നളിനി ജമീലക്ക് എഴുപതാം പിറന്ത നാൾ

നളിനി ജമീല പുസ്തകമെഴുതി, ചെറുസിനിമകൾ ചെയ്തു. പക്ഷെ അതിലൊന്നും അവരുടെ ജീവിതത്തിന്റെ ഒരു ചെറിയ അംശംപോലും പുറത്തുവന്നിട്ടില്ല. അവർക്കു പറയാൻ ഒരുപാടുകാര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അത് കേൾക്കാൻ അധികമാരും ഇല്ല. പുസ്​തകം കുറെ ആളുകൾ വായിച്ചു, സിനിമകൾ കുറച്ചുപേർ കണ്ടു. കേൾക്കാൻ സന്നദ്ധയായവരോട് അവരുടെ ജീവിതം പറഞ്ഞുകൊണ്ടിരിക്കുന്നു.

പ്രണയമേ...

പ്രണയം പെണ്ണിൽ ഉലയുന്നതും അത് പൂവും കായുമാവുന്നതും കാണണമെങ്കിൽ നളിനിച്ചേച്ചിയോടൊപ്പം കൂടണം.
ഇടക്ക് രാത്രിയിൽ പ്രതീക്ഷിക്കാതെവരുന്ന വിളിയുണ്ട്, അത് നളിനിച്ചേച്ചിയുടേതായിരിക്കും. എന്നെ വിളിക്കാൻ അവർക്ക് സമയചിന്തകളില്ല. ഏതെങ്കിലും പാർട്ടിയിലിരിക്കുമ്പോഴോ അതിൽനിന്ന്​ വേറിട്ടതിനുശേഷമോ ആയിരിക്കും അവർ വിളിക്കുക. വിളിക്കുമ്പോഴൊക്കെ ലഹരിയുടെ വലിയൊരു ചിറ അവർ നീന്തിക്കടന്നിട്ടുണ്ടാവും. പ്രണയത്തിൽ പൊതിഞ്ഞിരുന്നായിരിക്കും അവർ സംസാരിക്കുക. പ്രണയം ആരോടൊക്കെയാവും എന്നൊന്നും പറയാൻ കഴിയില്ല. ആരോടെന്നില്ലാതെ എല്ലാറ്റിനോടുമുള്ള പ്രണയമെന്നാണ് അവരുടെ തളിർത്ത മാനസികാവസ്ഥയെ ഞാൻ വിലയിരുത്തുക. ഒരു പ്രണയത്തിൽ തുടങ്ങി പല പ്രണയങ്ങളായി പരിണമിക്കുകയാണ് അവരുടെ സംഭവബഹുലമായ ജീവിതം.

മണിലാലിനെ വിളിക്കാൻ തോന്നി എന്നു പറഞ്ഞുകൊണ്ടായിരിക്കും ഇഴഞ്ഞതും എന്നാൽ ആർജ്ജവുമുള്ളതുമായ വർത്തമാനം തുടങ്ങുക. അപൂർവ്വമായി മാത്രമാണവർ വിളിക്കുക. ആയതിനാൽ വിഷയസമ്പന്നമായിരിക്കും. നല്ലതാളത്തിലുള്ള അവരുടെ വാക്കും പ്രയോഗങ്ങളും നിരീക്ഷണങ്ങളുമൊക്കെ രസമാണ്.

തിരുവനന്തപുരത്താണ് ഞാൻ നളിനിച്ചേച്ചിയെ പരിചയപ്പെടുന്നത്. അന്നവർ മൈത്രേയന്റേയും മായയുടേയും ജയശ്രീയുടേയും സുഭാഷിന്റേയുമൊക്കെ മുൻകയ്യിൽ നടന്നിരുന്ന ലൈംഗികത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള സംഘടനയുടെ പ്രവർത്തകയായിരുന്നു.
അവരുടെ ജീവിതത്തെ, ഒരു സ്ത്രീ സഞ്ചരിച്ച ദൂരങ്ങളെ ലോകത്തിനുമുന്നിൽ തുറന്നുവെക്കണമെന്ന അതിയായ ആഗ്രഹമായിരുന്നു എന്നുമവർ പങ്കുവെച്ചിരുന്നത്. പുസ്തകമെഴുതി, ചെറുസിനിമകൾ ചെയ്തു. പക്ഷെ അതിലൊന്നും അവരുടെ ജീവിതത്തിന്റെ ഒരു ചെറിയ അംശംപോലും പുറത്തുവന്നിട്ടില്ല. അവർക്കു പറയാൻ ഒരുപാടുകാര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അത് കേൾക്കാൻ അധികമാരും ഇല്ല. പുസ്​തകം കുറെ ആളുകൾ വായിച്ചു, സിനിമകൾ കുറച്ചുപേർ കണ്ടു. കേൾക്കാൻ സന്നദ്ധയായവരോട് അവരുടെ ജീവിതം പറഞ്ഞുകൊണ്ടിരിക്കുന്നു.

നളിനിച്ചേച്ചിയുമായി ഒരു സിനിമ ഞാൻ ആലോചിച്ചിരുന്നു. പലപ്പോഴും ഈയാവശ്യത്തിനും അല്ലാതെയും ഞങ്ങൾ കണ്ടുമുട്ടിയിരുന്നു. കാണുമ്പോഴൊക്കെ മദ്യത്തിന് താല്പര്യം പ്രകടിപ്പിക്കും, ആവശ്യപ്പെടില്ല. ഹൃദയം മുഴുവനായും തുറക്കാനുള്ള താക്കോലായിരുന്നു അവർക്ക് മദ്യമെന്ന് എനിക്ക് തോന്നിയിരുന്നു.

ഒറ്റപ്പെഗ്ഗിൽ തന്നെ അവർ വേറെയൊരാളായി മാറുന്നത് കണ്ടിട്ടുണ്ട്. അപ്പോഴത്തെ അവരുടെ മനസാവരണം പ്രണയമായിരിക്കും. തികഞ്ഞ ആത്മവിശ്വാസവും ധാർഷ്ട്യവുമൊക്കെ അകമ്പടിയായി വരും.പ്രണയം ധാർഷ്ട്യം ആത്മവിശ്വാസം ഇവയൊക്കെ ഒരു പെണ്ണിൽ നിന്ന്​ വരുന്നത് സഹിക്കാൻ മാത്രം വളർന്നിട്ടില്ല നമ്മുടെ സമൂഹം. ഇത്തരം സന്ദർഭങ്ങളിലൊക്കെ കലഹങ്ങളുടെ തേർവാഴ്ചകൾക്ക് സാക്ഷിയായിട്ടുണ്ട്. നളിനിച്ചേച്ചി ഒന്നിലും കൂസാതെ നിൽക്കും. ലൈംഗികത്തൊഴിലാളികളെക്കുറിച്ചുമാത്രമല്ല സ്ത്രീകളെയും കുറിച്ചുള്ള ധാരണ തിരുത്തിയെഴുതിയ ആളാണ് എനിക്ക് നളിനിച്ചേച്ചി. ലൈംഗികത്തൊഴിലാളിയായിരിക്കുമ്പോഴും പ്രണയമായിരുന്നു അവരുടെ അധോവസ്ത്രം. ശരീരത്തെ അനുവദിക്കുമ്പോഴും അതിൽ മറ്റാർക്കും തൊടാൻ സാധിച്ചിട്ടില്ലായിരിക്കും.

ജീവിതമാവാതെ പോയത്, ജീവിതമായത്, സങ്കല്പങ്ങളിൽ അഭിരമിച്ചത്, യാഥാർത്ഥ്യങ്ങളിൽ നിലംപരിശായത് എന്നിങ്ങനെ നളിനിച്ചേച്ചിയുടെ പ്രണയത്തെ ഞാൻ വേർതിരിച്ചുനോക്കിയിട്ടുണ്ട്. അടിസ്ഥാനപരമായി അവർ ഒരു സ്ത്രീയായിരുന്നു. ലൈംഗികത്തൊഴിലിനെ അവർ എങ്ങനെയാണ് കണ്ടതെന്ന് ചോദിച്ചാൽ എനിക്കിപ്പോഴും ഉത്തരമില്ല. അവർ അതിനെ പലപ്പോഴും പലതരത്തിൽ വ്യാഖ്യാനിച്ചുകൊണ്ടിരുന്നു.

അവർക്ക് അനേകം കാമുകന്മാരുണ്ടായിരുന്നു. അവിടെയൊക്കെ മദ്യം പൊതുതാല്പര്യമായിരുന്നു. മദ്യത്തിലൂടെ അവർ മുറിവുകളെ മായ്ക്കുകയായിരുന്നോ സ്വപ്നങ്ങളെ ഉണർത്തുകയായിരുന്നോ. നല്ലതോർക്കാനാണ് മദ്യപിക്കുമ്പോൾ തോന്നുകയെന്നവർ പറയുന്നു. പോകാൻ വിചാരിച്ച് പോകാൻ കഴിയായാതെ, കാണാൻ വിചാരിച്ച് കാണാൻ പറ്റാതെ, ആദ്യത്തെ ഓർമകളിൽ വരിക ഇത്തരം ആളുകളാണ്. പ്രണയിക്കണമെങ്കിൽ അയാളെപ്പറ്റി നല്ലൊരു ഓർമ്മ വേണം, നല്ലൊരു അനുഭവം വേണം, നല്ല സ്ഥലങ്ങൾ വേണം. ഇതൊക്കെ മദ്യപാനം എനിക്ക് കൊണ്ടുവന്നുതരും.

എപ്പോഴും അവർക്ക് ഒരു കാമുകനുണ്ടായിരുന്നു. പ്രണയം കൊടുത്ത ഊർജ്ജത്തിലായിരുന്നു അവർ അരക്ഷിതമായ ഇടങ്ങളെ അതിജീവിച്ചത്. മദ്യവും അതിനവർക്ക് കരുത്തേകിയിട്ടുണ്ടാവും. ചില ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്ത് അവർക്ക് പ്രണയം തോന്നിയിട്ടുള്ള പ്രശസ്തരെപ്പറ്റി പറഞ്ഞത് സദാചാരകേരളത്തിലെ വീട്ടുമുറികളിൽ കലാപമുയർത്തിയിട്ടുണ്ട്.

നളിനി ജമീല, മണിലാൽ, സിജി പ്രദീപ്

കുടിച്ചാലുടൻ അവർ ചെറുപ്പമാകും. വാക്കിൽ മാത്രമല്ല, സ്വഭാവത്തിലും. ഇവക്കൊപ്പം കൂടാൻ പലരും താല്പര്യപ്പെടുന്നത് ഇതുകൊണ്ടാണ്.

ഞങ്ങൾ സിനിമാ ചർച്ച നടത്തുമ്പോഴൊക്കെ മദ്യവും ഉണ്ടായിരുന്നു. അവർ പറഞ്ഞ ജീവിതം മറ്റൊരു സ്ത്രീയിൽ നിന്നും ഈ ജന്മം കേൾക്കാൻ ഇടയില്ല. ഈ അനുഭവത്തിൽ നിന്നാവും എവിടെയും നിൽക്കാനുള്ള കരുത്തവർ സമ്പാദിച്ചത്. അവരെപ്പറ്റി ഒരു സിനിമ ഇപ്പോഴും മനസിനെ മഥിച്ചുകൊണ്ടുനിൽപ്പുണ്ട്.

മാനിക്ക, സിദ്ദിഖ്, കുഞ്ഞാപ്പ എന്നിവരോടൊത്തുള്ള മദ്യപാനം പലതവണ അവരിൽ നിന്ന്​ കേട്ടിട്ടുള്ളതാണ്. മാനിക്ക കറകളഞ്ഞ കാമുകൻ. സിദ്ദിഖ് പറഞ്ഞുറപ്പിച്ച കാശു കുറക്കാതെ കൊടുക്കുന്ന ക്ലയൻറ്​ .കുഞ്ഞാപ്പ മദ്യപിപ്പിച്ചതിനുശേഷം പൈസ പിടുങ്ങാനുള്ള വഴികൾ നോക്കുന്ന കൂട്ടിക്കൊടുപ്പുകാരൻ. ഇങ്ങനെ എത്രയെത്ര മനുഷ്യർ, എത്രയെത്ര അനുഭവങ്ങൾ, നളിനിച്ചേച്ചി സമ്പന്നയാണ്.

നളിനിച്ചേച്ചി ചിറ്റൂരിൽ താമസിക്കുന്ന കാലം. ഷാപ്പിൽക്കയറി കള്ളുകുടിക്കണമെന്നൊരു പൂതി. ഇളംകള്ളും ഉച്ചക്കള്ളും അന്തിക്കള്ളും രുചിക്കണം. കേരളത്തിലെ അറിയപ്പെടുന്ന,പേരുപറയാൻ ആഗ്രഹിക്കാത്ത ഒരു ശരിരം ആ ദിവസങ്ങളിൽ നളിനിച്ചേച്ചിയുടെ കൂടെയുണ്ട്. ആളൊത്താണ് സഹവാസവും കുടിയും. രാവിലെ കുളിച്ചൊരുങ്ങി മുല്ലപ്പൂവെച്ച് അവർ കള്ളുഷാപ്പിലേക്കിറങ്ങും. മുൻകൂട്ടി പറയാതെയുള്ള മുഖ്യമന്ത്രിയുടെ സന്ദർശനം പോലെയായിരുന്നു ഷാപ്പിലെ മുഴുവൻ പേരുടേയും പ്രതികരണം. എന്തു ചെയ്യണമെന്നറിയാതെ ഷാപ്പുജീവനക്കാരുടേയും കുടിയന്മാരുടേയും മറ്റുള്ളവരുടേയും ശ്വാസഗതി നേരെയാവാൻ കുറച്ചുനേരമെടുത്തു. നല്ലകള്ളില്ലെന്നു പറഞ്ഞ് ഇവരെ മടക്കി അയക്കാൻ മാനേജർ ഒരു കൈനോക്കിയെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ എന്നമട്ടിൽ അവർ അവിടെയിരുന്നു കുടി തുടങ്ങി. ഷാപ്പ് തൊട്ടടുത്തായതിനാൽ മൂന്നുനേരവും അവർ കുടിക്കാൻപോയി, ഒന്നല്ല അഞ്ചുദിവസങ്ങളിൽ അതു തുടർന്നു.

കൂറ്റനാട് കൃഷ്ണൻ എന്നൊരു വാറ്റുകാരനുണ്ടായിരുന്നു. നളിനിച്ചേച്ചി അന്നാട്ടിൽ താമസിക്കുകയാണ്. കൃഷ്ണന് നളിനിച്ചേച്ചിയോട് പ്രണയം തോന്നുന്നു. രാവിലെ നളിനിച്ചേച്ചി കണികാണുന്നത് ഈ കള്ളകൃഷ്ണനെയാണ്. വെറുംകയ്യോടെയല്ല
കൃഷ്ണൻ വരിക. ഈഴവനായിരുന്നു കൃഷ്ണൻ. നളിനിച്ചേച്ചിയെ ഉയർന്ന ജാതിയിൽപ്പെട്ട ഒരുവളായിട്ടാണ് കൃഷ്ണൻ കണ്ടത്. ലൈംഗികക്കച്ചവടത്തിലും ജാതി പ്രകടമാണ്. പ്രത്യേകിച്ച് അവിടെയും ഇവിടെയുമില്ലെന്നു തോന്നുന്ന ഈഴവർക്ക്.

നിവേദ്യം പോലെയാണ് പ്രത്യേകം വാറ്റിയെടുത്ത വാറ്റുചാരായം തന്നിരുന്നതെന്ന് നളിനിച്ചേച്ചി ഓർക്കുന്നു. ഇത് കൈമാറുമ്പോൾ അയാളുടെ മുഖത്ത് വിരിയുന്നപുഞ്ചിരിയും വിതുമ്പുന്നചുണ്ടുകളും പ്രണയത്തിന്റെ അടയാളങ്ങളായിരുന്നു. കൃഷ്ണൻ വിവാഹിതനും മൂന്നുകുട്ടികളുടെ അച്ഛനും ഒപ്പം ഉത്തരവാദിത്വമുള്ള കാമുകനുമായിരുന്നു. ഇതുപോലെ ഉത്തരവാദിത്വമുള്ള കാമുകന്മാരാണ് ഗുലുമാലുപിടിച്ച ഈ ലോകത്തിനാവശ്യമെന്ന് നളിനിച്ചേച്ചി ഉറപ്പിച്ചുപറയും.

വൺ ഫോർ ദി റോഡ്: സ്ത്രീകൾക്ക് അർഹതപ്പെട്ടത് കൂടി പുരുഷന്മാർ അനുഭവിക്കുകയാണ്. അവർക്കുകൂടി അത് പങ്കുവെച്ചെങ്കിൽ ലോകം കുറെക്കൂടി സുന്ദരമായേനെ.

Comments