ലവ് ഓള്‍:
ഫെഡറർക്കുവേണ്ടി
ഒരു സെർവ്
ലവ് ഓള്‍: ഫെഡറർക്കുവേണ്ടി ഒരു സെർവ്
നദാലും ജോകോവിച്ചും ഗ്രാന്‍ഡ്സ്ലാം റെക്കോര്‍ഡുകള്‍ ഭേദിച്ചാലും Greatest Of All Time- GOAT -ഫെഡറര്‍ തന്നെ എന്ന് വിശ്വസിക്കുന്ന ഒത്തിരിപ്പേരുണ്ട് ടെന്നീസ് ലോകത്തില്‍. ടെന്നീസ് കളിക്ക് ഫെഡറര്‍ നല്‍കിയ അവിശ്വസനീയമാംവിധമുള്ള കാവ്യാത്മക ഭംഗിയാണ് ആ വിശ്വാസത്തിനുപിറകില്‍
8 Feb 2022, 10:27 AM
"The real voyage of discovery consists not in seeking new lands, but in seeing with new eyes' Marcel Proust
റാഫേല്‍ നദാല്‍, ഡാനില്‍ മെഡ്വഡേവിനെ തോല്‍പ്പിക്കുന്ന, 21 എന്ന മാജിക്കല്‍ നമ്പറിലേക്കെത്തുന്ന കളി കാണാന്‍ ഞാന്‍ നിന്നില്ല. സത്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോവിഡിനെത്തുടര്‍ന്ന് ആള്‍ക്കൂട്ടവും ആരവങ്ങളും കളിക്കളങ്ങള്‍ക്ക് അന്യമായതിനുശേഷം എന്നെത്തന്നെ അത്ഭുതപ്പെടുത്തും വിധം കളികാണല്‍ എന്റെ ജീവിതത്തിന്റെ ഭാഗമല്ലാതായി മാറിയിരുന്നു. കാരണം ഏതാണ്ട് ഏഴാം ക്ലാസുമുതല്‍ ഫുട്ബോള്‍, ടെന്നീസ് കളിക്കളങ്ങളായിരുന്നു എനിക്ക് യഥാര്‍ത്ഥജീവിതത്തേക്കാള്‍ കണക്ഷന്‍ തോന്നിയ ഇടങ്ങള്‍!
നദാല്‍ അല്ലെങ്കില്‍ ജോകോവിച്ച് ഫെഡററുടെ 20 എന്ന റെക്കോര്‍ഡ് ഭേദിക്കുമെന്ന് എല്ലാ ടെന്നീസ് പ്രേമികളെയും പോലെ എനിക്കും അറിയാമായിരുന്നു. അതുകൊണ്ട് റെക്കോര്‍ഡ് ഭേദിക്കപ്പെടുക എന്നതായിരുന്നില്ല വിഷമം. ഏറ്റവും ഗ്ലോറിയില്‍ അവസാനിക്കേണ്ടിയിരുന്ന, ഫെഡററുടെ കരിയര്‍, തീര്‍ത്തും നിശബ്ദമായി ഒരു പക്ഷെ ഒരു കയ്യടിയുടെ പോലും അകമ്പടി ഇല്ലാതെ അവസാനിച്ചേക്കും എന്നത് വലിയ സങ്കടമാണ്. കരിയര്‍ അവസാനത്തില്‍ എത്തിയ മഹാമാരിയാണോ അതോ രണ്ടു വര്‍ഷമായി വിടാതെ പിന്തുടരുന്ന കാല്‍മുട്ടിന്റെ പരിക്കും സര്‍ജറികളുമാണോ ആ മാസ്മരികമായ കരിയറിനു അന്ത്യം കുറിക്കുന്നതെന്നു വേര്‍തിരിക്കുക അസാധ്യം.
ആരായിരുന്നു എനിക്ക് ഫെഡറര്‍? കളി ജയിച്ചപ്പോഴും തോറ്റപ്പോഴും അയാള്‍ കരഞ്ഞു. പലപ്പോഴും നിയന്ത്രണമില്ലാതെ "it's okay to be openly emotional for a man' എന്ന് ലോകത്തോട് പറയാതെ പറഞ്ഞു. അയാള്‍ കരഞ്ഞപ്പോഴൊക്കെ ഞാനും കരഞ്ഞു, അയാള്‍ ചിരിച്ചപ്പോഴൊക്കെ ഞാനും ചിരിച്ചു. എനിക്ക് അടുത്തുപരിചയമുള്ള പലരും തന്നതിനേക്കാള്‍ സന്തോഷവും സങ്കടവും അയാളെനിക്കുതന്നു!. അസാദ്ധ്യമെന്നുതോന്നിപ്പിക്കുംവിധം അയാള്‍ ഷോട്ടുകള്‍ ഉതിര്‍ത്തപ്പോഴും പോയന്റുകള്‍ നേടിയപ്പോഴും ഞാന്‍ തുള്ളിച്ചാടി! പലപ്പോഴും മറ്റാര്‍ക്കും സാധ്യമാകാത്ത, Unearthly എന്ന് തോന്നിപ്പിക്കുന്ന ഷോട്ടുകള്‍ കൊണ്ട് അയാള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ രോമാഞ്ചം കൊള്ളിച്ചു. അടുത്ത നിമിഷത്തില്‍ മറ്റൊരു ഒന്നാം നമ്പര്‍ താരത്തിനും കഴിയാത്ത വിധത്തില്‍ പന്ത് അലക്ഷ്യമായി കോര്‍ട്ടിനുപുറത്തേക്ക് പായിച്ച് അയാള്‍ എന്നെ അമ്പരപ്പിച്ചു. 2009 ഫ്രഞ്ച് ഓപ്പണില്‍ ടോമി ഹാസിനെതിരെ രണ്ടു സെറ്റിനും ബ്രേക്ക് പോയിന്റിനും പിന്നില്‍നിന്നശേഷം അയാള്‍ നടത്തിയ തിരിച്ചുവരവ് ടെന്നീസിലെ തന്നെ മനോഹരനിമിഷങ്ങളില്‍ ഒന്നാണെങ്കില്‍, പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം 2019 വിമ്പിള്‍ഡണില്‍ ജോകോവിച്ചിനെതിരെ എല്ലാ statistics ലും മുന്നില്‍ നിന്ന്, രണ്ടു ചാമ്പ്യന്‍ഷിപ്പ് പോയന്റും കയ്യിലിരിക്കെ, കിരീടത്തില്‍ മുത്തമിടുമെന്ന് ലോകവും ജോകൊവിച്ചും ഉറപ്പിച്ച നിമിഷങ്ങളില്‍ തികച്ചും നിരുത്തരവാദപരമായി കളിച്ച് കപ്പുകളഞ്ഞു കുളിച്ചത് സ്പോര്‍ട്സിലെ തന്നെ അമ്പരപ്പിക്കും നിമിഷങ്ങളില്‍ ഒന്ന്!
ഞാന്‍ ഫെഡററെ ആദ്യമായികാണുന്നത് 2003 വിംബിള്‍ഡണ്‍ സെമിയില്‍ റോഡിക്കിനെതിരെ ആണെന്നാണ് ഓര്‍മ്മ. അതിനും മുമ്പ് ആളുപ്രശസ്തനായി കഴിഞ്ഞിരുന്നെങ്കിലും ആദ്യ റൗണ്ടുകളില്‍ത്തന്നെ കളികളെല്ലാം തോറ്റിരുന്നതുകൊണ്ട് ടിവിയില്‍ കാണാന്‍ കിട്ടാറില്ലായിരുന്നു!. ഫെഡറര്‍ സ്‌ട്രെയിറ്റ് സെറ്റില്‍ ജയിച്ച ആ കളി കഴിഞ്ഞപ്പോഴേക്കും ഞാന്‍ എന്റെ unconditional love ഫെഡറര്‍ക്കു നല്‍കിക്കഴിഞ്ഞിരുന്നു!. ഈ അലവലാതി ചെറുക്കനുവേണ്ടി വരുംവര്‍ഷങ്ങളില്‍ കുറേയധികം ഉറക്കമിളക്കേണ്ടിവരുമെന്നും കുറേയധികം കരയേണ്ടിവരുമെന്നും അന്നുഞാന്‍ മനസ്സില്‍പറഞ്ഞു. ജനറലി എനിക്കിഷ്ടപ്പെടാത്ത എന്തോ ഒന്ന് ഫെഡററുടെ മാനറിസത്തിലും ഓണ്‍കോര്‍ട്ട് രീതികളിലും ഒക്കെ ഉണ്ടായിരുന്നു!. ഗ്രാസ് കോര്‍ട്ടില്‍ സാംപ്രസ്, ഹെവിറ്റ്, സാഫിന്‍, നദാല്‍, ജോക്കോവിച്ച് തുടങ്ങിയവരെല്ലാമായി കളിച്ചിട്ടുണ്ടെങ്കിലും ഫെഡററുടെ ഏറ്റവും മികച്ച ഗ്രാസ്‌കോര്‍ട്ട് മത്സരങ്ങളിലൊന്ന് ഇതാണ്. റോഡിക്ക് തോറ്റത് സ്ട്രെയിറ്റ് സെറ്റുകളിലാണെങ്കിലും ഒട്ടും ഏകപക്ഷീയമായിരുന്നില്ല ആ കളി. ബേസ് ലൈന്‍ കളിയും സെര്‍വ്വ് ആന്‍ഡ് വോളിയും അസാദ്ധ്യമായി കൂട്ടിയിണക്കി ഇരുവരും കളിച്ചപ്പോള്‍ മത്സരത്തിന്റെ ഓരോ നിമിഷവും ത്രില്ലിംഗായി മാറി.
നദാലും ജോകോവിച്ചും ഗ്രാന്‍ഡ്സ്ലാം റെക്കോര്‍ഡുകള്‍ ഭേദിച്ചാലും Greatest Of All Time- GOAT -ഫെഡറര്‍ തന്നെ എന്ന് വിശ്വസിക്കുന്ന ഒത്തിരിപ്പേരുണ്ട് ടെന്നീസ് ലോകത്തില്‍. ടെന്നീസ് കളിക്ക് ഫെഡറര്‍ നല്‍കിയ അവിശ്വസനീയമാംവിധമുള്ള കാവ്യാത്മക ഭംഗിയാണ് ആ വിശ്വാസത്തിനുപിറകില്‍.
ഫെഡററുടെ കളിയുടെ ഏറ്റവും വലിയ ആകര്‍ഷണം എന്താണെന്നു ചോദിച്ചാല്‍, മറ്റാരും കളിക്കാത്ത രീതിയില്‍ കളിക്കാന്‍ അയാള്‍ തയ്യാറാവുന്നു എന്നതുതന്നെയാണ്. ഏറ്റവും അസാദ്ധ്യമായ ആംഗിളുകളില്‍നിന്നുള്ള ഷോട്ട് മേക്കിംഗും ഏറ്റവും അസാദ്ധ്യമായ സ്പോട്ടുകളിലുള്ള ഷോട്ട് പ്ലെയിസിംഗും ഫെഡററുടെ കളിയെ പ്രവചനാതീതമാക്കി. അതുകൊണ്ടുതന്നെ അവ പലപ്പോഴും ടെന്നീസിന്റെ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയ ഷോട്ടുകള്‍ ആയി മാറുന്നതിനൊപ്പം മറ്റുചിലപ്പോള്‍ ഏറ്റവും മണ്ടന്‍ ഷോട്ടുകളുമായി മാറാറുണ്ട്. ഈ അണ്‍പ്രെഡിക്റ്റബിളിറ്റി ആണ് ഫെഡററെ മറ്റെല്ലാ കളിക്കാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. മറ്റാരും അറ്റംപ്റ്റ് ചെയ്യാത്ത റിസ്‌ക്കി ഷോട്ടുകള്‍ എടുക്കുന്നതുകൊണ്ടുതന്നെ ഫെഡററുടെ മിക്ക കളികളിലേയും സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാല്‍ അണ്‍ഫോഴ്സ്ഡ് എറേഴ്സ് വളരെയധികം കൂടിയിരിക്കും. But at the end, ഫെഡറര്‍ പറയുമ്പോലെ, "I don't believe in statistics.'
ഓരോ പോയന്റിന്റേയും കളിദൈര്‍ഘ്യം കൂടുന്തോറും, അതായത് റാലി എണ്ണം കൂടുന്തോറും ആ പോയന്റ് ഫെഡറര്‍ക്ക് നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. (നദാല്‍-ഫെഡറര്‍ കളിയില്‍ ഇത് വ്യക്തമായി കാണാം.) കാരണം എതിരാളി ക്ഷമയോടെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെഡറര്‍ തന്റെ അഗ്രസീവ് രീതിവച്ച് പരീക്ഷണാര്‍ത്ഥം വല്ലാത്തൊരു റിസ്‌ക്കി ഷോട്ട് കളിക്കുകയും പലപ്പോഴും പോയൻറ് നഷ്ടപ്പെടുത്തുകയും ചെയ്യും. ഒരിക്കലും ഒരു പവര്‍ഫുള്‍ സര്‍വ്വര്‍ ആയി ഫെഡററെ പരിഗണിക്കാനാവില്ല. എന്നാല്‍ അവിശ്വസനീയമാംവിധമുള്ള കൃത്യതയും എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന വൈവിദ്ധ്യതയും കാരണം ലോകത്തിലെ എക്കാലത്തേയും മികച്ച സെര്‍വ്വര്‍മാരിലൊരാളായി ഫെഡറര്‍ കണക്കാക്കപ്പെടുന്നു.
അതുപോലെ ഫുട്ട് വര്‍ക്കിന്റേയും കളിക്കളത്തിലെ മൂവ്മെന്റിന്റേയും കാര്യമെടുത്താല്‍ ഫെഡററുടെ കളി പലപ്പോഴും ഒരു ബാലേനൃത്തത്തെ ഓര്‍മിപ്പിക്കും. കായികഭംഗിയേക്കാള്‍ കലാചാരുത നിറഞ്ഞുനില്‍ക്കുന്ന ഒരൊഴുക്കാണത്! അതിന്റെ ഭംഗി നിങ്ങളെ ഒരിക്കല്‍ കീഴ്പ്പെടുത്തിയാല്‍ പിന്നെ നിങ്ങള്‍ക്കൊരു GOAT മാത്രമേ ഉള്ളൂ, റോജര്‍ ഫെഡറര്‍. അമേരിക്കന്‍ എഴുത്തുകാരന്‍ റോജര്‍ ഫോസ്റ്റര്‍ വാലസ് പറഞ്ഞതുപോലെ "ഫെഡററുടെ കളി...അതൊരു ആത്മീയ അനുഭവമാണ്.' ഫെഡററുടെ കളി രീതി ഏതാണെന്നുചോദിച്ചാല്‍ ആര്‍ക്കും കൃത്യമായി ഒരുത്തരം പറയാനാവില്ല. ജോക്കോവിച്ചിന്റേത് ബേസ് ലൈന്‍ അഗ്രസീവ് എന്നും നദാലിന്റേത് ബിഹൈന്‍ഡ് ബേസ് ലൈന്‍ അഗ്രസീവ് എന്നുമൊക്കെ പെട്ടെന്നുപറയാനാകുമെങ്കിലും ഫെഡററെക്കുറിച്ചുപറയുമ്പോള്‍ വെര്‍സറ്റൈല്‍ എന്നേ പറയാനാകൂ. സ്വന്തം പേരില്‍ ഒരു ഷോട്ടുള്ള ഒരേയൊരു കളിക്കാരനാണ് ഫെഡറര്‍! "SABR', അതായത് Sneak attack by Roger! എതിരാളിയുടെ സെര്‍വ്വിനെ മുന്നോട്ടുകയറിച്ചെന്ന് അറ്റാക്ക് ചെയ്ത് സെര്‍വ്വീസ് ലൈനില്‍നിന്നുതന്നെ തിരിച്ചടിക്കുന്ന ഷോട്ട്!

പ്രൊഫഷണല്‍ ടെന്നീസിലെ വിജയങ്ങളുടെ ചരിത്രം വച്ചുനോക്കുകയാണെങ്കില്‍ ഫെഡറര്‍, ഫെഡററുടെ തന്നെ കഴിവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു late bloomer ആണെന്നുപറയാം. ജൂനിയര്‍ ലെവലില്‍ ഒട്ടെറെ വിജയങ്ങള്‍ നേടിയെങ്കിലും 1998 ല്‍ പതിനേഴാം വയസ്സില്‍ പ്രൊഫഷണല്‍ ടെന്നീസ് കളിക്കാരനായപ്പോള്‍ "ഇതിനോടകംതന്നെ നേടിയ ഖ്യാതി' എന്ന മുള്‍ക്കിരീടം താങ്ങാനായില്ല ഫെഡറര്‍ക്ക്. അഗാസിയുടെ ആത്മകഥയില്‍ തനിക്കിനി നേരിടേണ്ടത് സ്വിറ്റ്സര്‍ലണ്ടില്‍നിന്നുള്ള ഒരു wonder kidനെയാണെന്നുപറയുന്നുണ്ട്. അവന്‍ വരുംവര്‍ഷങ്ങളില്‍ ടെന്നീസ് ലോകം കീഴടക്കുമെന്ന് എല്ലാവരും പറയുന്നുണ്ടത്രേ!. പ്രൊഫഷണലായപ്പോള്‍ മുതല്‍ ഇപ്പോള്‍ ഗ്രാന്‍ഡ് സ്ലാം നേടുമെന്ന് ലോകം മുഴുവന്‍ പറഞ്ഞുകൊണ്ടിരുന്നെങ്കിലും നാലുവര്‍ഷം എടുത്തു അതിന്!. സമ്മര്‍ദ്ദം താങ്ങാനാകാതെ റാക്കറ്റ് തച്ചുടക്കലും കോര്‍ട്ടിലെ ബഹളങ്ങളും പതിവാക്കിയ കൗമാരക്കാരന്‍ മിക്ക മത്സരങ്ങളും സ്വയം തോറ്റുകൊണ്ടിരുന്നു. ഇപ്പോഴത്തെ ഫെഡററെ വച്ച് വിശ്വസിക്കാനാകില്ലെങ്കിലും ഒരു പക്കാ ടീനേജ് ബ്രാട്ട് ആയിരുന്നു അക്കാലത്തെ ഫെഡറര്‍!. കരിയറിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് താരം ടിം ഹെന്‍മാന് ഹാന്‍ഡ്ഷേക്ക് പോലും കൊടുക്കാതെ കളം വിടുന്നുണ്ട് ഫെഡറര്‍. പക്ഷേ പെട്ടെന്നുതന്നെ, ഫെഡററുടെതന്നെ വാക്കുകളില്‍ "റാക്കറ്റ് ഉടക്കല്‍ യഥാര്‍ത്ഥത്തില്‍ തന്റെ തലയിലാണുനടക്കുന്നത്' എന്ന് തിരിച്ചറിഞ്ഞ ഫെഡറര്‍ കളിക്കളത്തിലെ എക്കാലത്തേയും വലിയ ജെന്റില്‍മാന്‍മാരില്‍ ഒരാളായി മാറി.
കളിക്കൊപ്പം തന്നെ ഫെഡററെ മറ്റുകളിക്കാരില്‍നിന്നും വ്യത്യസ്തനാക്കുന്നത് കളിക്കളത്തിലേക്ക് ഫെഡറര്‍ കൊണ്ടുവന്ന ഊഷ്മളതയും മാനുഷികതയുമാണ്. Before Federer, after Federer എന്നുപറയാവുന്ന വിധത്തില്‍ ടെന്നീസ് ലോകവും കളിക്കാരും മാറി. അഗാസിയുടെ ആത്മകഥ "ഓപ്പണ്‍' വായിക്കുമ്പോള്‍ നമുക്ക് ഏറ്റവും കൂടുതല്‍ സ്ട്രൈക്കുചെയ്യുന്നത് കളിക്കത്തിലെ ശത്രുതയാണ്. മറ്റേകളിക്കാരന്‍ എവിടേയും എപ്പോഴും റൈവല്‍ മാത്രമാണ്. Respect your opponent എന്നത് ടെന്നീസ്‌കോര്‍ട്ടിലെ ഒരു മന്ത്രമാക്കി മാറ്റുന്നത് ഫെഡററാണ്. ആഫ്രിക്കയിലെ under privileged കുട്ടികളെ ഉദ്ദേശിച്ച് ഫെഡറര്‍ നടത്തുന്ന റോജര്‍ ഫെഡറര്‍ ഫൗണ്ടേഷനുവേണ്ടി നദാല്‍ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ വരുന്നത്, ടെന്നീസ്‌കോര്‍ട്ട് മത്സരങ്ങള്‍ക്കപ്പുറം സൗഹൃദത്തിന്റെകൂടി വേദിയായിമാറിയതുകൊണ്ടാണ്. ഇരുപത്തൊന്നാം കിരീടം നേടിയ നദാലിന് ഫെഡറര്‍ അയച്ച അഭിനന്ദനകുറിപ്പുതന്നെ ഉദാഹരണം.

"എന്റെ പ്രിയസുഹൃത്തും എതിരാളിയുമായ റാഫേല്‍ നദാലിന്, 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ആദ്യ പുരുഷതാരമായതില്‍ അഭിനന്ദനങ്ങള്‍! കുറച്ചുമാസങ്ങള്‍ക്കുമുമ്പ് നമ്മളിരുവരും ക്രച്ചസിലാകുന്നതിനെക്കുറിച്ച് തമാശ പറഞ്ഞിരുന്നു! (ഇരുവരുടേയും കാല്‍മുട്ടുപരിക്കിനെ പരാമര്‍ശിച്ച്) Amazing! ഒരിക്കലും ഒരു ചാംപ്യനെ underestimate ചെയ്യരുത്! ഈ കാലഘട്ടത്തില്‍ നിന്നോടൊപ്പം കളിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്!'
ഇനി ഫെഡറര്‍ കളിക്കളത്തിലേക്ക് എന്നുതിരിച്ചുവരുമെന്നോ വന്നാല്‍ത്തന്നെ എത്രകാലം കളിക്കുമെന്നോ, എത്രനന്നായി കളിക്കാന്‍ കഴിയുമെന്നോ അറിയില്ല. നാല്‍പ്പതുകഴിഞ്ഞ ഒരു കായികതാരത്തിന്റെ ഏറ്റവും വലിയ പരിമിതി ശരീരം തന്നെയാണ്. അതിലും ഉപരിയായി ഒരുകൂട്ടം ശസ്ത്രക്രിയകളും അതിന്റെ ബാക്കിയായ വിട്ടുനില്‍ക്കലും ഒക്കെക്കഴിഞ്ഞ് ഇനിയൊരു തിരിച്ചുവരവ് ഫെഡറര്‍ തന്നെ സംശയിക്കുന്നുണ്ട്. ഫെഡററുടെ തന്നെ വാക്കുകളില്‍ "അവസാനം അടുത്തെത്തി എന്നെനിക്കറിയാമെങ്കിലും കുറച്ചുകൂടി വമ്പന്‍ മാച്ചുകള്‍ കളിക്കണമെന്നുണ്ടെനിക്ക്. അതെളുപ്പമല്ലെന്നറിയാം. എങ്കിലും ഞാനതിനായി ശ്രമിക്കും. നോക്കൂ, മറ്റൊരു ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിച്ചില്ലെന്നുവച്ച് എന്റെ ജീവിതം തകര്‍ന്നുപോവുകയൊന്നുമില്ല, പക്ഷേ അവിടേക്ക് തിരിച്ചെത്തുക എന്നത് ultimate dream തന്നെയാണ്. ഒരു പ്രൊഫഷണല്‍ ടെന്നീസ് പ്ലേയര്‍ എന്ന നിലയില്‍ എനിക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അവസാനമായി ഒന്നുകൂടി നോക്കണമെന്നുണ്ടെനിക്ക്.'
കളിക്ക് കലയുടെ ചാരുത പകര്‍ന്നുനല്‍കിയ ഫെഡറര്‍ കളം ഒഴിയുമ്പോള്‍ ബാക്കിയാവുക വലിയൊരു ശൂന്യതയാണ്.
(ലവ് ഓള്‍ ടെന്നീസിലെ സ്‌കോറിംഗിന്റെ തുടക്കമാണ്. ലവ് എന്നാല്‍ സീറോ. ലവ് ഓള്‍ എന്നാല്‍ രണ്ടുപേരും സീറോ. പിന്നീട് ഒരാള്‍ ആദ്യത്തെ പോയന്റ് സ്‌കോര്‍ ചെയ്യുമ്പോള്‍ സെര്‍വ്വിനനുസരിച്ച് സ്‌കോര്‍ ലവ്-ഫിഫ്റ്റീനോ, ഫിഫ്റ്റീന്‍-ലവ്വോ ആയി മാറുന്നു.)