അര്‍ജന്റീനയ്ക്ക് മാത്രമല്ല,
കേരളത്തിലെ ആരാധകര്‍ക്കും
ജീവന്‍ തിരിച്ചുകിട്ടിയ ആ നിമിഷം
അര്‍ജന്റീനയ്ക്ക് മാത്രമല്ല, കേരളത്തിലെ ആരാധകര്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയ ആ നിമിഷം
ഗോള്‍ എന്ന നിലയില്‍ നോക്കിയാല്‍ മെസിയുടെ ഗോളിനേക്കാള്‍ മനോഹരമായിരുന്നു ഫെര്‍നാഡസിന്റേതെന്ന് ഞാന്‍ നിസംശയം പറയും. പക്ഷേ മെസിയുടെ ആ ഗോള്‍ ഇല്ലായിരുന്നെങ്കില്‍ കളിയും കഥയും മാറുമായിരുന്നു. ഫെര്‍നാഡസിന്റെ ഗോളും അര്‍ജന്റീനയും ഉണ്ടാവുമായിരുന്നില്ല എന്നത് വേറെ കാര്യം.
28 Nov 2022, 03:10 PM
Argentina are alive...
ഇരമ്പിമറിയുന്ന ആള്‍ക്കൂട്ടത്തിന്റെ ശബ്ദങ്ങള്‍ക്കിടയിലൂടെ വികാര തീവ്രവും ആശ്വാസ നിര്‍ഭരവുമായ കമന്റേറ്ററുടെ വാക്കുകള്‍. വലത് പാര്‍ശ്വത്തില്‍ നിന്ന് ഭാഗ്യമാലാഖ എയ്ഞ്ചല്‍ ഡി മരിയ നീട്ടികൊടുത്ത പന്ത്, ബോക്‌സിന്റെ തൊട്ടുമുന്നില്‍ വെച്ച് ഇടം കാലില്‍ തടഞ്ഞ്, ഇടം കാലില്‍ നിയന്ത്രിച്ച് ഞൊടിയിടില്‍ ഇടം കാല് കൊണ്ടുതന്നെ മെസി മെക്‌സിക്കന്‍ വലയിലേക്ക് നിലം പറ്റി തൊടുത്തു. മെക്‌സിക്കന്‍ ഡിഫന്ററുമാരുടെ കാലുകള്‍ക്കിടയിലൂടെ ഒച്ചാവോ എന്ന മാന്ത്രിക ഗോളിയുടെ വിരലുകള്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പന്ത് തുളച്ച് കയറിയപ്പോള്‍ ലോകമെങ്ങുമുള്ള അര്‍ജന്റീന ആരാധകര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ അലറിവിളിച്ചു. മെസി മിശിഹയായ നിമിഷം. ഇരുകൈകളും മേലോട്ടുയര്‍ത്തി എല്ലാ വികാരങ്ങളും മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട് മെസി മുന്നോട്ടോടുമ്പോളാണ് കമന്റേറ്ററുടെ ആ വാക്കുകള്‍ Argentina are alive. അര്‍ജന്റീന മാത്രമല്ല അര്‍ജന്റീനക്കൊപ്പം അണിനിരന്നിട്ടുള്ള ഇങ്ങ് കേരളത്തിലുള്ള ആരാധകര്‍ക്കും ജീവന്‍ തിരിച്ച് കിട്ടിയ നിമിഷമായിരുന്നു അത്.
ആദ്യ പകുതിയിലെ കളി കണ്ടപ്പോള്‍ സൗദിയുമായുണ്ടായ ദുരന്തം ആവര്‍ത്തിക്കുമോ എന്നാശങ്കപ്പെട്ടു ആരാധകര്‍. നിരാശയും മടുപ്പും സങ്കടവും മൂലം പലരും ആദ്യ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഉറങ്ങാന്‍ പോകുന്നതായി വാട്‌സപ്പ് മെസേജ് വന്നു. ഞാന്‍ പ്രതീക്ഷ കൈവിടാതെ അത്ഭുതകരമായതെന്തോ സംഭവിക്കുമെന്ന ഒരു ഉള്‍വിളിയോടെ ദിവസങ്ങളായുള്ള യാത്രാക്ഷീണം കൊണ്ടുള്ള ഉറക്കത്തെ പണിപ്പറ്റി അകറ്റി ടെലിവിഷനുമുന്നില്‍ കണ്ണ് വിടര്‍ത്തിയിരുന്നു.
രണ്ടാം പകുതിയിലിറങ്ങിയ മെസിയും സംഘവും തീര്‍ത്തും മാറി പോയിരുന്നു. മനോഹരവും ആക്രമണാത്മകവുമായ ഫുട്‌ബോള്‍ അര്‍ജന്റീന സംഘം പുറത്തെടുത്തു. അലമാലകള്‍പോലെ മെക്‌സിക്കന്‍ തീരത്തേക്കവര്‍ ഇരമ്പികയറികൊണ്ടിരുന്നു. ആ ആക്രമണപരമ്പരക്കൊടുവിലാണ് അര്‍ജന്റീനയെ പതനത്തിന്റെ അഗാധതയില്‍ നിന്ന് ഒറ്റക്കുയര്‍ത്തിയ മെസിയുടെ ഗോള്‍ പിറക്കുന്നത്. ആ ഗോള്‍ എന്തൊരു മാറ്റമാണ് അര്‍ജന്റീനിയന്‍ ടീമിനാകെ പകര്‍ന്നതെന്ന് തുടര്‍ന്നുള്ള കളി വ്യക്തമാക്കി. അര്‍ജന്റീനക്ക് മെസി എന്താണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാവുകയായിരുന്നു. വീറുറ്റ പോരാളികളായ മെക്‌സിക്കോയുടെ ആത്മവിശ്വാസത്തെ മെസിയുടെ ഗ്രൗണ്ടര്‍ തകര്‍ത്തിരുന്നു. കുലുങ്ങാത്ത കോട്ട കാവല്‍ക്കാരനായ ഒച്ചാവോയും കുലുങ്ങി കഴിഞ്ഞിരുന്നു. മെസി അര്‍ജന്റീനയ്ക്ക് പകര്‍ന്ന് നല്‍കിയ ആ വൈദ്യുതാവേശത്തിന്റെ ഫലമായിരുന്നു എന്‍സൊ ഫെര്‍നാഡസിന്റെ അതിമനോഹര ഗോള്‍. മെസി നീട്ടി നല്‍കിയ പാസ് സ്വീകരിച്ച്, വെട്ടിച്ച് മെക്‌സിക്കന്‍ ബോക്‌സിലേക്ക് കയറി, ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് വലംകാല്‍ കൊണ്ട് ഫെര്‍നാഡസ് തൊടുത്ത മനോഹരമായ ആങ്കുലര്‍ ഷോട്ട് മെക്‌സിക്കന്‍ പോസ്‌റ്റിന്റെ ഇടത് മോന്തായത്തിലേക്ക് വളഞ്ഞിറങ്ങിയപ്പോള്‍, സാങ്കേതിക തികവും അതീവ ചാരുതയുമുള്ള മറ്റൊരു ഗോള്‍ പിറക്കുകയായിരുന്നു. ഗോള്‍ എന്ന നിലയില്‍ നോക്കിയാല്‍ മെസിയുടെ ഗോളിനേക്കാള്‍ മനോഹരമായിരുന്നു ഫെര്‍നാഡസിന്റേതെന്ന് ഞാന്‍ നിസംശയം പറയും. പക്ഷേ മെസിയുടെ ആ ഗോള്‍ ഇല്ലായിരുന്നെങ്കില്‍ കളിയും കഥയും മാറുമായിരുന്നു. ഫെര്‍നാഡസിന്റെ ഗോളും അര്‍ജന്റീനയും ഉണ്ടാവുമായിരുന്നില്ല എന്നത് വേറെ കാര്യം.
അതോടെ മെക്‌സിക്കോയുടെ കീഴടങ്ങല്‍ സമ്പൂര്‍ണ്ണമായി കഴിഞ്ഞു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പുതുജീവന്‍ കിട്ടിയതിന്റെ അവിശ്വസനീയതയും ആഹ്ലാദവും മെസിയുടെയും അര്‍ജന്റീനിയന്‍ സംഘത്തിന്റെയും ലോകമെമ്പാടുമുള്ള ആരാധകരുടെയും മുഖത്ത് അലയടിച്ചിരുന്നു. അപ്പോള്‍ കമന്റേറ്റര്‍ വീണ്ടും പറയുന്നു - Messi and fernandes saved argentina from elimination and humiliation. വളരെ ശരിയായ വാക്കുകള്‍. അര്‍ജന്റീനയെ മാത്രമല്ല ഉന്മൂലനത്തില്‍ നിന്നും അപമാനത്തില്‍ നിന്നും മെസിയും ഫര്‍ണാഡസും രക്ഷിച്ചത്. അര്‍ജന്റീനക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്ന ഭൂഗോളത്തിന്റെ ഇങ്ങേ പകുതിയിലുള്ള മലയാളി ആരാധകരെ കൂടിയാണ്. ഇങ്ങനെയല്ലാതെ മറ്റെന്തായിരുന്നു ആ കളിയില്‍ സംഭവിക്കുമായിരുന്നത്?
അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം മറഡോണ കളമൊഴിഞ്ഞതിന്റെ രണ്ടാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നല്ലോ മെസിയും സംഘവും നിര്‍ണായക മത്സരത്തിനായി ബൂട്ട് കെട്ടിയിറങ്ങിയത്. ആദ്യ പകുതിയിലെ പ്രതീക്ഷക്കൊത്തുയരാത്ത കളിക്ക് ശേഷം, ഇടവേളയില്‍ അവര്‍ മറഡോണയെ മനസില്‍ ഓര്‍ത്ത് കാണുമോ?. മറഡോണയുടെ സ്മരണകള്‍, ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഗോള്‍ നിമിഷമൊക്കെ മെസിയുടെയും സംഘത്തിന്റെയും മനസിലൂടെ കടന്ന് പോയിട്ടുണ്ടാവുമോ? ഉണ്ടാകുമെന്നാണെനിക്ക് തോന്നുന്നത്. ആ സ്മരണയുടെ ഊര്‍ജത്തിലായിരിക്കണം രണ്ടാം പകുതിയില്‍ വ്യത്യസ്തമായൊരു അര്‍ജന്റീനിയന്‍ ടീമിനെ കണ്ടത്. അന്ന് മെസി കളിച്ചത് ഇരുപത്തി ഒന്നാമത്തെ ലോകകപ്പ് മത്സരമായിരുന്നു. മറഡോണയും കളിച്ചത് ഇരുപത്തി ഒന്ന് ലോകകപ്പ് മത്സരങ്ങളാണ്. അന്നത്തെ മെസിയുടെ ഗോള്‍, എട്ടാമത്തെ ലോകകപ്പ് ഗോളായിരുന്നു. ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ നിന്ന് മറഡോണയും നേടിയത് എട്ട് ലോകകപ്പ് ഗോളുകള്‍. അന്ന് എങ്ങനെയായിരുന്നു ഇങ്ങനെയല്ലാതെ മറ്റൊന്ന് സംഭവിക്കുമായിരുന്നത്? അവസാനം ലൈവ് ടെലികാസ്റ്റിനൊടുവില്‍ തൃശ്ശൂരില്‍ നിന്നുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ ആഹ്ലാദപ്രകടനം സ്‌ക്രീനില്‍ തെളിയുന്നു. ടെലിവിഷന്‍ ഓഫ് ചെയ്ത് കിടക്കുമ്പോള്‍ വിഷുദിനത്തിലെന്നപോലെ പടക്കം പൊട്ടുന്നു. അതെ അര്‍ജന്റീന ആര്‍ അലൈവ്.
തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി
സച്ചു ഐഷ
Jan 05, 2023
4 Minutes Read
എം.ബി. രാജേഷ്
Jan 02, 2023
8 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
ഡോ. പി.ജെ. വിൻസെന്റ്
Dec 23, 2022
25 Minutes Watch