അത്ര കൃത്യമാണോ
തെരഞ്ഞെടുപ്പു സര്‍വേകള്‍?
അത്ര കൃത്യമാണോ തെരഞ്ഞെടുപ്പു സര്‍വേകള്‍?
തെരഞ്ഞെടുപ്പു സര്‍വേകള്‍ സ്ഥാപിത താല്‍പര്യത്തിനുവേണ്ടി ഉപയോഗിക്കാറുണ്ട്. ഇവ വോട്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന വാദത്തിന് കഴമ്പൊന്നുമില്ല. എങ്കിലും, സര്‍വേകള്‍ നിരോധിക്കേണ്ട ആവശ്യമില്ല, ജനങ്ങള്‍ ശരിതെറ്റുകള്‍ മനസ്സിലാക്കാന്‍ പ്രാപ്തരാകുകയാണ് വേണ്ടത്- തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മേധാവി സോമശേഖരന്‍ പിള്ള എം. എഴുതുന്നു
1 May 2021, 06:19 PM
കഴിഞ്ഞ മുപ്പതുവര്‍ഷമായി ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് സര്‍വേകളും നടക്കുന്നുണ്ട്. ആദ്യകാലത്ത് പ്രണോയ് റോയ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരും ചുരുക്കം ചില ദേശീയ മാധ്യമങ്ങളുമായിരുന്നു സര്‍വേ നടത്തിയിരുന്നത് എങ്കില്‍ ഇന്ന് മിക്ക മാധ്യമങ്ങളും പല ഏജന്‍സികളും സര്‍വേ നടത്തുന്നു.
സര്‍വേകളുമായി ബന്ധപ്പെട്ട് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്:
1. സര്‍വേകള്‍ ആവശ്യമാണോ? എങ്കില്‍ അതിന്റെ പ്രസക്തി എന്ത്?
2. സര്‍വേകള്‍ക്ക് എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളത്?
3. സര്‍വേകള്‍ നേരിടുന്ന വെല്ലുവിളി എന്തൊക്കെ?
4. സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി അശാസ്ത്രീയമായി സര്‍വേ നടക്കുന്നുണ്ടോ? അവ നിരോധിക്കപ്പെടണോ?
കൃത്യമായ വിവരം ശേഖരിക്കാൻ കഴിയും
ആദ്യമായി പറയട്ടെ, സര്‍ക്കാരുകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും വിലയിരുത്താനുള്ള സര്‍വേകള്‍ തെരഞ്ഞെടുപ്പു സമയത്തു മാത്രമല്ല, നിശ്ചിത ഇടവേളകളില്‍ ശാസ്ത്രീയമായി നടത്തുകയും അവയില്‍ നിന്ന് ലഭിക്കുന്ന സ്ഥിതിവിവരങ്ങള്‍ സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗപ്പെടുത്തുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും സഹായകരമാണ്. നന്നായി തയ്യാറാക്കിയ ചോദ്യാവലിയുടെ സഹായത്താല്‍ ആകെ ജനതയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു സാമ്പിളില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സിലെ ശാസ്ത്രീയരീതികളനുസരിച്ച് ഏറെക്കുറെ കൃത്യതയുള്ള സ്ഥിതിവിവരങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാന്‍ കഴിയും. വയെ ശരിയായി കോഡീകരിച്ചും വിശകലനം ചെയ്തും ലഭിക്കുന്ന അറിവുകള്‍ ഭരണപ്രക്രിയയ്ക്കും അക്കാദമിക പഠന പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാക്കാവുന്നതാണ്.
ഏറ്റവും പ്രധാനം, ഇത്തരം ഡേറ്റ മറ്റൊരു രീതിയിലും ലഭ്യമല്ല എന്നതാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വിലപ്പെട്ട ഡേറ്റയോട് വലിയ താല്‍പര്യം കാണുന്നില്ല. തല്‍ഫലമായി, സര്‍വേകള്‍ തെരെഞ്ഞെടുപ്പുസമയത്ത് മാത്രമായി ഒതുങ്ങുകയും കേവലം സീറ്റുകളുടെ എണ്ണം പറയുന്നതിലേക്ക് ചുരുങ്ങിപ്പോകുകയും ചെയ്യുന്നു.
ശാസ്ത്രീയമായി നടത്തുന്ന സര്‍വേകള്‍ക്ക്, അവയില്‍ നിന്ന് ലഭിക്കുന്ന ഭരണത്തിനും പഠനത്തിനും പ്രയോജനപ്പെടാവുന്ന വിവരങ്ങളുടെ ശേഖരണം എന്ന തലത്തില്‍ വലിയ പ്രസക്തിയുണ്ട്.
ഇവിടെ ശാസ്ത്രീയത എന്ന് വിവക്ഷിക്കുന്നത്, ജനതയുടെ വൈവിധ്യങ്ങളായ ആശയങ്ങളേയും അഭിപ്രായങ്ങളേയും ആവശ്യങ്ങളേയും അവയുടെ യഥാര്‍ത്ഥമായ അളവില്‍ മനസ്സിലാക്കാന്‍ ഉപകാരപ്പെടുന്ന പ്രാതിനിധ്യ സ്വഭാവമുള്ള സാമ്പിള്‍ എത്രയുണ്ടാകണം, എങ്ങനെ അവ തെരെഞ്ഞെടുക്കണം, എങ്ങനെ വിശകലനം ചെയ്യണം തുടങ്ങിയവയാണ്. ഇവിടെയാണ് സ്റ്റാറ്റിസ്റ്റിക്‌സിലെ രീതിശാസ്ത്രങ്ങളുടെ പ്രസക്തി. സാമ്പിളുകളുടെ എണ്ണം നിശ്ചയിക്കുന്നതിലും സാമ്പ്‌ളിംഗ് രീതി നിശ്ചയിക്കുന്നതിലും ചോദ്യാവലി തയ്യാറാക്കുന്നതിലും ഡേറ്റ വിശകലനം ചെയ്യുന്നതിലും എല്ലാം സ്റ്റാറ്റിസ്റ്റിക്‌സിന്റെ തത്വങ്ങളിലും പ്രായോഗിക വശങ്ങളിലുമുള്ള അറിവ് അത്യന്താപേക്ഷിതമാണ്. സര്‍വേ ചെയ്യുന്ന ഏതൊരു ഏജന്‍സിയും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ ബാദ്ധ്യസ്ഥരാണ്. പക്ഷെ. ചുരുക്കം ചിലര്‍ മാത്രമെ ഇത്തരം വിവരങ്ങള്‍ കൃത്യമായി പറയാറുള്ളൂ.
എത്രത്തോളം ശാസ്ത്രീയം?
ഇനി സര്‍വേകളുടെ പൊതുവേയുള്ള ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കാം. മൂന്നു തരത്തിലുള്ള സര്‍വേകളാണ് നടത്താറ്- പ്രീ പോള്‍, എക്‌സിറ്റ്, പോസ്റ്റ് പോള്‍.
എക്‌സിറ്റ് പോള്‍ വോട്ടിംഗ് ദിവസം വോട്ട് ചെയ്ത് ബൂത്തില്‍ നിന്ന് പുറത്തുവരുന്നവരില്‍ നേരിട്ടു നടത്തുന്ന സര്‍വേയാണ്. ഇത് ചെലവു കുറഞ്ഞതും എളുപ്പമുള്ളതും ആകുമെങ്കിലും ശാസ്ത്രീയ അടിത്തറയില്ല. കൃത്യമായ സാമ്പിളിംഗ് രീതി അവലംബിക്കുവാനോ പോപ്പുലേഷന്റെ സ്ത്രീ-പുരുഷ, മത, പ്രായ വൈവിധ്യങ്ങളെ സാമ്പിളില്‍ ഉള്‍ക്കൊള്ളിക്കുവാനോ പ്രയാസമാണ്. കൂടാതെ ഇവ ആര് ജയിക്കും, തോല്‍ക്കും എന്ന ചോദ്യത്തില്‍ ഒതുങ്ങിപ്പോകും. രഹസ്യസ്വഭാവത്തോടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ അസത്യമായ പ്രതികരണങ്ങളെ തിരിച്ചറിയാന്‍ വിശകലന സമയത്തു പോലും കഴിയാതെ വരികയും ചെയ്യും. വിജയപരാജയത്തില്‍ മുന്നണികളോ പാര്‍ട്ടികളോ തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്ന വേളയില്‍ ഒരു പൊതുസ്വഭാവം മനസ്സിലാക്കുവാന്‍ മാത്രം ഈ സര്‍വേയ്ക്ക് കഴിഞ്ഞെന്നിരിക്കാം. രഹസ്യ ബാലറ്റ് സമ്പ്രദായം എന്ന ബോധം നിലനില്‍ക്കുന്ന, പൊതുവെ വോട്ടു ചെയ്യുന്നതു സംബന്ധിച്ച നിലപാട് വെളിപ്പെടുത്തുവാന്‍ വൈമനസ്യമുള്ള ഒരു സമൂഹത്തിന് അനുയോജ്യമായ സര്‍വേ രീതിയല്ലിത്.
പ്രീ പോള്‍, പോസ്റ്റ് പോള്‍ സർവേകളുടെ കൃത്യത
പ്രീ പോള്‍, പോസ്റ്റ് പോള്‍ സര്‍വേകള്‍ കൊണ്ടുദ്ദേശിക്കുന്നത് സൂക്ഷ്മതയോടെ തയ്യാറാക്കപ്പെട്ട വിശദമായ ചോദ്യാവലിയുടെ സഹായത്താല്‍ തെരെഞ്ഞെടുക്കപ്പെട്ട ( സാമ്പിള്‍ ) വോട്ടര്‍മാരില്‍ നിന്ന് നേരിട്ട് വിവരം ശേഖരിക്കുന്ന രീതിയാണ്. ഇവിടെ ഏറ്റവും പ്രധാന വിഷയങ്ങള്‍; സാമ്പിളുകളുടെ എണ്ണം എങ്ങനെ തീരുമാനിച്ചു, പ്രായ- ലിംഗ- മതപരമായ പോപ്പുലേഷന്‍ അനുപാതം എങ്ങനെ സാമ്പിളില്‍ കൊണ്ടുവരാന്‍ കഴിയും, ആര്‍ക്ക് വോട്ടു ചെയ്യുന്നു എന്ന വോട്ടറുടെ നിലപാടിന്റെ രഹസ്യ സ്വഭാവം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയും എന്നിവയാണ്.
ആദ്യം സാമ്പിളുകളുടെ എണ്ണത്തെക്കുറിച്ച് പറയാം. സാധാരണ ചാനല്‍ ചര്‍ച്ചകളില്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, എത്ര ശതമാനം സാമ്പിള്‍ എടുത്തുവെന്ന്. ഈ ഒറ്റ ചോദ്യത്താല്‍ മനസ്സിലാകും അദ്ദേഹത്തിന് സാമ്പിളുകളുടെ എണ്ണം നിശ്ചയിക്കുന്നതിനെക്കുറിച്ചോ അതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ചോ ഒരു വിവരവുമില്ലെന്ന്. സാമ്പിളുകളുടെ എണ്ണം ശതമാന അടിസ്ഥാനത്തിലല്ല തീരുമാനിക്കുന്നത്. ഉദാഹരണമായി, പതിനായിരം ആളുകളുള്ള ഒരു പോപ്പുലേഷനെക്കുറിച്ച് 95% കൃത്യതയോടെ പഠിക്കുവാന്‍ 400 (4%) ആവശ്യമായി വരാം. അതേ ലക്ഷ്യത്തോടെ നടത്തുന്ന പഠനത്തില്‍ പോപ്പുലേഷന്‍ ഒരു ലക്ഷമായാലും വൈവിധ്യ സ്വഭാവത്തിന് മാറ്റമില്ലെങ്കില്‍ 600 ( 0.6%) മതിയാകും. കേരളമാകെ പാര്‍ട്ടികളുടേയോ മുന്നണികളുടേയോ വോട്ട് ഷെയര്‍ 95% കൃത്യതയോടെ അറിയാൻ 6000 സാമ്പിളുകളുടെ ആവശ്യമേ ഉള്ളൂ. 99% കൃത്യത ആവശ്യമുണ്ടെങ്കില്‍ 8000 സാമ്പിൾ ആവശ്യമായി വരും. എന്നാല്‍, ഓരോ മണ്ഡലത്തിലേയും വോട്ട് ഷെയര്‍ അറിയണമെങ്കില്‍ ഇവ യഥാക്രമം 60000 ഉം 84000 ഉം ആയി ഉയരും.
ഇവിടെ ഏറ്റവും പ്രധാന കാര്യം സാമ്പിളുകളുടെ എണ്ണത്തേക്കാള്‍, എങ്ങനെ സാമ്പിള്‍ എടുക്കുന്നുവെന്നുള്ളതാണ്. മുമ്പു പറഞ്ഞതുപോലെ, സ്ത്രീ-പുരുഷ അനുപാതം, വ്യത്യസ്ത പ്രായക്കാരുടെ അനുപാതം, മതാടിസ്ഥാനത്തിലുള്ള അനുപാതം ഇവ പോപ്പുലേഷനിലുള്ളതു തന്നെയാകണം സാമ്പിളിലും. കാരണം, മുകളില്‍ പറഞ്ഞ വൈവിധ്യങ്ങള്‍ വോട്ടിംഗ് സ്വഭാവത്തെ സ്വാധീനിക്കുന്നുവെന്നത് വസ്തുതയാണ്. ഈ സ്വഭാവവ്യത്യാസത്തെ സാമ്പിളിന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പഠനവും തെറ്റാകും.
അതുകൊണ്ടു തന്നെ മണ്ഡലങ്ങളെ പൊതുരാഷ്ട്രീയ സ്വഭാവമനുസരിച്ച് തരം തിരിക്കുകയും അവയ്ക്ക് ആനുപാതിക രീതിയില്‍ പഠിക്കുവാനുള്ള മണ്ഡലങ്ങളെ റാന്റമായി തെരെഞ്ഞെടുക്കുകയും വേണം. അവയില്‍ നിന്ന് പോളിംഗ് ബൂത്തുകളും വോട്ടര്‍മാരെയും സ്റ്റാറ്റിസ്റ്റിക്കല്‍ രീതിയില്‍ തന്നെ റാന്റമായി തെരെഞ്ഞെടുക്കേണ്ടതും വീടുകളില്‍ എത്തി രഹസ്യസ്വഭാവം നിലനിര്‍ത്തി വിവരങ്ങള്‍ ശേഖരിക്കുകയുമാണ് വേണ്ടത്. അതിനുവേണ്ടുന്ന അനുയോജ്യമായ മാര്‍ഗം അവലംബിക്കാം.
ഇവയൊന്നും ശ്രദ്ധിക്കാതെ കണ്ടുമുട്ടുന്ന ആള്‍ക്കാരില്‍ നിന്നോ ആള്‍ക്കൂട്ടത്തില്‍ നിന്നോ വിവരങ്ങള്‍ ശേഖരിക്കുക, സ്ഥലത്ത് പരിചിതനായ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുക എന്നതൊക്കെ തെറ്റായ രീതികളാണ്. ഇത്തരം അവസരങ്ങളില്‍ സാമ്പിളിന്റെ എണ്ണം കൂടുന്നതനുസരിച്ച് തെറ്റുകള്‍ കൂടുകയേ ഉള്ളൂ.
പണച്ചെലവ് ഭീമം
ഇനി ശാസ്ത്രീയമായി സര്‍വേ നടത്താന്‍ നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കാം. ഒന്നാമതായി, സര്‍വേ നടത്തുവാനുള്ള ഭീമമായ ചെലവാണ്. ഉദാഹരണമായി 8,000 സാമ്പിള്‍ എടുക്കാൻ ഏറ്റവും കുറഞ്ഞത് 18 ലക്ഷം രൂപ ആവശ്യമാണ്. 84,000 സാമ്പിള്‍ എടുക്കുവാന്‍ ഏകദേശം ഒന്നേകാല്‍ കോടി രൂപ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ പൂര്‍ണമായും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ആരെങ്കിലും സര്‍വേ നടത്തുന്നുണ്ടോയെന്ന് സംശയമാണ്.
രണ്ടാമതായി,സര്‍വേകള്‍ നേരിടുന്ന ഒരു പ്രശ്‌നം വോട്ടര്‍മാര്‍ എത്ര സത്യസന്ധമായി സര്‍വേയോട് പ്രതികരിക്കുന്നുവെന്നതാണ്. രഹസ്യസ്വഭാവം സൂക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതികരിക്കാത്തവരുടെ എണ്ണം വളരെ വലുതാകും. പ്രതികരിക്കുന്നവരില്‍ ബോധപൂര്‍വ്വം അസത്യമായി പ്രതികരിക്കുന്നവരും കുറവല്ല. ചോദ്യാവലിയുടെ ശക്തിയാണ് ഇത്തരം ആള്‍ക്കാരുടെ ശരിയായ രാഷ്ട്രീയ സ്വഭാവം വിശകലന സമയത്ത് മനസ്സിലാക്കുവാന്‍ സഹായിക്കുക. എന്നാലും, ഏതെങ്കിലും പാര്‍ട്ടി അനുഭാവിയോ പ്രവര്‍ത്തകനോ അവരുടെ രാഷ്ട്രീയ പ്രതിപത്തിക്കു വിരുദ്ധമായി എന്തെങ്കിലും കാരണത്താല്‍ വോട്ടു മാറ്റി ചെയ്താല്‍ വിശകലനത്തില്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ ബോധപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കപ്പെടാം.
ഇന്ന് ഇത്തരം സര്‍വ്വേകള്‍ കച്ചവട സ്വഭാവത്തോടെയും സ്ഥാപിത താല്‍പര്യത്തിനു വേണ്ടിയും ഉപയോഗിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍, പല സര്‍വേകളും കാണുമ്പോള്‍ ഉണ്ട് എന്നാണ് മറുപടി. ഇത്തരക്കാര്‍, സദുദ്ദേശ്യത്തോടെയും നിക്ഷ്പക്ഷമായും നടത്തുന്ന സര്‍വേകള്‍ക്കുപോലും അവമതിപ്പുണ്ടാക്കുന്നു. ഇവ വോട്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന വാദത്തിന് കഴമ്പൊന്നുമില്ല. തെറ്റായും രാഷ്ട്രീയ പക്ഷപാതപരമായും ഉള്ള പ്രചാരണങ്ങള്‍ സര്‍വ്വേകളില്‍ മാത്രമല്ല, എല്ലാത്തരം മാധ്യമങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളിലും കാണാം. അതിനാല്‍ സര്‍വേകള്‍ നിരോധിക്കേണ്ട ആവശ്യമൊന്നുമില്ല, ജനങ്ങള്‍ ശരിതെറ്റുകള്‍ മനസ്സിലാക്കാന്‍ പ്രാപ്തരാകുകയാണ് വേണ്ടത്.
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
അശോകകുമാർ വി.
Dec 18, 2022
5 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read
പി.ബി. ജിജീഷ്
Nov 09, 2022
18 Minutes Read
പിണറായി വിജയൻ
Oct 23, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Oct 21, 2022
6 Minutes Read
സിന്ധു മരിയ നെപ്പോളിയൻ
Aug 23, 2022
6 Minutes Read
ഹരിദാസൻ എൻ.സി.
1 May 2021, 07:51 PM
കേരള യൂണിവേഴ്സിറ്റി ജേണലിസം ഡിപ്പാർട്ട്മെന്റ് നടത്തിയ തിരഞ്ഞെടുപ്പ് പ്രവചനവും അത് ഒട്ടും സയന്റിഫിക് അല്ലെന്നതിനാൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ സഹകരിക്കുകയുണ്ടായില്ലെന്നതും ലേഖകന്റെ അഭിപ്രായത്തെ ശരിവയ്ക്കുന്നു. ശിവകുമാർ എന്നൊരു സ്ഥാനാർഥിയെ കെ.കരുണാകരൻ ബിജെപി നേതാവ് രാജഗോപാലിന് വോട്ട് മറിച്ചു കൊടുക്കാൻ വേണ്ടി മാത്രം കണ്ടുപിടിച്ചതാണെന്നും ഇതിന് പ്രത്യുപകാരമായി കരുണാകരൻ ഗ്രൂപ്പുകാരായ എല്ലാ കോൺഗ്രസുകാർക്കും ബിജെപി വോട്ട് മറിച്ചു കൊടുക്കുമെന്നും സിപിഎം വ്യാപകമായി പ്രചരണം നടത്തിയിരുന്ന കാലത്താണ് സർവേ നടത്തിയത്.സർവേ ഫലം രാജഗോപാൽ വിജയിക്കും ശിവകുമാർ മൂന്നാം സ്ഥാനത്താകുമെന്നുമായിരുന്നു.ഇലക്ഷൻ സ്പെഷ്യൽ ബുള്ളറ്റിനിൽ സർവേ ഫലം പ്രസിദ്ധീകരിച്ച് കാമ്പസിൽ വിതരണം ചെയ്തിരുന്നു.റിസൽട്ട് പുറത്ത് വന്നപ്പോൾ ജയിച്ചത് ശിവകുമാർ!