ഇന്ത്യക്കാവശ്യമായ
യഥാർഥ
സെക്യുലറിസത്തെക്കുറിച്ച്
ഇന്ത്യക്കാവശ്യമായ യഥാർഥ സെക്യുലറിസത്തെക്കുറിച്ച്
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലെത്തിനില്‍ക്കുന്ന ഇന്ത്യ, ബഹുസ്വരതയാര്‍ന്ന ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സെക്യുലറിസവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തെയും പൗരജീവിതത്തെയും നിരന്തരം നവീകരിക്കാന്‍ പ്രാപ്തമായ ഈ മൂല്യം സംരക്ഷിക്കപ്പെടേണ്ടത്, നമ്മുടെ ഭാവി നിലനില്‍പ്പിനും അനിവാര്യമാണ്. പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ട്രൂ കോപ്പിയുമായി അവരുടെ അഭിപ്രായം പങ്കിടുന്നു. ഒരു പുതിയ നവോത്ഥാനത്തിലേക്ക് സാമുദായികതയെ വികസിപ്പിക്കണമെന്നും അങ്ങനെ വികസിപ്പിക്കുമ്പോള്‍ വിവിധ ജാതികളും മതങ്ങളും സമുദായങ്ങളും തമ്മില്‍ പുതിയൊരു ഹാര്‍മണിയുണ്ടാകുമെന്നും അതിൽ നിന്നാണ് ഇന്ത്യയുടെ യഥാര്‍ഥ സെക്യുലറിസം നിലവില്‍ വരാന്‍ പോകുന്നതെന്നും ബി. രാജീവൻ.
13 Aug 2022, 11:12 AM
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് സെക്യുലറിസം. ഈ വിഷയം പറയാത്ത പാര്‍ട്ടികളില്ല. ഇവിടുത്തെ ഫാസിസ്റ്റ് പാര്‍ട്ടികളടക്കം സെക്യുലറിസത്തെക്കുറിച്ച് പറയാറുണ്ട്, തങ്ങളാണ് യഥാര്‍ഥ സെക്യുലറിസ്റ്റുകള്‍ എന്ന അര്‍ഥത്തില്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍, ഇങ്ങനെ സെക്യുലറിസത്തെക്കുറിച്ച് ധാരാളം സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, എത്രത്തോളം നമ്മുടെ രാഷ്ട്രീയ ആത്മാവിലേക്ക് സെക്യുലറിസം കടന്നുചെന്നിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സെക്യുലറിസം ഇപ്പോഴും ഉപരിതലത്തില്‍ നില്‍ക്കുന്ന ഒരു മുദ്രാവാക്യം മാത്രമാണെന്ന് കാണാൻ കഴിയും.
പ്രയോഗത്തില്‍ ആരാണ് സെക്യുലറിസ്റ്റ്?
ഏത് തെരഞ്ഞെടുപ്പുവരുമ്പോഴും ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ പാര്‍ട്ടികളും അടക്കം അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിനതീതമായി സെക്യുലറിസത്തിന്റെ സ്പിരിറ്റിനെ ഉയര്‍ത്തിപ്പിടിക്കാറില്ല. എല്ലാവരും സാമുദായികമായിട്ടാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക. അവർ സാമുദായിക പ്രീണന മുദ്രാവാക്യങ്ങളുയര്‍ത്തും. 75 വര്‍ഷവും നാം ഇതല്ലേ കണ്ടുകൊണ്ടിരിക്കുന്നത്. വോട്ട്ബാങ്ക് രാഷ്ട്രീയം നിലനില്‍ക്കുന്ന ഒരു ലിബറല്‍ പൊളിറ്റിക്‌സിന്റെ പാശ്ചാത്തലത്തില്‍ സെക്യുലറിസം എന്ന മുദ്രാവാക്യം പൊള്ളയായ ഒന്നായിത്തീരുന്നു, അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഭയമാണ് എല്ലാവര്‍ക്കും. കാരണം, വോട്ട് നഷ്ടമാകും.
സെക്യുലറിസം യാഥാര്‍ഥ്യമാക്കണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന ആലോചന അടിയന്തരമായി നടത്തേണ്ടതുണ്ട്. അത്തരം ആലോചനകളില്ലാതെ പോയതിന്റെയും അത് പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിനുള്ള സന്നദ്ധത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഇല്ലാതെ പോയതിന്റെയും ദുരന്തമാണ് നമ്മള്‍ ഇന്നനുഭവിക്കുന്നത്. വര്‍ഗീയ ശക്തികളുടെ ഇന്നത്തെ വളര്‍ച്ചതും ഇതുമൂലമാണ് സംഭവിച്ചത്.
ഒരു അടിയന്തര രാഷ്ട്രീയപ്രശ്‌നം എന്ന നിലയില്‍, ഒരു പാരഡൈം ഷിഫ്റ്റ് എന്ന തരത്തില്‍ തന്നെ ഈ വിഷയം ഏറ്റെടുക്കേണ്ടതുണ്ട്. പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന്റെ മാനദണ്ഡം വച്ചുകൊണ്ട്, പൊതുജീവിതം-സ്വകാര്യജീവിതം എന്ന തരത്തിലുള്ള വിഭജനം യാന്ത്രികമാണ്. പൊതുതലത്തില്‍, അതായത്, യുക്തിയുടെ തലത്തില്‍, സെക്യുലറിസം നിലനിര്‍ത്തുക എന്നത് ഒരു പരിധിവരെ, ഒറ്റ മതം പ്രധാനമായിട്ടുള്ള യൂറോപ്പിലും അമേരിക്കയിലും പ്രായോഗികമാണ്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ച് പാശ്ചാത്യ മാതൃകയിലുള്ള സെക്യുലറിസം, അതായത്, പൊതുജീവിതത്തെയും സ്വകാര്യജീവിതത്തെയും രണ്ടായി തിരിച്ചുനിര്‍ത്തുക എന്ന രീതിയിലുള്ളത്, യാന്ത്രികമായിപ്പോകുകയേ ഉള്ളൂ. ഫെമിനിസ്റ്റ് മൂവ്‌മെന്റൊക്കെ വരുന്നതുതന്നെ, ഇത്തരം വേര്‍തിരിവുകള്‍ക്കെതിരെയായിട്ടാണ്. ഇത്തരമൊരു വേര്‍തിരിവിലൂടെ യഥാര്‍ഥ പ്രശ്‌നങ്ങളെ സമീപിക്കാന്‍ പറ്റില്ല.
സെക്യുലര്‍ ലിബറേഷന്‍ മൂവ്‌മെൻറ് എന്ന നിലയിലല്ല ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരം നടന്നത്. ഓരോ സമുദായവും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുകയായിരുന്നു. 1775ല്‍, ആദ്യ സ്വാതന്ത്ര്യസമരത്തിനും ഒരു നൂറ്റാണ്ടുമുമ്പ്, ഗോത്രപരമായ ഐഡന്റിറ്റിക്കുവേണ്ടി ആദിവാസികള്‍ സമരം തുടങ്ങിയിരുന്നു. അത്തരം സ്വാതന്ത്ര്യസമരങ്ങള്‍ 1947 വരെ തുടര്‍ന്നു. സമുദായത്തിന്റെ പ്രാധാന്യം ഇതിനകത്തുണ്ട്. അതിനെ സ്വകാര്യജീവിതം എന്നു പറഞ്ഞ് തള്ളിക്കളയാന്‍ പറ്റില്ല. അതുകൊണ്ട്, സാമുദായിക ജീവിതത്തിന്റെ പ്രാധാന്യം നമ്മള്‍ അംഗീകരിക്കണം. എന്നാല്‍, പുരോഗമനവാദികളും ലിബറലുകളും ചെയ്യുന്നത്, പാശ്ചാത്യ മാതൃകയിൽ സെക്യുലറിസത്തെ ഉയര്‍ത്തിപ്പിടിക്കുകയും ഇലക്ഷന്‍ വരുമ്പോള്‍ സാമുദായിക ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് പിന്‍വാതിലിലൂടെ കടന്നുചെന്ന് അവരെ corrupt ചെയ്യുകയുമാണ്. മുന്‍വാതിലിലൂടെ സെക്യുലറിസ്റ്റുകള്‍ക്ക് കടന്നുചെല്ലാനാകില്ലല്ലോ. കാരണം, ‘ഞങ്ങള്‍ ജാതിമത അതീതരാണ്’എന്നാണല്ലോ മുന്‍വാതില്‍ പറയുന്നത്. അങ്ങനെ ജനങ്ങളെ corrupt ചെയ്യുന്നു, ചൂഷണം ചെയ്യുന്നു. വോട്ട്ബാങ്കുകള്‍ നിലനിര്‍ത്തുന്നു.
യഥാര്‍ഥത്തില്‍ സാമുദായിക ജീവിതത്തെ ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അറിയാം. അത് ഏറ്റവും കൂടുതല്‍ അറിയുന്നത് വര്‍ഗീയ ശക്തികള്‍ക്കാണ് എന്നുമാത്രം. മറ്റുള്ളവര്‍ പിന്‍വാതിലിലൂടെ കടന്നുചെല്ലുന്ന ഏരിയയില്‍, വര്‍ഗീയ ശക്തികള്‍ മുന്‍വാതിലിലൂടെ തന്നെ കടന്നുചെല്ലുന്നു. ‘ഞങ്ങളിതാ ജാതിയുടെ പേരില്‍, സമുദായത്തിന്റെ പേരില്‍ ആഹ്വാനം ചെയ്യുന്നു, നിങ്ങളെ ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നു' എന്നാണ് വര്‍ഗീയശക്തികള്‍ പറയുന്നത്. അവര്‍ മുന്‍വാതിലിലൂടെ തന്നെ സാമുദായിക ജീവിതത്തെ കൊണ്ടുവരുന്നു. അപ്പോള്‍, മുന്‍വാതിലിലൂടെ വന്ന് സാമുദായിക ജീവിതത്തെ അംഗീകരിക്കുന്ന ബി.ജെ.പി നിലപാടാണോ ശരി എന്ന ചോദ്യം വരാം, സാമുദായിക ജീവിതത്തെ അംഗീകരിക്കേണ്ടിവരുമ്പോള്‍. അവിടെയാണ് ഇതിന്റെ പ്രശ്‌നം.
ജനങ്ങളുടെ സാമുദായിക ജീവിതത്തെ, അതിന്റെ ഒരു affective worldനെ, അവഗണിക്കാൻ പറ്റില്ല. കാരണം, പൊളിറ്റിക്‌സ് യഥാർഥത്തിൽ വര്‍ക്ക് ചെയ്യുന്നത് affective തലത്തിലാണ്, ഭാവശക്തിയുടെ തലത്തിലാണ്. വൈകാരികതയെയും ഭാവനയെയും അവയോട് ബന്ധപ്പെട്ട പാരമ്പര്യത്തെയും ഒഴിവാക്കിയുള്ള ഒരു രാഷ്ട്രീയ ജീവിതം സാധ്യമല്ല. അത് സാധ്യമാണ് എന്നത് പാര്‍ലമെന്റിനെയും തെരഞ്ഞെടുപ്പിനെയുമൊക്കെ പറ്റിയുള്ള ഒരു ലിബറല്‍ നാട്യമാണ്.
എന്നാൽ, ഇവിടെ ബി.ജെ.പി എന്താണ് ചെയ്യുന്നത്? സാമുദായികതയെ ഇമോഷനലായി ചൂഷണം ചെയ്യുന്നു. ജനാധിപത്യവിരുദ്ധമായി ജനങ്ങളെ മാറ്റുന്നു. മറിച്ച്, ഇന്ത്യന്‍ ജനതയുടെ സാമുദായിക ജീവിതത്തെ പോസിറ്റീവായി അഡ്രസ് ചെയ്യണം. അങ്ങനെ മാത്രമേ ഒരു സെക്യുലറിസ്റ്റ് സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. നവോത്ഥാനകാലത്ത് അതാണ് നടന്നത്. അന്നും, ഇന്ന് ബി.ജെ.പി ചെയ്യുന്നതുപോലെ മതപരമായും മറ്റും അതിനെ corrupt ചെയ്യാന്‍ ശ്രമം നടന്നിട്ടുണ്ട്. എങ്കിലും, നാരായണഗുരുവിനെപ്പോലുള്ളവർ സാമുദായിക ജീവിതത്തെയാണ് അഡ്രസ് ചെയ്തത്. ഈഴവ സമൂഹത്തെ അഡ്രസ് ചെയ്ത്, ഈഴവ സമുദായം എന്നത് മനുഷ്യസമുദായം തന്നെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മള്‍ വ്യത്യസ്തരല്ല എന്നായിരുന്നു അതിന്റെ അര്‍ഥം. സാമുദായികമായ അന്ധവിശ്വാസങ്ങള്‍ക്കും സാമുദായികമായ ക്ലോസ്ഡ് ഐഡന്റിറ്റികള്‍ക്കും ഒക്കെ എതിരായ മൂവ്‌മെന്റായിരുന്നു നമ്മുടെ കീഴാള നവോത്ഥാനം എന്നർഥം.

ജീവിതത്തിന്റെ അടിസ്ഥാനമായ, ഹെഗിമണി, അവരുടെ സാമുദായിക ജീവിതത്തിന്റെ സ്വകാര്യതയിലാണ് എന്നാണ് രണജിത് ഗുഹ പറയുന്നത്. ഈ ‘ഇന്നര്‍ ഹെഗിമണി’യെയാണ് നമ്മള്‍ ഒരു പുതിയ നവോത്ഥാനത്തിലേക്ക് നയിക്കേണ്ടത്. അതിന് പഴയ നവോത്ഥാനത്തിന്റെ എല്ലാ പോസിറ്റീവ് ഘടകങ്ങളെയും പുതുതായി ഉയര്‍ത്തിക്കൊണ്ടുവരണം. വിഭാഗീയക്കെതിരായി, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി, വെറുപ്പിനെതിരായി, ഒരു പുതിയ നവോത്ഥാനത്തിലേക്ക് ഈ സാമുദായികതയെ വികസിപ്പിക്കണം. അങ്ങനെ വികസിപ്പിക്കുമ്പോള്‍ വിവിധ ജാതികളും മതങ്ങളും സമുദായങ്ങളും തമ്മില്‍ പുതിയൊരു ഹാര്‍മണിയുണ്ടാകും. അതില്‍നിന്നാണ് ഇന്ത്യയുടെ യഥാര്‍ഥ സെക്യുലറിസം നിലവില്‍ വരാന്‍ പോകുന്നത്. അപ്പോള്‍, ബി.ജെ.പിക്ക് നിലനില്‍ക്കാനാകില്ല.
കാരണം, നമ്മള്‍ കൃത്യമായി ജനങ്ങളുടെ വൈകാരികതയെയും പാരമ്പര്യത്തെയുമെല്ലാം അഡ്രസ് ചെയ്യുകയാണ്. ലിബറല്‍ പാര്‍ട്ടികളും ഇടതുപക്ഷ പാര്‍ട്ടികളും ഈ പ്രശ്‌നത്തെ അഡ്രസ് ചെയ്യാത്തതുകൊണ്ടാണ് ബി.ജെ.പി ഇതിനെ ചൂഷണം ചെയ്യുന്നത്. ഇത്തരം പ്രശ്‌നങ്ങളെ ലോജിക്കലായി കൈകാര്യം ചെയ്തിട്ട് കാര്യമില്ല. അമേരിക്കന്‍ ഭരണകൂടത്തിനെതിരെ നോം ചോംസ്‌കി എത്ര പുസ്തകങ്ങള്‍ എഴുതി? ആളുകള്‍ അതെല്ലാം വായിച്ച് മനസ്സിലാക്കുകയാണെങ്കില്‍ അമേരിക്കന്‍ ഭരണകൂടം തകരാനുള്ള കാലം കഴിഞ്ഞില്ലേ? അമേരിക്കന്‍ സര്‍ക്കാര്‍ വന്‍കിട കുത്തക കമ്പനികള്‍ക്ക് ഡാറ്റ ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് ഈയിടെ തെളിയിക്കപ്പെട്ടു. ഇത് ജനം അറിഞ്ഞു. എന്നിട്ടും ആ ഭരണകൂടത്തിന് വല്ല കുഴപ്പവുമുണ്ടോ? ഇവിടെ, നരേന്ദ്രമോദി സര്‍ക്കാര്‍ പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു. അത് വലിയ വിവാദമായിട്ടും മോദിക്ക് വല്ല കുലുക്കവുമുണ്ടോ? ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങള്‍ വാര്‍ത്തകളായി വന്നാല്‍ അതൊന്നും മോദി ഭരണകൂടത്തെ ബാധിക്കാന്‍ പോകുന്നില്ല, കാരണം, അതെല്ലാം ലോജിക്കിന്റെ തലത്തിലുള്ളതാണ്. ജനങ്ങളുടെ വികാരത്തിന്റെയും ഭാവനയുടെയും affectന്റെയും തലത്തിലേക്ക് രാഷ്ട്രീയം ഉയരണം. അങ്ങനെ രാഷ്ട്രീയത്തെ ഡെമോക്രാറ്റിക്കായി, ഡെവലപ്‌മെന്റലായി ട്രാന്‍സ്‌ഫോം ചെയ്യണം. അങ്ങനെ വന്നാല്‍, വര്‍ഗീയശക്തികള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. അപ്പോള്‍, വിഭാഗീയ മതപരതയില്‍നിന്ന് ജനജീവിതം തന്നെ രാഷ്ട്രീയമാനത്തിലേക്കുയരും. ജനങ്ങളുടെ വൈകാരികലോകം തന്നെ രാഷ്ട്രീയമാനത്തിലേക്കുയരും. ഇതിനുവേണ്ടിയുള്ള ഒരു സ്ട്രഗിളാണ് ഇപ്പോള്‍ വേണ്ടത്. ഇത്തരത്തില്‍ affective politicsനെ നമ്മള്‍ തുറന്നുവിടണം.
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
Think
Dec 23, 2022
6 Minutes Read
കെ.ടി. നൗഷാദ്
Oct 23, 2022
5 Minutes Read
പി.എന്‍.ഗോപീകൃഷ്ണന്‍
Aug 17, 2022
10 Minutes Read
ഇ.കെ. ദിനേശന്‍
Aug 16, 2022
6 Minutes Read