വെബ് സീരിസ് അല്ല അവന്റെ അപ്പൻ മുത്തുപ്പട്ടർ വന്നാലും ഫിക്ഷന്റെ നറേഷന്റെ സാധ്യതയെ തൊടാനൊക്കില്ല. എത്ര ചിറകുവിരിച്ചാലും പറ്റില്ല. അത് ദൃശ്യത്തിന്റെ ഭയങ്കരമായ പരിമിതിയാണ്. ഭാവന ഉണ്ടാക്കുന്ന അദ്ഭുതപ്രപഞ്ചത്തിന്റെ ഏഴയലത്ത് ദൃശ്യത്തിന്റെ കഷണങ്ങൾ ചേർത്തൊട്ടിച്ച് അതിൽ മ്യൂസിക് ഇട്ട് ബൈൻഡ് ചെയ്തുണ്ടാക്കുന്ന അനുഭവസ്പർശത്തിന് ഇടമില്ല.
സിനിമയുടെയോ സീരിസിന്റെയോ ദൃശ്യശക്തിയെ മോശമാക്കുകയല്ല. തലങ്ങൾ തമ്മിൽ ബന്ധമില്ല എന്ന് പറയുകയാണ്.

ഒരു സംവിധായകന്റെ അവസാനവാക്കിന് കീഴിൽ ഒരുകൂട്ടം കലാകാരർ പണിയെടുത്തുണ്ടാക്കുന്ന അവസാന ഉൽപ്പന്നമാണ് സിനിമയും സീരിസുമൊക്കെ. നിയതമായ ആ കാഴ്ചയ്ക്കു മേൽ, കാണുന്ന ആളിന്റെ ഭാവനയ്ക്ക് അതിർത്തിയുണ്ട്. ആ പരിമിതിയെ ഫിക്ഷൻ മറികടക്കുന്നു. അതിന് ചിറകുവിരിക്കാനൊരു ഇടം വേണ്ട. കടലിൽനിന്ന് സൂക്ഷ്മജലകണങ്ങൾ സദാ ആവിയായി ഉയരുന്നതുപോലെ അദൃശ്യമായി ഫിക്ഷനിൽനിന്ന് ഭാവന പുറപ്പെട്ടുകൊണ്ടിരിക്കുന്നു. കരിമ്പും പഞ്ചാരയും പോലെയാണ് ഫിക്ഷനും അതിൽ നിന്നുള്ള ദൃശ്യസാധ്യതയും. കരിമ്പ് എന്ന ഫിക്ഷനിൽ നിന്ന് പഞ്ചാര എന്ന ദൃശ്യഭാഷയിലെത്താം. പഞ്ചാര സുഖമാണ്. കാഴ്ചസുഖം, കഴിക്കാൻ സുഖം. പക്ഷേ കരിമ്പുണ്ടെങ്കിലേ പഞ്ചാരയുള്ളൂ.
സിനിമയിലും സീരിസിലുമൊക്കെ ഫിക്ഷൻ ഉണ്ട്. അതുകൊണ്ടാണ് ഭാവനയ്ക്കും സങ്കൽപത്തിനുമൊക്കെ അവിടെ യാന്ത്രികതയ്ക്കു മേൽ സ്പേസ് കിട്ടുന്നത്.
എന്നുവച്ചാൽ സിനിമയിലും സീരിസിലുമൊക്കെ ഫിക്ഷൻ ഉണ്ട്. അതുകൊണ്ടാണ് ഭാവനയ്ക്കും സങ്കൽപത്തിനുമൊക്കെ അവിടെ യാന്ത്രികതയ്ക്കു മേൽ സ്പേസ് കിട്ടുന്നത്. ആവർത്തിക്കുന്നു–ഫിക്ഷൻകണങ്ങൾ അഥവാ ത്രെഡ് എന്ന ഭാവനായാത്രയുടെ ഭ്രൂണത്തിൽ നിന്ന് പല ചിന്തകളും അതിന്മേൽ പല കലാവിഭാഗത്തിലുള്ളവരുടെ ആശയങ്ങളും ഇടചേർന്ന് ഫൈനൽ പ്രോഡക്ടാകുമ്പോ, ദൃശ്യത്തിൽ അതിന്റെ സ്വരൂപത്തിൽ ‘റിഗർമോർട്ടിസ്’ അഥവാ അന്തിമമായ മരവിക്കൽ സംഭവിക്കുന്നുണ്ട്. മറിച്ച് ഏകാന്തതയുടെ ഏകാന്തമായ കലയാണ് ഫിക്ഷൻ. അത് നറേഷനിൽ നിന്ന് ഭാവനാലോകമുണ്ടാക്കുന്ന അദ്ഭുതകരമായ പ്രക്രിയയാണ്. എഴുത്തുകാർ പരാജയപ്പെടാം. വായനക്കാർ ഇല്ല. സംവിധായകർ പരാജയപ്പെടാം. കാഴ്ചക്കാർ ഇല്ല. അവർ തന്റെ സങ്കൽപത്തിനനുസരിച്ചുള്ള ഭാവനായാത്രയ്ക്കുതകുന്ന ഫിക്ഷൻ തേടിക്കൊണ്ടിരിക്കും. സിനിമയിലും അവർ തിരയുന്നത് ഈ ഫിക്ഷനാണ്. ഉറുമ്പ് മധുരവെള്ളത്തിലെ മധുരം എന്നതു പോലെ.

സിനിമയിൽ ഫിക്ഷന് പരിധിയുണ്ട്. സങ്കൽപം അതിന്റെ ആദിദിശയിൽ തന്നെ പരിമിതപ്പെടുന്നതു കൊണ്ടാണിത്.
ഉദാഹരണം– ഞാനൊരു കഥാകൃത്താണ്. സംവിധായകന് കഥ വിവരിക്കുകയാണ്. എന്റെ ഫിക്ഷന്റെ ചിറകിൽ സംവിധായകൻ ഭാവന കൊള്ളുന്നു. അദ്ദേഹം പറന്നുതുടങ്ങുന്നു. എന്റെ കാഴ്ചയിൽ നിന്നാണ് അകലുന്നത്. രണ്ടു മനുഷ്യരായതു കൊണ്ടാണ്. ഇരുവരുടെയും ഭൂമിശാസ്ത്രം വേറെയാണ്. കഥാപാത്രങ്ങളുടെ രൂപം, സ്വരൂപം, സ്വപ്നം, സങ്കൽപം ഒക്കെ വേറെയാണ്. അങ്ങനെ ആദ്യ നറേഷനിൽ തന്നെ ഭാവനയിൽ രണ്ടു സിനിമ ഉണ്ടാകുന്നു. ഫിക്ഷനിൽ ഇത് സാധ്യതയാണ്. പക്ഷേ ചിത്രീകരണത്തിൽ പറ്റില്ല. നമുക്ക് ഒരു സിനിമ മതി. ആദ്യമേ രണ്ടിടത്തായിരിക്കുന്ന ചിന്തയെ ഒരിടത്ത് കൂട്ടിക്കെട്ടണം. പിന്നെ വരുന്ന കലാകാരന്മാരുടെ ചിന്തകളുടെ ചിറകിനെയൊക്കെ ഇങ്ങനെ, സംവിധായകന്റെ സങ്കൽപത്തിനു കീഴെ ബന്ധിക്കണം. ശേഷം അങ്ങനെ ഉരുത്തിരിഞ്ഞ ധാരണയെ നടീനടന്മാർ അവരുടേതായ രീതിയിൽ ഫലിപ്പിച്ചെടുക്കുന്നു.
നരകം എന്നെഴുതി വച്ചാൽ അത് ചിത്രീകരിക്കുമ്പോൾ കലാസംവിധായകൻ ഉദ്ദേശിക്കുന്ന ഒന്നാണ് നരകം. അതിന്റെ വൈവിധ്യം, ഭീകരത ഒക്കെ പരിമിതപ്പെടുകയാണ്. നേരത്തെ പറഞ്ഞ മരവിക്കൽ.
ഇതെല്ലാം മിക്സ് ചെയ്ത് പുറത്തുവരുന്ന അന്തിമഉൽപനത്തിന്റെ രസതന്ത്രം ഊഹിക്കാനേ പറ്റൂ. ഉറപ്പിക്കാനാവില്ല. പ്രാഥമികമായി എഴുത്തുകാരൻ തുടങ്ങിവച്ച കഥാതന്തു ഇവിടെ മറ്റൊന്നായി പോയിട്ടുണ്ടാകും. അടിസ്ഥാനചിന്തയിൽ അതിനെ പിടിച്ചുനിർത്താനുള്ള തത്രപ്പാടുകൾ സംവിധായകനുകീഴിൽ എല്ലാവരും നടത്തുന്നുണ്ട്. പക്ഷേ എളുപ്പമല്ല. ഏഴാംകടലിനക്കരെ പോയി നിമിഷാർധം കൊണ്ട് മടങ്ങിവന്നു എന്ന് എഴുതിവയ്ക്കാം. ഫിക്ഷനിൽ ശടേന്ന് പോയി മടങ്ങിവരാം. ദൃശ്യഭാഷ അവിടെ പരുങ്ങും. ക്യാമറയ്ക്ക് യാത്ര ചെയ്യാൻ ഇത്ര മീറ്ററുകളേയുള്ളൂ. കിലോമീറ്ററുകളില്ല. ദൃശ്യത്തിനെ അപ്പോൾ വെട്ടിവെട്ടി തുന്നണം. നരകം എന്നെഴുതി വച്ചാൽ അത് ചിത്രീകരിക്കുമ്പോൾ കലാസംവിധായകൻ ഉദ്ദേശിക്കുന്ന ഒന്നാണ് നരകം. അതിന്റെ വൈവിധ്യം, ഭീകരത ഒക്കെ പരിമിതപ്പെടുകയാണ്. നേരത്തെ പറഞ്ഞ മരവിക്കൽ.

അതിനാൽ വെബ് സീരിസുകൾ പല സീസണുകളായി, അതിലെ കഥ ശാഖോപശാഖകളായി വികസിച്ച് സഞ്ചരിച്ച് വിരിഞ്ഞുവരുമ്പോ, അത് ഫിക്ഷന് ഭീഷണിയാകുമോ എന്നത് അപ്രസക്തമാണ്. ഒരു തുള്ളിയുണ്ടായി, പല കൈവരികൾ ചേർന്ന് പുഴയായി, മഹാനദിയായി മാറാം. പക്ഷേ ഫിക്ഷന്റെ, ഭാവനയുടെ മഹാസമുദ്രത്തിലെത്തുമ്പോൾ പിന്നെ ഏതു പുഴ, ഏതു നദി? ഏതു ദൃശ്യസാധ്യതയെയും ഭാവനയാണ് ഉൾക്കൊള്ളുന്നത്– ഭാവനയുടെ കടൽ.