ഉറപ്പാണ് മലപ്പുറം

ലീഗ് സ്ഥാനാർഥിയായി മൂന്നാമത്തെ തവണയും ജനവിധി തേടുന്ന പി. ഉബൈദുള്ളക്ക് ഇത്തവണയും ഭീഷണിയില്ല.

Election Desk

1957 ൽ രൂപീകരിക്കപ്പെട്ടതുമുതൽ മുസ്ലിം ലീഗിനെ അല്ലാതെ മറ്റാരെയും ജയിപ്പിക്കാത്ത മണ്ഡലമാണ് മലപ്പുറം. ലീഗ് സ്ഥാനാർഥിയായി മൂന്നാമത്തെ തവണയും ജനവിധി തേടുന്ന പി. ഉബൈദുള്ളക്ക് ഇത്തവണയും ഭീഷണിയില്ല.

2011ൽ ആദ്യ മത്സരത്തിൽ ഉബൈദുള്ളയുടെ ഭൂരിപക്ഷം 44,322 വോട്ടായിരുന്നു, 2016ൽ 35,672 ആയി. പൊതുരംഗത്ത് സജീവമായ സ്ഥാനാർഥി പാലോളി അബ്ദുറഹ്‌മാൻ ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കോ- ഓപ്പറേറ്റീവ് സൊസൈറ്റി സ്പിന്നിങ് മിൽ ചെയർമാൻ, പ്രവാസി സംഘം ജില്ല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന അബ്ദുറഹ്‌മാൻ മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ ബന്ധുവാണ്.

ഇരു സ്ഥാനാർഥികളും അവസാനഘട്ട പ്രചാരണത്തിലാണ്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിൽ വോട്ടർമാരെ നേരിട്ടുകാണുകയാണ് സ്ഥാനാർഥികൾ.

പ്രമുഖ ലീഗ് നേതാക്കളുടെ കളരി കൂടിയാണ് മലപ്പുറം മണ്ഡലം. 1979ൽ സി.എച്ച്. മുഹമ്മദുകോയ 23,638 വോട്ടിന് ജയിച്ചാണ് മുഖ്യമന്ത്രിയായത്. മകൻ എം.കെ. മുനീറിന് മലപ്പുറം രണ്ടു തവണ ജയം സമ്മാനിച്ചു. യു.എ. ബീരാൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും രണ്ടു തവണ വീതം ജയിച്ചു.
1957, 1960 തെരഞ്ഞെടുപ്പുകളിൽ കെ. ഹസൻ ഗനിക്കായിരുന്നു ജയം. 1982, 1987 വർഷങ്ങളിൽ പി.കെ. കുഞ്ഞാലിക്കുട്ടി. 1996, 2001 വർഷങ്ങളിലായിരുന്നു മുനീറിന്റെ ഊഴം.

മലപ്പുറം നഗരസഭ, ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ പഞ്ചായത്തുകൾ, പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ പഞ്ചായത്ത് എന്നിവ ഉൾപ്പെട്ടതാണ് മണ്ഡലം.

Comments