആൾക്കൂട്ടത്തെ സാക്ഷാത്കരിച്ചു. നാട്ടിൽ മയ്യഴിയിലും അറക്കലിലുമായി പെരുകിയെത്തുന്ന പുരുഷാരങ്ങളാണ് പരിചയം. പിന്നെ പാർട്ടി സമ്മേളനങ്ങളുടെയും രക്തസാക്ഷിസ്മരണകളുടെയും ജനാവലികൾ. കൂറ്റൻ സമരജാഥകൾ. സമരങ്ങളിൽ ചേരാതെ മാറിനില്ക്കുകയും കൂലി കൂട്ടിയാൽ ആദ്യം പോയി അതു തരപ്പെടുത്തുകയും ചെയ്യുന്ന കരിങ്കാലികളുടെ ചെറിയ ആൾക്കൂട്ടങ്ങൾ. അധികം വൈകാതെ പാർട്ടി ആൾക്കൂട്ടങ്ങൾ മധ്യവർഗ്ഗത്തിന് യാത്രാശല്യങ്ങളായിത്തീർന്നു. മുന്നിലൂടെ ജാഥ കടന്നു പോകുമ്പോൾ എങ്ങനെ റോഡ് മുറിച്ചു അപ്പുറം കടക്കും? ജാഥകളിൽ ആളുകൾ കുറഞ്ഞു. പ്രതീകാത്മകമായ നഗരോപരോധങ്ങൾക്കു മേൽ കോടതിവിധികൾ വന്നു വീണു.
ആൾക്കൂട്ടം, ആൾക്കൂട്ടം എന്നിങ്ങനെ പിറുപിറുത്തും ശപിച്ചും അവസാനം അറം പറ്റിയതുപോലെ ഒരു രാത്രിയിൽ ഭൂമുഖത്തുനിന്നു തന്നെ ആൾക്കൂട്ടം അപ്രത്യക്ഷമായി.
ആൾക്കൂട്ടം, ആൾക്കൂട്ടം എന്നിങ്ങനെ പിറുപിറുത്തും ശപിച്ചും അവസാനം അറം പറ്റിയതുപോലെ ഒരു രാത്രിയിൽ ഭൂമുഖത്തുനിന്നു തന്നെ ആൾക്കൂട്ടം അപ്രത്യക്ഷമായി. ഒരു തരം ആന്തരവസൂരിയുടെ വിത്തുകളാണ് ഇതിന് കാരണമായത്. "പരീക്ഷിക്കണോ' എന്നും ചോദിച്ച് ഹുങ്കാരത്തോടെ ഒരേറായിരുന്നു. വിദൂരഗ്രാമങ്ങളിൽനിന്ന് ബോംബേയിലെത്തിയവർ ഒഴിഞ്ഞുപോയി; മുംബൈ ശൂന്യമായി.
മുമ്പ് ബദ്ധശത്രുവായിരുന്ന ആൾക്കൂട്ടം ഇതാ ഒരു നിമിഷംകൊണ്ട് കാല്പനികസ്വപ്നത്തിന്റെ തലത്തിലേക്ക് ഉയർന്നിരിക്കുന്നു. പോയ്‌പ്പോയ പഞ്ചവർണക്കിളിക്കൂട്ടം പോലെ മാഞ്ഞ മഴവില്ലു പോലെ അതു നമ്മെ തരളചിത്തരാക്കുന്നു. ജഡതുല്യമായ മനുഷ്യദേഹസാന്നിദ്ധ്യം മാത്രമായിരുന്ന ആൾക്കൂട്ടം മാനുഷ്യകമെന്ന വിശുദ്ധസാന്ത്വനമായി തിരിച്ചുവരുന്നു. ശരീരത്തിന്റെ കാഴ്ചകളും ഗന്ധങ്ങളും ശബ്ദങ്ങളും ഒരിക്കൽ നിങ്ങളെ മടുപ്പിച്ചിരുന്നുവെങ്കിൽ ഇപ്പോളവ അന്യലോകത്തിൽ നിന്നു വരുന്ന അശ്രാവ്യസംഗീതമായി മോഹിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. കൊച്ചുതുണ്ടുകളായി ചിതറിപ്പോയ ആൾക്കൂട്ടത്തിന്റെ ക്ഷണികദൃശ്യങ്ങൾ തേടിയാവാം നിയമം ലംഘിച്ചും സ്വയരക്ഷ മറന്നും ആളുകൾ തടവു ചാടുന്നതും കറങ്ങി നടക്കുന്നതും.
നോവലിൽ സ്വന്തം ജീവിതം കുടുംബത്തിനായി ഉഴിഞ്ഞുവെച്ച രാധ എന്ന കഥാപാത്രമുണ്ട്. അവൾ ചിന്തിക്കുന്നു: കുടുംബത്തിൽ രോഗികൾ മാത്രമേയുള്ളൂ. അവർ രോഗം ഒരു കാരണമായി എടുത്ത് ഇത്തിക്കണ്ണികളെപ്പോലെ ജീവിക്കുന്നു. ദിവസം മുഴുവൻ അവൾ കുടുംബത്തിനുവേണ്ടി ജോലിചെയ്യുന്നു. കുടുംബത്തിന്റെ ബാധ്യതകൾക്കു മുഴുവനും അതിലെ ആരോഗ്യമുള്ള അംഗമാണ് ഉത്തരവാദി. രോഗികളും കഴിവില്ലാത്തവരും മറ്റുള്ളവരുടെ മേൽ ഒരു നികുതിയാവുന്നത്, ആരോഗ്യമുള്ളവരെ രോഗികൾക്കു വേണ്ടി ബലികഴിക്കുന്നത് തെറ്റാണ് എന്ന് അവൾക്കു തോന്നുന്നു. വേണ്ടത് മറിച്ചാണ്. കഴിവുള്ളവർ അതിജീവിക്കണം. ത്യാഗംചെയ്ത് ചെയ്ത് രാധയുടെ ജീവിതം നീണ്ട ഒരു ആതുരശുശ്രൂഷയായി മാറിയിരുന്നു.
അർഹതയുള്ളത് അതിജീവിക്കുന്നു എന്ന ഡാർവിന്റെ സൂത്രവാക്യം മനുഷ്യനെന്ന പോലെ വൈറസ്സിനും ബാധകമാണ്. ഡാർവിൻ പറഞ്ഞത് അതല്ല, അതിന്റെ ശരിയായ അർത്ഥം വേറെയാണ് എന്നൊന്നും പറയരുതേ! സംഗതി ഒരു തരം ഫാഷിസം തന്നെ. ധനവും വിഭവങ്ങളും യന്ത്രോപകരണങ്ങളും സൗകര്യങ്ങളും വേണ്ടത്രയുണ്ടെങ്കിൽ ഹൃദയവിശാലതയും കാരുണ്യവും പരസഹായവുമെല്ലാമാകാം. അവയിൽ കുറവുവരുന്ന മുറയ്ക്ക് കാരുണ്യവും കുറയും. ഒടുവിൽ ഡാർവിന്റെ പ്രകൃതിനിയമം നടപ്പിലാകും.
കോവിഡ് കാലം വന്നതോടെ ആനന്ദിന്റെ "ആൾക്കൂട്ട'ത്തിന് നോവലിസ്റ്റുകളുടെ നോവൽ എന്ന അപൂർവ്വപദവി കൈവന്നിരിക്കുന്നു.