കേരള നവോത്ഥാനത്തിലെ നായരും നമ്പൂതിരിയും

കേരള നവോത്ഥാന പ്രക്രിയയുടെ വിവേചനപരമായ ഉള്ളടക്കം മനസ്സിലാക്കുമ്പോൾ, നവോത്ഥാനം പൗരസമത്വം ഉറപ്പുവരുത്തിയതുപോലെ വിവേചനപൗരത്വവും നിർമിച്ചെടുത്തുവെന്നുപറയേണ്ടിവരും. അവകാശനിഷേധ ഭൂതകാലത്തെ അതിജീവന മൂലധനമാക്കിയവർ ഭൂതവിഛേദം നേടിയെങ്കിലും മുൻഗാമികളുടെ കർമഫലം അനുഭവിക്കേണ്ടിവന്ന പിൽക്കാല തലമുറകൾ തമ്മിലുള്ള വിവേചനം ഭാവിയിലെ ചിന്താവിഷയമാകും. അതിന്റെ തെളിവാണ് സാമ്പത്തിക സംവരണവാദം രാഷ്ട്രീയമാനം കൈകൊള്ളുന്നത്.

കേരളത്തിലെ ആധുനിക സമൂഹം നിർമിക്കപ്പെട്ടിരിക്കുന്നത് ജാതിസ്വത്വങ്ങളുടെ രാഷ്ട്രീയരൂപീകരണത്തോടെയാണ്. സമുദായവല്കരണം എന്നറിയപ്പെടുന്ന ഈ പ്രക്രിയ, സമുദായോദ്ധാരണം എന്ന പേരിൽ നവോത്ഥാനമായാണ് വിലയിരുത്തുന്നത്.

അവർണസമുദായവല്കരണത്തിൽ നിന്ന് ഭിന്നമാണ് സവർണസമുദായവല്കരണം. പ്രധാനമായും സമുദായങ്ങൾ എന്ന് അടയാളപ്പെടുത്താവുന്ന സമുദായസ്വരൂപം അവർണർക്കിടയിൽ സ്വത്വപരമായി ആദ്യകാലത്ത് നിലനിന്നിരുന്നില്ല. അവർ ഓരോ ജാതികളായി സംഘടിച്ച് ജാതിസ്വത്വങ്ങൾ രാഷ്ട്രീയമായി നിർമിച്ചെടുക്കുകയായിരുന്നു. അതിനുമുമ്പ് മറ്റുള്ളവർ വിവേചനത്തിനായി പ്രയോജനപ്പെടുത്തിയിരുന്ന ആരോപിത ജാതിസ്വത്വമായിരുന്നു അവർക്കുണ്ടായിരുന്നത്. കൊളോണിയൽ സെൻസസ് ജനസംഖ്യാടിസ്ഥാനത്തിലുള്ള ജാതിസ്വത്വം നിർമിച്ചേകി. പിന്നീട് ഓരോ സമുദായങ്ങളും ജാതിസ്വത്വങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന പലതും അവകാശങ്ങളായി മനസിലാക്കിക്കൊണ്ട് അവകാശങ്ങൾ നേടിയെടുക്കാനായി രാഷ്ട്രീയമായി സംഘടിച്ചു.

നായർ സ്ത്രീകൾ 1910കളിലെ ചിത്രം /Photo: Kerala History, Instagram

സവർണസമുദായസംഘടനാ രൂപീകരണത്തെ അവർണ സമുദായവൽക്കരണ പ്രക്രിയയുമായി ബന്ധപ്പെടുത്തി പറയുന്ന പ്രവണത സാധാരണമാണ്. അങ്ങനെ പറയുന്നതിൽ വലിയ പ്രശ്നമൊന്നും ആർക്കും തോന്നാറുമില്ല. സംഘടനാരൂപീകരണത്തിന്റെ ജന്മവർഷം കണക്കിലെടുത്താണിത്തരം പ്രസ്താവനകൾ നടത്തുന്നത്. സംഘടന എന്ന തലത്തിൽ മാത്രം മനസിലാക്കേണ്ടതല്ല കേരളത്തിലെ ജാതിസ്വത്വനിർമിതികളെയും വ്യവഹാരങ്ങളെയും. ആധുനികയുഗത്തിൽ ജാതി ഒരു സാമൂഹിക സംവർഗമായി ഭരണതലത്തിൽ അംഗീകാരം നേടി. അവർണർക്ക് അത് സംവരണ ഉപാധിയായി മാറിയതോടെ, സവർണസമുദായങ്ങൾക്കുമാത്രം ലഭ്യമായിരുന്ന ഇടങ്ങളിൽ കടന്നെത്തി തങ്ങൾക്കും കൂടിയുള്ള അവസരങ്ങളാണിവയെന്നു സ്ഥാപിച്ച് അനുഭവിക്കാനും കഴിയുന്നു. ഫ്യൂഡൽ നാടുവാഴിത്തവ്യവസ്ഥ രൂപപ്പെട്ടത് സവർണ സമുദായങ്ങളുടെ താല്പര്യങ്ങൾ നിലനിറുത്താനായിരുന്നു. അവർ മാത്രമേ സാന്നിധ്യമായിരുന്നുള്ളു. അവകാശങ്ങളും അവർക്കേ ഉണ്ടായിരുന്നുള്ളൂ. അവകാശശൂന്യരായിരുന്ന അപരർക്ക് സ്വത്വപരമായ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവരെ മനുഷ്യഗണത്തിൽ പോലും ഉൾക്കൊണ്ടിരുന്നില്ല. സാന്നിധ്യമുള്ള ജനവർഗങ്ങൾക്ക് സുഖമായി ജീവിക്കാനുള്ള വകകൾ ഉല്പാദിപ്പിക്കുന്ന കായികശേഷിയെന്നല്ലാതെ അവരെ ഉല്പാദകരായി പോലും പരിഗണിച്ചിരുന്നില്ല. അവകാശങ്ങളില്ലാത്ത കായികാധ്വാനികൾക്ക് വ്യവസ്ഥക്കുവെളിയിലായിരുന്നു സ്ഥാനം. ദീർഘകാലം പുറത്താക്കപ്പെട്ടിരുന്നവരുടെ അകംപ്രവേശമായിരുന്നു അവർണ സാമുദായവത്കരണത്തിലൂടെ സാധ്യമായത്.

കൊളോണിയൽ ആധുനികത സൃഷ്ടിച്ച സാമൂഹ്യാവസ്ഥയിൽ പുറത്തുനിന്നുള്ളവർ അകത്തേയ്ക്കു പ്രവേശിച്ചപ്പോൾ അകത്തുതന്നെയായിരുന്നവർക്ക് സ്വയം നവീകരണം വേണ്ടിവന്നു. അത്തരത്തിൽ ആധുനികമായ അതിജീവനത്തിനുവേണ്ടി നടന്ന സാമുദായിക നവസ്വത്വനിർമിതിയാണ് സവർണർക്കിടയിലെ സമുദായവൽക്കരണം. സവർണ വിഭാഗങ്ങൾക്ക് ആധുനികയുഗത്തിൽ സാന്നിധ്യമാകണമെങ്കിൽ, പുതുവ്യവസ്ഥയിൽ പങ്കാളികളാകണമെങ്കിൽ, രാഷ്ട്രീയമായി സംഘടിക്കണമെങ്കിൽ പഴയ വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്ന അബോധത്തെയും സമുദായവഴക്കങ്ങളെയും മൂലധനമാക്കിക്കൊണ്ടുമാത്രം നിലനിൽക്കാനാവില്ല. പഴഞ്ചൻ ശീലങ്ങളിൽനിന്ന് പുറത്തുവരികയും നവലോകത്തിനാവശ്യമായ ജീവതാളം ആർജിക്കുകയും വേണ്ടതുണ്ട്. അതിനായി പുതുതായി നേടിയ വിദ്യാഭ്യാസബലം കൊണ്ടവർ സമുദായവിമർശകരായി. സമുദായത്തിന്റെ വഴക്കങ്ങളിൽ നിന്ന് സമുദായവ്യക്തികളായി നിന്നുകൊണ്ട് സമുദായ ഒരുമ ആർജ്ജിച്ച് നവസ്വത്വനിർമിതി സാധ്യമാക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ അവർണർക്കുവേണ്ടിയിരുന്ന സമുദായസ്വത്വ സ്ഥാപനത്തിൽനിന്ന് ഭിന്നമാണ് സവർണ സമുദായരാഷ്ട്രീയ സ്വത്വനിർമിതിയെന്നു മനസിലാക്കേണ്ടതുണ്ട്.

പി. രാജഗോപാലാചാരി

സവർണസമുദായവൽക്കരണത്തിൽ പ്രധാനമായ രണ്ടു ജാതിസംഘടനകൾ നായർ സർവീസ് സൊസൈറ്റിയും നമ്പൂതിരി യോഗക്ഷേമസഭയുമാണ്. ഇവയുടെ രൂപീകരണത്തിനുപിന്നിൽ സമുദായപരിഷ്‌കരണമാണ് പ്രമുഖ ലക്ഷ്യമായിരുന്നത്. മാമൂൽ ഘടനയിൽ നിന്ന് പുറത്തുവരേണ്ടത് ആ സമൂഹത്തിന്റെ ആഭ്യന്തരമായ സ്വാതന്ത്ര്യവാഞ്ഛയായിരുന്നു; ഒപ്പം അനിവാര്യതയും. ആധുനിക വിദ്യാഭ്യാസം സൃഷ്ടിച്ച സമുദായ വിമർശന മനസ്സാണ് ഈ സംഘടനകളുടെ സൃഷ്ടിക്കുപിന്നിൽ പ്രവർത്തിച്ച പ്രധാനഘടകം. എസ്. എൻ. ഡി. പി രൂപീകരണം പരോക്ഷപ്രേരണ ചെലുത്തിക്കാണുമെങ്കിലും അതാണ് ഇവയുടെ സൃഷ്ടിക്കുകാരണം എന്ന വാദത്തിൽ കഴമ്പില്ല. ബ്രിട്ടീഷുകാരുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകൾ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിടങ്ങളിൽ ആധുനികാശയലോകത്തിന്റെ കാലാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ആ മാറ്റങ്ങളോട് ഓരോ സമുദായവും പ്രതികരിക്കുന്നുണ്ട്. കാലം, രീതി ഇവയൊക്കെ സമാനമായി മാറുന്നത് കൊളോണിയൽ ലെൻസിലൂടെയുള്ള കാഴ്ചകളായതുകൊണ്ടാണ്. അങ്ങനെയല്ലാതെ നടന്ന തനതുപ്രതികരണങ്ങൾ സമുദായവത്കരണത്തിന്റെ കാര്യത്തിൽ അയ്യൻകാളിക്ക് അവകാശപ്പെട്ടതാണ്. അഭ്യസ്തവിദ്യർ പുറത്തുനിന്ന് സമുദായത്തിന്റെ അകം കാണുമ്പോൾ മുന്നിൽ സ്വസമുദായത്തിന്റെ ജീർണിച്ച ഉൾഘടന തെളിഞ്ഞുവരും. അതോടെ സ്വാഭാവികമായും ആത്മവിമർശനത്തിന് വിധേയമാകുന്നതുപോലെ സമുദായ വിമർശനത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല എന്ന അവസ്ഥ സൃഷ്ടിച്ചു. സവർണസംഘടനകളുടെ രൂപീകരണലക്ഷ്യം സ്വസമുദായത്തെ ആധുനിക സമൂഹത്തിന്റെ നിലയും വിലയും ആർജിപ്പിച്ച്, പൗരാവകാശങ്ങൾ അറിഞ്ഞു അതിജീവനസാധ്യത നിലനിറുത്താൻ പര്യാപ്തമാക്കുക എന്നതായിരുന്നുവെന്നു അവരുടെ പ്രവർത്തനരീതി വെളിവാക്കുന്നു.

നായർ സമുദായരൂപീകരണം

കേരളീയ സാഹചര്യത്തിൽ ഗൃഹതുര സ്മരണകൾ ഉണർത്താനായിട്ടല്ലെങ്കിലും, ഭൂതകാലത്തെ കണക്കിലെടുക്കാതെ, നായർ സമൂഹത്തെ കുറിച്ചുള്ള ആലോചന നടത്താനാവില്ല. അവരുടെ സമൂഹഘടനയുടെ ആധുനികീകരണത്തിൽ നിർണായകപങ്കു വഹിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തിനും കൊളോണിയൽ ആധുനികതക്കും കഴിഞ്ഞിട്ടുണ്ട്. നഷ്ടപ്രതാപം ഗൃഹതുരത്വമായി വരിഞ്ഞുമുറുക്കി ആധുനിക സമൂഹവൽക്കരണത്തോട് അനുഭാവമില്ലാത്തവരാക്കി മാറ്റിയ സന്ദർഭത്തിൽ, പാരമ്പര്യവിഛേദം ഉറപ്പുവരുത്തി ആധുനിക സമൂഹവല്കരണത്തിന്റെ ഭാഗമാകാനാണ് സംഘരൂപീകരണമുണ്ടായത്. ആരായിരുന്നു നായന്മാർ എന്ന് ചോദിച്ചാൽ തിരുവിതാംകൂറിൽ മിക്കഭാഗങ്ങളിലെയും ഭൂ ഉടമകൾ, അടിമകളുടെ ഉടമകൾ, നാട്ടിലെ നിയമസമാധാനപാലകർ, രാജഭരണകാലത്തെ ഭരണകൂടത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ എന്നിങ്ങനെ പലതും ഭൂതകാല വിശേഷങ്ങളായി പറയാം. മരുമക്കത്തായ വ്യവസ്ഥിതി, കൂട്ടുകുടുംബവ്യവസ്ഥ, അതായത് തറവാട്, സവർണഘടനയിൽ ശൂദ്രരാണെങ്കിലും ഉപരിജാതികളുമായി സംബന്ധബന്ധം നിലനിറുത്താനായതുകൊണ്ട് ഘടനയിൽ ചില സവിശേഷാധികാരങ്ങൾ അനുഭവിക്കാൻ കഴിഞ്ഞവർ, അവർണരോട് ജാതിമേധാവിത്വം കാണിച്ചിരുന്നവർ തുടങ്ങി കഴിഞ്ഞകാലത്തെ അഭിമാനമായി പറയാവുന്ന എല്ലാ പ്രഭുത്വ ഘടകങ്ങളും ഒരു സമുദായത്തിന്റെ നാശം ഉറപ്പുവരുത്തിയ സന്ദർഭത്തിൽ അതിജീവനാവശ്യമായി സംഘടന നിർബന്ധമായി.

റോബിൻ ജെഫ്രി

കൊളോണിയൽ, മിഷണറി സാന്നിധ്യം മൂലം മാറിയകാലത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ സമുദായത്തിന് ആദ്യഘട്ടത്തിൽ കഴിഞ്ഞില്ല. അത്രയും സുരക്ഷിതത്വം ഫ്യൂഡൽ ഘടനയിലവർക്കുണ്ടായിരുന്നു. മിഷണറിസമ്പർക്കം ക്രിസ്ത്യാനികളിൽ മാത്രമല്ല അവർണരിലും (ക്രിസ്തുമതം സ്വീകരിച്ചവരിലും അല്ലാത്തവരിലും) പല മാറ്റങ്ങളും സൃഷ്ടിച്ചു. ബ്രിട്ടീഷ് ഭരണകൂടം തദ്ദേശീയ ഭരണകൂടത്തിനുമേൽ മാമുൽരീതികളിൽ നിന്ന് മാറാനും സമ്മർദ്ദമേകി.

1850 മുതൽ വാണിജ്യത്തിലും തൊഴിലിലും ലഭ്യമായ സാധ്യതകൾ സിറിയൻ ക്രിസ്ത്യാനികളും ഈഴവരും വലിയതോതിൽ പ്രയോജനപ്പെടുത്തി. ഈ സാഹചര്യം പ്രയോജനപ്പെടുത്തുന്നതിൽനിന്ന് മാറിനിക്കാൻ യാഥാസ്ഥിതിക നായർബോധം അക്കൂട്ടരെ പ്രേരിപ്പിച്ചു. മാമൂൽ മൂല്യങ്ങളിലെ മാറ്റം, കൊളോണിയൽ നിയമസമ്പ്രദായം, 1855 ലെ അടിമത്വ നിരോധനം തുടങ്ങി എല്ലാം നായന്മാരുടെയിടയിൽ പ്രബലമായിരുന്ന മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തെ ശിഥിലീകരിച്ചു. നായർ സമുദായത്തെ സൈനികവൃത്തിയിൽനിന്ന് ഒഴിവാക്കിയ ബ്രിട്ടീഷ് നടപടി (1840) അവർക്കിടയിൽ അലസത വർധിപ്പിച്ചു. അടിമത്വം അവസാനിച്ചപ്പോൾ, ഭക്ഷ്യവരവിലും കുറവുവന്നു. പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം കൂടുതൽ ആവശ്യമായി വന്നപ്പോൾ, പഠനച്ചെലവ് വഹിക്കുന്നതിനെച്ചൊല്ലി തറവാടുകളിൽ കലഹങ്ങൾ നിറഞ്ഞു. ആവശ്യത്തിനനുസരിച്ച് വിനിമയം ചെയ്യാൻ പണമില്ലാതെ വന്നു. അലസതയും, ദുരാചാരങ്ങളും എല്ലാംകൂടി തറവാടുകളുടെ പ്രൗഢിയില്ലാതാക്കി. അമ്മാവന്മാർ മക്കൾക്കായി പ്രവർത്തിച്ചതുമൂലം പുതിയ വിദ്യാഭ്യസസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി അവർ അഭ്യസ്തവിദ്യരായി, ഉദ്യോഗങ്ങൾ നേടി. പലർക്കും ആ സൗകര്യം നിഷേധിക്കപ്പെട്ടു. ‘നായർ മേധാവിത്തത്തിന്റെ പതനം' എന്ന ഗ്രന്ഥത്തിൽ റോബിൻ ജെഫ്രി നായർ സമുദായത്തിനു സംഭവിച്ച അപചയാവസ്ഥ വിശദമായി വിവരിക്കുന്നുണ്ട്.

കുടുംബാംഗങ്ങൾ തമ്മിലടിച്ചു തകരുന്നതും വ്യവഹാരങ്ങളുമായി കോടതി കയറുന്നതും സമുദായഅംഗങ്ങൾ അധ്വാനിക്കാതെ അലസരായിയിരുന്ന് നിത്യവൃത്തിക്ക് വകയില്ലാത്തവരാകുന്നതും അനാചാരങ്ങളുമെല്ലാം സമുദായത്തെ അധഃപ്പതിപ്പിക്കുന്ന അവസ്ഥ മാറണം എന്ന ആഗ്രഹമാണ് മന്നത്തെയും കൂട്ടരെയും സംഘടനാ രൂപീകരണത്തിലെത്തിച്ചത്. അതിനുമുമ്പായി നായർ സമുദായോദ്ധാരണം ലക്ഷ്യംവച്ച് തിരുവനന്തപുരത്ത് സി. കൃഷ്ണപിള്ളയുടെ (സമുദായോദ്ധാരകൻ) നേതൃത്വത്തിൽ കേരളീയ നായർ സമാജം എന്ന സംഘടന രൂപീകരിച്ചു. നായർ സമുദായത്തെ സംഘടിപ്പിച്ചു പ്രബുദ്ധരാക്കലായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ചങ്ങനാശ്ശേരിയിൽ സമുദായപരിഷ്‌കാരത്തിൽ തല്പരനായിരുന്ന കൈനിക്കര ഗോവിന്ദപിള്ള ‘സ്ത്രീകൾ നന്നായാലേ സമുദായം ഉൽക്കർഷം പ്രാപിക്കൂ, സ്ത്രീകൾ നന്നാവണമെങ്കിൽ അവർ വിദ്യാഭ്യാസമുള്ളവരായിരിക്കുകയും വേണം' എന്ന നിലപാടുകാരനായിരുന്നു. അതിലേക്കായി പെരുന്നയിൽ ഒരു പെൺപള്ളിക്കൂടം ആരംഭിച്ചു. കൂടാതെ, സമുദായോദ്ധാരണത്തിനായി അദ്ദേഹം 'നായർ' എന്ന മാസികയും ‘സുഭാഷിണി' എന്ന പത്രവും ആരംഭിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗാനന്തരം 1911 ൽ മന്നത്തു പദ്മാനഭനെ സെക്രട്ടറിയാക്കി കരയോഗം രജിസ്റ്റർ ചെയ്തു. തുടർന്ന്, ഗോപാലകൃഷ്ണഗോഖലെയുടെ 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ സേവനമാതൃക അടിസ്ഥാനമാക്കി 'നായർ സമുദായ ഭൃത്യജനസംഘം' എന്ന പേരിൽ 1914 ഒക്ടോബർ 31 ന് മന്നത്തുപദ്മനാഭനും സംഘവും ‘സമുദായത്തിനുവേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കും' എന്ന് പ്രതിജ്ഞയെടുത്ത് ഒരു സന്നദ്ധസേവന സംഘടന രൂപീകരിച്ചു. കേളപ്പൻനായരെ പ്രസിഡന്റായും മന്നത്തു പദ്മനാഭപിള്ളയെ ജനറൽ സെക്രട്ടറിയായും പനങ്ങോട് കേശവപ്പണിക്കരെ ട്രഷററായും തിരഞ്ഞെടുത്തു. നായർ സമുദായത്തിലെ ആദ്യത്തെ എം. എ. കാരനായ കെ. പരമുപിള്ളയുടെ നിർദേശാനുസരണം നായർ സമുദായ ഭൃത്യജനസംഘത്തെ 'നായർ സർവീസ് സൊസൈറ്റി' എന്ന് പേരുമാറ്റി.

തിരുവനന്തപുരത്തെ നായർ സ്ത്രീകളുടെ സംഘം, 1920കളിലെ ചിത്രം / Photo : keralaculture.org

അധഃപതനത്തിലാണ്ടുപോകുന്ന സമുദായത്തെ ബോധവല്കരിച്ചു ഐക്യപ്പെടുത്തുക, ദുരാചാരങ്ങൾ നിറുത്തലാക്കുക എന്നതായിരുന്നു പെരുമാറ്റ സംഹിത. ശക്തമായ സാമൂഹികപരിഷ്‌കരണമായി അനാചാരങ്ങളായ താലികെട്ടുകല്യാണം, തെരണ്ടുകുളി, പുളികുടി, പുലകുളി അടിയന്തരങ്ങൾ എന്നിവ നിർത്താൻ സൊസൈറ്റി പ്രവർത്തകർ മുൻകൈയെടുക്കാൻ അഭ്യർത്ഥിച്ചു. ഉപജാതി നശീകരണം, ബ്രാഹ്മണരുമായുള്ള നായർ സ്ത്രീകളുടെ സംബന്ധം എന്ന നിയമവിരുദ്ധ വിവാഹം നിരോധിക്കൽ, അയിത്തം അവസാനിപ്പിക്കൽ, ദുഷിച്ച ആചാരങ്ങൾ നിറുത്തലാക്കൽ തുടങ്ങി സമുദായ ജീർണതയുടെ സൂചകമായ ഊട്ടുപുരകൾ പരിഷ്‌കരിച്ച് ഗ്രന്ഥശാലകളാക്കണമെന്നും കൂത്തമ്പലങ്ങളെ പ്രസംഗമണ്ഡപങ്ങളാക്കണമെന്നും മന്നത്തു പദ്മനാഭപിള്ള ആവശ്യപ്പെട്ടു.
സമസ്തകേരളനായർ സമ്മേളനവേദിയിൽ വച്ച് 1916ൽ സമസ്തകേരള നായർ മഹാസമാജം എന്ന പേരിൽ പുതിയ സംഘടന കൂടി സ്ഥാപിതമായി. കേരളീയ നായർസമാജത്തിന്റെ അവകാശത്തർക്കങ്ങളും വഴക്കും ഒഴിവാക്കാനുദ്ദേശിച്ചുണ്ടാക്കിയതാണിത്. സി. കൃഷ്ണപിള്ള (തിരുവനന്തപുരം) പ്രസിഡന്റ്, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള (ജനറൽ സെക്രട്ടറി), അറയ്ക്കൽ പരമേശ്വരൻപിള്ള (ഖജാൻജി) എന്നിവരായിരുന്നു ആദ്യ ഭാരവാഹികൾ. നായർ സമ്മേളനത്തിൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെ സമുദായവിരുദ്ധത അംഗീകരിക്കാനാവില്ലെന്ന നിലപാട് എടുത്ത്, ഭരണകൂട നിഷേധം വെളിപ്പെടുത്തി. ‘പുല സർക്കുലറി'നെക്കുറിച്ചുള്ള ജനറൽസെക്രട്ടറിയുടെ വിമർശനം വിപുലമായ ചർച്ചക്കു കാരണമായി.

എൻ. എസ്. എസ് സർക്കാർ വിരുദ്ധത തെളിയിച്ചതെങ്ങനെ?

മരണാനന്തര പുലയെക്കുറിച്ച് തിരുവിതാംകൂർ സർക്കാർ പുറത്തിറക്കിയ കല്പനയാണ് പുലസർക്കുലർ. ബ്രാഹ്മണരുണ്ടാക്കിയ വ്യവസ്ഥ പ്രകാരം ബ്രാഹ്മണർ മരിച്ചാൽ പത്തുദിവസമേ അവർക്കു പുലയുള്ളൂ, നായർ മരിച്ചാൽ നായർക്ക് 15 ദിവസം, 16 ന് പുലകുളി അടിയന്തരം. ഇതിനെതിരെ സമുദായത്തിലെ ഉത്പതി ഷ്ണുക്കൾ ചട്ടമ്പിസ്വാമി ശിഷ്യനായ നീലകണ്ഠ തീർത്ഥപാദരുടെ സമ്മതത്തോടെ പുല 10 ദിവസമാക്കി നടപ്പിൽവരുത്തി. ഇതറിഞ്ഞ ശ്രീമൂലം തിരുനാൾ മഹാരാജാവ് ദിവാൻ കൃഷ്ണൻ നായർ മുഖേന ഇറക്കിയ സർക്കുലർ പ്രകാരം ‘നായന്മാർ പഴയതുപോലെ പുല ആചരിക്കണമെന്നും പതിനാറു ദിവസം കഴിയാതെ ക്ഷേത്രത്തിൽ പ്രവേശിക്കരുത്' എന്നും കല്പിച്ചിരുന്നു. പുല സർക്കുലർ അനുസരിക്കേണ്ടെന്നു നായർ മഹസമ്മേളനം തീരുമാനമെടുത്തു. ആചാരപരിഷ്‌കരണാധികാരം സമുദായത്തിനാണെന്നും സമുദായത്തിന്റെ ആചാരപരിഷ്‌കരണ കാര്യങ്ങളിൽ സർക്കാർ ഇടപെടൽ സ്വീകാര്യമല്ല എന്നുമുള്ള നിലപാടുതന്നെയാണ് ചങ്ങനാശ്ശേരിയിൽ നടന്ന നായർ മഹാസമ്മേളനം നിയമലംഘനമായി ഉയർത്തിപ്പിടിച്ചത്.

പുല സർക്കുലർ ലംഘനം

മന്നത്തിന്റെ വലിയമ്മാവൻ മരിച്ചപ്പോൾ 10 ദിവസത്തെ പുലയേ ആചരിച്ചുള്ളൂ.13ാം ദിനം അദ്ദേഹം പെരുന്നയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രവേശിച്ചത് കണ്ട ഒരു ബ്രാഹ്മണൻ പുല തീരുംമുമ്പ് ഇദ്ദേഹം ക്ഷേത്രം അശുദ്ധമാക്കിയെന്ന് മഹാരാജാവിനെ അറിയിച്ചു. തുടർന്ന് കേസായി. മന്നത്തെ കോട്ടയം പേഷ്‌കാർ കുപ്പഴം രാമൻപിള്ള (തഹസീൽദാർ) വിചാരണ ചെയ്തു. ഹർജിക്കാരൻ നമ്പൂതിരിയേയും സാക്ഷിക്കാരനെയും പ്രതിഭാഗത്തുനിന്ന് മന്നം തന്നെ ക്രോസ് വിസ്താരം നടത്തി. നമ്പൂതിരി ഒരു നായർസ്ത്രീയുടെ ഭർത്താവായിരുന്നു. അത് മന്നത്തിന് അറിയാമായിരുന്നു. ‘ഒരു ബ്രാഹ്മണൻ ഒരു ശൂദ്രസ്ത്രീയുമായി ഒരു പ്രാവശ്യം ശയിച്ചാൽ അയാൾ സമുദായഭൃഷ്ടനാകുമെന്നും ഭൃഷ്ടനായാൽ ചണ്ഡാലസമാനനാകുമെന്നും അങ്ങനെയുള്ളവർ മതിലിനകത്തുകടന്നാൽ ക്ഷേത്രം അശുദ്ധമാകുമെന്നും' സ്മൃതികളെ ഉദ്ധരിച്ചുള്ള ചോദ്യങ്ങൾക്ക് നമ്പൂതിരിക്ക് മറുപടി പറയേണ്ടിവന്നു. ശൂദ്രസ്ത്രീയുമായി സമ്പർക്കം പുലർത്തുകയോ അവരിൽ സന്തതിയെ ജനിപ്പിക്കുകയോ ചെയ്താൽ ഭൃഷ്ട് മാത്രമല്ല, നിത്യനരകവും കൂടിയാണെന്ന് അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു. ശൂദ്രസ്ത്രീയിൽ പല പുത്രന്മാരുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നുള്ള ചോദ്യത്തിന് ഉത്തരം പറയാൻ സാധ്യമല്ലാതെ കുഴങ്ങി. നിത്യവും ക്ഷേത്രദർശനത്തിനു പോകുന്ന ഭൃഷ്ടനായ അദ്ദേഹത്തിന്റെ പ്രവേശനം കൊണ്ട് അമ്പലം മുമ്പേതന്നെ അശുദ്ധമായിക്കാണുമെന്നും തന്റെ പുല പോയിട്ടില്ലെങ്കിൽത്തന്നെ അശുദ്ധമായ അമ്പലത്തിൽ താൻ പ്രവേശിച്ചതുകൊണ്ട് പുത്തനായി ഒരു അശുദ്ധിയും വന്നിട്ടില്ലെന്നും മന്നം വാദിക്കുകയും അത് നമ്പൂതിരിക്ക് സമ്മതിക്കേണ്ടിയും വന്നു. ആർക്കായാലും 10 ദിവസത്തെ പുലയെ ഉള്ളൂവെന്ന സ്മൃതിവാക്യവും, അതനുസരിച്ചു താൻ ശൂദ്രനായിരുന്നാൽത്തന്നെയും പത്തുദിവസത്തെ പുല ആചരിച്ചാൽ മതിയാകുമെന്നുള്ള മന്നത്തിന്റെ ന്യായവും അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. സമുദായാചാരത്തെ പരിഷ്‌കരിക്കുന്നതിൽ സമുദായത്തിനുതന്നെയാണ് അധികാരമെന്നും പുല സർക്കുലർ സമുദായ വിരുദ്ധമാണെന്നും മന്നതിന് ബോധ്യപ്പെടുത്താനുമായി.

നായർ റെഗുലേഷനും മക്കത്തായവും

മരുമക്കത്തായ സമ്പ്രദായം കാരണം നായർ തറവാടുകൾ അധഃപ്പതിച്ചു. കാരണവന്മാർ മക്കൾക്കുവേണ്ടി മാത്രം ജീവിച്ചുതുടങ്ങിയപ്പോൾ കാരണവന്മാരും അനന്തരവന്മാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നു. എതിർപ്പ് ശക്തമായി. തമ്മിലടിയും സിവിൽവ്യവഹാരങ്ങളും തറവാടുകളെ ക്ഷയിപ്പിച്ചു. നായർ സമുദായത്തിന്റെ രക്ഷക്കായി ദിവാൻ സർ പി. രാജഗോപാലാചാരി 1897 ൽ ബിൽ കൊണ്ടുവന്നെങ്കിലും നിയമസഭയിലെ നായർ അംഗങ്ങളുടെ എതിർപ്പുകാരണം പാസ്സാക്കാൻ കഴിഞ്ഞില്ല. നായർ റെഗുലേഷൻ എന്ന മട്ടിൽ ഒരു വ്യവസ്ഥ ഉണ്ടാക്കി. പിന്നീട് ആളോഹരി മക്കത്തായം എന്ന പുതിയനിയമം നടപ്പിൽവരുത്താൻ എൻ. എസ്. എസ് ശ്രമിച്ചു. 1925 ൽ മക്കത്തായ ബിൽ പാസാക്കി. ഇതിനായി, സാഹിത്യ പഞ്ചാനനൻ പി. കെ. നാരായണപിള്ള, രാജരാജവർമ, എം. എൻ. നായർ, കെ. പി. രാമൻപിള്ള, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, കെ. സി. രാമൻപിള്ള എന്നിങ്ങനെയുള്ളവരുടെ സഹായവും എൻ. എസ്. എസിനു ലഭിച്ചു. എൻ. എസ്. എസിന്റെ പ്രവർത്തനംകൊണ്ട് താലികെട്ട് തുടങ്ങിയുള്ള ദുരാചാരങ്ങളിൽ നിന്ന് മോചനം നേടാൻ കഴിഞ്ഞു. വിവാഹത്തിന് വ്യവസ്ഥ വന്നു. പിന്നീട് മലബാറിലും കൊച്ചിയിലും നായന്മാരുടെ വിവാഹത്തെയും അവകാശങ്ങളെയും അടിസ്ഥാനമാക്കി നിയമമുണ്ടായി.
സംഘടനയുടെ നാനാവിധമായ പ്രവർത്തനാവലി തയ്യാറാക്കുന്നതിലും സമുദായോദ്ധാരണത്തിലും, കരയോഗ ശാക്തീകരണത്തിലും സംഘടനാമൂലധനം വർധിപ്പിക്കുന്നതിലും മികച്ച പ്രവർത്തനമാതൃകയാണ് മന്നത്തു പത്മനാഭനുണ്ടായിരുന്നത് എന്ന് ആരും സമ്മതിക്കും.

മന്നത്ത് പത്മനാഭൻ/ Photo: Keralaculture.org

എൻ. എസ്. എസ് സമുദായപരിഷ്‌കരണം, ദുരാചാരവർജനം, ചടങ്ങുകളുടെ ഏകോപനം കരയോഗപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ മാത്രമൊതുങ്ങിയില്ല. സംഘടനക്ക് ആസ്ഥാനവും ആസ്തിയും ഉണ്ടാക്കാനും ആധുനിക വിദ്യാഭ്യാസസൗകര്യങ്ങളൊരുക്കാനുമായി വിപുലമായ പദ്ധതി ആസൂത്രണം എൻ. എസ്.എസിനുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രബലസമുദായ സംഘടനയായി അത് മാറിയിട്ടുണ്ട്. ജനധിപത്യകേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ, നയരൂപീകരണത്തിൽ ഇടപെടാനാവുന്ന, സംഘബലം എൻ. എസ്. എസ് എന്ന സമുദായസംഘടനക്കുണ്ടെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. മന്നത്തിന്റെ ‘എന്റെ ജീവിത സ്മരണകൾ' എന്ന കൃതിയിൽ എൻ.എസ്.എസിന്റെ ആദ്യകാല ചരിത്രവും പരിചയപ്പെടാം.

ജാതി മത ചിന്ത കൂടാതെയുള്ള സമുദായസേവനത്തിന് എന്താണ് പ്രസക്തി എന്നുചോദിച്ചാൽ അതിനുള്ള മറുപടിയായി മന്നം പറയുന്നതിങ്ങനെയാണ്: ‘‘ആചാരമര്യാദകളും ജീവിതസമ്പ്രദായങ്ങളും വിശ്വാസനിലകളും പെരുമാറ്റരീതിയും കൊണ്ട് ജനങ്ങൾ വളരെ നാളായി പല ജാതികളായി പിരിഞ്ഞു ജീവിക്കുന്ന ഈ രാജ്യത്ത് പൊതുജനസേവനം സമുദായാടിസ്ഥാനത്തിലല്ലാതെ സാധ്യമല്ലായിരുന്നു. സമുദായസേവനം ചെറുവൃത്തത്തിലുള്ളതാണെങ്കിലും ഒട്ടും ആക്ഷേപമുള്ളതായി എനിക്ക് തോന്നിയില്ല. ഇന്നും തോന്നുന്നില്ല. സേവനം ആവശ്യമുള്ള പല സമുദായങ്ങളുമുണ്ടെന്നെനിക്കറിയാം. എന്നാൽ, ഏതൊരു സമുദായങ്ങളെക്കാളും സേവനത്തിനാവശ്യം നായർ സമുദായത്തിനാണെന്ന് എനിക്ക് തോന്നി. സ്ത്രീകളുടെ ക്ലേശം കണ്ട് ദുഃഖം തോന്നുന്ന ഒരുവൻ, ആദ്യമായി രക്ഷിക്കേണ്ടത് പെറ്റമ്മയെയാണെന്നുള്ള വിശ്വാസക്കാരനായിരുന്നു ഞാൻ. നായർ സമുദായത്തിന്റെ അന്നത്തെ സ്ഥിതി ഹൃദയമുള്ളവരെയെല്ലാം സ്തംഭിപ്പിക്കുന്നതായിരുന്നു.''

മന്നത്തിന് ജാതിരഹിത സമൂഹത്തെക്കുറിച്ചുള്ള ധാരണകളില്ലാതിരുന്നില്ല എന്നതും ഇവിടെ ഓർക്കേണ്ടതാണ്. ‘അതതു സമുദായത്തെ പരിഷ്‌കരിച്ചു ഒരുത്തമ സമുദായത്തിന്റെ പൂർണലക്ഷണം വരുത്തുമ്പോൾ, ജാതി ഇല്ലാത്തതെയായി അവർ മനുഷ്യസമുദായമായി തീരുന്നതാണ്. അതിനാണ് സമുദായപരിഷ്‌കാരികൾ ശ്രമിക്കുന്നത്. ജാതിഭേദവും ജാതിമത്സരവും നശിച്ച് സമത്വമുള്ള പൗരന്മാരെക്കൊണ്ട് രാജ്യം നിറഞ്ഞെങ്കിൽ മാത്രമേ രാജ്യഭരണം ശരിയായി നടത്താൻ സാധിക്കുകയുള്ളൂ. അതതു സമുദായത്തിനുള്ള ന്യുനതകളെ പ്രത്യേകം നോക്കി ഭേദപ്പെടുത്തിവരുത്തേണ്ട പരിഷ്‌കാരങ്ങളെ വരുത്തിക്കഴിയുമ്പോൾ അവന്റെ ജാതി പോയി അവൻ ഉത്തമ മനുഷ്യനായി തീരുന്നതാണ്. ഒരുത്തമ നായരും ഒരുത്തമനായ പുലയനും ഉത്തമനായ നമ്പൂതിരിയും ഉത്തമനായ മനുഷ്യർ തന്നെയാണ്. ആ ബോധവും സമുദായ സ്ഥിതിയും വരുമ്പോഴാണ് ഈ ഭൂലോകം സ്വർഗമാകുന്നത്. അത് സാധിക്കണമെങ്കിൽ സമുദായപരിഷ്‌കരണ സംഘങ്ങൾ നാടുനിറച്ചുണ്ടാകണം' (ഗുരുവായൂർ പ്രസംഗം).

നമ്പൂതിരി യോഗക്ഷേമ സഭ

1908 മാർച്ചിൽ ശിവരാത്രിദിവസം ആലുവ ചെറുമുക്ക് വൈദികന്റെ ഇല്ലത്ത് ദേശമംഗലം വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിലാണ് യോഗക്ഷേമ സഭ രൂപംകൊണ്ടത്. നമ്പൂതിരിമാരുടെ വിദ്യാഭ്യാസം, ആചാര പരിഷകരണം, ധനാഭിവൃദ്ധി തുടങ്ങിയ കാര്യങ്ങൾക്കായി പരിശ്രമിക്കുക എന്നതായിരുന്നു സഭയുടെ ലക്ഷ്യം. വൈദികത്വത്തിനും ജന്മിത്വത്തിനും എതിരല്ല സഭ. നമ്പൂതിരിയെ പുതുമയിലേക്കു നയിക്കുക എന്നതായിരുന്നു പ്രധാന ഉദേശ്യം. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിനായിരുന്നു ആദ്യകാല നേതൃത്വം. ബ്രിട്ടീഷ്‌കാരുടെ വരവോടെ അധികാരഭ്രംശം സംഭവിച്ച രണ്ടുവിഭാഗങ്ങൾ ബ്രാഹ്മണസമുദായവും നായർ സമുദായവുമാണ്. പുതിയ സാഹചര്യങ്ങൾ ബ്രാഹ്മണാധിപത്യത്തിനു കോട്ടംവരാതെ തുടർന്നുപോകാൻ പര്യാപ്തമായിരുന്നില്ല. അതിജീവനപ്രതിസന്ധി രണ്ടുതരത്തിൽ അനുഭവിക്കേണ്ടിവന്നു. പൈതൃകഘടനയിൽ ഊറിക്കൂടിയ സമുദായത്തിലെ ആഭ്യന്തരപ്രശ്നങ്ങൾ ഒരുവശത്തും മറുപാതി അന്യമായ നവസാഹചര്യവും.

പുതിയ സാഹചര്യത്തിൽ ആധുനിക വിദ്യാഭ്യാസവും നാണ്യവ്യവസ്ഥയും പ്രധാനമായി മാറി. ക്ഷേത്രങ്ങൾ ഭരണത്തിന്റെ സിരാകേന്ദ്രങ്ങളല്ലാതായി. വർണവ്യവസ്ഥ അനുസരിച്ചിരുന്ന സാമൂഹ്യഘടനയിൽ മാറ്റം വന്നു. സിവിൽ നിയമങ്ങൾ പൈതൃക വ്യവസ്ഥക്കു പകരമെത്തി. സെൻസസ് ജനസംഖ്യ കണക്കുകൾ നമ്പൂതിരിമാരുടെ ശക്തിയില്ലായമ വെളിപ്പെടുത്തി. അതിലേറെ ആധുനിക വിദ്യാഭ്യാസം ധൈഷണിക മൂലധനക്ഷയം യാഥാർഥ്യമാക്കി. സ്വാഭാവികമായും സൃഷ്ടിക്കപ്പെട്ട അരക്ഷിതത്വം സമുദായത്തിന്റെ നവസ്വത്വ രൂപീകരണം നിർബന്ധമാക്കി. പ്രതിസന്ധി നിവാരണം എന്ന നിലയിലാണ് നവ നമ്പൂതിരിസ്വത്വവൽക്കരണം നടന്നത്.

സാമുദായിക പരിഷ്‌കരണത്തിനുതന്നെയാണ് ഇവിടെയും പ്രാധാന്യം ലഭിച്ചത്. മാമൂൽ ഘടനയിൽ നിന്നുള്ള വിഛേദം ഒഴിവാക്കി ആധുനിക സമുദായമാകുക സാധ്യമല്ല. അതുകാരണം ഒരു സമുദായമെന്നനിലയിൽ തങ്ങൾക്കുള്ള ആഭ്യന്തര പ്രശ്നങ്ങൾ കണ്ടെടുത്തു പരിഹരിക്കാൻ സമുദായവിമർശനം സഹായിച്ചു. എല്ലാ നമ്പൂതിരിമാർക്കും സ്വന്തം സമുദായത്തിൽനിന്നുതന്നെ വിവാഹം കഴിക്കാനുള്ള സാഹചര്യം ഒരുക്കുക, ബഹുഭാര്യാത്വം നിഷേധിക്കുക, വിധവപുനർവിവാഹം, സ്ത്രീവിദ്യാഭ്യാസം, കുടുംബസ്വത്തവകാശം, ഇംഗ്ലീഷ് വിദ്യാഭ്യാസ പ്രചാരണം, ഘോഷ നിറുത്തലാക്കൽ എന്നീ സാമൂഹിക പ്രശ്നങ്ങൾ സഭ ഏറ്റെടുത്തു. സഭയിൽ മിതവാദികളും സമൂല പരിഷ്‌കരണവാദികളും ഉണ്ടായിരുന്നു.

വി. ടി. ഭട്ടതിരിപ്പാട്

മിതവാദികൾ നമ്പൂതിരി യോഗക്ഷേമസഭയിലും സമൂല പരിഷ്‌കരണവാദികൾ നമ്പൂതിരി യുവജനസംഘത്തിലും പ്രവർത്തിച്ചു. യോഗക്ഷേമസഭ യോഗക്ഷേമം എന്ന പ്രസിദ്ധീകരണത്തിലൂടെ ബോധവത്കരണം നടത്തിയപ്പോൾ യുവജനസംഘം ഉണ്ണിനമ്പൂതിരിയിലൂടെയാണ് പുരോഗമനാശയങ്ങൾ സമുദായത്തിൽ വിനിമയം ചെയ്തത്. വി. ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വം അതിനുണ്ടായിരുന്നു. വൃദ്ധനമ്പൂതിരിമാരുടെ വിവാഹത്തിനെതിരെ യുവസംഘം പിക്കറ്റിങ് നടത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം സ്വരൂപിക്കാൻ യാചനായാത്ര നടത്തി. സമ്പൂർണ സാമൂഹികപരിഷ്‌കരണത്തിന് പ്രവർത്തിച്ച ഇക്കൂട്ടരിൽ ഇ. എം. എസ് നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു.

1931ലെ മലയാള ബ്രാഹ്മിൻ ആക്ട്, 1933 ലെ മദ്രാസ് നമ്പൂതിരി ആക്ട്, 1939ലെ കൊച്ചി നമ്പൂതിരി ആക്ട് എന്നിവ പാസാക്കിക്കാൻ കഴിഞ്ഞതോടെ നമ്പുതിരിമാരുടെ പിന്തുടർച്ചാവകാശനിയമത്തിൽ മാറ്റമുണ്ടായി. ഇല്ലത്തെ സ്ത്രീപുരുഷന്മാർക്ക് ആളോഹരി സ്വത്തവകാശം ലഭിച്ചു. അശുദ്ധിയായി കരുതിയിരുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾക്കൊള്ളാനായി. അന്ധവിശ്വാസം ഇരുട്ടുമൂടിയ ജീവിതത്തിൽനിന്ന് സ്ത്രീകളുടെ ദുരിതാവസ്ഥക്കു മാറ്റം വന്നു. അകത്തും പുറത്തുമായി കഴിഞ്ഞിരുന്ന സ്ത്രീപുരുഷന്മാർ ഒരുമിച്ചായി. സാമുദായികമായി ഒരു നവസ്വത്വനിർമിതി സാധ്യമാക്കാൻ നമ്പൂതിരി സംഘടനക്കുകഴിഞ്ഞു.

ഇരുകൂട്ടരിലും നടന്ന നവ സമുദായവൽക്കരണം ശക്തമായി പങ്കുവയ്ക്കുന്നത് ജാതിസ്വത്വ രാഷ്ട്രീയമാണെങ്കിലും അവ അവർണ സമുദായവൽക്കരണത്തിനു തുല്യമല്ല എന്നും വെളിവാകുന്നുണ്ട്. അവർണർക്ക് ജാതിസ്വത്വരൂപീകരണം സംവരണം ഉറപ്പുവരുത്തി. സംവരണത്തിനുവേണ്ടിയല്ല സവർണ സമുദായവല്കരണം നടന്നത്. പൈതൃകഘടനയിൽ നിന്നുള്ള വിമോചനവും സാമുദായിക ആധുനീകികരണവുമാണ് സാധ്യമാക്കിയത്. കേരള നവോത്ഥാന പ്രക്രിയയുടെ വിവേചനപരമായ ഉള്ളടക്കം മനസ്സിലാക്കുമ്പോൾ, നവോത്ഥാനം പൗരസമത്വം ഉറപ്പുവരുത്തിയതുപോലെ വിവേചനപൗരത്വവും നിർമിച്ചെടുത്തുവെന്നുപറയേണ്ടിവരും. അവകാശനിഷേധ ഭൂതകാലത്തെ അതിജീവന മൂലധനമാക്കിയവർ ഭൂതവിഛേദം നേടിയെങ്കിലും മുൻഗാമികളുടെ കർമഫലം അനുഭവിക്കേണ്ടിവന്ന പിൽക്കാല തലമുറകൾ തമ്മിലുള്ള വിവേചനം ഭാവിയിലെ ചിന്താവിഷയമാകും. അതിന്റെ തെളിവാണ് സാമ്പത്തിക സംവരണവാദം രാഷ്ട്രീയമാനം കൈകൊള്ളുന്നത്.

മന്നം വിഭാവനം ചെയ്തതുപോലെ സമുദായവത്കരണം യാഥാർഥ്യമാകുന്നതോടെ, ജാതി ഇല്ലാതായി കേരളത്തിൽ മനുഷ്യർ പിറവിയെടുക്കുമെന്ന അഭിപ്രായത്തിനൊരു തിരുത്താവശ്യമാണ്. നിലവിലെ വ്യവസ്ഥയിൽ കേരളത്തിൽ നിന്ന് ജാതി പോകില്ല, സമകാലത്ത് ജാതി അധികാരമാണ്, ധനമാണ്, അവകാശമാണ്, സംവരണമാണ്, ജനസംഖ്യയാണ്, അതിലുപരി വോട്ടുരാഷ്ട്രീയവുമാണ്. ഭൂതകാലവ്യവഹാരങ്ങളിലൂടെ സമകാലത്തും സജീവതയുള്ള ജാതിവിവേചന വിനിമയമാണ് ജാതിയെ പൗരത്വവിവേചനമായി നിലനിറുത്തുന്നതും സാധുവാക്കുന്നതും. ഭാവിയിൽ, സാമൂഹിക പൗരത്വസമത്വ ചർച്ചക്കുള്ള കാരണമായി ജാതി മാറിയേക്കാം.

(ട്രൂകോപ്പി വെബ്സീൻ 88 -ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments