വെറും നാല് ദിവസം കൊണ്ട്
മഹാരാഷ്ട്ര സര്‍ക്കാറിനെ
മുട്ടുകുത്തിച്ച കര്‍ഷക പോരാട്ടം
വെറും നാല് ദിവസം കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാറിനെ മുട്ടുകുത്തിച്ച കര്‍ഷക പോരാട്ടം
വെറും നാലേ നാല് ദിവസംകൊണ്ട് ഒരു സംസ്ഥാന ഭരണകൂടത്തെ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിച്ച കര്‍ഷകവീര്യത്തെ ഇനിയും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
17 Mar 2023, 05:59 PM
മഹാരാഷ്ട്രയിലെ കാര്‍ഷിക കേന്ദ്രങ്ങളിലൊന്നായ നാസിക്കില്‍ നിന്ന് തലസ്ഥാനമായ മുംബൈയിലേക്കെത്താന്‍ ഏകദേശം 170 കിലോമീറ്റര്‍ സഞ്ചരിക്കണം. ചെങ്കുത്തായ പര്‍വതങ്ങളും പച്ചപ്പ് നിറഞ്ഞ വയലുകളും നിബിഡ വനങ്ങളും പിന്നിടുന്ന, വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാമുള്ള മുംബൈ - നാസിക് ഹൈവേ ഇപ്പോള്‍ ഇന്ത്യയുടെ കര്‍ഷക സമര ചരിത്രത്തിന്റെ ഭാഗമായ ഒരു രാഷ്ട്രീയ പാത കൂടിയാണ്.
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു മാര്‍ച്ച് മാസത്തിലാണ് രാജ്യത്ത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് എഴുപതിനായിരത്തിലധികം വരുന്ന കര്‍ഷകരുടെ കൂറ്റന്‍ റാലി 'കിസാന്‍ ലോങ് മാര്‍ച്ച്' എന്ന പേരില്‍ നടന്നത്. പൊള്ളുന്ന വെയിലും ചൂടുമതിജീവിച്ച് കാര്‍ഷിക ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും പിന്നിട്ട് ദേശീയ പാതയിലൂടെ കാല്‍നടയായി മുംബൈ നഗരത്തിലെത്തിയ കര്‍ഷകരുടെ വിണ്ടുകീറിയ കാല്‍പാദങ്ങള്‍ സമൂഹമനസ്സാക്ഷിയെ അസ്വസ്ഥപ്പെടുത്തി. അത് രാജ്യാധികാരത്തെ ചോദ്യം ചെയ്തു. കര്‍ഷകവിരുദ്ധ ഭരണവ്യവസ്ഥയുടെ കൊള്ളരുതായ്മകളെ തുറന്നുകാട്ടി. ഒടുവില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിച്ച അവര്‍ വിജയം കണ്ട് മടങ്ങുകയും ചെയ്തു.

ചങ്ങാത്ത മുതലാളിത്തത്തിന്റെ രാഷ്ട്രീയ ഇന്ത്യ അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴേക്കും കാര്‍ഷിക ഗ്രാമങ്ങളിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായി. കാലവസ്ഥാ കെടുതികള്‍ മൂലമുള്ള വിളനാശം, വിലത്തകര്‍ച്ച, എണ്ണവില വര്‍ധന, വൈദ്യുതി പ്രതിസന്ധി, താങ്ങുവിലയുടെ അപര്യാപ്തത, പെന്‍ഷന്‍ ഇല്ലായ്മ തുടങ്ങി അതിജീവനവുമായി ബന്ധപ്പെട്ട സകലമാന പ്രതിസന്ധികളും അനുഭവിച്ചുകൊണ്ടിരുന്ന മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്കായി ഒരിക്കല്‍ കൂടി സംഘടിക്കാന്‍ തീരുമാനിച്ചു. ആദിവാസികളും ദളിതരും ഇതര പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുമായ ദരിദ്ര കര്‍ഷകര്‍ ഒരിക്കല്‍ കൂടി ചെങ്കൊടി കയ്യിലേന്തി മുംബൈയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

നാസിക്കിലെ കര്‍ഷക പോരാളികളുടെ വീര്യം ഒരിക്കല്‍ അനുഭവിച്ചറിഞ്ഞതുകൊണ്ടായിരിക്കാം മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാറിന് ഈ കര്‍ഷക മുന്നേറ്റത്തെ കണ്ടില്ലെന്ന് നടിക്കാനായില്ല. മാര്‍ച്ച് ആരംഭിച്ച ഉടന്‍ സര്‍ക്കാര്‍ സന്ധി ചര്‍ച്ചകള്‍ക്ക് തയ്യാറായി. മാര്‍ച്ച് അതിന്റെ നാലാം ദിവസം പാതിവഴിയിലെത്തിയപ്പേഴേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി നേരിട്ട് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ച ബഹുഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരടക്കം ആറ് മന്ത്രിമാര്‍ ചേര്‍ന്ന് കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡണ്ട് അശോഖ് ധാവ്‌ളെയുടെ നേതൃത്വത്തിലുള്ള പ്രതിനിധികളുമായി മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെത്തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ലോങ് മാര്‍ച്ച് അവസാനിപ്പിച്ച് എല്ലാവരും തിരികെ ഗ്രാമങ്ങളിലേക്ക് പോകണമെന്നതായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. എന്നാല്‍ സര്‍ക്കാറിന്റെ വെറുംവാക്കുകേട്ട് പ്രക്ഷോഭത്തിന്റെ പാതിവഴിയില്‍ വെച്ച് മടങ്ങാന്‍ കര്‍ഷകര്‍ തയ്യാറായില്ല.

ധാരണയിലെത്തിയ വിഷയങ്ങളിലെല്ലാം ഔദ്യോഗികമായി പ്രമേയം പാസ്സാക്കാന്‍ നാല് ദിവസം കൂടി നല്‍കാമെന്നും അതുവരെ നിലവില്‍ മാര്‍ച്ച് എത്തിനില്‍ക്കുന്ന താനെ ജില്ലയിലെ വസിന്ദ് ഗ്രാമത്തില്‍ തന്നെ കര്‍ഷകര്‍ തമ്പടിക്കുമെന്നുമാണ് കിസാന്‍ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. വഞ്ചിതരാകാന്‍ തയ്യാറല്ല, അവകാശങ്ങള്‍ നേടിയേ മടങ്ങൂ എന്ന കര്‍ഷക വീര്യത്തിനുമുന്നില്‍ ബി.ജെ.പി ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ മുട്ടുകുത്തിയിരിക്കുകയാണ്. കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുകയും അവ ഗ്രാമതലങ്ങളില്‍ നടപ്പാക്കുകയും വേണമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് ഇരുപത് കഴിഞ്ഞിട്ടും ചര്‍ച്ചയുടെ തീരുമാനങ്ങള്‍ നടപ്പായിട്ടില്ലെങ്കില്‍ കൂടുതല്‍ സംഘടിതരായി മുംബൈയെ ലക്ഷ്യമാക്കി നീങ്ങുമെന്ന താക്കീതും സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. വെറും നാലേ നാല് ദിവസംകൊണ്ട് ഒരു സംസ്ഥാന ഭരണകൂടത്തെ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിച്ച കര്‍ഷകവീര്യത്തെ ഇനിയും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കിസാന്‍സഭയുടെ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളെ, മഹരാഷ്ട്രയിലെ മുന്‍ എം.എല്‍.എ ജെ.പി. ഗവിത്, ഡോ. അജിത് നവാലെ, ഉമേഷ് ദേശ്മുഖ്, ഡോ. ഉദയ് നര്‍ക്കര്‍, അഡ്വ. അജയ് ബുരാണ്ടെ, സുഭാഷ് ചൗധരി, സി.ഐ.ടി.യു നേതാവ് ഡോ. ഡി.ആര്‍. കരാട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ, ഡി.വൈ.എഫ്.ഐ നേതാവ് ഇന്ദ്രജിത് ഗവിത് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടത്.

നാസിക്കിലെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക വിളകളിലൊന്ന് ഉള്ളിയാണ്.
ഇത്തവണയും വലിയ വിളവെടുപ്പുണ്ടായെങ്കിലും വിപണിയില്‍ ഉള്ളിക്ക് തീരെ വിലയുണ്ടായില്ല. ലോണെടുത്തും സ്വകാര്യ വായ്പകളെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ക്കിത് വലിയ തിരിച്ചടിയായി. കാര്‍ഷിക ഗ്രാമങ്ങളുടെ പ്രാദേശിക സമ്പദ വ്യവസ്ഥ വലിയ രീതിയില്‍ തകര്‍ന്നതോടുകൂടിയാണ് പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ കിസാന്‍ സഭ നേതൃത്വവും കര്‍ഷകരും തീരുമാനിച്ചത്. ഉള്ളിക്ക് ക്വിന്റലിന് രണ്ടായിരം രൂപ മിനിമം താങ്ങുവിലയായി ഉറപ്പ് വരുത്തുക, ഉടന്‍ സഹായധനമായി ക്വിന്റലിന് 600 രൂപ നല്‍കുക, കാര്‍ഷിക ലോണുകള്‍ പൂര്‍ണമായി എഴുത്തിത്തള്ളുക, കയറ്റുമതി നിയമങ്ങളില്‍ കര്‍ഷര്‍ക്കനുകൂലമായ മാറ്റങ്ങള്‍ വരുത്തുക, വനാവകാശ നിയമം ഉടന്‍ പൂര്‍ണമായും നടപ്പിലാക്കുക, ദിവസവും പന്ത്രണ്ട് മണിക്കൂര്‍ വൈദ്യുതി ലഭ്യത ഉറപ്പ് വരുത്തുക, വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളുക, പരുത്തി-സോയ കൃഷികള്‍ക്ക് സഹായം നല്‍കുക, പ്രധാനമന്ത്രിയുടെ ഭവനനിര്‍മാണ പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുക, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ കേരള മാതൃകയില്‍ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുക, പെന്‍ഷന്‍ തുക മാസത്തില്‍ നാലായിരം രൂപയായി ഉയര്‍ത്തുക, സംസ്ഥാനത്ത് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക തുടങ്ങി പതിനേഴോളം ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവെച്ചത്. ഈ ആവശ്യങ്ങളില്‍ ബഹുഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിച്ചു. ഇവയ്ക്ക് മേല്‍ പ്രാഥമിക നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള സാവകാശമാണ് ഇപ്പോള്‍ സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്.

താനെയിലെ വസിന്ദ് ഗ്രാമത്തില്‍ ഇപ്പോള്‍ പതിനായിരത്തോളം വരുന്ന ചെങ്കൊടിയേന്തിയ കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്. അവര്‍ പാട്ടുകള്‍ പാടുന്നു, മുദ്രാവാക്യം വിളിക്കുന്നു, സംഘം ചേര്‍ന്ന് ഭക്ഷണം തയ്യാറാക്കി കഴിക്കുന്നു, വിശ്രമിക്കുന്നു... ഞങ്ങളെ മുംബൈയിലേക്ക് നടത്തിക്കാതെ ഇവിടെ നിന്ന് തന്നെ ഗ്രാമങ്ങളിലേക്ക് തിരികെ പോകാനുള്ള അവസരം ഉണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് നന്നാകുമെന്ന് അവര്‍ സര്‍ക്കാറിന് താക്കീത് നല്‍കുന്നു... കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്കായി നിവര്‍ന്നുനില്‍ക്കുന്ന, അവരുടെ രാഷ്ട്രീയ ഭാഗദേയം അടയാളപ്പെടുത്തുന്ന സുന്ദരമായ കാഴ്ചയക്കാണ് വസിന്ദ് ഗ്രാമം സാക്ഷ്യം വഹിക്കുന്നത്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
വിജൂ കൃഷ്ണൻ
Feb 28, 2023
8 minutes read
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
ഷഫീഖ് താമരശ്ശേരി
Feb 19, 2023
10 Minutes Watch