സർക്കാർ മില്ലുകൾ വേണം, അരിയാകാതെ പോകരുത് കർഷകരുടെ അധ്വാനം

കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിൽ ഒന്നാം വിള കൊയ്ത്ത് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരണം തുടങ്ങിയിട്ടില്ല. കൊയ്ത നെല്ല് സൂക്ഷിച്ചു വെയ്ക്കാൻ ഇടമില്ലാത്ത അവസ്ഥയിലാണ് ചെറുകിട കർഷകർ. കാലാവസ്ഥാ വ്യതിയാനവും സർക്കാരിന്റെ മെല്ലെപ്പോക്കും കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.

നെല്ല് ശേഖരണത്തിന് സർക്കാരിന് ആവശ്യത്തിനുള്ള മില്ലുകളില്ല എന്നതാണ് ഒരു പ്രശ്‌നം. 52 സ്വകാര്യ മില്ലുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. പ്രളയകാലത്ത് വന്ന നഷ്ടം നികത്തുക, 68 കിലോ അരി തിരിച്ച് നൽകണം എന്ന കോടതി വിധി പുനപരിശോധിച്ച് 64.5 കിലോ എന്നതിലേക്ക് കൊണ്ടു വരിക, ഭക്ഷ്യധാന്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ ജി.എസ്.ടിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളിൽ മില്ലുകാരും സർക്കാരും സമവായത്തിലെത്തിയിട്ടില്ല. ചർച്ച നടന്നുവെന്ന് സർക്കാർ പ്രതിനിധികൾ പറയുന്നുണ്ടെങ്കിലും സംഭരണം ഇപ്പോഴും തുടങ്ങിയിട്ടില്ല..

സ്വകാര്യ മില്ലുകാരുമായി സർക്കാർ ഒത്തു കളിക്കുകയാണ് എന്നാണ് കർഷകർ ആരോപിക്കുന്നത്.

പാഡികോ ഒഴികെയുള്ള മില്ലുകളെല്ലാം സ്വകാര്യ മേഖലയിലായതിനാലുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നും കൂടുതൽ മില്ലുകൾ സർക്കാർ - സഹകരണ മേഖലകളിൽ ആരംഭിക്കാനുള്ള ആലോചനയിലാണെന്നും കൃഷിമന്തി പി. പ്രസാദ് പറഞ്ഞു.

കർഷകർക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ച് പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും സർക്കാർ നടത്തുന്നുണ്ടെങ്കിലും താങ്ങുവില വർധനവും നെല്ലുസംഭരണവും പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങളിൽപ്പോലും സമരം നടത്തേണ്ട ഗതികേടിലാണ് പാലക്കാട്ടെ കർഷകർ. ഇങ്ങനെ പോയാൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും കർഷകർ പറയുന്നു.

Comments