സംഘപരിവാറിനെ ഇളിഭ്യരാക്കി
യു.ഡി.എഫിന്റെ
ശബരിമല ഗെയിം
സംഘപരിവാറിനെ ഇളിഭ്യരാക്കി യു.ഡി.എഫിന്റെ ശബരിമല ഗെയിം
സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ യു. ഡി.എഫ് സോഫ്റ്റ് ഹിന്ദുത്വയുടെ ആവരണം അഴിച്ചുമാറ്റി തീവ്ര ഹിന്ദുത്വയുടെ ജേഴ്‌സിയിടുമ്പോള്‍ കളി തന്നെ ഇതല്ല എന്നുപറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിയും ഇടതുപക്ഷവും കാണിക്കണം. ശബരിമലപ്പന്തില്‍ ഇനിയും കാറ്റുനിറച്ച് കൊടുക്കരുത്.
7 Feb 2021, 02:52 PM
ആചാരം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ഉറപ്പുവരുത്തും എന്നുപറയാന്‍ കേരളത്തില്‍ ഒരു മുന്നണിക്ക് സാധിച്ചുവെങ്കില്‍ നമ്മള്‍ കേരളീയര്‍ ഭയക്കണം. ഒരു മതരാഷ്ട്രത്തില്‍, മത തീവ്രവാദികള്‍ പോലും ഉന്നയിക്കാന്‍ ആശങ്കപ്പെടുന്ന ഒരു വിഷയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും മുസ്‌ലിം ലീഗും നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കരട് നിയമ രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന നിയമത്തിന്റെ കരട് അഭിമാനപുരസ്സരം കാഴ്ചവെച്ചത്. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ടി. ആസഫലിയാണ് ഒരുപാട് ചിന്തിച്ചുചിന്തിച്ച് കരട് തയ്യാറാക്കിയത്.
മുന്നണിയിലെ യുവാക്കളും അല്ലാത്തവരുമായ പ്രമുഖരുടെ അഭിപ്രായങ്ങളറിയാന്‍ തീര്‍ച്ചയായും താത്പര്യമുണ്ട്. ടി. ശബരീനാഥ്, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍, പി.കെ. ഫിറോസ്, വി.ടി. ബല്‍റാം, എം.ലിജു, സി.പി.ജോണ്‍, എന്‍. കെ. പ്രേമചന്ദ്രന്‍, ... പട്ടിക തീരുന്നില്ല.. നിങ്ങളാരെങ്കിലും ഈ കരട് നിയമം വായിച്ചിരുന്നോ?
വായിക്കുമ്പോള്‍ തമാശ തോന്നുമെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍വന്നുനില്‍ക്കുമ്പോഴുള്ള വെപ്രാളത്തില്‍ എഴുതിപ്പോകുന്നതല്ലേ സാരമില്ല, എന്ന് ആശ്വസിക്കാന്‍ തോന്നുമെങ്കിലും അതങ്ങനെയല്ല. നൂറ്റാണ്ടുകള്‍ പുറകിലുള്ള ചിന്താപദ്ധതികളേയും സംവിധാനങ്ങളെയും പൊക്കിക്കൊണ്ടുവന്ന് ഒരു കരട് നിയമം എഴുതിയുണ്ടാക്കാനും അത് പൊതുസമൂഹത്തിനു മുന്നില്‍ വെയ്ക്കാനും കഴിഞ്ഞ തലച്ചോറുകളോട് ഒന്നേ പറയാനുള്ളൂ. തെരഞ്ഞെടുപ്പ് ജയിക്കാനല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധാര്‍മികത പോലും ഒരു മുന്നണി എന്ന നിലയില്‍ യു.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നു. ആചാരം തെറ്റിക്കുന്നവരെ, നിങ്ങളുടെ തന്നെ ജനങ്ങളെ അടച്ചിടാന്‍ നിങ്ങള്‍ പണിതുവെച്ചിരിക്കുന്ന ജയിലുകളില്‍ നിങ്ങള്‍ തന്നെ കയറിയിരിക്കുക. ആ കൂടുകള്‍ പൊതുവിടങ്ങളില്‍ വെയ്ക്കുക. അത്രയും വിശേഷപ്പെട്ട തലച്ചോറുകളും അവ പേറുന്ന ശരീരങ്ങളും പ്രദര്‍ശിപ്പിക്കപ്പെടേണ്ടതുണ്ട്.
കരടു നിയമത്തിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി മുഖപത്രത്തിലുണ്ട്.
അതിന്‍പ്രകാരം അയ്യപ്പ ഭക്തന്‍ എന്നാലെന്താണെന്നോ?
അയ്യപ്പ ഭക്തനെന്നാല്‍, 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ശബരിമലയില്‍ എത്തുന്ന ആള്‍.
ആ ആള്‍, വ്രതാനുഷ്ഠാന കാലത്ത് സ്ത്രീകളുമായി ഒരു തരത്തിലുമുള്ള ശാരീരിക ബന്ധവും പുലര്‍ത്തരുത്. മനസാ, വാചാ, കര്‍മണാ ബ്രഹ്‌മചര്യം അനുഷ്ഠിക്കണം. മാത്രമോ, ആ ആള്‍, കുടുംബാംഗങ്ങളില്‍ നിന്ന് മാറി ഒറ്റപ്പെട്ട മുറിയിലോ കെട്ടിടത്തിലോ താമസിക്കണമത്രേ.
പിന്നെയോ, ആ ആള്‍, മദ്യം, പുകയില, മത്സ്യ മാംസം, പഴകിയ ഭക്ഷണം എന്നിവ വര്‍ജ്ജിക്കണം പോലും.
Also Read: ഹിന്ദുത്വ മലയാളി എന്ന പുതിയ വര്‍ഗം | അനാമിക അജയ്
തീര്‍ന്നില്ല, ആ ആള്‍ കര്‍ശനമായ വ്യക്തി ശുചിത്വം പാലിക്കണം. പ്രാര്‍ത്ഥനയ്ക്കു മുന്‍പും ആഹാരത്തിനു മുന്‍പും കുളിച്ച് ശരീരശുദ്ധി വരുത്തണം.
വസ്ത്രത്തിന്റെ കാര്യമാണ് ഇനി.
കറുപ്പ് അല്ലെങ്കില്‍ കാവി മുണ്ട് ധരിക്കണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാര സംരക്ഷണ യജ്ഞമാണ് എന്നാണ് യു.ഡി.എഫ് പണ്ഡിതമതം. കാവി നിറമുള്ള വസ്ത്രം ശബരിമല "ആചാര'മായി മാറിയതിന്റെ ചരിത്രം പഠിക്കാന്‍ അധികമൊന്നും വേണ്ട, ഒരു പത്തു പതിനഞ്ച് കൊല്ലം പിറകിലേക്ക് പോയാല്‍ മതി. കറുപ്പിനൊപ്പം വ്യാപകമായി ഉടുത്തിരുന്ന നീല മുണ്ട് എവിടെപ്പോയി? നീല നിറത്തിന്റെ രാഷ്ട്രീയം അറിയുന്നതു കൊണ്ടായിരിക്കാം കാവി മതിയെന്ന് എഴുതിവെച്ചത്.
കരട് നിയമ പ്രകാരം, ഈ ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിച്ച് ശബരിമല ക്ഷേത്രത്തിലും പൂങ്കാവനത്തിലും പോകുന്നത് കുറ്റകൃത്യമാണ്.
ആചാരാനുഷ്ഠാനങ്ങളില്‍ പൂര്‍ണാധികാരം തന്ത്രിക്കാണത്രേ.
കുറ്റം ചെയ്താല്‍, അതായത്, 41 ദിവസം മനസാ വാചാ കര്‍മണാ ബ്രഹ്‌മചര്യമനുഷ്ഠിച്ചില്ലെങ്കില്‍, ഒറ്റപ്പെട്ട മുറിയിലോ കെട്ടിടത്തിലോ താമസിച്ചില്ലെങ്കില്‍, കറുപ്പോ കാവിയോ മുണ്ടുടുത്തില്ലെങ്കില്‍, ഓരോ തവണയും പ്രാര്‍ത്ഥിക്കുന്നതിനും ഫുഡ് കഴിക്കുന്നതിനും മുന്‍പ് കുളിച്ചിട്ടില്ല എങ്കില്‍, പഴയ ഭക്ഷണം കഴിച്ചാല്‍, ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാല്‍, സെക്ഷന്‍ മൂന്ന് പ്രകാരം മൂന്നുമാസത്തില്‍ തുടങ്ങി രണ്ടു വര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരും, പിഴ അടയ്‌ക്കേണ്ടിയും വരും.
മേല്‍ വിവക്ഷിച്ച വിശുദ്ധി, ശാന്തി, ശുചിത്വം, പരിപാവനത്വം എന്നിവക്ക് ഭംഗം വരുത്തുന്ന തരത്തില്‍ ശബരിമലയിലെത്തിയാല്‍, അവരെ തടയാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണത്രേ. ആചാരാനുഷ്ഠാനങ്ങള്‍ക്കു വിരുദ്ധമായി ഏതെങ്കിലും കോടതി വിധിയോ ഡിക്രികളോ നിലവിലുണ്ടെങ്കില്‍ പോലും ഈ നിയമത്തിന് വിധേയമായി ക്ഷേത്രത്തിലെ പൂജകളും ഉത്സവങ്ങളും മറ്റ് ആചാരങ്ങളും നടത്താവുന്നതാണത്രേയെന്നും കരടിലുണ്ട്.
ആചാരം ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല ശിക്ഷ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും സെയിം ശിക്ഷയാണ്.
ഭാഗ്യം, ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് എന്ന് കരട്, ഔദാര്യപ്പെടുന്നുണ്ട്.
സത്യത്തില്‍ സംഘപരിവാര്‍ ഒരു മാത്ര ഇളിഭ്യരായിക്കാണും. തങ്ങളുടെ പ്രോപ്പര്‍ട്ടീസ് തങ്ങളേക്കാള്‍ നന്നായി പേപ്പറിലാക്കിയ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബുദ്ധിയില്‍.
Also Read: ചരിത്രം ശരണം വിളിക്കുന്നത് ഈ അയ്യപ്പനെയാണ് | ഡോ. ടി.എസ്. ശ്യാംകുമാര്‍
പതിവുപോലെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അമ്പലങ്ങളെയും പള്ളികളേയും വലം വെയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിലെ ഏറ്റവും അപകടകരമായ അധ്യായമാണ് യു.ഡി.എഫ്. പുറത്തിറക്കിയ 'ശബരിമല അയ്യപ്പ ഡിവോട്ടീസ് ( പ്രൊട്ടക്ഷന്‍ ഓഫ് റിലീജിയസ് റൈറ്റ്‌സ്, കസ്റ്റംസ് ആന്റ് യൂസേജ്‌സ് ) 2021' എന്ന കരട് നിയമം.
ജവഹര്‍ലാല്‍ നെഹ്‌റുവിനെ ജീവനോടെ കണ്ടിട്ടുള്ള നേതാക്കളൊക്കെ ഇപ്പോഴുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസും മുസ്‌ലിംലീഗുമൊക്കെ. നേരിട്ടുകണ്ടിട്ടില്ലെങ്കിലും പടത്തില്‍ കാണുകയും അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയം എന്താണ് എന്ന് മനസ്സിലാക്കുകയും ചെയ്തവരും ഈ പാര്‍ട്ടികളില്‍ ബാക്കിയുണ്ടാവും എന്നാണ് വിശ്വാസം. സ്വന്തം പാര്‍ട്ടിയുടെ ചരിത്ര പുസ്തകം, അങ്ങനെയൊന്ന് ഇപ്പോള്‍ ഉണ്ടെങ്കില്‍ പേജ് മറിച്ചു നോക്കുകയെങ്കിലും ചെയ്യണം കോണ്‍ഗ്രസ്സുകാര്‍. നവോത്ഥാനമെന്ന വാക്ക് മലയാളത്തില്‍ ഗൂഗിള്‍ ചെയ്തു നോക്കണം. ചിലപ്പോള്‍ രണ്ടിലും ഒരേ പേരുകള്‍ കാണാന്‍ പറ്റിയേക്കും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കരട് നിയമം വ്യക്തമായ ഗെയിം പ്ലാനോടെ തയ്യാറാക്കിയ ഒന്നാണ് എന്ന് കരുതേണ്ടി വരും. ശബരിമലപ്പന്തിനെ സ്വന്തം കോര്‍ട്ടില്‍ കൊണ്ടുവെച്ച്, ഗാലറി നിറച്ചുവെച്ച്, എല്‍.ഡി. എഫിനെ, സി.പി.എമ്മിനെ, മുഖ്യമന്ത്രി പിണറായി വിജയനെ കളിക്കാന്‍ വിളിച്ചിരിക്കുകയാണ് യു.ഡി.എഫ്. എത്ര ശ്രമിച്ചാലും കോര്‍ട്ടിലിറങ്ങാതിരിക്കാനാവില്ല പാര്‍ട്ടിക്ക്. ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന്, മുഖ്യമന്ത്രി എത്ര സോഫ്റ്റായി പറഞ്ഞുപോയിട്ടും കാര്യമില്ല.
സുപ്രീംകോടതി വിധി അംഗീകരിച്ചുകൊണ്ട് എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ട്. ആ ചോദ്യം യു.ഡി.എഫ് ചോദിക്കുമ്പോള്‍ ഒരു ലോങ്ങ് പാസിലൂടെ പന്ത് പുറത്തേയ്ക്ക് തട്ടിക്കളയാം. പക്ഷേ പുന്നല ശ്രീകുമാര്‍ ആ ചോദ്യം ചോദിക്കുമ്പോള്‍ പിണറായി വിജയന് മറുപടി പറയാനുള്ള ബാധ്യതയുണ്ട്. ഒരു ജനുവരി ഒന്നിന് കേരളത്തില്‍ ഉയര്‍ന്ന നവോത്ഥാന മതില്‍ മുഖ്യമന്ത്രി മറന്നാലും ജനങ്ങള്‍ മറന്നിട്ടില്ല. വിശ്വാസികളെ അംഗീകരിച്ചുകൊണ്ട് മാത്രമേ ഏത് വിപ്ലവപാര്‍ട്ടിക്കും മുന്നോട്ട് പോകാനാവൂ എന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയഗം എം.വി. ഗോവിന്ദന്‍ പറയുമ്പോള്‍ ആ മതിലില്‍ പങ്കാളികളായവര്‍ക്ക് ആശങ്കകളുണ്ട്.
സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ യു. ഡി.എഫ് സോഫ്റ്റ് ഹിന്ദുത്വയുടെ ആവരണം അഴിച്ചുമാറ്റി തീവ്ര ഹിന്ദുത്വയുടെ ജേഴ്‌സിയിടുമ്പോള്‍ കളി തന്നെ ഇതല്ല എന്നുപറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിയും ഇടതുപക്ഷവും കാണിക്കണം. ശബരിമലപ്പന്തില്‍ ഇനിയും കാറ്റുനിറച്ച് കൊടുക്കരുത്. കേരളത്തിന്റെ നവോത്ഥാന ചരിത്രം വെറും ക്ലിഷേയല്ല എന്ന് ബോധ്യപ്പെടാന്‍ ആ ചരിത്ര പുസ്തകം ഔട്ട് ഓഫ് പ്രിന്റാണെങ്കില്‍ വീണ്ടും പ്രിന്റ് ചെയ്യണം. സോഫ്റ്റ് കോപ്പിയായി പ്രചരിപ്പിച്ചാലും മതിയാവും.
പ്രകൃതിദുരന്ത കാലത്തും മഹാമാരിയുടെ കാലത്തും കേരളത്തെ ജാതിയും മതവും നോക്കാതെ ഒന്നാംതരം അഡ്മിനിസ്ട്രേഷനിലൂടെ മുന്നോട്ടു കൊണ്ടുപോയ പിണറായി വിജയനും എൽ.ഡി.എഫും കേരളം എന്ന വിശാലമായ മാനവിക ഭൂമിശാസ്ത്രത്തെ, അങ്ങനെത്തന്നെ വേണം തെരഞ്ഞെടുപ്പിലും നേരിടാൻ. ഒരു ഭാഗത്ത് യു.ഡി.എഫും ബി.ജെ.പി.യും ചേർന്ന വലതുപക്ഷം നിർമിക്കുന്ന തെരഞ്ഞെടുപ്പ് വാരിക്കുഴികളെ രാഷ്ട്രീയ ആർജ്ജവത്തോടെ നേരിടാൻ പറ്റിയിട്ടില്ലെങ്കിൽ കോവിഡിനേക്കാളും വലിയ മഹാമാരിയായി ആചാരാനുഷ്ഠാനങ്ങളും വർഗ്ഗീയതയും കേരളത്തെ ഭരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
Sibi
8 Feb 2021, 05:43 PM
It is none of our business
KABEER KATLAT
7 Feb 2021, 08:53 PM
തലവാചകത്തോട് വിയോജിപ്പുണ്ട്. ‘സംഘപരിവാരത്തേയും എൽഡിഎഫിനേയും ഇളിഭ്യരാക്കി യുഡിഎഫിന്റെ ശബരിമല ഗെയിം’ എന്നാണ് പോകേണ്ടിയിരുന്നത്. ‘ഇസ്ലാമോഫോബിയയും’ നവഉദാരീകരണ വികസന മാതൃകയും മുഖ്യ അജണ്ടയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന എൽഡിഎഫിനെയാണ് വാസ്തവത്തിൽ യുഡിഎഫിന്റെ ആർഎസ്എസ് നയപരിപാടി വെട്ടിലാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും ശക്തമായ അതിതീവ്ര വലത്-ഹിന്ദുത്വ പൊതുബോധം നിലനിൽക്കുന്ന സംസ്ഥാനമാണ് നിലവിൽ ‘നമ്പർ വൺ’ കേരളം. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ഹിന്ദുത്വ- അതിതീവ്ര നവലിബറൽ പൊതുബോധത്തെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന അജണ്ട മുന്നോട്ട് വെക്കുന്ന മുന്നണിക്കാണ് തെരഞ്ഞെടുപ്പുകളിൽ വിജയം നൽകിവരാറുള്ളത്. മുസ്ലീം-കൃസ്ത്യൻ വോട്ട് ബാങ്കുകൾ ഏതാനും ചില ജില്ലകളിൽ കേന്ദ്രീകരിക്കപ്പെടുകയോ നിർണ്ണായക ശക്തിയാവുകയോ അവ വിവിധ മുന്നണികളിലെ വാലുകളായി മുൻപേ തന്നെ ശാക്തീകരിക്കപ്പെട്ട് കഴിഞ്ഞവയോ ആവുകയും എൽഡിഎഫ് അതിതീവ്ര വലത് ഉള്ളടക്കത്തിലേക്ക് തലമണ്ട കുത്തിവീഴുകയും ഇടത് ശക്തികൾ അതീവ ദുർബലരും മർദ്ദിത ജനവിഭാഗങ്ങൾ സമ്പൂർണ്ണമായും അരിക് വൽക്കരിക്കപ്പെടുകയും ഒട്ട് മൊത്തത്തിൽ ഇടത്-ജനകീയ ബദൽ ശക്തികൾ നന്നേ ചെറുതും വിഭജിതരും ആയിക്കഴിഞ്ഞ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ കേരളത്തിൽ അതിതീവ്ര വലത്-ഹിന്ദുത്വ പൊതുബോധത്തെ സ്വാധീനിക്കാനാണ് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നീ മൂന്ന് വലത് മുന്നണികളും സ്വീകരിച്ച് പോരുന്ന നയം. ആർഎസ്എസിനെ നാണിപ്പിക്കും വിധം ഇസ്ലാമോഫോബിയയും മോദിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് കോർപ്പറേറ്റോക്രസി മാതൃകയും മുന്നോട്ട് വെച്ച് പ്രചാരണത്തിലിറങ്ങിയ പിണറായി മുന്നണി തന്നെയാണ് ഇപ്പോൾ പൊതുബോധത്തിന്റെ ചാമ്പ്യനായി തുടരുന്നത്. ആർഎസ്എസിന്റെ അജണ്ട നേരിട്ട് പ്രയോഗിച്ചതുകൊണ്ടൊന്നും യുഡിഎഫ് രക്ഷപ്പെടാൻ പോകുന്നില്ല, അത്രശക്തമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്ന കാവി – കോർപ്പറേറ്റ് അജണ്ട. ആർഎസ്എസ് നെ സംബന്ധിച്ചേടത്തോളം, സ്വന്തം രാഷ്ട്രീയ പാർട്ടി വിജയശക്തിയല്ലാത്ത സംസ്ഥാനത്ത് തങ്ങളുടെ അജണ്ട ഫലപ്രദമായി നടപ്പാക്കിയ പിണറായി സർക്കാർ തുടരുന്നതാണ് നല്ലതെന്ന നിലപാടും അവർക്കുണ്ടല്ലോ. മോദി തന്നെ അധികാരത്തിലുണ്ടാവണമെന്ന് അവർക്ക് നിർബന്ധമില്ല; എത്രയോ പതിറ്റാണ്ടുകൾ കോൺഗ്രസ്സ് അതിന്റെ രാഷ്ട്രീയ ചാലകശക്തിയായിട്ടുണ്ട്, ബിജെപി രാജ്യത്തെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്ന ശക്തിയായി തീരും വരെ!
Rasheed Arakkal
7 Feb 2021, 08:18 PM
അധികാരം എന്നത് ജനസേവനത്തിനപ്പുറത്തേക്കു ഒരു തരം ആസക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട് കേരളത്തിലെ പ്രതിപക്ഷത്തിന്, ഇക്കാലഘട്ടത്തിൽ ജിയോ ബേബിയെപ്പോലുള്ളവർ ആരോടാണ് സംസാരിക്കുന്നത് എന്ന് നാം ചിന്തിക്കേണ്ട സമയം കൂടിയാണിത് മരുഭൂമിയിലെ ഒരു മഞ്ഞു തുള്ളിപോലും ചിലപ്പോഴൊക്കെ ഒരു കടലായി അനുഭവപ്പെടും എന്നുള്ള പങ്കജ് ഉദാസിന്റെ വരികൾ ഓർത്തു പോയി മനിലയുടെ ലേഖനം വായിച്ചപ്പോൾ എഴുത്തിനു നന്ദി പറയുന്നില്ല പകരം നാമോരോരുത്തരുടേയും ആശങ്ക എഴുത്തുകാരിയിലൂടെ പുറത്തുവന്ന സന്തോഷം പങ്കു വെക്കുന്നു
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
Think
Mar 11, 2023
3 Minutes Read
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
പി.കെ. വിനയ രാജ്
8 Feb 2021, 08:46 PM
കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പ് ചൂടിലെത്തുമ്പോൾ തെരഞ്ഞെടുപ്പ് വിഷയമായി ഉയർന്നു വരേണ്ട നിരവധി വിഷയങ്ങളുണ്ട്.അടിസ്ഥാന വിഷയങ്ങളായി ഭരണഘടനാ മൂല്യങ്ങളും സാമൂഹ്യനീതിയും ലിംഗനീതിയും ശബരിമലയും നവോത്ഥാനവും വിശ്വാസവും ഉയർന്നു വരിക തന്നെ വരണം.എന്നാൽ കേവലം വോട്ടുകളുറപ്പിക്കാനും തെറിപ്പിക്കാനുമുള്ള സങ്കുചിത വഴികൾ വ്യത്യസ്ത രീതിയിൽ അന്വേഷിക്കുകയാണ് ഇടത് വലതു മുന്നണികളും ബി.ജെ.പിയും - മത ജാതി സംഘടനകളും ഇവരോടൊപ്പമുണ്ട്. തീവ്രതകളിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ മാത്രം'. ആത്മാർഥമായിരുന്നില്ല നവോത്ഥാന മതിലൊരിക്കൽ എന്ന് പിന്നീടുള്ള സംഭവങ്ങൾ, അഭിപ്രായങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും ശബരിമലയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന ഉറപ്പിക്കലിലാണ് എൽ.ഡി.എഫ്.-പോരെങ്കിൽ മാർക്സിസത്തിൻ്റെ അടിസ്ഥാന ശിലയായ വൈരുദ്ധ്യാത്മിക ഭൗതികവാദത്തെത്തന്നെ തളളിപ്പറയുന്നു. സാമൂഹ്യനീതിയുമായി ബന്ധപ്പെടുത്തി സംവരണത്തെയും വിശകലനം ചെയ്യുന്നതിനൊരുക്കമില്ല. ഹിന്ദുത്വ വാദികളുടെ അജണ്ടയായ മുന്നോക്ക സംവരണത്തിൻ്റെ കൊടി ഉയർത്തുന്നു.മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തന്നെയാണ് മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഫലത്തിൽ ഭരണഘടനാ മൂല്യങ്ങളോ സാമൂഹ്യനീതിയോ ലിംഗനീതിയോ യഥാർത്ഥമായി ചർച്ച ചെയ്യപ്പെടാൻ എൽ.ഡി.എഫും യു ഡി എഫും ബി.ജെ.പിയും ആഗ്രഹിക്കുന്നില്ല. എല്ലാവരും വോട്ടിനു വേണ്ടിയുള്ള പരക്കംപാച്ചിലുകളിൽ!