വന്യമൃഗ ആക്രമണം: ആ കൊലപാതകങ്ങളുടെ ഉത്തരവാദി വനംവകുപ്പാണ്​

കേരളത്തിലെ ഇരുനൂറോളം പഞ്ചായത്തുകളിലായി മുപ്പത് ലക്ഷത്തിലധികം ജനങ്ങളാണ് ഇന്ന് വന്യമൃഗ ആക്രമണ ഭീതിയിൽ കഴിയുന്നത്. വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ സർക്കാർ വകയിരുത്തുണ്ട്. എന്നിട്ടും ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാൻ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വൻതോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങൾ മലയോരങ്ങളിൽ സംഭവിച്ചിട്ടും കാര്യമായ ആക്ഷൻ പ്ലാനിലേക്ക് സർക്കാർ സംവിധാനങ്ങൾ ഇനിയും കടന്നിട്ടില്ല. കേരളത്തിൽ അതിരൂക്ഷമായി വരുന്ന, വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷജീവിതത്തെക്കുറിച്ച്​ അന്വേഷണം.

രാത്രി ഏറെ വൈകിയിരുന്നു.
ഉറക്കത്തിനിടയിൽ പശുക്കളുടെ കരച്ചിൽ കേട്ടാണ് മല്ലീശ്വരിയും ശിവരാമനും ഉണർന്നത്. വീടിനോട് ചേർന്നുള്ള കൃഷിസ്ഥലത്ത് ആരെങ്കിലും അതിക്രമിച്ചു കയറിയതാകാമെന്ന് കരുതിയ ഇരുവരും ടോർച്ചുമായി പുറത്തിറങ്ങി. ഇരുട്ടിന്റെ മറപറ്റി നിന്ന ഒരു ഒറ്റയാൻ പെട്ടന്നാണ് അവർക്കുനേരെ പാഞ്ഞടുത്തത്. ഭയന്നുവിറച്ച രണ്ടുപേരും രണ്ട് ഭാഗങ്ങളിലേക്ക് ചിതറിയോടി. വീടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ച മല്ലീശ്വരിക്ക് പക്ഷേ രക്ഷപ്പെടാനായില്ല. നിമിഷ നേരത്തിനുള്ളിൽ കാട്ടാന അവരെ തുമ്പിക്കൈകൊണ്ട് വാരിയെടുത്ത് നിലത്തിട്ട് ചവിട്ടിക്കൊന്നു.

ശിവരാമന് പിറകേയും കാട്ടാന ഓടിയടുത്തെങ്കിലും സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. അട്ടപ്പാടി കാവുണ്ടിക്കലിനടത്തുള്ള പ്ലാമരം ഇ.എം.എസ് കോളനിയിലെ, മുള ചതച്ചുണ്ടാക്കിയ ഭിത്തിയിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ, ഒരാൾക്ക് കുനിഞ്ഞുമാത്രം കയറാവുന്ന ആ കൊച്ചുവീടിനുമുന്നിൽ മല്ലീശ്വരിയുടെ ചലനമറ്റ ചോരവാർന്ന ശരീരം മണിക്കൂറുകളോളം കിടന്നു. ആന അവിടെ തന്നെ നിലയുറപ്പിച്ചതിനാൽ ആർക്കും അടുത്തേക്ക് പോകാനായില്ല. ഒടുവിൽ പുലർച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റ് സന്നാഹങ്ങളുമെത്തിയ ശേഷം മാത്രമാണ് ആനയുടെ കാൽചുവട്ടിൽ നിന്ന് മല്ലീശ്വരിയുടെ ശരീരം വിട്ടുകിട്ടിയത്.

Photo : Ajmal MK Manikoth

ഒരു നൂറ്റാണ്ടിലധികം കാലമായി ആ പ്രദേശത്ത് ജീവിക്കുന്നവരാണ് ദലിത് വിഭാഗത്തിൽ പെട്ട തമിഴ് കർഷകരായ ശിവരാമന്റെ കുടുംബം. മുമ്പൊരിക്കലും ഇതുപോലെ കാട്ടാനയുടെ ആക്രമണം കോളനിയിലുണ്ടായിട്ടില്ല. വനമേഖലയിൽ നിന്ന്​ സാമാന്യം ദൂരമുള്ള സ്ഥലമായതിനാൽ ഇരുട്ടിൽ ഇങ്ങനെയൊരു അപകടം അവരുടെ മനക്കണക്കിലുണ്ടായിരുന്നില്ല. പുരയിടത്തോടുചേർന്നുള്ള സ്വന്തം സ്ഥലത്ത് വാഴയും തെങ്ങും തുവരയും ചോളവും നട്ട് ജീവിച്ചവരായിരുന്നു ശിവരാമനും മല്ലീശ്വരിയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം. അന്നുരാത്രിയും പതിവുപോലെ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങിതായിരുന്നു. ഇരുട്ടിൽ പതുങ്ങി നിന്ന ആ ദുരന്തം ഇനിയൊരിക്കലും മറികടക്കാനാകാത്ത ആഘാതവുമായി ആ അതിരാത്രിയിൽ അവരുടെ കുടുംബത്തിന് നേരെ അലറിയടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. വെറും 42 വയസ്സ് മാത്രമായിരുന്നു ആനയുടെ കാൽക്കീഴിൽ ചതഞ്ഞരയുമ്പോൾ മല്ലീശ്വരിയുടെ പ്രായം.

ഒരു വർഷത്തിനിടെ മരിച്ചത്​ പത്തിലേറെ പേർ

അട്ടപ്പാടിയിൽ തുടർച്ചായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ ആനക്കൊലകളിലും ഇത്തരം ഭയാനകവും ദാരുണവുമായ ജീവിത സന്ദർഭങ്ങൾ കാണാം. പാലക്കാ​ട്ടെ വനാതിർത്തികളിൽ പ്രശ്​നം രൂക്ഷമാണ്​. ജൂലൈ ആദ്യവാരത്തിലാണ്, പ്രഭാതസവാരിക്കിറങ്ങിയ ഏഴുപേരിൽ ഒരാളായ ശിവരാമനെ ധോണിയിൽ വച്ച് കാട്ടാന ചവിട്ടിക്കൊന്നത്. സ്‌കൂളിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്ന വഴി കൂടിയാണിത്. ഉമ്മിനി ഗവ. ഹൈസ്‌കൂൾ അപകടസ്ഥലത്തുനിന്ന് വെറും 200 മീറ്റർ മാത്രം അകലെയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തിലധികം പേരാണ് അട്ടപ്പാടിയിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏക്കറുകണക്കിന് കൃഷിഭൂമിയും ധാരാളം വീടുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭീതിയുടെ നിഴലിലാണ് അട്ടപ്പാടിയിലെ മിക്ക ഗ്രാമങ്ങളും. വൈകീട്ട് ആറ് മണിയോടെ ആളനക്കമില്ലാതാകുന്ന റോഡുകൾ, രാത്രിയായാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത ഊരുകൾ, കാടിറങ്ങി വരുന്ന കാട്ടാനകൾ കൂട്ടമായി വന്ന് വിളകൾ പിഴുതെറിയുമ്പോൾ നോക്കി നിൽക്കേണ്ടി വരുന്ന കർഷകർ, നേരമിരുട്ടിയാൽ ഭയത്തോടെ മാത്രം കഴിയുന്ന പഠനം കഴിഞ്ഞും ജോലി കഴിഞ്ഞും വീട്ടിലേക്ക് വരുന്ന വിദ്യാർത്ഥിളും തൊഴിലാളികളും, വനമേഖലയോട് ചേർന്നുള്ള വീടും പറമ്പും വിട്ടെറിഞ്ഞ്, തലമുറകളുടെ വിയർപ്പിന്റെ സമ്പാദ്യങ്ങളുപേക്ഷിച്ച് ജീവഭയത്തിൽ മലയിറങ്ങുന്ന കുടുംബങ്ങൾ, വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങൾ അട്ടപ്പാടിയുടെ ഉൾഗ്രാമങ്ങളിലെ സാമൂഹിക സാഹചര്യങ്ങളെ അടിമുടി അട്ടിമറിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ വളരെ സജീവമായിരുന്ന താവളം - ഊട്ടി റോഡിൽ ഇപ്പോൾ വൈകീട്ട് അഞ്ചുമണിക്കുശേഷം സഞ്ചാരം സുരക്ഷിതമല്ല. ധാരാളം കടകളും കച്ചവടവുമെല്ലാം നിലനിന്നിരുന്ന, വലിയ ആളനക്കവും സാമ്പത്തിക വ്യവഹാരങ്ങളുമെല്ലാമുണ്ടായിരുന്ന, സമ്പന്നവും സജീവവുമായിരുന്ന ഭൂതകാലമുള്ള പല ഗ്രാമങ്ങളും ഇന്ന് അഞ്ച് മണിക്ക് ശേഷം ആൾപ്പെരുമാറ്റമില്ലാത്ത കവലകളായി ചുരുങ്ങി. അങ്ങാടികളെ സജീവമാക്കിയിരുന്ന മലഞ്ചരക്കുകളും കാർഷിക വിഭവങ്ങളുമെല്ലാം കൃഷി ചെയ്തിരുന്ന തോട്ടങ്ങളും പറമ്പുകളും ഇന്ന് കാട് മൂടിക്കിടക്കുന്നു. അവയിൽ പലതുമിന്ന് വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. ഷോളയൂർ, മുള്ളി തുടങ്ങിയ പ്രദേശങ്ങൾ ദിനംപ്രതി വിജനമായിക്കൊണ്ടിരിക്കുകയാണ്.

കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ. / Photo : Fb Page, CPIM Adimali Area Committee

മുൻകാലങ്ങളിലൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള വന്യമൃഗ ആക്രമണമാണ് ഇപ്പോൾ ഇവിടങ്ങളിൽ സംഭവിക്കുന്നത്. അഗളി ടൗണിൽ പോലും രാത്രി വന്യമൃഗ ആക്രമണം പതിവാണ്. രാത്രികളിൽ വനംവകുപ്പിന്റെ എലഫൻറ്​ ടാസ്‌ക് ഫോഴ്സ് അംഗങ്ങൾ ജീവൻ പണയം വെച്ചാണ് ഊരുകളിലിറങ്ങുന്ന കാട്ടാനകളെ തിരിച്ച് കാട്ടിലേക്കോടിക്കുന്നത്. സമകാലീന കേരളത്തിൽ വനമേഖലയുമായി അതിർത്തി പങ്കിടുന്ന എല്ലാ മലയോര ഗ്രാമങ്ങളുടെയും പ്രതീകമാണ് ഇന്ന് അട്ടപ്പാടി.

വനാതിർത്തി ഗ്രാമങ്ങൾ ഇന്ന്

580 കിലോമീറ്റർ നീളവും ശരാശരി 75 കിലോമീറ്റർ വീതിയിലുമുള്ള കേരളത്തിന്റെ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റിൽമെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും വനമേഖലയുടെ അതിർത്തിക്കുള്ളിൽ താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് കേരളത്തിന്റെ വനാതിർത്തി ഗ്രാമങ്ങളിലെ മനുഷ്യ വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളിൽ കഴിയുന്നത്. ഓരോ വർഷം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തിൽ വർധിച്ചുകൊണ്ടേയിരിക്കുകയാണ്.

വനംവകുപ്പിന്റെ കണക്കുപ്രകാരം 2008 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ മാത്രം കേരളത്തിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 1423 പേരാണ്. 7982 പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ കേരളത്തിൽ മാത്രം 57 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണക്കുകളുടെ ശരാശരി നോക്കുമ്പോൾ, കേരളത്തിൽ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാൾ വീതം വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേർക്ക് വീതം ആക്രമണങ്ങളിൽ പരിക്കേൽക്കുന്നുണ്ട്. 34875 വന്യജീവി ആക്രമണങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ മാത്രം കേരളത്തിൽ റിപ്പോർട്ട്​ ചെയ്തത്. അതായത്, പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങൾ കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നുണ്ട് എന്നർത്ഥം. ഇത്രയധികം ജീവഹാനിയും വിഭവനാശവും സൃഷ്ടിക്കുന്ന, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഒരു പ്രശ്‌നത്തെ നമ്മുടെ ഭരണകൂടം ഇനിയും വേണ്ടവിധത്തിൽ കണക്കിലെടുത്തിട്ടില്ല.

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി വ്യത്യസ്ത വനമേഖലകൾ കേന്ദ്രീകരിച്ചും സംസ്ഥാന തലത്തിൽ കേന്ദ്രീകൃതമായും കോടിക്കണക്കിന് രൂപ സർക്കാർ വകയിരുത്തുണ്ട്. എന്നിട്ടും ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാൻ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വൻതോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങൾ മലയോരങ്ങളിൽ സംഭവിച്ചിട്ടും കാര്യമായ ആക്ഷൻ പ്ലാനിലേക്ക് സർക്കാർ സംവിധാനങ്ങൾ ഇനിയും കടന്നിട്ടില്ല. പലയിടങ്ങളിലും വനംവകുപ്പ് ബോധപൂർവം മനുഷ്യരെ കുരുതികൊടുക്കുന്ന സാഹചര്യങ്ങൾ ആണുള്ളത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകേണ്ടതാണ്. എന്നാൽ ധാരാളം കേസുകളിൽ ഇത്തരം ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. സാങ്കേതിക കാരണങ്ങളുടെ പേരിൽ നഷ്ടപരിഹാരം ലഭിക്കാത്ത അനേകം കുടുംബങ്ങളുണ്ട്. വൈദ്യുത വേലി, കിടങ്ങ് നിർമാണം, സോളാർ ഫെൻസിങ്, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തൽ, എസ്.എം.എസ് അലർട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം, തുടങ്ങി പലയിടങ്ങളിലും ആവിഷ്കരിച്ച പദ്ധതികൾ ധാരാളം ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ അല്ല നടപ്പാക്കപ്പെട്ടിട്ടുള്ളത്. നേരമിരുട്ടിയാൽ സഞ്ചാരയോഗ്യമല്ലാതാകുന്ന റോഡുകൾ, ഇരുട്ടും മുമ്പേ ശൂന്യമാകുന്ന കവലകൾ, രാത്രികളിൽ ഭയത്തോടെ മാത്രം വീടിനകത്ത് കഴിയുന്ന ഗ്രാമീണർ, വന്യജീവികളെ ഭയന്ന് പകൽ സമയങ്ങളിൽ സ്‌കൂളിൽ പോകാൻ പോലും മടിക്കുന്ന കുട്ടികൾ, കാട്ടുമൃഗങ്ങൾ ഉഴുതുമറിച്ചിടുന്ന കൃഷിഭൂമികൾ, തകർന്നുതരിപ്പണമാകുന്ന വീടുകൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ. അതിജീവനം സാധ്യമാകാതെ ജീവഭയത്തിൽ കുടിയിറങ്ങുന്ന മനുഷ്യർ ബാക്കിവെച്ച് പോകുന്ന പുരയിടങ്ങൾ. ഇതെല്ലാമാണ് കേരളത്തിലെ വനമേഖലയോട് ചേർന്നുള്ള മലയോര ഗ്രാമങ്ങളിലെ ഇന്നത്തെ അവസ്ഥ.

Photo : Unsplash.com

ആന, പന്നി, കടുവ, കാട്ടുപോത്ത്, കുരങ്ങ്, മാൻ, മയിൽ തുടങ്ങിയവയെല്ലാം ജനവാസ മേഖലകളിലേക്കിറങ്ങിവന്ന് നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, കിഴങ്ങ്, പച്ചക്കറികൾ തുടങ്ങിയവയെല്ലാം വൻതോതിൽ പിഴുതെറിഞ്ഞ് നശിപ്പിക്കുകയാണ്. വനമേഖലകളോട് ചേർന്നുജീവിക്കുന്ന പതിനായിരക്കണക്കിന് വരുന്ന വൻകിട ചെറുകിട കർഷകരും കർഷക തൊഴിലാളികളും ഉപജീവനത്തിനായി കാർഷികമേഖല ഉപേക്ഷിച്ച് മറ്റെന്തെങ്കിലും സാധ്യതകൾ തേടേണ്ടി വരുന്ന സാഹചര്യങ്ങളാണുള്ളത്. വിളനാശം, സ്വത്ത് നനാശം, വളർത്തുമൃഗങ്ങളും മനുഷ്യരും കൊല്ലപ്പെടുന്നത്, പരിക്കേൽക്കുന്നത് എന്നിവയെല്ലാം ഈ ജനത അനുഭവിക്കേണ്ടി വരുന്നു. വനാതിർത്തി ഗ്രാമങ്ങളിലെ കുട്ടികളും വൃദ്ധരും സ്ത്രീകളുമെല്ലാമടങ്ങുന്നവർ ഗുരുതരമായ മാനസ്സിക പ്രയാസങ്ങളെക്കൂടിയാണ് അതിജീവിക്കേണ്ടി വരുന്നത്. അടച്ചുറപ്പില്ലാത്തതും ചുറ്റുമതിലുകളില്ലാത്തതുമായ വീടുകളിൽ കഴിയുന്ന ദരിദ്ര കുടുംബങ്ങളും, കോളനികളിൽ കഴിയുന്നവരുമെല്ലാമാണ് വന്യമൃഗ ആക്രമണങ്ങളുടെ നേരിട്ടുള്ള ഇരകൾ.

ആറളം - ഭരണകൂട ക്രൂരതയുടെ മറ്റൊരു ഉദാഹരണം

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയാണ് കണ്ണൂർ ജില്ലയിലെ ആറളം ഫാം. തങ്ങൾക്കവകാശപ്പെട്ട ഭൂമിക്ക് വേണ്ടി ആദിവാസികൾ നടത്തിയ പതിറ്റാണ്ടുകൾ നീണ്ട സമരങ്ങളുടെ ഭാഗമായാണ് ഭൂരഹിതരായ ആദിവാസിൾക്കുള്ള ഭൂവിതരണം, പുനരധിവാസം എന്നിവ ലക്ഷ്യം വെച്ച് ആറളം ഫാം നിലവിൽ വന്നത്. കേന്ദ്ര സർക്കാറിൽ നിന്നും സംസ്ഥാന സർക്കാർ വിലകൊടുത്ത് വാങ്ങിയ പ്ലാന്റേഷൻ ഭൂമിയുടെ ഒരു ഭാഗം കണ്ണൂരിലെയും ഇതര ജില്ലകളിലെയും ഭൂരഹിത കുടുംബങ്ങൾക്ക് പതിച്ചുനൽകുകയായിരുന്നു. എന്നാൽ വനമേഖലയോട് ചേർന്നുള്ള ഈ ഭൂമിയിൽ ഈ കുടുംബങ്ങൾക്ക് സുരക്ഷയൊരുക്കാൻ സർക്കാറിന് സാധിച്ചില്ല.

അട്ടപ്പാടിയിലെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നതിനെതിരെ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ നടത്തിയ റോഡ് ഉപരോധം

കഴിഞ്ഞ ആറ് വർഷത്തിനിടെ പത്തോളം പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ ആറളം ഫാമിൽ മാത്രം കൊല്ലപ്പെട്ടത്. വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായവരും ധാരാളം. നിരവധി വീടുകളും വാഹനങ്ങളും ആന തകർത്തു. വന്യമൃഗ ശല്യം കാരണം യാതൊരു കൃഷിയും സാധ്യമല്ലാത്തതിനാൽ ഈ കുടുംബങ്ങൾക്ക് വരുമാനമൊന്നുമില്ല. ഫാമിന് പുറത്തുള്ള പ്രദേശങ്ങളിൽ ജോലിക്ക് പോകാമെന്ന് കരുതിയാൽ 5 മണിക്ക് ശേഷം ആനയിറങ്ങുമെന്നതിനാൽ അതും സാധ്യമല്ല. നൂറുകണക്കിന് കുടുംബങ്ങളാണ് വർഷങ്ങളോളം സമരം ചെയ്ത് നേടിയെടുത്ത ഭൂമി ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയിൽ കഴിയുന്നത്. ആറളം വന്യജീവിസങ്കേതവും പുനരധിവാസ മേഖലയും തമ്മിലുള്ള അതിർത്തിയിൽ കോൺക്രീറ്റ് മതിൽ പണിയുമെന്ന് 2019 ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമിക്കാൻ കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നു. എന്നാൽ, ഈ പദ്ധതി ഇപ്പോൾ എവിടെയാണ് എന്ന് ആർക്കും അറിയില്ല. വനാതിർത്തിയിൽ കാട്ടാനകളെ തടയാനുള്ള വേലികളെല്ലാം ഉപയോഗശൂന്യമാണ്. ഇതിലൂടെയാണ് ആനകൾ നാട്ടിലേക്കിറങ്ങുന്നത്. അതിർത്തിയിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കണമെന്ന കോടതി നിർദേശവും സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ബോധപൂർവമായ അനാസ്ഥകൊണ്ട് മാത്രം ഒരു പ്രദേശത്തെ ജനത കാട്ടാനക്കുരുതിക്കിരയാകുന്ന കാഴ്ചയാണ് ആറളത്തേത്.

വിലയില്ലാത്ത ജീവൻ

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ സാമൂഹിക പശ്ചാത്തലം പരിശോധിച്ചാൽ അവരിൽ ബഹുഭൂരിഭാഗവും ദരിദ്ര കർഷകരോ ദലിത് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരോ ആണെന്ന് കാണാൻ സാധിക്കും. വന്യജീവി ആക്രമണങ്ങളിൽ പരിക്കേറ്റ് ഉപജീവന സാധ്യതകൾ നഷ്ടപ്പെടുന്നവർക്കും കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്കും നിയമപ്രകാരം നഷ്ടപരിഹാരം നൽകുക എന്നത് സർക്കാറിന്റെ ബാധ്യതയാണ്. വനംവകുപ്പിനാണ് ഇതിന്റെ ചുമതല. എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിക്കുന്നവരുടെ അപേക്ഷകൾ നിരസിക്കാനാണ് ഉദ്യോഗസ്ഥർ എപ്പോഴും ശ്രമിക്കുന്നത്. നിയമപ്രകാരം, വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ്. ഇതിൽ അഞ്ച് ലക്ഷം രൂപ സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലും ബാക്കി അഞ്ച് ലക്ഷം നടപടിക്രമങ്ങൾക്ക് ശേഷം അടുത്ത പതിനാല് ദിവസത്തിനുള്ളിലും നൽകണം. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്കും കാർഷിക വിളകൾ നഷ്ടപ്പെടുന്നവർക്കുമായി പ്രത്യേക നഷ്ടപരിഹാര പാക്കേജുകളുമുണ്ട്.

എന്നാൽ, വന്യജീവി ആക്രമണത്തെത്തുടർന്നുള്ള പരാതികളുമായെത്തുന്ന കർഷകരോടുള്ള വനംവകുപ്പിന്റെ സമീപനം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്നാണ് കേരള ഇൻഡിപ്പെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷന്റെ (KIFA) ചെയർമാൻ അലക്‌സ് ഒഴുകയിൽ പറയുന്നത്. ""വന്യജീവി ആക്രമണത്തെത്തുടർന്നുള്ള നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുടെ ക്ലെയിമുകൾ ഏതെങ്കിലും വിധത്തിൽ സാങ്കേതിക - ഇതര കാരണങ്ങൾ ഉന്നയിച്ച് റദ്ദ് ചെയ്യാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. വന്യജീവി ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത ധാരാളം കുടുംബങ്ങളുണ്ട്. ആക്രമണങ്ങളിൽ പരിക്കേറ്റവരുടെയും കാർഷിക വിളകൾ നഷ്ടപ്പെട്ടവരുടെയും സ്ഥിതിയും സമാനമാണ്. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ വന്യജീവികളുടെ ആക്രമണത്തെത്തുടർന്ന് അപകടങ്ങളിൽ പെടുന്നവർ, ആനയടക്കമുള്ള ജീവികൾക്ക് മുന്നിൽ പെട്ട് പ്രാണരക്ഷാർത്ഥം തിരിഞ്ഞോടുമ്പോൾ അപകടത്തിൽ പെട്ട് മരിക്കുന്നവർ, പരിക്കേൽക്കുന്നവർ ഇങ്ങനെയുള്ളവർക്കൊന്നും പലപ്പോഴും നഷ്ടപരിഹാരം ലഭിക്കാറില്ല. വിളനാശം സംഭവിച്ച സ്ഥലങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വന്ന് തെളിവെടുത്ത ശേഷം കർഷകരുടെ നഷ്ടം സാക്ഷ്യപ്പെടുത്തണമെന്നാണ്. എന്നാൽ ആഴ്ചകളോളം ഉദ്യോഗസ്ഥർ വരാതിരിക്കുന്നത് മൂലം വന്യജീവി ആക്രമണത്തിന്റെ തെളിവുകൾ ഇല്ലാതാകും. ഇത്തരത്തിൽ പല രീതിയിലും കർഷകരെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നുണ്ട്'' അലക്‌സ് ഒഴുകയിൽ ട്രൂകോപ്പിയോട് പറഞ്ഞു.

കുടിയിറങ്ങുന്ന ഗ്രാമങ്ങൾ

പതിറ്റാണ്ടുകൾക്ക് മുമ്പ് അതിജീവനത്തിനായി മലകയറിവന്ന കുടിയേറ്റ ജനത മണ്ണിൽ വിയർപ്പൊഴുക്കി നെയ്‌തെടുത്ത ജീവിതപുരോഗതിയുടെ പ്രതിഫലനമായി മലയോരഗ്രാമങ്ങളുടെ ഭൗതിക സാമൂഹിക സാഹചര്യങ്ങൾ ഘട്ടം ഘട്ടമായി വികസിക്കുന്നതായിരുന്നു മുൻകാല കാഴ്ചകൾ. മലമുകളിൽ പൊന്നുവിളഞ്ഞിരുന്ന, വിളകൾക്ക് വിലയുണ്ടായിരുന്ന കാലത്താണ് ഹൈറേഞ്ചിൽ ഓലക്കൂരകൾക്ക് പകരം കോൺക്രീറ്റ് വീടുകൾ വന്നുതുടങ്ങിയത്. സമ്പന്നമായ കാർഷിക സമൃദ്ധിയുടെ ഭൂതകലാമുണ്ടായിരുന്ന മലയോരഗ്രാമങ്ങളുടെ ഇന്നത്തെ ചിത്രം മറ്റൊന്നാണ്. വൻകിട തോട്ടം ഉടമകൾ ഒഴികെയുള്ള ഇടത്തരം കർഷകരെല്ലാം കൃഷി മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണ്. അനുദിനം പിറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, കർഷക ആത്മഹത്യകളുടെയും കടക്കെണിയുടെയുമെല്ലാം കേന്ദ്രമായി മാറിയ വയനാട്ടിലെ പുൽപള്ളി എന്ന കുടിയേറ്റ ഗ്രാമം ഇതിനുദാഹരണമാണ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടായ കാർഷിക പ്രതിസന്ധികളും ആഗോളവത്കരണം കമ്പോളങ്ങളിൽ സൃഷ്ടിച്ച ആഘാതങ്ങൾക്കുമൊപ്പം കർഷകർ ഇന്ന് നേരിടുന്ന ഏറ്റവും സുപ്രധാന വെല്ലുവിളി വർധിച്ചുകൊണ്ടേയിരിക്കുന്ന വന്യജീവി ആക്രമണമാണ്.

പ്രതി വന്യമൃഗങ്ങളല്ല

കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളാണ് മനുഷ്യവന്യജീവി സംഘർഷങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലെ മുപ്പത്തിയഞ്ച് ഫോറസ്റ്റ് ഡിവിഷനുകളിൽ നിലമ്പൂർ നോർത്ത് (94), വയനാട് സൗത്ത് (92), വയനാട് നോർത്ത് (70), എന്നീ റേഞ്ചുകളിലാണ് ഏറ്റവും കൂടുതൽ സംഘർഷ ബാധിത പ്രദേശങ്ങളുള്ളത്.

ആഗോള കാലാവസ്ഥാ വ്യതിയാനവും മറ്റും വനത്തിന്റെ സ്വാഭാവികതയിൽ സൃഷ്ടിച്ച മാറ്റങ്ങൾ, വനത്തിനകത്തെ ഭക്ഷ്യ-ജല ലഭ്യതയിലെ ശോഷണം, വനമേഖലയോട് ചേർന്നുള്ള കാർഷിക മേഖലകളിലെ വിളകളുടെ സ്വഭാവത്തിലുണ്ടായ മാറ്റം, വനമേഖലകളിലെ അധിനിവേശ സസ്യങ്ങളുടെ കടന്നുവരവ് വൻതോതിൽ വന ആവാസ വ്യവസ്ഥയെയും തദ്ദേശീയ ജൈവവൈവിധ്യത്തെയും തകർക്കുന്നത്, യൂക്കാലി, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ ഏകവിളത്തോട്ടങ്ങളുടെ വർധനവ്, കരിമ്പ്, വാഴ, ഈറ്റ തുടങ്ങി ആനയടക്കമുള്ള വന്യജീവികളെ ആകർഷിക്കുന്ന തരത്തിലുള്ള വിളകൾ വ്യാപകമായത്, ആനകൾ സ്ഥിരായി സഞ്ചരിച്ചുകൊണ്ടിരുന്ന ആനത്താരകൾ കൊട്ടിയടച്ചുകൊണ്ട് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാമാണ് വന്യജീവി സംഘർഷങ്ങളുടെ പ്രധാന കാരണങ്ങളായി വനംവകുപ്പ് വിലയിരുത്തുന്നത്. അതോടൊപ്പം സംരക്ഷണ പ്രവർത്തനങ്ങളുടെയും വേട്ടനിരോധനങ്ങളുടെയുമെല്ലാം ഫലമായി ആനയും കടുവയുമടക്കമുള്ള വന്യജീവികളുടെ എണ്ണം വൻതോതിൽ വർധിച്ചതും ഈ സംഘർഷങ്ങൾ കൂടാൻ കാരണമായി എന്ന് വനംവകുപ്പ് പറയുന്നുണ്ട്. 2022 ഫെബ്രുവരിയിൽ വനംവകുപ്പ് സംസ്ഥാന സർക്കാറിന് നൽകിയ മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കാട്ടുപന്നികളാണ്​ വിളനാശമുണ്ടാക്കുന്നവയിൽ ഏറ്റവും മുന്നിലുള്ളത്​. കാട്ടിൽ തീറ്റയില്ലാതായതിനെതുടർന്നാണ് ഇവ കൂട്ടമായി പുറത്തിറങ്ങിത്തുടങ്ങിയത്​. കൃഷിഭൂമിയിലാണ് കാട്ടുപന്നികൾ താമസിക്കുന്നതും പെറ്റുപെരുകുന്നതും. കൃഷി നഷ്​ടമായതോടെ, വനത്തിനോടടുത്തുള്ള കൃഷിഭൂമിയിൽ അടിക്കാട് വെട്ടുന്നതും വൃത്തിയാക്കുന്നതുമെല്ലാം മുടങ്ങി. അതുകൊണ്ട്​, കൃഷിയിടങ്ങളിൽ പന്നികൾ കൂട്ടത്തോടെ പെറ്റുപെരുകാൻ തുടങ്ങി. അവക്കാവശ്യമായ ഭക്ഷണവും അവിടെ സുലഭമാണ്​. മറ്റൊരു കാരണം, മുമ്പ്​അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന തെരുവുപന്നികളുണ്ടായിരുന്നു. ഇവയെ ഇപ്പോൾ കാണാനില്ല. ഇവ ഒഴിവാക്കിപ്പോയ ഇടം കാട്ടുപന്നികൾ കൈവശപ്പെടുത്തുകയാണ്​ ചെയ്​തത്​. അപ്പോൾ, കാട്ടിലുള്ള പന്നികളുടെ എണ്ണം കൂടുകയും കൂടിയ എണ്ണം പുറത്തേക്കുവരികയും ചെയ്യും.

Photo : Ajmal MK Manikoth

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകാൻ ഈ സാമ്പത്തികവർഷം 15.43 കോടി രൂപ വിനിയോഗിച്ചതായി കഴിഞ്ഞ മാർച്ചിൽ വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നു. ബജറ്റ് വിഹിതമായി ഈ വർഷവും 75 ലക്ഷം രൂപയും മാറ്റിവച്ചിരുന്നു. ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ അഞ്ചുവർഷം കൊണ്ട് നടപ്പാക്കാവുന്ന 620 കോടി രൂപയുടെ പദ്ധതികൾ വനംവകുപ്പ് തയാറാക്കിയതായും മന്ത്രി പറയുന്നു. ആനകളെ പ്രതിരോധിക്കാനുള്ള കിടങ്ങുകൾ, പ്രതിരോധ മതിൽ, ജൈവവേലി തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾക്കാണ് വനംവകുപ്പ് ഊന്നൽ നൽകുന്നത്. എന്നാൽ, ഈ പ്രശ്‌നത്തിന്റെ അടിസ്​ഥാന കാരണങ്ങളെ ശാസ്ത്രീയമായി സമീപിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വന്യമൃഗ ആക്രമണം ഏറ്റവും ഗുരുതരമായി മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വനമേഖലയിലെ ജൈവവൈവിധ്യ ശോഷണവും ജലലഭ്യതയിലെ കുറവുമാണെങ്കിൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദികൾ വനംവകുപ്പ് തന്നെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വാണിജ്യ താത്പര്യങ്ങളെ മുൻനിർത്തി സ്വാഭാവിക വനങ്ങൾ വെട്ടിമാറ്റി പകരം യൂക്കാലി, മാഞ്ചിയം, തേക്ക് തുടങ്ങിയ ഏക വിളത്തോട്ടങ്ങൾ സ്ഥാപിച്ച സർക്കാറുകളും അവ നടപ്പിലാക്കിയ വനംവകുപ്പും തന്നെയാണ് ഈ സാഹചര്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഉത്തരം പറയേണ്ടത്. അടിസ്ഥാനപരമായി സർക്കാറിന്റെ തെറ്റായ നയങ്ങളുടെ കൂടി ഭാഗമാണ് മലയോര മേഖയിലെ ഇത്രമാത്രം ദയനീയ സാഹചര്യങ്ങൾക്ക് കാരണമായത് എന്ന വസ്തുത കൂടി അംഗീകരിക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്.

എന്താണ്​ പരിഹാരം?

വനമേഖലയോട് ചേർന്നുജീവിക്കുന്ന ആദിവാസികളും അല്ലാത്തവരുമായ വനാശ്രിത സമൂഹത്തെ കാടിന്റെ ശത്രുക്കളായി കാണുന്ന വനംവകുപ്പിന്റെ സമീപനം കൂടിയാണ് ഈ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നതെന്നാണ് കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. ടി.വി. സജീവ് പറയുന്നത്: ‘‘ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ വനംവകുപ്പ് എന്ന സംവിധാനം തന്നെ അപകോളനീകരിക്കപ്പെടേണ്ടതുണ്ട്. ജനങ്ങളുമായി യാതൊരു ബന്ധവും പുലർത്താതെ, അവർക്ക് യാതൊരു ബഹുമാനവും നൽകാതെയാണ് വനംവകുപ്പിന്റെ കൃത്യനിർവഹണങ്ങളെല്ലാം. ജനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബാധ്യത തങ്ങൾക്കുള്ളതായി അവർ മനസ്സിലാക്കുന്നില്ല. യഥാർത്ഥത്തിൽ കാട് സംരക്ഷിക്കേണ്ടത് വനാശ്രിത സമൂഹത്തെ മുഖവിലക്കെടുത്തും അവരെക്കൂടി ഒപ്പം നിർത്തിയുമാണ്. എന്നാൽ അതിനുള്ള എല്ലാ സാധ്യതകളെയും വനംവകുപ്പ് തന്നെ കൊട്ടിയടക്കുകയാണ്. പങ്കാളിത്ത വനപരിപാലനം, വനാവകാശ നിയമം നടപ്പിലാക്കൽ തുടങ്ങി ഇത്തരത്തിലുണ്ടായിരുന്ന എല്ലാ സാധ്യതകൾക്കും തുരങ്കം വെച്ചത് വനംവകുപ്പ് തന്നെയാണ്. തങ്ങളുടെ അധികാരം നിലനിർത്താൻ വേണ്ടി മാത്രമാണ് വനംവകുപ്പ് ശ്രമിക്കുന്നത്'', ടി.വി. സജീവ് ട്രൂകോപ്പിയോട് പറഞ്ഞു.

ഡോ. ടി.വി. സജീവ്

കേരളത്തിലെ മലയോര ഗ്രാമങ്ങളിലെ കർഷകർ ഇത്ര പ്രതിസന്ധി നേരിടുമ്പോഴും അവയ്ക്ക് യാതൊരു പരിഹാരവും കാണാൻ ശ്രമിക്കാതെ വീണ്ടും വന്യജീവി സങ്കേതങ്ങളോട് ചേർന്നുവരുന്ന ഒരു കിലോമീറ്റർ ചുറ്റളവ് കൂടി ബഫർസോണാക്കി മാറ്റാനുള്ള കേന്ദ്ര തീരുമാനം കർഷകവിരുദ്ധമാണെന്നാണ് അഖിലേന്ത്യാ കിസാൻ സഭയുടെ ഫൈനാൻസ് സെക്രട്ടറിയായ പി. കൃഷ്ണപ്രസാദ് പറയുന്നത്: ‘കേരളത്തിലെ ഇരുനൂറോളം പഞ്ചായത്തുകളിലായി മുപ്പത് ലക്ഷത്തിലധികം ജനങ്ങളാണ് ഇന്ന് വന്യമൃഗ ആക്രമണ ഭീതിയിൽ കഴിയുന്നത്. ഈ മനുഷ്യരുടെ ജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള നിയമപരിഷ്‌കാരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വനമേഖലയോട് ചേർന്ന് വസിക്കുന്നവരുടെ ജീവൻ, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനിൽപ് കൂടി പരിഗണിച്ചുകൊണ്ട് 1927 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം പരിഷ്‌കരണങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 50 ലക്ഷമായും, പരിക്കേൽക്കുന്നവർക്ക് 10 ലക്ഷമായും ഉയർത്തുകയും വേണം', കൃഷ്ണപ്രസാദ് ട്രൂകോപ്പിയോട് പറഞ്ഞു.

Comments