ഇനി തമിഴാണ് മലയാളികൾ പഠിക്കേണ്ടത്

അടിച്ചേല്പിക്കുന്ന ഭാഷക്കുപിന്നിൽ അടിച്ചേല്പിക്കുന്ന ക്രൂരമനുഷ്യരുണ്ട്. സാമൂഹ്യ ഉപബോധത്തിൽ അവന്റെ/അവളുടെ സാംസ്ക്കാരിക വിദൂര ഭൂതകാലമില്ലെങ്കിൽ പ്രത്യേകിച്ച്. ഉപജീവനാർത്ഥം നാം പഠിക്കുന്ന ഇംഗ്ലീഷിനൊപ്പം അടിയന്തര പ്രധാനമായി പഠിക്കേണ്ടത് തമിഴ് ഭാഷ തന്നെയാണ്. കേരളീയരുടെ മാതൃഭാഷ മലയാളമാണെങ്കിലും മലയാളത്തിന്റെ മാതൃഭാഷ തമിഴാണ്. സൂക്ഷിച്ച് നോക്കിയാൽ ഇതിലൊരു രാഷ്ട്രീയതയും പ്രതിരോധ രാഷ്ട്രീയ പ്രവർത്തനവുമുണ്ട്.

ലയാളവും ഇംഗ്ലീഷും കഴിഞ്ഞാൽ നാം വിദ്യാലയങ്ങളിൽ പ്രധാന ഉപഭാഷയായി പഠിക്കേണ്ടത് തമിഴ് ഭാഷയാണ് എന്നാണെന്റെ അഭിപ്രായം.
കാരണം, തമിഴാണ് നമ്മുടെ തറവാട്ടു ഭാഷ. കേരളത്തിന്റെ അനേക സംസ്കാരിക വിദൂര ചരിത്രത്തിന്റെ ഉപബോധം കൂടിയാണ് തമിഴ്. നമ്മുടെ ഭാഷാ സ്വത്വം ഏത് ഭാഷയെക്കാളും തമിഴിലാണ് കുടികൊള്ളുന്നത്. വടക്കേ ഇന്ത്യൻ പ്രവിശ്യയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ആര്യവൽക്കരണത്തിനെതിരെ അത്ഭുതകരമായി പിടിച്ചു നിന്ന ഭാഷ കൂടിയാണ് തമിഴ് എന്നും നാം ഓർക്കേണ്ടതുണ്ട്.

മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ദ്രാവിഡ ഭാഷകളിൽ സംസ്കൃതത്തിന്റെ അംശത്തെ ബോധപൂർവ്വം തന്നെ അകറ്റി നിർത്തിയത് തമിഴ് ജനതയാണെന്ന് കാണാം. തമിഴിന്റെ പൗരാണികതയും സാഹിത്യവും ആ മണ്ണിന്റെ പ്രധാനപ്പെട്ട രണ്ട് അഭിമാനചിഹ്നങ്ങളായി രാഷ്ട്രീയ ചാലകശക്തിയായി ഇന്നും അത് നില നിർത്തുന്നു. പദസമ്പത്തിലും സംഗീതാത്മകതയിലും തമിഴ് ഭാഷ ലോകത്തിന്റെ ഏത് ഭാഷയോടും മുന്നിട്ട് നിൽക്കുന്നു. ഏത് ഇംഗ്ലീഷ് വാക്കുകൾക്കും ആ ഭാഷയിൽ തത്തുല്യമായ പദങ്ങൾ അപ്പപ്പോൾത്തന്നെ പിറന്നു വീഴുന്നത് കാണാം. ഒട്ടുമിക്ക സാങ്കേതിക ഉപകരണങ്ങളും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നാണ് കണ്ടുപിടിക്കപ്പെടുകയും ഇന്ത്യയിലെത്തുകയും ചെയ്യുന്നത്.

ബസിന് പേരുന്ത് എന്നവർ തമിഴീകരിച്ചു. ഫോട്ടോവിന് വളരെ കാവ്യാത്മകമായ പദമാണ് തമിഴിൽ: നിഴൽ പടം. / Photos: Muhammed Fasil

നമ്മൾ യാതൊന്നും കണ്ടു പിടിക്കാതെ ഇല്ലാത്ത പഴയ കാല ഗീർവാണങ്ങളിൽ മുഴുകുകയും യാതൊരു നാണവുമില്ലാതെ അതെല്ലാം പണംകൊടുത്ത് വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നവരാണ്. നമുക്ക് ആ ഉപകരണത്തിന്റെ പേരിൽ പോലും യാതൊരു അവകാശവുമില്ല! എന്നാൽ ആ ഉപകരണങ്ങൾക്ക് സ്വന്തമായി പേര് നല്കാനെങ്കിലും ശ്രമിക്കുന്ന ഭാഷയാണ് തമിഴ്. റഫ്രിജറേറ്റിന്‌ അവർ അനായാസം കുളിർ പെട്ടി എന്ന് നാമകരണം ചെയ്തു. എയർ കണ്ടീഷനറിനും ഇട്ടു കൊടുത്തു, ഉടൻ ഒരു പേര്: കുളിർ സാധനപ്പെട്ടി. സാധനം എന്നാൽ ഉപകരണം എന്നാണ് തമിഴിലെ അർത്ഥം. മൊബൈലിന് തമിഴൻ ഒന്നാന്തരം പേരിട്ടിട്ടുണ്ട്: അലൈ പേശി. കമ്പ്യൂട്ടറിന് കണിനി, കാൽക്കുലേറ്ററിന് കണിപ്പാൻ, എളിഗണി എന്നീ രണ്ടു പേരുകളിട്ടു, ഗണിപ്പാൻ എന്ന വാക്കിൽ നിന്ന് കണിപ്പാനും എളുപ്പം ഗണിക്കാൻ എന്ന അർത്ഥത്തിൽത്തന്നെയാവണം എളിഗണി എന്നും കാൽക്കുലേറ്ററിന് പേര് വന്നത്.

ബസിന് പേരുന്ത് എന്നവർ തമിഴീകരിച്ചു. ഫോട്ടോവിന് വളരെ കാവ്യാത്മകമായ പദമാണ് തമിഴിൽ: നിഴൽ പടം. മറ്റൊരു മനോഹര പദം നിഴൽകുടൈ. സംഭവം മറ്റൊന്നുമല്ല, വെയിറ്റിങ്ങ് ഷെഡ് തന്നെ! കൂട്ടത്തിൽ പറയട്ടെ , Weather ന് കൃത്യമായ മലയാളം ഇന്നുമില്ല. climate നും കൂടി ചേർത്ത് കാലാവസ്ഥ എന്ന് എഴുതും.Weather ന് ദൈനംദിന കാലാവസ്ഥ എന്നൊക്കെ ചില പത്രങ്ങൾ എഴുതി നോക്കിയെങ്കിലും അതൊന്നും ഏറ്റില്ല. സത്യത്തിൽ എന്റെ ജന്മദേശമായ കണ്ണൂരിൽ weather ന് മനോഹരമായ മലയാളമുണ്ട് - ആച്ച്. മാനം കറുക്കുമ്പോൾ മഴ തെളിയുമ്പോൾ പഴയ തലമുറ ഇപ്പോഴും പറയും, ഓ, ആച്ച് മാറിയല്ലോ എന്ന്. ഇങ്ങനെ എത്രയോ സംഗീതാത്മകമായ നാട്ടു പദങ്ങൾ മലയാളി നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രധാന ദിനപത്രം അത് ഉപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷേ, നിലനിന്ന് പോയേനെ.

തമിഴിന്റെ പൗരാണികതയും സാഹിത്യവും ആ മണ്ണിന്റെ പ്രധാനപ്പെട്ട രണ്ട് അഭിമാനചിഹ്നങ്ങളായി രാഷ്ട്രീയ ചാലകശക്തിയായി ഇന്നും അത് നില നിർത്തുന്നു.

ഏത് ഭാഷയിലെയും പദങ്ങൾ പുറമെ നിന്ന് സമ്മർദ്ദപ്പെടുത്തി ഉണ്ടാക്കാനാവില്ല. ഇടക്കാലത്ത് നമ്മുടെ ഭാഷാ പണ്ഡിതന്മാർ ഇംഗ്ലീഷിനു് തത്തുല്യമായ പദങ്ങൾ നിർമ്മിച്ചെടുക്കാൻ ആവത് ശ്രമിച്ചെങ്കിലും കാര്യമായി ഫലം ചെയ്തില്ല. അത്തരം പദങ്ങൾക്ക്‌ സംഗീതാംശമോ നമ്മുടെ സാംസ്ക്കാരിക ഉപബോധ ചിത്രമോ ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് കാരണം. സ്വിച്ചിന് വൈദ്യുത ആഗമന പ്രത്യാഗമന യന്ത്രമെന്ന രീതിയിലൊക്കെ പദ നിർമ്മാണം നടത്തിയാൽ എങ്ങനെയിരിക്കും ? റെയിൽവേ സ്റ്റേഷന് അഗ്നിശകട ആഗമന പ്രത്യാഗമന കേന്ദ്രം എന്ന് രണ്ട് തവണ പറയുമ്പോഴേക്കും നമ്മുടെ വണ്ടി തന്നെ പോയിട്ടുണ്ടാവും. ഇക്കാര്യത്തിൽ തമിഴ് ഒരു മാതൃകയാണു്. ഇന്നലെ വന്നിറങ്ങുന്ന ഇംഗ്ലീഷ് പദത്തിന് നാളെ തമിഴ് വരും. എന്തിനേറെ വാട്സ്ആപ്പിന് പോലും തമിഴിൽ പേര് വന്നു കഴിഞ്ഞു: പകിരി എന്നാണത്. ഉദാഹരണങ്ങൾ എത്രയോ ഇനിയും കിടക്കുന്നു.

തമിഴ് ഭാഷയ്ക്ക് എന്ത് കൊണ്ട് ഇത് സാധിക്കുന്നു? കാരണം ലളിതമാണ്. സംഗീതാത്മകമാണ് ആ ഭാഷ, ലളിതമാണ്, അനേക നൂറ്റാണ്ടുകളുടെ സാഹിത്യ പൈതൃകം അതിനുണ്ട്. അതിന്റെ എല്ലാ അഭിമാനബോധവും പ്രണയവും അവരുടെ ഹൃദയത്തിൽ ആ ഭാഷയോടുണ്ട്. തമിഴൻ എന്നാണ് ഒരു സിനിമയുടെ പേര്. സ്വാഭിമാനത്തിന്റെ ഊർജ്ജ പ്രവാഹമാണ് ഒരു കച്ചവട സിനിമയുടെ പേരിൽ പോലും . അതിനെ പെട്ടെന്ന് സാമൂഹ്യ രാഷ്ട്രീയ ബോധമായി പരിവർത്തിക്കപ്പെടുന്നു. എന്നാൽ മലയാളി ഒരു സിനിമയ്ക്കിട്ട പേര് പോലും നോക്കൂ. - മലയാളിമാമനുക്ക് വണക്കം !

ഇണ ചേരുന്നതിനെപ്പറ്റി പറയാൻ പോലും മനോഹരമായ ഒരു പദം മലയാളത്തിലില്ല. എന്നാൽ തമിഴിൽ നോക്കൂ: ഉടൽ ഉറവ്. എത്രമേൽ സൗന്ദര്യപൂർണവും സംഗീതാത്മകവുമായ പദം. പ്രണയത്തിന്റെ ആന്തരിക ഭാവത്തെ പകർത്താൻ ഇതിനോളം മനോഹരമായ പദം വേറെയുമുണ്ട്, തമിഴിൽ അതിലൊന്നാണ് കലവി. കലവി എന്നാൽ രണ്ടല്ലാതെ ഒന്നായിത്തീരുന്നത് എന്നാണർത്ഥം. പ്രണയസംയോഗത്തിന് ഇതിനോളം അർത്ഥസൗന്ദര്യവും ജനാധിപത്യ ബോധവും ഉൾക്കൊള്ളുന്ന മറ്റ് ഏത് പദമുണ്ട്? മലയാളത്തിൽ ഈയർത്ഥത്തിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക പദങ്ങളും വൈരൂപ്യമാർന്നതാണ്. സ്വയം ബഹുമാനമില്ലാത്തത് പോലുമാണ്. ഒരു നിമിഷം, ഇത് വായിക്കുന്നത് നിർത്തി അത്തരം പദങ്ങളെ തിരഞ്ഞു നോക്കുക; ഇക്കാര്യം മനസ്സിലാവും.

ഭാഷയിലാണ്‌ ഏത് സമൂഹത്തിന്റെയും ചരിത്രാവബോധം കുടികൊള്ളുന്നത്.

1578ൽ പോർച്ചുഗീസ് ക്രിസ്ത്യൻ മിഷണറിമാർ ഒരു തമിഴ് പ്രാർത്ഥനാ പുസ്തകം പഴയ തമിഴ് ലിപിയിൽ അച്ചടിച്ചിറക്കുകയുണ്ടായി. അതിന്റെ പേര് തമ്പിരാൻ വണക്കം എന്നാണ്. ഇന്ത്യൻ ഭാഷകളിലൊന്നിന്റെ തനതായ ലിപി ഉപയോഗിച്ച് പ്രസിദ്ധീകരിച്ച ആ പുസ്തകം, അച്ചടിച്ചിറങ്ങിയ ആദ്യ ഇന്ത്യൻഭാഷയായിരുന്നു എന്നു കൂടി ഓർക്കണം. സംഭവം അച്ചടിച്ചത് നമ്മുടെ സ്വന്തം കേരള നാട്ടിലാണ്. വേണാട് കൊല്ലം. ഇക്കാര്യത്തിൽ കൊല്ലം ജില്ലക്കാർക്ക് മൊത്തം അഭിമാനിക്കാം. മലയാള നാടും തമിഴ് ഭാഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതില്പരം ഇനിയെന്ത് പറയാനാണ്?

ഭാഷയിലാണ്‌ ഏത് സമൂഹത്തിന്റെയും ചരിത്രാവബോധം കുടികൊള്ളുന്നത്. വടക്ക് നിന്നുള്ള ആര്യവൽക്കരണവും തെക്കൻ പടിഞ്ഞാറ് തീരത്ത് നിന്നുള്ള കച്ചവട മിഷണറി ബന്ധത്തിന്റെയും പടിഞ്ഞാറൻ ശക്തികളുടെ അധിനിവേശ വൽക്കരണത്തിന്റെയും ഫലമായിത്തന്നെയാവണം നാം നമ്മുടെ അമ്മ ഭാഷയിൽ നിന്ന് ഭാഗികമായെങ്കിലും വേർപെട്ടു പോയത്. ഭാഷയാൽ അടിച്ചേല്പിച്ച പ്രത്യക്ഷവും പരോക്ഷവുമായ കോളനിവൽക്കരണം ഇന്നും തുടരുന്നു. പക്ഷേ, തമിഴ് ഭാഷ അറിയാത്ത ഏത് മലയാളിക്കും ആശയവിനിമയം ഏറെക്കുറെ സാധ്യമായി നില്ക്കുന്നത് ഏക ഭാഷ തമിഴാണെന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ ഭാഷയ്ക്കുള്ളത് തമിഴുമായുള്ള നാഭീനാളീ ബന്ധമാണ്. തമിഴിലെ സംഘകാല പഞ്ച മഹാകാവ്യങ്ങളിലൊന്ന് എഴുതിയത് കേരളീയനാണ്. ഇളങ്കോവടികൾ എന്നാണ് കവിയുടെ പേര്. കൃതി: ചിലപ്പതികാരം. ചില്ലറയല്ല, 5700 വരികളുണ്ട്. കണ്ടുകിട്ടാത്ത കേരളീയ കവികളുടെ പേരുകൾ ഇനിയും ഉണ്ടാകും. എട്ടുത്തൊകൈയിലെ ചില പദ്യങ്ങൾ കേരളീയ കവികൾ എഴുതിയതായി കണക്കാക്കുന്നുണ്ട്.

ഈ കുറിപ്പിന്റെ ഉദ്ദേശ്യം ഭാഷാ മൗലിക വാദമല്ല. ലോകത്തിലെ ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്കെതിരല്ല എന്നതാണ് പാവനമായ സത്യം. ലോകത്തിൽ ഏറ്റവും കുറഞ്ഞ ജനവിഭാഗം സംസാരിക്കുന്ന ഭാഷ പോലും മനുഷ്യർ നിലനിർത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്‌ ഞാൻ. പക്ഷേ, രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ച് ഏത് ഭാഷയും അടിച്ചേല്പിക്കുന്നതിനെതിരാണ്. അടിച്ചേല്പിക്കുന്ന ഭാഷയ്ക്ക് പിന്നിൽ അടിച്ചേല്പിക്കുന്ന ക്രൂരമനുഷ്യരുണ്ട്. സാമൂഹ്യ ഉപബോധത്തിൽ അവന്റെ/അവളുടെ സാംസ്ക്കാരിക വിദൂര ഭൂതകാലമില്ലെങ്കിൽ പ്രത്യേകിച്ച് .

വേരുകൾ കൈയൊഴിഞ്ഞ മരങ്ങളെ അതിന്റെ ആത്മാവും താമസിയാതെ കൈയൊഴിയും. ഉപജീവനാർത്ഥം നാം പഠിക്കുന്ന ഇംഗ്ലീഷിനൊപ്പം അടിയന്തര പ്രധാനമായി പഠിക്കേണ്ടത് തമിഴ് ഭാഷ തന്നെയാണ്. കാരണം, വെയിൽ ഇലകളെ ഹരിതാഭമാക്കുന്നത് പോലെ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ വേരുകൾ അതിന്റെ തായ്ത്തടികളെയും ശാഖികളെയും ദൃഢപ്പെടുത്തുന്നുണ്ട്. കേരളീയരുടെ
മാതൃഭാഷ മലയാളമാണെങ്കിലും മലയാളത്തിന്റെ മാതൃഭാഷ തമിഴാണ്. സൂക്ഷിച്ച് നോക്കിയാൽ ഇതിലൊരു രാഷ്ട്രീയതയും പ്രതിരോധ രാഷ്ട്രീയ പ്രവർത്തനവുമുണ്ട്.

Comments