എയ്ഡ്സും എബോളയും ഡെങ്കിയും ഹെപ്പറ്റൈറ്റിസും നിപ്പയും സികയും കോവിഡുമൊക്കെ ലോകത്തെ വല്ലാതെ ബാധിച്ചു ഭയപ്പെടുത്തുന്നതിനും ഏറെ മുന്നെ മനുഷ്യകുലത്തിന് നാശം വിതച്ച രണ്ട് വൈറസ് രോഗങ്ങളായിരുന്നു വസൂരിയും പോളിയോയും. സിനിമാസംവിധായകനായ ഫ്രാൻസിസ് ഫോർഡ് കപ്പോളയെയും ചിത്രകാരിയായ ഫ്രിദാ കാലോയെയും ഹിറ്റ്‌ലറുടെ വലംകൈ ആയിരുന്ന ജോസഫ് ഗീബൽസിനെയും കായികതാരമായ വിൽമാ റുഡോൾഫിനെയും മാധ്യമരാജാവായ കെറി പാർക്കറേയും സംഗീതജ്ഞനായ നീൽ യങ്ങിനേയും എഴുത്തുകാരനായ ആർതർ ക്ലാർക്കിനെയുമൊക്കെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു കാര്യമേ ഉണ്ടായിരുന്നുള്ളൂ, പോളിയോ എന്ന രോഗവിപത്ത്... ഇവരെല്ലാവരും തന്നെ പോളിയോ തളർച്ചയുമായി പൊരുതി ജയിച്ചാണ് താന്താങ്ങളുടെ ജീവിതം തിരികെപ്പിടിച്ചത്.
ആയിരത്തി തൊള്ളായിരത്തി നാൽപ്പതുകളിൽ അമേരിക്കയിലാകെ പടർന്നുപിടിച്ച പോളിയോരോഗത്തെയാണ് ഫിലിപ്പ് റോത്ത് തന്റെ അവസാന നോവലായ Nemesis-ൽ വിഷയമാക്കുന്നത്. മഹാമാരികളും മഹായുദ്ധങ്ങളും പടർന്നു പിടിച്ചൊരു കാലഘട്ടമാണ് നോവലിന്റെ മുഖ്യപശ്ചാത്തലമായി കടന്നുവരുന്നത്.
സ്‌കൂളിലെ മൈതാനനിയന്ത്രകനും, കായികാദ്ധ്യാപകനുമായ ബക്കി കാന്റർ എന്ന അമേരിക്കൻ ജൂതന്റെ ജീവിതാകുലതകളും, ബന്ധങ്ങളും, രോഗദുര്യോഗങ്ങളുമാണ് Nemesis-ന്റെ പ്രമേയം. മോഷണക്കുറ്റത്തിന് അച്ഛൻ ജയിലാകുകയും, ശേഷം അമ്മ മരണപ്പെടുകയും ചെയ്തതോടെ മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് ബക്കിയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. ജീവിതത്തെ ആസക്തിയോടെ സമീപിക്കുകയും, ആരോഗ്യവും പേശീബലവുമുള്ള ശരീരം നിലനിർത്തുകയും ചെയ്യുന്ന ചെറുപ്പക്കാരനായി അവർ തങ്ങളുടെ പേരക്കുട്ടിയെ വളർത്തുന്നു. ഏറെ താൽപ്പര്യമുണ്ടെങ്കിലും, കാഴ്ചശക്തിക്കു നേരിയ പ്രശ്‌നമുള്ളതുകൊണ്ട് ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ ബക്കി കാന്റർക്കു സാധിക്കുന്നില്ല. പക്ഷേ, സ്‌കൂളിൽ അയാൾ കുട്ടികളുടെ ആരാധ്യപുരുഷനും കായികമാതൃകയുമാണ്.
യഥാർത്ഥത്തിൽ താനൊരു പോളിയോ വൈറസ് രോഗവാഹകനായിരുന്നു എന്ന കാര്യം വൈദ്യപരിശോധനാഫലങ്ങൾ സൂചിപ്പിക്കുന്നതോടെ അയാൾ മാനസികമായും ശാരീരികമായും തളർന്നുപോയി. ഏറെ ആരാധിക്കുന്ന ആരോഗ്യദൃഢമായ അയാളുടെ ശരീരത്തെ പോളിയോ കീഴ്പ്പെടുത്തുന്നു.
എന്നാൽ ന്യൂയോർക്കിൽ പടർന്നുപിടിക്കുന്ന പോളിയോ എന്ന വിപത്ത് അയാളുടെ ജീവിതത്തിന്മേലും കരിനിഴലുകൾ വീഴ്ത്തുന്നു. നഗരത്തിൽ അങ്ങിങ്ങായി മാത്രം സ്ഥിരീകരിക്കപ്പെട്ട പോളിയോ സ്‌കൂളിലേയ്ക്കും വ്യാപിക്കുന്നതോടെ നിവാരണോപായം എന്ന നിലയ്ക്ക് ആളുകൾ കൂട്ടംകൂടുന്ന ഇടങ്ങൾക്കെല്ലാം വിലക്കേർപ്പെടുത്തേണ്ടതായി വരുന്നു. പതിയെ സ്‌കൂളിലെ മൈതാനവും നീന്തൽക്കുളവും കായികപരിശീലനമുറികളുമെല്ലാം ആ നിരോധനത്തിന്റെ പരിധിയിലകപ്പെടുന്നു. രക്ഷിതാക്കളും സ്‌കൂൾ നടത്തിപ്പുകാരും ഒരുപോലെ പരിഭ്രാന്തരാകുന്നു. എന്നാൽ നഗരാദ്ധ്യക്ഷൻ സമ്പൂർണ്ണമായ നിവാരണവിലക്കു കൊണ്ടു വരുന്നതിന് എതാനും ദിവസങ്ങൾ മുമ്പു തന്നെ ബക്കി കാന്റർ തന്റെ എതിർപ്പുകളെ മാറ്റിവെച്ചുകൊണ്ട്, കാമുകിയുടെ അഭ്യർത്ഥന പ്രകാരം അവൾ താമസിക്കുന്ന ഇന്ത്യൻ ഹില്ലിലേക്ക് താമസം മാറുന്നു.
രോഗബാധിതമല്ലാത്ത പുതിയ ഇടത്ത് ജോലിയും പ്രണയവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ന്യൂവാർക്കിൽ നിന്നും മുത്തശ്ശിയുടെ ഫോൺകോളുകൾ വഴിയെത്തുന്ന വിവരങ്ങൾ... രോഗത്തിന്റെയും യുദ്ധക്കെടുതികളുടെയും വിവരണങ്ങൾ ബക്കിയുടെ ജീവിതത്തെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. താൻ പരിശീലിപ്പിച്ച മിടുക്കരായ കുട്ടികൾ പോളിയോ ബാധിച്ചു മരണപ്പെടുകയോ തളർന്നു കിടക്കുകയോ ആണെന്നുള്ള അറിയിപ്പുകൾ... ലോകമഹായുദ്ധത്തിൽ പങ്കെടുക്കാനായി പോയ തന്റെ ഉറ്റസുഹൃത്തുക്കളുടെ മരണവാർത്തകൾ... ഇതെല്ലാം കൂടിച്ചേർന്ന് സുരക്ഷിതവലയത്തിനകത്ത് ഒളിച്ചിരിക്കുന്നൊരു ഭീരുവാണ് താനെന്ന കുറ്റബോധം അയാളിൽ ഉടലെടുക്കുന്നു. അത്തരം ആകുലതകളിൽ നിന്നും ഒട്ടൊരുപരിധിവവരെ രക്ഷപ്പെടാനായാണ് അയാൾ വിവാഹത്തിനായൊരുങ്ങുന്നത്.
എന്നാൽ അതിനിടെ ബക്കി മാറിത്താമസിക്കുന്ന പുതിയ ഇടത്തും പോളിയോ രോഗം വ്യാപിച്ചുകഴിഞ്ഞിരുന്നു. യഥാർത്ഥത്തിൽ താനൊരു പോളിയോ വൈറസ് രോഗവാഹകനായിരുന്നു എന്ന കാര്യം വൈദ്യപരിശോധനാഫലങ്ങൾ സൂചിപ്പിക്കുന്നതോടെ അയാൾ മാനസികമായും ശാരീരികമായും തളർന്നുപോയി. ഏറെ ആരാധിക്കുന്ന ആരോഗ്യദൃഢമായ അയാളുടെ ശരീരത്തെ പോളിയോ കീഴ്പ്പെടുത്തുന്നു. അതോടെ വിവാഹത്തിൽനിന്നു പിന്തിരിഞ്ഞ് അയാൾ കൂടുതൽ ഏകാകിയായി മാറുന്നു. കുടുംബജീവിയായ ജൂതൻ, മനസ്സുറപ്പില്ലാത്ത കാമുകൻ, തകരുന്ന ലോകക്രമങ്ങളിൽ ആശങ്കപ്പെടുന്ന സാമൂഹ്യജീവി, രോഗവിപത്തുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന നിസ്സഹായനായ മനുഷ്യൻ എന്നീ വ്യത്യസ്ത നിലകളിൽ ഒരു വ്യക്തിയനുഭവിക്കുന്ന ആകുലതകളുടെയും ദുര്യോഗങ്ങളുടെയും വിശകലനങ്ങളാണ് മൂന്നുഭാഗങ്ങളുള്ള നോവലിൽ ഫിലിപ്പ് റോത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മഹായുദ്ധങ്ങളും പകർച്ചവ്യാധികളും ഒക്കെച്ചേർന്നു ദുരിതപൂർണ്ണമാക്കിയ തൊള്ളായിരത്തി നാൽപ്പതുകളിൽ ലോകത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നോ, അതിന്റെ പ്രത്യക്ഷരൂപകമായി ബക്കി കാന്ററുടെ മനസ്സും ശരീരവും ഈ നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നു.