പുതിയ ദേശീയ വിദ്യാഭ്യാസ നയം ഒരു സ്ട്രക്ചറൽ ബ്രേക്ക് എന്നു പറയാനാകില്ല, ഇതൊരു തുടർച്ചയാണ്. പുതിയ നയരേഖയുടെ സമീപനം കൃത്യമാണ്, വ്യക്തമാണ്. അത് പ്രാദേശിക, ദേശീയ, ആഗോള പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാനും അവ കൈകാര്യം ചെയ്യാനും പ്രാപ്തമാണ്.
വിദ്യാഭ്യാസ രംഗത്തുമാത്രമല്ല, സാമ്പത്തിക- സാമൂഹിക രംഗങ്ങളിലും വെല്ലുവിളികളുണ്ട്. വിദ്യാഭ്യാസം സാമ്പത്തിക- സാമൂഹിക മേഖലകളോട് ചേർന്നുകിടക്കുന്നതാണ്. മറ്റൊരുകാര്യം, ഏതൊരു നയം വരുമ്പോഴും അത് പ്രതീക്ഷ നൽകണം. അന്നന്ന് നിലനിൽക്കുന്ന കാര്യങ്ങളുടെ അവലോകനമോ വിമർശനമോ ആയിരിക്കരുത്, ഒരു നയം. പ്രത്യേകിച്ച്, വിദ്യാഭ്യാസ രംഗത്ത് ചെറുപ്പക്കാരാണുള്ളത്. അവരുടെ ജീവിതം അവരുടെ മുന്നിലാണ്. (വയസ്സായവരുടെ ജീവിതം പിന്നിലാണ്). മുന്നിലുള്ള ജീവിതത്തിന്റെ
വെല്ലുവിളി നേരിടാൻ പുതിയ നയരേഖ വേണ്ടത്ര ഉൾക്കാഴ്ച, പ്രാധാന്യം നൽകുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
സ്കിൽ പഠിപ്പിക്കാനുള്ളതല്ല സ്കൂൾ
ഒരു നയം നോക്കിക്കാണേണ്ടത്, അതിന്റെ വിശദാംശങ്ങളിലാണ്. നയത്തിൽ വ്യക്തതയുണ്ടെന്നുപറയുന്നത് വലിയ കാര്യവുമല്ല, clarity is not a virtue. വിദ്യാഭ്യാസരംഗത്ത്, പലപ്പോഴും അവ്യക്തതയും അൽപം അരാജകത്വവും ആവശ്യമുണ്ട്. അവിടെ സ്വതന്ത്രചിന്തയാണ് വളർത്തേണ്ടത്. ഗണിതത്തിലെ വ്യക്തത സാമൂഹിക ശാസ്ത്രത്തിലും മാനവിക വിഷയങ്ങളിലും സാധ്യമല്ല. 2+2=4 എന്നു പറയുന്നതും ദാരിദ്ര്യത്തിന്റെ സാമൂഹിക കാരണങ്ങൾ വിശദീകരിക്കുന്നതും ഭിന്നമാണ്. മനഃപാഠമാക്കേണ്ട കാര്യങ്ങളുണ്ട്, അന്വേഷണവും ചിന്തയും വേണ്ട കാര്യങ്ങളുമുണ്ട്.
വിദ്യാഭ്യാസം, ഏകശിലാഘടനയുള്ള ഒന്നല്ല. പ്രാഥമിക, സെക്കൻററി, ടെർഷ്യറി ഘട്ടങ്ങൾക്ക് ഒരേതരം ലക്ഷ്യങ്ങളല്ല ഉള്ളത്. ഉന്നത വിദ്യാഭ്യാസത്തിൽ സാങ്കേതികവും പ്രഫഷനലുമായ വിദ്യാഭ്യാസമുണ്ട്, മാനവിക, സാമൂഹിക ശാസ്ത്ര വിഷയങ്ങളുണ്ട്, ബിഹേവിയറൽ സയൻസുണ്ട്... ഇവയോടെല്ലാം സ്വീകരിക്കേണ്ടത് ഒരു നയമല്ല. പ്രൈമറി, സെക്കൻററി ഘട്ടങ്ങളിൽ, ‘ഫാദേഴ്സ് കോളിങ്’ ആണ് വരിക. സ്കിൽ പഠിപ്പിക്കേണ്ട സ്ഥലമല്ല അത്, സ്കൂൾ വിദ്യാഭ്യാസത്തിൽ സ്കിൽ പഠിപ്പിക്കാൻ തുടങ്ങിയാൽ, പാരമ്പര്യ തൊഴിലുകൾക്കായിരിക്കും പ്രാധാന്യം ലഭിക്കുക, അതിലായിരിക്കും കുട്ടികൾക്ക് താൽപര്യം. സ്കൂൾ വിദ്യാഭ്യാസത്തിൽ പഠിക്കാനാണ് പഠിപ്പിക്കുന്നത്. എങ്ങനെ പഠിക്കണം എന്നാണ് അധ്യാപകർ പഠിപ്പിക്കുന്നത്. മുകളിലേക്ക് പോകുംതോറും അധ്യാപനത്തിന്റെ പ്രാധാന്യം കുറയുകയും വിഞ്ജാനത്തിന്റെ പ്രാധാന്യം കൂടുകയും വേണം. നേരെ തിരിച്ചും സംഭവിക്കണം. സ്കൂളിൽ പഠിപ്പിക്കുന്നതെന്താണ്- ഒന്ന്, അവരുടെ ഗ്രഹ്യശക്തി. രണ്ട്, പഠിച്ചത് ഒാർമിക്കാനുള്ള കഴിവ്. മൂന്ന്, പഠിച്ച കാര്യങ്ങൾ പ്രത്യുൽപാദിപ്പിക്കാനുള്ള കഴിവ്. നാല്, പഠിച്ച കാര്യങ്ങൾ ജീവിതവുമായി ബന്ധപ്പെടുത്താനുള്ള കഴിവ്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വ്യത്യസ്തമാണ്, സ്കിൽ ഉണ്ടാക്കലല്ല. പുതിയ നയത്തിൽ വിഭാവനം ചെയ്യുന്നത് അതുകൊണ്ടുതന്നെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
സ്കൂൾ തലവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന കാര്യം ഭാഷയാണ്. അധ്യയന ഭാഷ ഇംഗ്ലീഷ് തന്നെയാകണം. ഇന്ത്യയിൽ ഇന്ന് 40 ശതമാനം പേരും ജനിച്ച സ്ഥലത്തല്ല ജീവിക്കുന്നത്. ഇന്ത്യക്കകത്തുമാത്രമല്ല, പുറത്തേക്കും പുതിയ തലമുറ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, സാങ്കേതിക വിദഗ്ധരായും പ്രഫഷനലുകളായും മറ്റും. ധാരാളം ഭാഷകളുള്ള ഒരു രാജ്യമെന്ന നിലക്ക് ഒരു ബന്ധ ഭാഷ അനിവാര്യമാണ്. ത്രിഭാഷാ പദ്ധതി പ്രായോഗികമല്ല. അതുകൊണ്ട് ഇംഗ്ലീഷ് അധ്യയനമാധ്യമമാകണം. ഹിന്ദിക്ക് ബന്ധ ഭാഷയാകാൻ കഴിയില്ല.
ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുവരാം. ഇവിടെ, ഓരോ മേഖലയുടെയും ലക്ഷ്യം വ്യത്യസ്തമാണ്. പ്രൊഫഷനൽ രംഗത്തും സാങ്കേതിക രംഗത്തും പുതിയ ടെക്നിക്കും സമീപനങ്ങളുമാണ് വേണ്ടത്. സാങ്കേതികവിദ്യ അതിദ്രുതം മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ ഏതെങ്കിലും സ്പെഷ്യലൈസേഷനിൽ തളയ്ക്കാനാകില്ല. അത്ര വിപുലമായ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന മേഖലയാണിത്. സ്പെഷ്യലൈസേഷൻ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരാൾക്ക് രണ്ടോ മൂന്നോ തവണ ജോലി മാറേണ്ടിവരുന്നുണ്ട്. പഴയ സാമ്പത്തിക പ്രവൃത്തികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതായത്, ഒരു തരം ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ. പലതും അപ്രത്യക്ഷമാകുക തന്നെ വേണം. പഴയ കാര്യങ്ങളെ വൈകാരികമായി നിലനിർത്തുന്നത് മുന്നോട്ടുപോകുന്ന സമൂഹത്തിന് അഭിലഷണീയമല്ല. പഴയ ചില പ്രവൃത്തികൾ അപ്രത്യക്ഷമാകുമ്പോൾ, പുതിയ രംഗത്തേക്ക് വരാൻ ആളുകളെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്.
സാങ്കേതിക മേഖലയിൽനിന്ന് ഭിന്നമാണ് ഹ്യുമാനിറ്റീസ്. അവിടെ വ്യക്തികളുടെ ഹൃദയത്തിനാണ് പ്രാധാന്യം, എങ്ങനെ ചിന്തിക്കുന്നു? ജീവിതത്തിലെ സംഭവവികാസങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? അവിടെ തലച്ചോറല്ല ആവശ്യം, ഹൃദയമാണ്. വൈകാരികമാണ് ഹ്യുമാനിറ്റീസ്. ഈ വൈകാരികത അവഗണിക്കാനാകില്ല. അത് മനുഷ്യരെ, ജീവജാലങ്ങളെ യോജിപ്പിക്കുന്ന ഘടകമാണ്. മറ്റുള്ളവരുടെ ദുഃഖത്തിൽ നാം പങ്കാളികളാകുന്നത് എന്തുകൊണ്ടാണ്? നമ്മൾ അവരുടെ സഹജീവികളായതുകൊണ്ടാണ്. അവരെക്കുറിച്ച് വേദനിക്കേണ്ടതുണ്ട്. ഹ്യുമാനിറ്റീസിന്റെ, മാനവികതയുടെ കാര്യം ഹൃദയപരമാണ്. അതില്ലെങ്കിൽ നമുക്ക് സാമൂഹിക യാഥാർഥ്യം നഷ്ടമാകും. കാണാൻ കണ്ണുകൾ മാത്രം പോരാ, ഹൃദയം കൂടിവേണം. കണ്ണ് കാണാനുള്ളതല്ല, നോക്കാനുള്ളതാണ്. കണ്ണില്ലാത്തവരും കാര്യങ്ങൾ കാണുന്നുണ്ടല്ലോ. കണ്ണുള്ള പലരും കാര്യങ്ങൾ കാണുന്നുമില്ല. അതുകൊണ്ടാണ് കാര്യങ്ങൾ കാണാൻ ഹൃദയം കൂടി വേണം എന്നുപറയുന്നത്. അത് മാനവികതക്കേ സൃഷ്ടിക്കാൻ കഴിയൂ.
ഉൽപാദനരംഗത്ത് അത്യന്താപേക്ഷിതമായത് സാങ്കേതികവും പ്രഫഷനലുമായ വിദ്യാഭ്യാസമാണെന്ന് പറയുമ്പോൾ തന്നെ ഒറിജിനൽ ചിന്ത സംഭവിക്കുന്നത് മാനവിക വിഷയങ്ങളിലാണെന്ന അഭിപ്രായമുയരുന്നത് ഇതുമൂലമാണ്. Martha C. Nussbaum എന്ന പ്രശസ്ത ചിന്തക ഹ്യുമാനിറ്റീസിന്റെ കാര്യം എടുത്തുപറയുന്നത് അതുകൊണ്ടാണ്. പ്രൊഫഫഷൻ എന്നത് പഠിക്കാൻ കഴിയുന്നതാണ്, ഹ്യുമാനിറ്റീസ് അങ്ങനെയല്ല, അത് എക്സ്പീരിയൻസ് ലേണിങ്ങാണ്. യഥാർഥ ജീവിതം ജീവിച്ച് അതിൽനിന്നുകിട്ടുന്ന വൈകാരിക അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ സൃഷ്ടികൾ നടക്കുന്നത്.
വിദ്യാഭ്യാസത്തിന് മൊത്തത്തിൽ ഒരു ലക്ഷ്യം സാധ്യമല്ല. മനുഷ്യന്റെ ചിന്താപരമായ കഴിവുകൾക്ക് പരിധികളില്ല, വിജ്ഞാനം സദാ വികസിച്ചുകൊണ്ടിരിക്കും. അതേസമയം, ചില വിഭാഗങ്ങൾക്ക് വിജ്ഞാനം ഉൾക്കൊള്ളാൻ കഴിയുന്നില്ല. 14, 15 മണിക്കൂർ കായികാധ്വാനം ചെയ്യേണ്ടിവരുന്ന വിഭാഗങ്ങൾക്ക് ചിന്തിക്കാൻ കഴിവില്ല. പഠിക്കാൻ മാനസികാവസ്ഥ വേണം. ചിന്തിക്കാൻ മാനസികാവസ്ഥ വേണം. നമ്മൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് റിഫ്ലക്റ്റ് ചെയ്യുമ്പോഴും ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് സ്പെകുലേറ്റ് ചെയ്യുമ്പോഴുമാണ് വിജ്ഞാനമുണ്ടാകുന്നതെന്ന് ആഡം സ്മിത്ത് പറയുന്നുണ്ട്. ആ വിജ്ഞാനമാണ് സാമൂഹിക- സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം. ഈ
യൊരു പരിപ്രേഷ്യത്തിലായിരിക്കണം ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്വയംഭരണത്തെയും സ്വകാര്യവൽക്കരണത്തെയും സമീപിക്കാൻ.
യൂണിവേഴ്സിറ്റി കമീഷൻ ഫോർ ഗ്രാൻറ്സ്
അഫിലിയേഷൻ അവസാനിപ്പിച്ച് കോളജുകൾക്ക് അക്കാദമിക സ്വയംഭരണാവകാശം നൽകണം, അതേസമയം, ജനറലും സാമ്പത്തികവുമായ കാര്യങ്ങളിൽ സ്റ്റേറ്റ് ഇടപെടണം. കാരണം, അവിടെ സംവരണം പോലെ, സ്ത്രീ പ്രാതിനിധ്യം പോലെ സാമൂഹികമായ കാര്യങ്ങളുണ്ട്. അവ ഉറപ്പുവരുത്തണം. കോളജുകളെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്യുമ്പോൾ പലപ്പോഴും
സംഭവിക്കുന്ന അപകടം, കോളജുകൾക്ക് അക്കാദമിക രംഗത്ത് സ്വാതന്ത്ര്യം നഷ്ടമാകുകയാണ്. വിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത പലരും ശക്തമായി ഇടപെടും, ഇവ പവർ സ്ട്രക്ചറിന്റെ ഭാഗമായാണ് സംഭവിക്കുന്നത്. അക്കാദമിക്കായ ഉദ്ദേശ്യത്തോടെയല്ല. കോളജുകളിൽ പുതിയ രീതിയിലുള്ള ആശയങ്ങൾ, ചിന്തകൾ ഉണ്ടാകണം. ‘നാക്’ പോളിസി കമ്മിറ്റിയിൽ അംഗമായിരുന്ന സമയത്ത് ഞാൻ പറഞ്ഞിരുന്നു, ഈ മാനദണ്ഡങ്ങൾ പോരാ, ഡൈവേഴ്സിറ്റി ഒരു മാനദണ്ഡമായി എടുക്കണം. ഒരു സർവകലാശാലയിൽ എത്ര പെൺകുട്ടികളുണ്ട്, സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽനിന്ന് എത്ര പേരുണ്ട്? സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുന്നവർക്ക്, വിവിധ ഭൂപ്രദേശങ്ങളിൽനിന്നുള്ളവർക്ക് കിട്ടുന്ന പ്രാതിനിധ്യം എത്രയാണ്... ഇങ്ങനെ ഡൈവേഴ്സിറ്റി മാനദണ്ഡമായി എടുക്കണമെന്ന് ആവർത്തിച്ചാവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. മാർക്ക് പ്രധാന കാര്യമല്ല. അധ്യാപകർ നൽകുന്ന മാർക്കുനോക്കിയല്ല പ്രഫഷനൽ രംഗത്ത് ഒരു വിദ്യാർഥി വിലയിരുത്തപ്പെടുന്നത്. അതിന് യോഗ്യത നേടേണ്ടത് ഉദ്യോഗാർഥികളുടെ കടമയാണ്. അധ്യാപകൻ തൊഴിലുണ്ടാക്കാൻ പറ്റിയ കോഴ്സ് പഠിപ്പിക്കേണ്ടവരല്ല. തൊഴിൽ ഒരു സമൂഹത്തിൽ ഉണ്ടാക്കുക എന്നത് ഭരണാധികാരികളുടെ ചുമതലയാണ്. അധ്യാപകർ എന്തിനാണ് പഠിപ്പിക്കുന്നത്? ജീവിതത്തിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നാണ് പഠിപ്പിക്കുന്നത്.
യു.ജി.സി അംഗമായിരുന്നപ്പോഴും നാക് പോളിസി കമ്മിറ്റി അംഗമായിരുന്നപ്പോഴും ആവശ്യപ്പെട്ട പ്രധാന കാര്യം, വിദ്യാഭ്യാസ സംവിധാനത്തിൽനിന്ന് പരീക്ഷ ഒഴിവാക്കണം എന്നതാണ്. പരീക്ഷ കുട്ടികളെ കുറ്റവാളികളാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ സംഭവിക്കുന്നത് എന്താണ്? പരാജയത്തെ ഭയപ്പെടുന്ന കുട്ടികളെ സൃഷ്ടിക്കുന്നു. പരാജയം ഒരു കുറ്റമായി കാണുന്നു. തോറ്റവർ ക്രിമിനലുകളാക്കപ്പെടുന്നു. പരാജയത്തെ ഭയപ്പെടുന്ന ആർക്കും മുന്നോട്ടുപോകാനാകില്ല. ഇവിടെ, അധ്യാപകർ അവരുടെ പങ്ക് പുനർനിർവചിക്കേണ്ടതുണ്ട്. പഠിപ്പിക്കൽ എന്നാൽ പരിശീലനമാണ്.
ചിന്തിക്കാനുള്ള ശേഷി ഉണ്ടാക്കിക്കൊടുക്കലാണ് യഥാർഥ അധ്യാപകന്റെ കഴിവ്. ഞാനൊക്കെ പഠിച്ചിരുന്നപ്പോൾ, കെ.എൻ. രാജിന്റെ ഒരു ക്ലാസ് അറ്റൻറ് ചെയ്താൽ രണ്ടുമൂന്നു ദിവസത്തേക്ക് വർക്ക് ചെയ്യാനുള്ള ആശയങ്ങൾ കിട്ടുമായിരുന്നു. വിദ്യാഭ്യാസത്തെ കാണേണ്ടത് സ്വതന്ത്രമായ രംഗമായാണ്, അതിന് സ്വയംഭരണം ആവശ്യമാണ്. ഇപ്പോൾ സംഭവിക്കുന്നത്, അധ്യാപകരെയും വിദ്യാർഥികളെയും സംശയാലുക്കളായി കാണുന്നു എന്നതാണ്.
മറ്റൊന്ന്, പരീക്ഷ വിദ്യാഭ്യാസത്തിന്റെ ഭാഗമാകരുത്. വിദ്യാർഥികളെ നന്നായി പഠിപ്പിക്കാനാണ് സർവകലാശാലകൾക്ക് അക്കാദമികമായ സ്വയംഭരണം
നൽകേണ്ടത്. മൽസരാധിഷ്ഠിത സാമൂഹിക- സാമ്പത്തിക ക്രമത്തിലാണ് നാം ജീവിക്കുന്നത്. വിദ്യാഭ്യാസ രംഗത്തും അവർ മൽസരിക്കട്ടെ. അവർ നല്ല കോളജുകൾ തെരഞ്ഞെടുക്കട്ടെ.
സർവകലാശാലകളിൽ മൂന്നുതരം ഭരണമാണുള്ളത്- ജനറൽ, ഫിനാൻഷ്യൽ, അക്കാദമിക്. അക്കാദമിക് കാര്യങ്ങളിൽ രാഷ്ട്രീയക്കാരും അധികാരികളും ഇടപെടാൻ പാടില്ല. യു.ജി.സിയിൽ സംഭവിക്കുന്നത് എന്താണ്? അത് ഗ്രാൻറ് അേലാട്ട് ചെയ്യുന്ന ബോഡിയായി മാറി- യൂണിവേഴ്സിറ്റി കമീഷൻ ഫോർ ഗ്രാൻറ്സ് ആയി. അക്കാദമിക് ആയ ദിശാബോധം നൽകാൻ യൂണിവേഴ്സിറ്റികൾക്ക് കഴിയുന്നില്ല. അത് അഫിലിയേഷന്റെ പ്രശ്നമാണ്. അഫിലിയേഷൻ നിർത്തണം എന്നത് ഞങ്ങളിൽപലരും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അത് നിർത്തുമ്പോൾ സർവകലാശാലകൾ മുൻനിരയിൽ നിൽക്കുന്ന സ്ഥാപനങ്ങളായി മാറണം. പുതിയ ഗവേഷണങ്ങൾ, അധ്യാപന രീതികൾ, അധ്യായന രീതികൾ എല്ലാം വേണം. ഇതിന് വിദ്യാർഥി രാഷ്ട്രീയവുമായും ബന്ധമുണ്ട്. വിദ്യാർഥി രാഷ്ട്രീയം പരീക്ഷിക്കേണ്ട സ്ഥലമല്ല കാമ്പസ്. രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകരുത് കാമ്പസ്. കാമ്പസുകളിൽ നടക്കേണ്ടത് എന്താണ്? സിദ്ധാന്തങ്ങളും ചരിത്രവും സമകാലിക വിഷയങ്ങളും അനലൈസ് ചെയ്ത് വിമർശനാത്കമായി അവതരിപ്പിച്ച് ചർച്ചയും സംവാദങ്ങളും ഉണ്ടാകണം. കാമ്പസിലുണ്ടാകേണ്ടത്. വിജ്ഞാന രാഷ്ട്രീയമാണ്. ഈ വിജ്ഞാന രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയത്തെ ഗൈഡ് ചെയ്യേണ്ട, സ്വാധീനിക്കേണ്ട ഒന്നായിരിക്കണം. എന്നാൽ, സംഭവിക്കുന്നത് എന്താണ്? കാമ്പസിൽ മത, സാമുദായിക, രാഷ്ട്രീയ കമ്യൂണിറ്റികളുണ്ടാക്കുന്നു. അത് അപകടം പിടിച്ച കാര്യമാണ്. കഷ്ടപ്പെട്ടു പഠിക്കുന്നവരാണ് ഇതിലേക്ക് നിർബന്ധിക്കപ്പെടുന്നതും ആകർഷിക്കപ്പെടുന്നതും. അതുകൊണ് ഇതൊരു സാമൂഹിക നഷ്ടം കൂടിയാണ്. ഒരു സമൂഹത്തിൽനിന്ന് അത്തരത്തിലൊരു വ്യക്തിയെയാണ് നഷ്ടമാകുന്നത്.
ഉത്തരേന്ത്യയിലെ കോളജുകൾ മോശമല്ല
അഫിലിയേഷൻ അവസാനിപ്പിച്ചാൽ, കേരളത്തിനുപുറത്തെ കോളജുകളുടെ നിലനിൽപ്പ് അപകടത്തിലാകും എന്നൊരു വാദമുയരുന്നുണ്ട്. എന്നാൽ, സ്വയംഭരണം വന്നാൽ നിലനിൽക്കാൻ കഴിയുന്ന അവസ്ഥയിലുള്ളവയാണ് ആ കോളജുകൾ എന്നതാണ് യാഥാർഥ്യം. തമിഴ്നാട്ടിലടക്കം പല സംസ്ഥാനങ്ങളിലും സ്വയംഭരണമുള്ള കോളജുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവിടെ അവർ അക്കാദമിക് രംഗത്ത് മൽസരാധിഷ്ഠിതമായി വലിയ കാര്യങ്ങൾ ചെയ്യുന്നുണ്ട്.
ഉത്തരേന്ത്യയിലെ കോളജുകൾ മോശമാണെന്ന് നമ്മൾ ധരിച്ചുവച്ചിരിക്കുന്നത് സ്ഥിതിവിവരക്കണത്തിന്റെ അടിസ്ഥാനത്തിലല്ല. അവർ പലരും വ്യത്യസ്തരാണ്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡൈവേഴ്സിറ്റി കർശനമായി നടപ്പാക്കുന്നുണ്ട്. വിവിധ വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും അവിടെ സെലക്ഷനിൽ ആനുകൂല്യമുണ്ട്. ഉത്തരന്ത്യേയിലെ പലയിടത്തും അത്
നടക്കുന്നുണ്ട്. നടക്കുന്നില്ലെങ്കിൽ അവിടെ രാഷ്ട്രീയം ഇടപെടണം. ഭരണാധികാരികൾ അവരോട് പറയണം, സാമൂഹിക നിയന്ത്രണത്തിന് വിധേയരാകണം. നിങ്ങൾ ലാഭമുണ്ടാക്കിക്കൊള്ളൂ, പക്ഷെ, സാമൂഹിക നിയന്ത്രണങ്ങൾക്ക് വിധേയമാകണം. സാമൂഹിക നിയന്ത്രണമുള്ള സ്വകാര്യമേഖല വരുന്നതിൽ വലിയ ദോഷമില്ല. കേരളത്തിനുമാത്രമായി വലിയ പ്രത്യേകതകളില്ല.
സ്വയംഭരണം നൽകുന്നു എന്നാൽ, അവർക്ക് ഉത്തരവാദിത്തവും അവബോധവും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്രമായ അന്തരീക്ഷത്തിലാണ് ഇത്തരമൊരു അവബോധം വളരൂ. സ്വതന്ത്രചിന്ത വളരണമെങ്കിൽ സ്വാതന്ത്ര്യം വേണം, അധ്യാപകർക്കും വിദ്യാർഥികൾക്കും. ഇപ്പോൾ, റഗുലേറ്റ് ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്. യു.ജി.സി വിദ്യാർഥികളുടെ എല്ലാ വിവരങ്ങളും ശേഖരിക്കാൻ ശ്രമിച്ചിരുന്നു. അവർ എവിടെനിന്ന് വരുന്നു, എന്തിനെക്കുറിച്ച് ഗവേഷണം ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ യു.ജി.സി അന്വേഷിക്കാൻ പാടില്ലാത്തതാണ്. അത് ഗവേഷകന്റെ സ്വാതന്ത്ര്യമാണ്. അതിൽ ഒരു ഏജൻസിയും ഭരണകൂടവും കൈകടത്താൻ പാടില്ല. എം.ഫിൽ അവസാനിപ്പിക്കുന്നത് അപകടകരമാണ്. എം.ഫില്ലിൽ റിസർച്ച് മെത്തഡോളജിയാണ് പഠിപ്പിക്കുന്നത്. ഇത് പഠിച്ചുകഴിഞ്ഞാൽ അവർക്ക് ഗവേഷണം എളുപ്പമാണ്. ഗൈഡില്ലാതെ തന്നെ പി.എച്ച്.ഡി ചെയ്യാൻ അവർക്കുകഴിയും.
അക്കാദമികേതര പരിഗണന വച്ച് ചെയ്യുന്നതെല്ലാം എതിർക്കപ്പെടണം. അതേസമയം, ഇപ്പോൾ നിർദേശിക്കപ്പെട്ട പോലെ ഒരു അംബ്രല ഏജൻസി വന്നാൽ സ്വാതന്ത്ര്യമുണ്ടാകില്ല. വിജ്ഞാനത്തിന്റെ വളർച്ചയെ അത് തടഞ്ഞുനിർത്തും. സർവകലാശാലാ നിയമനങ്ങൾക്ക് ഒരു അഖിേലന്ത്യ ഹയർ എഡ്യുക്കേഷൻ സർവീസ് വേണം. കേരളത്തിൽമുമ്പ് ഡോ. പ്രഭാത് പട്നായിക്ക് ചെയർമാനായി രൂപീകരിച്ച കമീഷൻ ഫോർ റീ സ്ട്രക്ചർ ഹയർ എഡ്യുക്കേഷന്റെ ശുപാർശകളിൽ ഒന്നായിരുന്നു ഇത്.
അക്കാദമിക ഗവേഷകർക്ക് എന്തെങ്കിലും പറയേണ്ടതുണ്ട്
ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം. തിയറി ബിൽഡിംഗ് ആകണം. നമ്മൾ നടത്തുന്ന പഠനങ്ങളിൽനിന്ന് സാമാന്യവൽക്കരണവും തത്വശാസ്ത്ര പഠനങ്ങളും ഉണ്ടാകണം. എന്നാൽ, പഠനങ്ങളെ നമ്മൾ പ്രയോഗരംഗത്ത് ഒതുക്കിനിർത്തുകയാണ്. ഇക്കണോ മെത്തഡോളജി പോലുള്ള രീതികൾ ഉപയോഗിച്ച് ഗവേഷണങ്ങളിൽനിന്നും പഠനങ്ങളിൽനിന്നും സാമാന്യവൽക്കരണം ഉണ്ടാക്കണം. സ്ഥലകാലസീമകളെ ലംഘിച്ച് ഉയർന്നുപോകുന്നവർക്കേ വിജ്ഞാനമുണ്ടാക്കാൻ കഴിയൂ. വിജ്ഞാനം സാമാന്യവൽക്കരിക്കണമെങ്കിൽ അതിന് ശ്രമം നടത്തണം. നിലവിലെ ശാസ്ത്രം എപ്പോഴും വ്യവസ്ഥിതിയെ ശാശ്വതവൽക്കരിക്കുന്നതാണ്. അതിനെ എതിർക്കണമെങ്കിൽ ഒരു പ്രതി വിജ്ഞാനശാസ്ത്രം (Counter Epistemology) ഉണ്ടാക്കാൻ കഴിയണം. അത് ശ്രമകരമായ കാര്യമാണ്. എങ്കിലും അതിനുള്ള ശ്രമമാണ് വേണ്ടത്. ഗവേഷണം, നിലവിലെ വ്യവസ്ഥിതിയെ ശക്തിപ്പെടുത്താനുള്ളതാണ്, വ്യവസ്ഥിതിയെ മാറ്റുന്നതരത്തിൽ ഗവേഷണത്തെ മാറ്റിത്തീർക്കൽ ശ്രമകരമാണ്. അതാണ് മാർക്സും അംബേദ്കറും ചെയ്തത്. മാർക്സ് പറഞ്ഞത് എന്താണ്? തത്വജ്ഞാനികൾ ലോകത്തെ വ്യഖ്യാനിക്കുകയേ ചെയ്തിട്ടുള്ളൂ, ആവശ്യമായത് മാറ്റിയെടുക്കലാണ്. ലോകത്തെ മാറ്റിയെടുക്കലായിരുന്നു മാർക്സിന്റെ ലക്ഷ്യം. ജീവിതകാലം മുഴുവനും വായിച്ചും എഴുതിയും ചിന്തിച്ചും കഴിഞ്ഞത് അതിനാണ്. അംബേദ്കറാകട്ടെ, ഇവിടുത്തെ അധഃകൃതരുടെ ചരിത്രവും സാമൂഹിക- സാമ്പത്തിക അവസ്ഥകളും ചരിത്രപരമായി മനസ്സിലാക്കി അതിവിപുലമായ കാൻവാസിലാണ് ദർശനം ചെയ്തത്. ഇരുവർക്കും എന്തോ പറയാനുണ്ടായിരുന്നു, ഇപ്പോഴത്തെ അക്കാദമിക ഗവേഷകർക്ക് എന്തെങ്കിലും പറയേണ്ടതുണ്ട്. അവർക്ക് പറയാനുള്ളത് പരിമിതമായിപ്പോകുന്നത് അതുകൊണ്ടാണ്.
വരേണ്യത ഒരു സാമൂഹിക പ്രശ്നമാണ്, വിദ്യാഭ്യാസ പ്രശ്നമല്ല
സ്വയംഭരണവും സ്വകാര്യവൽക്കരണവും വിദ്യാഭ്യാസരംഗത്തെ വരേണ്യമാക്കുമെന്ന വിമർശനമുയരുന്നുണ്ട്. ഒരു കാര്യം ഓർക്കണം, ഉയർന്ന വിദ്യാഭ്യാസത്തിന് വരേണ്യതയുടെ ഒരു തലമുണ്ട്. അത് നിഷേധിച്ചിട്ടു കാര്യമില്ല. സാധാരണക്കാരും രാഷ്ടീയക്കാരും എതിർക്കുമെങ്കിലും, അത് അഭികാമ്യമല്ല എന്നു തോന്നാമെങ്കിലും ഉന്നത വിദ്യാഭ്യാസത്തിന് ഒരു വരേണ്യസ്വഭാവമുണ്ട്. അത് എല്ലാവർക്കും, എല്ലാം ചെയ്യുന്ന പോലെ ചെയ്യാവുന്ന ഒന്നല്ല. ഇത് പുതിയ വിമർശനവുമല്ല. ആനുഷംഗികമായി ഒരു കാര്യം പറയാം. ദാരിദ്ര്യം സൃഷ്ടിച്ചത് മുതലാളിത്തമല്ല. ഫ്യൂഡൽ കാലഘട്ടത്തിലെന്തായിരുന്നു അവസ്ഥ? മുമ്പ് അടിമ വ്യവസ്ഥയിലോ? സാമൂഹിക- സാമ്പത്തിക അന്തരം ഒരു തുടർച്ചയാണ്. ഫ്യൂഡൽ വ്യവസഥയിൽ ആരാണോ അടിമകളായിരുന്നത് അവർ തന്നെയാണ് മുതലാളിത്ത വ്യവസ്ഥയിലും അടിമകളായിരിക്കുന്നത്. ഈ വിമർശനം പുതിയ കാര്യമല്ല. അതൊരു വിദ്യാഭ്യാസ പ്രശ്നമല്ല, സാമൂഹിക പ്രശ്നമാണ്.
ഇവിടെ അക്കാദമികമായി പരിഗണിക്കേണ്ടത് എന്താണ്? വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമായിരിക്കണം. അത് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണം. പാവപ്പെട്ടവരെ ഒഴിവാക്കരുത്. ഇവ ഒരു വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളേയല്ല. പാവപ്പെട്ടവർക്ക് ഗുണം ചെയ്യുന്നില്ല എന്നതുകൊണ്ട് അത്യന്താധുനിക സാങ്കേതിക വിദ്യ വിദ്യാഭ്യാസ രംഗത്ത് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. മൊബൈൽ ഫോണും ടി.വിയുമില്ലാത്തതുകൊണ്ട് ഒാൺലൈൻ വിദ്യാഭ്യാസം അസാധ്യമാകുന്നു എന്നത് വിദ്യാഭ്യാസത്തിന്റെ പ്രശ്നമല്ല. അത് നൽകേണ്ടത്
ഭരണാധികാരികളാണ്. പാവപ്പെട്ടവർക്ക് അത് ലഭ്യമല്ല എന്നതിന്റെ പേരിൽ ആധുനിക സാങ്കേതിക വിദ്യ വിദ്യാഭ്യാസരംഗത്ത് പ്രയോഗിക്കാൻ പാടില്ല എന്ന വാദം ശരിയല്ല. ഇത് രണ്ടും രണ്ടായി കൈകാര്യം ചെയ്യണം. ഭരണാധികാരികളാണിവിടെ പ്രതിക്കൂട്ടിൽ, വിദ്യാഭ്യാസ നയം രൂപീകരിക്കുന്നവരോ വിദ്യാഭ്യാസ വിചക്ഷണന്മാരോ അല്ല.
തങ്ങൾക്ക് ഇത് പ്രാപ്യമല്ല എന്ന് പാവങ്ങളാണ് പറയുന്നത് എങ്കിൽ നമുക്ക് മനസ്സിലാക്കാം. രാഷ്ട്രീയനേതാക്കളും മുൻ ഭരണാധികാരികളുമാണ് ഇത് പറയുന്നത്. അപ്പോൾ അവരോട് ഒരു പ്രധാന ചോദ്യം ചോദിക്കേണ്ടിവരുന്നു: അവസരം കിട്ടിയിട്ടും അവർ എന്തുകൊണ്ട് ദരിദ്രർ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കാൻ ശ്രമിച്ചില്ല? ഇക്കാലമത്രയും ഭരിച്ചിട്ടും സാർവത്രിക സ്വത്തവകാശനിയമം എന്തുകൊണ്ട് കൊണ്ടുവന്നില്ല? എല്ലാവർക്കും വരുമാനമുണ്ടാകുന്ന ഒരു സാമ്പത്തിക പരിപാടി അവതരിപ്പിച്ചില്ല? ഇന്ത്യയിൽ പുനർവിതരണം ചെയ്യാനുള്ള സമ്പത്തുണ്ട്. ഭരണഘടനക്കകത്തുനിന്നുകൊണ്ടുതന്നെ ചെയ്യാവുന്ന കാര്യങ്ങളാണിവ. ഒരു കുടുംബത്തിന് രണ്ടു മുറിയുള്ള, ബാത്ത് അറ്റാച്ച്ഡ് സൗകര്യവും അടുക്കളയുമുള്ള വീട് കൊടുക്കുക എന്നത് വലിയ ചെലവുള്ള കാര്യങ്ങളല്ല, ഇത്ര സമ്പന്നമായ രാജ്യത്ത്. ആളുകളെ പാവങ്ങളായി നിലനിർത്തുന്നത് രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. യഥാർഥത്തിൽ ഇതൊരു വിരോധാഭാസമാണ്. ദരിദ്രർ ഉണ്ടാകണ്ടേത് രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അവരുടെ പേരിൽ ഇവർക്ക് മൊബിലൈസേഷൻ നടത്താം, തെരഞ്ഞെടുപ്പ് ജയിക്കാം, പക്ഷെ, ബിസിനസുകാരും ഉൽപാദകരും ദാരിദ്ര്യത്തിന് എതിരാണ്. അവരെ സംബന്ധിച്ച് ജനങ്ങളുടെ കൈയിൽ ക്രയശേഷി വേണം. എങ്കിലേ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പറ്റു. വലിയൊരു വിരോധാഭാസമാണിത്- ഉൽപദാകരെയും ബിസിനസുകാരെയും സംബന്ധിച്ച് ജനങ്ങൾ പാവപ്പെട്ടവരായിരിക്കരുത്, രാഷ്ട്രീയക്കാർക്ക് ജനം ദരിദ്രരായി തുടരുകയും വേണം. അതുകൊണ്ടുതന്നെ, രാഷ്ട്രീയക്കാർ പാവങ്ങൾക്കുവേണ്ടി സംസാരിക്കുന്നത് അയഥാർഥമായ കാര്യമാണ്. ഏതുരംഗവും പാവപ്പെട്ടവക്ക് പ്രാപ്യമാകണമെങ്കിൽ, പാവപ്പെട്ടവരില്ലാത്ത ഒരു സാമൂഹിക അവസ്ഥ സൃഷ്ടിക്കണം. അത് ചെയ്യേണ്ടത് ഭരണാധികാരികളാണ്. എന്നാൽ, ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നവരെ സ്റ്റേറ്റിന്റെ പവർ ഉപയോഗിച്ച് നിശ്ശബ്ദരാക്കുകയാണ്.
വരേണ്യത എന്ന പ്രശ്നം രാഷ്ട്രീയക്കാരുടെ ആരോപണമാണ്. എന്നാൽ, അവർ തന്നെയാണ് ഇവിടെ പാവപ്പെട്ടവരെയും സമ്പന്നരെയും സൃഷ്ടിച്ചത്. പാവപ്പെട്ടവർക്ക് മറ്റ് സാമ്പത്തിക രംഗങ്ങളിലേക്ക് പോകാൻ കഴിയണം. തൊഴിലുറപ്പുമാത്രം പോരാ. ഭരണത്തിലിരുന്നവർക്ക് ഇതിന് കഴിയുമായിരുന്നു. അവർ തടിച്ചുകൊഴുത്തപ്പോൾ എന്തുകൊണ്ട് ഇങ്ങനെയൊരു വിഭാഗത്തെക്കുറിച്ച് ആലോചിച്ചില്ല. അവരെ സഹായിക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഉത്തരവാദിത്തമല്ല. ക്ലാസ് വരേണ്യത തെറ്റാണ്, അത് തടയണം, അതേസമയം, അത് ഒരു വിദ്യാഭ്യാസ നയത്തിന്റെ കടമയല്ല. തടയണ്ടേത് ഭരണാധികാരികളാണ്.
ഓപ്പിയം കൊടുത്ത് നിങ്ങളവരെ നിശ്ശബ്ദരാക്കുകയാണ്
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസമേഖലയിൽ അവസരം നിഷേധിക്കപ്പെടുകയല്ല, അവസരം ഇല്ലാതാകുകയാണ് ചെയ്യുക. അതിന് എന്താണ് പരിഹാരം? സ്വകാര്യമേഖലയെ മാറ്റിനിർത്തി ഇന്ന് സാമ്പത്തികക്രമം സാധ്യമല്ല. അത് എല്ലാവരും അംഗീകരിക്കുന്നു. ഇന്ന് ഭരണരംഗത്തുപോലും ഉപദേഷ്ടാക്കളും വിദഗ്ധരുമായി അവരുണ്ടല്ലോ. നമ്മുടേതുപോലുള്ള, അസമത്വങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽവേണ്ടത് എന്താണ്? ഇത്തരം മേഖലകളിൽ സാമൂഹിക
നിയന്ത്രണം കൊണ്ടുവരണം. ഒരു സ്വകാര്യ സ്ഥാപനത്തിനോട് പറയണം, ഇത്ര കുട്ടികളെ നിങ്ങൾ ദുർബല വിഭാഗങ്ങളിൽനിന്ന് എടുക്കണം, അവരിൽനിന്ന് ഫീസ് ഈടാക്കരുത്, ഇത്ര പെൺകുട്ടികൾ വേണം...അത്തരം ഭരണപരമായ നിബന്ധന വച്ചുകൊണ്ടേ അവർക്ക് ലൈസൻസ് കൊടുക്കാവൂ. അത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ഇവിടെ ഭരണകൂടം രണ്ടുതരത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഒന്ന്, പാവപ്പെട്ടവർ ഇല്ലാത്ത ഒരു സമൂഹം അവർ സൃഷ്ടിക്കണം. രണ്ട്, സ്വകാര്യമേഖലയിൽ അവശ്യം വേണ്ട സാമൂഹിക നിയന്ത്രണം കൊണ്ടുവരണം. വിദ്യാഭ്യാസരംഗത്തുമാത്രമല്ല, സാമൂഹിക നിയന്ത്രണത്തിനു വിധേയമായ കോർപറേറ്റ് സെക്ടറാണ് ആവശ്യം.
എന്നാൽ, സാമൂഹിക നിയന്ത്രണം ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര സാധ്യമാണ്? ഭരണഘടനാപരമായ അവകാശവും ഭരണപരവും നിയമപരവുമായ പിന്തുണയും ഉള്ളതുകൊണ്ട് ഇത് സാധ്യമാണ്. എന്നാൽ, ഭരണത്തിലിരിക്കുന്നവരും പ്രബല സാമ്പത്തിക ശക്തികളും ഒരേ വിഭാഗത്തിൽ പെടുന്നവരാണ്, ഭരിക്കുന്നവരുടെ താൽപര്യം കോർപറേറ്റ് താൽപര്യങ്ങൾക്ക് അനുകൂലമാണ്. അവർ ഒരേ സാമൂഹിക വിഭാഗത്തിൽ, ക്ലാസിൽ പെട്ടവരാണ്, അതാണ് പ്രശ്നം. ഭരണകൂടത്തെ നമുക്ക് ഇത്തരം താൽപര്യങ്ങളിൽനിന്ന് മാറ്റിനിർത്താൻ സാധ്യമല്ല.
കോർപറേറ്റുകൾക്ക് സ്വാധീനിക്കാൻ കഴിയുന്ന നിലവിലെ വ്യവസ്ഥയിൽ, ഏതു നയവും അവർക്ക് അനുകൂലമായാണ് നടപ്പാക്കപ്പെടുക. അവർക്ക് സ്വാധീനിക്കാനും നിർണയിക്കാനും നിശ്ചയിക്കാനും സാധിക്കും. ഇത് പുതിയ കാര്യമല്ല. ആത്യന്തികമായി ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. അവരിൽനിന്ന് അധികാരം പിടിച്ചെടുക്കണം. അതാണ് പറഞ്ഞത്, പുതിയ സംവിധാനത്തിനേ പുതിയ വ്യവസ്ഥിതിയുണ്ടാക്കാൻ കഴിയൂ. നമ്മൾ ഇവരെ തന്നെയാണ് മാറി മാറി അധികാരത്തിലിരുത്തുന്നത്.
മർദ്ദിത വിഭാഗങ്ങളെ സംബന്ധിച്ച് വ്യവസ്ഥിതി മാറണം. അതിന് ഘടനാപരമായ മാറ്റം വേണം. അതിനുള്ള ആളുകൾ വരുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ ഘടനാപരമായ മാറ്റം ഭരണകൂടത്തിലൂടെ സാധ്യമല്ല. ഭരണകൂടം എപ്പോഴും നിലനിൽക്കുന്ന ക്രമത്തെ ശക്തിപ്പെടുത്താനുള്ളതാണ്. അവർ സമ്പന്നരെയും ശക്തരെയും സംരക്ഷിക്കുന്നു. പാവപ്പെട്ടവരെ അത് ഒരിക്കലും സംരക്ഷിക്കുകയില്ല. പാവപ്പെട്ടവർക്ക് ഭരണാധികാരികൾ കൊടുക്കുന്നത് ഒരു ഓപ്പിയം ആണ്. വെൽഫെയർ എന്ന ഓപ്പിയം. എന്നിട്ട് അവരെ നിശ്ശബ്ദരാക്കി നിർത്തുന്നു. അതുകൊണ്ടുന്നെ, പലപ്പോഴും ദുർബലവിഭാഗങ്ങളിലുള്ളവർ ശ്രമിക്കുന്നത്, വിദ്യാഭ്യാസയോഗ്യതയും കഴിവും നേടിയശേഷം അതിൽ ചില സ്ഥാനമാനങ്ങൾ ലഭിക്കാനാണ്. അതിലൂടെ സമൂലമായ, ഘടനാപരമായ മാറ്റം സാധ്യമല്ല.
രക്ഷിക്കണം, വിദ്യാഭ്യാസത്തെ
സമ്പത്ത് നിയന്ത്രിക്കുന്നവരുടെ കൈയിൽനിന്ന് വിദ്യാഭ്യാസമേഖലയെ രക്ഷപ്പെടുത്തുക എന്നത് വിപുലമായ ഒരു കാര്യമാണ്. അത്, ഒരു വിദ്യാഭ്യാസ നയത്തിലൂടെ സാധ്യമായെന്നുവരില്ല. നമ്മുടെ പല മാറ്റങ്ങളും ഭരണഘടനക്ക് അകത്താകാം, ഭരണക്രമത്തിന് അകത്താകാം, നിയമവ്യവസ്ഥക്ക് അകത്താകാം. പക്ഷെ, സാമൂഹികമായ മാറ്റം ഈ മൂന്ന് വ്യവസ്ഥകൾക്കും അകത്തുനിന്നുകൊണ്ട് സാധ്യമല്ല. ഇത് സമൂഹത്തിലെ ദുർബരായവർ, അടിച്ചമർത്തപ്പെടുന്നവർ മനസ്സിലാക്കിയേ തീരൂ. ശരിയായ രാഷ്ട്രീയം അധികാരം പിടിച്ചെടുക്കലല്ല, അധികാരത്തെ ചോദ്യംചെയ്യലാണ്. വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാനുള്ള വഴികാട്ടിയാകേണ്ടതാണ് ഓരോ
നയവും. അല്ലാതെ അതിനെ സ്വതന്ത്രമായി ഗൈഡ് ചെയ്യാനുള്ളതല്ല. പുതിയ വിദ്യാഭ്യാസ നയത്തിൽ പല ഗ്യാപുകളുമുണ്ട്. പല കാര്യങ്ങളും വികലമാണ്. ഇവയെല്ലാം വിശദമായ വിശകലനങ്ങൾക്ക് വിധേയമാകണം. അല്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.