തികച്ചും ഹ്രസ്വവും തീർത്തും നശ്വരവുമായ ഈ ജീവിതത്തിൽ മനുഷ്യർ നേരിടുന്ന നിരവധി പരിമിതികളെ മറികടക്കാർ അവർ കണ്ടെത്തിയ മികച്ച ഉപാധികളിലൊന്നാണ് പുസ്തകങ്ങൾ. ഇതൊരു ബോധ്യത്തിൽ നിന്ന് പറയുന്ന കാര്യമാണ്. പുസ്തകവായനയിലൂടെ വർത്തമാനകാല ജീവിതത്തിന്റെ പരിമിതികളിൽ പലതിനെയും അതിജീവിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ജീവിത പരിസരത്തില്ലാത്ത, നമ്മുടേതല്ലാത്ത കാലത്ത് ജീവിച്ചു മരിച്ചു പോയ ഏതെല്ലാമോ അപരിചിതരുമായുള്ള സമ്പർക്കം. അടിസ്ഥാനപരമായി പുസ്തകം സാധിച്ചുതരുന്നത് അതാണ്. അങ്ങനെ പുസ്തകവായനയിലൂടെ നേടിയ കാലാതിവർത്തികളായ അപൂർവം ചില സ്‌നേഹിതരെ ഓർക്കുകയാണ് ഞാനിവിടെ. ഈ ഓർമയാണ് എന്റെ ആത്മീയത. ഇതാണ് എന്റെ ആന്തരിക ജീവിതത്തെ ചൈതന്യവത്താക്കുന്നത്. പരിഭ്രാന്തിയില്ലാതെ ജീവിതത്തിനു ചുറ്റുമുള്ള അപരിചിതത്വത്തെ നേരിടാൻ കരുത്തു നൽകുന്നത്.
രണ്ടാം നൂറ്റാണ്ടിലെ ഉപദേഷ്ടാവ്
‘‘ഓരോ ദിവസത്തെയും നേരിടാൻ തയ്യാറാവുമ്പോൾ നീ സ്വയം ഇങ്ങനെയൊക്കെ ഓർക്കണം. ഇന്ന് നിനക്ക് വഞ്ചകരേയും അസൂയാലുക്കളെയും സ്വാർത്ഥരേയും കപട ബുദ്ധികളേയും നേരിടേണ്ടി വരും. നന്മ - തിന്മകൾ വേർതിരിച്ചറിയുവാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ് ആളുകൾക്ക് ഈ വക ദോഷങ്ങൾ ഉണ്ടാവുന്നത്. അത്തരം തിന്മകളിൽ ഏർപ്പെടുന്നവരും ഞാനും ഒരേ പോലെ രക്ത മാംസങ്ങൾ ഉള്ളവരും സമാന മനസ്സും ചൈതന്യവുമുള്ളവരാണെന്നും അവരുമായി തനിക്ക് സഹോദരബന്ധമുണ്ടെന്നും ഓർക്കണം . അവരിൽ ആർക്കും എന്നെ മുഷിപ്പിക്കാനോ തിന്മയിലേക്ക് താഴ്ത്തുവാനോ കഴിയുകയുമില്ല എന്ന് ഉറച്ച ബോദ്ധ്യം വേണം. എന്റെ ആ സഹോദരരോട് ദ്വേഷ്യപ്പെടാനോ അവരെ വെറുക്കാനോ എനിക്ക് സാദ്ധ്യമല്ല. കൈകാലുകൾ പോലെ ,കണ്ണുകൾ പോലെ , താഴെയും മുകളിലുമായി നിലകൊള്ളുന്ന ദന്തനിരകളെപ്പോലെ ഞങ്ങൾ സഹകരിച്ചു ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണെന്നറിയുക. അവർക്കെതിരേ പ്രവർത്തിക്കുന്നത് സ്വാഭാവിക നീതിയല്ല. അവരെ ഒഴിവാക്കുന്നതും അവരോട് കോപിക്കുന്നതും എതിർ പ്രവർത്തിയാണ്.’’
എ.ഡി. രണ്ടാം നൂറ്റാണ്ടിലെ റോമിലിരുന്ന് മാർക്ക്‌സ് അറീലിയസ് എന്ന ചിന്തകൻ എന്നോട് സംസാരിക്കുകയായിരുന്നു. ജീവിതത്തിൽനിന്ന് താൻ പഠിച്ച പാഠങ്ങൾ വരും തലമുറയിലെ മനുഷ്യർക്ക് പ്രയോജനമുണ്ടാവും എന്ന് അയാൾ തീർച്ചപ്പെടുത്തി. അതിനാൽ അവയൊക്കെ എഴുതിവെച്ചു. അതൊരു വെറും ജീവിതമായിരുന്നില്ല. അധികാരവും സമ്പത്തും നിറഞ്ഞ ഒരു ജീവിതം. റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു മാർക്കസ് അറീലിയസ്. എ. ഡി 121 മുതൽ എ.ഡി 180 വരെ ജീവിച്ചു. റോമാ ചക്രവർത്തി എന്ന നിലയിലല്ല ആ മനുഷ്യനും ഞാനുമായി സമ്പർക്കത്തിലാവുന്നത്. അറീലിയസ് എന്ന റോമാ ചക്രവർത്തി എ.ഡി. 180 ൽ മരിച്ചു. പക്ഷ, അറീലിയസ് എന്ന എഴുത്തുകാരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, മനുഷ്യജീവിതത്തെ ആഴത്തിൽ മനസ്സിലാക്കിയ ഒരു സ്റ്റോയിക് ദാർശനികൻ എന്ന നിലയിൽ.
ജീവിതത്തെപ്പറ്റി അദ്ദേഹം ഒരു പുസ്തകമെഴുതി, മെഡിറ്റേഷൻസ് എന്ന പേരിൽ. അതാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്. 19 നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചുമരിച്ചു പോയ ഒരാളോട് 21-ാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഞാൻ സമ്പർക്കത്തിലാവുകയാണ്. ആ സാധ്യതയൊരുക്കിയത് അയാളെഴുതി വെച്ച ‘ആത്മനിവേദനങ്ങൾ' (Meditations എന്ന അറീലിയസിന്റെ പുസ്തകത്തെ ഗ്രീക്കിൽ നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തിയ ശേഷാദ്രി അയ്യർ ഉപയോഗിച്ച വാക്ക്) എന്ന ചെറിയൊരു പുസ്തകം. ജീവിതകലയുടെ തത്വങ്ങൾ ആ പുസ്തകത്തിലുണ്ടായിരുന്നു. പ്രകൃതിയോടിണങ്ങിയ സ്വാഭാവിക ജീവിതം നയിക്കുവാൻ അതെനിക്കു കരുത്തുനൽകി.
എന്റെ മനസ്സിന്റെ അധിപൻ ഞാൻ തന്നെയാണെന്ന് അതെന്നോട് നിരന്തരം ഓർമ്മിപ്പിച്ചു. ഇടയ്‌ക്കൊക്കെ ഞാൻ അറീലിയസുമായി സമ്പർക്കത്തിലാവും. വർത്തമാനകാല ജീവിതത്തിന്റെ സന്ദേഹങ്ങൾ മനസ്സിന്റെ സ്വൈര്യത്തെ അലങ്കോലമാക്കുമ്പോൾ ഞാൻ ‘മെഡിറ്റേഷൻസ്' എന്ന പുസ്തകത്തിന്റെ താളുകൾ മറിക്കും. എനിക്കു വേണ്ടി രണ്ടാം നൂറ്റാണ്ടുകാരനായ എന്റെ സുഹൃത്ത് എഴുതിയ വാചകങ്ങൾ എന്റെ മനസ്സിന്റെ സഹായത്തിനെത്തും. കാലത്തിന്റെ ഏതോ കോണിൽ നിന്ന് അപരിചിതനായ അയാൾ എന്നെ അറിയുന്നു. ഞാൻ അയാളെയും. യാതൊരു നിർബന്ധത്തിനും വശംവദനനാകാതെ ഏകാന്തമായ മനശാന്തിയോടെ ജീവിക്കുവാൻ അയാൾ എന്നെ ശീലിപ്പിച്ചു.
പിശാചുക്കളുടെ ഭാഷയിലെ കഥാകാരൻ
ഇനി മറ്റൊരാളെ പരിചയപ്പെടാം, പേര് ഗുണാഢ്യൻ.
ജീവിച്ച കാലത്തിനും സ്ഥലത്തിനും നിശ്ചയങ്ങളില്ല. ജീവിച്ചിരുന്നു എന്നതിന് സാക്ഷ്യം പറയാൻ അന്നയാൾ എഴുതിവെച്ച കുറെ കഥകൾ മാത്രമേയുള്ളൂ. അയാൾ പൈശാചി ഭാഷയിൽ കഥകളെഴുതി. കാട്ടിൽ താമസിച്ചിരുന്ന ‘പിശാചു’ക്കളുടെ ഭാഷയായിരുന്നു പൈശാചി. പിശാചുക്കളുടെ രാജാവായ കാണഭൂതിയാണ് ഗുണാഢ്യന് കഥകളുടെ ലോകം തുറന്നു കൊടുത്തത്. താൻ കേട്ട കഥകളെ മിനുക്കിയെടുത്ത് അദ്ദേഹം കാവ്യമായി എഴുതി. ഏഴു ഭാഗങ്ങളിലായി ഏഴു ലക്ഷം ശ്ലോകങ്ങൾ. കാട്ടിൽ മഷി കിട്ടാത്തതുകൊണ്ട് സ്വന്തം രക്തത്തിൽ മുക്കിയാണത്രേ അത്രയും എഴുതിയത്. അവ കാലത്തിനായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹവും ശിഷ്യന്മാരും നിശ്ചയിച്ചു. എന്നാൽ അതെങ്ങനെ നിലനിർത്തും എന്ന ചോദ്യം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അയാളുടെ ശിഷ്യന്മാർ ഒരു പരിഹാരം മുന്നോട്ടു വെച്ചു. കാര്യങ്ങൾ നാട്ടിലെ രാജാവായ സാതവാഹനന് സമർപ്പിക്കുക. അദ്ദേഹത്തിന് അത് സംരക്ഷിക്കാൻ സാധിക്കും. അങ്ങനെ ശിഷ്യന്മാർ അതിവിപുലമായ ആ കാവ്യവുമായി രാജാവിന്റെ മുന്നിലെത്തി. കാര്യം അവതരിപ്പിച്ചു.
സമയക്കുറവും പൈശാചി ഭാഷയിലെ പ്രാവീണ്യക്കുറവും പറഞ്ഞ് സാതവാഹന രാജാവ് അത് തിരസ്‌ക്കരിച്ചു. ഹീനഭാഷയായ പൈശാചിയെ രാജാവ് ഇഷ്ടപ്പെട്ടിരുന്നില്ല. രക്തത്തിൽ ആലേഖനം ചെയ്തതും അത്ര രുചിച്ചില്ല. ശിഷ്യന്മാർ തിരിച്ചുവന്ന് ഗുരുവിനെ വിവരമറിയിച്ചു. ഗുണാഢ്യന് ഇത് വലിയ അവഹേളനമായിത്തോന്നി. അയാൾ വനത്തിലൊരിടത്ത് ഒരു കുന്നിമേൽ അഗ്‌നികുണ്ഡം തീർത്ത് ഗ്രന്ഥത്തിലെ ഓരോ താളുകളായി ഉറക്കെ വായിച്ച് അതിലേക്കിട്ടു നശിപ്പിച്ചു തുടങ്ങി . ശിഷ്യന്മാർ ദുഃഖത്തോടെ കൂട്ടുനിന്നു. ഗുണാഢ്യന്റെ കഥ വായന കേട്ട് വന്യമൃഗങ്ങൾ പോലും ആഹാരമുപേക്ഷിച്ച് ആ കുന്നിന്മേൽ ഒത്തുകൂടിയത്രേ. കഥകളുടെ സ്വാധീനം അത്ര മാത്രമായിരുന്നു.
അക്കാലത്ത് സാതവാഹന രാജാവ് രോഗിയായി. രോഗത്തിനു കാരണം ശുഷ്‌കമാംസം ഭക്ഷിച്ചതാണെന്ന് വൈദ്യന്മാർ വ്യക്തമാക്കി. പാചകക്കാരെ വിളിപ്പിച്ചപ്പോൾ അവർ കുറ്റം നായാട്ടുകാരിലേക്ക് കൈമാറി. നായാട്ടുകാർ സത്യം കണ്ടെത്തി. കാട്ടിലെ ഒരു കുന്നിന്മേൽ ആരോ കഥ വായിച്ച് തീയിലിട്ടു കൊണ്ടിരിക്കുന്നു. കാട്ടിലെ പക്ഷിമൃഗാദികൾ ആഹാരം പോലും ഉപേക്ഷിച്ച് അവിടെച്ചെന്ന് കഥ കേട്ടു നിൽക്കുകയാണെന്നും അതിനാൽ ഉണങ്ങിയ മാംസമേ കിട്ടുന്നുള്ളൂ എന്നും അവർ പറഞ്ഞു. ഇതറിഞ്ഞ രാജാവ് ആ കുന്നിന്മേലേക്ക് ചെന്നു. കണ്ണീരൊലിപ്പിച്ച് നിൽക്കുന്ന പക്ഷിമൃഗാദികളുടെ നടുവിലായി ഒരാൾ കഥ വായിച്ച് തീയിലിടുന്ന കാഴ്ച കണ്ടു. അത് ഗുണാഢ്യനാണെന്നറിഞ്ഞ രാജാവിന് ദുഃഖവും കുറ്റബോധവും തോന്നി. ഗുണാഢ്യൻ കഥകൾ രാജാവിനെ കേൾപ്പിച്ചു. ബഹുമാനം തോന്നിയ രാജാവ് ആ കഥകൾ ആവശ്യപ്പെടുകയും അവ സംരക്ഷിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും ആറു ലക്ഷം കാവ്യങ്ങൾ അഗ്‌നിക്കിരയായിക്കഴിഞ്ഞിരുന്നു. ബാക്കി വന്ന ഒരു ലക്ഷം രാജാവിനെ ഏല്പിച്ചു. ശേഷം ഗുണാഢ്യൻ യോഗാഗ്‌നിയിൽ സ്വയം ഹോമിച്ചു. അന്ന് സാതവാഹന രാജാവ് സംരക്ഷിച്ച ബൃഹത്കഥയുടെ ഭാഗങ്ങളാണ് കഥാസരിത് സാഗരം എന്ന പേരിൽ പിന്നീട് സംസ്‌കൃതത്തിലൂടെ സോമദേവഭട്ടൻ നിലനിർത്തിയത്. കഥയുടെ മഹാശേഷി ബോദ്ധ്യപ്പെടുത്തി തന്ന ഗുണാഢ്യന്റെ ഓർമ ഇന്നിപ്പോൾ ഓരോ പുതിയ കഥ വായിക്കുമ്പോഴും എന്നിലേക്ക് ചേർന്നുനിൽക്കുന്നു. മഹത്തായ ആ ഭാവന വിടർന്നത് വരേണ്യഭാഷയിലല്ല, പിശാചുക്കളുടെ ഭാഷയിലാണ് എന്ന അറിവ് എനിക്കു തരുന്ന കരുത്ത് പറഞ്ഞറിയിക്കാനാവാത്തതാണ്. ജീവിതത്തെ ആഴത്തിൽ അറിയാൻ കഥകളിലേക്ക് മടങ്ങുന്നു. എനിക്ക് ജീവിക്കാൻ എന്റെ ഒരു ജീവിതം മാത്രം. എന്നിലെ വായനക്കാരന് ജീവിക്കാൻ എത്രയോ വ്യത്യസ്തമായ ജീവിതങ്ങൾ.
കാലടിയിലെ മഹാദാർശനികൻ
അരണ്ട വെളിച്ചത്തിൽ വഴിയിൽ കിടക്കുന്ന കയറിനെ പാമ്പായി തോന്നുന്നതിൽ അത്ഭുതമില്ല. ഉള്ളതിനെ അതിന്റെ ശരിയായ അർത്ഥത്തിൽ ദർശിക്കാൻ കഴിയാത്ത അവസ്ഥ മനുഷ്യജീവിതത്തിൽ സാധാരണമാണ്. രജ്ജു സർപന്യായം എന്നാണ് ഇത് അറിയപ്പെടുന്നത്. മായയെ വ്യാഖ്യാനിച്ച്ശങ്കരൻ മുന്നോട്ടുവെച്ചതാണ് ഈ ന്യായം. മായയാണ് ദുഃഖത്തിന്റെ മൂലകാരണം. യാഥാർത്ഥ്യവും അയാഥാർത്ഥ്യവും ചേർന്ന ജീവിതത്തിന് അദ്ദേഹം വെളിച്ചം നൽകി. മിഥ്യാജ്ഞാനം ദാർശനികമായി വ്യാഖ്യാനിച്ച ശങ്കരൻ ചെറിയ പുളളിയല്ല.
ലോകത്തിലെ വലിയ ദാർശനികരുടെ നിരയിലാണ് ശങ്കരന്റെ ഇരിപ്പിടം. ജനിച്ചത് ഇവിടെ പെരിയാറിന്റെ തീരത്ത് കാലടി ഗ്രാമത്തിൽ. ഞാൻ താമസിക്കുന്ന കൊച്ചി നഗരത്തിൽ നിന്ന് ഒരു മണിക്കൂറ് കൊണ്ട് എത്തിപ്പെടാനാവുന്ന ഒരു ഗ്രാമം. പക്ഷേ, ശങ്കരൻ ഏറെ അകലെയാണ്. സമ്പർക്കത്തിലാവണമെന്ന മോഹം മുന്നേയുണ്ട്. എന്നാൽ അത് അസാധ്യമായ ഒന്നായി നിലകൊള്ളുന്നു. മാതാവ് ആര്യാംബയെപ്പറ്റിച്ച് കേരളം വിട്ട ശങ്കരൻ ലോകത്തിന്റേതാവുന്നത് എട്ടാം ശതകത്തിന്റെ അവസാന കാലത്താണ്. പ്രസിദ്ധമായ ചീങ്കണ്ണിക്കഥ ഓർമ്മിക്കുക. ആകെക്കൂടി ജീവിച്ചത് 32 കൊല്ലം. ഭാരതത്തിന്റെ ദാർശനിക ലോകത്ത് ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു. ഭാരതത്തിലാകെ സഞ്ചരിച്ച് വിവിധ ഭാഗങ്ങളിൽ സന്യാസി മഠങ്ങൾ സ്ഥാപിച്ചു. മോചനത്തിന്റെ വഴി ജ്ഞാനത്തിന്റേതാണെന്ന് പ്രഖ്യാപിച്ചു. അറിവിനു വേണ്ടിയായിരുന്നു ആ ജീവിതം. നിർഭാഗ്യവശാൽ ആ ജീവിതത്തെ അറിയുവാൻ നമുക്ക് മുന്നിൽ നേരായ വഴികളില്ല.
ശങ്കരനുമായുള്ള സമ്പർക്കം ഇന്നും ദുഷ്‌ക്കരമാണ്. ഭക്തശിരോമണികൾ നെയ്‌തെടുത്ത കെട്ടുകഥകളിൽ നിന്ന് ശങ്കരന് മോചനമില്ല. അദ്വൈതത്തിന്റെ പ്രഘോഷകന് വ്യക്തതയുള്ള ഒരു ദാർശനികനായി കാലത്തോടൊപ്പം സഞ്ചരിക്കാൻ സാധിച്ചില്ല. മറ്റൊരു കാലത്തിന്റെ ഓർമ്മകൾ അവശേഷിപ്പിക്കുന്ന ഒരു ജീവിതമായി അതങ്ങനെ കുഴഞ്ഞുകിടക്കുന്നു. നമ്മുടെ ദാർശനിക സംസ്‌കാരത്തെ മാറ്റിപ്പണിഞ്ഞ ഒരാളോടൊപ്പം ചേർന്നു നിൽക്കാനും ആ തർക്കബുദ്ധിയെ വേണ്ടത്ര ആദരിക്കാനും സാധിക്കുന്നില്ലല്ലോ എന്ന ദുഃഖം ബാക്കിയാവുന്നു.
ശങ്കരനാണോ പ്രതി, അതോ ശങ്കരന്റെ അനുയായികളോ? അദ്ദേഹത്തിന്റെ ദാർശനികയുക്തി നിരാകരിച്ചിരിക്കും എന്ന് കരുതേണ്ട പലതിനെയും അങ്ങനെ ചെയ്തില്ലല്ലോ എന്ന അറിവ് വേദനയുണ്ടാക്കുന്നു. ക്ഷേത്രങ്ങൾ, ആരാധന, ദൈവപ്രതിഷ്ഠ, ജാതീയത, വർണവ്യവസ്ഥ ... ഇതൊന്നും അംഗീകരിക്കാനിടയില്ലാത്ത ശങ്കരനെയായിരുന്നു കാലം കണ്ടെത്തേണ്ടിയിരുന്നത്.
ദൗർഭാഗ്യവശാൽ അയാൾ ഒരു മായ പോലെ ജീർണിച്ച ഒരു കാലത്തിന്റെ ഭാഗമായി ഇന്നും മറഞ്ഞു കിടക്കുന്നു. വലിയ ചോദ്യങ്ങളെ നിർഭയം നേരിട്ട ആ വലിയ സത്യാന്വേഷിയെ അപരിചിതത്വത്തിന്റെ പേരിൽ അകറ്റി നിർത്തുന്നതെങ്ങനെ? സത്യം ഒന്നേയുള്ളൂ. അത് ബ്രഹ്മമാണ്. ജ്ഞാനോദയത്തിലൂടെ അത് തിരിച്ചറിയണം. അറിവിന്റെ യാത്രയിൽ ആ അദ്വൈതി തന്ന ഉൾക്കാഴ്ചകൾ കൂടെയുണ്ട്. എന്റെ ശങ്കരനെ ഞാൻ തന്നെ കണ്ടെത്തണമെന്നു മാത്രം.
നാനൂറ് വയസ്സുള്ള കോമാളി
1615-ൽ പ്രസിദ്ധീകരിച്ച ഒരു നോവലിന്റെ നാനൂറാം വാർഷികം ആഘോഷിക്കപ്പെടുക! 2015-ൽ അതു സംഭവിച്ചു. അതെഴുതിയ ആളിന്റെ ചരമദിനം ലോക പുസ്തകദിനമായി ആചരിക്കുക. അതെ, പറഞ്ഞു വരുന്നത് മിഗ്വൽ ദെ സെർവാന്റസിനെപ്പറ്റിയാണ്. സ്‌പെയിനിലെ മഹാനായ എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ഡോൺ ക്വിയോട്ടെ എന്ന അസാധാരണ നോവലിനെപ്പറ്റിയും. അതിന്റെ ചരിത്രവും പ്രാധാന്യവും അത്രയേറെയാണ്. ‘The first modern novel ' എന്നാണ് ഹരോൾഡ് ബ്ലൂം എന്ന വലിയ നിരൂപകൻ അതിനെ വിശേഷിപ്പിച്ചത്.
2003-ൽ എഡിത് ഗ്രോസ്സ്മാൻ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ പുതിയ പതിപ്പിന്റെ മുഖവുരയിലാണ് ഹരോൾഡ് ബ്ലൂം ഈ അഭിപ്രായം പങ്കുവെച്ചത്. 1620-ൽ തോമസ് ഷെൽട്ടൻ ഈ സ്പാനിഷ് മാസ്റ്റർപീസിനെ ആദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. പിന്നീട് 17-ാം നൂറ്റാണ്ടു മുതൽ പല പരിഭാഷകളും ഈ കൃതിയ്ക്കുണ്ടായി. 1742-ൽ പുറത്തുവന്ന ചാൾസ് ജെർവാസിന്റെ പരിഭാഷയാണ് ഇതിനെ ലോകത്തിന് ഏറെ പ്രിയപ്പെട്ടതാക്കിയത്. 21-ാം നൂറ്റാണ്ടിൽ പുറത്തു വന്ന ഗ്രേസ്സ്മാന്റെ പരിഭാഷ ആ നോവലിനെ പുതിയ തലത്തിലേക്കുയർത്തി. ഈ പരിഭാഷയോടെ ലോക സാഹിത്യത്തിൽ സെർവാന്റസിന്റെ സ്ഥാനം ഷേക്‌സ്പിയറിനു സമാനമാണെന്ന് കൂടി ഹറോൾഡ് ആമുഖത്തിൽ പ്രസ്താവിച്ചു. ‘Don Quixote' വായിച്ചാണ് താൻ നോവലിസ്റ്റായതെന്ന് വില്യം ഫോക്ക്‌നർ പറഞ്ഞു. ഗബ്രിയേൽ ഗാർസിയ മാർകേസ് ആഗ്രഹിച്ചത് സെർവാന്റസിനെപ്പോലെ ഒരെഴുത്തുകാരനാവണം എന്നായിരുന്നു. ബോർഹസും ഗ്രഹാം ഗ്രീനും‘ക്വിയോട്ട’യെപ്പറ്റി പുതിയ കഥകളെഴുതി. ‘സ്പാനിഷ് ബൈബിൾ’ എന്നാണ് ദാർശനികൻ ഊനാമുനോ ഇതിനെ വിശേഷിപ്പിച്ചത്. സെർവാന്റസ്സാണ് ആധുനിക സാഹിത്യകാലത്തിന്റെ സ്ഥാപകൻ എന്ന് മിലാൻ കുന്ദേര.
2002-ൽ 54 രാജ്യങ്ങളിൽ നിന്നുള്ള നൂറ് പ്രധാനപ്പെട്ട എഴുത്തുകാർ ലോകത്തിലെ ഏറ്റവും മികച്ച നോവലായി ഡോൺ ക്വിയോട്ടെയെ തിരഞ്ഞെടുത്തു. മഹത്വത്തിൽ ഇങ്ങനെ സാഹിത്യ ലോകത്ത് നിറഞ്ഞു നിൽക്കുന്ന ഡോൺ ക്വിയോട്ടെ ഇന്നും പുതുമയോടെ ഞാനുൾപ്പെട്ട പുതിയ തലമുറയിലെ വായനക്കാരെയും പ്രചോദിപ്പിക്കുന്നു.
ഒരു മണ്ടൻ പോരാളിയായി ആദ്യം മനസ്സിലേക്ക് കയറിപ്പറ്റിയ ഡോൺ ക്വിയോട്ടെ പിന്നീടിങ്ങോട്ട് മറ്റെന്തെല്ലാമോ ആയി ജീവിതത്തെ ധന്യമാക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിന്റെ നഗ്‌നതയെ അത് ആഘോഷമാക്കി മാറ്റി. നായകസങ്കൽപ്പങ്ങളെ വെല്ലുവിളിച്ച് ജീവിതത്തിന്റെ രണ്ടു മുഖങ്ങൾ അയാളിലൂടെ സെർവാന്റസ് കാഴ്ചവെച്ചു. കോമാളിത്തവും ദുരന്തവും സമ്മേളിച്ച ഒന്നായിരുന്നു അത്. ആ പുസ്തകം വായിച്ചു തുടങ്ങുമ്പോൾ നമ്മൾ ഭാഷ മറക്കുന്നു. നോവൽ വായനയിലാണെന്ന തോന്നലും ഇല്ലതാവുന്നു. സാൻചോ പാർസയും ഡോൺ ക്വിയോട്ടെയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. നാനൂറിലധികം വർഷത്തെ അപരിചിതത്വത്തെ തള്ളിയകറ്റിക്കൊണ്ട് അവർ എന്നോടു സംവദിക്കുന്നു. ആ മധ്യകാല നോവലിനെ അതിജീവിക്കുവാൻ ലോകത്തെ മിടുക്കരായ എഴുത്തുകാർ അതിലേക്ക് തന്നെ തിരിച്ചു പോകുന്നു. ഭാവനയുമായുള്ള ആ സമ്പർക്കം ജീവിതത്തെ ധന്യമാക്കുന്നു.
ജീവിതത്തിന്റെ ആഴങ്ങളറിയാൻ എനിക്ക് സെർവാന്റസിന്റെ ലോകം വേണം. അതിലൂടെ സഞ്ചരിക്കുമ്പോൾ എനിക്ക് അപരിചിതത്വം തോന്നാറില്ല. സാഹിത്യത്തിന്റെ വെളിച്ചം എന്റെ ചുറ്റും സുഖം പകരുന്നു. എനിക്ക് ഉന്മാദിയാവാനും വിഡ്ഢിയാവാനും ദിവാസ്വപ്നക്കാരനാവാനും കഴിയുന്നു. മനുഷ്യ ജീവിതത്തിന്റെ അടിത്തട്ടിലുള്ള ഫലിത ബോധത്തിന്റെയും ദുരന്ത ബോധത്തിന്റെയും ആഴങ്ങൾ എനിക്ക് കാണാൻ കഴിയുന്നു.
ജന്മാന്തര ബന്ധങ്ങളുടെ തുടർച്ച അനുഭവിച്ച് ഞാൻ കരുത്തനാകുന്നു. എന്റെ പരിമിതമായ ജീവിതത്തെ സ്‌നേഹിക്കുവാനുള്ള ഊന്നുവടിയായി സെർവാന്റസ്സിന്റെ ഭാവന കൂട്ടിനെത്തുന്നു. അലസനായ വായനക്കാരാ എന്നയാൾ എന്നെ ആദ്യം അബിസംബോധന ചെയ്യുന്നു. പിന്നീടയാൾ മഹാമനസ്‌കനായ വായനക്കാരനെന്നും വിളിക്കുന്നു. താൻ സൃഷ്ടിച്ച വിശുദ്ധനായ കോമാളിയെ അടുത്തറിയാൻ ശ്രമിച്ചു എന്നതാണ് വായനക്കാരൻ കാണിച്ച മഹാമനസ്‌കത. പുസ്തകങ്ങളുടെയും വായനയുടെയും കഥ കൂടിയാണ് ഈ നോവൽ. എന്നിലെ ഉന്മാദിയായ വായനക്കാരന്റെ മനസ്സിനെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ സെർവാന്തസ് വ്യാഖ്യാനിച്ചുകഴിഞ്ഞിരുന്നു. കാലപ്രവാഹത്തിൽ ഇരിയും വരാനിരിക്കുന്ന വായനക്കാരനെയും അയാളറിയുന്നു.
പതിനാറാം നൂറ്റാണ്ടിലെ വിപ്ലവകാരി
16-ാം നൂറ്റാണ്ടിൽ എന്റെ നാട്ടിലും സാഹിത്യം ജനിച്ചു. അങ്ങനെ പറയാമോ? തുഞ്ചത്ത് എഴുത്തച്ഛൻ ഭാഷാപിതാവാണെങ്കിൽ അങ്ങനെ പറയാം. കാരണം 16-ാം നൂറ്റാണ്ടിലാണ് തുഞ്ചത്ത് എഴുത്തച്ഛൻ അധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയത്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിന് അവിടെ നിന്ന് തുടക്കം കുറിക്കുന്നു. ആധുനിക മലയാള സാഹിത്യമാണ് അന്ന് ജന്മമെടുത്തത്.
എഴുത്തച്ഛൻ ഇന്നും വായിക്കപ്പെടുന്നു. പരസഹായമില്ലാതെ ആസ്വദിക്കപ്പെടുന്നു. നാനൂറ് വർഷത്തിന്റെ വാർദ്ധക്യം അദ്ദേഹത്തിന്റെ രചനകൾക്ക് ഇന്നും ആരും കല്പിച്ചു കൊടുക്കുകയില്ല. നിത്യയൗവനമാണ് ക്ലാസിക്കുകളുടെ ലക്ഷണം. എനിക്ക് എഴുത്തച്ഛനെന്ന മനുഷ്യനെ അറിയാൻ വഴികളില്ല. കാഴ്ചയിൽ അയാൾ എങ്ങനെ ആയിരുന്നിരിക്കും? ഈയിടെ ചിത്രകാരൻ നമ്പൂതിരി എഴുത്തച്ഛന്റെ ഒരു ചിത്രം വരച്ചു തന്നു. നല്ല സാദൃശ്യം തോന്നി. അതെങ്ങനെ സാധിക്കും? രൂപമറിയാത്ത ഒരാളിനോട് ഒരു ചിത്രത്തിന് സാദൃശ്യം തോന്നുന്നതെങ്ങനെ? അങ്ങനെ ഒരു തോന്നൽ മനസ്സിലുണ്ടായി എന്നേയുള്ളൂ. ആർക്കും അറിയാത്ത എഴുത്തച്ഛന്റെ രൂപവുമായി നമ്പൂതിരി വരച്ച ചിത്രത്തിന് സാദൃശ്യം. അത് മനസ്സിൽ നിറഞ്ഞ എഴുത്തച്ഛനുമായുള്ള സാദൃശ്യം മാത്രമാണ്. അതായത് എഴുത്തച്ഛൻ ഓരോ മലയാളിയുടെയും മനസ്സിലുണ്ട്. എഴുത്തച്ഛൻ ഇങ്ങനെയൊക്കെയാവാനേ തരമുള്ളൂ എന്നാണ് നമ്പൂതിരിയും അവകാശപ്പെട്ടത്. അദ്ദേഹത്തിന്റെ മനസ്സിലെ ആചാര്യനെയാണ് ചിത്രത്തിൽ പകർത്തിയത്.
രാമായണകഥയുടെ പുനഃസൃഷ്ടിയിലൂടെ ഒരു സാംസ്‌കാരിക വിപ്ലവമാണ് നാലു നൂറ്റാണ്ടു മുമ്പ് എഴുത്തച്ഛൻ നടത്തിയത്. ഈശ്വരനിൽ നിങ്ങൾക്കെന്ന പോലെ ഞങ്ങൾക്കും അവകാശമുണ്ട് എന്ന് ഓരോ വായനക്കാരെയും ഉദ്‌ബോദിപ്പിച്ച പുനസൃഷ്ടിയായിരുന്നു അത്. അതിന്റെ രചനാ സംവിധാനമികവ് കാരണം അതൊരു വിവർത്തന കൃതിയാണെന്ന തോന്നൽ പോലും വായനക്കാർക്കില്ലാതായി.
‘‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ.
വഹ്നിസന്തപ്തലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷുഃ ശ്രവണഗളസ്ഥമാം ദർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോലചേതസാ ഭോഗങ്ങൾ തേടുന്നു.
പുത്രമിത്രാർഥകളത്രാദിസംഗമ -
മെത്രയുമല്പകാലസ്ഥിതമോർക്ക നീ
പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു-
മെത്രയും ചഞ്ചലമാലയസംഗമം''
(ലക്ഷ്മണോപദേശം)
ജീവിതത്തോട് ചേർന്നുനിൽക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തച്ഛന്റെ വരികൾ എന്നെ ആ നാനൂറുകാരന്റെ പരിചിത വലയത്തിനകത്തേക്ക് ചേർത്തു നിർത്തുന്നു. ആചാര്യൻ കൂടെയുണ്ട്. മനസ്സിൽ മലയാളമുള്ളേടത്തോളം കാലം .
അറിവുകൊണ്ടുള്ള ചങ്ങാത്തങ്ങൾ
ജീവിതത്തിന്റെ പരിമിതികളെപ്പറ്റിയുള്ള ചിന്തകൾ ചിലപ്പോഴൊക്കെ ദുസ്സഹമാകും. ഒരെത്തും പിടിയും കിട്ടാതെ അലയുമ്പോൾ അപരിചിതരായ ചിലർ മനസ്സിനെ ശാന്തമാക്കാനായി കടന്നുവരും. അവരിൽ കാലചക്രത്തിന്റെ വിദൂരകോണിൽ നിന്നും വരുന്ന ചിലരെപ്പറ്റിയാണ് ഞാനിവിടെ ഓർത്തെടുത്തത്. എന്റെ ആന്തരിക ജീവിതത്തിന്റെ സഹായത്തിനെത്താറുള്ള ചുരുക്കം ചിലരെപ്പറ്റി മാത്രം. ഇനിയും എത്രയോ പേരുണ്ട് ഈ സമ്പർക്ക കൂട്ടായ്മയിൽ. ആളറിയാതെ പരിചയം കണ്ടെത്തി ജീവിതനദിയിൽ കൂട്ടിനു വരുന്നവർ. ഇന്ന് ഇവരെനിക്കാരാണോ അതുതന്നെയാവാം നൂറ്റാണ്ടുകൾക്കപ്പുറമുള്ള സമാന ചിന്താഗതിക്കാർക്കും. ഈ കാലാതിവർത്തിത്വമാണ് വായനക്കാരെന്ന നിലയിൽ ഞങ്ങളെ കൂട്ടിയിണക്കുന്നത്. അടിസ്ഥാനപരമായി ജീവിതം അപരിചിതത്വത്തിന്റെ ഒരു കലയാണ്. ഏതു നിമിഷവും മരണത്തിനു കീഴടങ്ങാൻ സന്നദ്ധനെന്ന നിലയിൽ തന്നെയായിരിക്കണം നീ എന്തും ചെയ്യുകയും പറയുകയും ആലോചിക്കുകയും ചെയ്യേണ്ടത് എന്ന് അറീലിയസ് ഓർമിപ്പിക്കുന്നുണ്ട്. എന്റെ ആയുസ്സിന്റെ ക്ഷണികതയെപ്പറ്റിയും അനിശ്ചിതത്വത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. ഭൂതവും ഭാവിയും നമ്മുടെ സ്വാധീനത്തിലുള്ളതല്ല. വർത്തമാനകാലം ഒന്നു മാത്രമാണ് എന്റെ മുന്നിലെ, നമ്മുടെ ഓരോരുത്തരുടെയും മുന്നിലെയും അവസരം. ഞാനെന്റെ വർത്തമാന കാലത്തിന്റെ കൂടെ പൂർണമായും ചേർന്നുനിൽക്കട്ടെ. അതിലൂടെ എന്റെ പരിമിതികളെ അതിജീവിക്കട്ടെ. ‘കാലത്തിന്റെ ആജ്ഞാനുവർത്തിയായി വരുന്ന രോഗത്തിന് മരുന്നില്ല' എന്ന് താരാശങ്കറിന്റെ ‘ആരോഗ്യനികേതന' ത്തിൽ നിന്ന്ഞാനുൾക്കൊണ്ടിട്ടുണ്ട്. ആ മൃത്യുവിന്റെ കുളമ്പടി ശബ്ദം കേൾക്കും വരെ ഞാൻ എന്റെ ലോകത്തിലെ സ്‌നേഹിതരുമായിങ്ങനെ സല്ലപിക്കട്ടെ. എന്റെ ലോകം എന്നത് ഇവരെല്ലാം കൂടി നിർമ്മിച്ചെടുത്തതാണ്.