ഒരുപക്ഷെ, ചരിത്രത്തിൽ ഇത്ര വായിച്ച, പാണ്ഡിത്യമുള്ള ഒരാളും വേറെയുണ്ടാകില്ല; മാർക്‌സിനെ പോലെ. അത്ര വിപുലവും ഗഹനവുമാണ് അദ്ദേഹത്തിന്റെ ധിഷണ. മാർക്‌സിയൻ സാഹിത്യത്തിൽ ശരാശരി പരിജ്ഞാനം നേടുക എന്നത് ക്ലേശകരമാണ്. അത്ര പരന്നു കിടക്കുന്നു ആ വിജ്ഞാനലോകം. എന്നാൽ, ഇത് എത്രമാത്രം തനതാണ് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആൾട്ടർനേറ്റീവ് എക്കണോമിക്‌സ് ഡയറക്ടർ ഡോ. അബ്ദുൾ സലിം ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തിൽ എന്റെ രണ്ട് പ്രബന്ധങ്ങളുണ്ട്. അതിൽ ഒന്നിൽ, മാർക്‌സ് എത്ര മൗലികമായിരുന്നു എന്നാണ് പരിശോധിക്കുന്നത്.
രണ്ടു മൂന്ന് കാര്യങ്ങളിവിടെ ആമുഖമായി പ്രസക്തമാകുന്നു. ഒന്ന്, മാർക്‌സിന്റെ കാൻവാസ്. തത്വജ്ഞാനികൾ ലോകത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്, എന്നാൽ ആവശ്യം ലോകത്തെ മാറ്റിമറിക്കുക എന്നതാണ്. മാർക്‌സ് വിജ്ഞാനത്തെ രാഷ്ട്രീയമായി ആണ് ഉപയോഗിക്കാൻ ഉദ്ദേശിച്ചത്. വ്യവസ്ഥിതിയെ എതിർക്കുന്നു എങ്കിൽ മാറ്റാനുള്ളത് രാഷ്ട്രീയമായാണ്. വിജ്ഞാനത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുക. സാധാരണ പണ്ഡിതർക്കുള്ളതല്ല, ഇത്ര വിപുലമായ ലക്ഷ്യം.
മാർക്‌സിന്റെ സാമാന്യവൽക്കരണം ശരിയായിരുന്നുവോ
മാർക്‌സ് 19-ാം നൂറ്റാണ്ടിലെഴുതിയതിന്റെ വ്യാപ്തി പരിഗണിക്കപ്പെടേണ്ട കാര്യമാണ്. മാർക്‌സിന് ഗഹനമായി എന്തോ പറയാനുണ്ടായിരുന്നു. ഇന്നും ഗവേഷകർ എഴുതുന്നുണ്ട്. എന്നാൽ ഇന്നത്തെ കരിയർ ഗവേഷകരെ സംബന്ധിച്ച്, അവർക്കെന്തെങ്കിലും പറയേണ്ടതുണ്ട്. Marx had Something to say, Career researchers have to say something- ഇതൊരു വലിയ വ്യത്യാസമാണ്. അദ്ദേഹത്തിന്റെ ഉദാത്തമായ, വിപുലമായ ലക്ഷ്യവുമായി കണ്ണിചേർക്കുമ്പോഴാണ് അതിന്റെ വ്യാപ്തിയും അർത്ഥവും നമുക്ക് മനസിലാകുന്നത്. അത് അദ്ദേഹവും ഏംഗൽസും1848ൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിൽ പകർത്തിയിട്ടുണ്ട്. അവിടെ പറഞ്ഞ കാര്യങ്ങൾ, പിന്നീട് മൂലധനത്തിന്റെ മൂന്നു വാല്യങ്ങളിലും മറ്റു പുസ്തകങ്ങളിലും സൈദ്ധാന്തികമായും തത്വശാസ്ത്രപരമായും പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ ലക്ഷ്യങ്ങളിൽ നിന്നും പ്രയോഗതലങ്ങളിൽനിന്നും സിദ്ധാന്തങ്ങളിലേക്കും രീതിശാസ്ത്രങ്ങളിലേക്കും പോകുന്നതുകൊണ്ട് പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കപ്പെടണം.
അതുപോലെ തന്നെ മറ്റു പല കാര്യങ്ങളും പരിശോധനാർഹമാണ്. ഉദാഹരണത്തിന്, മാർക്‌സ് സാമാന്യവൽകരിക്കുന്ന കാര്യങ്ങൾ മൊത്തത്തിൽ സാമാന്യവൽക്കരിക്കാൻ കഴിയുന്നവ ആയിരുന്നോ
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നതുതന്നെ "a spectre is haunting Europe -the spectre of communism' എന്നുപറഞ്ഞാണ്. വിപുലമായ വിശകലനത്തിനൊടുവിൽ പറയുന്നത്, സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ എന്നാണ്. യൂറോപ്പിൽ സംഭവിച്ചുകൊണ്ടിരുന്ന മുതലാളിത്ത വികാസത്തിനും അത് സൃഷ്ടിച്ച ഭവിഷ്യത്തുകൾക്കും എതിരായി സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ എന്നൊരു സാമാന്യവൽക്കരണം അനുവദനീയമാണോ എന്നത് പരിശോധിക്കപ്പെടണം. മാർക്‌സും ഏംഗൽസും നടത്തിയ സാമാന്യവൽക്കരണം അങ്ങനെ അനുവദിച്ചു കൊടുക്കാൻ കഴിയാത്ത ഒന്നാണ്. ലോകം മുഴുവൻ മുതലാളിത്ത ഉൽപാദന ബന്ധങ്ങളുടെ നിയന്ത്രണത്തിൽ വന്നിട്ടുണ്ടായിരുന്നില്ല അന്ന്, ഇന്നും വന്നിട്ടില്ല.
രണ്ടുമൂന്ന് കാര്യങ്ങളാണ് ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, ചരിത്രത്തിൽ സംഘടിത തൊഴിലാളി വർഗ്ഗത്തിന്റെ സ്വഭാവം എന്താണ്. ഇതിൽ മാർക്‌സ് "അബ്‌സ്ട്രാക്റ്റ് ഡിഡക്ടീവ്' എന്ന രീതിശാസ്ത്രമാണ് അവലംബിച്ചത്. അതിന്റെ സത്ത, "ക്ലാസ്സ് റിഡക്ഷനിസം' ആയിരുന്നു. ഈ രീതിശാസ്ത്രം ചില ചോദ്യങ്ങളുയർത്തുന്നു- ലോകത്തിന്റെ എല്ലാ ഭാഗത്തും വർഗരൂപീകരണം നടന്നു കഴിഞ്ഞിരുന്നോ, അതോ യൂറോപ്പിന്റെ ചെറിയ പ്രദേശത്തു നടന്ന ഒരു സംഭവം സാമാന്യവൽക്കരിച്ച്, അതാണ് ലോകത്ത് നടക്കാനിരിക്കുന്നത് എന്നു സാമാന്യവൽക്കരിക്കുന്നത് സാമൂഹ്യശാസ്ത്രപരമായി ശരിയാണോ എന്ന് ആലോചിക്കേണ്ടിവരും. അതുവരെ യൂറോപ്പിൽ നടന്ന സംഭവ വികാസങ്ങൾ അതിനുമാത്രം വിപുലമായിരുന്നോ മുതലാളിത്ത ഇതര സാമ്പത്തിക ബന്ധങ്ങളുടെ കഥയെന്ത് അന്നത്തെ സമയത്ത്, മറ്റ് പ്രദേശങ്ങളിൽ മുതലാളിത്ത ഇതര ബന്ധങ്ങൾ ഉണ്ടായിരുന്നില്ലേ പ്രതിപാദ്യങ്ങൾ ഉണ്ടായിരുന്നില്ലേ എല്ലാ പ്രദേശങ്ങളിലും വർഗധ്രുവീകരണം നടന്നിരുന്നോ
വർഗസമരങ്ങളും വർഗേതര സമരങ്ങളും
ബൂർഷ്വാസി- പ്രോലറ്റേറിയറ്റ് എന്ന രീതിയിൽ മാർക്‌സിന്റെ വിശകലനത്തിനും സമീപന രീതിക്കുമുള്ള യൂറോകേന്ദ്രീകൃത സ്വഭാവം, ലോകത്ത് നടന്ന സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണോ എന്നതാണ് ഇവിടെ ഉന്നയിക്കുന്ന ഒരു പ്രധാന ചോദ്യം. മറ്റൊന്ന്, വർഗസമരം. ചരിത്രാഖ്യാനത്തെക്കുറിച്ചുള്ള തത്വശാസ്ത്രം ആദ്യമായി വികസിപ്പിച്ചെടുക്കുന്നത് മാർക്‌സ് അല്ല, ഹെഗൽ ആണ്. അവിടെനിന്നാണ് വൈരുദ്ധ്യാത്മകത എന്ന ആശയം മാർക്‌സ് എടുക്കുന്നത്. മാർക്‌സ് അതിന് മൂർത്തമായ സാമ്പത്തിക അർഥം കൊടുത്തു എന്നേയുള്ളൂ. അങ്ങനെ നോക്കുമ്പോൾ സമരങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത്, സംഘർഷങ്ങളിലൂടെയാണ്(Conflict) ചരിത്രം ഉണ്ടായിവരുന്നത്, പോരാട്ടങ്ങളാണ് (struggles) ശക്തിയുടെ സ്രോതസ്. വ്യക്തിയുടേതായാലും സമൂഹത്തിന്റേതായാലും. മനുഷ്യചരിത്രത്തിൽ ധാരാളം പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. അത് വർഗസമരം മാത്രമല്ല. വംശം, ജാതി, സ്ത്രീ, പരിസ്ഥിതി മേഖലകളിൽ നിന്നുയർന്നുവന്ന വർഗേതര സമരങ്ങൾ. ഇങ്ങനെ മനുഷ്യ ചരിത്രം നിറയെ ധാരാളം വർഗേതര സമരങ്ങൾ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുണ്ട്. അവയുടെ എണ്ണവും വ്യാപ്തിയും നോക്കുമ്പോൾ വർഗസമരത്തിന് എന്തു ചെയ്യാൻ കഴിയും എന്നത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.
വർഗസമരം, സംഘടിത തൊഴിലാളി വർഗം സൃഷ്ടിക്കുന്നതാണ്. അതിലൂടെ സമൂഹത്തിൽ ധ്രുവീകരണം നടക്കുന്നുണ്ട്- ബൂർഷ്വാസിയും തൊഴിലാളി വർഗവും. എന്നാൽ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെ രണ്ട് വർഗങ്ങൾ മാത്രമുള്ള സമൂഹം ഉണ്ടായിട്ടില്ല. മുതലാളിത്തത്തിന്റെ ഈറ്റില്ലങ്ങളായ സമൂഹങ്ങളിൽ പോലും ഇത്തരത്തിൽ വർഗധ്രുവീകരണം നടന്നിട്ടില്ല. സമൂഹത്തിൽ ഏറ്റവും കൂടുതൽ Precariat ആണ്, അവരാണ് ഭൂരിപക്ഷം. ഏതു രാജ്യമെടുത്താലും സംഘടിത തൊഴിലാളികൾ ചെറിയ വിഭാഗമാണ്. ഇന്ത്യ എടുക്കൂ. മൊത്തം ജോലി ചെയ്യുന്നവരിൽ, തൊഴിലെടുക്കുന്നവരിൽ ഏഴര ശതമാനം മാത്രമാണ് സംഘടിത തൊഴിലാളികൾ. ബാക്കി അസംഘടിത മേഖലയിലാണ്, അതായത് നിശ്ചിത തൊഴിലും വരുമാനവുമില്ലാത്ത വിഭാഗങ്ങൾ. അസംഘടിത മേഖല എത്ര വിപുലമാണ് എന്നു കാണാൻ ഇന്ത്യ നല്ല ഉദാഹരണമാണ്.
മാർക്‌സ് പത്തൊൻപതാം നൂറ്റാണ്ടിൽ പറഞ്ഞത്, മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടുന്നവരായിരിക്കും തൊഴിലാളികൾ എന്നാണ്. അത് ഇന്നില്ല. ഈയിടെ ഒരു പുസ്തകം വായിച്ചു; Guy Standing എഴുതിയ "The Precariat'. "പ്രോകാരിയറ്റി'നെ ഒരു വർഗമായി അദ്ദേഹം വിശേഷിപ്പിക്കുന്നില്ല, ""We can't say that it's a class in itself, class by itself or a class for itself''. പക്ഷേ ഗെയ് സ്റ്റാണ്ടിങ് പറയുന്നത്, അപകടം വരാനുള്ളത് അവരിൽ നിന്നാണ് എന്നാണ്.
സംഘടിത തൊഴിലാളി വർഗം ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്?
മാർക്‌സിന് തൊഴിലാളിവർഗ പ്രത്യയശാസ്ത്രങ്ങളെയും വർഗസമരങ്ങളെയും അവ സമൂഹത്തിൽ സൃഷ്ടിച്ച പരിണാമങ്ങളെയും കുറിച്ച് മനസ്സിലാക്കാനായിട്ടുണ്ട്. സംഘടിത തൊഴിലാളി വർഗം സമരം ചെയ്യും എന്നു മാത്രമല്ല, അവർ സാമൂഹികമായും രാഷ്ട്രീയമായും സംസ്‌കാരികമായും അടിച്ചമർത്തപ്പെടുന്ന ഇതര വിഭാഗങ്ങൾക്ക് ഒരു മുന്നണി പോരാളിയായി വർത്തിക്കും എന്നും അദ്ദേഹം പറയുന്നു. ചരിത്രത്തിൽ നിന്ന് രണ്ടുകാര്യങ്ങൾ ചൂണ്ടിക്കാട്ടാം; ഒന്ന്: നേരത്തെ പറഞ്ഞപോലെ ചരിത്രത്തിലെ പ്രധാന സമരങ്ങൾ വർഗസമരം ആയിരുന്നില്ല. രണ്ട്, സംഘടിത തൊഴിലാളി വർഗം ഒരു മുൻനിര പോരാളിയായി പ്രവർത്തിച്ചിട്ടില്ല. അവർ ഉയർന്ന വേതനത്തിനും മെച്ചപ്പെട്ട പ്രവർത്തന വ്യവസ്ഥയ്ക്കും (production), സാമൂഹിക സുരക്ഷക്കും വേണ്ടിയാണ് സമരം ചെയ്തത്. സംഘടിത തൊഴിലാളികൾ ആ വർഗത്തിന്റെ താൽപര്യം സംരക്ഷിക്കാനാണ് സമരം ചെയ്തത്.
സംഘടിത തൊഴിലാളി വർഗം സമൂഹത്തിൽ കീഴാള വിഭാഗങ്ങളെ സഹായിച്ചോ എന്നുനോക്കാം. തൊഴിലാളി പ്രസ്ഥാന മുന്നേറ്റം (trade union movement) ആവിർഭവിച്ച് ശക്തിയാർജിച്ച പ്രദേശമാണ് കേരളം. പ്രത്യേകിച്ച്, കർഷകതൊഴിലാളി പ്രസ്ഥാനം. ഇടതുപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ ഈ വർഗസമരങ്ങളെ വളർത്തുന്നതിൽ പ്രധാന സംഭാവന അർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ ശക്തമായ വർഗസമരങ്ങളും വർഗ പ്രസ്ഥാനങ്ങളും നിലനിൽക്കുന്ന കാലത്താണ് 1970കളിലും എൺപതുകളിലും വയനാട്ടിലെ ആദിവാസികൾക്കിടയിൽ ബോണ്ടഡ് ലേബർ ശക്തമായി നിലനിന്നത്, ഇപ്പോഴുമുണ്ട്. ഇവിടെ ആദിവാസികളുടെ വിശ്വാസ്യതയും ആഗ്രഹങ്ങളും മുതലെടുത്തു.
വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ ആദിവാസി യുവതികൾ വളയും ചാന്തും വാങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കും. അവർക്ക് കുടിയേറ്റ മുതലാളിമാർ പണം കൊടുക്കും. ഇത് അടുത്ത ഒരു വർഷം ഈ കുടിയേറ്റക്കാർക്ക് ജോലിചെയ്യാൻ വേണ്ടിയാണ്. ഈ ഒരു വർഷം മറ്റുള്ളവർക്ക് ജോലി ചെയ്യാൻ കഴിയില്ല. ഞാൻ ആ ഡാറ്റ പരിശോധിച്ചിട്ടുണ്ട്. അന്ന് കണ്ടത്, മലയോര പ്രദേശങ്ങളിൽ രണ്ട് തരം കൂലി നിരക്ക് (wage rate ) ഉള്ളതായിട്ടാണ്. മറ്റുള്ളവർക്ക് ഉയർന്ന വേതന നിരക്കും ആദിവാസികൾക്ക് കുറഞ്ഞ വേതന നിരക്കും. ഇതുമൂലം ആദിവാസികൾ സ്വതന്ത്ര തൊഴിലാളികളായിരുന്നില്ല.
മുതലാളിത്തത്തെക്കുറിച്ചുതന്നെ
ഇപ്പോൾ, മുതലാളിത്തത്തിന്റെ സ്വഭാവം തന്നെ മനസിലാക്കാൻ പ്രയാസമാണ്. വ്യവസായ വിപ്ലവസമയത്ത് ഉണ്ടായ മുതലാളിത്തം ഇൻഡസ്ട്രിയൽ ക്യാപിറ്റലിസം ആയിരുന്നു. അതുമാറി 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കുത്തക (monopoly) ക്യാപിറ്റലിസം ആയി. 20-ാംനൂറ്റാണ്ടിലായപ്പോഴേക്കും വെൽഫയർ ക്യാപിറ്റലിസം, പിന്നെ ഫൈനാൻസ് ക്യാപിറ്റലിസം. ക്യാപിറ്റലിസം പുരോഗമനപരമായ പല മാറ്റങ്ങളും ഉൾക്കൊള്ളുന്നു. അതിനുകാരണം, അത് പുതിയ പുതിയ സാങ്കേതിക വിദ്യകളെ ഉൾക്കൊള്ളുകയും സ്വാംശീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. ചരിത്രത്തിൽ മറ്റൊരു വ്യവസ്ഥയ്ക്കും മുതലാളിത്തത്തെ പോലെ ഇത്ര അത്ഭുതാവഹമായ പരിവർത്തനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നത് മാർക്‌സ് ആവർത്തിച്ചാവർത്തിച്ച് പറയുന്ന കാര്യമാണ്.
മുതലാളിത്തത്തിന്റെ വളർച്ചയെക്കുറിച്ച് മാർക്‌സ് പറയുന്നുണ്ട്. മുതലാളിത്തം വരുന്നത് generalised commodity പ്രൊഡക്ഷൻ ഉണ്ടാകുമ്പോഴാണ്. മാർക്‌സിന്റെ "ലേബർ തിയറി ഓഫ് വാല്യു' അദ്ദേഹത്തിന്റെ ആശയമല്ല. ക്ലാസ്സിക്കൽ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന റിക്കാർഡോയുടേതാണ്- ഈ ലോകത്തെ എല്ലാ ഉൽപ്പന്നങ്ങളും തൊഴിലിന്റെ സൃഷ്ടിയാണ്. തൊഴിൽ ഉദാത്തമായ ഒന്നാണ്. എല്ലാം മനുഷ്യന്റെ അധ്വാനഫലമാണ്. കായികധ്വാനം മാത്രമല്ല, ബൗദ്ധിക -ധൈഷണിക അദ്ധ്വാനവും ഇതിന്റെ ഭാഗമാണ്. മാർക്‌സ് രണ്ടുതരം മനുഷ്യ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നു. ഒന്ന്, ആനിമൽ ഫംഗ്ഷൻസ്. എല്ലാ ജീവജാലങ്ങളും ഭക്ഷിക്കുന്നു, ഇണചേരുന്നു, സന്താനോൽപാദനം നടത്തുന്നു. മനുഷ്യനും ഇക്കാര്യത്തിൽ വ്യത്യസ്തനല്ല. പക്ഷേ, മനുഷ്യന് മറ്റൊരു കഴിവുണ്ട്. വിജ്ഞാനത്തിൽ നിന്നും ചിന്തയിൽ നിന്നും ഉണ്ടാകുന്ന കഴിവ്. മനുഷ്യന് അയാളുടെ സാഹചര്യങ്ങൾ അനുസരിച്ച് ജീവിക്കാൻ മാത്രമല്ല, അവയെ മാറ്റിമറിക്കാനുള്ള കഴിവുമുണ്ട്. ഇതുകൊണ്ടാണ് മാർക്‌സ് പറയുന്നത്, മനുഷ്യൻ ചരിത്രത്തിന്റെ സൃഷ്ടി മാത്രമല്ല, സ്രഷ്ടാവുകൂടിയാണ് എന്ന്. 17-ാം നൂറ്റാണ്ടിൽ ജീവിച്ച ഷേക്‌സ്പിയറിനെക്കുറിച്ചും ന്യൂട്ടനെക്കുറിച്ചും നാം കേൾക്കുന്നു. പക്ഷേ ആ നൂറ്റാണ്ടിൽ ജീവിച്ച മൃഗങ്ങളെക്കുറിച്ച് കേൾക്കുന്നില്ല. മനുഷ്യനു മാത്രമുള്ള കഴിവ്. ഈ കഴിവ് എപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ കൂടുന്ന വിജ്ഞാനം വിഭവങ്ങളിൽ ഉപയോഗപ്പെടുത്തുന്നു. ഒരു വ്യക്തിയെ മാർക്‌സ് വിഭജിക്കുന്നത് ഉൽപാദന ശക്തികൾ, ഉൽപാദന ബന്ധങ്ങൾ എന്നീ രണ്ട് രീതിയിലാണ്. ഉൽപാദന ബന്ധങ്ങൾ എന്നത്, ഉൽപാദകരും ഉൽപാദനോപാധികളും തമ്മിലുള്ള ബന്ധമാണ്. ഉൽപാദന ഘടകങ്ങൾ എന്നു പറഞ്ഞാൽ ഉൽപാദനം നടത്താനുള്ള ശക്തികൾ, വിഭവങ്ങൾ, അതുപോലെ ഉൽപാദന ക്ഷമത. മനുഷ്യൻ യാന്ത്രികമായി ഉൽപാദിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മനുഷ്യന്റെ സക്രിയമായ കഴിവും ഭാവനയും ഉൽപാദനത്തിന് ഉപയോഗപ്പെടുത്തുകയാണ്. അപ്പോൾ ഉൽപാദന ക്ഷമത കൂടും. മനുഷ്യന്റെ സക്രിയമായ കഴിവ് വിജ്ഞാനത്തിൽ അധിഷ്ഠിതമാണ്. വിജ്ഞാനം വികസിച്ചുകൊണ്ടിരിക്കും. ആ വിജ്ഞാനവും ചിന്തയുമാണ് ഉൽപാദനത്തിനുപയോഗിക്കുന്നത്. വിജ്ഞാനം വികസിക്കുന്നതിന്റെ ഫലമായി ഉൽപാദിപ്പിക്കാനുള്ള കഴിവും വികസിച്ചുകൊണ്ടിരിക്കും. കൂടുതൽ സമ്പത്തുൽപ്പാദനം നടക്കുമ്പോൾ മനുഷ്യരാശി ഉയർന്ന സംസ്‌കാരത്തിലേക്കുയരുന്നു. അതുകൊണ്ടാണ് മാർക്‌സ് പറയുന്നത്, മനുഷ്യരാശിക്ക് മുന്നോട്ട് പോകാനേ കഴിയൂ എന്ന്.
പല കോർപറേറ്റുകളും ഇന്ന് തൊഴിലാളികൾക്ക് വേതനത്തിന്റെ ഒരു ഭാഗം ഓഹരികളായാണ്, ഡിവിഡന്റ് ആയാണ് കൊടുക്കുന്നത്. അതിനാൽ കമ്പനിയുടെ ഉയർന്ന ലാഭം തൊഴിലാളികൾ ആഗ്രഹിക്കുന്നു. അവർ ലാഭത്തിന് എതിരല്ല. മിച്ചമൂല്യവും ചൂഷണവും എന്ന ആശയം തന്നെ ഇന്ന് അപ്രസക്തമായിട്ടുണ്ട്. നവലിബറൽ സാമ്പത്തിക ക്രമത്തിൽ ഭാഷയും ഭാഷ്യവും മാറിയിട്ടുണ്ട്. ഇന്നിപ്പോൾ മുതലാളിമാരില്ല, സംരംഭകരേയുള്ളൂ. തൊഴിലാണ് പ്രധാനം. ചൂഷണത്തെക്കുറിച്ച് പറയുന്നതേയില്ല. സംരംഭകർ തൊഴിൽദാതാവിനെക്കാൾ മുകളിലാണ്. ഇതിന്റെ പ്രധാന കാരണം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്. മുതലാളിത്തം പ്രതിസന്ധി അഭിമുഖീകരിക്കും, ആ പ്രതിസന്ധി മൂർച്ഛിക്കുമ്പോൾ മുതലാളിത്തം തൂത്തെറിയപ്പെടും എന്നാണ് മാർക്‌സും മാർക്‌സിസ്റ്റുകളും വായിച്ചത്. എന്നാൽ പ്രതിസന്ധി മുതലാളിത്തത്തിന് പുതിയ കാര്യമല്ല. മുതലാളിത്തത്തിന്റെ ചരിത്രം തന്നെ പ്രതിസന്ധി തരണം ചെയ്ത ചരിത്രമാണ്. ഓരോ പ്രതിസന്ധിയും തരണം ചെയ്യുമ്പോൾ വരാനുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള വ്യക്തിയുടെ അല്ലെങ്കിൽ വ്യവസ്ഥിതിയുടെ ശക്തിയും ആത്മവിശ്വാസവും കൂടുന്നു. മനുഷ്യരാശിയുടെ പുരോഗതി എന്നു പറയുന്നതുതന്നെ പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ചരിത്രമാണ്. മുതലാളിത്തത്തിന് പ്രതിസന്ധികളെ തരണം ചെയ്‌തേ മുന്നോട്ട് പോകാനാകൂ.
മുതലാളിമാരാൽ സൃഷ്ടിക്കപ്പെട്ട പ്രിവിലെജ്ഡ് ക്ലാസ് ആണ് സംഘടിത തൊഴിലാളി വർഗം
ഇവിടെ ഒരു പ്രശ്‌നമുണ്ട്. എല്ലാവർക്കും അവരുടെ വിജ്ഞാനവും ചിന്തയും വികസിപ്പിക്കാൻ അവസരം കിട്ടുന്നില്ല. ഏറ്റവും കഠിനാധ്വാനം/ കായികധ്വാനം ചെയ്യുന്നവന് ഇതിന് കഴിയുന്നില്ല. വിജ്ഞാനം വികസിപ്പിക്കാൻ വിശ്രമ സമയം വേണം. ജീവിതത്തിന്റെ മുഴുവൻ സമയം അതിജീവനത്തിനായി ഉപയോഗിച്ച് കഷ്ടപ്പെടുന്ന വ്യക്തിക്ക് വിജ്ഞാനം വളർത്താനാകില്ല. ചിന്താപരമായി വളരാനാകില്ല. അതുകൊണ്ടാണ് മാർക്‌സ് പറഞ്ഞത്, അതിജീവനത്തിന് ഉപയോഗിക്കപ്പെടുന്ന തൊഴിലിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കണം. ഇത് സംഭവിക്കാത്തതുകൊണ്ടാണ് അമേരിക്കയിലെ കറുത്ത വർഗക്കാരും ഇന്ത്യയിലെ കീഴാളർക്കും മാനസികമായി ഉയരാൻ കഴിയാതിരുന്നത്.
ദളിത് വിഭാഗങ്ങളെ എടുക്കൂ. അവരിൽ നിന്ന് ഉദ്യോഗസ്ഥർ ഉണ്ടായിട്ടുണ്ട്, ചീഫ് ജസ്റ്റിസുണ്ടായി, രണ്ടുതവണ ഇന്ത്യൻ പ്രസിഡന്റ് ഉണ്ടായി. പക്ഷേ, ആഗോളലത്തിൽ അറിയപ്പെടുന്ന സാമൂഹ്യ ശാസ്ത്രജ്ഞനോ വിജ്ഞാന ശാസ്ത്രജ്ഞനോ സാഹിത്യകാരനോ ഉണ്ടായിട്ടില്ല. ധൈഷണിക കഴിവ് പ്രകടിപ്പിക്കേണ്ട മേഖലകളിൽ ഈ വിഭാഗങ്ങൾ നിന്ന് പ്രഗൽഭർ ഉയർന്നുവന്നിട്ടില്ല. പ്രഫ. രാജീവനെപ്പോലെ ദാർശനിക- സൈദ്ധാന്തിക പണ്ഡിതന്മാർ കീഴാള വിഭാഗങ്ങളിൽനിന്ന് അധികം ഉണ്ടായിട്ടില്ല. ചുരുക്കം ചിലരേയുള്ളൂ, ആനന്ദ് തെൽതുംബ്‌ദേയെപ്പോലുള്ളവർ- അദ്ദേഹത്തിന്റെ സ്വതന്ത്രമായ ദാർശനിക ചിന്ത മേലാളന്മാരെ ചൊടിപ്പിച്ചിട്ടുണ്ട് എന്നതിനാൽ തന്നെ അത് വേട്ടയാടപ്പെടുന്നുമുണ്ട്.
കീഴാളർക്ക് ഉയർന്നുവരാൻ കഴിയാത്തതിന്റെ മൗലികകാരണം, സാമ്പത്തിക ആശ്രിതത്വം ആണ്. കഠിനാധ്വാനം എന്നത് വിജയത്തിന്റെ രഹസ്യമല്ല. കഠിനാധ്വാനം ആണ് വിജയരഹസ്യമെങ്കിൽ 15- 16 മണിക്കൂർ കായികധ്വാനം ചെയ്യുന്ന കീഴാള വിഭാഗങ്ങൾ സമ്പന്നരാകേണ്ടവരാണ്. സർഗശേഷി ഉപയോഗിക്കേണ്ട പ്രവൃത്തികളാണ് വിജയത്തിന്റെ അടിസ്ഥാനം. കീഴാളർക്ക് ഇപ്പോൾ പോലും വർധിച്ചരീതിയിൽ സർഗശേഷി ഉപയോഗിക്കേണ്ട പ്രവൃത്തികൾ ചെയ്യാൻ കഴിയുന്നില്ല. ഇത്തരക്കാരെ സഹായിക്കാൻ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾ എത്തുന്നില്ല. മാത്രമല്ല, മുതലാളിമാരാൽ സൃഷ്ടിക്കപ്പെട്ട പ്രിവിലെജ്ഡ് ക്ലാസ് ആണ് സംഘടിത തൊഴിലാളി വർഗം. അവർക്ക് പ്രത്യേക അനുകൂല്യങ്ങളുണ്ട്- നിശ്ചിത ജോലിസമയം, സാമൂഹ്യ സുരക്ഷ. ഇതൊക്കെയുള്ള അനുഗ്രഹീത വിഭാഗമാണ് സംഘടിത തൊഴിലാളികൾ. വയനാട്ടിൽ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിൽ ജോലി ചെയ്യുന്നവരോ കോളജ് പ്രഫസർമാരോ ഒക്കെ ആദിവാസികളെക്കൊണ്ട് ബോണ്ടഡ് ലേബർ ചെയ്യിപ്പിക്കുന്നുണ്ട്. ആദിവാസികളെ അവർ രക്ഷപ്പെടുത്തുകയല്ല, ഇവർ തന്നെ ആ സമ്പ്രദായത്തിൽ പങ്കാളികളും ഭാഗഭാക്കും ആകുകയാണ് ചെയ്യുന്നത്.
അസഹിഷ്ണുവായ മാർക്‌സ്
മനുഷ്യന് സ്വാതന്ത്ര്യം പരമപ്രധാനമാണ്. മാർക്‌സ് തന്നെ പറഞ്ഞു, essence of existence is freedom എന്ന്. ഇത് നിഷേധിക്കപ്പെടുന്ന വ്യവസ്ഥിതിയിൽ സ്വാതന്ത്ര്യം അഭിരുചിക്കുന്ന അണികൾ വർധിക്കുന്നത് സ്വഭാവികമാണ്.
മാർക്‌സിസത്തിൽ സ്വാതന്ത്ര്യം ഇല്ല. മാർക്‌സിസം സ്വാതന്ത്ര്യം ദംശിക്കുന്നു. ഇത് മാർക്‌സിസത്തിന്റെ മാത്രം പ്രശ്‌നമല്ല, മാർക്‌സിന്റെ പ്രശ്‌നം കൂടിയാണ്. മാർക്‌സിനും ഭിന്നാഭിപ്രായത്തോട് അസഹിഷ്ണുതയുണ്ടായിരുന്നു. അഭിപ്രായഭിന്നതയെയും ചോദ്യം ചെയ്യലുകളെയും മാർക്‌സും വകവെച്ചുകൊടുത്തിരുന്നില്ല. സ്റ്റാലിൻ, ലെനിൻ തുടങ്ങി എല്ലാ കമ്യൂണിസ്റ്റുകാരുടെയും സ്വഭാവമാണത്. സ്റ്റാലിൻ ഇക്കാര്യത്തിൽ കുപ്രസിദ്ധനുമായിരുന്നു. എന്തിന്, ഒരു പ്രാദേശിക നേതാവിനുപോലും ഭിന്നാഭിപ്രായം ഇഷ്ടമല്ല. മാർക്‌സിസം മാത്രമല്ല, ഇസങ്ങളെല്ലാം സ്വാതന്ത്ര്യം ദംശിക്കുന്നു. സ്വാതന്ത്ര്യം ഏതെങ്കിലും ഇസത്തിന്റെ സൃഷ്ടിയല്ല. സ്വാതന്ത്ര്യം ഇസങ്ങൾക്കതീതമാണ്. ഇവിടെ സ്വാതന്ത്ര്യവും ഇസങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധമാണ് സംജാതമാകുന്നത്. ഇവ രണ്ടും വിപരീത ദശകളിൽ പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം.
ഇസം മതമായി മാറുക- അടുത്ത മതമായി മാറാൻ പോകുന്നത് അംബേദ്കറിസം ആണ്. അംബേദ്കറിസത്തെ ദളിതർ മൗലികവാദത്തോളമെത്തിക്കുന്നു. ഏതൊരു പ്രതിഭാസവും പ്രത്യയശാസ്ത്രവും വളരുന്നത് വിമർശകരാലും തളരുന്നത് ഭക്തരാലുമാണ്. ഭക്തർ പ്രത്യയശാസ്ത്ര പ്രതിഭാസ ശത്രുക്കളാണ്. ഓരോ പ്രത്യശാസ്ത്രവും മതമായപ്പോഴാണ് അത് സാമൂഹ്യ അവബോധത്തിൽ നിന്ന് വലിച്ചെറിയപ്പെട്ടത് എന്നും ഓർക്കുക. ഇസങ്ങൾക്കപ്പുറം മനുഷ്യഭാവനക്ക് വ്യാപരിക്കാൻ രാഷ്ട്രീയം വേണം.
സ്വാതന്ത്ര്യത്തെക്കുറിച്ച് റോസ ലക്‌സംബർഗ് പറയുന്നത്, ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആണ് എന്നാണ്. മാർക്‌സ് അടക്കമുള്ള കമ്യൂണിസ്റ്റ് ചിന്താഗതിക്കാർക്കും, ആശയങ്ങൾ പിൻപറ്റുന്നവർക്കും ഭരണാധികാരികൾക്കും വിയോജിക്കുക എന്ന ആശയം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിയോജിക്കുന്നവരെ അവർ വർഗശത്രുക്കളായിട്ടാണ് കാണുന്നത്. ഞാൻ എഴുതിയിട്ടുണ്ട്, "Marxism is not about violence. But Marxists use violence'. ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഒരു മാർക്‌സിസ്റ്റ് പാർട്ടി- ചെറിയ പാർട്ടി- രാഷ്ട്രീയത്തിലേറെ അതിക്രമമാണ് ഉപയോഗിക്കുന്നത്. സമ്പത്തിനും അക്രമത്തിനും വലിയ സ്ഥാനമാണ് അത്തരം പാർട്ടികളിലുള്ളത്. അതുകൊണ്ട് തന്നെയാണ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും വിഭാഗങ്ങളും അത്തരം പ്രസ്ഥാനങ്ങളിൽ നിന്ന് അകന്നുപോകുന്നത്.
ഇടതുരാഷ്ട്രീയം വർഗരാഷ്ട്രീയമല്ല
ഏഷ്യൻ സമൂഹങ്ങളെക്കുറിച്ച് പഠിച്ച ആളായിരുന്നില്ല മാർക്‌സ്. ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെ മുതലാളിത്ത ഇതര ഉൽപാദനപ്രക്രിയയായാണ് അദ്ദേഹം കാണുന്നത്. ഇതിന് വിയേധരായവർ, മാർക്‌സിനാൽ ആകൃഷ്ടരായില്ല. അവരുടെ പ്രശ്‌നം വ്യത്യസ്തമായിരുന്നു.
ഇന്ത്യയിൽ, മാർക്‌സിസത്തിന് ജാതിവിരുദ്ധമോ ജാതിനിരാസമോ ആയ നിലപാടെടുക്കാൻ കഴിയില്ല. ജാതിയെ സംബന്ധിച്ച് അതിന് ഒരു accommodative communal നിലപാടുമാത്രമേ സ്വീകരിക്കാൻ കഴിയൂ. അല്ലാതെയുള്ള വാദങ്ങൾ അയഥാർത്ഥവും അവിശ്വസനീയവുമാണ്. ഒന്നാമത്, ഇപ്പോഴും പാർട്ടിയുടെ നിലനിൽപ് പാർട്ടിയായല്ല, മുന്നണിയായിട്ടാണ്. ഇടതുരാഷ്ട്രീയം വർഗരാഷ്ട്രീയമല്ല. കാടും കായലും കടലോരവും കയ്യേറി കച്ചവടവൽക്കരിക്കുന്നവരാണ് അതിലെ പ്രധാന കക്ഷികൾ.
ഇന്ത്യയുടെ സവിശേഷ സാഹചര്യം നോക്കാം. ഇന്ത്യ സമരങ്ങളുടെ നാടാണ്. എന്നാൽ ഇവയിൽ പ്രധാനപ്പെട്ടവ വർഗസമരങ്ങളല്ല. ഇന്ത്യയിലെ നയരൂപീകരണത്തെയും ചിന്താ മണ്ഡലത്തെയും സ്വാധീനിച്ചത് പ്രത്യേകിച്ചും മൂന്നു തരം സമരങ്ങളാണ്- ജാതി, സ്ത്രീ, പരിസ്ഥിതി സമരങ്ങൾ. ഈ മൂന്നുതരം സമരങ്ങൾ എൺപതുകളുടെ മധ്യം മുതൽ അതിശക്തമായി. ഇവയുടെ ഗതി മാറ്റാൻ ഇന്നാർക്കും സാധ്യമല്ല.
ആദിവാസി സമരങ്ങൾ എടുക്കൂ. ഏറ്റവും നീണ്ട സമര ചരിത്രമുള്ളവരാണ് ഇന്ത്യയിലെ ആദിവാസികൾ. 1773ലാണ് ഇന്ത്യയിൽ പ്രധാന ആദിവാസി സമരം സംഭവിക്കുന്നത്. അത് കൊളോണിയൽ ഭരണകൂടത്തിനെതിരായിരുന്നു. കൊളോണിയൽ ഭരണകൂടം ആദിവാസി ഭൂമിയിൽ വനവും വെള്ളവും കൈയേറിയതിനെതിരായ സമരം. അത് വിഭവസമരമാണ്. ആദിവാസികൾ വിഭവാശ്രിതർ ആയിരുന്നു. ആദിവാസി സമരങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കവും വർഗസ്വഭാവവും മനസിലാക്കാൻ ഇടതുപക്ഷപാർട്ടികൾക്ക് കഴിഞ്ഞില്ല എന്ന് മറ്റൊരർഥത്തിൽ പറയാം. ആദിവാസികളുടെ സമരം ഇന്നുമുണ്ട്, അതിനെ മാർക്‌സിസ്റ്റുകൾ പിന്തുണക്കുന്നില്ല എന്നതുതന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. കേരളം എടുക്കൂ. കേരളത്തിൽ ആദിവാസി മേഖലകൾ ഇല്ല. കൈയേറ്റമേഖലകളിൽ കാണുന്ന ചെറിയ സാമൂഹിക വിഭാഗമാണ് ആദിവാസികൾ. കയ്യേറ്റക്കാർ ശക്തരാണ്. ഇവർക്ക് ചർച്ചിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ഭരിക്കുന്ന സർക്കാറിന്റെയും പിന്തുണയുണ്ട്. എല്ലാവരും ആദിവാസികൾക്ക് എതിരായ ഒരവസ്ഥ.
ആദിവാസികൾക്ക് വിഭവം നഷ്ടപ്പെടുമ്പോൾ അവർ പാപ്പരീകരിക്കപ്പെടുന്നു. വ്യവസായ വിപ്ലവകാലത്ത് primitive accumulationലൂടെ വിഭവം നഷ്ടപ്പെടുകയാണ്. അവർ പാപ്പരീകരിക്കപ്പെടുകയാണ്. അവർ തൊഴിലാളിവൽക്കരിക്കപ്പെടുകയാണ്. De peasantisation, pauperization, and proletarianisation. പാപ്പരീകരിക്കപ്പെട്ട ആളുകൾ തൊഴിലാളിവൽക്കരിക്കപ്പെടുകയും അവർക്ക് അന്ന് യൂറോപ്പിൽ ഫാക്ടറി തൊഴിൽ ലഭിക്കുകയും ചെയ്തു. കേരളത്തിലടക്കമുള്ള ആദിവാസികളുടെ അവസ്ഥ എടുക്കൂ. അവർ വിഭവം നഷ്ടപ്പെടുത്തി depeasantizationനു വിധേയരാകുന്നു. പാപ്പരീകരിക്കപ്പെടുന്നു. പക്ഷേ അവർ തൊഴിലാളിവൽക്കരിക്കപ്പെടുന്നില്ല. അവർക്ക് തൊഴിൽ ലഭിക്കുന്നില്ല. പാപ്പരീകരിക്കപ്പെട്ട അവർ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രതിഫലനമാണ് സമീപകാലത്ത് അട്ടപ്പാടിയിൽ കണ്ടത്. മധു എന്നൊരു ആദിവാസി യുവാവ് പട്ടിണിമൂലം ഭക്ഷണം മോഷ്ടിക്കുന്നു. അദ്ദേഹത്തെ തല്ലിക്കൊല്ലുന്നു. ഒരു പ്രാകൃത സമൂഹത്തിൽ പോലും നടക്കാത്ത കാര്യമാണിത്. അങ്ങനെ ചെയ്തവരെ ശിക്ഷിക്കാൻ കഴിയില്ല. കാരണം അവർ സാമ്പത്തികമായി പ്രബലരാണ്. അവർ ഭാവി എം.എൽ.എമാരും എം.പി മാരുമാണ്. വലിയൊരു മെഷിനറി ഇതിനെ പിന്തുണക്കുന്നു-രാഷ്ട്രീയപാർട്ടികൾ, സർക്കാർ, മതസ്ഥാപനങ്ങൾ (ചർച്ച്). ദാരിദ്ര്യത്തെ ഭൂമി നഷ്ടപ്പെട്ടതുമായി കാണാതെ വേറിട്ട, ഒറ്റപ്പെട്ട കാര്യമായി കണ്ട് മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും സർക്കാർ ജോലിയും നൽകുകയാണ് സർക്കാർ ചെയ്തത്. പ്രബലരായിട്ടുള്ളവരാണെങ്കിൽ അവർക്ക് നീതി ലഭിക്കും, പാവപ്പെട്ടവരും ചൂഷിതരുമാണെങ്കിൽ നഷ്ടപരിഹാരവും.
വർഗേതര സമരങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്- ആദിവാസി സമരങ്ങൾ, ഭൂ സമരങ്ങൾ, വംശീയ സമരങ്ങൾ, സ്ത്രീ സമരങ്ങൾ, വർണ സമരങ്ങൾ- വർഗേതര സമരങ്ങളെ ശക്തിപ്പെടുത്തുന്നതിൽ മാർക്‌സിസം പ്രാധാന്യം നൽകുന്നില്ല.
ജാതിസമരങ്ങളിൽ ചിലപ്പോൾ വർഗപരമായ ചില കാര്യങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ ഇവിടെ ഏതിനാണ് മുൻതൂക്കം. പുലയർ കർഷക തൊഴിലാളികളായിരുന്നു. ഒരു കർഷക തൊഴിലാളിയെ "എടാ കർഷക തൊഴിലാളീ' എന്ന് വിളിക്കുമ്പോൾ രണ്ടു തരം പ്രതികരണങ്ങളുണ്ടാകും. ജാതീയ അനുഭവങ്ങൾ വരുമ്പോൾ വൈകാരികമായാണ് അയാൾ/അവൾ പ്രതികരിക്കുക. വർഗ പ്രശ്‌നങ്ങൾ നിർവികാരമായാണ് കാണുക.
ഉൽപാദനോപാധികളിലുള്ള ഉടമസ്ഥാവകാശത്തിന്റെയും നിയന്ത്രണത്തിന്റെയും അടിസ്ഥാനത്തിലാണ് മാർക്‌സ് വർഗത്തെ നിർവചിച്ചത്.
ഉൽപാദനോപാധികളിൽനിന്നും ഉൽപ്പന്നത്തിൽനിന്നും അന്യവൽക്കരിക്കപ്പെട്ടവരാണ് തൊഴിലാളികൾ. പക്ഷെ, അവരാണ് ഉൽപാദനത്തിൽ ഇവ ഉപയോഗിക്കുന്നത്. വർഗം എന്ന പദം ഒരു ജൂറിഡിക്കൽ(നിയമപരമായ) ടേമിലാണ് ഉപയോഗിക്കുന്നത്. മുതലാളി- തൊഴിലാളി വർഗത്തിന് അപ്പുറത്ത് വലിയൊരു ജനവിഭാഗമുണ്ട്. ഭിക്ഷയെടുത്ത് ജീവിക്കുന്നവർ, തെരുവുകളിൽ സാധനം പെറുക്കി ജീവിക്കുന്നവർ, ചെരിപ്പുകുത്തികൾ... ഈ വിഭാഗങ്ങൾ തൊഴിലാളികളല്ല. മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്ത് അതിൽനിന്ന് മിച്ചമൂല്യം എടുക്കുന്നയാളാണ് മുതലാളി. ചെരിപ്പുകുത്തി തൊഴിലാളിയും മുതലാളിയുമല്ല, പ്രികാറിയേറ്റ് ആണ്. മാർക്‌സിന്റെ നിർവചനത്തിൽ ഇവരൊന്നും വരുന്നില്ല. അതാണ് വലിയ പരിമിതിയായി നാം ചൂണ്ടിക്കാണിക്കുന്നത്. അധ്വാനിക്കുന്ന വലിയൊരു വിഭാഗത്തിന് മാർക്‌സിയൻ തിയറി ആകർഷകമായി തോന്നാതിരുന്നത് ഇതുമൂലമാണ്. അയ്യങ്കാളിക്കും അംബേദ്കർക്കും ഇവരെ ആകർഷിക്കാൻ കഴിഞ്ഞതും ഇതുമൂലമാണ്.
സഖാവ് നമ്പൂതിരിപ്പാടുമാർ, സഖാവ് നായന്മാർ, സഖാവ് പുലയർ
മാർക്‌സിസം ഇന്ത്യയുടെ സാമൂഹ്യമണ്ണിന്റെ ഘടനാവിശേഷത്തിന് യോജിച്ചതല്ല. പാർട്ടികൾ തമ്മിൽ ഭരണ-നയ സമീപന കാര്യങ്ങളിൽ വ്യത്യാസമില്ല. ഇതിനിടയിൽ മാർക്‌സിസം എന്നുപറയുന്നത് അവ്യക്തമായ, അയഥാർത്ഥമായ പ്രതിഭാസമാണ്. ജാതീയമായ എല്ലാ മൂല്യങ്ങളും പ്രയോഗങ്ങളും അധീശ- വിധേയ കാലങ്ങളും നിലനിർത്തിക്കൊണ്ടൊരു രാഷ്ട്രീയ പ്രസ്ഥാനം. നമുക്ക് സഖാവ് നമ്പൂതിരിപ്പാടുമാർ, സഖാവ് പിള്ളമാർ, സഖാവ് നായന്മാർ, സഖാവ് പുലയർ എന്നിവരാനുള്ളത്. സഖാക്കളല്ല. സഖാവ് എന്ന പദം കൊണ്ട് മാർക്‌സ് ഉദ്ദേശിച്ചത് ഉദാത്തമായ ആശയമാണ്. ആ പദം സമത്വത്തിന്റെയും സഹോദര്യത്തിന്റെയും അർഥം ഉൾക്കൊള്ളുന്നതാണ്. വർഗരൂപീകരണം ഇല്ലാത്തിടത്ത് എങ്ങനെ വർഗരാഷ്ട്രീയം സംഗതമാകും. നമ്മുടെ സിവിൽ സമൂഹം ഇലക്‌ട്രോണിക് സിവിൽ സമൂഹമാണ്. ഇവിടെ ജാതി നിലനിൽക്കുന്നില്ല. അവിടെ ഒരു ഹൈറാർക്കി (hierarchy) ഇല്ല.
രാഷ്ട്രീയം മരിച്ചുകഴിഞ്ഞ രാഷ്ട്രീയാനന്തര കേരളത്തിലേക്ക് നോക്കൂ. പാർട്ടിക്ക് വിധേയനല്ലാത്ത ഒരു ഭരണാധികാരി. ജനകീയമല്ലാത്ത ഒരു പാർട്ടി. ആ പാർട്ടിയുടെ ചരമക്കുറിപ്പ് മാധ്യമ പ്രഫഷണലുകൾ ഏകദേശം എഴുതിക്കാണണം. അതുകൊണ്ട് അവരുടെ ഭരണം അവസാനിക്കണം എന്നർത്ഥമില്ല. ഭരണം തുടരും, രാഷ്ട്രീയം നിലയ്ക്കും. രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പ് പോലെ രാഷ്ട്രീയമില്ലാത്ത ഭരണം.
തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്നു എന്നു പറയുന്ന മാർക്‌സിസ്റ്റ്- ഇടത് ഭരണാധികാരികൾ ഒടുവിൽ തൊഴിലാളിവർഗ സാംസ്‌കാരിക പശ്ചാത്തലവും പ്രത്യശാസ്ത്രവും മറന്ന് സർവാധിപതികളും ധാർഷ്ട്യമുള്ള ഭരണാധികാരികളാകുകയുമാണ് ചെയ്തത്. ബാഹ്യവീക്ഷണത്തിലും വർഗ കാഴ്ചപ്പാടിലും പ്രയോഗശൈലിയിലും അവർ ബൂർഷ്വ ഭരണാധികാരികൾ ആകുകയാണ് ചെയ്യുന്നത്. ഭരണാധികാരികൾ എല്ലായിടത്തും ഒരുപോലെയാണ്. അവരുടെ ദൗത്യം ശക്തരെയും സമ്പന്നരേയും സംരക്ഷിക്കുക എന്നതാണ്. നീതി സമ്പന്നർക്ക് വേണ്ടിയുള്ളതാണ്, പാവപ്പെട്ടവർക്കുള്ളതല്ല. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തിന്നുന്ന ആളല്ല ഒരു മാർക്‌സിസ്റ്റുകാരൻ. ചേരയെ തിന്നുന്നത് പ്രയോഗ പരിപാടികളിലൂടെ തിരുത്തേണ്ട വ്യക്തിയായിരിക്കണം.
മാർക്‌സ് പറഞ്ഞ തൊഴിലാളി വർഗ സർവാധിപത്യത്തിന്റെ പേരിൽ നടക്കുന്നത് ഒരു പാർട്ടി സർവാധിപത്യമാണ്. പാർട്ടി സർവാധിപത്യം എന്ന് പറയുമ്പോൾ ഒരു കൂട്ടം സമ്പന്നരുടെ രാഷ്ട്രീയ സർവാധിപത്യം. സാമ്പത്തിക രംഗത്ത് പിടി മുറുക്കാനുള്ള തന്ത്രമാണത്.
സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ നിരന്തരം ആവർത്തിച്ചു പറയുന്ന ഒരു ഭരണാധികാരി അനുഷ്ഠിക്കുന്ന ദൗത്യം, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസവും അകലവും ഊന്നിപറയുകയാണ്. കീഴാള വിഭാഗങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ആവർത്തിച്ചു പറയുമ്പോൾ, ആ വിഭാഗങ്ങളെ അവരുടെ സ്ഥാനത്തു നിർത്താനുള്ള ബോധപൂർവ ശ്രമമായിട്ടാണ് കാണേണ്ടത്. ഭരിക്കുന്ന ന്യൂനപക്ഷത്തിന്റെ ഭാഗമാകാനാണ് തൊഴിലാളി നേതാക്കൾക്ക് ഇഷ്ടം. ഇവിടെ അനിവാര്യമായി വേണ്ടത് നിലവിലുള്ള രാഷ്ട്രീയത്തിന്റെ ഡീകൺസ്ട്രക്ഷൻ ആണ്, പ്രീകാരിയേറ്റ് വിഭാഗത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം. കീഴാളവിഭാഗങ്ങളിൽ നിന്ന് കൂടുതൽ വ്യക്തികൾ അധികാര- നേതൃ സ്ഥാനങ്ങളിൽ വന്നതുകൊണ്ട്, മർദക- മർദിത- ചൂഷക ബന്ധങ്ങൾ അപ്രത്യക്ഷമാകുന്നില്ല. കീഴാള വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം എന്തിനാണ്, സംവരണം പോലുള്ള കാര്യങ്ങൾ അതാണ് അഡ്രസ് ചെയ്യുന്നത്. പക്ഷെ അതുകൊണ്ട് കാര്യമായ മാറ്റമുണ്ടാകുന്നില്ല.
ചിന്തയെ ചിന്തകൊണ്ട് നേരിടുന്നതിനുപകരം ഭിന്നാഭിപ്രായത്തെ നിയമം കൊണ്ട് നേരിടുകയാണ് മേലാള ഭരണാധികാരികൾ ചെയ്യുന്നത്. ഇത് അവരുടെ അധീശത്വവും സമ്പത്തിലുള്ള നിയന്ത്രണവും നിലനിർത്താനാണ്. ഇപ്പോഴും വിളമ്പുന്നവർ മേലാളരാണ്, കീഴാളർ തിന്നുന്നവർ മാത്രം. ഭരണത്തിലും തൊഴിലിലുമെല്ലാം പ്രാതിനിധ്യവും പങ്കാളിത്തവും ഉണ്ടെങ്കിലും കീഴാളർക്ക് വ്യവസ്ഥിതിയെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അവർക്കൊരു നിയന്ത്രണ ശക്തിയാകാൻ കഴിഞ്ഞിട്ടില്ല. സമ്പത്ത് നിയന്ത്രിക്കുന്നവർ ഇടതുപക്ഷ മേലാളന്മാരാണ് എന്നത് മൗലികാർഥത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. ഇടതു-വലതു മേലാളന്റെ സാമ്പത്തിക താൽപര്യം ഒന്നുതന്നെയാണ്. ഭൂരഹിത കർഷക തൊഴിലാളിക്ക് ഭൂമി നിഷേധിച്ചപ്പോൾ ഈ മേലാളന്റെ നേതൃത്വത്തിലുള്ള പാർട്ടി അഭിപ്രായം പറഞ്ഞില്ല. സാമ്പത്തികകാര്യം നിയന്ത്രിക്കുന്നതിൽ ജാതി ഇന്നും ഘടകമാണ്.
അധികാര വികേന്ദ്രീകരണവും, അധികാരം കൂടുതൽ പങ്കുവെക്കുന്നതും കീഴാളരെ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നില്ല. അധികാരം തന്നെയാണ് പ്രശ്‌നം. അത് നിർമാർജനം ചെയ്യപ്പെടണം. കീഴാള- ദരിദ്ര വിഭാഗങ്ങളെ സംബന്ധിച്ച് ശക്തിയാണ് വേണ്ടത്, സാമ്പത്തിക ശക്തി. സാമ്പത്തികമേഖല നിയന്ത്രിക്കുന്നതിലൂടെയാണ് ശക്തി ഉണ്ടാകുന്നത്.
ഭരണാധികാരികളും രാഷ്ട്രീയ പ്രവർത്തകരും മതരംഗത്തുള്ളവരും അനുഭവിക്കുന്ന ആനുകൂല്യങ്ങൾ നോക്കുക. ഈ വിഭാഗങ്ങൾ ഉൽപാദനത്തിന് ഒരു സംഭാവനയും നൽകുന്നില്ല. ഉൽപാദനരംഗത്ത് പ്രവർത്തിക്കുന്നവരുടെ മിച്ചമൂല്യം കവർന്നെടുത്ത് അവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ലുംബൻ ഇത്തിൾക്കണ്ണി വിഭാഗങ്ങളാണവർ. ഇവരെക്കൊണ്ട് നിർബന്ധമായി തൊഴിലെടുപ്പിക്കണം. ഉൽപാദനത്തിൽ പങ്കെടുക്കാത്ത എല്ലാവരും ചൂഷകരാണ്. അവർ തൊഴിലെടുക്കുന്നവരുടെ വർഗശത്രുക്കളാണ്.
ശരിയായ വർഗസമരം ഇവർക്കെതിരെയുള്ളതാണ്. അയഥാർഥവും അബദ്ധജഡിലവുമായ സാമ്പ്രദായിക വർഗവിഭജനം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. മേലാള ഭരണാധികാരികളുടെ സ്ഥാനത്ത് കീഴാള ഭരണാധികാരികൾ വരുന്നത് ഈ യാഥാർഥ്യത്തിന് മാറ്റമുണ്ടാക്കുന്നില്ല. അധികാരം എപ്പോഴും ശക്തർ അശക്തർക്ക് എതിരായും സമ്പന്നർ ദരിദ്രന് എതിരായും മേലാളർ കീഴാളർക്ക് എതിരായുമാണ് ഉപയോഗിക്കുന്നത്. കീഴാളർ എന്നും അധ്വാനിക്കേണ്ടവരാണ് എന്നും മേലാളരെ അനുസരിക്കേണ്ടവരാണ് എന്നുമുള്ള ഫ്യൂഡൽ വിശ്വാസം പുലർത്തുന്നവർ വർഗശത്രുക്കളാണ്. കീഴാളർ കായികാധ്വാനം ചെയ്യേണ്ടവരാണ് എന്ന വിശ്വാസത്തിലാണ് അവർക്ക് കൃഷിഭൂമി നിഷേധിക്കപ്പെട്ടത്. ഭൂരഹിത കർഷകതൊഴിലാളി കൃഷിഭൂമിക്ക് അർഹരല്ലെന്ന മേലാള തത്വശാസ്ത്രം കാലഹരണപ്പെടണം, ചോദ്യം ചെയ്യപ്പെടണം.
വേണം, ഒരു പ്രതിരോധ വിജ്ഞാനശാസ്ത്രം
മാർക്സിനേക്കാൾ അംബേദ്കർ, ഗ്രാംഷി, സി.എൽ.ആർ. ജയിംസ് എന്നിവരാണ് കീഴാള വിഭാഗങ്ങളുടെ സ്വാതന്ത്ര്യ വാഞ്ജ, കീഴാളമോചനം, വർഗേതര സമരങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകിയത്. പുതിയതോ വ്യത്യസ്തമോ ആയ ചിന്താഗതികളും, പരിപ്രേക്ഷ്യങ്ങളും ഉണ്ടാകാൻ പാടില്ല എന്ന് ശഠിക്കുന്നത് മൗഢ്യമാണ്, ബൗദ്ധിക അന്വേഷണത്തിന് തടസ്സമാണ്. സാമൂഹിക പ്രക്രിയ സദാ ചലനാത്മകമാണ്. അതിനെ ഏതെങ്കിലും സമയ- കാല ബിന്ദുവിൽ തളച്ചു നിർത്താൻ ശ്രമിക്കുന്നത് പാഴ്ശ്രമമാണ്. വ്യവസ്ഥിതി ഒരു ഭരണാധികാരിയെയും കാത്തുനിൽക്കുന്നില്ല, അതൊരു വലിയ ചരിത്ര പാഠമാണ്. പ്രത്യേകം ഓർമിക്കേണ്ടത്, വിയോജിപ്പ് മാർക്‌സിസത്തോടല്ല എന്നതാണ്. ഏത് പ്രത്യയശാസ്ത്രവും സാധാരണക്കാരിലെത്തുന്നത് വ്യക്തികളിലൂടെയാണ്. ലോകത്ത് എല്ലാ മാർക്‌സിസ്റ്റുകളും മാർക്‌സിസം പഠിച്ചവരല്ല. നിരക്ഷരരായ മാർക്‌സിറ്റുകളുമുണ്ട്. ഒരു പ്രത്യയശാസ്ത്രം ആരിലൂടെ വരുന്നു എന്നത് പ്രധാന കാര്യമാണ്. ബ്രാഹ്മണരിലൂടെ വന്ന എല്ലാ കാര്യങ്ങളും അടിച്ചമർത്തപ്പെട്ടവർ സംശയത്തോടെ കണ്ടത് ഇതുമൂലമാണ്. ബ്രാഹ്മണനായവർ അംബേദ്കറെ തഴഞ്ഞു, അംഗീകരിച്ചില്ല, അംബേദ്കർ ഇവരെയും അംഗീകരിച്ചില്ല. അതേസമയം, ഗ്രാംഷി പറഞ്ഞതുപോലെയുള്ള, വളരെ ഓർഗാനിക്കായ പണ്ഡിതനായിരുന്നു അംബേദ്കർ.
മേലാളരായ അധീശവർഗത്തിന്റെ വൈജ്ഞാനിക കുത്തക തകർക്കുന്നതിന് ഒരു പ്രതിരോധ വിജ്ഞാനശാസ്ത്രം(Counter Epistemology) വളർന്നുവരേണ്ടതുണ്ട്. സ്വഭാവികമായും എതിർപ്പിന്റേതും ചോദ്യം ചെയ്യലിന്റേതുമായ വിജ്ഞാശാസ്ത്രം. അത്തരം സംരംഭങ്ങളെ സ്‌നേഹത്തിന്റെയും സഹതാപത്തിന്റെയും ഭാഷ്യം ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നത് ഭൗതികമായ പാഴ്‌വേലയാണ്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കുത്തകാവകാശമായി കാണാതിരിക്കുന്നതാണ് നല്ലത്. അധികാരം കയ്യാളി അഹങ്കാരം മൂത്ത ബൂർഷ്വ കമ്യൂണിസ്റ്റുകാർ മാർക്‌സിസത്തിന്റെ ശവക്കുഴി തോണ്ടിയത് ഇന്ന് യഥാർഥ കമ്യൂണിസ്റ്റുകൾ തന്നെ സമ്മതിക്കുന്ന യാഥാർഥ്യമാണ്. ഫ്യൂഡൽ മേലാളർ ഒരു സ്വഭാവികതയോടെ രാഷ്ട്രീയ മേലാളരായി തുടരുന്നത്, അവർക്ക് സമ്പത്തിൽ നിയന്ത്രണമുള്ളതുകൊണ്ടാണ്. സമ്പത്താണ് ശക്തി. നമ്മുടെ ചിന്താപദ്ധതികളിലും വിശകലന ചട്ടക്കൂടുകളിലും ഗൗരവപൂർണമായ ചില മാറ്റങ്ങൾ അനിവാര്യമാണ്.
2020 മെയ് 30ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ