പാർശ്വവൽകൃത വിഭാഗങ്ങൾക്ക് ഇടമില്ലാത്ത 75 ഇന്ത്യൻ വർഷങ്ങൾ

45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇന്ന് നിലനിൽക്കുന്നത്. ജൂലൈയിൽ 1.30 കോടി പേർ തൊഴിൽരഹിതരായി. അതേസമയം, രാജ്യത്തെ 100 പേരുടെ ആസ്തി 22. 14 കോടി രൂപയിലേക്ക് കുതിച്ചു. പാർശ്വവൽകൃത വിഭാഗങ്ങളെ കഴിഞ്ഞ 75 സ്വാതന്ത്ര്യ വർഷങ്ങൾ എങ്ങനെയാണ് പരിഗണിച്ചതെന്ന് പരിശോധിക്കാൻ ഭരണ- രാഷ്ട്രീയ വർഗം തയ്യാറാകുമോ?

ന്ത്യക്കാരെ സംബന്ധിച്ച്, 75ാം സ്വാതന്ത്ര്യദിനവാർഷികം സ്വന്തം രാജ്യത്തെക്കുറിച്ചുള്ള സ്നേഹപ്രകടനത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിമിഷം കൂടിയാണ്. എന്നാൽ രാഷ്ട്രം എന്ന രീതിയിൽ ഇന്ത്യൻ ജീവിതത്തിന്റെ സ്വാതന്ത്ര്യാനന്തര നാൾവഴി പരിശോധിക്കുമ്പോൾ എത്രപേർക്ക് ഈ സ്വാതന്ത്ര്യദിനവാർഷികം രാഷ്ട്രീയവും സാമൂഹ്യവുമായ സംതൃപ്തി നൽകുന്നുണ്ട്? സ്വാതന്ത്ര്യത്തെ ആഘോഷപൂർവ്വം ആചരിക്കുമ്പോൾ ദേശം, ദേശീയത, രാഷ്ട്രം തുടങ്ങിയവ രാജ്യത്തെ ജനങ്ങൾക്ക് എങ്ങനെ സമാധാനം നൽകുന്നു എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്.

രാജ്യത്തിനകത്തുനിന്ന് ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും പ്രായോഗിക അനുഭവബോധ്യങ്ങളിൽ നിന്ന് രൂപപ്പെടുന്നതായിരിക്കണം രാഷ്ട്ര സംബന്ധമായ ഏത് സന്തോഷവും. ‘എന്റെ രാജ്യം’ എന്ന വിചാരം പൗരരിൽ ശക്തമാകുന്നത് രാജ്യം പൗരരെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇവിടെ "ഞാൻ" എന്നത് ഇന്ത്യൻ ബഹുസ്വരതയുടെ നൂറുകണക്കിന് വൈവിധ്യങ്ങളെ അനുഭവിക്കാൻ സ്വതന്ത്ര അനുവാദമുള്ളവർ എന്ന അർത്ഥത്തിലാണ്. അവിടെ വിവേചനരഹിതമായ സാമൂഹിക സ്വത്വത്തെയാണ് ഭരണകൂടം പ്രതിനിധാനം ചെയ്യേണ്ടത്.
ആ അർത്ഥത്തിൽ ഇന്ത്യയിലെ 130 കോടിയിലേറെ ജനങ്ങളിൽ എത്രപേർക്ക് ശരാശരി ജീവിതനിലവാരത്തിലെത്താനും ഭരണഘടന നൽകുന്ന സ്വാഭാവിക നീതി അനുഭവിക്കാനും കഴിയുന്നുണ്ട്. ഈ സംശയത്തെ ചോദ്യമായി അവതരിപ്പിക്കാനുള്ള സമയം കൂടിയാണിത്​.

75-മത് സ്വാതന്ത്ര്യദിനവാർഷികത്തിൽ 60 ശതമാനത്തോളം ജനം മുഖ്യധാരാ ജീവിതപരിസരത്തേക്ക് എത്താൻ കഴിയാത്തവരാണ്.
പലതരം സാമൂഹിക വിവേചനങ്ങളുടെ ഇരകളായി മാറിയവർക്ക് സ്വാതന്ത്ര്യത്തിന്റെ ഈ ആഘോഷം അത്ര സന്തോഷം നൽകാൻ സാധ്യതയില്ല. ഇത്തരം മനുഷ്യരിൽ ‘എന്റെ രാജ്യം’ എന്ന ബോധം രൂപപ്പെടാൻ അവർക്കാവശ്യമായ ഭൗതികജീവിത സംതൃപ്തി ലഭിക്കണം. അത് ലഭ്യമാക്കലാണ് ഭരണാധികാരികളുടെ പ്രഥമ ഉത്തരവാദിത്വം.

പാർശ്വവൽകൃത വിഭാഗങ്ങളെ കഴിഞ്ഞ 75 സ്വാതന്ത്ര്യ വർഷങ്ങൾ എങ്ങനെയാണ് പരിഗണിച്ചതെന്ന് പരിശോധിക്കാൻ ഭരണ- രാഷ്ട്രീയ വർഗം തയ്യാറാകുമോ? സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച്​, 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇന്ന് നിലനിൽക്കുന്നത്. ജൂലൈയിൽ 1.30 കോടി പേർ തൊഴിൽരഹിതരായി. അതേസമയം, രാജ്യത്തെ 100 പേരുടെ ആസ്തി 22. 14 കോടി രൂപയിലേക്ക് കുതിച്ചു. മാത്രമല്ല, കോർപറേറ്റ് ചങ്ങാത്തത്തിന്റെ ഭാഗമായി 11 ലക്ഷം കോടി കടം എഴുതിത്തള്ളി. അവരിൽ ഭരണകൂടത്തിന് വേണ്ടപ്പെട്ടവരായ ലളിത് മോദി, വിജയമല്യ, മെധുൽ ചോക് സി, നീരവ് മോദി എന്നിവരുമുണ്ട്. മറുഭാഗത്ത്, പാവപ്പെട്ടവരുടെ അടിസ്ഥാന അവശ്യങ്ങൾക്കുമേൽ നിരന്തരം വില വർദ്ധിപ്പിച്ച് അവരെ രാജ്യസ്നേഹത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നു.

ഗാന്ധി. / Photo : Wikimedia Commons

1921-ൽ മഹാത്മാഗാന്ധി മേൽവസ്ത്രമുപേക്ഷിക്കാനുണ്ടായ പ്രധാന കാരണങ്ങളിൽ ഒന്ന്, താൻ കണ്ട ജനങ്ങൾക്ക് വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവില്ലായ്മ ബോധ്യപ്പെട്ടതുകൊണ്ടാണ്. അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവരെ പ്രതികരണബോധമുള്ള ജനങ്ങളായി മാറ്റാൻ, അവരിലൊരാളായി മാറേണ്ടതിന്റെ രാഷ്ട്രീയഅനിവാര്യതയെ മനസ്സിലാക്കിയതുകൊണ്ടാണ്. അത്തരം ചിന്താഗതിയുള്ള നേതാവ് പിന്നീട് ഇന്ത്യയിലുണ്ടായില്ല എന്നുമാത്രമല്ല, ഇന്ത്യൻ അസമത്വങ്ങളുടെ അടിസ്ഥാന കാരണങ്ങളെ നിർണയിക്കുന്ന വ്യത്യസ്ത സാമൂഹിക- രാഷ്ട്രീയ കാരണങ്ങളെ കണ്ടെത്താനും പരിഹരിക്കാനും പുരോഗമന ഇടതുപക്ഷത്തിനു പോലും കഴിയാതെ പോയി. ഇന്ന് ലോകത്തെ പട്ടിണി സൂചികയിൽ രാജ്യം 94-ൽ നിന്ന് 101 ലെത്തിനിൽക്കുന്നു. ഈ പാവങ്ങളായ മനുഷ്യരെ പരിശോധിച്ചാൽ കൃത്യമായി ഒരു കാര്യം ബോധ്യപ്പെടും. അതിലൊന്ന് ഇവർ നൂറ്റാണ്ടുകളായി ഇന്ത്യൻ അസമത്വങ്ങളുടെ ചാലകശക്തിയായി പ്രവർത്തിക്കുന്ന ജാതി വിവേചനങ്ങളുടെ ഇരകളാണ് എന്നതാണ്​.

മറ്റൊരു വിഭാഗം മതന്യൂനപക്ഷങ്ങളാണ്. ഇവരിൽ നിന്നൊക്കെ സമ്മിശ്രമായി രൂപപ്പെട്ട നഗരചേരികളിലെ മനുഷ്യരുടെ സ്വത്വവും ഈ പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യവിവേചനങ്ങളുടെ ശേഷിപ്പുകളായിരിക്കും. ആ സമയത്തും രാജ്യത്ത് നഗരകേന്ദ്രീകൃത വികസനവും ശാസ്ത്രീയ പുരോഗതിയും ഉണ്ടായി എന്നത് നിഷേധിക്കാൻ കഴിയില്ല. ലോകത്തെ പ്രധാന സൈനികശക്തിയായി മുന്നേറാനുള്ള ശ്രമത്തിൽ, ദാരിദ്ര്യം അതിവേഗതയിൽ കുതിച്ചുയർന്നത് എന്തുകൊണ്ട് ഭരണാധികാരികൾക്ക് കാണാൻ കഴിഞ്ഞില്ല?. ഈ സ്വാതന്ത്ര്യവാർഷികത്തിൽ നാം സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഇതൊക്കെ.

പുരോഗതിയെ കുറിച്ചുള്ള വീക്ഷണങ്ങളെ സാധൂകരിക്കുന്ന സാമൂഹിക കാരണങ്ങൾ പലതാണ്. അപ്പോഴും ഇന്ത്യൻ ജനതയെ ഭീതിപൂർണമായ ജീവിതപരിസരങ്ങളിൽ സ്തംഭിപ്പിച്ചുനിർത്തുന്നത് സമീപകാലത്ത് ഇന്ത്യയിൽ രൂപപ്പെട്ട ഹിന്ദുത്വവൽക്കരണമാണ്. നിരവധി വിഭിന്നതകൾ നിലനിൽക്കുമ്പോഴും എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഭരണഘടനാ മൂല്യങ്ങളെ ഭരണകൂടം നിരാകരിക്കുമ്പോൾ ന്യൂനപക്ഷങ്ങളും പാർശ്വവൽകൃത വിഭാഗങ്ങളുമാണ് ഭീതിയുടെ ആഴങ്ങളിൽ താണുപോകുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചലനശക്തി ബഹുസ്വരതയും മതേതരത്വവും അതിലൂടെ രൂപം കൊണ്ട സഹിഷ്ണുതയുടെ രാഷ്ട്രീയവുമായിരുന്നു. ഇതിൽ ഏറ്റവും പ്രധാനം, ബഹുസ്വരത അതിന്റെ രാഷ്ട്രീയാർത്ഥത്തിൽ ഭരണഘടന ഉയർത്തിപ്പിടിക്കുന്നു എന്നതാണ്. ഈ ഭരണഘടനക്കുകീഴിൽ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വിവേചനരഹിതമായ ജീവിതസ്വാതന്ത്ര്യം നൽകുക എന്നതാണ്. എന്നാൽ എല്ലാ വീടുകളിലും രാജ്യത്തിന്റെ പതാക ഉയർത്തണം എന്നുപറയുമ്പോഴും ആ വീടുകളിലെങ്ങനെയാണ് മനുഷ്യർ ജീവിക്കുന്നത് എന്നും ആ മനുഷ്യർക്ക് ഏത് രീതിയിലാണ് നീതിയും മനുഷ്യാവകാശങ്ങളും കിട്ടുന്നതെന്നും പരിശോധിക്കേണ്ട ഒരു അവസരം കൂടിയായി ഈ സന്ദർഭത്തെ ഉപയോഗിക്കണം.

Photo : Wikimedia Commons

ഭരണകൂടം എപ്പോഴും രാജ്യത്തിന്റെ സാംസ്കാരികവും ദേശീയവും മതേതരവുമായ അടിസ്ഥാനതത്വങ്ങളെ കൃത്യമായി പാലിക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് ജനാധിപത്യത്തെ, അതിന്റെ അടിസ്ഥാന രാഷ്ട്രീയ വ്യവഹാര മണ്ഡലങ്ങളിൽ നിന്നടർത്തി മാറ്റി ഹിന്ദുത്വ താല്പര്യങ്ങളെ പ്രയോഗിക്കാനുള്ള വഴിയായി തീർത്തിട്ടുണ്ട്. ഈ മാറ്റം ഏതെങ്കിലും ഭരണാധികാരികളുടെ ചിന്തയിൽ നിന്നുണ്ടാകുന്നതല്ല. മറിച്ച് ഒരു കാലത്തും ഇന്ത്യൻ മതേതരത്വത്തെയും ബഹുസ്വരതയെയും അംഗീകരിക്കാത്ത തീവ്ര ഹിന്ദുത്വ ബുദ്ധികേന്ദ്രത്തിൽനിന്ന് പുറപ്പെടുന്നതാണ്. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടിതിന്​. നിലവിലെ ഭരണവർഗം തന്നെയാണ് 2025-ൽ അധികാരത്തിൽ എങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്വഭാവം തന്നെ മാറും. മേൽപ്പറഞ്ഞ വൈവിധ്യങ്ങളുടെ നിരവധിയായ രാഷ്ട്രീയ സ്വത്വങ്ങളെ നിരാകരിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ വളരെ ദൂരം മുന്നോട്ടു പോയിട്ടുണ്ട്. ഈ അവസരത്തിലാണ് 75-മത് സ്വാതന്ത്ര്യദിനവാർഷികത്തിന്റെ പ്രാധാന്യം രാഷ്ട്രീയമായി വിശകലനം ചെയ്യേണ്ടത്.

കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിക്കുള്ള പങ്ക് എന്താണ്?. ഇന്ത്യൻ ബഹുസ്വരതയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര ബോധ്യങ്ങളിലാണ്ടിറങ്ങി അതിന്റെ നൈതികതയെ ഏതൊരു മനുഷ്യനും ബോധ്യപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചത് ഗാന്ധിജിയാണ്. കോടിക്കണക്കിന് ജനങ്ങളിൽ ഒരാളായി പ്രവർത്തിച്ച മഹാത്മാഗാന്ധിജിയെ കൊന്നു കൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയം തങ്ങളുടെ താല്പര്യങ്ങളെ രൂപപ്പെടുത്തിയതും വളർത്തിയതും. അതുകൂടി ഓർക്കേണ്ട ദിവസമാണ് ഈ സ്വാതന്ത്ര്യ വാർഷിക ദിനം. ഇതിന്റെ പരിണിതഫലമെന്നോണം ചരിത്രത്തിന്റെ ഇടങ്ങളിൽനിന്ന് ധീരരായ രക്തസാക്ഷികൾ മായിക്കപ്പെടുകയും ബ്രിട്ടീഷുകാർക്ക് വിധേയപ്പെട്ടവർ സ്വാതന്ത്ര്യപോരാളികളായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിമാറ്റത്തെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.

ഇതൊക്കെ പരിശോധിക്കുമ്പോൾ, നാം ഇന്നനുഭവിക്കുന്ന ജനാധിപത്യത്തിന്റെ ഉള്ളടക്കം എന്താണ് എന്ന് ബോധ്യപ്പെടും. സ്വാതന്ത്ര്യസമരകാലത്ത് രൂപപ്പെട്ട നാനാജാതിമതസ്ഥരുടെയും ദേശ മനുഷ്യരുടെയും ഭാഷാ വൈവിധ്യങ്ങൾ കൈകാര്യം ചെയ്തവരുടെയും ഏകോപനത്തിലുണ്ടായ ഐക്യബോധം നിസ്സാരമല്ല. അതിന് നേതൃത്വം നൽകിയ ഗാന്ധിജിയെ ഇന്ത്യൻ ജനത ആദരിക്കുമ്പോൾ ഗാന്ധിജിയെ കൊന്നുകൊണ്ടു മാത്രമേ തങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയൂ എന്ന തിരിച്ചറിവ് അന്നേ ഹിന്ദുത്വശക്തികൾക്കുണ്ടായിരുന്നു. ആ ശക്തികളാണ് 75മത് സ്വാതന്ത്ര്യ വാർഷിക ദിനത്തിൽ അതിന്റെ അവകാശികളായി സ്വയം പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് 75 വർഷങ്ങളായി തുടരുന്ന വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടേ ഏതൊരു രാജ്യസ്നേഹിക്കും മുന്നോട്ടു പോകാൻ കഴിയൂ.

നിലവിലെ അസമത്വങ്ങളെ അവസാനിപ്പിക്കാനുള്ള ജനകീയ ബദൽ ഉയർത്തിപ്പിടിക്കാൻ നാനാത്വം നിലനിൽക്കണം. അങ്ങനെ മാത്രമേ ജനാധിപത്യ വിശ്വാസികൾക്ക് മുന്നോട്ടുപോകാൻ കഴിയൂ. അത്തരം തിരിച്ചറിവിൽ നിന്നു വേണം നാം ദേശീയപതാകയെ നോക്കേണ്ടത്. ഭരണകൂടത്തിന്റെ എക്കാലത്തെയും ചതിവാക്കുകൾ തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധ്യത്തിലേക്ക് ഈ സന്ദർഭത്തെ നമുക്ക് പ്രയോജനപ്പെടുത്താം. വിവേചനമില്ലാതെ സകലമാന അസമത്വങ്ങളെയും അവസാനിപ്പിച്ച് നമ്മുടെ ബഹുസ്വരതയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും നിലനിർത്തിക്കൊണ്ടേ മുന്നോട്ടു പോകാൻ കഴിയൂ എന്ന് പ്രതിജ്ഞ ചെയ്യാം.

Comments