ബീയാറിന്റെ സ്വപ്നങ്ങളില്‍ നിന്ന്
ഇനിയും സിനിമകള്‍ ഉണ്ടാകും,
അത് കാണാന്‍ അയാള്‍ വരും
ബീയാറിന്റെ സ്വപ്നങ്ങളില്‍ നിന്ന് ഇനിയും സിനിമകള്‍ ഉണ്ടാകും, അത് കാണാന്‍ അയാള്‍ വരും
വി.എം. വിനുവിനൊപ്പം ലങ്കാധിപനായ രാവണന്റെ കഥ ചലച്ചിത്രമാക്കുവാന്‍ കൊതിച്ചു. ആ തിരക്കഥ ഞങ്ങള്‍ ഒരുമിച്ച് വായിച്ചു. ഞാനന്ന് വിനുവിന്റെ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. പ്രസാദ് ആ ദിവസങ്ങളില്‍ എന്നോടൊപ്പം താമസിച്ചു. സകലതിനേയും നേടിയ രാവണന്റെ ജീവിതം പുരാണത്തിനുമപ്പുറമുള്ള ഒരു കാഴ്ചയിലേക്ക് കൊണ്ടുപോകുന്ന തിരക്കഥയായിരുന്നു അത്. മമ്മൂട്ടി എന്ന മഹാനടനിലേക്ക് ആ ജീവിതം ചാര്‍ത്താമെന്ന് മോഹിച്ചു. മധുപാല്‍ ഗാനരചയ്താവ് ബീയാര്‍ പ്രസാദിനെ ഓര്‍മ്മിക്കുന്നു.
5 Jan 2023, 01:37 PM
ആള്‍ക്കാര്‍ ജീവിക്കുന്നതും മരിക്കുന്നതും മറ്റുള്ളവരുടെ മനസ്സിലാണ്. ഒരായുസ്സില്‍ ഒരുപാടുപേരെ നമ്മള്‍ കാണും, പരിചയപ്പെടും, ഓര്‍മയില്‍ സൂക്ഷിക്കും. ചിലരൊക്കെ ഒപ്പമുണ്ടാവും, അവസാനം വരെ. ചിലര്‍ ഒരു കാഴ്ചയില്‍ തന്നെ മറഞ്ഞുപോകും. മരണം ഒരാളെ മറക്കുവാനുള്ള അനുഭവം അല്ല. കഴിഞ്ഞ കുറേ നാളുകളായി എനിക്ക് അടുപ്പമുള്ള പലരും ഓര്‍മയിലേക്ക് മാത്രമായി മടങ്ങി. എല്ലാ ദിവസവും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. മരണം തൊട്ടടുത്ത് ഒരു കൂട്ടുകാരനെപ്പോലെ സഞ്ചരിക്കുന്നു. മരണം മാത്രമാണ് സത്യം. ബാക്കിയെല്ലാം കഥകള്‍. മരണം തനിക്ക് മാത്രം സംഭവിക്കുന്നതല്ലെന്ന് വിശ്വസിച്ച് ജീവിക്കുന്നവരാണ് നമ്മള്‍. ആധിവ്യാധിമരണം തന്നെ ബാധിക്കുന്നതല്ലെന്ന് കരുതി ഒരു ജീവിതം. എന്നാല്‍ അടുത്ത നിമിഷത്തിലെന്ത് എന്നറിയുന്നില്ലെന്നു മാത്രം. എത്രമാത്രം കരുതിക്കൂട്ടിയുള്ള തീരുമാനത്തോടെയാണ് മനുഷ്യന്‍ ജീവിക്കുന്നത്. അത് പ്രതീക്ഷയാല്‍ അടിസ്ഥാനപ്പെടുത്തിയത്. ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഞാന്‍ പ്രതീക്ഷിച്ചു. അയാള്‍ ജീവിതത്തിലേക്ക് തിരിച്ചു വരും. ഒരനക്കം, ഒരു മിഴിതുറക്കല്‍, അല്ലെങ്കില്‍ ഒരു കരച്ചില്‍, അതുണ്ടാവും എന്നും അതിലൂടെ പൂര്‍വ്വാവസ്ഥയിലേക്ക് നടന്നുകയറുമെന്നും. അതാണല്ലോ ഏതൊരുമനുഷ്യനും ആഗ്രഹിക്കുന്നത്. മരണം എത്തിയെന്നുറപ്പിച്ച് ആശുപത്രിയില്‍ കിടന്നിട്ട് എത്രയോ പേര്‍ ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ടല്ലോ. അങ്ങനെ കരുതാനായിരുന്നു പ്രസാദിനെയും ഞാന്‍ ആഗ്രഹിച്ചത്.
ആ പ്രസാദ് ഇന്നലെ മരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ തലച്ചോറിനേറ്റ ക്ഷതത്താല്‍ ചികില്‍സയ്ക്കായി വന്ന നിമിഷത്തിലും കുറേ ദിവസം അവിടെ ചികില്‍സിച്ചപ്പോഴും അത് മരണത്തിന്റെ വഴിയല്ല എന്നാശ്വസിക്കുവാനായിരുന്നു ശ്രമിച്ചത്. ഓരോ ദിവസവും അയാളെ ചികില്‍സിക്കുന്നവരോടും ഒപ്പമുള്ളവരോടും അവസ്ഥകള്‍ ചോദിച്ച് പ്രതീക്ഷകൂട്ടി. നേരിയ പുരോഗതിയുണ്ടായി കോട്ടയത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ സമാധാനപ്പെട്ടു. അയാള്‍ തിരിച്ചുവരും. കഥകള്‍ പറഞ്ഞ് പാട്ടെഴുതും. ആഗ്രഹിച്ചുവച്ച കഥകള്‍ തിരശ്ശീലയില്‍ ചിത്രങ്ങളാവും. ജീവിതം, ആഗ്രഹിക്കുന്നത് നടന്നുകിട്ടണമേയെന്ന സ്വപ്നം കൂടിയാണല്ലോ.

പത്തിരുപത് വര്‍ഷം മുമ്പ് ശ്യാമപ്രസാദ് ചെയ്യുന്ന മണല്‍ നഗരം എന്ന പരമ്പരയുടെ കഥ കേള്‍ക്കണമെന്ന് പറഞ്ഞ് രാമു മംഗലപ്പള്ളി എന്നെ കൂട്ടികൊണ്ടുപോയത് വഴുതക്കാടുള്ള പിഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്കായിരുന്നു. അവിടെ പ്രസാദ് ഉണ്ടായിരുന്നു. ഒട്ടും അപരിചിതത്വം തോന്നാത്ത ഒരു കൂടിചേരലായിരുന്നു അത്. കാരണം അയാളെ ഞാന്‍ ടെലിവിഷനില്‍ കാണുന്നുണ്ടല്ലോ. സുപ്രഭാതം ചെയ്യുന്ന കാലമായിരുന്നു അത്. ഒരാള്‍ എങ്ങനെയാണ് മറ്റൊരാളെ അറിയുന്നത് എന്ന് എനിക്ക് മനസ്സിലായി, ജീവിക്കുന്ന ജീവിതത്തില്‍ കൃത്യമായ കണക്കെടുപ്പ് ഉണ്ടാവണമെന്നും. മണല്‍ നഗരത്തിന്റെ കഥയുമായി ഗള്‍ഫില്‍ ഷൂട്ടു ചെയ്യുമ്പോഴും അതില്‍ ഒപ്പം അഭിനയിക്കുമ്പോഴും പ്രസാദ് സൗഹൃദത്തിന്റെ ചിത്രങ്ങള്‍ വരച്ചു.
ഗള്‍ഫിലെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുവന്ന നാളിലൊക്കെ പലപ്പോഴും തിരുവനന്തപുരത്തെ കൂട്ടില്‍ കാണുമ്പോള്‍ അയാള്‍ക്ക് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ടായിരുന്നു. കുട്ടനാട്ടിലെ മണ്ണില്‍ പുതഞ്ഞ കഥകളില്‍ കവിതയുണ്ടായിരുന്നു. ചരിത്രവും പുരാണവും അതിലുമേറെ കെട്ടുകഥകളും അയാളുടെ വാക്കുകളില്‍ വാങ്മയമായി. സിനിമകളില്‍ പാട്ടെഴുതി തുടങ്ങിയപ്പോള്‍ കാണലുകളുടെ അടുപ്പം കുറഞ്ഞു. അതങ്ങനെയാണല്ലോ, തിരക്കുകള്‍ ആവുമ്പോള്‍ പരസ്പരം കൂടിച്ചേരലുകള്‍ ഉണ്ടാവില്ല.
ഷഡ്കാലഗോവിന്ദമാരാരെക്കുറിച്ച് ഒരു നാടകം എഴുതിയിരുന്നു. അത് സിനിമയാക്കുന്നതിനെക്കുറിച്ച് സംസാരിക്കുവാനായിരുന്നു വീണ്ടും കൂടിയത്. ലെനിന്‍ രാജേന്ദ്രനുമായി ചേര്‍ന്ന് ഒരു സിനിമ എന്നൊരു തീരുമാനം. മുരളിചേട്ടന്‍ ആയാല്‍ നല്ലത് എന്നൊക്കെ ആ വൈകുന്നേരങ്ങളില്‍ ഉറപ്പിക്കുന്നു. കാടുവെട്ടിത്തെളിച്ച് പുതിയ വഴികള്‍ നമ്മള്‍ ഉണ്ടാക്കും എന്നാല്‍ ലക്ഷ്യമെത്തുന്നത് ചിലപ്പോള്‍ വഴിവെട്ടിയവരാവില്ല. കഥകള്‍ മനസ്സില്‍ ജനിച്ച് മരിക്കുന്നതും ആവും. അത് നടക്കാതെ വന്നപ്പോഴായിരുന്നു വി.എം. വിനുവിനൊപ്പം ലങ്കാധിപനായ രാവണന്റെ കഥ ചലച്ചിത്രമാക്കുവാന്‍ കൊതിച്ചത്. ആ തിരക്കഥ ഞങ്ങള്‍ ഒരുമിച്ച് വായിച്ചു. ഞാനന്ന് വിനുവിന്റെ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. പ്രസാദ് ആ ദിവസങ്ങളില്‍ എന്നോടൊപ്പം താമസിച്ചു. സകലതിനേയും നേടിയ രാവണന്റെ ജീവിതം പുരാണത്തിനുമപ്പുറമുള്ള ഒരു കാഴ്ചയിലേക്ക് കൊണ്ടുപോകുന്ന തിരക്കഥയായിരുന്നു അത്. മമ്മൂട്ടി എന്ന മഹാനടനിലേക്ക് ആ ജീവിതം ചാര്‍ത്താമെന്ന് മോഹിച്ചു. ഇത് തന്നെയായിരുന്നു ചന്ദ്രോല്‍സവം എന്ന നോവലിന്റെയും കാര്യം. ആ കഥയും പലപ്പോഴായി പറഞ്ഞതായിരുന്നു.

പ്രാചീനമണിപ്രവാളകൃതിയായ ചന്ദ്രോല്‍സവത്തെക്കുറിച്ച് വാതോരാതെ പറഞ്ഞു. മണിശേഖരനെന്ന കള്ളന്റെയും മേദിനി വെണ്ണിലാവിന്റെയും കഥ. കുറിഞ്ഞിമുതല്‍ നെയ്തല്‍ വരെ നീളുന്ന തിണകളുടെ കഥ. മഹാഭാരത രാമായണ ചിലപ്പതികാര മണിമേഖല കൃതികളിലൂടെയുള്ള സാഞ്ചാര കഥകള്‍ നിറഞ്ഞ കാലം. ഒരു ഘട്ടത്തില്‍ ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനി ചന്ദ്രോല്‍സവം സിനിമയാക്കുവാന്‍ ഉറപ്പിക്കുകയും ചെയ്തകാലം. മലയാളത്തിലെ ഏറ്റവും വലിയ എപിക് സിനിമയാവും എന്ന് വിശ്വസിച്ച കാലം. പക്ഷേ ആഗ്രഹങ്ങള്‍ നമ്മുടെ മനസ്സില്‍ മാത്രമാണല്ലോ. ചന്ദ്രോല്‍സവം പിന്നീട് നോവലായി. ആ നോവല്‍ പ്രകാശനത്തിനും പ്രസാദ് എന്നെ വിളിച്ചു. മങ്കൊമ്പിലെ കൂട്ടുകാരുടെ ഒരു വലിയ സദസ്സില്‍ അത് പ്രകാശനം ചെയ്യപ്പെട്ടു. ഒരുദിവസം മുഴുവനും നീണ്ടുനിന്ന പ്രകാശനചടങ്ങ്. കഥയും കഥകളിയും സംഗീതവുമായി ഒരു ദിനം. അടുത്തതും അറിഞ്ഞതുമായ കൂട്ടുകാരുടെ മേളം. ഒരു സിനിമ ചിത്രീകരിക്കുന്നതുപോലെ, അത് തിയേറ്ററില്‍ എത്തുന്നതുപോലെ ആഹ്ലാദിപ്പിച്ച ദിവസം. പുസ്തകം പ്രസിദ്ധീകരിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് പ്രസാദ് എന്നെ വിളിച്ചു. ആദ്യം എന്നോട് പറഞ്ഞത് അതിന്റെ അടുത്ത പതിപ്പ് ഇറങ്ങിയെന്നാണ്. രാവണനെയും നോവലാക്കുവാന്‍ അന്നയാള്‍ തീരുമാനിച്ചു. ഒന്നുറപ്പാണ്, ബീയാര്‍ പ്രസാദ് എന്ന ശരീരം ഈ ഭൂമിയിലെ വാസം അവസാനിപ്പിച്ചാലും അയാളിവിടെ പൊഴിച്ചതും കൊത്തിയതുമായ വാക്കുകള്‍ കാലങ്ങള്‍ക്ക് ശേഷവും അച്ചുകുത്തും. കേരളത്തില്‍ കാറ്റിലാടുന്ന തെങ്ങോലകള്‍ക്കൊപ്പം ജലോല്‍സവത്തിലെ ശീര്‍ഷകഗാനം പാടും.
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട, ദേവദാസികള്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യത്തിന്റെ വിധികല്പിതമായ ജീവിതം എഴുതിയ ചന്ദ്രോല്‍സവം എന്ന നോവലും ആരാലോ ചലച്ചിത്രമാക്കപ്പെടും. അപ്പോഴും ബീയാര്‍ പ്രസാദ് ഉണ്ടാവും. സൗഹൃദത്തിന്റെ നിലാവ് പോലെ ചേര്‍ത്തുനിര്‍ത്തി കഥ പറയുവാന്‍ അയാള്‍ വരും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് മരിച്ച ജീവനല്ലല്ലോ. ആലപ്പുഴയിലെയോ കോട്ടയത്തെയോ തിരുവനന്തപുരത്തെയോ വഴികളില്‍ അയാള്‍ കാത്ത് നില്ക്കും. മഴയും വെയിലും പകലും രാത്രിയും ആ കാത്തിരിപ്പ് കാണും.
സംവിധായകന്‍, നടന്‍, എഴുത്തുകാരന്‍
മനോജ് കെ.യു.
Mar 28, 2023
53 Minutes Watch
വിപിന്‍ മോഹന്‍
Mar 28, 2023
3 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
സി.എസ്. മീനാക്ഷി
Feb 25, 2023
2 Minutes Read