പല അവതാരങ്ങളിലേക്ക് തെന്നുന്ന ഭാവനയുടെ അവകാശിയാണ് ഞാൻ സങ്കൽപ്പിക്കുന്ന വായനക്കാരി: അത് അവളുടെ പാരമ്പര്യ സ്വത്ത് അല്ലാതിരുന്നിട്ടും.
ഏകാഗ്രമായ വായന അവൾ ഉപേക്ഷിച്ചിരുന്നു. ഏകാഗ്രമായ വായന വിജയത്തിന്റെ ഫലപ്രാപ്തിക്ക് നിശ്ചയിച്ചതാണ് എന്നും അവൾക്കറിയാം. എന്നാൽ, താൻ, തന്റെ പല അവതാരങ്ങളുടെ സഞ്ചാരപഥങ്ങളിൽ ഒരു സമയം വന്നുപെട്ടതാണ് എന്നും ആ വായനക്കാരിക്ക് അറിയാം. അവതാരങ്ങൾ, മറ്റൊരർത്ഥത്തിൽ, പല ക്രമങ്ങളിലുമുള്ള ഒരു കാലത്തെ ഏകമെന്ന് ഉദ്ദേശിച്ചുള്ള പാത്രചിത്രീകരണമാണ് നിർവഹിക്കുന്നത്. അതുകൊണ്ട് തന്റെ മനോരാജ്യത്തിന്റെ ബ്ലൂപ്രിന്റ് എടുക്കാനാണ് അവൾ നോവൽ വായിക്കുന്നത് എന്ന് ഒന്നുകൊണ്ടും തെറ്റിദ്ധരിച്ചൂടാ: നോവൽ അവൾക്ക് കാലത്തിന്റെ മന്ത്രണമാവുകയായിരുന്നു. മൂന്നു കാലങ്ങളിലേക്കും അഴിഞ്ഞുകിടക്കുന്ന ഒരു ‘ഘട്ടം’ എന്ന വിധം. അതുമാത്രമാണ് നോവലിന്റെ ഓരോ താളും ഓരോ അദ്ധ്യായവും കടന്നുപോകുമ്പോൾ അവൾ കാണുന്നത്. പിന്നീട് ഓർക്കുന്നതും പുനഃസൃഷ്ടിയ്ക്കുന്നതും അതാണ്.
നോവൽ എല്ലാം കൊണ്ടും നവീനമായ ഒരു കണ്ടുപിടിത്തമാണ്. മനുഷ്യവംശത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴോ അത് കണ്ടെത്തുന്നു.
‘‘യുദ്ധാവസാനം യുദ്ധക്കളത്തിൽ നിന്ന് മടങ്ങിയെത്തിയ പുരുഷന്മാർ നിശ്ശബ്ദയിലേക്ക് ഏറെ പോയി - സമ്പന്നരായല്ല, മറിച്ച് ആശയവിനിമയ പരിചയത്തിൽ ദരിദ്രരായി - എന്നത് ശ്രദ്ധേയമായിരുന്നില്ലേ?" എന്ന് വാൾട്ടർ ബെന്യാമിൻ വിശ്വപ്രസിദ്ധമായ തന്റെ പ്രബന്ധത്തിൽ കഥപറച്ചിലുകാരെ പറയുമ്പോൾ ഓർക്കുന്നു. എല്ലാ കാലത്തും അത്തരമൊരു സ്വപ്നത്തിലൂടെ, സമകാലീനമായ ഉദാസീനതകളെ മറികടക്കാൻ, നോവൽ അതിനെ പുതിയതായി അവതരിപ്പിക്കുന്നു. അപ്പോഴും, പ്രാചീനമായ ഒരു സർഗ്ഗവിശേഷത്തെ, കഥ പറച്ചിലിനെ, അത് സൂക്ഷിക്കുന്നു. സഹജമായ അനുഭവമാക്കുന്നു. സാഹിത്യത്തിന്റെയും ഭാവനയുടെയും ആവശ്യമായിരുന്നു അത്.

തന്റെ നോവലുകളുടെ വിഷാദസ്ഥലങ്ങളും ദുഃഖമൂർത്തികളായ കഥാപാത്രങ്ങളും ഒ.വി. വിജയനെ അവസാനം എന്തുചെയ്തു എന്ന് അറിയില്ല; ഒരു പക്ഷേ അറിയേണ്ടതില്ല. എന്നാൽ, ആ നോവലുകളുടെ വിചാരജീവിതം നമ്മുടെ സാഹിത്യത്തെ ദൈനംദിന പ്രേരണകളുടെയോ പ്രതികരണങ്ങലുടെയോ തലത്തിൽ നിർത്തി പോയില്ല. പ്രതിഫലനമാക്കിയില്ല. മറിച്ച്, മാനുഷികവും മനുഷ്യജീവിതത്തിന് സ്വാഭാവികവുമായ ‘കഥ പറച്ചിലി’നെ, ഫിക്ഷൻ എന്ന സാഹിത്യരൂപത്തെ അതിന്റെ ഉന്നതങ്ങളായ തലങ്ങളിലേക്ക് വിജയന്റെ കൃതികൾ കൊണ്ടുപോയി. നോവൽ വായനയുടെ ഭാഷാനുഭവമായി. ആനന്ദിലൂടെയും മേതിലിലൂടെയും നമ്മുടെ ‘ആധുനികത’ ഒരു സവിശേഷഘട്ടം എന്ന നിലവിട്ട് ആധുനികതയുടെ സാരാംശം എന്ന് തോന്നിപ്പിച്ചതും ഫിക്ഷനിലൂടെയായിരുന്നു.
എന്നാൽ, കർമസാക്ഷാത്ക്കാരത്തിനുശേഷം അപ്രത്യക്ഷനാവുകയും വിഗ്രഹമാവുകയും ചിലപ്പോൾ പൂജിക്കപ്പെടുകയും ചിലപ്പോൾ വിസ്മൃതിയിലാവുകയും ചെയ്ത ഒരു ‘ദേവനെ’ നോവലിസ്റ്റ് തന്റെ വിധിയായി, ഇതിനിടെ, സ്വീകരിച്ചിരുന്നു. അയാളാണ് ഇന്ന് വെബ് സീരീസിന്റെ കൺകഥയിൽ തന്റെ ഭാവനയുടെയും ഭാഷയുടെയും നഷ്ടത്തിനുമൊപ്പം കറങ്ങിത്തിരിയുന്നത്. ഭാഗ്യാന്വേഷിയായത്. ദേവനായിത്തന്നെ.

വെബ് സീരീസുകളുടെ ഈ കാലത്തെ സാന്നിധ്യം നമ്മുടെയും നോവലിസ്റ്റുകളെ സ്വാധീനിച്ചിട്ടുണ്ട്. അല്ലെങ്കിൽ, അങ്ങനെയൊന്നിനെയാണ് അവർ, ഒരു വംശം എന്ന നിലയിൽ, നോവലിസ്റ്റുകൾ ഇന്ന് അഭിമുഖീകരിക്കുന്നത്. അവരിൽ പലരും നോവലിൽനിന്ന്, അതിന്റെ സാഹിത്യ സംബന്ധങ്ങളായ ഉറവകളിൽനിന്ന്, ഏറെക്കുറെ മാറി പാർക്കാൻ തുടങ്ങിയിരിക്കുന്നു. പല ഭാഷകളിൽ നിന്നും ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിലും, വായിച്ച ചില നോവലുകളെങ്കിലും ഇതോർമ്മിപ്പിക്കുന്നു. പുരസ്കാരങ്ങൾ അവയുടെ ദൃശ്യത്വത്തെ വർദ്ധിപ്പിച്ചിരിക്കുന്നു. നോവലിസ്റ്റ് യശസ്വിയായിരിക്കുന്നു. പക്ഷേ, അയാളെ, അയാളുടെ പ്രിയപ്പെട്ട വായനക്കാരി വിട്ടുപോയിരിക്കുന്നു. പകരം അയാൾക്ക് തന്റെ മറ്റൊരു അവതാരത്തെ സമ്മാനിച്ചിരിക്കുന്നു: ‘പ്രേക്ഷക’യെ. വായനക്കാരി ഇപ്പോൾ പ്രേക്ഷകയായിരിക്കുന്നു. തന്റെ ഒരേയൊരു അവതാരത്തിലേക്ക് പിൻവാങ്ങിയ, കർമസാക്ഷാത്ക്കാരത്തിനു ശേഷം അപ്രത്യക്ഷനാവുകയും വിഗ്രഹമാവുകയും ചെയ്ത ഒരു ‘ദേവനെ’ അവളും തന്റെ സമയവിധിയായി സ്വീകരിച്ചിരിക്കുന്നു. സമീപകാലത്ത് മലയാളത്തിലിറങ്ങിയ ചില നോവലുകൾ ഇങ്ങനെ ‘പ്രേക്ഷക’യിലേക്ക് മാറ്റി പണി ചെയ്ത കൃതികളായതിൽ അത്ഭുതമില്ല.
നമ്മുടെ നോവലുകളിൽ ഈയിടെ ഉണ്ടായ കഥ പറച്ചിൽ ശൈലിതന്നെ ശ്രദ്ധിച്ചു നോക്കൂ: എപ്പിസോഡുകളെ മാതൃകയാക്കുന്ന ആഖ്യാനങ്ങളാണ് ഇവ പലതും ഉപയോഗിച്ചത്. ഭാഷയ്ക്കു പകരം ദൃശ്യപരമായ പ്രാധാന്യത്തിലേക്ക് അവ നീങ്ങുന്നു.
ചലച്ചിത്രഭാഷയിലേക്ക് കഥാഖ്യാനത്തെ തിരിച്ചുവിട്ട നോവലിസ്റ്റ് മോഹബദ്ധമായ ഒരു കൃതിയേയോ നോവലിസ്റ്റിനെയോ അവതരിപ്പിക്കുക മാത്രമായിരുന്നില്ല ചെയ്തത്. ഫിക്ഷൻ എന്ന് നമ്മൾ മനസിലാക്കുന്ന സാഹിത്യരൂപത്തെ കഥപറച്ചിലിന്റെ മഹാഖനിയിൽ നിന്ന് മാറ്റി കൂടുതൽ ദൃശ്യത അവകാശപ്പെടുന്ന ഒരു ഇടത്തേയ്ക്ക് പാർപ്പിക്കുക കൂടിയായിരുന്നു. മലയാളത്തിൽ ഇന്ന് ഏറെ ആഘോഷിക്കപ്പെടുന്ന നോവലുകൾ പലതും ‘വോയരിസ’ത്തിന്റെ മാതൃകയാവുന്നത് അങ്ങനെയാണ്.
എഴുതപ്പെടുന്ന കഥകളെ സ്വാധീനിച്ചും അവയെ കൂടുതൽ ദൃശ്യപരമായി നയിക്കുന്നതിലൂടെ, അപരിചിതമായ ഒരു വേഗതയെ ഉൾപ്പെടുത്തിയും ആണ് ഈ ചലച്ചിത്രഭാഷ ഫിക്ഷനിൽ ഇടപെട്ടത്. തീർച്ചയായും, വെബ് സീരീസ് ആവുന്ന നോവൽ മറിച്ചും ചലച്ചിത്ര ഭാഷയിലും ഇടപെടുന്നുണ്ട്: അവലംബമായി സ്വീകരിച്ച കൃതിയിലേക്ക് ശ്രദ്ധ ക്ഷണിച്ചും താൽപ്പര്യം തന്നും. അതേസമയം, ഒരു ചെറിയ ഫോർമാറ്റിൽ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത കാരണം സങ്കീർണ്ണമായ ആഖ്യാനങ്ങളുടെ ലളിതീകരിക്കപ്പെട്ട ചിത്രീകരണവും സംഭവിക്കുന്നു. സമീപകാലത്ത് വന്ന ചില വെബ് സീരീസുകൾ ഇതിനെ ശരിവെയ്ക്കുമെന്നും തോന്നുന്നു. നമ്മുടെ നോവലുകളിൽ ഈയിടെ ഉണ്ടായ കഥ പറച്ചിൽ ശൈലിതന്നെ ശ്രദ്ധിച്ചു നോക്കൂ: എപ്പിസോഡുകളെ മാതൃകയാക്കുന്ന ആഖ്യാനങ്ങളാണ് ഇവ പലതും ഉപയോഗിച്ചത്. ഭാഷയ്ക്കു പകരം ദൃശ്യപരമായ പ്രാധാന്യത്തിലേക്ക് അവ നീങ്ങുന്നു. വെബ് സീരീസ് ദൃശ്യങ്ങളെ മനഃപൂർവ്വമോ അല്ലാതെയോ ആശ്രയിക്കുന്നതിനാൽ ഈ നോവലുകൾ വിവരണാത്മക ഭാഷയിലേക്ക് കൂടുതൽ മാറിയിരിക്കുന്നു. തീർച്ചയായും, വെബ് സീരീസുകൾ പരമ്പരാഗത സാഹിത്യത്തിൽ അത്ര പ്രചാരത്തിലില്ലാത്ത പുതിയ തീമുകളും വിഷയങ്ങളും പരീക്ഷിക്കാൻ നോവലിസ്റ്റുകളെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ, അത് ഒരു സാഹിത്യരൂപമെന്ന നിലയ്ക്ക് നോവലിന്റെ അന്യൂനമായ അസ്തിത്വത്തെ സ്വാധീനിക്കുന്നുവെങ്കിൽ അതിൽ എന്തോ തകരാറുണ്ട്. ചർച്ച ചെയ്യേണ്ടതും ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നതും പക്ഷേ, അതാണ്.

“കഥകൾ പറയുക എന്നാൽ കൂടുതൽ മികച്ച രീതിയിൽ ജീവിക്കുക എന്നാണ്” എന്ന് മാരിയോ വാർഗാസ് ജോസാ തന്റെ ഡോൺ ക്വിഹോതിന്റെ നാല് നൂറ്റാണ്ട് എന്ന മനോഹരമായ പ്രബന്ധത്തിൽ പറയുന്നു. അതിനെ ഇങ്ങനെ ഒന്നുകൂടി പ്രകാശിപ്പിയ്ക്കുന്നു: ദൈനംദിന ജീവിതത്തിൽ സാങ്കൽപ്പികതയെ വേരോടെ പിഴുതെറിയാൻ ഭ്രാന്തമായ ഇമേജുകളും വാക്കുകളും കണ്ടെത്തുന്ന ദൗത്യം ഏറ്റെടുക്കുമ്പോൾ നമ്മൾ ഡോൺ ക്വിഹോത്തിനെ അനുകരിക്കുകയാണ്, പ്രവൃത്തിയിൽ മിഥ്യയും ചരിത്രത്തിൽ മിത്തും ചേർത്ത്. അയാളുടെ സാഹസികതയിൽ നമുക്ക് നമ്മുടെ സ്വന്തം പ്രോത്സാഹനങ്ങൾ കാണാം.
ജോസാ എഴുതുന്നു.
അതിനാൽ നോവൽ മരിച്ചില്ല, നോവൽ വായനക്കാരി തീർച്ചയായും. അവൾ തന്റെ ആയുസ്സിന്റെ ദശകങ്ങളെ കഥകൾ കൊണ്ട് ഓർമിക്കുകയും പൂരിപ്പിക്കുകയും ചെയ്യുന്നു.