സാഹിത്യത്തിലെ ഏറ്റവും ജനപ്രിയമായ രൂപം നോവലാണെന്ന് ഇംഗ്ലീഷ് എഴുത്തുകാരനായ ചെസ്റ്റര്‍ട്ടന്‍ അഭിപ്രായപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും വായനയുടെ ലോകങ്ങളില്‍ നോവല്‍ അതേ പദവിയിലും പരിഗണനയിലും തന്നെ ഇന്നും തുടരുന്നുണ്ട്. സാഹിത്യത്തിലെ മറ്റ് വിഭാഗങ്ങളിലെ രചനകളേക്കാളും സയന്‍സ് പുസ്തകങ്ങളെക്കാളും മെറ്റാഫിസിക്‌സ് പുസ്തകങ്ങളെക്കാളുമൊക്കെ ആളുകള്‍ കൂടുതല്‍ വായിക്കുന്നത് നോവലായതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: 'കാരണം വളരെ ലളിതമാണ്; നോവല്‍ അവയേക്കാളൊക്കെ സത്യമായതുകൊണ്ട് ' .
അതെ; സത്യവുമായി മാത്രമല്ല ജീവിതവുമായും അത്ര അടുപ്പമുള്ളതു കൊണ്ടുതന്നെയാവാം സാഹിത്യമണ്ഡലത്തില്‍ നോവല്‍ ആ നിലയിലുള്ള പദവിമൂല്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
സമഗ്രമായ നിലയില്‍ ജീവിതത്തോട് ഏറ്റവുമടുത്തുനില്‍ക്കുന്നത് നോവല്‍ തന്നെയാണ് എന്ന ഈ വിശ്വാസം ഇപ്പോള്‍ ഇവിടുത്തെ എഴുത്തുകാര്‍ക്കിടയിലും നേരത്തെയുള്ളതിനേക്കാള്‍ ബലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവാം, മലയാളത്തിലെ ചെറുതും വലുതുമായ എഴുത്തുകാരൊക്കെയും തങ്ങളിപ്പോള്‍ വ്യവഹരിച്ചുകൊണ്ടിരിക്കുന്ന മാധ്യമത്തില്‍നിന്ന് മാറി ഒരു നോവലെങ്കിലും എഴുതണമെന്നാഗ്രഹിക്കുന്നത്. കവിതയിലോ കഥയിലോ തങ്ങള്‍ വലിയ പദവിയിലിരിക്കുമ്പോഴും ഒരു നോവല്‍ എഴുതിയിട്ടില്ലെങ്കില്‍ എന്തോ ഒരു കുറവ് എഴുത്തുകാരന്‍ / എഴുത്തുകാരി എന്ന നിലയിലുള്ള തങ്ങളുടെ ഐഡന്റിറ്റിയെ ബാധിക്കാന്‍ ഇടയുണ്ട് എന്നതിന്റെ പുറത്താവാം പലരും ഒരു നോവലെങ്കിലും പരീക്ഷിച്ചു നോക്കിയത്. ഈ വിചാരത്തില്‍ നിന്നാവാം ചങ്ങമ്പുഴ പോലും 'കളിത്തോഴി' എന്നൊരു നോവല്‍ എഴുതിയത്. ചങ്ങമ്പുഴ മാത്രമല്ല കവിയെന്ന നിലയില്‍ അതേ പേരും പെരുമയുമുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടും 1977- ല്‍ ഹിരണ്യം എന്നൊരു നോവല്‍ എഴുതിയിരുന്നു. റഫീഖ് അഹമ്മദ് (അഴുക്കില്ലം) കല്‍പ്പറ്റ നാരായണന്‍ (ഇത്രമാത്രം , എവിടമെവിടം ) എസ്. ജോസഫ് (പുലരിയില്‍ മൂന്നു തെങ്ങുകള്‍), മനോജ് കുറൂര്‍ ( നിലം പൂത്ത് മലര്‍ന്നനാള്‍) പ്രഭാവര്‍മ്മ (ആഫ്റ്റര്‍ ദ ആഫ്റ്റര്‍മാത്) തുടങ്ങിയ കവികളൊക്കെ നോവലുകള്‍ എഴുതിക്കഴിഞ്ഞു.
ആധുനികകാലത്തെ സാഹിത്യവികാസനാടകത്തിലെ നായകന്‍ നോവലാണെന്ന് പറഞ്ഞത് റഷ്യന്‍ സൈദ്ധാന്തികനായ മിഖായല്‍ ബക്തിനാണ്. നോവല്‍ രൂപപ്പെട്ടതു മുതല്‍ സമൂഹത്തിന്റെ വൈവിധ്യം അത്ര ആഴത്തില്‍ ഈ മാധ്യമത്തില്‍ പ്രതിഫലിച്ചതിന്റെ ചരിത്രം വായനയിലുള്ളതു കൊണ്ടാവാം ഇങ്ങനെയൊരഭിപ്രായം. ബഹുഭാഷണത്തിന്റെ വലിയൊരു ലോകമാണ് നോവലിന്റേത്. മറ്റ് ഭാഷാവ്യവഹാരങ്ങളില്‍ നിന്നും മിക്കവാറും നോവലുകളെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം നോവല്‍ വിഭാവനം ചെയ്യുന്ന ശബ്ദമുഖരിതമായ സ്വതന്ത്രലോകത്തിന്റെ സവിശേഷതകളാണ്. നിയോ ക്ലാസിക് കൃതികളിലെ ബ്രാഹ്മണാധിപത്യത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ പല നിലയില്‍ നിരാകരിച്ചു കൊണ്ടാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ പോലും പ്രത്യക്ഷപ്പെട്ടതെന്ന് ഇവിടെ ഓര്‍ക്കാവുന്നതാണ്.
അതുകൊണ്ടുതന്നെ ജനപ്രിയതയോടൊപ്പം ജനാധിപത്യത്തിന്റെ വലിയ ഇടം കൂടി നോവല്‍ എന്ന ആഖ്യാനരൂപം ഇതിനകം കൈവരിച്ചിട്ടുണ്ട്. ഭാഷയിലെ ഏറ്റവും കുറുകിയ രൂപത്തില്‍ സംഗ്രഹിക്കപ്പെടണമെന്ന കാവ്യനിശ്ചയങ്ങളൊന്നും ഈ സമഗ്രമായ ആഖ്യാന രൂപത്തിനില്ല എന്നതുതന്നെ ഇതിന്റെ ജനാധിപത്യ ഇടത്തെ വിപുലമാക്കുന്നുണ്ട്. ആധുനികാനന്തരവും തുടരുന്ന ജനാധിപത്യത്തോടുള്ള വായനക്കാരുടെ ഈ വിനിമയം മറ്റൊരു ഭാഷാരൂപങ്ങള്‍ക്കും ഈ നിലയില്‍ ആര്‍ജിക്കാനായിട്ടില്ല എന്നതാണ് സത്യം. വായനയുടെയും അതിനെ നിര്‍ണയിക്കുന്ന ജനപ്രിയയുടെയും ഈ സാധ്യതയാവാം ഒരു പക്ഷെ കവികളെയും ഇതിലേക്കടുപ്പിക്കുന്നത്. കവികള്‍ മാത്രമല്ല, മലയാളത്തിലെ കഥാകൃത്തുക്കളും ഇപ്പോള്‍ ഈ വഴിക്ക് വരുന്നതായി കാണാം.
ഈ തുടര്‍ച്ചകളിലാണ് കവിയായ സോമന്‍ കടലൂര്‍ എഴുതിയ 'പുള്ളിയന്‍ ' എന്ന നോവല്‍ വായിക്കാനെടുത്തത്. എഴുത്തുകാരുടെ ഇത്തരമൊരു ഇച്ഛയുടെ പ്രതിഫലനമാണോ പുള്ളിയനിലൂടെ അദ്ദേഹം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത് എന്ന് വായനക്കാർ സംശയിച്ചാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, ഈ നോവലില്‍ പ്രത്യക്ഷത്തില്‍ ആഖ്യാനം ചെയ്യുന്ന പ്രമേയം അതല്ലെങ്കില്‍പ്പോലും ചില രൂപകങ്ങളുടെ അരികുപറ്റി സഞ്ചരിച്ചാല്‍ ആന്തരികമായി അത് ഈ ആഗ്രഹത്തിന്റെ പ്രതിഫലനം തന്നെയാണെന്നു പറയാം. രൂപകങ്ങളെ സംബന്ധിച്ച അടിസ്ഥാന ചട്ടക്കൂടുകളെ അപ്രസക്തമാക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് കൃതിയിലേക്ക് നോക്കുമ്പോള്‍ മാത്രം വെളിപ്പെടുന്ന ചില കാര്യങ്ങള്‍ പുള്ളിയന്‍ എന്ന നോവലില്‍ നിന്ന് കണ്ടെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. അല്ലെങ്കില്‍ തീര്‍ത്തും പരോക്ഷമായ താരതമ്യങ്ങളിലേക്ക് സ്വാതന്ത്ര്യപ്പെടാനുള്ള ഭാഷാലീലകളിലൊന്നായി ഈ വായനയെ കണക്കാക്കാവുന്നതുമാണ്.
പുള്ളിയന്‍ ചിരുകണ്ടന്റെ കഥയാണ്. അയാള്‍ക്കൊപ്പം നില്‍ക്കുകയും എതിര്‍നില്‍ക്കുകയും ചെയ്യുന്ന കരയുടെയും തിരയുടെയും കഥ. അയാളെ എപ്പോഴും കൊതിപ്പിക്കുകയും മദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന കടലിനെ പശ്ചാത്തലമായി നിര്‍ത്തി എഴുതപ്പെട്ട കഥ. ഒറ്റക്കല്ലിലേക്ക് ഒറ്റത്തോണിയില്‍ ചൂണ്ടയിടാന്‍ പോകുന്നവനില്‍ത്തുടങ്ങി ആഴക്കടലില്‍ പോയി ഭീമാകാരനായ പുള്ളിയന്‍ തിരണ്ടിയെ കീഴടക്കുന്നതു വരെയുള്ള ആഖ്യാനപരമ്പര. ഈ ആഖ്യാനത്തിന് ഭാഷയും ഭാവനയും മാത്രമല്ല എഴുത്തുകാരന്റെ ബലം. മറിച്ച് ഓര്‍മകളാണ്. പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും ചരിത്രങ്ങളും നിറഞ്ഞ ഓര്‍മകള്‍. പണ്ട് ആദി മുത്തപ്പന്‍ മുത്താച്ചിക്ക് ഓരോരോ പൊരുള് പറഞ്ഞുകൊടുക്കുമ്പോള്‍ മുത്താച്ചിയുടെ മടിയിലിരുന്ന മകന്‍ കരിവണ്ടായി ഒളിച്ചിരുന്ന് അറിവ് കേട്ടു. ഒളിച്ചു കേട്ടതുകൊണ്ട് മകന്‍ കടലുങ്കരയില്‍ പുള്ള്യന്‍ തിരണ്ടിയായി ജനിക്കട്ടെ എന്ന് മുത്തപ്പന്‍ മോനെ ശപിച്ചതാണ്. ഒപ്പം കടലോരത്തെ പ്രമാണിയുടെ മകളായി മുത്താച്ചിയും ജനിക്കട്ടെ എന്നും. പുള്ള്യന്‍ അങ്ങനെ കടലിലെ രാജാവായി. പുള്ള്യന്‍ തിരണ്ടിയെ പിടിക്കുന്നോന് മകളെ കല്യാണം കഴിച്ചു കൊടുക്കാമെന്ന് പ്രമാണി പറഞ്ഞു. ഇങ്ങനെ ഓരോ കാലവും തുടരുന്ന ജനനവും മരണവും. ഇതിന് സമാനമായ എത്രയോ സന്ദര്‍ഭങ്ങളെ അനുസ്മരിപ്പിക്കുന്ന കഥകള്‍ ഇതിഹാസങ്ങളിലുണ്ട്. മുകളില്‍ സൂചിപ്പിച്ച കഥ പോലെ അതിനോടൊക്കെ ചേര്‍ന്നുനില്‍ക്കുന്ന അനേകം മിത്തുകള്‍ ഈ നോവലിലുണ്ട്.
ചിരുകണ്ടന്‍ എന്ന മുഖ്യകഥാപാത്രം ആഴത്തിലാഴത്തിലനുഭവിച്ച കടലും കരയുമൊക്കെ ഈ ഓര്‍മകളും സ്വപ്നങ്ങളുമൊക്കെയായാണ് നോവലില്‍ തെളിയുന്നത്. അതിന് എഴുത്തുകാരന്‍ പലയിടങ്ങളിലായി തന്റെ ഉള്ളിലെ ഫോക് ലോറിസ്റ്റിനെക്കൂടി ഉപയോഗിക്കുന്നുണ്ട്. ആ കൂട്ടുചേരലാണ് നോവലിനെ മികവുറ്റതാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഇങ്ങനെ ഓര്‍മകളെയും സ്വപ്നങ്ങളെയും ഇഴപിരിച്ചവതരിപ്പിക്കുന്നതിനിടയില്‍ നിലാവും നക്ഷത്രങ്ങളും ആകാശ വിജനതയും ആഴിപ്പരപ്പും അതിന്റെ മായികതയുമെല്ലാം ചേര്‍ന്ന് പുള്ളിയന്‍ മലയാളത്തിലെ ഏറ്റവും ലാവണ്യാത്മകമായ ഒരു കലാശില്പമായി സ്വയം ഉയരുന്നുണ്ട്.
തകഴിയുടെ ചെമ്മീന്‍ പോലുള്ള വലിയ ആഖ്യാനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ നോവലില്‍ അവതരിപ്പിക്കുന്ന കടലുങ്കരയും കടലും പലതുകൊണ്ടും മലയാള സാഹിത്യത്തിലെ പുതിയ സ്ഥലമാണ്. ആ സ്ഥലത്തെ മനുഷ്യരും ജീവിതവും സത്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അച്ഛനുള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ച അനേകം പേരുടെ ഓര്‍മ്മകള്‍ ഈ നോവലിന് ലവണമായിട്ടുണ്ടെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല നോവലിസ്റ്റ് മുന്‍പെഴുതിയ ഒരു കുറിപ്പിന്റെ തുടര്‍ച്ചയാണ് പുള്ളിയന്‍. 'ഭാവനയെ അമ്പരപ്പിക്കുന്ന ആ അനുഭവ വിവരണത്തിലെ നായകന്‍ ഞങ്ങളുടെ കടലോര ഗ്രാമത്തിലെ കാട്ടില്‍ വളപ്പില്‍ വേണുവേട്ടനാണ് ' എന്ന് ആ കുറിപ്പിനെപ്പറ്റി ആമുഖത്തില്‍ നോവലിസ്റ്റ് തന്നെ പറയുന്നുണ്ട്. ആ നിലയില്‍ പുള്ളിയനിലൂടെ നോവലിസ്റ്റ് കേള്‍പ്പിക്കുന്നത് വിനീതനായ ഒരു ചരിത്രകാരന്റെ സ്വരമാണ്. കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങളേക്കാള്‍ നോവലിസ്റ്റ് പരിഗണിച്ചത് വരേണ്യമായ അതിരുകള്‍ക്കിപ്പുറത്ത് കിടക്കുന്ന സ്ഥലത്തെ ജീവിതങ്ങളെയും ഭാഷയെയും അടയാളപ്പെടുത്തുന്നതിലാണ്.
തീരവുമായി ബന്ധപ്പെട്ട ജീവിതങ്ങളിലെ നാട്ടുവഴക്കങ്ങള്‍ കൂടിയാണ് നോവലിന്റെ പ്രചോദനം. ഈ നാട്ടുവഴങ്ങളുടെ ധ്വനികളും പ്രതിധ്വനികളും കീഴാളജീവിതമെന്ന് മുദ്രകുത്തപ്പെട്ട ജീവിതത്തിന്റെ ചരിത്രത്തിലേക്കുള്ള വെളിച്ചംപായിക്കലാണ്. ഇതുവരെ വെളിപ്പെടാതിരുന്ന മീന്‍ പിടുത്തക്കാരുടെ ജൈവലോകവുമായുള്ള വിനിമയത്തിന് കടലോരത്തെ വാക്കുകളെത്തന്നെ ഉപാധിയാക്കിയുള്ള ഭാഷാ സഞ്ചാരം കൂടിയായി പുള്ളിയന്‍ മാറിയത് അതുകൊണ്ടാവാം. ഇക്കാരണംകൊണ്ടുതന്നെ കടലുങ്കരയുടേതുമാത്രമായ ഒപ്പം വരേണ്യമായ സമൂഹസ്ഥലങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ട് ഉല്‍പ്പാദിപ്പിക്കപ്പെട്ട വാങ്മയങ്ങളോരോന്നും കീഴാളചരിത്രത്തിലേക്കുള്ള ഉദ്വേഗഭരിതമായൊരു ഉണര്‍ച്ച കൂടിയാവുന്നുണ്ട്. കടലറിവുകളാല്‍ നേരത്തെ തന്നെ സമ്പന്നമായ എഴുത്തുകാരന്റെ തീരദേശ പാരമ്പര്യം കൂടിയാണ് ഈ നോവലിനെ ഇത്ര നവീനവും കരുത്തുള്ളതുമാക്കിയത്. ആ പാരമ്പര്യത്തെ പിന്‍പറ്റിയുള്ള എഴുത്തായതുകൊണ്ടാണ് മഹത്തരം, നിസ്സാരം എന്നിങ്ങനെ യാഥാര്‍ത്ഥ്യത്തെ നിര്‍വചിക്കാന്‍ നാമുപയോഗിച്ചിരുന്ന തരം തിരിവുകളെയൊക്കെ പുറത്താക്കിക്കൊണ്ട് സമത്വാധിഷ്ഠിതമായ ചരിത്രനിര്‍മിതിയിലേക്കുള്ള മറ്റൊരു ക്ഷണം കൂടിയാക്കി പുള്ളിയനെ മാറ്റിയത്.
എഴുത്തുകാരെ എപ്പോഴും പ്രചോദിപ്പിച്ച ഇടമാണ് കടല്‍. സോമന്‍ കടലൂരും ആ കൂട്ടത്തില്‍ത്തന്നെയാണ്. കവിയായ നോവലിസ്റ്റിന്റെ മുന്‍കാല ആഖ്യാനങ്ങളിലൊക്കെ ; കവിതയിലായാലും വരയിലായാലും കടലിന്റെ സാന്നിദ്ധ്യം പലയിടത്തും കാണാമെങ്കിലും അതൊക്കെ ഒറ്റക്കല്ലില്‍ ചൂണ്ടയിടാന്‍ പോകുന്ന ചിരുകണ്ടന്റെ കാല്‍വെപ്പുപോലെ ഒറ്റയൊറ്റ അനുഭവങ്ങളുടെ ആവിഷ്‌കരണ ശ്രമങ്ങളായിരുന്നു. സോമന്‍ കടലൂരിന്റെ 501 കവിതകളുടെ സമാഹാരമായ കടലൂര്‍ക്കവിതകളില്‍ത്തന്നെ പലയിടങ്ങളിലായി ഈ കടല്‍ തെളിഞ്ഞുകാണാം. ഒന്ന് പലതാകുന്ന കലയാണ് കവിതയുടെ സഹജമായ സ്വത്വം.
എന്നാല്‍, ഈ കവിതകളിലെ കടല്‍ പലപ്പോഴും വെറും കടല്‍ തന്നെയാണ്. അത് മറ്റൊന്നായി രൂപം പ്രാപിക്കുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമാണ്. കാളിദാസന്‍ മേഘത്തെ കണ്ടപ്പോള്‍ കുട്ടിക്കുറുമ്പനാനയാണെന്നു തോന്നിയതു പോലെയോ, തൃശൂര്‍ പൂരത്തിന് പതിനഞ്ചാനകളെ കണ്ടപ്പോള്‍ വൈലോപ്പിള്ളിക്ക് പതിനഞ്ച് കരിമ്പാറകള്‍ നടക്കുന്നതായി തോന്നിയതുപോലെയോ ഉള്ള വിചാരങ്ങളിലല്ല കടല്‍ കാവ്യാനുഭവമായി ഈ കവിതയിലൂടെ മുദ്രിതമായത്. പലപ്പോഴും കടല്‍ അതായിത്തന്നെ നേരിട്ട് പ്രത്യക്ഷമാവുകയാണ്. തെളിവിനായി ചില കവിതകള്‍ ഉദാഹരിക്കാം.:
ആദ്യമായി
കടലില്‍ കുളിച്ചപ്പോള്‍
എനിക്കൊരു
കവിതാ പുസ്തകം കിട്ടി.
- (കടലില്‍ മുങ്ങുമ്പോള്‍ ).
കടലോളം
ആഴമുള്ള
ഏത്
കാമുകനുണ്ട്?
- (പുഴ ).
ഉള്ളില്‍
ഒരു തരി മതി
ഒരാള്‍ക്ക്
കരുണയുടെ കടലാവാന്‍
- (ഉപ്പ് ).
ആരാകിലെന്ത്!
നമ്മളറിഞ്ഞു പരസ്പരം
കടലാഴം പോലതുമാത്രമേ സത്യം.
- ( വിരഹക്കടല്‍ ).
കടലിന്റെ അനുവാദമില്ലാതെകവിതയെക്കുറിച്ച്
ഒരക്ഷരം മിണ്ടേണ്ട.
- (മിണ്ടരുത്).
എത്ര നേരം ഒരാള്‍ക്ക്
കടലില്‍ ആഴ്ന്നിരിക്കാം.
- (ശ്വാസം)
ഇങ്ങനെ എത്രയോ കവിതകള്‍ ഈ നോവലിസ്റ്റിന്റേതായി നമ്മുടെ മുമ്പിലുണ്ട്. ഒന്നിനെ മറ്റൊന്നായി കാണുന്നതിലല്ല കവിയുടെ താല്‍പര്യം. മറിച്ച് വാസ്തവോക്തിയിലുള്ള ആവിഷ്‌കരണത്തിനാണ്. ശബ്ദം അതിന്റെ അര്‍ത്ഥത്തേയും അര്‍ത്ഥം അതിന്റെ അര്‍ത്ഥത്തെയും അപ്രധാനീകരിച്ച് മുഖ്യമായ മറ്റൊരര്‍ത്ഥത്തെ ധ്വനിപ്പിക്കാന്‍ ശേഷിയുള്ള നിലയിലാണോ കടല്‍ ഈ കവിതകളിലൊക്കെ സ്ഥാനപ്പെടുന്നത് എന്നന്വേഷിച്ചാല്‍ മറ്റെല്ലാം മറന്ന് ധ്വനിപാഠങ്ങളെ മാറ്റിവെക്കേണ്ടിവരും.
അതുകൊണ്ടുതന്നെ കവിതയിലെ അര്‍ത്ഥാന്തരങ്ങളന്വേഷിച്ച പുതുമൊഴിവഴികളുടെ കണക്കു പുസ്തകങ്ങളിലൊന്നും ഈ കടല്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. 'വഴിയോരത്തെ ചുമരിലൊട്ടിച്ച ഒരു പോസ്റ്ററിലെ അലങ്കാരമേതുമില്ലാത്ത എഴുത്ത് നിങ്ങളെ പിന്തുടരുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയാക്കാം ആ എഴുത്തില്‍ കവിതയുണ്ട് എന്ന്. സോമന്‍ കടലൂരിന്റെ കവിതകള്‍ ഈ ഗണത്തില്‍പ്പെടുന്ന ആവിഷ്‌കാരങ്ങളാണ് ' എന്ന് ഈ കവിതകളെക്കുറിച്ച് പി.പി. രാമചന്ദ്രന്‍ എഴുതിയത് ഓര്‍ക്കാവുന്നതാണ്. ഏതെങ്കിലും ഗണത്തില്‍പ്പെടുത്തിമാത്രം അകത്താക്കല്‍. അല്ലെങ്കില്‍ പുത്താക്കല്‍.
അത് കവിക്കുമറിയാം.
നിന്റെ മെത്തയില്‍ കിടക്കാന്‍
ഈ അട്ടക്ക് ഒട്ടും താല്പര്യമില്ല
- (പുതുമൊഴി) എന്ന കവിത അതിനെയാണ് ധ്വനിപ്പിക്കുന്നത്.
പുതുമൊഴിവഴികളിലെ ആധികാരികമായ ഇടങ്ങളില്‍ നിന്നുള്ള ഈ മാറ്റിനിര്‍ത്തല്‍ ഒരു ശിക്ഷയായിത്തന്നെ കവി തിരിച്ചറിഞ്ഞിട്ടുണ്ട്. ആ കാര്യത്തില്‍ 'അവഗണനയുടെ ജീവപര്യന്തം ' (ശിക്ഷ) ശിക്ഷ അനുഭവിക്കുന്ന എഴുത്തുകാരനാണ് ഇദ്ദേഹം. യഥാര്‍ത്ഥത്തില്‍ ഈ കാവ്യാവഗണനയില്‍ നിന്നുള്ള കുതിച്ചുചാട്ടമാണ് പുള്ളിയന്‍ എന്ന നോവല്‍. ഇങ്ങനെ നോക്കിയാല്‍ ചിരുകണ്ടന്റെ പുള്ളിയന്‍ വേട്ട ഒറ്റ രൂപകാലങ്കരത്തിന്റെ പ്രത്യക്ഷരൂപമാണെന്നു കാണാം. അനേകാഖ്യാനങ്ങള്‍ക്കു ശേഷമുള്ള ഈ തിരിച്ചറിവില്‍ നിന്നാവാം,
ഒരിക്കല്‍ പോലും
കടലാഴം കാണാന്‍ കഴിയാതെ
തീരത്തിരുന്ന്
തിരയെണ്ണി
കണ്ണ് കഴച്ചുപോയ
മുക്കുവനാണ്
-( പരാജിതന്‍) എന്ന് കവി എഴുതിയത്.
കഴിഞ്ഞ മുപ്പതിലധികം വര്‍ഷമായി കവിതകളെഴുതിക്കൊണ്ടിരിക്കുന്ന കവി തന്റെ സമ്പൂര്‍ണ സമാഹാരത്തിനെഴുതിയ ആമുഖത്തില്‍ ഈ കാര്യം സൂചിപ്പിട്ടുണ്ട്: 'വരയിലൂടെയും വാക്കിലൂടെയും എന്റേതായ ചെറിയ രചനാത്മകലോകം സൃഷ്ടിക്കാനാണ് ഇതുവരെ ശ്രമിച്ചത് '.
ചിരുകണ്ടന്‍ കടലിനെ നോക്കിയിരിക്കുമ്പോള്‍ തെളിയുന്ന കടലിന്റെ ഉപരിതലത്തിനു മാത്രമേ എഴുത്തുകാരന്റെയും കവിതയില്‍ ഇടമുണ്ടായിരുന്നുള്ളൂ എന്ന ഈ തിരിച്ചറിവാകാം പുള്ളിയന്‍ എന്ന നോട്ടിക്കല്‍ (Nautical Novel) നോവലിലേക്കുള്ള പ്രേരണ. കടലിനെ ഭാഷയായി സങ്കല്‍പ്പിച്ചാല്‍ ഇത് എളുപ്പം ബോധ്യമാവും. പ്രധാനമായും കടലിനെ അടിസ്ഥാനമാക്കിയുള്ള രചനകളാണ് നോട്ടിക്കല്‍ ഫിക്ഷന്‍. കഥാപാത്രങ്ങളും പ്രവര്‍ത്തനങ്ങളും നിര്‍വചിക്കപ്പെടുന്നത് അവരെ ചുറ്റിപ്പറ്റിയുള്ള സമുദ്രാന്തരീക്ഷത്തില്‍ക്കൂടിയാണ്. സാധാരണയായി നോട്ടിക്കല്‍ ഫിക്ഷന്‍ പുരുഷത്വത്തിലും വീരത്വത്തിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് പതിവ്. കടലിന്റെ പ്രതികൂല അന്തരീക്ഷത്തില്‍ വ്യക്തിയുടെ മാനസികവും ശാരീരികവുമായ പോരാട്ടങ്ങളെയാണ് ഇത്തരം കൃതികളില്‍ കൂടുതല്‍ കാണുന്നത്. പുള്ളിയനിലെ പ്രധാന കഥാപാത്രത്തിന്റെ പോരാട്ടത്തിന്റെയും വീരത്വത്തിന്റെയും പിന്നില്‍ എഴുത്തുകാരന്റെ, നേരത്തെ സൂചിപ്പിച്ച പരാജിതന്റെ അബോധം കൂടി പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. അത് സൂക്ഷ്മമായി വെളിപ്പെടുന്ന കടലും കരയുമെന്ന നോവലിന്റെ അവസാന അധ്യായം അത്ര ഗംഭീരമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. പരാജിതന്റെ വിജയകരമായ തുഴയെറിയലാണത്. എഴുത്തുകാരനെ സംബന്ധിച്ച് ഒരു യുദ്ധമാണത്. തന്റെ സര്‍ഗാത്മക സ്വത്വത്തിനെ നിര്‍വചിക്കാനുള്ള യുദ്ധം. അവിശ്വസനീയമായി നില്‍ക്കുന്ന ഒരു യുദ്ധത്തില്‍ ഭ്രാന്തിലേക്ക് തെന്നിപ്പോകുമായിരുന്ന മനസിനെ പിടിച്ചു നിര്‍ത്തുന്ന ഓര്‍മ്മകള്‍ക്ക് ചിരുകണ്ടന്‍ നന്ദി പറയുന്നത് ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. ഓര്‍മകള്‍ കൊണ്ടാണ് പ്രതികൂലമായ എല്ലാറ്റിനെയും അയാള്‍ മറികടക്കുന്നത്. അതെ; ഓര്‍മ്മകളാണ് ഈ നോവലിനെ നിര്‍ണയിച്ച ആന്തരികതാളം.
'കടല്‍നായാട്ടിനിടയില്‍ ആദ്യമായും അവസാനമായും നേരിടുന്ന, അന്തരംഗത്തെ വിഭ്രാന്തിയില്‍ മുക്കുന്ന ഈ മാരകനിമിഷങ്ങളെ മറികടക്കാന്‍ ഓര്‍മകള്‍ പോലെ ബലമുള്ള മറ്റേത് വഞ്ചിയുണ്ടെന്ന് ചിരുകണ്ടന്‍ ചിന്തിച്ചു പോയി' എന്നെഴുതിയത് ഇവിടെ ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. മറ്റ് നോവലുകളില്‍ നിന്ന് പുള്ളിയനെ വേറിട്ടതാക്കുന്നത് ഓര്‍മകള്‍ തന്നെയാണ്. ഒരു കാവ്യപാരമ്പര്യത്തിനും പുറത്താക്കാന്‍ കഴിയാത്ത തന്റെ സ്വന്തം ജൈവപാരമ്പര്യം. അതില്‍ അഭിമാനം കൊള്ളുന്ന എഴുത്തുകാരനെ പുള്ളിയ നില്‍ പലയിടങ്ങളിലായിക്കാണാം. 'രാക്കടല്‍ വിരിച്ചിട്ട അങ്കത്തട്ടില്‍ മുന്നൊരുക്കമേതുമില്ലാതെ പോരാടേണ്ടി വന്ന കടല്‍യോദ്ധാവിന് പക്ഷേ, സ്മരണകളുടെ അധികബലമുണ്ടായിരുന്നു.' . സ്മരണകളുടെ ഈ അധികബലമാണ് പുള്ളിയനെ ഗംഭീരമായ ഒരാഖ്യാനമാക്കി മാറ്റുന്നത്. ചിരുകണ്ടനെപ്പോലെ ചെറിയ മീനുകളില്‍ നിന്ന് മാറി പുള്ളിയനെന്ന ബൃഹത് ലോകത്തെ വേട്ടയാടുന്നതിലേക്ക് , വലിയ ആഖ്യാനത്തെ കീഴടക്കുന്നതിലേക്ക് എഴുത്തുകാരനെ പ്രേരിപ്പിച്ചിച്ച ഈ അബോധ സൂചനകള്‍ സൂക്ഷ്മമായി നോക്കിയാല്‍ നോവലില്‍ പലയിടത്തായി കാണാം. വ്യക്തിയുടെ ആത്മനിഷ്ഠതയെ ചോദ്യം ചെയ്യുന്ന മണ്ഡലത്തില്‍ നിന്ന് സ്വന്തം പ്രതിച്ഛായയെ പുനര്‍ നിര്‍വചിക്കുന്നതിനുള്ള ഈ ശ്രമത്തില്‍ ഒരു നോവലിസ്റ്റ് എന്ന നിലയില്‍ തന്റെ സ്വത്വം വിജയകരമായ നിലയില്‍ സോമന്‍ കടലൂര്‍ അടയാളപ്പെടുത്തി എന്നതാണ് പുള്ളിയന്‍ ഉണ്ടാക്കിയ മാറ്റം.
ഏത് എഴുത്തുകാരനും എഴുത്തുകാരിയും പല മാധ്യമങ്ങളില്‍ തങ്ങളെ പരീക്ഷിച്ച് വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തതിന് എത്രയോ തെളിവുകള്‍ ചരിത്രത്തിലുണ്ട്. എന്നാല്‍ മലയാളത്തില്‍ ടി.പി. രാജീവനെപ്പോലെ കവിതയും നോവലും ഒരുപോലെ വഴങ്ങിയവര്‍ അപൂര്‍വമാണ്. അടിസ്ഥാനപരമായി ഓരോ എഴുത്തുകാര്‍ക്കും ഓരോ മാധ്യമമുണ്ടോ? ചിലര്‍ തുടക്കം തന്നെ അത് തിരിച്ചറിഞ്ഞ് അതില്‍ത്തുടങ്ങുകയാണോ. മറ്റു ചിലര്‍ പലതിലൂടെയും സഞ്ചരിച്ച് അതിലേക്കെത്തുകയാണോ. അറിയില്ല. അത് ഓരോ എഴുത്തുകാരും തങ്ങളുടെ എഴുത്തിനിടയില്‍ സ്വയം തിരിച്ചറിയട്ടെ. പുള്ളിയന്റെ എഴുത്തുകാരന്‍ അങ്ങനെയൊരാളാണ്. രചനാപരമായ തകര്‍ച്ചയോ ഉയര്‍ച്ചയോ ആയി വിലയിരുത്താനല്ല. മറിച്ച്, എഴുത്തുകാര്‍ ഏറ്റവും പ്രകാശമാനമായി തെളിയുന്ന ഇടം അവരുടെ സര്‍ഗാത്മക സഞ്ചാരത്തിനിടയില്‍ നിന്ന് വായനക്കാര്‍ക്ക് എളുപ്പം തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങള്‍ മാത്രമായാണ് മാധ്യമമാറ്റങ്ങളെ കാണേണ്ടത്.
കഥകളില്‍ നിന്ന് നോവലുകളിലേക്കുള്ള മാറ്റം കവിതയില്‍ നിന്ന് നോവലുകളിലേക്കുള്ള പ്രയാണത്തേക്കാള്‍ എളുപ്പമാണെന്നതാണ് മലയാളസാഹിത്യത്തിലെ ചരിത്രാനുഭവം. മികച്ച കഥകള്‍ എഴുതിയ ഒ.വി. വിജയനും എം. മുകുന്ദനും ആനന്ദും എന്‍. പ്രഭാകരനുമൊക്കെ നോവലെഴുതിയപ്പോള്‍ കഥകളെഴുതിയ എഴുത്തുകാരെന്നതിനേക്കാള്‍ വലുപ്പമാര്‍ജിച്ചവരാണ്. തിരിച്ച് നോവലെഴുത്തിനു ശേഷമുള്ള കവിതയെഴുത്തില്‍ ആനന്ദോ എന്‍. പ്രഭാകരനോ കവികള്‍ എന്ന നിലയില്‍ നോവലിസ്റ്റിനേക്കാള്‍ അധികപദവിയിലേക്കുയര്‍ന്നവരല്ല.
എന്തുതന്നെയായാലും മലയാളത്തില്‍ ഇന്നുള്ള ഏതൊരെഴുത്തുകാരനും എഴുത്തുകാരിയും നോവലെഴുത്തിലൂടെ വലിയ പദവിമൂല്യമാര്‍ജിച്ചവരാണ്. മീശ എന്ന നോവലെഴുതിയ എസ്. ഹരീഷ് തന്നെയാണ് അത്രതന്നെ ഗംഭീരമായ കഥകളെഴുതിയ കഥാകൃത്തിനേക്കാള്‍ കരുത്തന്‍. ആരാച്ചാരും ഘാതകനുമുണ്ടാക്കിയ വലുപ്പം തന്നെയാണ് കെ.ആര്‍. മീരയുടേത്. മനുഷ്യന് ഒരാമുഖവും സമുദ്രശിലയും നല്‍കിയ പദവിമൂല്യം തന്നെയാണ് സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരന്റേത്. മൂന്നോ നാലോ കഥാസമാഹാരങ്ങള്‍ ഇറങ്ങിയിട്ടും ഇപ്പോഴും കരിക്കോട്ടക്കരിയുടെയും പുറ്റിന്റെയും എഴുത്തുകാരനാണ് വിനോയ് തോമസ്. എഴുത്തുകാര്‍ വലുപ്പമാര്‍ജിക്കുന്നത് നോവലുകളിലൂടെ തന്നെയാണ് എന്നതിന് സമീപകാല തെളിവുകളില്‍ച്ചിലത് ഇവിടെ ഉദാഹരിച്ചു എന്നു മാത്രം.
മലയാളത്തില്‍ ഗംഭീര കഥകളെഴുതിയ എം. മുകുന്ദന്‍ ആദരിക്കപ്പെടുന്ന ഇടങ്ങളില്‍നിന്നെല്ലാം നാമിപ്പോഴും കേള്‍ക്കുന്ന വാക്യം മയ്യഴിപ്പുഴയെ ഓര്‍മിച്ചു കൊണ്ടു തന്നെയാണ്. എത്രയോ കഥകളെഴുതിയ ടി.ഡി. രാമകൃഷ്ണനും ബെന്യാമിനുമൊക്കെ നമുക്ക് നോവലിസ്റ്റുകള്‍ മാത്രമാണ്. പണത്തിന്റെ മൂല്യമെടുത്താല്‍ ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ജെ.സി.ബി അവാര്‍ഡ് വര്‍ഷാവര്‍ഷം നോവലിനാണ് കിട്ടുന്നത്. നോബല്‍ പ്രൈസ് കിട്ടിയ മറ്റേത് സാഹിത്യ ഗണങ്ങളില്‍പ്പെട്ട വയേതിനേക്കാളും നോവലിന് തന്നെയാണ് വായനക്കാരുള്ളത്. കവിത ഒരു ന്യൂനപക്ഷത്തിന്റേതാവുമ്പോള്‍ നോവല്‍ ഭൂരിപക്ഷത്തിന്റേതാവുന്നു. നോവല്‍ നല്‍കുന്ന ഈ അധികമൂല്യത്തെക്കുറിച്ച് വായനക്കാര്‍ തന്നെ ഒരു തീര്‍പ്പിലെത്തിയതായി നമുക്കിതില്‍ നിന്ന് മനസിലാക്കാം. അതുകൊണ്ടുതന്നെ നമ്മുടെ എഴുത്തുകാരെയെല്ലാം ഈ അസ്വസ്ഥത വേട്ടയാടുന്നതില്‍ അത്ഭുതമില്ല.
ചരിത്രം എന്ന മഹാവിസ്തൃതിയെ പരപ്പിലും ആഴത്തിലും അഭിസംബോധന ചെയ്യാന്‍ നോവല്‍പോലൊരു ആഖ്യാനം തന്നെ വേണമെന്ന ഈ തിരിച്ചറിവാണ് അല്ലെങ്കില്‍ അബോധമാണ് പുള്ളിയനെ സാധ്യമാക്കിയതെന്ന് നിശ്ചയം. ഏകാനുഭൂതിപ്രധാനമായ പൂര്‍വ്വകാല സാഹിത്യരൂപമായ കവിതയില്‍ നിന്ന് ഭിന്നമായ നോവലിന്റെ പുതിയ പിറവി. അതിന്റെ തുടര്‍ച്ചയിലുണ്ടാവും ഈ എഴുത്തുകാരന്‍ എന്നുറപ്പിക്കാം. നോവലിന്റെ അവസാന ഭാഗത്ത് ഇങ്ങനെയൊരു വാക്യം കാണാം: 'പുതിയ പിറവിക്കായി ചിരുകണ്ടനും തോണിയും കടലിന്റെ ഗര്‍ഭപാത്രം തേടി അലഞ്ഞു'.
അതെ, കടലിരമ്പത്തിന്റെ കലയായിരിക്കുവാന്‍ കെല്പുള്ള സാഹിത്യഗണം നോവലാണെന്ന് ഉറപ്പിച്ചുകൊണ്ടുള്ള എഴുത്തുകാരന്റെ അലച്ചില്‍ കൂടിയാണത്.
ഭാവിയില്‍ എഴുതാനിരിക്കുന്ന നോവലുകളിലെ പ്രമേയ സ്ഥലങ്ങളെ ആദ്യം ചെന്നു സന്ദര്‍ശിക്കുന്ന നിരീക്ഷകരാണ് ആനന്ദിന്റെ കഥകളെന്ന് കെ. സി. നാരായണന്‍ എഴുതിയിട്ടുണ്ട്. അതുപോലെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഏകാകിയുടെ മീന്‍ വേട്ട എന്ന പേരില്‍ ഒരു കടല്‍ക്കുറിപ്പ് ഡോ. സോമന്‍ കടലൂര്‍ എഴുതിയിരുന്നു. ഒറ്റത്തോണിയില്‍ ആഴത്തിനുമുയരത്തിനുമിടയില്‍ രാക്കടലില്‍ ചൂണ്ടയെറിയുന്ന മനുഷ്യനെക്കുറിച്ചുള്ള ആ വിചാരം വളര്‍ന്നുവളര്‍ന്ന് വലുതായതാണ് പുള്ളിയ നിലെ ചിരുകണ്ടന്‍. കാവ്യാഖ്യാനത്തിന്റെ ചെറു രൂപങ്ങളില്‍ തുഴയുമ്പോഴും എഴുത്തുകാരന്‍ സ്വപ്നം കണ്ടത് നോവലിന്റെ ബൃഹത് ലോകം തന്നെയാണ്. ചിരുകണ്ടന്റെ പുള്ളിയന്‍ വേട്ട അതിനെ പ്രതിനിധാനം ചെയ്യുന്നുണ്ട്. കടലുങ്കരക്കടപ്പുറത്ത് വന്ന തങ്ങളുടെ കൈവിരലിലെ കല്ലുവെച്ച മോതിരത്തില്‍ ചിരുകണ്ടന്‍ നോക്കിയപ്പോള്‍ത്തെളിഞ്ഞത് ഒരു കൂറ്റന്‍ പുള്ളിയന്‍ തിരണ്ടിയായത് വെറുതെയല്ല.!
ചിരുകണ്ടന്റെ ഭൂതകാലംപോലെ ചെങ്കല്‍പ്പാറയിലെ ഏകാകിയുടെ മീന്‍ വേട്ടയായിരുന്നു ഇത്രയും കാലം ഈ എഴുത്തുകാരന്റെ സര്‍ഗവിചാരങ്ങളൊക്കെയും. നോക്കൂ, ആധുനികാനന്തരം എഴുതപ്പെട്ട കവിതകളില്‍ ഭൂരിപക്ഷവും ഏകാകികളുടെ നോട്ടവും പ്രസ്താവനകളും നിരീക്ഷങ്ങളുമായിരുന്നല്ലോ. ആധുനികാനന്തരം കവിതകളെഴുതിത്തുടങ്ങിയ സോമന്‍ കടലൂരിന്റെ മിക്ക കവിതകളും അവനവനോട് മിണ്ടിപ്പറയുന്ന ഈ ഏകാകികളിലല്ല അവസാനിച്ചത് . ‘ഏകാകിയില്‍ നിന്ന് ഏകാകിയോടെന്നതിനേക്കാള്‍ (alone to alone) നമ്മളിലൊരാളില്‍ നിന്ന് നമ്മളിലേക്കാണ് സോമന്‍ സംസാരിക്കുന്നത്’ എന്ന് കല്‍പ്പറ്റ നാരായണന്‍ എഴുതിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്.
മാത്രമല്ല, ഏകാകികളുടെ വാക്യങ്ങളില്‍ പലതും കടല്‍ത്തിരകളുടെ വക്കിലിരിക്കുന്ന കുമിളകളുടെ നടനം പോലെ ചൈതന്യധന്യമായ നിമിഷങ്ങള്‍ മാത്രമായി അവശേഷിച്ചേക്കാമെന്ന അറിവും കവിക്കുണ്ടാകാം. അതുകൊണ്ടുതന്നെ കെട്ടഴിഞ്ഞു ചിതറിയ വാക്കിന്റെ പടര്‍ച്ചയാവുമ്പോഴാണ് ഈ എഴുത്തുകാരന്‍ സ്വയം നിര്‍ണയിക്കപ്പെടുക. അതിന് നോവല്‍ തന്നെയാണ് ഈ എഴുത്തുകാരന് ആശ്രയിക്കാവുന്ന മാധ്യമം. അതില്‍ ഗംഭീരമായി വിജയിച്ചുവെന്നതിന്റെ അടയാളമാണ് പുള്ളിയന്‍.
ആധുനിക പൂര്‍വ കടലോരത്തിന്റെയും കടലിന്റെയും കഥ പറയുന്ന പുള്ളിയന്റെ ആഖ്യാനലോകത്തിന് പ്രിയം അതീതഭൂതകാലത്തോടാണ്. കാരണം വെള്ളത്തില്‍ വരച്ച പോലെ അപ്പപ്പോള്‍ മാഞ്ഞുപോയ ജീവിതങ്ങളെ ഓര്‍മകളിലൂടെയെങ്കിലും തിരിച്ചുപിടിച്ചില്ലെങ്കില്‍ ചരിത്രപുസ്തകങ്ങളിലെ അഭാവങ്ങളെ പൂരിപ്പിക്കാന്‍ നാമിനിയും വൈകും. നോവലിലൊരിടത്ത് അതിന്റെ സൂചനയുണ്ട്.
' പറഞ്ഞതോ എഴുതിയതോ ആയ ഏതിലെങ്കിലും കടലുങ്കരക്കാരുണ്ടോ.? മറ്റേതെങ്കിലും കടപ്പുറത്തെ സാധാരണ മനുഷ്യരുണ്ടോ? ഒരു അടയാളവുമില്ലാതെ കാലത്തിന്റെ ആഴങ്ങളില്‍ ആണ്ടുപോയ ഒരു വംശത്തിന്റെ ഇങ്ങേത്തലക്കലെ കണ്ണികളാണ്...'
ആ കണ്ണികളിലൂടെ ഓര്‍മയില്‍ തുഴഞ്ഞ് ഒരു ദേശത്തിന്റെ, കാലത്തിന്റെ കഥ പറയുമ്പോള്‍ നമുക്കജ്ഞാതമായ അനന്തശ്രേണികളുമായുള്ള മുഖാമുഖം തന്നെയാണ് എഴുത്തുകാരന്‍ സാധ്യമാക്കുന്നത്. സ്ഥലത്തെ മുന്‍നിര്‍ത്തി ഓരോ എഴുത്തുകാരും രൂപപ്പെടുത്തിയെടുക്കുന്ന ഭാവനാബന്ധങ്ങള്‍ കേവലമായ ബന്ധങ്ങളല്ലെന്ന് നവചരിത്രവാദത്തിന്റെയൊക്കെ വെളിച്ചത്തില്‍ ഇന്ന് നമുക്കറിയാം. മറിച്ച്, അത് ചരിത്രബന്ധങ്ങള്‍ കൂടിയാണ്. ആ ചരിത്ര ബന്ധങ്ങളിലേക്ക് വെളിച്ചം പകരാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ നോവൽ.
‘മുങ്ങിപ്പോയ തോണികളെപ്പോലെ, കൊല്ലപ്പെട്ട പിതാമഹന്‍മാരെപ്പോലെ കടലുങ്കരയുടെ പഴയ കഥകളും ഇരുള്‍ക്കയങ്ങളിലെവിടെയോ ആണ്ടുകിടക്കുകയാണ്. മറവിയില്‍ അമര്‍ന്നുപോയ കടലിന്റെയും കരയുടെയും പോയകാല കഥകള്‍ ഉപ്പാട്ടി മുത്താച്ചിയെപ്പോലെ കൊണ്ടുനടക്കുന്ന ആരെങ്കിലും ഇനി ഈ കടപ്പുറത്ത് ഉണ്ടാകുമോ എന്ന് ചിരുകണ്ടന് നിശ്ചയമില്ല' - ചിരുകണ്ടന്റെ 'ആരെങ്കിലും ' എന്ന ആ ആലോചനയില്‍പ്പെട്ട ആളിനെയാണ് ഇവിടെ നോവലിസ്റ്റ് പ്രതിനിധാനം ചെയ്യുന്നത്. ചരിത്രത്തിന്റെ ഇങ്ങേയറ്റത്ത് കടലുങ്കരയുടെ ബഹുസ്വരാത്മകമായ ലോകത്തിനെ പകര്‍ത്താന്‍ വന്ന വിനീതനായ ചരിത്രകാരൻ.
അത്യധികം സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍ പുതുമകളുടെ വേലിയേറ്റങ്ങളില്‍ മാഞ്ഞുപോകുന്ന ചരിത്രാനുഭവങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ഒറ്റയൊറ്റ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന, ആത്മബോധനത്തിന്റെ സാന്ദ്രഭാഷയില്‍ സംസാരിക്കുന്ന ഇതര മാധ്യമങ്ങളൊന്നും മതിയാവുകയില്ല എന്ന തിരിച്ചറിവിന്റെ സാര്‍ത്ഥകമായ സാക്ഷാത്കാരമാണ് പുള്ളിയന്‍ എന്ന നോവല്‍. ഒപ്പം കവി എന്ന തന്മയില്‍നിന്ന് നോവലിസ്റ്റ് എന്ന പലമയിലേക്കുള്ള സോമന്‍ കടലൂരിന്റെ പരിണാമവും.