വേണു

അറുപതാം വയസ്സിൽ ഞാനെഴുതി,
​അമ്മയ്​ക്കു സമർപ്പിച്ച പുസ്​തകത്തിന്റെ കഥ

എന്റെ സിനിമകളേക്കാളും അവാർഡുകളേക്കാളും കൂടുതൽ അമ്മ സന്തോഷിച്ചത് ഞാനെന്തെങ്കിലും എഴുതിക്കണ്ടപ്പോഴാണ്

വേണു

ന്റെ അമ്മ ബി.സരസ്വതിയ്ക്ക് താമസിയാതെ തൊണ്ണൂറ് വയസാകും.

ബി. സരസ്വതി
ബി. സരസ്വതി

അമ്മ ചെറുപ്പത്തിൽ കഥകളെഴുതിയിട്ടുണ്ട്. അമ്മയുടെ അച്ഛൻ അറിയപ്പെടുന്ന
എഴുത്തുകാരനായിരുന്നു. എങ്കിലും സരസ്വതിയുടെ രണ്ടു മക്കളിലാർക്കും സാഹിത്യവാസനയുള്ളതായി ഞങ്ങളെ അറിയുന്ന ആരും സംശയിച്ചില്ല. പക്ഷേ എന്റെ അമ്മയ്ക്ക് എവിടെയോ ചില സംശയങ്ങളുള്ളതായി ചിലപ്പോൾ തോന്നിയിട്ടുണ്ട്. ഏകദേശം 45 വർഷങ്ങൾക്കിടയിൽ നാലഞ്ച് തവണയെങ്കിലും അർത്ഥ മനസ്സോടെയാണെങ്കിലും അമ്മ എന്നോടു ചോദിച്ചിട്ടുണ്ട്, എടാ, നിനക്ക് വെറുതേ എന്തെങ്കിലുമൊക്കെ എഴുതരുതോ?
എന്റെയമ്മേ, എനിക്കെഴുതാനൊന്നും പറ്റുകേല, എന്നുപറഞ്ഞ് ഒഴിഞ്ഞതല്ലാതെ ഒരു വരി പോലും എഴുതാൻ ഒരിക്കൽ പോലും ഞാൻ ശ്രമിച്ചിട്ടില്ല, എന്റെ അറുപതാം വയസ്സ് വരെ.

അമ്മയുടെ അച്ഛൻ അറിയപ്പെടുന്ന എഴുത്തുകാരനായായിരുന്നു. എങ്കിലും സരസ്വതിയുടെ രണ്ടു മക്കളിലാർക്കും സാഹിത്യവാസനയുള്ളതായി ഞങ്ങളെ അറിയുന്ന ആരും സംശയിച്ചില്ല. പക്ഷേ എന്റെ അമ്മയ്ക്ക് എവിടെയോ ചില സംശയങ്ങളുള്ളതായി ചിലപ്പോൾ തോന്നിയിട്ടുണ്ട്.

അറുപതാം വയസ്സിൽ ഞാൻ ഒറ്റക്കൊരു കാർ യാത്ര പോയി. തിരിച്ചുവന്നിട്ട് യാത്രയെപ്പറ്റി ഫേസ്ബുക്കിൽ ചെറിയൊരു കുറിപ്പിട്ടു. ഇതുകണ്ട് ചില യാത്രാ മാഗസിൻ എഡിറ്റർമാർ കുറച്ച് ഫോട്ടോകളും ഒരു ഹ്രസ്വവിവരണവുമായി ഈ യാത്രയുടെ കഥ പ്രസിദ്ധീകരിക്കാൻ തയാറാണെന്നുപറഞ്ഞ് എന്നെ സമീപിച്ചു. ഞാനും ഒരു മാഗസിനുമായി ഏകദേശം സമ്മതിക്കുകയും ചെയ്തു. ഫോട്ടോകൾ പ്രശ്‌നമല്ല. എഴുത്താണ് പ്രശ്‌നം. അത് പരിഹരിക്കാമെന്ന് അവർ ഉറപ്പുപറയുന്നു.

എങ്കിലും എനിക്കത്ര ഉറപ്പ് പോരാ. ആ ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് കോപ്പി എഡിറ്റർ മനില സി. മോഹൻ വിളിച്ചു. അവർക്കാവശ്യം ചെറിയൊരു കുറിപ്പല്ല, ഒരു യാത്രാവിവരണമാണ്. പത്ത് ലക്കമായി ആഴ്ചപ്പതിപ്പിൽ കൊടുക്കാനാണ്. ഇത്രയും എഴുതുക എന്നാൽ അസാധ്യമാണെന്ന് ഞാൻ തീർത്തുപറഞ്ഞു. ശ്രമിച്ചു കൂടേ, എഴുതാൻ മടിയാണെങ്കിൽ പറഞ്ഞു കൊടുത്താൽ മതി, എഴുതാൻ ആളുണ്ട് എന്നെല്ലാം മനില നിർബന്ധിച്ചു കൊണ്ടിരുന്നു. അതൊന്നും നടക്കുന്ന കാര്യമല്ല എന്ന് ഞാൻ വിണ്ടും പറഞ്ഞു.

അറുപതാം വയസ്സിൽ ഞാനെഴുതിയ സോളോ സ്റ്റോറ്റീസ് അമ്മയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്. ‘ഞാനെന്തെങ്കിലും എഴുതിക്കാണണം എന്ന് എന്നുമാഗ്രഹിച്ച എന്റെ അമ്മ സരസ്വതിക്ക്’ എന്നാണ് സമർപ്പണം.

പിറ്റേന്നു രാവിലെ മാതൃഭൂമിയിൽ നിന്ന് പറഞ്ഞിട്ട് വന്നതാണ് എന്നുപറഞ്ഞ് ഒരാൾ എന്റെ വീട്ടിൽ വന്നു. എനിക്ക് പരിചയമുള്ള ആളാണ്. അദ്ദേഹം കാര്യം പറഞ്ഞു. പറയാനുള്ളത് റിക്കോർഡ് ചെയ്ത് അയച്ചുകൊടുത്താൽ മതി. ബാക്കി അദ്ദേഹം
എഴുതിക്കൊള്ളാം എന്നാണ് പറയുന്നത്. മാതൃഭൂമിയിൽ തന്നെ ഈയിടെ വന്ന ഒരു ഓർമക്കുറിപ്പ് ആ രീതിയിൽ അദ്ദേഹം തന്നെ ചെയ്തതാണ് എന്നും പറഞ്ഞു.
ഞാനൊന്നും പറഞ്ഞില്ല. ഞാനൊരു യാത്ര പോയ കഥ മറ്റാരെങ്കിലും എഴുതി എന്റെ പേരിൽ പ്രസിദ്ധികരിക്കുന്നത് മോശമാണെന്ന് എനിക്കുതോന്നി. ഞാനത് മനിലയെ വിളിച്ച് പറയുകയും ചെയ്തു. എന്നാൽ നിങ്ങൾ തന്നെ എഴുതൂ എന്നായിരുന്നു മനിലയുടെ മറുപടി. നിരന്തരമായ പ്രോത്സാഹന പരമ്പരകൾക്കൊടുവിൽ, ഒരു അധ്യായം എഴുതി നോക്കാം എന്ന് ഞാൻ സമ്മതിച്ചു. ആദ്യത്തെ വാചകം എഴുതാൻ രണ്ട് ദിവസമെടുത്തു.

വേണുവിനൊപ്പം മനില സി. മോഹൻ
വേണുവിനൊപ്പം മനില സി. മോഹൻ

ഒന്നാമധ്യായം വായിച്ചിട്ട് മനില എന്നെ വല്ലാതെ പുകഴ്ത്തി. കൂടുതലൊന്നും ആലോചിക്കണ്ട എന്നും ധൈര്യമായി ബാക്കി കൂടി എഴുതിക്കോ എന്നും പറഞ്ഞ് എന്റെ കൈ പിടിച്ച് എഴുതിച്ചതാണ് അറുപതാം വയസ്സിൽ ഞാനെഴുതിയ സോളോ സ്റ്റോറ്റീസ് എന്ന എന്റെ ആദ്യത്തെ പുസ്തകം. സോളോ സ്റ്റോറീസ് ഞാനെന്റെ അമ്മയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്.
‘ഞാനെന്തെങ്കിലും എഴുതിക്കാണണം എന്ന് എന്നുമാഗ്രഹിച്ച എന്റെ അമ്മ സരസ്വതിക്ക്’ എന്നാണ് സമർപ്പണം. എന്റെ സിനിമകളേക്കാളും അവാർഡുകളേക്കാളും കൂടുതൽ അമ്മ സന്തോഷിച്ചത് ഞാനെന്തെങ്കിലും എഴുതിക്കണ്ടപ്പോഴാണ്. അതിലെനിക്ക് നന്ദി പറയാനുള്ളത് മനില സി. മോഹനോടാണ്. ▮


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments