നിർവചിക്കാൻ പറ്റാത്ത കവിതയാണ് സച്ചിദാനന്ദൻേറത്. മതിലുകൾക്കപ്പുറത്തേക്ക് തല നീട്ടുന്ന ചെമ്പരത്തികളും കൂണുകളും ധാരാളം.
തൊണ്ണൂറുകളിലെ 'പറയുന്നു കബീർ', 'മീര പാടുന്നു', 'തുക്കാറാം ദൈവത്തോട്', 'ബസവണ്ണ കർഷകരോടൊത്ത് നൃത്തം ചെയ്യുന്നു', 'അക്ക മൊഴിയുന്നു', 'ആണ്ടാൾ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു' തുടങ്ങിയ കവിതകളുള്ള കാലം എനിക്കിഷ്ടമാണ്.
'ഉരിയാടിപ്പോയാൽ വാക്കിൻ ചെറുചൂടാൽ മഞ്ഞുകണക്കിന് അത് അലിയാം എന്നോർത്തിട്ട്
ഉരിയാടാത്ത വാക്കുകളെപ്പോലെ
തളിർത്ത്, മൊട്ടായി, മണമുള്ളിലടക്കിയ’ ആ കവിതകൾ എന്നെ അലിയിക്കാറുണ്ട്.
ആചാരവിരുദ്ധനും സമത്വവാദിയുമായ ബസവണ്ണ എന്ന കർണാടക കവി /ചിന്തകൻ / ഭക്തൻ നൃത്തം ചെയ്യുന്ന കവിതയിൽ വാക്കുകൾ ആടുന്നു, പാടുന്നു, പൂക്കുന്നു, നിരയായ് നിറയുന്നു.
'ശിവനുടയ കാലടിയിലുഴവും നിരത്തലും
തിരമുട്ടിലുലയുന്നു ഞാറിന്റെ മരതകം
ശിവനരക്കെട്ടിലേ കതിർപാലു നിറിയുന്നു
തിരുമാറിലേ കറ്റ കനകമായ് ചായുന്നു’.
തൊലി കളഞ്ഞ് നമ്മെ വറക്കുന്ന, തിരികല്ലിലിട്ട് പൊടിക്കുന്ന, കുഴയ്ക്കുന്ന, പരത്തുന്ന ഊർജ്ജം മാത്രം സത്യം, ജാതി മിഥ്യ.
ഗോമാവിനിലകളാൽ തൊപ്പികൾ ചൂടുക,
പീലിയായ് ചോളക്കതിരതിൽ വെക്കുക,
കണിവെള്ളരിപ്പൂക്കൾ കാതിലും ഞാത്തുക
അരയിൽ മത്തന്റെ പൂവള്ളികൾ ചുറ്റുക
വഴുതിനപ്പൂക്കളാൽ കാൽച്ചിലമ്പണിയുക
അടിമുടി കുമ്പളപ്പൊടി വെള്ളി പൂശുക...
എന്തൊരുതരം പ്രകൃതി, അധ്വാനത്തിന്റെ സൗന്ദര്യം, ഒരേ മനുഷ്യർ, ജാതി അണപൊട്ടിയൊഴുകും. പേരുള്ളവർ അവശേഷിക്കില്ല.
നമ്മുടെ പാട്ടുകൾ തമിഴകത്തിന്റെ, ദക്ഷിണേന്ത്യയുടെ പാട്ടുകൾ, ഈണങ്ങൾ, വിശുദ്ധ ദരിദ്രരായ തെണ്ടി നടക്കുന്നവർ, മണ്ണ്, വിളകൾ, വിത്ത്, അമ്മമാർക്ക് ഏതു ജാതിയിലും മുലപ്പാലിന് വെളുപ്പ്, കരിയുടലിലും ചോരയ്ക്ക് ചോപ്പ്- മഹാകവി കുമാരനാശാൻ കൂടി ഒഴുകുന്ന കവിതകൾ.
തിരുനീലകണ്ഠമേ
പൊലികൂട്ടിവെയ്ക്കണേ
ഇങ്ങനെ. ബസവണ്ണക്കവിത വായിച്ചവർ ആരായാലും ആ നൃത്തത്തിലും പാട്ടിലും ലയിച്ച് രൂപരഹിതരാകും.
അക്ക മഹാദേവി മൊഴിയുന്നു.
എന്റെ പൂവൊക്കെയും, കനൽ, ഉടലിന്റെ നിറപറ, സ്വപ്‌നത്തിന്റെ അമ്പിളിക്കല, വചനസുരഗംഗ, എന്നും മോന്തുന്ന കാളകൂടം- എല്ലാം നിൻേറയാണ്. നഗ്‌നയായ വാക്കാണ് ഞാൻ. ലഹരിയിൽ നീലയായ് പാടുന്ന ജീവനിലൂടെ അക്ക ഉരുകിയൊലിക്കുന്നു.

ആണ്ടാളെ സ്‌നേഹിക്കാത്ത മലയാളിപ്പെണ്ണുണ്ടോ?
'കർപ്പൂരം നാറുമോ കമലപ്പൂ നാറുമോ' എന്ന് വിഷ്ണുവിനെയോ കാമുകനെയോ പറ്റി അവൾ സ്വപ്‌നം കാണുന്നു.
''കുഴൽവിളിയുടെ പിറകേ പോയ്, ഒരു
പെരുവേങ്ങമരത്തിൻ തണലിൽ
മുഴുതിങ്കൾത്തിരണം മുകിലിനെ
മുകരും പോലവനിലലിഞ്ഞി-
ട്ടൊഴുകിയ കണ്മഷിയും മാഞ്ഞൊരു
കുറിയും...''
- ഇങ്ങനെ പ്രകൃതിയിലൂടെ ഒഴുകുകയാണ് ആണ്ടാൾ.
ഉദ്ധരിക്കണമെന്നുണ്ട് ഈ കവിതകളെല്ലാം. ഇതും വിപ്ലവകവിതകളാണ്, വിമോചക ഗാഥകളാണ്- ഇതിലെ ഭാഷ നൃത്തക്കാരിയും പാട്ടുകാരിയും കൃഷിക്കാരിയുമാണ്. സച്ചിദാനന്ദന്റെ ഈ ജനുസ്സിലുള്ള കവിതകളിൽ ഞാൻ വ്യാമുഗ്ധയാണ്, അതിലാഴുകയാണ്.
തുക്കാറാം ദൈവത്തോട് ഒരു സ്വഗതാഖ്യാന കാവ്യമാണ്. അങ്ങനെയാണിതിലെ മാത്രമല്ല, ഞാൻ മുമ്പ് എഴുതിയതരം കവികളിലെയെല്ലാം ഭാവധാര.
‘‘ശിശുവാണു ഞാൻ, എന്റെ
പശു വെറും വെള്ളയ്ക്ക;
കുടി ഇലയുമീർക്കിലും;
കറി ചേറ്, ചോർ ചരൽ’’
എന്നും
‘‘ആണല്ല നീ, പെണ്ണു-
മല്ല; നീ പേരായ
പേരൊന്നുമല്ല, പൊൽ-
പ്പൂവല്ല, പുലിയല്ല,
ഭൂവല്ല, വാനല്ല
സൂര്യനും ചന്ദ്രനും
താരവുമല്ല നീ...''
ഇങ്ങനെ പ്രപഞ്ചം മുഴുവൻ നിറയുന്ന തെഴുപ്പിന്റെ, മുളയുടെ, വളർച്ചപ്പടർച്ചയുടെ കവിതകൾ നമ്മുടെ കച്ചേരികളിൽ പാടപ്പെട്ടിരുന്നുവെങ്കിൽ എന്ന് ഞാനശിക്കാറുമുണ്ട്.
വീടു പൂട്ടാതെ പുറത്തേക്ക് പോകേണ്ടതരം ഇത്തരം യാത്രകൾ തൊണ്ണൂറുകളിലാണ് സച്ചിദാനന്ദൻ എഴുതിയത്. അത് പൂർണതയോടടുള്ള സൗന്ദര്യവൂം കാൽപനികമെങ്കിലും സത്യസന്ധതയോട് അടുത്തുനിൽക്കാവുന്ന തെളിവെളിച്ചവും നിറഞ്ഞതാണ്. മഴയുടെയും മഴവില്ലിന്റെയും നാനാർഥങ്ങൾ നൃത്തമാടിക്കുന്ന കവിതകളാണ് എനിക്കിഷ്ടം.

കുറെക്കൂടി പരുപരുത്ത, ഉറച്ച ശബ്ദമുള്ള, ഗദ്യകവിതകളും സച്ചിദാനന്ദൻേറത് ഇക്കാലത്തും ഉണ്ട്. പലരും ആ വിപ്ലവാത്മക കവിതകളെയാണ് സച്ചിദാനന്ദൻ എന്ന പേരുമായി ചേർത്തു ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, 'തളിരുപോലുള്ളൊരാ പഴയ ശബ്ദത്തിൽ ഒരു വട്ടം കൂടി വിളിക്കൂ' എന്നു പറയുന്ന കാമിനിയാണ് ഇവിടെ എന്റെ മനസ്സ്.
ഒരേ വിത്ത് ഒരൊറ്റ വൻവൃക്ഷമാകുന്നു, ആറ്റൂരിൽ.
ഒരേ വിത്ത് കെ.ജി.എസ് കവിതകളിൽ വെള്ളവും വെളിച്ചവും ധീരനാദവുമായി നാമ്പിടുന്നു.
സച്ചിദാനന്ദന്റെ കവിത ലോക കവിതയാണ്. അതിൽ ഇന്ത്യയും കേരളവും മലയാളവും മണ്ണാണെങ്കിൽ വിശാലവ്യോമം മറ്റു ഭാഷകളാണ്. അതൊക്കെ വലിയ ഒരു ലോകമായി കവിതകളിലൂടെ പ്രവഹിക്കുന്നു.
ആ കവിക്ക് എൺപതു വർഷങ്ങൾ കഠിനാധ്വാനത്തിന്റെയും ചിന്തയുടെയൂം ലോകയാത്രകളുടെയും മുളപൊട്ടലുകളാണ്. അത് പലപല വൃക്ഷങ്ങളായും പുഴകളായും കിളികളായും മാറുന്ന മാന്ത്രികതയാണ്- ആ സ്ഥലമാണ് എന്റെ ആഹ്ലാദസ്ഥം, ആനന്ദദേശം, ഒഴുക്കുള്ള ഉറവ.
