സങ്കടങ്ങൾക്കുമേൽ പടർന്നു വളർന്ന അമരവള്ളിയിൽ വയലറ്റും വെള്ളയും കലർന്ന നിറമുള്ള പൂക്കൾ വിടർത്തി മലയാള കഥാ–നോവൽ സാഹിത്യത്തിൽ സ്വന്തം ഇരിപ്പിടം സ്ഥാപിച്ച എഴുത്തുകാരിയാണ് സാറാ ജോസഫ്. മലയാള സാഹിത്യ ചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും വേറിട്ടു നില്ക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സാറാ ജോസഫ് എന്ന എഴുത്തുകാരി പലതരത്തിൽ വ്യവഹിക്കപ്പെടുന്നുണ്ട്. മാതൃവാദത്തിന്റെ അടിസ്ഥാനത്തിലും ഫെമിനിയൻ വാദത്തിലും ഈ എഴുത്തുജീവിതത്തെ പലരും അടയാളപ്പെടുത്തുന്നു.
സാറാ ജോസഫിന്റെ പാപത്തറ എന്ന കഥാസമാഹാരത്തിന് പഠനമെഴുതിയ കവി സച്ചിദാനന്ദൻ പാശ്ചാത്യ ഫെമിനിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾകൊണ്ട് സാറാ ജോസഫിന്റെ കഥയെ വിശകലനം ചെയ്യുന്നുണ്ട്. ആ പഠനം കൊണ്ട് സാറാ ജോസഫിന് മുമ്പും പിമ്പുമുള്ള എഴുത്തുകാരികളുടെ സാഹിത്യത്തിലേക്ക് ഒരു അക്കാദമിക് നോട്ടം സാധ്യമായി എന്നതൊഴിച്ചാൽ സ്ത്രീ എഴുത്തുകാരികളെ ഒരു പ്രത്യേക ചതുരത്തിൽ ഒതുക്കിനിർത്താനാണ് പല സാഹിത്യനിരൂപകരും പിൽക്കാലത്ത് ശ്രമിച്ചത്. അത് തോട്ടേയ്ക്കാട്ട് ഇക്കാവമ്മ മുതൽ ചെറുതും വലുതുമായ എഴുത്തുകാരികളിലൂടെ സാറാ ജോസഫിൽ അവസാനിക്കുന്ന ജൈവികമായി വളർന്നുവന്ന ഒരു സൗന്ദര്യശാസ്ത്രസങ്കല്പത്തെ തകിടം മറിച്ചു. അതുവരെയുള്ള ആൺനോട്ടം തന്നെയാണ് സച്ചിദാനന്ദനും നിർവ്വഹിച്ചത്.
എന്നാൽ നവോത്ഥാനകാലത്ത് കുമാരനാശാനിൽ നിന്നു തുടങ്ങുന്ന ഒരു പെൺനോട്ടത്തിന്റെ തുടർച്ചയായി ഇതിനെ കാണാനും കഴിയില്ല. കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തിലൂടെ മുന്നോട്ടുവച്ച സ്ത്രീവാദമോ കാഴ്ചപ്പാടോ അല്ല സച്ചിദാനന്ദന്റെ പഠനത്തിലുടനീളം അവതരിപ്പിക്കപ്പെടുന്നത്. അതിലെല്ലാം പാശ്ചാത്യമായ ഒരു സൈദ്ധാന്തിക കാഴ്ചപ്പാട് രൂപപ്പെടുത്തുവാനാണ് ശ്രമം. ഇതിൽ സ്ത്രീയുടെ ആക്ടിവിസത്തെക്കുറിച്ചാണ് വായിക്കാനാവുക. ആക്ടിവിസം എഴുത്ത് എന്നത് മാർക്സിയൻ ചിന്താധാരയുടെ തുടർച്ചയാണ്. സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ എഴുത്തിലാണ് പ്രാമുഖ്യമെന്നത് ഇടതുപക്ഷ ചിന്താധാരയാണ്.

ആൺകോയ്മയുടെ സാമൂഹ്യ പ്രയോഗത്തിലേക്കും മനോവിജ്ഞാനീയത്തിലേക്കും വിരൽ ചൂണ്ടുന്ന ഐസാക് ദിനെസെങ്ങിന്റെ ഒരു ചെറുകഥയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ടാണ് സച്ചിദാനന്ദന്റെ ഫെമിനിയൻ സൗന്ദര്യശാസ്ത്ര പഠനമാരംഭിക്കുന്നതു തന്നെ. ഇതും ഒരു കന്യാസ്ത്രീമഠത്തിലെ കന്യാരക്തത്തിന്റെ കറ പുരണ്ട കഥയുടെ പശ്ചാത്തലത്തിൽ തുടങ്ങുന്നു. ഈ പഠനമാണ് ഫെമിനിസ്റ്റുകഥകളെ പിൽക്കാലത്ത് അപഹസിക്കുന്ന ‘പദപ്രയോഗ’ത്തിലൂടെ പലരും ചതുരക്കളത്തിലൊതുക്കി വിലയിരുത്തിയത്. ശരിക്കും സാറാ ജോസഫിന്റെ എഴുത്തിന്റെ ഉറവിടം എവിടെയാണ്. തൃശ്ശൂർ കുരിയച്ചിറ പൂക്കോടൻ വീട്ടിലെ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി പിറന്ന സാറ, മലയാളികളുടെ പ്രിയപ്പെട്ട സാറാ ജോസഫ് ആയി വളർന്ന കഥ അവരുടെ ആദ്യ നോവലായ ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ് എന്നിവയിലൂടെ ആത്മകഥാംശമായി അടയാളപ്പെടുത്തുന്നുണ്ട്.
പല വിലക്കുകളുടെയും ലംഘനമാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി. ഇത്തരമൊരവസ്ഥയിൽ എഴുത്ത് എന്നതുതന്നെയാണ് ആക്ടിവിസം. മറിച്ച് പുറത്തിറങ്ങി കൊടിപിടിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതുമായ ആക്ടിവിസമല്ല സാറാ ജോസഫിന്റെ ലോകം.
യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പള്ളിയുടെയും പ്രാർത്ഥനയുടെയും പശ്ചാത്തലത്തിൽനിന്ന് തന്റേതായ ഒരു ലോകം, തന്റെ ഇരിപ്പിടത്തിന്റെ ഭൂഗോളം അവർ വരച്ചിടുന്നുണ്ട്. നരകത്തിൽ പോകാതിരിക്കാൻ വേദനിച്ചും പ്രാർത്ഥിച്ചും കഴിയുന്ന കഠിന വിശ്വാസികളുടെ കുടുംബത്തിൽ നിന്നുതന്നെയാണ് സാറയുടെ ഉയിർത്തെഴുന്നേല്പ്. മതങ്ങളും ധർമ്മവും നീതിയും നിഷേധിക്കപ്പെട്ട ജീവിതങ്ങളെ പാപികളായി മുദ്രകുത്തുന്നതിനെതിരെയാണ് സാറ വിരൽ ചൂണ്ടുന്നത്. അങ്ങനെ പല വിലക്കുകളുടെയും ലംഘനമാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി. ഇത്തരമൊരവസ്ഥയിൽ എഴുത്ത് എന്നതുതന്നെയാണ് ആക്ടിവിസം. മറിച്ച് പുറത്തിറങ്ങി കൊടിപിടിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതുമായ ആക്ടിവിസമല്ല സാറാ ജോസഫിന്റെ ലോകം.

പ്രപഞ്ചത്തിന്റെ വന്യവും സർഗ്ഗപരവുമായ വാതിലുകൾ തുറന്ന് എല്ലാ നൈസർഗ്ഗിക ആഹ്ലാദങ്ങളിലേക്കും പറക്കുവാൻ വെമ്പുന്ന കൗമാരക്കാരിയായ സാറാ ജോസഫിനെ നന്മതിന്മകളുടെ വൃക്ഷം എന്ന കഥയിലും ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി എന്നീ നോവലുകളിലും കാണാനാവും.
പ്രണയത്തിലൂടെ എല്ലാ നൈസർഗ്ഗിക ചോദനകളെയും ഉണർത്തി സദാചാരത്തിന്റെ വിലക്കുകൾ ലംഘിച്ച് ദൈവത്തിലേക്കെത്താനാണ് സാറാ ജോസഫ് തന്റെ സാഹിത്യ രചനകൾകൊണ്ട് സാധ്യമാക്കിയത്. ‘ഒരു പാതി ജനങ്ങളിലും മറു പാതി വെളിച്ചത്തിലുമായി മുഖം ചരിച്ചുപിടിച്ചിരിക്കുന്ന അന്തർമുഖനും ഏകനുമായ ദൈവത്തിലേക്കെത്തിപ്പെടാൻ തലനാരിഴപ്പാലം കടക്കേണ്ടതുണ്ട്’ എന്ന് സാറാ ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്.
ഭാഷാ കേന്ദ്രീകൃതമാണ് തന്റെ രചനകൾ എന്ന് വിശ്വസിച്ചു കൊണ്ടാണ് സാറാ ജോസഫ് ഓരോ എഴുത്തും സാധ്യമാക്കിയത്. അതുകൊണ്ട് സ്വന്തം ശരീരത്തിന്റെ സൂക്ഷ്മസംവേദനങ്ങൾ വരെ ഭാഷയിലേക്ക് പിടിച്ചെടുക്കുവാൻ അവർ ശ്രമിച്ചു. ഭാഷയെ സൂക്ഷ്മാനുഭവങ്ങളായി ആവിഷ്കരിക്കാൻ അവർ ഉപയോഗിച്ച മൂർച്ചയേറിയ ഭാഷയും അതിന്റെ ശക്തിയുമാണ് സാറാ ജോസഫ് എന്ന എഴുത്തുകാരിയെ നിലനിർത്തുന്നത്. ഇത് മാധവിക്കുട്ടിയിലും കാണാം.

മലയാള സാഹിത്യത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചത് സാറാ ജോസഫാണ്. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ One hundred year’s of solitude എന്ന നോവലിലെ ഉർസുലയുടെ അത്ര തന്നെ വലുപ്പമുണ്ട് മാറ്റാത്തിയിലെ ബ്രിജിത്ത എന്ന കഥാപാത്രത്തിനും. ദുഃഖവും രോഷവും ക്രോധവും ഒക്കെയുള്ള കഥാപാത്രത്തെ രൂപം കൊടുത്തത് കുരിയച്ചിറയിലെ നസ്രാണി കുടുംബങ്ങളിൽ കാണുന്ന വല്യമ്മൂമ്മമാരെ കണ്ടിട്ടുതന്നെയാണ്. ആനിയും ലൂസിയും മാർഗലീത്തയും ഒക്കെ സാറാ ജോസഫിന്റെ അംശങ്ങൾ പേറുന്ന കഥാപാത്രങ്ങൾ തന്നെയാണ്.
ഇരുപതാം നൂറ്റാണ്ടിലെ മുഖ്യ സ്ത്രീകഥാപാത്രങ്ങളായ ഇന്ദുലേഖ, സുഭദ്ര, ദേവി ബഹൻ ഇവരേക്കാളും മുന്നിലാണ് ബ്രിജിത്ത. മലയാളത്തിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ ദൃശ്യവല്ക്കരിച്ച സിനിമകളും നാടകങ്ങളുമുണ്ട്. എന്നിട്ടും സാറാ ജോസഫിന്റെ ഒരു സ്ത്രീകഥാപാത്രത്തെയും സിനിമാഭാഷ്യത്തിലേക്ക് മാറ്റുവാൻ കഴിഞ്ഞില്ല എന്നത് ഈ കഥാപാത്രങ്ങൾ പേറുന്ന ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം കാരണമാണ് എന്നുകാണാം. അതിനെ ദൃശ്യവല്ക്കരിക്കുമ്പോൾ ആ കഥാപാത്രമായി ജീവിക്കുവാൻ അസാമാന്യ അഭിനയസിദ്ധിയുള്ള നടിമാർ നമുക്കുണ്ടായിട്ടും അത് സാധ്യമാകാതിരുന്നതിന്റെ പ്രധാന കാരണം ഇതിലെ ഭാഷയാകാം.

പാപത്തറയുടെ പ്രമേയപരിസരം പാലക്കാടും തമിഴ്നാടും ചേർന്ന പ്രദേശമാണ്. അവിടെ നിലനിന്നിരുന്ന ഒരു ആചാരത്തിൽ നിന്നാണ് ഈ കഥ രൂപപ്പെടുന്നത്. പെൺകുഞ്ഞ് ജനിച്ചാൽ ശപിക്കപ്പെടുന്ന അമ്മയുടെ കഥയാണ് ഇത്.
സാറാ ജോസഫിന്റെ മിക്ക രചനകളിലേയും കഥാപാത്രങ്ങളും നോവൽ പരിസരവും പുറമ്പോക്കുകളിലേക്ക് നാഗരികത തള്ളിവിട്ടവർ അനുഭവിക്കുന്ന ക്ലേശങ്ങളും ദുരിതങ്ങളുമാണ്. ബുധിനിയിലും ആതിയിലും ഇതുതന്നെ വിഷയം. മാലിന്യമാക്കപ്പെട്ട് കുടിവെള്ളം മുട്ടുന്ന മനുഷ്യരുടെ ജീവിതമാണത്. ജലത്തിനും ജീവനും വേണ്ടിയുള്ള സമരമാണ് ആതി. ആസക്തികളുടെ ലോകത്ത് അകപ്പെട്ടുപോയവരുടെ വിസർജ്ജ്യങ്ങൾ പേറേണ്ടി വരുന്ന ഒരു ദേശത്തിന്റെ മനുഷ്യരുടെ കഥയാണത്.

ഊരുകാവലിൽ അമ്മയോട് അംഗദൻ എന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യവും ഉത്തരവും നമ്മെ ഇന്നും പൊള്ളിക്കുന്നു:
‘‘അമ്മേ എങ്ങനെയാണ് ചോറു വേവുന്നത്?’’
‘‘അൻപുകൊണ്ടാണ് അംഗദാ. അനേകായിരം അൻപുകൊണ്ടാണ് ഒരു പിടി അരി വെന്തു ചോറാകുന്നത്’’.
‘‘അൻപെന്നാലോ?’’
‘‘വിത്തു വിതയ്ക്കുമ്പോൾ, കൊയ്തു മെതിക്കുമ്പോൾ, നെല്ലു കുത്തുമ്പോൾ, കാവലിരിക്കുമ്പോൾ നെഞ്ചിൽ തോന്നുന്നതെന്തോ അതാണ് അൻപ്’’.
അംഗദന്റെ ചോറെവിടെയാണ്?
ഭൂമിയിൽ അൻപ് വറ്റിയിരിക്കുന്നു.
ഇവിടെ സാറാ ജോസഫിന്റെ രാഷ്ട്രീയം വ്യകതമാണ്.
രാജധർമ്മത്തിനുവേണ്ടി, പത്നിയെ അഗ്നിപരീക്ഷയിലേക്ക് നയിക്കുന്ന രാമന്റെ രാജ ധർമ്മത്തെ ചോദ്യം ചെയ്യുന്ന നോവലാണ് ഊരുകാവൽ. മനുഷ്യഹൃദയത്തിന്റെ ധർമ്മബോധത്തിനെതിരെയാണതെന്ന് അംഗദനിലൂടെ സാറാ ജോസഫ് പറയുന്നു. ആദികാവ്യത്തിന്റെ പരിചിതമായ താളത്തെ തെറ്റിക്കുന്ന ഈ കൃതി പുതിയൊരു കാലത്തെ ഇതിഹാസ വായനയാണ്. എഴുത്തച്ഛന്റെ പുരുഷവായനയെ ഒരു സ്ത്രീവായനകൊണ്ട് തിരിച്ചിടുന്നു. ഇത് ആശാനിൽനിന്ന് തുടങ്ങുന്ന മറുവായന തന്നെയാണ്.

ഏറ്റവും കൂടുതൽ സ്ത്രീകൾ കഥാപാത്രങ്ങളായി വരുന്ന രചനകളാണ് സാറാ ജോസഫിന്റേത്. സ്ത്രീകളുടെ ശബ്ദങ്ങളാണ് ഈ കൃതികളിലെല്ലാം. പുരുഷ ശബ്ദങ്ങൾക്ക് പതുക്കെ പതുക്കെ കനം കുറയുന്നതുപോലെ. അതുകൊണ്ടുതന്നെ സ്ത്രീകളുടെ സമ്പൂർണ്ണ ആഘോഷങ്ങളാണ്, തുറന്നുവിട്ട സഞ്ചാരങ്ങളാണ് ഈ കഥകളും നോവലുകളും. ഭാഷയുടെ അധികാരത്തിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ച് അതു കടന്നുപോകുന്നു.
കറ എന്ന നോവലിലൂടെ മനുഷ്യവംശത്തിനുമേൽ പുരുഷമേൽക്കോയ്മ വീഴ്ത്തിയ പാപപങ്കിലമായ കറയെ ഇതിഹാസ സമാനമായ ഭാഷയിൽ ആവിഷ്കരിക്കുന്നു. സാറാ ജോസഫിന്റെ ഭാഷയിൽ ഒരേസമയം ലളിതവും നിഗൂഢമായി ഒളിഞ്ഞിരിക്കുന്ന ഗൂഢമന്ത്രത്തിന്റെ ശക്തിയും അതിനുണ്ട്. സ്ത്രീയുടെ എല്ലാ തരത്തിലുള്ള ആഘോഷങ്ങൾക്കും വാതിൽ തുറക്കുന്ന ഒരു സ്ഥലകാലത്തിലാണ് ഈ കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് നൈസർഗ്ഗികവും സ്വാഭാവികവുമായ ഒരു ആഹ്ലാദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തുറക്കലാണ്.

അരികുവല്ക്കരിക്കപ്പെട്ട കഥാപാത്രങ്ങളെയും അവരുടെ പ്രശ്നങ്ങളെയും മുഖ്യധാരയുടെ പൂമുഖത്തേയ്ക്ക് കൊണ്ടുവന്നതാണ് സാറാ ജോസഫ് സാഹിത്യമണ്ഡലത്തിൽ ചെയ്ത ഏറ്റവും വലിയ സംഭാവന. അതുകൊണ്ടുതന്നെ മലയാളി സ്ത്രീജാഗ്രതയുടെ പല വഴികളിൽ നാം സാറാ ജോസഫിനോട് കടപ്പെട്ടിരിക്കുന്നു. ആലാഹയുടെ പെൺമക്കൾ എന്ന നോവൽ മുഖ്യധാരയിൽ ഇല്ലാതെ പോയ, മായ്ക്കപ്പെട്ട, മാഞ്ഞുപോയ സമൂഹത്തെയും ഭാഷയെയും വീണ്ടെടുക്കുകയാണ്. ഇതൊരു പാർശ്വവല്കൃത ജനസമൂഹത്തിന്റെ ജീവിതരേഖയാണ്. പാപത്തറ, ആലാഹയുടെ പെൺമക്കൾ എന്നീ കൃതികൾ മലയാള നോവൽ– കഥാസാഹിത്യത്തിലെ നാഴികക്കല്ലുകളാണ്.
സാറാ ജോസഫിനു മുമ്പും പിമ്പും എന്നതാണ് മലയാളത്തിൽ സ്ത്രീഎഴുത്ത്. മാധവിക്കുട്ടിയും സരസ്വതിയമ്മയും തുടങ്ങിവച്ച ആ ഭാഷാസാഹിത്യ വിപ്ലവം സാറാ ജോസഫിൽ പടർന്നു പന്തലിച്ചു പൂത്തു നില്ക്കുകയാണ്. ആ സുഗന്ധത്തിന്റെയും തണലുകളുടെയും ഓരത്തുകൂടി സഞ്ചരിക്കാതെ പുതിയ തലമുറയ്ക്ക് തങ്ങളുടേതായ തങ്ങളുടേതായ വഴി വെട്ടാൻ സാദ്ധ്യമല്ലാതെ വന്നിരിക്കുന്നു. പുതിയ എഴുത്തിന്റെ ജീവിതപരിസരം മാറിയിട്ടുണ്ട്. എഴുത്ത് എന്നത് ഒരു നദി പോലെയാണ്. വലിയൊരു കടലിലേക്ക് ഒഴുകിയെത്തുന്ന ചെറുതോടുകളുടെയും പുഴകളുടെയും സംഗമമാണ്. അത് കാലത്തെയും ദേശത്തേയും ഭേദിച്ച് ഒഴുകിക്കൊണ്ടിരിക്കും. അത് വറ്റാതിരിക്കട്ടെയെന്നതു മാത്രമാണ് പ്രാർത്ഥന.