Photo: Pinterest

പുസ്​തകം ഒരു വസ്​തുവാണ്​, ​വസ്തുക്കൾ ഓർമകൾ കൂടിയാണ്

ചെറുപ്പത്തിൽ ഞാൻ ലൈബ്രറിയിൽ നിന്ന്​ എടുത്തുവന്ന പുസ്തകങ്ങൾ എന്റെ അമ്മ വീടിനു പുറത്തേക്കു വലിച്ചെറിഞ്ഞു. ഞാൻ കണക്കും സയൻസും ദുഃഖവും എല്ലാം കുത്തികുറിച്ചിരുന്നൊരു പുസ്തകം തീയിലിട്ടു. നിഷേധിയായ എനിക്ക്, വേണ്ടാത്തത് പറഞ്ഞുതരുന്നത് പുസ്തകങ്ങളാണെന്ന് അമ്മ വെറുതെ ധരിച്ചു.

യമ

യിടെ വിവാദമായ, നടൻ മുരളിയുടെ ശില്പനിർമാണവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് കലാസൃഷ്ടി എത്രത്തോളം അതിന്റെ മാതൃകയുമായി (മോഡൽ) പൊരുത്തപ്പെട്ടിരിക്കണം എന്നതിനെ സംബന്ധിച്ചാണ്. കൊളോണിയൽ നായകന്മാരുടെ, രാജാക്കന്മാരുടെ, രാഷ്ട്രീയക്കാരുടെ അനന്തത നോക്കിനിൽക്കുന്ന പൂർണകായ, അർദ്ധകായ പ്രതിമകൾ നാടുതോറും മുക്കിനുമുക്കിനു കാണുന്ന നമുക്ക്, പ്രതിമ എന്നാൽ ആരെയും ബാധിക്കാത്ത അനങ്ങാത്ത രൂപങ്ങൾ മാത്രമാണ്. കല കൂടി ആ മനുഷ്യരെ അനങ്ങാപ്പാറകളാക്കി മാറ്റുന്നു.

പ്രതിമകൾ, അല്ലെങ്കിൽ കലാരൂപങ്ങൾ, അതുമല്ലെങ്കിൽ ഒരു പുസ്തകം എപ്പോഴാണ് അനങ്ങുന്നത്? ആ അനക്കം ചക്രങ്ങൾ ഘടിപ്പിക്കുമ്പോൾ വാഹനം ഓടുന്നതുപോലെയുള്ള ഒന്നല്ല. അതൊരു വെറും സ്ഥാനചലനം തന്നെയല്ല. കലാരൂപത്തിനുള്ളിൽ നിന്ന്​ നമ്മുടെ ഉള്ളിലേക്കുള്ള അമൂർത്തമായ ഒരു ഭാഷയുടെ ഒഴുക്കിലാണ് ആ ചലനം സംഭവിക്കുന്നത്. അതു പലപ്പോഴും വ്യക്തിപരം കൂടിയാണ്. ആ വ്യക്തിയ്ക്ക് കലാരൂപങ്ങളുമായി സംവദിക്കാനുള്ള ആ ഭാഷ സാമൂഹികമായോ സഹജമായോ കിട്ടിയതാവാം. ഇന്നേവരെ ഒരു പൂർണകായ പ്രതിമയും എനിക്ക് തൊട്ടു നോക്കണമെന്ന് തോന്നിയിട്ടില്ല. അപരിചിതനായ ഒരു മനുഷ്യനെ എന്നപോലെ അതിന്റെ വ്യക്തിത്വം എന്നെ അതിൽ നിന്ന്​ അകറ്റുന്നു. എന്നാൽ മ്യൂസിയങ്ങളിലെ പൊട്ടിത്തലയില്ലാത്തൊരു രൂപം അല്ലെങ്കിൽ ഉടൽ ഞാൻ ദീർഘനേരം നോക്കിനിൽക്കുന്നു. അത് ഇല്ലാത്ത ഒന്നിലൂടെ എന്നോട് സംവദിക്കാൻ ശ്രമിക്കുന്നു, എന്നോട് ആ ശൂന്യത പൂരിപ്പിക്കാൻ ആവശ്യപ്പെടുന്നു.

പ്രതിമകൾ, അല്ലെങ്കിൽ കലാരൂപങ്ങൾ, അതുമല്ലെങ്കിൽ ഒരു പുസ്തകം എപ്പോഴാണ് അനങ്ങുന്നത്? ആ അനക്കം ചക്രങ്ങൾ ഘടിപ്പിക്കുമ്പോൾ വാഹനം ഓടുന്നതുപോലെയുള്ള ഒന്നല്ല. അതൊരു വെറും സ്ഥാനചലനം തന്നെയല്ല. കലാരൂപത്തിനുള്ളിൽ നിന്ന്​ നമ്മുടെ ഉള്ളിലേക്കുള്ള അമൂർത്തമായ ഒരു ഭാഷയുടെ ഒഴുക്കിലാണ് ആ ചലനം സംഭവിക്കുന്നത്.  / Photo: Unsplash
പ്രതിമകൾ, അല്ലെങ്കിൽ കലാരൂപങ്ങൾ, അതുമല്ലെങ്കിൽ ഒരു പുസ്തകം എപ്പോഴാണ് അനങ്ങുന്നത്? ആ അനക്കം ചക്രങ്ങൾ ഘടിപ്പിക്കുമ്പോൾ വാഹനം ഓടുന്നതുപോലെയുള്ള ഒന്നല്ല. അതൊരു വെറും സ്ഥാനചലനം തന്നെയല്ല. കലാരൂപത്തിനുള്ളിൽ നിന്ന്​ നമ്മുടെ ഉള്ളിലേക്കുള്ള അമൂർത്തമായ ഒരു ഭാഷയുടെ ഒഴുക്കിലാണ് ആ ചലനം സംഭവിക്കുന്നത്. / Photo: Unsplash

ധ്വനിപ്പിക്കൽ ഒരു കലയാണ്. അത്​ ഏതു കലയ്ക്കുള്ളിലെയും മഹാകലയാണ്. ഒരു രഹസ്യം ഒളിപ്പിച്ചു സംവദിക്കൽ ആർക്കാണ് ഇഷ്ടമല്ലാത്തത്. പ്രത്യേകിച്ചും അത് നിങ്ങളോട് മാത്രം പറയുന്നൊരു രഹസ്യമാണെന്നു നിങ്ങൾ കരുതുമ്പോൾ. രഹസ്യമില്ലാത്തൊരു പ്രേമം, പ്രേമം അല്ലാതാകുന്നതുപോലെ, രഹസ്യമില്ലാത്തൊരു കല, കലയുമാകുന്നില്ല. രണ്ടും വളരെ വൈയക്തികമാണുതാനും. ഒരേ കലയിൽ പലർ പല രഹസ്യങ്ങൾ കണ്ടെത്തുന്നതുപോലെ. പുസ്തകങ്ങൾ അങ്ങനെയാണ്. ഓരോ മികച്ച പുസ്തകവും ഒരു കലാസൃഷ്ടിയാണ്.

പുസ്തകത്തിലെ അക്ഷരങ്ങളെപ്പോലെ തന്നെ പുസ്തകങ്ങൾ രഹസ്യങ്ങൾ കൊണ്ടുനടക്കുന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അല്ലെങ്കിൽ അവ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കണം എന്നത് എന്റെ ആഗ്രഹവുമായിരുന്നു. ഞാൻ ചെന്നെത്തുന്ന ഓരോ പുസ്തകങ്ങളും എനിക്കായി എന്തെങ്കിലും കരുതിയിരിക്കണേ എന്ന പ്രാർത്ഥന ഉണ്ടായിരുന്നതുപോലെ. ഒരുപക്ഷെ ഞാൻ ചെന്നെത്തിയ ഓരോ പുസ്തകങ്ങളും എനിക്കായി എന്തെങ്കിലും കരുതി. പ്രൈമറി സ്‌കൂൾ കാലഘട്ടത്തിൽ പലപ്പോഴായി സ്‌കൂളിൽ നിന്ന്​കലാമത്സരങ്ങൾക്ക് സമ്മാനമായി ലഭിച്ചിരുന്നവയിൽ പുസ്തകങ്ങളും ഉണ്ടായിരുന്നു. കോൾഡ് വാർ കാലഘട്ടത്തിലെ സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യപുസ്തകങ്ങങ്ങളുടെ വിവർത്തനങ്ങൾ സമ്മാനമായി കിട്ടിയത് കുറെ എന്റെ പക്കലുണ്ടായിരുന്നു. പാഠപുസ്തകങ്ങളല്ലാതെ മറ്റൊന്നും തന്നെ വായിക്കാൻ സൗകര്യമില്ലാതിരുന്ന സാഹചര്യത്തിൽ സ്‌കൂളിൽനിന്ന്​ കിട്ടിയിരുന്ന ഈ പുസ്തകങ്ങൾ എന്നെ ഒരു കുട്ടിയായി തന്നെ നിലനിർത്തി.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് സമ്മാനമായി ഒരു പുസ്തകം കിട്ടുന്നത്. വയലാറിന്റെ ആയിഷ. ആ പുസ്തകം എത്ര തവണ ഞാൻ വായിച്ചിട്ടുണ്ട് എന്നറിയില്ല.

അതിൽ ഒരു പുസ്തകത്തിലുണ്ടായിരുന്നൊരു കഥയിൽ, സ്‌കൂൾ വിട്ടുവരുന്ന രണ്ടു കുട്ടികൾ ആകാശത്തിലെ വെള്ളമേഘക്കെട്ടുകളെ സ്വന്തം ഭാവനയിലേക്കു വിവർത്തനം ചെയ്യുന്നതാണ്. ഒരാൾ അതിനെ വിടർന്നു വരുന്നൊരു പുഷ്പമായും മറ്റെയാൾ അതിനെ വായ തുറന്നു പിടിച്ചിരിക്കുന്നൊരു ചെന്നായയായും കാണുന്നു. മേഘങ്ങളിൽ ചെന്നായയെ കണ്ട കുട്ടിക്ക് അന്നത്തെ പരീക്ഷയിൽ മാർക്ക് നന്നേ കുറവായിരുന്നു. നമ്മൾക്കു വേണ്ട ലോകത്തെ നമ്മൾ സൃഷ്ടിക്കുന്നതുപോലെ ആ പുസ്തകങ്ങലും അതിലെ വർണചിത്രങ്ങളും എനിക്ക് എന്റെകൂടിയായ ഒരു ലോകം കൊണ്ടുവന്നു. വാട്ടർകളർ ചെയ്ത്​ പ്രിൻറ്​ ചെയ്തതുപോലെയുള്ള മനോഹരമായ ചിത്രങ്ങൾ. ചുറ്റുവട്ടത്തെ മാവും ഉയർന്ന മരങ്ങളുമൊക്കെ കുറേക്കാലം എനിക്ക് പോപ്ലാർ മരങ്ങളായിരുന്നു. സോവിയറ്റ് പ്രോപഗണ്ട ലോകത്തെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ആ പുസ്തകങ്ങൾ എന്നിപ്പോൾ അറിയുമ്പോഴും എനിക്ക് ആ സോവിയറ്റ് പുസ്തകങ്ങൾ മറ്റു പലതുമായിരുന്നു.

ക്രിങ്കിൽഡ് വർണപ്പേപ്പറിൽ പൊതിഞ്ഞുകിട്ടിയ ഒരു പുസ്തകം, ആ വർണപേപ്പറുകൾ കൂട്ടിപിടിച്ചു തന്നെ ഇടയ്ക്കിടക്ക് ഞാൻ വായിച്ചുപോന്നിരുന്നു. പിന്നീട് ആ വർണപേപ്പറിലെ ആകാശനീല പുസ്തത്തിലെ താളുകളിലേക്കും പടർന്നു.  / Photo: Pinterest
ക്രിങ്കിൽഡ് വർണപ്പേപ്പറിൽ പൊതിഞ്ഞുകിട്ടിയ ഒരു പുസ്തകം, ആ വർണപേപ്പറുകൾ കൂട്ടിപിടിച്ചു തന്നെ ഇടയ്ക്കിടക്ക് ഞാൻ വായിച്ചുപോന്നിരുന്നു. പിന്നീട് ആ വർണപേപ്പറിലെ ആകാശനീല പുസ്തത്തിലെ താളുകളിലേക്കും പടർന്നു. / Photo: Pinterest

ക്രിങ്കിൽഡ് വർണപ്പേപ്പറിൽ പൊതിഞ്ഞുകിട്ടിയ ഒരു പുസ്തകം, ആ വർണപേപ്പറുകൾ കൂട്ടിപിടിച്ചു തന്നെ ഇടയ്ക്കിടക്ക് ഞാൻ വായിച്ചുപോന്നിരുന്നു. പൊതിഞ്ഞുകിട്ടിയ ആ വർണക്കടലാസ് കൂടി ആ പുസ്തകത്തിന്റെ ഭാഗമാണെന്നു ഞാൻ കരുതിയിരുന്നു. പിന്നീട് ആ വർണപേപ്പറിലെ ആകാശനീല പുസ്തത്തിലെ താളുകളിലേക്കും പടർന്നു. ഒരു നിധിപോലെ ഞാൻ കൊണ്ടുനടന്നിരുന്ന ആ പുസ്തകങ്ങൾ ആരാണ് മോഷ്ടിച്ചതെന്നറിയില്ല. അതൊക്കെയും ഒരു ദിവസം അപ്രത്യക്ഷമാകുകയായിരുന്നു. അല്ലെങ്കിൽ ഏതോ ഒരു മഹാദുഃഖത്തിന്റെ ഇടവേളയിൽ ഞാൻ എത്തിയപ്പോൾ എന്നെ അഭിമുഖീകരിക്കാൻ മടിച്ച് ആ പുസ്തകങ്ങൾ ഒളിച്ചോടി പോകുകയായിരുന്നു. പുസ്തകങ്ങൾ വെറും പുസ്തകങ്ങൾ അല്ലാതായിത്തീരുന്നത് അതുകൊണ്ടുകൂടിയാണ് എന്നാണ് എന്ന് ഞാൻ പറഞ്ഞത്. മറയൽക്രിയ നശിക്കുന്ന വസ്തുക്കൾക്കുമാത്രം പറഞ്ഞിട്ടുള്ളതാണ്. സ്വയം നഷ്ടപ്പെടാനും നമ്മളെ നഷ്ടപ്പെടുത്താനും പുസ്തകങ്ങൾക്ക് കഴിവുണ്ട്. ഒരു നശ്വരവസ്തു കൂടി ആയതുകൊണ്ടുള്ള അതിന്റെ ഗുണമോ ദോഷമോ ആണത്. ഡിജിറ്റൽ പുസ്തകങ്ങളുടെ ഏതൊരു കോപ്പിയും ആരുടേതുമാകാം. മനുഷ്യന്റെ ഗന്ധമോ സ്പർശമോ സുഖദുഃഖഭാരമോ ഏൽക്കേണ്ട ബാധ്യത അവ പേറുന്നില്ല. മനുഷ്യകുലത്തോടെ എരിഞ്ഞൊടുങ്ങുന്ന മരങ്ങളുടെ ദുഃഖവും കൂടിച്ചേർന്നതാണ് ഓരോ പുസ്തകവും. ഒരു കല്ല് ശിൽപമാകുന്നതിന്​ സഹിക്കുന്ന വേദന ഓരോ മരവും പുസ്തകങ്ങൾക്കുവേണ്ടി സഹിക്കുന്നു. സഹൃദയത്വമുള്ള ഒരു വായനക്കാരി ആ ദുഃഖഭാരത്തോടെയും, ഒരു ത്യാഗത്തിന്റെ ഓർമയോടും കൂടെയല്ലാതെ ഒരു പുസ്തകം കൈയിലെടുക്കുകയില്ല.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് സമ്മാനമായി മറ്റൊരു പുസ്തകം കിട്ടുന്നത്. വയലാറിന്റെ ആയിഷ. ആ പുസ്തകം എത്ര തവണ ഞാൻ വായിച്ചിട്ടുണ്ട് എന്നറിയില്ല. മുതിരാതെ തന്നെ സ്ത്രീ ആയിപ്പോയ ആയിഷയുടെ പുസ്തകം ഏതെങ്കിലും നോട്ടുബുക്കിനുള്ളിലേക്കു കയറ്റിവച്ച് സ്‌കൂളിൽ കൊണ്ടുപോകുമായിരുന്നു കുറേനാൾ. സ്ഥിരമായി കൊണ്ടുപോകുന്നത് കാരണം ആ കൊച്ചുപുസ്തകത്തിന്റെ ചുവടുഭാഗം വളഞ്ഞ്, മൂലകൾ ത്രികോണാകൃതിയിൽ പൊടിഞ്ഞുകൊണ്ടിരുന്നു. പുസ്തകം തീരെ നശിക്കുന്നതിനുമുന്നേ അതും എന്നെ വിട്ടുപോയി, എന്റെ കുട്ടിക്കാലത്തെ ചിലവിധങ്ങളിൽ അടയാളപ്പെടുത്തിക്കൊണ്ട്.

പിന്നീട് കിട്ടിയ പല പുസ്തകങ്ങളും അകന്ന ബന്ധത്തിലുള്ള ഒരു ചേട്ടൻ ലൈബ്രറിയിൽ നിന്നെടുത്തുകൊണ്ടുവന്നിരുന്നവയായിരുന്നു. ചേട്ടൻ പുസ്തകം എടുത്തുകൊണ്ടുവരുമെങ്കിലും വായിക്കുന്നത് ഞാൻ മാത്രമായിരുന്നു. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയാണ് അങ്ങനെ വായിച്ച ആദ്യ പുസ്തകം. പലരുടെ കൈമറിഞ്ഞ ആ പുസ്തകം എന്റെ കയ്യിലെത്തുമ്പോഴേക്കും പേടിച്ച് മഞ്ഞിച്ച അവസ്ഥയിലായിരുന്നു. പുറംചട്ട ഉണ്ടായിരുന്നുമില്ല. വീടിനടുത്ത് അമ്മൂമ്മയ്ക്ക് മാത്രമായി മക്കൾ പണികഴിപ്പിച്ചുകൊണ്ടിരുന്ന വീടിന്റെ പണിതീരാത്ത മൂലയിൽ പണിക്കാർ പോയശേഷം ഒരുദിവസം ഞാൻ പുസ്തകവുമായി പോയിരുന്നു. വായനയ്ക്ക് അനുബന്ധമായി ഉല്ലാസത്തിന് ഞാൻ നെല്ലിക്കയും ഉപ്പും ഒരു പേപ്പറിൽ പൊതിഞ്ഞ് കൊണ്ടുപോയി. അതൊരു വെള്ളിയാഴ്ചയായിരുന്നു എന്ന് ഓർമിക്കുന്നു. ഇത് ഞാൻ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ്. പുസ്തകം വായിച്ച് പത്തു പന്ത്രണ്ട് പേജ് കഴിഞ്ഞതും ഞാൻ ഇരുന്നു വിയർക്കാൻ തുടങ്ങി. ഞാനും പുസ്തകവും തമ്മിലുള്ള ബന്ധം എന്നെ അപകടത്തിലാക്കുമെന്ന് എനിക്കുറപ്പായി. ഞാൻ ശരീരം ചുരുക്കിപ്പിടിച്ചു. തലയിളക്കാതെ ചുറ്റും ആരെങ്കിലുമുണ്ടോ എന്ന് കണ്ണുകൾ കൊണ്ട് പരതി. വൈകുന്നേരമായിത്തുടങ്ങി. ഇരുട്ടുകയറുമ്പോൾ എന്തായാലും ഡ്രാക്കുള എന്നെപ്പിടിക്കും. പിന്നെ മനസ്സിൽ ഒന്നേ... രണ്ടേ... എന്ന് എണ്ണി പുസ്തകം ഒരേറു കൊടുത്ത് വീട്ടിലേക്ക്​ ഒരോട്ടം വച്ചുകൊടുത്തു. അടുത്ത ദിവസം രാവിലെ അവിടെച്ചെല്ലുമ്പോൾ നെല്ലിക്ക പലേടത്തായി കിടക്കുന്നു. പുസ്തകത്തിൽ ഉപ്പു വീണ്​ ചില പേജുകളിൽ നനഞ്ഞ ഭൂഖണ്ഡങ്ങൾ ഉണ്ടായിവന്നിരുന്നു. എന്റെ ഭയത്തെ പിന്നീട് ഞാൻ വെയിലത്ത് വച്ച് ഉണക്കിയെടുത്തു.

ബ്രാം സ്റ്റോക്കർ
ബ്രാം സ്റ്റോക്കർ

അന്നൊക്കെ സ്‌കൂൾ ലൈബ്രറി കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ല. സ്‌കൂളിനുപുറത്ത് ആൾക്കാർ വായിച്ചു നടക്കാറുണ്ട് എന്നും എനിക്കറിയില്ലായിരുന്നു. അങ്ങനെ പറഞ്ഞുതരാൻ എനിക്കാരും ഉണ്ടായിരുന്നില്ല. എനിക്ക് പുസ്തകങ്ങൾ കൊണ്ടുവന്നിരുന്ന ചേട്ടൻ തീരെ വായനാശീലം ഇല്ലാതിരുന്ന ഒരാളാണ്. അപ്പോൾ അയാൾ എന്തിന്​ ലൈബ്രറിയിൽ പോയി? അന്നൊന്നും ഞാൻ ഇതേക്കുറിച്ച്​ ചിന്തിച്ചിരുന്നില്ല. എന്നാൽ എനിക്ക് അവിടെ, ആ നാട്ടിലെ ലൈബ്രറിയിൽ കയറാനാവില്ല എന്നുമാത്രമാണ് ഞാൻ മനസിലാക്കിയത്. പുരുഷന്മാർ പോയിരുന്ന ഒരിടം. പുസ്തകങ്ങളോ, അറിവുകളോ, സ്വാതന്ത്ര്യമോ ഒക്കെ പുരുഷന്മാർ കയറിച്ചെന്ന് എടുത്തുകൊണ്ടുവരുന്നു. പാല് വാങ്ങാനോ സാധനം വാങ്ങാനോ ഒക്കെ കടയിലേക്ക് പോകുമ്പോൾ ആ ലൈബ്രറിയിലേക്ക് പാളി നോക്കും. പുരുഷന്മാർ ഇരുന്നു വായിക്കുന്നു. അവിടെ റാക്കുകളിൽ നിറച്ചിരുന്ന നിഗൂഢതകൾക്കു മുന്നിൽപ്പോയി വെറുതെ നിൽക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുമായിരുന്നു. കേരളത്തിൽ ആണുങ്ങൾ തങ്ങളുടെ രാഷ്ട്രീയ സാംസ്‌കാരികജീവിതങ്ങളെക്കുറിച്ചും ഓർമകളെക്കുറിച്ചും എഴുതുന്നത് വെറുതെയല്ല. അവർക്ക് കയറിചെല്ലാമായിരുന്ന ഇടങ്ങളെക്കുറിച്ചാണ്​അവർ എഴുതുന്നത്. സ്ത്രീകൾക്ക് അതിനെക്കുറിച്ചൊന്നും വിവരമില്ലെന്ന്​കളിയാക്കുകയും ചെയ്യും. സ്ത്രീകൾക്കറിയാവുന്ന അറിവുകളെല്ലാം വിലകുറഞ്ഞവയാണെന്നും സമ്മതിച്ചുകളയും. വെറും അടുക്കള അറിവുകൾ.

കൈയ്യിൽ വന്നുചേർന്നൊരു പുസ്തകത്തിൽ വായനയ്ക്കിടെ ഒരു ദുഃഖിത അവളുടെ കാമുകന്റെ കണ്ണുകൾ, പുസ്തകത്തിന്റെ ഏതോ താളിൽ വരച്ചിട്ടിട്ടുണ്ട്. എത്രയുംകാലം കഴിഞ്ഞ് അവളുടെ കൊച്ചുമകളും അതേ കണ്ണുകൾ ആ പുസ്തകത്തിൽ കണ്ടെടുക്കും, വരച്ചവളുടെ കണ്ണീരും.

ഡിജിറ്റൽ യുഗത്തോടെ എഴുത്തും അറിവും ഉള്ളടക്കവും എല്ലാവർക്കും തത്വത്തിൽ സ്വന്തമായി, എങ്കിലും പുസ്തകങ്ങൾ എല്ലാവർക്കും സ്വന്തമായില്ല. കാരണം പുസ്തകങ്ങൾ വസ്തുക്കൾ കൂടിയാണ്. വിലകൊടുത്തു വാങ്ങേണ്ട വസ്തുക്കൾ. നിങ്ങൾക്ക്​ സ്വന്തമാണെങ്കിലും അല്ലെങ്കിലും അവയ്ക്ക്​ വക്കുകളും മൂലകളും അരികുകളും ഉണ്ട്. ശിൽപം വായിക്കുന്നതുപോലെയല്ല പുസ്തകവായന എന്നതുകൊണ്ടു തന്നെ പുസ്തകം നിങ്ങൾക്ക്​ കൈകൊണ്ടെടുക്കേണ്ടതുണ്ട്.

എത്ര വിലയുണ്ടെങ്കിലും പുസ്തകങ്ങൾ സ്വന്തമാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അച്ഛന്മാരുടെ പുസ്തകശേഖരം കണ്ടുശീലിച്ചവരുടെ ഇടയിൽ സ്ത്രീകളുടെ പുസ്തകശേഖരവും ഉണ്ടായിവരട്ടെ എന്ന് ആഗ്രഹിക്കും. വായനയുടെ ലോകമെന്തെന്നു മനസിലാക്കാതെ തന്നെ പലപ്പോഴും പെൺകുട്ടികൾ ജീവിതത്തിൽ നിന്ന്​ പുറത്താക്കപ്പെടുന്നു. ചെറുപ്പത്തിൽ ഞാൻ ലൈബ്രറിയിൽ നിന്ന്​ എടുത്തുവന്ന പുസ്തകങ്ങൾ എന്റെ അമ്മ വീടിനു പുറത്തേക്കു വലിച്ചെറിഞ്ഞു. ഞാൻ കണക്കും സയൻസും ദുഃഖവും എല്ലാം കുത്തികുറിച്ചിരുന്നൊരു പുസ്തകം തീയിലിട്ടു. നിഷേധിയായ എനിക്ക്, വേണ്ടാത്തത് പറഞ്ഞുതരുന്നത് പുസ്തകങ്ങളാണെന്ന് അമ്മ വെറുതെ ധരിച്ചു. അന്ന് എന്റെ അമ്മ മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് ബഷീറിന്റെ സമ്പൂർണ കൃതികൾ ഒന്നാം വോള്യം ആയിരുന്നു. ‘കൊസ്രാക്കൊള്ളി സ്ത്രീയെ, വെറുതെ നീയെന്റെ മേല് നോവിച്ചു' എന്ന് ബഷീർ പറഞ്ഞുകാണണം.

ലൈബ്രറിപുരുഷന്മാർ പോയിരുന്ന ഒരിടമായിരുന്നു. പുസ്തകങ്ങളോ, അറിവുകളോ, സ്വാതന്ത്ര്യമോ ഒക്കെ പുരുഷന്മാർ കയറിച്ചെന്ന് എടുത്തുകൊണ്ടുവരുന്നു.  / Photo: Fahad Yahiya
ലൈബ്രറിപുരുഷന്മാർ പോയിരുന്ന ഒരിടമായിരുന്നു. പുസ്തകങ്ങളോ, അറിവുകളോ, സ്വാതന്ത്ര്യമോ ഒക്കെ പുരുഷന്മാർ കയറിച്ചെന്ന് എടുത്തുകൊണ്ടുവരുന്നു. / Photo: Fahad Yahiya

എങ്കിലും കൈയ്യിൽ വന്നുചേർന്നൊരു പുസ്തകത്തിൽ വായനയ്ക്കിടെ ഒരു ദുഃഖിത അവളുടെ കാമുകന്റെ കണ്ണുകൾ, പുസ്തകത്തിന്റെ ഏതോ താളിൽ വരച്ചിട്ടിട്ടുണ്ട്. എത്രയുംകാലം കഴിഞ്ഞ് അവളുടെ കൊച്ചുമകളും അതേ കണ്ണുകൾ ആ പുസ്തകത്തിൽ കണ്ടെടുക്കും, വരച്ചവളുടെ കണ്ണീരും. ചിലപ്പോൾ സ്വന്തം വീട്ടിലെ പുസ്തകശേഖരത്തിൽ, അല്ലെങ്കിൽ ഏതെങ്കിലും പൊടി മൂടിയ ലൈബ്രറിയിൽ. വസ്തുക്കൾ സ്ത്രീകൾ സ്വന്തമാക്കുന്നൊരു സമയത്ത് അതവളുടെ ശേഖരത്തിൽ പെടും. തനിക്കില്ലാത്തൊരു ഓർമ ആ കൊച്ചുമകൾ ആ നിറംകെട്ട കണ്ണുകളിൽ കണ്ടെടുക്കും. വസ്തുക്കൾ ഓർമകൾ കൂടിയാണ്, പുസ്തകങ്ങളും. അതുകൊണ്ടു തന്നെ മനോഹരമായ പുസ്തകങ്ങൾ വാങ്ങാൻ ഞാൻ മിനക്കെടുന്നു. ഉള്ള പണം അതിനായി മാറ്റിവയ്ക്കുന്നു. എന്നെങ്കിലും വായിക്കും എന്നുകരുതി പോലും ഞാൻ പുസ്തകങ്ങൾ വാങ്ങാറുണ്ട്. ഒരിക്കലും വായിക്കാൻ സാധ്യതയില്ലാത്ത ആ പുസ്തകങ്ങൾ കൂടി മനോഹരങ്ങളാവണം എന്നെനിക്ക് നിർബന്ധമുണ്ട്. എന്റെ അടുത്ത തലമുറയ്ക്കുകൂടി വേണ്ടി ആ വസ്തുക്കളുടെ സൗന്ദര്യം ഞാൻ കാംക്ഷിക്കുന്നു. പരുപരുത്ത പുസ്തകത്താളുകളും ഹാർഡ് ബൗണ്ട് പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. ലൈബ്രറിയിലോ മറ്റോ കയറുമ്പോൾ അത്തരം പുസ്തകങ്ങൾ ഞാൻ കയ്യിലെടുത്തുപിടിക്കാറുണ്ട്.

ജീവിതത്തിന്റെ പത്തിരുപതു വർഷം ഒരു ഭാണ്ഡക്കെട്ടും പേറി അങ്ങോളം ഇങ്ങോളം അലഞ്ഞ എനിക്ക് ഒരു ലൈബ്രറി ഉണ്ടാക്കാനായില്ല. പുസ്തകങ്ങൾ പലയിടത്തായി പലരുടെ കൈകളിൽ പെട്ടു.

ഈയിടെ ഞാൻ വാങ്ങിയതിൽ മനോഹരമായ ഡിസൈനുള്ള ഒരു പുസ്തകം റിതംവര ഭട്ടാചാര്യയും റാഷും ചേർന്നെഴുതിയ ‘ഇൻ ദി മിറർ, ഔർ ഗ്രേവ്‌സ്' എന്ന കവിതാപുസ്തകമാണ്. ഹാൻഡ്മെയ്ഡ് പേപ്പറിലാണ് കവർ ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ് പ്രൊഡക്ഷൻ പുസ്തകങ്ങൾക്ക് ഇത്തരം തിരഞ്ഞെടുപ്പുകൾ നടത്താൻ ബുദ്ധിമുട്ടായിരിക്കും. അവിടെ കോൺടെൻറ്​ അല്ലെങ്കിൽ പ്രശസ്തരായ എഴുത്തുകാരുടെ അഡ്രസ് ഒന്നുകൊണ്ടുമാത്രം പുസ്തകങ്ങൾ വിൽക്കപ്പെടുകയാണ് ചെയ്യുന്നത്. അനേകം കോപ്പികൾ പലപ്പോഴും ബാധ്യതയാകുന്നത് പുസ്തകത്തിന്റെ രൂപകൽപ്പനയുടെ തീരുമാനത്തിലാണ്. വിൽപ്പന ഒന്ന് മാത്രമാണ് വിൽക്കുന്നവരുടെ ആവശ്യം. വിലക്കുറവ്, ഭൂരിഭാഗം വരുന്ന വായനക്കാരുടെയും. പുസ്തകങ്ങളെ കലാസൃഷ്ടികളായി കാണുന്ന തുച്ഛമായ ശതമാനം ആൾക്കാർക്കു വേണ്ടി പുസ്തകമിറക്കാൻ ആര് തയ്യാറാവും? ഈയിടെ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡോ. കവിതാ ബാലകൃഷ്ണന്റെ വായനാമനുഷ്യന്റെ കലാചരിത്രം എന്ന പുസ്തകവും ഞാൻ സൂക്ഷിച്ചുവയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു പുസ്തകമാണ്. ഇരുപതാം നൂറ്റാണ്ടിലെ ആനുകാലികങ്ങളിലെ ചിത്രങ്ങളുടെ സംസ്‌കാരംപഠനമാണ്​പുസ്തകത്തിന്റെ ഉദ്ദേശ്യം തന്നെ. ഇൻസൈറ്റ് പബ്ലിക്ക പ്രാക്‌സിസ് ഗ്രന്ഥവരി ഇറക്കുന്ന ചെറുപുസ്തകങ്ങളുടെ ഹാർഡ് ബൗണ്ട് കോപ്പികൾ വളരെ ഗൗരവത്തോടെ ചെയ്‌തെടുക്കുന്നവയാണെന്നു തോന്നാറുണ്ട്. അന്യോന്യം ത്രൈമാസിക അതിന്റെ ഡിസൈൻ ഒന്നുകൊണ്ടുമാത്രം മുഴുവൻ എഡിഷനും ഞാൻ വരുത്തി. ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്ത് ദരിയാഗഞ്ജിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ബാസാറിൽ പോയി സിനിമ-നാടകപഠനങ്ങളുടെ പുസ്തകങ്ങൾ വാങ്ങുമായിരുന്നു. എത്രയും പുസ്തകങ്ങൾ വാങ്ങിയോ അത്രയും തന്നെ എന്റെ കൈവിട്ടുപോയി. പുസ്തകങ്ങൾ വാങ്ങിയാൽ മാത്രം പോരാ, അത് സൂക്ഷിക്കാൻ ഒരിടം കൂടി വേണ്ടിയിരുന്നു.

ജീവിതത്തിന്റെ പത്തിരുപതു വർഷം ഒരു ഭാണ്ഡക്കെട്ടും പേറി അങ്ങോളം ഇങ്ങോളം അലഞ്ഞ എനിക്ക് ഒരു ലൈബ്രറി ഉണ്ടാക്കാനായില്ല. പുസ്തകങ്ങൾ പലയിടത്തായി പലരുടെ കൈകളിൽ പെട്ടു. ഒറ്റപ്പെടലിന്റെയും അവഗണയുടെയും സമയങ്ങൾ എനിക്ക് എന്റേതാക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്നേരങ്ങളിൽ ഞാൻ എന്റെ ഭാണ്ഡക്കെട്ട് അഴിക്കും. അതിനകത്തെ തുണികൾ വാരി പുറത്തിടും. കൂടെ പുസ്തകങ്ങളും. ഉച്ചയ്ക്കും കുളിക്കാതെ ആ തുണികളിൽ പൂണ്ടുകിടന്ന് എന്റെ പുസ്തകങ്ങൾ ഞാൻ തുറക്കും. കുറെ വായിച്ച് കണ്ണ് കഴയ്ക്കുമ്പോൾ തുറന്ന പുസ്തകത്താളുകൾ കൊണ്ട് മൂക്കിന് മുകളിൽ ഗോപുരം പണിയും. എന്റേതുമാത്രമായൊരു അമ്പലത്തിൽ മണിയൊച്ചകൾ മുറുകും, പ്രാവുകൾ കുറുകും. ഒരുറക്കം ഉറങ്ങിയെണീൽക്കുന്നതു വരെ ഞാൻ ആ തുണികളെയും പുസ്തകങ്ങളെയും വാരിപ്പിടിച്ചു കിടക്കും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് പുസ്തകങ്ങൾ വസ്തുക്കൾ കൂടിയാണെന്ന്. വളരെ സൗകര്യപൂർവം പെരുമാറുന്ന ഒരു ഇഷ്ടവസ്ത്രം പോലെയും അതും മാറും.

പുസ്തകങ്ങളിൽ ചിലത് അതിന്റെ പഴമ ഒന്നുകൊണ്ടു മാത്രം എന്നെ ആകർഷിക്കാറുണ്ട്. തിരസ്‌കരിക്കപ്പെട്ടതിന്റെ ദുഃഖം ചിലതിൽ ഗന്ധമായി തങ്ങിനിന്ന് ഒഴിഞ്ഞമൂലകളിലേക്കു നമ്മളെ ക്ഷണിക്കും.  / Photo: Pinterest
പുസ്തകങ്ങളിൽ ചിലത് അതിന്റെ പഴമ ഒന്നുകൊണ്ടു മാത്രം എന്നെ ആകർഷിക്കാറുണ്ട്. തിരസ്‌കരിക്കപ്പെട്ടതിന്റെ ദുഃഖം ചിലതിൽ ഗന്ധമായി തങ്ങിനിന്ന് ഒഴിഞ്ഞമൂലകളിലേക്കു നമ്മളെ ക്ഷണിക്കും. / Photo: Pinterest

പുസ്തകങ്ങളിൽ ചിലത് അതിന്റെ പഴമ ഒന്നുകൊണ്ടു മാത്രം എന്നെ ആകർഷിക്കാറുണ്ട്. തിരസ്‌കരിക്കപ്പെട്ടതിന്റെ ദുഃഖം ചിലതിൽ ഗന്ധമായി തങ്ങിനിന്ന് ഒഴിഞ്ഞമൂലകളിലേക്കു നമ്മളെ ക്ഷണിക്കും. ഒരു സുഹൃത്തിന്റെ പ്രൈവറ്റ് കളക്ഷനിലുണ്ടായിരുന്ന പുസ്തകങ്ങൾ തിരയുന്നതിനിടെ ഒരിക്കൽ ഒരു ചെറിയ പുസ്തകം എന്റെ കയ്യിൽപെട്ടു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറകുവശത്ത് ഇരുട്ടിൽ കാൽതെറ്റി വീണൊരു മെലിഞ്ഞ കുട്ടിയെപ്പോലെ അതുകിടന്നു. പുറംചട്ടയില്ലാത്ത ചെറിയൊരു നോവലാണ്. അലസമായൊരു മധ്യാഹ്ന സമയത്ത് ഞാൻ വെറുതെ അതൊന്നു വായിച്ചുനോക്കി. ആദ്യപേജുകൾ ഒന്നുരണ്ടെണ്ണം ഇല്ല. ശീർഷകവും ഇല്ല. ഒറ്റയിരുപ്പിൽ ഞാനതു വായിച്ചു തീർത്തു. മനോഹരമായി കുട്ടികളുടെ ലോകം പ്രതിപാദിക്കുന്നൊരു മലയാള നോവൽ. എനിക്ക് തീർത്തും അപരിചിതമായ സമയവും സ്ഥലങ്ങളും. ആലംബമില്ലാതെ പൊടിപിടിച്ചു കിടന്നിരുന്ന ആ ചെറിയ പുസ്തകം പോഞ്ഞിക്കരറാഫിയുടെ സ്വർഗദൂതൻ ആണെന്ന് ഞാൻ പിന്നീട് മനസിലാക്കി. സ്വർഗദൂതന്റെ ആദ്യ കയ്യെഴുത്തുപ്രതി കായലിൽ വള്ളത്തിൽ പോകുമ്പോൾ എഴുത്തുകാരന്റെ കയ്യിൽനിന്ന്​ വെള്ളത്തിൽ വീണു നഷ്ടപ്പെട്ടു എന്ന് ഞാൻ എവിടെയോ വായിച്ചതോർമ്മിക്കുന്നു. രണ്ടാമത് അദ്ദേഹം എഴുതിത്തീർത്തത് ആദ്യത്തെത്തിന്റെ പകർപ്പായിരിക്കുകയില്ലല്ലോ. നഷ്ടപ്പെട്ടതിന്റെ ഓർമ ഉറപ്പായും ഞാൻ വായിച്ച കൃതിയിൽ ഉണ്ടായിരുന്നിരിക്കണം.

ഒരു സുഹൃത്തിന്റെ പ്രൈവറ്റ് കളക്ഷനിലുണ്ടായിരുന്ന പുസ്തകങ്ങൾ തിരയുന്നതിനിടെ ഒരിക്കൽ ഒരു ചെറിയ പുസ്തകം എന്റെ കയ്യിൽപെട്ടു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറകുവശത്ത് ഇരുട്ടിൽ കാൽതെറ്റി വീണൊരു മെലിഞ്ഞ കുട്ടിയെപ്പോലെ അതുകിടന്നു.

ഇതുപോലെ ശീർഷകം ഇല്ലാതെ വായിച്ചൊരു പുസ്തകം ജീവിതത്തിന്റെ യാഥാർഥ്യത്തിലേക്ക് എന്റെ ചെറുപ്പത്തെ തള്ളിവിട്ടു. ഒരു ചായക്കടയിൽ ആരോ മറന്നുവെച്ചൊരു പുസ്തകം. ആരും തിരക്കി വരാത്തതുകാരണം ചായക്കടക്കാരൻ ആ വസ്തു ഒരിടത്തേക്ക് മാറ്റിവച്ചിരുന്നു. ഞാൻ ചോദിച്ചപ്പോൾ എനിക്ക് അയാൾ ആ പുസ്തകം എടുത്തുതന്നു. ഒരിക്കലും ഒരു സോഫ്റ്റ് കോപ്പി ഇതുപോലെ നാടകീയമായി നമ്മുടെ കയ്യിൽ വരാൻ യാതൊരു വഴിയുമില്ല. ആ പുസ്തകം മറന്നു വച്ച അജ്ഞാത മനുഷ്യന്റെ മറവിയുടെ മുന്നിൽ ഞാൻ തലകുനിക്കുന്നു. ആനന്ദിനെ ഞാൻ ആദ്യമായി വായിക്കുന്നത് അങ്ങനെയാണ്. ആൾക്കൂട്ടം എന്ന നോവലായിരുന്നു അത്. പാരമ്പര്യമായി ഒന്നും കൈമുതലായി ഇല്ലാത്ത മനുഷ്യർക്ക് അറിവ് ഇങ്ങനെയുള്ള വഴികളിൽക്കൂടിയാണ് കൈവരുന്നത്. മാനുഷികമായ മറവിയോ, അവഗണയോ, ധാരാളിത്തമോ ഒക്കെയായി അത് വസ്തുക്കളുടെ രൂപത്തിൽ സ്ഥാനം തെറ്റുന്നു. പുസ്തകങ്ങൾ മറന്നുവയ്ക്കപ്പെടുന്നു. അങ്ങനെ മറവി പോലെ മനോഹരമായ ഒരു കല ഇല്ലെന്നുവരുന്നു. അതുകൊണ്ടുതന്നെ പി. കെ. രാജശേഖരന്റെ ബുക്​സ്​റ്റാൾജിയ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുസ്തകവായനയെക്കുറിച്ചുള്ള പുസ്തകങ്ങളെക്കാൾ മനോഹരമായി മറ്റെന്തുണ്ട്? ▮


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments