ഒരു ദശാബ്ദത്തില്‍ മലയാളി യുവത നിരവധി നൂതനമായ മാറ്റങ്ങളിലൂടെ കടന്നു പോയി. ജിയോ വിപ്ലവത്തോടെ ഉണ്ടായ സുലഭമായ ഇന്റര്‍നെറ്റിന്റെ ലഭ്യത, വിവര സാങ്കേതിക വിദ്യയിലും സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളില്‍ ഉണ്ടായ നൂതനമായ മാറ്റങ്ങള്‍, സാമൂഹിക മാധ്യമങ്ങളിലെ വീഡിയോ ഷെയറിങ് ഓപ്ഷനുകള്‍ സൃഷ്ട്ടിച്ച അഭിനയ കലയുടെ ജനാധിപത്യവല്‍ക്കരണം, ഒ.ടി.ടി പ്ലാറ്റുഫോമുകളിലൂടെ വിവിധ ഭാഷകളിലെ മികച്ച സിനിമാ/ സീരീസുകളുടെ ലഭ്യത തുടങ്ങിയവ മലയാളി യുവതയുടെ ചലച്ചിത്രാസ്വാദനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു.
22 Sep 2022, 10:13 AM
എന്നും കേരളത്തിന്റെ സാംസ്‌ക്കാരിക പരികല്‍പ്പനയുടെ പുറത്തു നിര്‍ത്തിയിരുന്ന പ്രദേശമാണ് കാസര്‍ഗോഡ്. കേവല മുന്‍വിധികളുടെ വലയത്തിനുള്ളില്‍ മുഖ്യധാര മലയാളി തളച്ചിട്ട ജില്ലയായിരുന്നു മലപ്പുറം. കൃത്യവിലോപം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നതിനും സാങ്കല്‍പികമായ കളളക്കടത്തു സംഘങ്ങളുടെ വിലാസം അടയാളപ്പെടുത്തുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്ന നാമമായിരുന്നു കാസര്‍ഗോഡെങ്കില്‍ തീവ്രവാദവും ബോംബു നിര്‍മാണവും സുലഭമായി നടക്കുന്ന പ്രദേശത്തിന്റെ ഉത്തമ മാതൃകയായിരുന്നു മലപ്പുറം. മേല്‍പറഞ്ഞ വിശേഷണങ്ങളിലൂടെയാണ് കാലങ്ങളായി മലയാള ചലച്ചിത്രങ്ങള്‍ ഈ രണ്ടു പ്രദേശങ്ങളെയും കേരള പൊതുബോധത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. അങ്ങനെയുള്ള സാംസ്‌ക്കാരിക പരിസരത്തിലാണ് രണ്ടായിരത്തി പത്തിനു ശേഷം തനതായ പ്രാദേശിക സംസ്‌കാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രമേയപരമായും സാങ്കേതികമായും മികച്ചു നില്‍ക്കുന്ന സിനിമകള്‍ ഈ ജില്ലകളില്‍ നിന്ന് വന്നു തുടങ്ങിയത്. സമീപകാലത്ത് തീയറ്ററുകളില്‍ റിലീസായി മികച്ച സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടിയ തല്ലുമാല, ന്ന താന്‍ കേസു കൊട് എന്നീ ചിത്രങ്ങള്‍ ഉത്തര കേരളത്തിന്റെ സാംസ്‌കാരിക അടയാളങ്ങളെ വളരെ ആസ്വാദ്യമായി പ്രതിനിധാനം ചെയ്യുന്നു.
മുഹ്സിന്‍ പെരാരി രചനയും സക്കറിയ സംവിധാനവും നിര്‍വഹിച്ച സുഡാനി ഫ്രം നൈജീരിയ (2018) രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ (2019) എന്നിവയാണ് ഈ രണ്ടു പ്രദേശങ്ങളെ പ്രതിനിധീകരിച്ചു ഇറങ്ങിയതില്‍ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രങ്ങള്‍. രണ്ടു സിനിമകളും ഒരേ സമയം പ്രാദേശിക ജീവിതത്തെ അടയാളപ്പെടുത്തുകയും സാര്‍വ്വലൗകിക പ്രമേയങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്യുന്നു.

രണ്ടു ചിത്രങ്ങളുടെയും രചയിതാക്കള്‍ 2022 ല്‍ യഥാക്രമം തല്ലുമാലയും ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകളുമായി വന്നപ്പോള്‍ മടിച്ചു നിന്നിരുന്ന പ്രേക്ഷകർ ഒന്നടങ്കം തീയറ്ററുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അതുപോലെ മികച്ച രീതിയില്‍ കാസർഗോഡിനെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച തികളാഴ്ച നിശ്ചയം (2021).
ഉത്തര കേരളത്തിലെ പ്രാദേശിക ഭാഷകള്‍ സിനിമയില്‍
മഴ മയയുടെ പര്യായമാണ് എന്ന മുഹ്സിന്‍ പെരാരിയുടെ പ്രസ്താവനയോടെ തുടങ്ങട്ടെ. ഭാഷയുണ്ടെങ്കില്‍ ഭാഷാഭേദവുമുണ്ട് എന്ന സാമാന്യ തത്വത്തിന്റെ അവതരണ ഘടനയില്‍ മാറ്റം വരുത്തി മൂലഭാഷയും ഭാഷഭേദവും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം എന്താണ് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് മുഹ്സിന്‍ മയ മൂലഭാഷയും മഴ ഭാഷഭേദവും ആണെന്ന പ്രസ്താവന മുന്നോട്ട് വെക്കുന്നത്. സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ടാണ് ശുദ്ധ ഭാഷ വാദത്തിന്റെ മുനയൊടിച്ചു നിര്‍മിക്കപെട്ട തല്ലുമാല, ന്ന താന്‍ കേസ് കൊട് എന്നീ സിനിമകളിലെ സംഭാഷണങ്ങള്‍ തയാറാക്കിയിരിക്കുന്നത്

കുടുംബ പശ്ചാത്തലം, മതം, സമുദായം, ജാതി, വിദ്യാഭ്യാസം, സാംസ്‌കാരിക പരിസരം, പ്രാദേശികത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ ഒരു വ്യക്തിയുടെ ഭാഷയെ സ്വാധീനിക്കും. മതം, ജാതി, കുടുംബ പശ്ചാത്തലം, പ്രാദേശികത എന്നിവ പരസ്പ്പരം പങ്കുവെക്കുന്ന രണ്ടുപേരുടെ കേവല വിദ്യാഭ്യാസ യോഗ്യതകള്‍ തമ്മിലുള്ള അന്തരം പോലും അവരുടെ ഭാഷപ്രയോഗങ്ങള്‍ തമ്മില്‍ സ്വാഭാവികമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ന്ന താന്‍ കേസ് കൊടിലെ മജിസ്ട്രേറ്റ്, വക്കീല്‍, കള്ളന്‍, നഴ്‌സ്, ഓട്ടോക്കാരന്‍, ടീച്ചര്‍, രാഷ്ട്രീയ നേതാക്കള്‍, മന്ത്രി, തെയ്യം കലാകാരനായ പോലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങി ഒറ്റ സീനില്‍ വന്നുപോകുന്നവര്‍ വരെയുള്ള ഓരോ കഥാപാത്രത്തിന്റെയും സംഭാഷണങ്ങള്‍ അവരുടെ പ്രായം, തൊഴില്‍, വിദ്യാഭ്യാസം, ഉപപ്രാദേശികത തുടങ്ങിയ ഘടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണിക്കുന്നു. തല്ലുമാലയില്‍ ഒരു പടികൂടി കടന്നു സിനിമയിലെ എല്ലാ പാട്ടുകളും തയ്യാറാക്കിയിരിക്കുന്നത് പ്രാദേശിക ഭാഷയുടെ സൗന്ദര്യത്തിലാണ്.
മലയാള സിനിമയിലെ പ്രാദേശിക ഭാഷ അവതരണത്തിന്റെ ചരിത്രം നോക്കിയാല്‍ പ്രാദേശിക ഭാഷ പ്രയോഗത്തില്‍ പാളിച്ച പറ്റിയ നിരവധി സിനിമകളുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം (2002) കുഞ്ഞാലി മരക്കാര്‍ അറബി കടലിന്റെ സിംഹം (2021) പോലുള്ള ചിത്രങ്ങള്‍ മലബാറിലെ മുസ്ലിം സമുദായത്തിന്റെ ഭാഷയെന്ന രീതിയില്‍ സാങ്കല്‍പ്പിക ഭാഷഭേദങ്ങള്‍ അവതരിപ്പിക്കുകയും അതിലൂടെ ഒരു സമുദായത്തിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ അടയാളങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷ്വദ്വീപിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപെട്ട അനാര്‍ക്കലി (2015), മൂത്തോന്‍ (2019) തുടങ്ങിയ സിനിമകളിലും പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള ശ്രമത്തില്‍ ഭാഷയെ വികലമാക്കിയ ഉദാഹരണവും മുന്നിലുണ്ട്. ലക്ഷ്വദ്വീപിന്റെ ഭാഷ പ്രയോഗത്തില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥ പുലര്‍ത്തിയത് മോസയിലെ കുതിര മീനുകള്‍ (2014) എന്ന ചിത്രമായിരുന്നു.

സിനിമ പോലുള്ള വിപണന മൂല്യമുള്ള ഒരു കലാരൂപത്തിന്റെ വിനിമയ മാധ്യമമായി പ്രാദേശിക ഭാഷ സ്വീകരിക്കുമ്പോള്‍ രണ്ടു പ്രതിസന്ധികളാണ് മുന്നിലുള്ളത്.
(ഒന്ന്) പ്രാദേശിക ഭാഷയിലെ സംഭാഷണങ്ങളുടെ വാച്യാര്‍ത്ഥവും ആരോപിത അര്‍ത്ഥവും സാമാന്യ പ്രേക്ഷകനു പരിപൂര്‍ണ്ണമായും മനസിലാകുന്ന രീതിയില്‍ അതിന്റെ സൗന്ദര്യം ചോര്‍ന്നു പോകാതെ അവതരിപ്പിക്കുക.
(രണ്ട്) കിളിച്ചുണ്ടന്‍ മാമ്പഴം. മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ പോലെ പ്രാദേശിക ഭാഷയെ വികലമാക്കാതെ വളരെ സ്വാഭാവികതയോടെ നടീനടന്മാരെ കൊണ്ട് അവതരിപ്പിക്കുക. ഈ രണ്ടു കാര്യങ്ങളിലും തല്ലുമാല, ന്ന താന്‍ കേസ് കൊട് എന്നീ സിനിമകള്‍ പരിപൂര്‍ണ്ണമായും വിജയിക്കുന്നു.

പ്രാദേശിക ഭാഷയുടെ വകഭേദങ്ങളെ മനസിലാക്കി സൂക്ഷ്മാംശങ്ങളില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ സിദ്ധിയുള്ള നടനാണ് മമ്മുട്ടി. കാസര്‍ഗോഡിന്റെ പ്രാദേശിക ഭാഷ ആദ്യമായി സിനിമയില്‍ അവതരിപ്പിക്കുന്നത് മമ്മൂട്ടി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച അടൂര്‍ ഗോപാല കൃഷ്ണന്റെ ക്ലാസിക്ക് ചിത്രമായ വിധേയന്‍ (1994) നിലാണ്. കാസര്‍ഗോഡിന്റെയും കര്‍ണ്ണാടകയുടെയും അതിര്‍ത്തി പ്രദേശത്തുള്ള സവര്‍ണ്ണ ജന്മിയായ ഭാസ്‌ക്കര പട്ടേലര്‍ എന്ന കഥാപാത്രം പൂര്‍ണമായും കന്നഡ കലര്‍ന്ന കാസര്‍ഗോഡന്‍ മലയാളമാണ് സംസാരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള കുടിയേറ്റ ക്രിസ്ത്യാനികള്‍ ആയിരുന്നത് കൊണ്ട് വിധേയന്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രാദേശിക ഭാഷ ചിത്രമായിരുന്നില്ല. ഉത്തരമലബാറിന്റെ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട വാണിജ്യ സിനിമകള്‍ വിജയം കണ്ടു തുടങ്ങിയത് രണ്ടായിരത്തി പതിനഞ്ചിനു ശേഷമാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, തികളാഴ്ച നിശ്ചയം, ന്ന താന്‍ കേസു കൊട് തുടങ്ങിയ തീയേറ്റര്‍ ചിത്രങ്ങള്‍ മുതല്‍ ഏറെ ശ്രദ്ധിക്കെപ്പെട്ട അനുരാഗ് എഞ്ചിനിയറിങ് വര്‍ക്ക്‌സ് പോലുള്ള മികച്ച ഷോര്‍ട്ട് ഫിലിമുകളും ആ ശ്രേണിയില്‍ പെടുന്നു.
ഉത്തര കേരള സിനിമകള്‍- പ്രാദേശികതയുടെ സാര്‍വത്രികത
പ്രാദേശികതയുടെ സാര്‍വത്രികത എന്നത് സാഹിത്യത്തിലെ സാമാന്യ സങ്കല്‍പ്പമാണ്. കേവലം പ്രാദേശികമായ അതിരുകള്‍ക്ക് അപ്പുറത്തായി ഏതൊരു സാംസ്‌കാരിക പരിസരത്തു നിന്നുള്ളവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന സിനിമകളാണ് തല്ലുമാലയും ന്ന താന്‍ കേസ് കൊടും. ഹോളിവുഡ് പോലുള്ള വലിയ ഇന്‍ഡസ്ട്രികളിലെ സിനിമകളെ അനുകരിച്ചു നിര്‍മ്മിക്കുന്ന ചിത്രങ്ങളെയാണ് ലോകോത്തര സിനിമകളായി നമ്മുടെ മുഖ്യധാരാ സമൂഹം വിലയിരുത്താറുള്ളത്. എന്നാല്‍ വൈവിധ്യമാര്‍ന്ന പരിസരങ്ങളില്‍ നിന്നുള്ള പ്രേക്ഷകനു മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്ന പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുകയും ദൃശ്യപരമായി മികച്ചതുമായ ചിത്രങ്ങളാണ് ലോകോത്തര സിനിമകള്‍. തനിയാവര്‍ത്തനം (1987) മതിലുകള്‍ (1990) സദയം (1992) മുന്നറിയിപ്പ് (2014) മഹേഷിന്റെ പ്രതികാരം (2016) പോലുള്ള സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയ ലോകോത്തരമായ പ്രമേയങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. അതുപോലെ ഉത്തര കേരളത്തില്‍ നിന്നുള്ള സുഡാനി ഫ്രം നൈജീരിയ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, തിങ്കളാഴ്ച നിശ്ചയം പോലുള്ള സിനിമകള്‍ തികച്ചും പ്രാദേശികമായ പ്രമേയത്തിലൂടെ സാര്‍വത്രികമായ ആസ്വാദന നിലവാരം പുലര്‍ത്തുന്നവയാണ്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും (2013) പ്രേമവും (2015) മാണ് സമീപ വര്‍ഷങ്ങളില്‍ പൂര്‍ണാര്‍ത്ഥത്തില്‍ മലയാളീ യുവത്വം കൊണ്ടാടിയ സിനിമകള്‍. അതിനു ശേഷം മലയാളി യുവതയുടെ ഇടയില്‍ തരംഗമായ യൂത്ത് സിനിമയാണ് തല്ലുമാല. ഒരു ദശാബ്ദത്തില്‍ മലയാളി യുവത നിരവധി നൂതനമായ മാറ്റങ്ങളിലൂടെ കടന്നു പോയി. ജിയോ വിപ്ലവത്തോടെ ഉണ്ടായ സുലഭമായ ഇന്റര്‍നെറ്റിന്റെ ലഭ്യത, വിവര സാങ്കേതിക വിദ്യയിലും സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളില്‍ ഉണ്ടായ നൂതനമായ മാറ്റങ്ങള്‍, സാമൂഹിക മാധ്യമങ്ങളിലെ വീഡിയോ ഷെയറിങ് ഓപ്ഷനുകള്‍ സൃഷ്ട്ടിച്ച അഭിനയ കലയുടെ ജനാധിപത്യവല്‍ക്കരണം, ഒ.ടി.ടി പ്ലാറ്റുഫോമുകളിലൂടെ വിവിധ ഭാഷകളിലെ മികച്ച സിനിമാ/ സീരീസുകളുടെ ലഭ്യത തുടങ്ങിയവ മലയാളി യുവതയുടെ ചലച്ചിത്രാസ്വാദനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു. നൂതനമായ രീതിയില്‍ അവതരിപ്പിക്കപ്പെട്ട തല്ലുമാല എന്ന ചിത്രത്തിനു യുവാക്കളുടെ ഇടയില്‍ നിന്ന് ലഭിക്കുന്ന പിന്തുണ മലയാളി യുവത പരിപൂര്‍ണ്ണമായും മാറിയിരിക്കുന്നു എന്നതിനുള്ള മികച്ച ഉദാഹരണമാണ്.
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
യാക്കോബ് തോമസ്
Jan 09, 2023
18 Minutes Listening
നിയാസ് ഇസ്മായിൽ
Jan 07, 2023
4 Minutes Read
വി. കെ. അനില്‍കുമാര്‍
Dec 24, 2022
5 Minutes Read