ഹിതകരമല്ലാത്ത
ചോദ്യം വരുമ്പോള്‍
എതിരാളിയാകുന്നു
മാധ്യമങ്ങള്‍
ഹിതകരമല്ലാത്ത ചോദ്യം വരുമ്പോള്‍ എതിരാളിയാകുന്നു മാധ്യമങ്ങള്‍
ജനാധിപത്യത്തില്‍ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും എന്ന് അടിവരയിടുന്നവരാണ് നമ്മുടെ ഏതാണ്ട് എല്ലാ രാഷ്ട്രീയനേതാക്കളും. പക്ഷേ, മാധ്യമങ്ങളുടെ നാവ് എതിരാളിക്കെതിരെ ആയിരിക്കുന്നിടത്തോളം മാത്രമാണ് ഈ ഇഷ്ടവും സ്‌നേഹവുമൊക്കെ- കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജി എഴുതുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 03:40 PM
മനില സി. മോഹന്‍: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
കെ.പി. റജി: അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. കേരളത്തിന്റേതായി പ്രകീര്‍ത്തിക്കപ്പെടുന്ന പല നേട്ടങ്ങള്‍ക്കും ഈ രാഷ്ട്രീയവല്‍ക്കരണം ഒരു പരിധിവരെ സഹായകമായിട്ടുണ്ട് താനും. വിവിധ രാഷ്ട്രീയചേരികളുടെ കള്ളികളിലേക്ക് സ്വയം മാറ്റിനിര്‍ത്തിയിരിക്കുകയാണ് ഏതാണ്ട് ഒട്ടുമിക്ക മലയാളികളും. സ്വന്തം രാഷ്ട്രീയ ഇച്ഛകള്‍ക്കും അഭിരുചികള്‍ക്കും ഹിതകരമല്ലാത്ത ഏതിനെയും നിശിതമായിത്തന്നെ എതിര്‍ക്കുന്നതാണ് ഇങ്ങനെ വിവിധ കളങ്ങളില്‍ നിലയുറപ്പിച്ചുനില്‍ക്കുന്നവരുടെ ഇതഃപര്യന്തമുള്ള ശീലം. അതുകൊണ്ടുതന്നെ, അപ്രിയകരമായ കാര്യങ്ങള്‍ വിളിച്ചുപറയുന്ന അല്ലെങ്കില്‍ ഹിതകരമല്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അവര്‍ എതിരാളിയുടെ കളത്തില്‍ പ്രതിഷ്ഠിക്കും.
സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തില്‍ എത്രത്തോളം പ്രധാനമാണ് എന്ന് തിരിച്ചറിയാത്തവരല്ല സാക്ഷരകേരളത്തിലെ ബഹുഭൂരിപക്ഷവും. ജനാധിപത്യത്തില്‍ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും എന്ന് അടിവരയിടുന്നവരാണ് നമ്മുടെ ഏതാണ്ട് എല്ലാ രാഷ്ട്രീയനേതാക്കളും. പക്ഷേ, മാധ്യമങ്ങളുടെ നാവ് എതിരാളിക്കെതിരെ ആയിരിക്കുന്നിടത്തോളം മാത്രമാണ് ഈ ഇഷ്ടവും സ്‌നേഹവുമൊക്കെ. സ്വന്തം താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ വാര്‍ത്ത വരുമ്പോള്‍ എല്ലാവരും തനിനിറം കാട്ടുന്നു. അപ്പോള്‍ ജനാധിപത്യമോ നവോത്ഥാനമോ ലിംഗനീതിയോ ഒന്നും ബാധകമല്ലാതാകുന്നു.
ഏതു വാര്‍ത്ത വന്നാലും, അതിനു വിരുദ്ധമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന വിഭാഗം അതിന്റെ പേരില്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിവിധ തരത്തിലുള്ള പ്രചാരണങ്ങളും ആക്രമണങ്ങളും അഴിച്ചുവിടുന്നത് കേരളത്തില്‍ മാത്രമല്ല, രാജ്യമെമ്പാടും
വ്യാപകമായി വളര്‍ന്നുവരികയാണ്. ഇന്ന് ഒരു രാഷ്ട്രീയചേരിയുടെ ആളുകളെന്ന് എതിര്‍വിഭാഗം മുദ്രകുത്തുന്നവരെ നാളെ മറുഭാഗം ശത്രുക്കളായി ചാപ്പ കുത്തുകയും ഹീനമായ പ്രചാരവേല അഴിച്ചുവിടുകയും ചെയ്യും. ഒരു മാധ്യമവും ഇതില്‍നിന്നു മുക്തല്ലെന്നത് ഈ വിമര്‍ശനങ്ങളുടെ പൊള്ളത്തരമാണ് യഥാര്‍ഥത്തില്‍ തുറന്നുകാട്ടുന്നത്.
ദല്‍ഹി കലാപവാര്‍ത്തകളുടെ പേരില്‍ സംപ്രേഷണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിനെ അന്ന് ഇടതുപക്ഷത്തിന്റെയും ന്യൂനപക്ഷ തീവ്രവാദികളുടെയും ശബ്ദമെന്നാക്ഷേപിച്ചാണ് സംഘ്പരിവാര്‍ അനുകൂലികള്‍ അവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍, തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് അനുബന്ധ വാര്‍ത്തകളുടെ പേരില്‍ അതേ ഏഷ്യാനെറ്റ് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ നിശിതമായ ആക്രമണങ്ങള്‍ക്കു ശരവ്യമായിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന് ഏഷ്യാനെറ്റില്‍ ഇപ്പോള്‍ കാവി വര്‍ണമേ കാണാന്‍ കഴിയുന്നുള്ളൂ. ഏഷ്യാനെറ്റ് ഇടതുപക്ഷത്തിന്റെ പിണിയാളുകളായി തങ്ങള്‍ക്കെതിരെ നുണവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാക്ഷേപിച്ച സംഘ്പരിവാര്‍ ചേരി ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനെതിരെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരായി സജീവമായി രംഗത്തുണ്ട്.
ലോകത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി താരതമ്യേന പരിമിതമായ ഒരു പ്രേക്ഷക സമൂഹത്തില്‍ ആധിപത്യം നേടിയെടുക്കാനുള്ള മാധ്യമങ്ങളുടെ തത്രപ്പാട് ചിലപ്പോഴെങ്കിലും അറിയാതെയാണെങ്കിലും വിമര്‍ശകര്‍ക്ക് മരുന്നിട്ടുകൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അതിവേഗം മുന്നിലെത്താനുള്ള മത്സരത്തില്‍ നൂറു ശതമാനം കൃത്യമായ പുനപരിശോധനയ്ക്ക് സ്വാഭാവികമായും നേരിടുന്ന വെല്ലുവിളികളാണ് ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെ വെല്ലുവിളി.
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
അറിയാനും അറിയിക്കാനുമുള്ള അവകാശവും അഭിവാഞ്ജയും മാനുഷികമായ വികാരവും ആവശ്യവുമാണ്. അതിന്റെ പൂര്‍ത്തീകരണത്തിന് അവശ്യം വേണ്ട ചില സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് സവിശേഷ അധികാരം എന്നു വിമര്‍ശിക്കപ്പെടുന്ന വ്യാഖ്യാനപരമായ സംഗതി. വാര്‍ത്തകള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത് ഭരണകൂടങ്ങളുടെയും ബന്ധപ്പെട്ട അധികാരികളുടെയും കൂടി ആവശ്യമായതുകൊണ്ട് അവര്‍ അതിനായി ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങളും സാഹചര്യങ്ങളുമാണ് വിമര്‍ശകര്‍ മറ്റു തരത്തില്‍ ആക്ഷേപിക്കുന്നത്. ഇത്രയൊന്നും പരിഷ്‌കൃതമല്ലാതിരുന്ന കാലത്തുപോലും വാര്‍ത്തകളറിയിക്കുന്നവര്‍ക്ക് ചില സവിശേഷ സാഹചര്യങ്ങള്‍ സമൂഹം ബോധപൂര്‍വമോ അല്ലാതെയോ അനുവദിച്ചുകൊടുക്കുന്നുണ്ടായിരുന്നു. വടക്കന്‍പാട്ടുകള്‍ പാടി നടന്ന പാണന്‍മാര്‍ പോലും ഒരര്‍ഥത്തില്‍ ഇങ്ങനെ സവിശേഷ അവകാശങ്ങള്‍ അനുഭവിച്ചവരായിരുന്നു. ഇപ്പോഴും ലോകമെങ്ങും ഭരണകൂടങ്ങളും അധികാര സംവിധാനങ്ങളും വിവരങ്ങള്‍ ആളുകളെ അറിയിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് പലവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊടുക്കുന്നുണ്ട്. അതിനിടെ, ജനങ്ങള്‍ അറിയേണ്ടതില്ല എന്ന് അധികാരികളും അറിയണമെന്നു മാധ്യമങ്ങളും കരുതുന്ന ചില കാര്യങ്ങളും പുറത്തുവരും. അത്തരം സന്ദര്‍ഭങ്ങളില്‍ വിരുദ്ധ നിലപാടുള്ളവര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതാണ് മാധ്യമങ്ങള്‍ക്ക്
സവിശേഷമായ ഒരു അധികാരവുമില്ല എന്ന വാദം. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലും മറ്റുമുണ്ടായതുപോലുള്ള തര്‍ക്കങ്ങള്‍ അങ്ങനെ ഉടലെടുത്തതാണ്. ഈ ചര്‍ച്ചക്ക് അടിസ്ഥാനമായ സമീപകാല സംഭവവികാസങ്ങള്‍ പോലും ഇങ്ങനെ ആവിര്‍ഭവിക്കുന്നതാണ്.
തീര്‍ച്ചയായും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധത മാധ്യമങ്ങള്‍ പുലര്‍ത്തുന്നതുകൊണ്ടാണല്ലോ എല്ലാവിധ വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചു ജനമധ്യത്തില്‍ ശക്തമായി നിലനില്‍ക്കാന്‍ കഴിയുന്നത്. ജീവന്‍ പോലും തൃണവല്‍ഗണിച്ച് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്കായി ഏത് അപകടമുഖത്തും ഓടിയെത്തുന്നത് ഈ പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രമാണ്. ഉറ്റവരുടെ വേര്‍പാടില്‍പോലും ജനങ്ങള്‍ അറിയേണ്ട വാര്‍ത്ത അവരിലേക്കെത്തിക്കാന്‍ അവര്‍ പെടാപ്പാടു പെടുന്നതിന്റെ അടിസ്ഥാനവും വേറൊന്നല്ല. എത്രയെത്ര സാമൂഹിക തിന്‍മകളും അരുതായ്കകളുമാണ് മാധ്യമങ്ങളുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ നമുക്ക് തുടച്ചെറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മരണവും ദുരിതവും വിതയ്ക്കുന്ന കൊറോണക്കാലത്തുപോലും മാധ്യമപ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നതിന്റെ പ്രേരണയും മറ്റൊന്നല്ല. ദുരന്തമുഖത്ത് കൈക്കുഞ്ഞുമായി ഓടിയെത്തി വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മുന്നില്‍നിന്ന വനിതാമാധ്യമ പ്രവര്‍ത്തക സ്വജീവിതം കൊണ്ടു നല്‍കിയ സന്ദേശവും ഈ സാമൂഹിക പ്രതിബദ്ധത തന്നെ.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
ഏറ്റക്കുറച്ചിലുകളും അപവാദങ്ങളും കണ്ടേക്കാമെങ്കിലും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം വളരെ ശക്തമായി നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യന്‍ ജനാധിപത്യം ലോകത്തെ തന്നെ ഏറ്റവും പ്രബലമായ ജനാധിപത്യ വ്യവസ്ഥയായി നിലനില്‍ക്കാന്‍ വലിയൊരളവോളം കാരണവും നമ്മുടെ മാധ്യമങ്ങളുടെ ശക്തിയാണ്. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞു എന്ന് അടിയന്തരാവസ്ഥക്കാലത്ത് ചില മാധ്യമങ്ങള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നതു ശരിയാണെങ്കിലും അടിയന്തരാവസ്ഥയുടെ വിപത്തിനെതിരെ ഏറ്റവും ശക്തമായി ശബ്ദിച്ചതും മാധ്യമങ്ങള്‍ തന്നെയായിരുന്നു. സ്വേച്ഛാധിപത്യത്തിലേക്കു വളരാന്‍ കൊതിക്കുന്ന ചില സമകാലിക ജനാധിപത്യ അധികാരികളുടെ മുന്നിലും നട്ടെല്ല് വളയ്ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നതാണ് നമ്മുടെ മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശക്തി. മറിച്ചുള്ളവരുടെ ജല്‍പനങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമേ ഉണ്ടാവൂ എന്നാണ് ജനാധിപത്യത്തിന്റെ ശുഭകാംക്ഷികളിലൊരാളെന്ന നിലയില്‍ എന്റെ അഭിപ്രായം.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
അതിവേഗത്തിന്റെ മത്സരം സൃഷ്ടിക്കുന്ന ചില്ലറ പ്രയാസങ്ങളും പോരായ്മകളും കണ്ടേക്കാമെങ്കിലും വിവരങ്ങള്‍ അപ്പപ്പോള്‍ കണ്ടും കേട്ടുമറിയാനും വിലയിരുത്താനും കഴിയുന്നു എന്നതു മാത്രം പോരേ ടെലിവിഷന്‍ ജേണലിസത്തിന്റെ മേന്മ. പരമ്പരാഗത അച്ചടി മാധ്യമങ്ങളിലും ശ്രവ്യ മാധ്യമങ്ങളില്‍പോലും ഗുണപരമായ മാറ്റങ്ങള്‍ക്കു പ്രചോദനമാവാനും ചാനലുകള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നതു ചെറിയ കാര്യമല്ല.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
അങ്ങനെ പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. മതം, കോര്‍പറേറ്റുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നീ മൂന്നു പ്രബല ശക്തികളില്‍ മതത്തിനോടു മാത്രമാണ് നേരിട്ട് ഏറ്റുമുട്ടാന്‍ മാധ്യമങ്ങള്‍ കുറച്ചു മടി കാണിക്കുന്നത് എന്നു തോന്നുന്നു. അതു മാധ്യമങ്ങളുടെ മാത്രം കുഴപ്പമല്ല. രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ പോലും മതവുമായി നേര്‍ക്കുനേര്‍ കലഹത്തിന് ധൈര്യപ്പെടുന്നില്ല എന്ന സാഹചര്യത്തില്‍വേണം മാധ്യമങ്ങളുടെ ദൗര്‍ബല്യവും ചര്‍ച്ച ചെയ്യേണ്ടത്. അസാധാരണമാംവിധം മതവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് ഇവിടെ മാധ്യമങ്ങളേക്കാള്‍ പ്രതിസ്ഥാനത്തു നില്‍ക്കേണ്ടത്. പലപ്പോഴും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമാണ് മതങ്ങള്‍ക്കുനേരെ ഉയരാറുള്ളത് എന്നും ഓര്‍ക്കേണ്ടതുണ്ട്. കോര്‍പറേറ്റുകള്‍ക്ക് മാധ്യമങ്ങളെ പൂര്‍ണമായും വരുതിയിലാക്കാന്‍ കഴിയുന്നു എന്നു പറയാറായിട്ടില്ല. കോര്‍പറേറ്റ് പിടിയില്‍നിന്ന് കുതറിമാറാനും അവര്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഒന്നല്ലെങ്കില്‍ മറ്റൊരു മാധ്യമം ഇക്കാലമത്രയും ഉണ്ടായിട്ടുണ്ട്. ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാമെങ്കിലും നാളെയും അങ്ങനെതന്നെ തുടരാനാണിട. രാഷ്ട്രീയപാര്‍ട്ടികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവ ഒഴികെയുള്ള മാധ്യമങ്ങള്‍ അങ്ങനെയൊരു കെട്ടുപാട് കാണിക്കുന്നതായി തോന്നുന്നില്ല.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
ഇതര തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ പൊതുവെ നേരിടുന്ന പ്രയാസങ്ങളില്‍നിന്ന് വ്യത്യസ്തമായി മാധ്യമ മേഖലയില്‍ മാത്രമായി ലിംഗപരമായ വിവേചനം നിലനില്‍ക്കുന്നതായി കരുതുന്നില്ല. സ്ത്രീകള്‍ പൊതുവെ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സ്വാഭാവികമായും മാധ്യമമേഖലയിലും അവര്‍ക്ക് നേരിടേണ്ടിവരുന്നു എന്നാണു തോന്നുന്നത്.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
വേതന നിരക്ക് പരിതാപകരമാണ് എന്നതിനേക്കാള്‍, നിശ്ചയിച്ച വേതനനിരക്കില്‍ പോലും ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നില്ല എന്നതാണ് യഥാര്‍ഥത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി. കോവിഡ് പ്രതിസന്ധിയുടെ പേരില്‍ രാജ്യമെമ്പാടുമായി ആയിരക്കണക്കിനു മാധ്യമപ്രവര്‍ത്തകരെയാണ് തൊഴിലില്‍നിന്ന് പിരിച്ചുവിട്ടത്. മുന്‍കാലങ്ങളിലെല്ലാം തൊഴിലാളികളോടുള്ള മെച്ചപ്പെട്ട പരിഗണനയുടെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന സ്ഥാപനങ്ങള്‍ പോലും കൂട്ടപിരിച്ചുവിടലിന്മുന്നില് നില്‍ക്കുന്നതായിരുന്നു സങ്കടകരമായ അനുഭവം. ഒട്ടുമിക്ക സ്ഥാപനങ്ങളിലും ശമ്പളം വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച ശമ്പളം പോലും പല സ്ഥാപനങ്ങളിലും നല്‍കുന്നില്ല. ഒരു വര്‍ഷത്തിലേറെയായി ശമ്പളം നല്‍കാത്ത മാധ്യമ സ്ഥാപനങ്ങള്‍ പോലും കേരളത്തിലുണ്ട് എന്നു വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ ആഴം വ്യക്തമാവുക. തൊഴിലാളികളില്‍നിന്ന് പിടിച്ചുവെച്ച ഇ.പി.എഫ്, ഇ.എസ്.ഐ വിഹിതം മാനേജ്‌മെന്റ് കൃത്യമായി സര്‍ക്കാറിലേക്ക് അടയ്ക്കാത്തതിനാല്‍ അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പറഞ്ഞറിയിക്കാവുന്നതല്ല. മാസങ്ങളായി ശമ്പളം കിട്ടാത്ത മാധ്യമപ്രവര്‍ത്തകന്‍ അടിയന്തര ചികിത്സക്ക് ഇ.എസ്.ഐ ആനുകൂല്യം നേടാന്‍ ശ്രമിച്ചപ്പോള്‍ കാലങ്ങളായി മാനേജ്‌മെന്റ് വിഹിതം അടയ്ക്കാതിരുന്നതിനാല്‍ നിസഹായനായിപ്പോയതും നമ്മുടെ കേരളത്തില്‍ തന്നെയാണ്. ഒരു വര്‍ഷത്തിലേറെയായി പി.എഫ് വിഹിതം അടയ്ക്കാത്ത സ്ഥാപനങ്ങളുടെ നേര്‍ക്കുപോലും സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളിയുടെ കൂലി പോലും കിട്ടാത്ത ബിരുദാനന്തര ബിരുദധാരികളായ മാധ്യമപ്രവര്‍ത്തകര്‍ ഒേട്ടറെയുണ്ട് നമ്മുടെ
നാട്ടില്‍.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
സമൂഹ മാധ്യമങ്ങള്‍ വ്യവസ്ഥാപിത മാധ്യമങ്ങളില്‍ രണ്ടു തരം സ്വാധീനങ്ങളും സൃഷ്ടിക്കുന്നുണ്ട്. നേരത്തേ പറയാന്‍ മടിച്ചുനിന്ന കാര്യങ്ങള്‍ പോലും തുറന്നുപറയാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നതുതന്നെ ഇതില്‍ പ്രധാനം. അപകീര്‍ത്തി കേസ് ഭയന്നു പറയാന്‍ മടിച്ചിരുന്ന പേരുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പറഞ്ഞുതുടങ്ങിയത് സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്താലാണെന്നു തോന്നുന്നു. പ്രത്യേക മാധ്യമത്തിന്റെ വായനക്കാരോ കാഴ്ചക്കാരോ അല്ലാത്ത ആളുകളിലേക്കും ചില വാര്‍ത്തകള്‍ എത്തിക്കാന്‍ കഴിയുന്നു എന്നതും സമൂഹമാധ്യമങ്ങളുടെ നേട്ടമായി കാണാന്‍ കഴിയും. അതേസമയം, സമൂഹമാധ്യമങ്ങള്‍ ആധികാരികത ഉറപ്പില്ലാതെ ഏറ്റെടുത്ത ചില വിഷയങ്ങള്‍െക്കങ്കിലും പിന്നാലെ പോയി വ്യവസ്ഥാപിത മാധ്യമങ്ങള്‍ ആപ്പിലായ ഉദാഹരണങ്ങളും ഒന്നിലേറെ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
വാര്‍ത്തകള്‍ അറിയാനുള്ള മനുഷ്യന്റെ ആഗ്രഹം ചരിത്രാതീത കാലം മുതലേ നിലനില്‍ക്കുന്ന സംഗതിയാണ്. അന്ധനായ ധൃതരാഷ്ട്രര്‍ക്ക് കുരുക്ഷേത്ര യുദ്ധവിശേഷങ്ങള്‍ വിവരിച്ച സഞ്ജയനില്‍ തുടങ്ങുന്നു ആ കഥ. കാലം മാറി വരുേമ്പാള്‍ വാര്‍ത്താവിവരണത്തിന്റെ സ്വഭാവം മാറിവന്നേക്കാമെന്നല്ലാതെ പൂര്‍ണമായി അത് ഇല്ലാതാവില്ല. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി എല്ലാത്തരം മാധ്യമങ്ങള്‍ക്കും കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നതെങ്കിലും മാധ്യമങ്ങള്‍ അതില്‍ കെട്ടുപോകും എന്നു കരുതുക വയ്യ. survival of the fittest എന്ന ഡാര്‍വിന്റെ പരിണാമ സിദ്ധാന്ത വാദം തന്നെയാവും കോവിഡാനന്തര കാലത്ത് മാധ്യമങ്ങളുടെ കാര്യത്തില്‍ ശരിയാവുക എന്നു തോന്നുന്നു. തിരിച്ചടികള്‍ കരുത്താക്കി മാധ്യമങ്ങള്‍ നിലനില്‍പ്പിനും അതിജീവനത്തിനുമുള്ള ശേഷികള്‍ ആര്‍ജിക്കുകതന്നെ ചെയ്യും. ചിലപ്പോള്‍ അതിനായി പരമ്പരാഗത സമീപനരീതികളില്‍ അവര്‍ കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നേക്കാമെന്നു മാത്രം.
സജി ഉതുപ്പാൻ
18 Aug 2020, 11:15 PM
വളരെ കൃത്യമായ കാര്യങ്ങൾ ആണ് ഉത്തരങ്ങൾ ആയി താങ്കൾ അവതരിപ്പിച്ചിരിക്കുന്നത് . എന്നാലും ചില മാധ്യമ പ്രവർത്തകർ അവരുടേതായ രാഷ്ട്രീയം കുത്തി നിറക്കുന്നു എന്നതും ശ്രദ്ധേയമാണ് .
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
ജമ്മ ഷാജി
19 Aug 2020, 11:35 PM
എല്ലാചോദ്യത്തിനും വ്യക്തവുംകൃത്യവ്യമായ കുറിക്ക് കൊള്ളുന്ന മറുപടികൾ.