ബേവിഞ്ച തൊടുന്നത് കാലത്തിന്റെ ഒറ്റക്കമ്പിയിലല്ല

‘മഹിതമായ ഒരു സാംസ്‌കാരിക - സാഹിത്യപാരമ്പര്യമുണ്ടായിരുന്ന കേരളത്തിലെ മുസ്​ലിംകൾക്ക് ആധുനികവും സമകാലീനവുമായ ഒരു ലാവണ്യ പ്രത്യയശാസ്ത്രം ഉറപ്പിക്കാനാവാതെ കൈമോശം വന്നുപോയതിന്റെ കാരണങ്ങൾ എന്തൊക്കെയായിരുന്നു എന്ന ആലോചനയ്ക്ക്, ഇബ്രാഹിം ബേവിഞ്ചയുടെ കലാസാഹിത്യ വിമർശനത്തേക്കുറിച്ചുള്ള ആലോചനകൾ വഴിവെക്കും’- കഴിഞ്ഞ വ്യാഴാഴ്​ച അന്തരിച്ച ഇബ്രാഹിം ബേവിഞ്ചയെക്കുറിച്ച്​ ഓർമക്കുറിപ്പ്​.

ധുനിക മലയാള വിമർശന സാഹിത്യത്തിൽ സ്വാനുഭവ മണ്ഡലത്തിൽ നിന്നുകൊണ്ടും കാസർകോടിന്റെ ചരിത്രപരമായ സാമൂഹിക - സാംസ്‌കാരിക പ്രശ്നങ്ങളെ അടയാളപ്പെടുത്തും വിധവും നിരന്തരം എഴുതിയും ഇടപെട്ടും കൊണ്ടിരുന്ന ഒരാളായിരുന്നു ഇബ്രാഹിം ബേവിഞ്ച. വേദികളിലൂടെയും ക്ലാസ്​ മുറികളിലൂടെയും വേറെയും.

അദ്ദേഹത്തിന് തനതായ ഒരു നിരൂപണഭാഷ ഉണ്ടായിരുന്നു. സർക്കാർ കോളേജുകളിലൂടെ മാറിമാറി കേരളം മുഴുവൻ അലിഞ്ഞുചേർന്ന ഒരാൾ എന്ന നിലയ്ക്ക്, അക്കാദമിക ലോകത്തിന് അദ്ദേഹത്തെ ചിരപരിചിതനുമാണ്.

ഒരു കോളമിസ്റ്റ് എന്ന നിലയ്ക്ക് അദ്ദേഹം ഭാഷയിൽ പുലർത്തിയ ലാളിത്യവും മാധുര്യഗുണവും തന്റെ വിമർശനങ്ങളിലും പാലിച്ചു. കാലികമായ സാംസ്‌കാരിക സംവാദങ്ങളും വിവാദങ്ങളും നിരന്തരം ശ്രദ്ധിച്ചു, ജീവിതകാലം മുഴുവൻ  സമകാലീനനായി തുടരാൻ ഏറെ ശ്രദ്ധിച്ചു.

പലപ്പോഴും അപഗ്രഥന സ്വഭാവം പുലർത്തുന്നവയാണ് (Analytical) ബേവിഞ്ചയുടെ നിരൂപണം. അതോടൊപ്പം, സ്വത്വനിലകളുടെ സാംസ്‌കാരിക - സൗന്ദര്യശാസ്ത്ര നിലകളെ അറിഞ്ഞും പഠിച്ചും അദ്ദേഹം പുതിയൊരു ഗദ്യഭാഷയുണ്ടാക്കുക തന്നെ ചെയ്തു. തിയറികളുടെ നീരാളിപ്പിടിത്തങ്ങളിൽ അവ കുടുങ്ങിക്കിടന്നില്ല. പ്രത്യേക സ്ഥല - കാല കാമനകൾ അദ്ദേഹത്തിന്റെ എഴുത്തിനെ നിർണ്ണയിച്ചിരുന്നു എന്ന കാര്യം എടു ത്തുപറയേണ്ടതുണ്ട്. കാസർകോട്​ ജില്ലയുടെ അനേക ഭാഷാ - സാംസ്‌കാരിക സ്വത്വമണ്ഡലം തന്നെയായിരുന്നു മുഖ്യം.

ഒരുപക്ഷേ, ഉബൈദിന്റെ കാവ്യലോകത്തെയും രാഷ്ട്രീയ - സാംസ്‌കാരിക സപര്യയെയും ആധുനിക സാഹിത്യമണ്ഡലത്തിൽ സ്വത്വപരമായും വ്യാവഹാരികമായും അടയാളപ്പെടുത്തിയത് നാം കാണുകതന്നെ വേണം. അതിന്റെ അടയാളമായിരുന്നു, ടി. ഉബൈദിന്റെ കാവ്യലോകം. അതുപോലെ, മാപ്പിളപ്പാട്ടിന്റെയും അറബിമലയാള സാഹിത്യത്തിന്റെയും വടക്കേ ദേശത്തെ ഈറ്റില്ലമായ മോഗ്രാലിന്റെ സാഹിത്യ സൗരഭ്യങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു.

നടുത്തോപ്പിൽ അബ്ദുല്ലയുടെ 'പക്ഷിപ്പാട്ടിന്റെ പുനർവായന' എന്ന പുസ്​തകം അങ്ങനെ ഉണ്ടായതാണ്. ഷെറൂളിന്റെയും ഇച്ചമസ്താന്റെയും കാവ്യപാരമ്പര്യത്തെ തന്റെ ചിന്താലോകത്തേക്ക് അനുനയിക്കാനും സ്ഥലപരവും സ്വത്വപരവുമായ സവിശേഷ ഭാവുകത്വം കാരണമായി.

വടക്കൻ ദേശക്കാരനായ കുഞ്ഞിരാമൻ നായരുടെ ജീവിതവും കാവ്യവും അദ്ദേഹത്തിന്റെ വിമർശനവിചാരത്തിന് ഏറെ പ്രിയമുള്ളതായതും ഇത്തരുണത്തിൽ ഓർമ്മിക്കാം. വിദൂഷകനും കാമുകനുമായി അലഞ്ഞ കേരളത്തിന്റെ പ്രിയ കവിയെ എന്നതിനേക്കാൾ, മത- സാമൂഹ്യ വിമർശനം നടത്തുന്ന പി. യുടെ കവിതയെയാണ് അദ്ദേഹം കൂടുതൽ കണ്ടത്.

ഉബൈദിന്റെ കാവ്യലോകത്തിനുള്ളിലെ ഉപസമൂഹം നൽകുന്ന തിണർപ്പുകൾ മറ്റൊരു സാധ്യത പോലെ കുഞ്ഞിരാമൻ നായരിലുമുണ്ട് എന്ന് തിരിച്ചറിയുന്നുണ്ട്. ഇരുവരുടെയും മത - സമുദായ - സാമൂഹിക വീക്ഷണങ്ങളിൽ സമാനമായി കുടികൊണ്ട ധർമസമസ്യകളിൽ യോജിപ്പുള്ളതായി, ബേവിഞ്ചയിലെ നിരൂപകൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് പി. യുടെ നരബലിക്കവിതകളും ഉബൈദിന്റെ കവിതകളും താരതമ്യ വിമർശനത്തിന് കാരണമായി ഭവിക്കുന്നത്. 'ഉബൈദിന്റെ തീപ്പിടിച്ച പള്ളിയും പി.യുടെ കത്തുന്ന അമ്പലവും' എന്നൊരു കൃതി തന്നെയായിരുന്നു പരിണതഫലം.

മത- സമുദായങ്ങളുടെ ചരിത്രം കേരളത്തിന്റെ ആധുനിക ചരിത്രത്തിന്റെയും ഭാഗമാണ്. ഉപസമൂഹങ്ങൾക്ക് ഊടും പാവും നൽകുന്നതിൽ ഈ ചരിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. ഒരേ സമയം നവോത്ഥാനപരവും നവോത്ഥാന ശ്രമങ്ങളെ കെടുത്തുന്നതുമായ സാമൂഹ്യ സമസ്യകൾ കേരളത്തിൽ ഏറെയുണ്ടായിട്ടുണ്ട്. കേരളീയ നവോത്ഥാനത്തിന്റെ അകംചുമരുകളിലാണ് ഇവയൊക്കെ വി. ടി യിലെന്നപോലെ പ്രതികരണം തീർത്തത്.

ഇത്തരം ആശയങ്ങൾ സാഹിത്യകൃതികളിലൂടെ കണ്ടെത്തുക എന്ന ധർമ്മമാണ് ഒരർത്ഥത്തിൽ ബേവിഞ്ച അടയാളപ്പെടുത്തിയത്. പള്ളിയും അമ്പലവും അകത്തുനിന്നാണ് 'തീപിടിക്കേ'ണ്ടത്. അതിനുവേണ്ടിയുള്ള ജ്വലിക്കുന്ന ആശയങ്ങളാണ് ആവശ്യം. പകരം സാമൂഹ്യമായ ഉജ്ജീവനങ്ങളെ വേട്ടയാടുന്ന പ്രവണതയെ വിമർശനമായി കണ്ട് കവിത രചിച്ചവരാണ് ഉബൈദും പി. യും. ഇന്നത്തെ ഇന്ത്യയിൽ ദേശ- കാലങ്ങളെ അതിവർത്തിക്കുന്ന മട്ടിൽ ആസുരത വേട്ടയാടുമ്പോൾ അവയ്ക്ക് ഇനിയും പുനർവായന ആവശ്യമായേക്കും.

കാസർകോടിന്റെ ചരിത്രഭൂമികയിൽ എഴിലധികം ഭാഷാസംസ്കാരങ്ങളുണ്ട്. അവയുടെ രഞ്ജിപ്പും വിയോജിപ്പുമുണ്ട്. സ്വാതന്ത്ര്യകാലത്തിന് മുമ്പും പിറകെയും ഇതുപോലുള്ള അതിർത്തിദേശങ്ങളിൽ തിളച്ചുമറിഞ്ഞ വിശ്വാസവും വിശ്വാസനഷ്ടവും ഇത്തരം സാഹിത്യമാതൃകകളെ ലാക്കാക്കി ബേവിഞ്ചയുടെ എഴുത്തുപാഠങ്ങളിൽ നാം കണ്ടുമുട്ടും.

പി. കുഞ്ഞിരാമന്‍ നായര്‍

കോളമിസ്റ്റ് എന്ന നിലയ്ക്ക് ബേവിഞ്ച ഉണ്ടാക്കിയെടുത്തൊരു വായനാസമൂഹമുണ്ട്. അത് അദ്ദേഹത്തിന് സ്വന്തമായി കുറെ നല്ല വായനക്കാരെ ഉണ്ടാക്കിക്കൊടുത്തു.
ചന്ദ്രിക വാരാന്തപ്പതിപ്പിൽ അദ്ദേഹത്തിന്റെ 'പ്രസക്തി'എന്ന കോളം 18 വർഷം പിന്നിട്ടത് ഇന്നോർമ്മയുണ്ട്. ഒരുപക്ഷേ, ഒരപൂർവ ബഹുമതിയാണത്.

ടി. ഉബൈദ്

കണ്ടതും കേട്ടതും അതുപോലെ പകർത്തിയില്ല, ഈ കോളം. മറിച്ച് സാമൂഹിക - സാംസ്‌കാരിക രംഗത്തുണ്ടാവുന്ന ചെറുതും വലുതുമായ സംഭവങ്ങൾ, സംവാദ- വിവാദങ്ങൾ, സവിശേഷ കൃതികളെക്കുറിച്ചുള്ള വിശകലനം  എന്നിവയൊക്കെ ഏറെക്കുറെ ഒരു ചിമിഴിൽ പകർത്തും പോലെയായിരുന്നു ആ കോളങ്ങൾ. അറബി മലയാളവും മലപ്പാട്ടുകളും എഴുത്തച്ഛനും എന്നുവേണ്ട എല്ലാം അവയിൽ കടന്നുവന്നു. മുഖ്യധാരയും അരികും തമ്മിലുള്ള സാംസ്‌കാരികമായ സംഘർഷങ്ങളെ അവ പലപ്പോഴും മറനീക്കി. പക്കാ രാഷ്ട്രീയമായിരുന്നില്ല, സാമൂഹികവും സാഹിതീയവുമായിരുന്നു അവയുടെ മുഖ്യസ്വരം. രാഷ്ട്രീയവും സാഹിത്യവും പയറ്റിത്തെളിഞ്ഞവരെ എന്നതിനേക്കാൾ സാഹിത്യ - സാംസ്‌കാരിക മണ്ഡലത്തിലെ വായനക്കാരെയാണ് അവ കൂടെക്കൂട്ടിയത്.

മാധ്യമം പത്രത്തിൽ ‘കാര്യവിചാരം’, തൂലികയിൽ ‘വിചിന്തനം’, രിസാലയിൽ ‘പ്രകാശകം’ അങ്ങനെ ചില കോളങ്ങൾ കൂടി അദ്ദേഹം നിർവഹിക്കുകയുണ്ടായി. എന്നാൽ 'പ്രസക്തി' യുടെ ജനകീയതയും സംവാദമണ്ഡലവും സൃഷ്ടിക്കാൻ മറ്റു കോളങ്ങൾക്കായില്ല.

1980- കളും 90- കളും ഒരുപക്ഷേ കേരളത്തിന്റെ മുസ്​ലിം ചിന്തയുടെയും ലാവണ്യ ശാസ്ത്രവിചാരത്തിന്റെയും മണ്ഡലത്തിൽ സ്ഫോടകാത്മമായ ചില തിരിച്ചറിവുണ്ടായ കാലമായിരുന്നു. യൂറോപ്പിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും മതവും സമൂഹവും സൗന്ദര്യവും ഒക്കെ മേളിക്കുന്ന മട്ടിലുണ്ടായ നവവിചിന്തനങ്ങളും ലാവണ്യശാസ്ത്ര അടയാളങ്ങളും ഇക്കാലയളവിൽ തിരിച്ചറിയപ്പെടുന്നുണ്ട്. വക്കം അബ്ദുൽ ഖാദർ, ഒ. ആബു എന്നിവർ ഒരുകാലത്ത് കൈകാര്യം ചെയ്തപോലെ, അത്യാധുനികമായ സാമൂഹ്യ - സാംസ്‌കാരിക വിചിന്തനങ്ങൾ ഇക്കാലത്ത് മതത്തിന്റെയും സാഹിത്യസാംസ്‌കാരിക ചേരുവകളുടെയും അടിസ്ഥാനത്തിൽ ചിന്താവിധേയമായിട്ടുണ്ട്.

സയ്യിദ് മുഹയിദ്ദീൻഷായുടെയും മറ്റും നേതൃത്വത്തിൽ 'ഇസ്ലാമിക ദർശനം', മുട്ടാണിശ്ശേരിൽ കോയക്കുട്ടിയുടെ മുഖദ്ദിമ പരിഭാഷ (വൈക്കം മുഹമ്മദ്‌ ബഷീർ ആമുഖം), എ. യുസഫ് അലിയുടെ ഖുർആൻ ഇംഗ്ലീഷ് പരിഭാഷ, എൻ. പി. മുഹമ്മദിന്റെ ബെഗോവിച്ചിന്റെ ഇസ്​ലാം രാജമാർഗം എന്ന പരിഭാഷ, ഡോ. എ.എൻ.പി. ഉമ്മർ കുട്ടിയുടെ അല്ലാമ മുഹമ്മദ്‌ ഇക്ബാലിന്റെ പരിഭാഷ, എം. എൻ. കാരശ്ശേരി മുഹമ്മദ്‌ അസദിന്റെ മക്കയിലേക്കുള്ള പാത പരിഭാഷപ്പെടുത്തുന്നത്, കെ.എ. കൊടുങ്ങല്ലൂരിന്റെ ചിന്തകളും പരിഭാഷകളും, പ്രൊഫ. മീരാക്കുട്ടിയുടെ സാഹിത്യവിമർശനം, എം.എ. റഹ്മാന്റെ ഡോക്യു സിനിമകളും എഴുത്തും, ബാലകൃഷ്ണൻ വള്ളിക്കുന്നിന്റെ മാപ്പിള സാഹിത്യ വിചാരങ്ങൾ.…ഇങ്ങനെ നിരവധി വേറിട്ട എഴുത്തു വ്യവഹാരപ്രയോഗങ്ങൾ ഉണ്ടാവുന്നത് ഒരു കാരണവശാലും യാദൃച്ഛികമായിരുന്നില്ല എന്നും കാലം ആവശ്യപ്പെടുന്ന സാമൂഹികവും സാംസ്‌കാരികവുമായ ഉള്ളുണർവുകളിൽ നിന്നുമാണ് എന്നുമാണ് വിശ്വസിക്കേണ്ടത്.

മാക്സി റോഡിൻസനും ബെഗോവിച്ചും ഹുസൈൻ നസ്രും മുഹമ്മദ്‌ ഖുത്‌ബും എന്നുവേണ്ട ചിന്തകരുടെയും മറ്റും ആലോചനകളും ലാവണ്യശാസ്ത്രപദ്ധതികളുമൊക്കെ അക്കാലയളവിൽ ഏറെ ചർച്ചയായി. ഒരു പക്ഷേ, മുഹമ്മദ്‌ അബ്ദുറഹ്മാനും വക്കം അബ്ദുൽ ഖാദറും മറ്റും തുറന്നിട്ട ചിന്താജാലകങ്ങളുടെ റാഡിക്കൽ ആയ ഒരു നവോത്ഥാന തുടർച്ചയായിരുന്നു അത്.

മാക്സിം റോഡിൺസൺ

1980- കളിലെ റഷ്യൻ - അമേരിക്കൻ കോളനി ശീതസമരങ്ങൾക്കെതിരെയുള്ള ചിന്തകളോട് കൂറു പുലർത്തിക്കൊണ്ടുതന്നെ, ഇവയൊക്കെ ഒരു ധൈഷണിക കൂട്ടായ്മക്ക് കളമൊരുക്കി. ഈ അലയൊലികൾ മുഖ്യധാരാ സമൂഹത്തിൽ (Highway) എന്നതിനേക്കാൾ ചിന്തയുടെ പ്രത്യേക സൗരഭ്യമുൾക്കൊണ്ട ഒരു ഉപസമൂഹത്തിലാണ് (Byways) ചലനമുണ്ടാക്കിയത്. ആധുനിക സാഹിത്യത്തിനകത്ത് ഇസ്​ലാമിക് സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് കുറെ അപൂർണ ചർച്ചകൾ നടന്നു.

ഇബ്രാഹിം ബേവിഞ്ച ഈ ചിന്തകളോടൊപ്പം നിന്ന ഒരു മുഖ്യ വ്യക്തിയാണ്. ഖുർ ആന്റെ / ഇസ്​ലാമിന്റെ ലാവണ്യചിന്തയും സാഹിത്യവും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് ഈയൊരു സാംസ്‌കാരിക കാലാവസ്ഥ തന്നെയായിരുന്നു. കൂടാതെ, മുസ്​ലിം സാമൂഹ്യ ജീവിതം മലയാളത്തിൽ, ഇസ്​ലാമിക സാഹിത്യം മലയാളത്തിൽ, ബഷീറും ഖുർ ആനും പോലുള്ള വിമർശന- വിശകലനകൃതികൾ അദ്ദേഹത്തിൽ നിന്ന്​ സംഭവിക്കുന്നതും ഇവയുടെ തുടർച്ചതന്നെ.

ഇന്നൊരുപക്ഷേ, മാറിയ സാമൂഹ്യ - സാംസ്‌കാരിക പരിതസ്ഥിതിയിൽ ഇവയൊക്കെ ഒരു തെറ്റായി പോലും വ്യാഖ്യനിച്ചു പോകും. അത്രയും സമൂഹത്തിനും സംസ്കാരത്തിനുമിടയിലെ ബലതന്ത്രം നമുക്ക് കൈമോശം വന്നിരിക്കുന്നു. ഉറൂബും പൊറ്റെക്കാട്ടും ബഷീറും പോലും നമുക്ക് എത്രകാലം കൂടി വായിക്കാൻ യോഗ്യതയുണ്ടാവും എന്നുപോലും പറയാൻ പറ്റാത്ത ഒരു കാലത്തിലേക്ക് കടന്നിരിക്കുന്നു.

ദലിതുകൾ അവരുടെ പ്രത്യയശാസ്ത്രവും ദർശന - ലാവണ്യശാസ്ത്ര മണ്ഡലവും ഉയർത്തിക്കൊണ്ടു വരുന്നതിൽ വിജയിച്ചതുകൊണ്ടാണ് മലയാള സാഹിത്യത്തിലടക്കം സാമൂഹികവും സാംസ്‌കാരികവുമായ ഒരു സമ്മതി അവർക്ക് കിട്ടിപ്പോന്നത്. അപരത്വവൽക്കരണത്തെ മറികടക്കാൻ ഏതൊരു ജനവർഗത്തിനും ഇതേമാർഗം ആവശ്യമായിത്തീരും. പൗര സാമൂഹിക വ്യവസ്ഥക്കുള്ളിൽ കിടമാത്സര്യങ്ങളിലൂടെ (War of Positions) വിളുമ്പ് സൃഷ്ടിച്ചുകൊണ്ടുതന്നെയാണ് ഇങ്ങനെ സംഭവിക്കേണ്ടത് എന്നാണ് ഗ്രാംഷിയുടെ മതം. മഹിതമായ ഒരു സാംസ്‌കാരിക - സാഹിത്യപാരമ്പര്യമുണ്ടായിരുന്ന കേരളത്തിലെ മുസ്​ലിംകൾക്ക് ആധുനികവും സമകാലീനവുമായ ഒരു ലാവണ്യ പ്രത്യയശാസ്ത്രം ഉറപ്പിക്കാനാവാതെ കൈമോശം വന്നുപോയതിന്റെ കാരണങ്ങൾ എന്തൊക്കെയായിരുന്നു എന്ന ആലോചനയ്ക്ക്, ഇബ്രാഹിം ബേവിഞ്ചയുടെ കലാസാഹിത്യ വിമർശനത്തേക്കുറിച്ചുള്ള ആലോചനകൾ വഴിവെക്കുമെന്ന പ്രത്യാശയോടെ ഈ ഓർമ്മകുറിപ്പ്​ അവസാനിപ്പിക്കുന്നു.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments