അറ്റ്‌ലസ് രാമചന്ദ്രൻ, സ്വയം ഒരു പരസ്യമായി മാറിയ മനുഷ്യൻ

പരസ്യം വരുമ്പോ എഴുന്നേറ്റ് മറ്റ് പണികൾക്കു പോണോരല്ലേ നമ്മളൊക്കെ. അപ്പോ ഗംഭീര ശബ്ദങ്ങൾക്കിടയിൽ എന്റെയീ പരന്ന സ്റ്റേറ്റ്‌മെന്റ് കേക്കുമ്പോ നമ്മുടെ പരസ്യം ഓടുന്നുണ്ട് എന്ന് ആളോൾക്ക് മനസ്സിലാവൂലോ...' വീണ്ടും അതേ ചിരി.. അറ്റ്‌ലസ് രാമചന്ദ്രന്റെ ഒപ്പം പ്രവർത്തിച്ചതിന്റെ ഓർമകൾ മാഡ് മധു പങ്കുവെയ്ക്കുന്നു.

"മുൻപിൽ കോട്ടിട്ട് വന്നിരിക്കുന്ന ആളുകളുടെ അല്ല. ദാ..... ആ ഏറ്റവും പുറകിലെ സീറ്റിലെ ആളുടെ ബിസിനസ് ആണ് എനിക്ക് വേണ്ടത്.' പതിവ് ചിരിയോടു കൂടി തന്നെയാണ് രാമചന്ദ്രൻ സാർ അപ്പോഴും അത് പറഞ്ഞത്. കൊച്ചിയിലെ ഒരു ചാനൽ അവാർഡ് നൈറ്റ് മെയിൻ സ്‌പോൺസർ ആയിരുന്ന അറ്റ്‌ലസ് ജ്വല്ലറിയുടെ, സ്റ്റേജിൽ വെച്ച ബ്രാൻഡിംഗ് പുറകിൽ നിന്ന് ശരിക്കു കാണുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോൾ മുന്നിൽ നിന്നാൽ വ്യക്തമായി കാണാമെന്ന മുടന്തൻ ന്യായം പറഞ്ഞ ആർട്ട് ഡയറക്ടർക്കുള്ള മറുപടിയായിരുന്നു അത്. എന്നിട്ടും സംശയിച്ചു നിന്ന ചാനൽ പ്രവർത്തകരെ നോക്കി അതേ ചിരിയോടെ പറഞ്ഞു "ഒരു കാര്യം ചെയ്യൂ, ആ ബോർഡ് എടുത്ത് പുറത്ത് വയ്ക്കൂ. പക്ഷേ കൂടെ അറ്റ്‌ലസ് രാമചന്ദ്രനും 50 ലക്ഷം രൂപയും പുറത്തേക്ക് പോകും.' പുറകിൽ കളിയറിയാതെ നിന്ന എന്നോട് പറഞ്ഞു - താൻ എനിക്ക് വേണ്ടി എഴുതിയ പ്രസംഗം വേസ്റ്റ് ആയി. ക്ഷണനേരം കൊണ്ട് വേദിയിലെ ബ്രാൻഡിംഗ് മാറിമറിഞ്ഞു. അറ്റ്‌ലസ് ജ്വല്ലറി തെളിഞ്ഞു നിന്നു. കണിശക്കാരൻ ആയിരുന്നു ബിസിനസിന്റെ കാര്യത്തിൽ. എന്നിട്ടും മൂന്നുവർഷം ജയിൽ ശിക്ഷ അനുഭവിക്കത്തക്ക വിധത്തിൽ കാര്യങ്ങൾ കൈവിട്ടുപോയി. ജയിലിലെ അതിശൈത്യം അദ്ദേഹം എങ്ങനെ താങ്ങിയിട്ടുണ്ടാവും എന്ന് ഞാൻ എപ്പോഴും അതിശയിച്ചു.

കോഴിക്കോട് ഒരു ചടങ്ങിന് വന്നപ്പോൾ ഫോർച്യൂൺ ഹോട്ടലിലേക്ക് എന്നെ വിളിപ്പിച്ചു. അദ്ദേഹം ഒരു നോൺ എസി റൂമിലും ഇന്ദു മാഡവും മകളും തൊട്ടടുത്ത എസി സ്യൂട്ടിലും. എനിക്ക് അത്ഭുതമായി സാറിന് സുഖമില്ലേ എന്ന് ആരാഞ്ഞപ്പോൾ പറഞ്ഞ മറുപടിയായിരുന്നു ഏറെ രസം. 'എടോ ഞാനൊരു സാദാ തൃശൂരുകാരന്റെ മകനല്ലേ .... എനിക്ക് നോൺ എസി ഒക്കെ മതി. പക്ഷേ അവർ അങ്ങനെയാണോ ... അറ്റ്‌ലസ് ജ്വല്ലറിയുടെ ചെയർമാന്റെ ഭാര്യയും മകളും അല്ലേ : അവർക്ക് നല്ല റൂം തന്നെ വേണം.' എന്നിട്ട് മലയാളികൾ മറക്കാത്ത ആ ചിരിയും.

ഒരിക്കൽ പുതുതായി എഡിറ്റ് ചെയ്ത് വന്ന ഒരു പരസ്യം എന്നെ കാണിച്ചു. അവസാന ഭാഗത്ത് ഏറെ പ്രശസ്തമായ "വിശ്വസ്ത സ്ഥാപനം ' സ്റ്റേറ്റ്‌മെന്റ് വന്നപ്പോൾ സാർ തന്നെ ചിരിച്ചു. 'എന്റെയീ ശബ്ദം കേൾക്കുമ്പോ എന്റെ പേരക്കുട്ടി വരെ എന്നെ വഴക്കു പറയും. എടോ .... പരസ്യം വരുമ്പോ എഴുന്നേറ്റ് മറ്റ് പണികൾക്കു പോണോരല്ലേ നമ്മളൊക്കെ . അപ്പോ ഗംഭീര ശബ്ദങ്ങൾക്കിടയിൽ എന്റെയീ പരന്ന സ്റ്റേറ്റ്‌മെന്റ് കേക്കുമ്പോ നമ്മുടെ പരസ്യം ഓടുന്നുണ്ട് എന്ന് ആളോൾക്ക് മനസ്സിലാവൂലോ...' വീണ്ടും അതേ ചിരി.

സുഖിപ്പിക്കാൻ വരുന്നവരെ മൂപ്പർക്ക് പെട്ടന്ന് പിടി കിട്ടും. ആൾ പോയിക്കഴിഞ്ഞാൽ അത് പറയുകയും ചെയ്യും. കോഴിക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന്റെ ഇവന്റ് മാനേജർ ഞാനായിരുന്നു. തലേ ദിവസം രാത്രി എന്നോട് പറഞ്ഞു. "നാളെ ഫംഗ്ഷന് ഒരു സെലിബ്രിറ്റി കൂടി വേണം.' പാതിരാത്രി സെലിബ്രിറ്റിയെ തപ്പാനുള്ള മടി കൊണ്ട് ഞാൻ പറഞ്ഞു. "സെലിബ്രിറ്റികളൊന്നും ഏശില്ല സാറെ. സാറിനെ കാണാനാണ് പൊതുജനം വരുന്നത്.' ഉടനെ ചിരിച്ച് കൊണ്ട് മറുപടി വന്നു. "ഇങ്ങനെ സുഖിപ്പിക്കുന്നതിന് തനിക്ക് സർവീസ് ചാർജ് വേറെയുണ്ടോ?' പക്ഷേ ഞാൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഉദ്ഘാടനത്തിനു വന്ന പലരും അദ്ദേഹത്തെ ഒന്ന് നേരിൽ കാണാനും സംസാരിക്കാനും വന്നതായിരുന്നു. അത് മനസ്സിലാക്കി ദുബായിലേക്കുള്ള മടക്ക യാത്ര തൽക്കാലം മാറ്റി വെച്ച് മൂന്നു ദിവസം സെയിൽസ്മാൻമാരുടെ കൂടെ കൗണ്ടറിൽ തന്നെ ഉണ്ടായിരുന്നു.

അന്നത്തെ ഉദ്ഘാടനത്തിനു സാറിന് വേണ്ടി പ്രസംഗം എഴുതിയത് ഞാനായിരുന്നു. പിന്നീട് മറ്റ് പലചടങ്ങുകൾക്ക് വേണ്ടിയും സാറിന്‌റെ പ്രസംഗം എഴുതി തയ്യാറാക്കൽ എന്റെ പണിയായി. പ്രസംഗമെഴുത്ത് എന്ന് പറഞ്ഞൂട. പോയിന്റ്‌സ് എഴുതി കൊടുക്കുന്ന പണിയെ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ എനിക്ക് പ്രസംഗം എഴുതാൻ കോഴിക്കോട്ട് നിന്ന് വന്നതാണെന്ന് എല്ലാവർക്കും ഉറക്കെ പരിചയപ്പെടുത്തും. (തനിക്കൊരു ഗോസ്റ്റ് റൈറ്റർ ഉണ്ടെന്ന് ആരും പുറത്ത് പറയാറില്ല. കള്ളക്കടത്തു മുതൽ കൈമാറുന്ന സൂക്ഷ്മതയോടെയാണ് പലർക്കും തയ്യാറാക്കിയ പ്രസംഗം എത്തിക്കുന്നത്.)

അക്ഷരശ്ലോക വിദഗ്ധനാണ് എഴുതി തയ്യാറാക്കിയ പ്രസംഗം ഒറ്റത്തവണ നോക്കുകയേ വേണ്ടു. പിന്നീട് അത് രാമചന്ദ്രൻ ശൈലിയിൽ വേദിയിൽ മറ്റൊന്നായി അവതരിപ്പിക്കും.

ഇരുട്ടിലൂടെ മുദുവായി മാഡത്തിന്റെ കൈപിടിച്ച് പാർക്ക് ചെയ്ത വണ്ടിക്കരികിൽ നിന്നും പതുക്കെ നടന്നുവരുന്ന രൂപത്തിലാണ് രാമചന്ദ്രൻ സാറിനെ ഞാൻ പിന്നീട് കാണുന്നത്. 2018- ൽ ജയിൽ മോചിതനായ ശേഷമുള്ള ഷാർജാ ബുക്ക് ഫെയർ. സുഹൃത്തുക്കളെ കാത്ത് പവലിയനു പുറത്തിരിക്കുകയായിരുന്നു ഞാൻ.

പതിവ് ചുറുചുറുക്കില്ലാതെ പതുക്കെ മാഡത്തിന്റെ കൈപിടിച്ച് നടന്നുവരുന്ന സാറിനെ പെട്ടെന്ന് തിരിച്ചറിയാൻ തന്നെ വൈകി. ഓടി അടുത്തുചെന്നു പേര് പറഞ്ഞു. താനിപ്പോ ദുബായിലാണോ എന്ന് ആരാഞ്ഞു. അല്ല പക്ഷേ ഇടയ്ക്ക് വരാറുണ്ട് എന്ന് പറഞ്ഞപ്പോ എന്നിട്ടെന്താ എന്നെ കാണാൻ വരാതിരുന്നത് എന്ന് ചോദ്യം. ഞാനൊന്നും മിണ്ടിയില്ല. സാറെന്റെ കയ്യിൽ മുദുവായി ഒന്നു തൊട്ടു . എനിക്ക് തൊണ്ടയിടറി. ഇടയ്ക്കിടെ സന്ദർശനം നടത്താൻ കഴിയുന്ന ഒരു സ്ഥലമാണ് യുഎഇ ജയിലുകൾ എന്ന് എനിക്കറിയില്ലായിരുന്നു. സാറിന്‌റെ കൂടെ ഹാളിലേക്ക് ഞാനും നടക്കുമ്പോൾ പഴയ അറ്റ്‌ലസ് രാമചന്ദ്രനെ ഞാനോർത്തു. എത്ര മനുഷ്യരാൽ ആശ്രിതരാൽ വലയം ചെയ്യപ്പെട്ടിരുന്ന ഒരു മനുഷ്യനാണ്. ഇപ്പോൾ മണ്ണിനെപ്പോലും വേദനിപ്പിക്കാതെ നടന്ന് പോകുന്നത്. ഇന്ദു മാഡം വീണ്ടും പിച്ചവെച്ച് പഠിപ്പിക്കുന്ന ഒരു കുട്ടിയാണ് അദ്ദേഹം എന്ന് എനിക്കു തോന്നി.

നടന്ന് കൊണ്ട് തന്നെ ജോലി വിവരങ്ങൾ ചോദിച്ചു. നാട്, ഉത്സവം കവിത ..... കാണുമ്പോൾ ഉണ്ടാവാറുള്ള പതിവ് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. എന്നെ ശരിക്കും ഓർക്കുന്നുണ്ടാവില്ല എന്ന് ഞാൻ ശങ്കിച്ചു. എൻട്രൻസിൽ വെച്ച് 'ശരി. കാണാം. ഇന്നെനിക്ക് ഒരു പുസ്തക പ്രകാശനം ഉണ്ട്. താൻ ഇവിടെ ഉണ്ട് എന്നറിഞ്ഞിരുന്നെങ്കിൽ ഒരു പ്രസംഗം എഴുതിക്കായിരുന്നു' എന്ന് തമാശ പറഞ്ഞു. എനിക്ക് സമാധാനമായി. മറന്നിട്ടില്ല.

അന്ന് ഷാർജ ബുക്ക് ഫെയറിൽ തന്നെ ഒരുപാട് പുസ്തക പ്രകാശന ചടങ്ങുകളിൽ രാമചന്ദ്രൻ സാർ ആയിരുന്നു മുഖ്യാതിഥി. ഓർക്കണം സാമ്പത്തിക കുറ്റങ്ങൾ കൊണ്ട് ദീർഘകാലം ജയിലിൽ കഴിഞ്ഞ് പുറത്തുവന്ന ഒരാളാണ്. അപ്പോഴും കുറ്റവിമുക്തനാക്കപ്പെടാത്ത ഒരാൾ. പക്ഷേ സാർ ഹാളിലേക്ക് വരുമ്പോൾ ആളുകൾ ഹൃദയം തൊട്ട് കാണിക്കുന്ന ആദരവ് ആ മനുഷ്യനെ കൂടുതൽ കൂടുതൽ പവിത്രീകരിച്ചു. പകുതി വിടർന്ന ക്ഷീണിച്ച പുഞ്ചിരിയുമായി തൊഴുകയ്യോടെ നിൽക്കുന്ന ആ മനുഷ്യൻ ഇപ്പോഴും ജനകോടികളുടെ വിശ്വസ്തൻ തന്നെ എന്ന് അവിടെ കൂടിയ മുഴുവൻ പേരും പറയാതെ പറഞ്ഞു. അദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് എന്ന വാർത്ത ആദ്യം പരന്ന ഉടനെ അത് തീർക്കാൻ കയ്യിലെ സമ്പാദ്യം മുഴുവനും എടുത്ത് അറ്റ്‌ലസിൽ പോയി സ്വർണ്ണം വാങ്ങി സഹായിച്ച നല്ല മനുഷ്യർ ഉള്ള നാടാണ്. സർ ഒറ്റപ്പെടുന്നതെങ്ങനെ?

ഏറെ സ്‌നേഹിച്ച നാട് കാണാൻ കഴിയാതെ എം എം രാമചന്ദ്രൻ എന്ന വൈശാലി രാമചന്ദ്രൻ എന്ന അറ്റലസ് രാമചന്ദ്രൻ എന്ന വെറും രാമചന്ദ്രൻ യാത്ര നിർത്തി മടങ്ങിപ്പോയി. കൂടെ യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളിലും ഇരുന്ന് സാർ പറഞ്ഞ കഥകളും തമാശകളും ആ മനുഷ്യന്റെ ശുണ്ഠികളും മനസ്സിൽ നിറയുന്നു.

എടോ താനെവിടാ എന്ന ചോദ്യം മാത്രം കൊളുത്തി വലിയ്ക്കുന്നു. ഞാനിവിടെത്തന്നെയുണ്ടായിരുന്നു സാർ ... ഒരൊറ്റ ഫോൺകാളിൽ അടുത്തെത്താൻ പാകത്തിൽ. പക്ഷേ സാറിന്റെ മോശം സമയത്ത് ഞാൻ കൂടെയുണ്ടായിരുന്നില്ല. വരാൻ പറ്റുമായിരുന്നിട്ടും വന്ന് കണ്ടിട്ടില്ല. മാപ്പ്

Comments