2014-ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് രാജ്യസുരക്ഷാപരമായ തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കണമെന്ന തീരുമാനത്തിനപ്പുറം നിയമനിര്‍മാണസഭയ്ക്കും കോടതിയ്ക്കും ഇക്കാര്യത്തില്‍ പ്രധാനമായ പങ്കൊന്നും നിര്‍വഹിക്കാനില്ല എന്ന് അടിവരയിട്ട് പറയുന്ന ഈ വിധിന്യായം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും.
9 Feb 2022, 11:37 AM
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം നിരോധിച്ച്, അവരുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് അവര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. അവരോടൊപ്പം, സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരും കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും ഇക്കാര്യം ചോദ്യം ചെയ്തിരുന്നു. പത്തുവര്‍ത്തേയ്ക്ക് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കുകയും അപ്‌ലിങ്കിങ് ലൈസന്‍സ് ലഭിക്കുകയും ചെയ്ത സ്ഥാപനമാണ് മീഡിയ വണ്‍. 2021 അവസാനം വരെ ആ ലൈസന്‍സ് കാലാവധി നിലവിലുണ്ടായിരുന്നു.
2021 മെയ് മൂന്നിനു തന്നെ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിന് മീഡിയ വണ്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് ആവശ്യമായതിനെതുടര്‍ന്ന് 29-11-2021 ന് ആഭ്യന്തര മന്ത്രാലയത്തിലേയ്ക്ക് പ്രസ്തുത അപേക്ഷ കൈമാറി.
കൃത്യം ഒരു മാസത്തിനുള്ളില്‍ ഡിസംബര്‍ 29-ന് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിയ്ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ മീഡിയ വണ്ണിന് ഷോകോസ് നോട്ടീസ് നല്‍കുകയും ചെയ്തു. 2021 നവംബര്‍ 29-ന് ലഭിച്ച അപേക്ഷ ഒരു മാസത്തിനുള്ളില്‍ ക്ലിയറന്‍സ് നല്‍കാനാവില്ല കാരണത്താല്‍ ആഭ്യന്തര മന്ത്രാലയം തള്ളിയ നടപടി മീഡിയ വണ്ണിന്റെ ഭാഗം കേള്‍ക്കാതെയാണ്. ഇക്കാര്യത്തിന് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടിക്രമം എന്താണെന്ന് വ്യക്തമല്ല. ഏത് കാരണത്താലാണ് പത്തുവര്‍ഷമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു ചാനലിന് സെക്യൂരിറ്റി ക്ലിയറന്‍സ് പുതുക്കിനല്‍കാനാവാത്തതെന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്.
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയ വണ്ണിന് സമര്‍പ്പിച്ച ഷോകോസ് നോട്ടീസില്‍ എന്തിനാണവര്‍ കാരണം കാണിക്കേണ്ടത് എന്ന് വ്യക്തമല്ല. ആഭ്യന്തര മന്ത്രാലയം രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചത് എന്നാണ് കേന്ദ്രസര്‍ക്കാർ വാദം. ഹൈക്കോടതി ഈ ഉത്തരവ് ചോദ്യം ചെയ്ത എല്ലാ കേസുകളും തള്ളുകയും ഉത്തരവ് നിലനില്‍ക്കുന്നതാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് മീഡിയ വണ്ണിനെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. ഭരണഘടന പൗരര്‍ക്ക് നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണ് ആര്‍ട്ടിക്കിള്‍ 19 (1) അനുശാസിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം. ആവിഷ്‌കാര സ്വാതന്ത്ര്യം പൗരര്‍ക്കാണ്, സ്ഥാപനങ്ങള്‍ക്കല്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏതൊരു മാധ്യമസ്ഥാപനത്തിനും ലഭിയ്ക്കുന്ന അധികാരം, അവകാശം എന്നത് ആ മാധ്യമസ്ഥാപനത്തിലെ ജേണലിസ്റ്റുകള്‍ക്ക് ലഭിക്കുന്നതാണ്.
പൗരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19 (2)* അനുശാസിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. റീസണബിള്‍ റെസ്ട്രിക്ഷന്‍സ് അഥവാ യുക്തിസഹമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ഏതൊരു മൗലികാവകാശവും. ഇവിടെ പൗരന്മാരുടെ മൗലികാവകാശം ഏത് കാരണത്താലാണ് ലംഘിക്കപ്പെടുന്നത് എന്നത് വ്യക്തമല്ല. എന്ത് കാരണത്താലാണ് ഒരു ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടത് എന്നത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചുള്ള ഉത്തരവിലോ അതേറ്റുവാങ്ങുന്ന ഏതെങ്കിലും രേഖകളിലോ വ്യക്തമല്ല. ഒരാളുടെ മൗലികാവകാശം ലംഘിക്കുമ്പോള്‍, ഏത് കാരണത്താലാണ് തടയപ്പെടുന്നത് എന്നത് അയാളെ അറിയിക്കുക എന്നത് പ്രധാനമാണ്. അതുപോലെ പ്രധാനമാണ് സ്വാഭാവിക നീതി എന്നതും.
ഒരാള്‍ക്കെതിരെ ഒരു തീരുമാനമെടുക്കുമ്പോള്‍ അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നതാണ് സ്വാഭാവിക നീതി. ആരോപണങ്ങളോ കണ്ടെത്തലുകളോ അടങ്ങിയ രേഖകളോ റിപ്പോര്‍ട്ടുകളോ ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കി അതിനോട് പ്രതികരിക്കാനുള്ള പൗരന്റെ അവകാശമാണ് സാമാന്യ നീതി. ഈ സാമാന്യ നീതി ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 21 ല്‍ അന്തര്‍ലീനമാണ് എന്ന് സുപ്രീകോടതി നിരവധി കേസുകളില്‍ വിധിച്ചിട്ടുണ്ട്.

ഇവിടെ മീഡിയ വണ്ണിന് സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിക്കുന്നത് ഏത് കാരണത്താലാണ് എന്നത് വ്യക്തമല്ല എന്നതുമാത്രമല്ല, ആ കാരണങ്ങള്‍ അക്കമിട്ട് നിരത്തി അതിന്‍മേല്‍ മീഡിയ വണ്ണിന് പറയാനുള്ളത് എന്താണ് എന്ന് കേട്ടിട്ടില്ല എന്നതും കേന്ദ്രസര്‍ക്കാര്‍ കൂടി അംഗീകരിക്കുന്ന വസ്തുതയാണ്.
ഹൈക്കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത് ദേശീയ സുരക്ഷ മുന്‍നിര്‍ത്തി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് നിഷേധിച്ചതെന്നും ഒരു ഉദ്യോഗസ്ഥതല കമ്മിറ്റി ഇക്കാര്യം ശുപാര്‍ശ ചെയ്‌തെന്നും ആ ശുപാര്‍ശയാണ് മന്ത്രാലയം അംഗീകരിച്ചത് എന്നുമാണ്. ഈ കാര്യം ഫയലില്‍ വ്യക്തമാണ് എന്നും നോക്കി ആ കാര്യം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും ജസ്റ്റിസ് നഗരേഷ് വിധിന്യായത്തില്‍ പറയുന്നു.
ഭരണഘടന പഠിയ്ക്കുന്ന കാലത്ത് നിയമ വിദ്യാര്‍ഥികളെല്ലാം ഭരണഘടനയുടെ മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന വിധിന്യായങ്ങള്‍ പഠിയ്ക്കാറുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് മനേകാ ഗാന്ധിയുടെ കേസ്. മനേകാ ഗാന്ധിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലാണ് സുപ്രീംകോടതി ആദ്യമായി പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു തെറ്റായ തീരുമാനത്തെ, എ.കെ. ഗോപാലന്‍ VS ഇന്ത്യ കേസിനെ ഓവര്‍റൂള്‍ ചെയ്ത് ആര്‍ട്ടിക്കിള്‍ 14, 21, 19 എന്നിവ പരസ്പരബന്ധിതമാണെന്നും അതൊരു ഗോള്‍ഡന്‍ ട്രയാംഗിളായി കാണേണ്ടതാണെന്നും ഇതിനെ ഒറ്റക്കൊറ്റക്കെടുത്ത് വായിക്കുകയല്ല വേണ്ടതെന്നും ഒരു പൗരന് അന്തസ്സ് ഉറപ്പുവരുത്തി ജീവിക്കാന്‍ ആവശ്യമായ അവകാശങ്ങള്‍ മൂന്നിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും അതുകൊണ്ട് മൂന്നും ഒരുമിച്ച് കാണേണ്ടതാണെന്നുമുള്ള തത്വം പറയുന്നത്. അതിനകത്താണ് പറയുന്നത്, ഏതെങ്കിലും അധികാരി ഏതെങ്കിലും ഭരണതീരുമാനത്തിലൂടെ ആരുടെയെങ്കിലും മൗലികാവകാശങ്ങള്‍ കവരുമ്പോള്‍ അത് നീതിയുക്തവും ന്യായയുക്തവുമായിരിക്കണം. അതിനുശേഷം എല്ലാ അധികാരസ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും ഏതുതരം നിയന്ത്രണങ്ങലായിരുന്നാലും അത് യുക്തസഹമായിരിക്കണം, നീതിയുക്തമായിരിക്കണം എന്നത് മനേകാ ഗാന്ധി കേസിനുശേഷം ഇന്ത്യന്‍ ഭരണഘടന പൗരന് കൊടുക്കുന്ന ഉറപ്പാണ്. ഇതാണ് വാസ്തവത്തില്‍ 2014-ല്‍ സുപ്രീംകോടതിയുടെ രണ്ടംഗം ജഡ്ജിമാരുള്ള ബെഞ്ചില്‍ നിന്നുണ്ടാകുന്ന വിധിന്യായം മാറ്റിമറിക്കുന്നത്.
എക്‌സ് സര്‍വീസ്‌മെന്‍ കേസിനകത്ത് സുപ്രീംകോടതി പറഞ്ഞ പ്രധാനപ്പെട്ട ഒരു വിധി, ദേശീയ സുരക്ഷയുടെ പേരില്‍ ഏതെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ അത് പൂര്‍ണമായി എക്‌സിക്യൂട്ടീവിന് വിട്ടുകൊടുക്കണം എന്നുള്ളതാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയം വന്നാല്‍ സാമാന്യതത്വം പാലിക്കേണ്ടതുണ്ട് എന്ന് നിര്‍ബന്ധിക്കാനാവില്ല എന്നാണ്. കോടതി അതുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിക്കുകയും തൃപ്തികരമായ കാരണങ്ങളുണ്ട് എന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ പരാതിക്കാരെ കേട്ടില്ലെങ്കില്‍ പോലും അതിനകത്ത് യാതൊരു തെറ്റുമില്ല എന്നും ഏത് കാരണത്താലാണോ മൗലികാവകാശം ലംഘിച്ചത് ആ കാര്യം അതിനിരയായ ആളെ അറിയിക്കേണ്ടതില്ല എന്നും സുപ്രധാനമായ ഈ വിധിന്യായം പറയുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ 2014-ലെ ഈ വിധിന്യായമാണ് 2019-ല്‍ ഡിജിവേള്‍ഡിന്റെ കേസിലുണ്ടായ വിധിന്യായത്തിനും കാരണമായത്.
ഇവിടെ ദേശീയ സുരക്ഷ ഒരു കാരണമായി പറഞ്ഞ് സ്റ്റേറ്റിന്റെ എക്‌സിക്യൂട്ടീവ് ഫങ്ഷന്‍ കോടതികള്‍ ചോദ്യംചെയ്യുന്നത് ശരിയല്ല എന്ന നിലപാടിലേയ്ക്കാണ് സുപ്രീംകോടതി എത്തിയത്. എന്നാല്‍ ഇതില്‍നിന്ന് തീര്‍ത്തും കടകവിരുദ്ധമായ നിലപാടാണ് സുപ്രീംകോടതി ഈയടുത്ത കാലത്ത് പെഗാസസ് കേസില്‍ സ്വീകരിച്ചത്. ദേശീയ സുരക്ഷ എന്ന കാരണം പറഞ്ഞ് ജുഡീഷ്യല്‍ റിവ്യൂവില്‍ നിന്ന് ഒഴിവാകാനാകില്ല എന്ന് അസന്ദിഗ്ധമായി സുപ്രീകോടതി പറഞ്ഞു.
മീഡിയ വണ്‍ കേസില്‍ പരാതിക്കാര്‍ പ്രധാനമായി ആശ്രയിച്ച ഒരു വിധിന്യായമാണ് പെഗാസസിന്റേത്. എന്നാല്‍ രണ്ടുസ്ഥലത്ത് മാത്രമാണ് ഈ വിധിന്യായത്തില്‍ പെഗാസസ് കേസിന്റെ വിധിന്യായം പരാമര്‍ശിക്കുന്നത്. അതിലൊന്ന്, പരാതിക്കാര്‍ പെഗാസസ് കേസിലെ വിധിന്യായത്തെ ആശ്രയിക്കുന്നു എന്നും കേവലമായ രാജ്യസുരക്ഷയുടെ കാരണം പറഞ്ഞ്മൗലികാവകശം ലംഘിക്കാന്‍ കഴിയില്ല എന്നുമാണ്.
രണ്ടാമതായി ആ വിധി പരാമര്‍ശിക്കുന്നത്, അത് ഈ കേസില്‍ ബാധകമല്ല എന്നും ആ കേസ് സ്വകാര്യതയുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഈ കേസില്‍ പരാതിക്കാരെ സഹായിക്കില്ല എന്നുമുള്ള ജഡ്ജിയുടെ തീര്‍പ്പുള്ള ഭാഗത്താണ്. ഇത് യഥാര്‍ഥത്തില്‍ വസ്തുതാവിരുദ്ധമാണ്. ഹൈക്കോടതി വിധിന്യായത്തില്‍ ഒറ്റനോട്ടത്തില്‍ തെറ്റ് എന്ന് പറയാവുന്ന ഒരു കാര്യമാണിത്.
പെഗാസസിന്റെ സുപ്രീംകോടതി വിധിയില്‍ 55-ാം പാരഗ്രാഫില്‍ വളരെ കൃത്യമായി പറയുന്ന ഒരു കാര്യം സ്വകാര്യത മാത്രമല്ല, സ്വകാര്യതാ അവകാശത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഒരേ വരിയിലാണ് ആ വിധി വിശേഷിപ്പിച്ചിട്ടുള്ളത്. അതും മനേകാ ഗാന്ധി കേസും ഒരുമിച്ച് വായിച്ചാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം പെഗാസസ് കേസില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും അതുകൊണ്ടുതന്നെ പെഗാസസ് കേസിന്റെ വിധിന്യായം ഈ കേസില്‍ ഹര്‍ജിക്കാര്‍ ആശ്രയിച്ചത് ശരിയാണ് എന്നും മനസ്സിലാകുന്നു.
സ്വകാര്യതയെ മാത്രം മുന്‍നിര്‍ത്തിയാണ് പെഗാസസ് കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ അഥവാ തീര്‍പ്പ് ഇതേ കാരണത്താല്‍ തെറ്റാണെന്ന് പറയേണ്ടിവരും.
ഈ വിധിന്യായത്തില്‍ നിയമപരമായി കാണുന്ന ഗുരുതരമായ പിഴവ് കേന്ദ്ര ആഭ്യന്തര വകുപ്പ് തങ്ങള്‍ നിര്‍വഹിക്കേണ്ട, ഭരണഘടനാപരമായ എക്‌സിക്യൂട്ടീവിന്റെ അധികാരം ഉപയോഗിച്ച് ചെയ്യേണ്ട കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ ഒരു കേസാണ് എന്ന രീതിയില്‍ ഇതിനെ കണ്ടതാണ്.
വാസ്തവത്തില്‍ പാര്‍ലമെൻറ് നിര്‍മിച്ച കേബിള്‍ ടി.വി. നെറ്റ് വര്‍ക്ക് നിയമത്തിനുകീഴില്‍ കേന്ദ്രസര്‍ക്കാരിന് നയപരമായ നിര്‍ദേശങ്ങളോ ചട്ടങ്ങളോ ഉണ്ടാക്കാന്‍ നല്‍കിയ അധികാരത്തിന്‍മേല്‍ കേന്ദ്രസര്‍ക്കാരുണ്ടാക്കിയ ഒരു പോളിസി ഗൈഡ് ലൈന്‍ അനുസരിച്ചുമാത്രം ആഭ്യന്തര മന്ത്രാലയത്തിന് കിട്ടുന്ന ക്ലിയറന്‍സ് നല്‍കുന്നതിനുള്ള ഒരധികാരമാണ് കേസിന്റെ ആധാരം. ആ അധികാരം ആഭ്യന്തര മന്ത്രാലയം നിര്‍വഹിക്കുമ്പോള്‍ വാസ്തവത്തില്‍ ഒരു സ്റ്റാറ്റ്യൂട്ടറി ഉത്തരാദിത്തമാണ് അവര്‍ നിര്‍വഹിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി അധികാരം നല്‍കുന്നതാവട്ടെ പാര്‍ലമെന്റിലുണ്ടാക്കിയ നിയമവും അതിലെ വകുപ്പുമാണ്. സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ആര്‍ബിറ്റെര്‍നെസ് പാടില്ല എന്നത് സാമാന്യതത്വമാണ്. അത്തരം സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ പ്രയോഗിക്കുമ്പോള്‍ സ്‌റ്റേറ്റിന് ഭരണഘടനാപരമായി കിട്ടുന്ന എക്‌സിക്യൂട്ടീവ് അധികാരം പ്രയോഗിക്കുന്ന അതേ മാനദണ്ഡങ്ങളല്ല പ്രയോഗിക്കേണ്ടത് എന്ന കാര്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മറന്നതായി കാണുന്നു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രാലയത്തിനുള്ള അധികാരം ചോദ്യംചെയ്യാന്‍ കോടതികള്‍ വിസമ്മതിക്കുന്ന വിധിന്യായങ്ങള്‍ ഇക്കാര്യത്തില്‍ ഉപയോഗിക്കുന്നത് യുക്തിസഹമായിരിക്കില്ല. കേബിള്‍ ടി.വി. നിയമത്തിനുകീഴില്‍ ഒരു ചാനല്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണമോ എന്ന് തീരുമാനിക്കാനുള്ള ലൈസന്‍സ് പുതുക്കിനല്‍കല്‍ പ്രക്രിയയില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കുക എന്ന സ്റ്റാറ്റ്യൂട്ടറി ഉത്തരവാദിത്തമാണ് ഇവിടെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്നത്. ആ അധികാരം പ്രയോഗിക്കുമ്പോള്‍ ഭരണഘടനാപരവും നൈതികവുമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം ചെയ്യാന്‍ എന്നത് സാമാന്യയുക്തിയും സാമാന്യതത്വവുമാണ്.
2014-ലെ സുപ്രീംകോടതി വിധിയെ ഉദ്ധരിച്ച് രാജ്യസുരക്ഷാപരമായ തീരുമാനങ്ങള്‍ ചോദ്യംചെയ്യുന്നതില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കണമെന്ന തീരുമാനത്തിനപ്പുറം നിയമനിര്‍മാണസഭയ്ക്കും കോടതിയ്ക്കും ഇക്കാര്യത്തില്‍ പ്രധാനമായ പങ്കൊന്നും നിര്‍വഹിക്കാനില്ല എന്ന് അടിവരയിട്ട് പറയുന്ന ഈ വിധിന്യായം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും.
കേബിള്‍ ടി.വി. നിയമത്തിനുകീഴില്‍ ആഭ്യന്തര മന്ത്രാലയത്തെ ക്ലിയറന്‍സിനായി ചുമതലപ്പെടുത്തുന്ന പോളിസി മാര്‍ഗനിര്‍ദേശം തന്നെ കോടതികള്‍ക്ക് റദ്ദാക്കാവുന്നതാണ്. എക്‌സസീവ് പവര്‍ ഡെലിഗേഷന്‍ (അമിതാധികാരം നല്‍കല്‍) എന്ന ഭരണഘടനാവിരുദ്ധമായ ഒറ്റക്കാരണത്താല്‍ കേബിള്‍ ടി.വി. നിയമത്തിലെ വകുപ്പുതന്നെ കോടതികള്‍ക്ക് റദ്ദാക്കാവുന്നതാണ്. കേബിള്‍ ടി.വി. നിയമം തന്നെ ഭരണഘടനാവിരുദ്ധമാണ് എന്നുപറയാനുള്ള അധികാരവും കോടതികള്‍ക്കുണ്ട് എന്നിരിക്കെ, ആഭ്യന്തര മന്ത്രാലയത്തിന് നിയമത്തിലൂടെ നല്‍കിയ ഒരധികാരം തിരിച്ചെടുക്കാനുള്ള അധികാരം പാര്‍ലമെന്റിനുമുണ്ടായിരിക്കെ, അതിനെല്ലാം മുകളിലാണ് എക്‌സിക്യൂട്ടീവിന്റെ തീരുമാനമെടുക്കല്‍ അധികാരം എന്ന് പറഞ്ഞുവെക്കുന്നത് അപകടകരമായ നീക്കമാണ്. ഇത്തരം വിധിന്യായങ്ങള്‍ ജനാധിപത്യ ഇന്ത്യയെ മനേകാ ഗാന്ധി കേസിലെ വിധിന്യായത്തിന് മുന്‍പേയ്ക്ക് കൊണ്ടുപോവുകയാണ്, പിന്നോട്ടടിയ്ക്കുകയാണ് എന്ന് പറയാതെ വയ്യ.
ഒരാളെ ശിക്ഷിയ്ക്കുമ്പോള്‍ അയാള്‍ ചെയ്ത തെറ്റെന്താണെന്നുള്ളത് കൃത്യമായി ഉന്നയിക്കുകയും അതിനാധാരമായ തെളിവുകള്‍ നല്‍കുകയും ചെയ്യുക എന്നതും അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നുള്ളതും നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ലോകത്തെവിടെയും നടപ്പാക്കപ്പെടുന്ന നിയമതത്വമാണ്. ഇന്ത്യയിലും ഇത് നിലവിലുണ്ട്. എന്നാല്‍ മീഡിയ വണ്‍ ചെയ്ത തെറ്റെന്താണെന്ന് മീഡിയ വണ്ണിനോ പൊതുസമൂഹത്തിനോ ഇന്നുമറിയില്ല. ഫയലില്‍ അതൊരു രഹസ്യമായി സൂക്ഷിക്കുകയും കേസ് കേള്‍ക്കുന്ന ജഡ്ജിമാര്‍ മാത്രം അതറിഞ്ഞാല്‍ മതി എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിനിഷ്ഠമായ തീര്‍പ്പായി മാറുന്നു. സിംഗിള്‍ ബെഞ്ചിന് ഫയല്‍ നോക്കി ബോധ്യപ്പെട്ട കാരണം ഡിവിഷന്‍ ബെഞ്ചിന് ബോധ്യപ്പെടാതെയിരുന്ന സന്ദര്‍ഭങ്ങളുണ്ട്. സിംഗിള്‍ ബെഞ്ചിന് കണ്ടെത്താന്‍ കഴിയാതിരുന്ന കാരണം ഫയലില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയ ചരിത്രം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉണ്ടായിട്ടുണ്ട്. ഇതിനര്‍ഥം വ്യക്തിനിഷ്ഠമായ തീര്‍പ്പുകള്‍ കൊണ്ട് മൗലികാവകാശം ലംഘിക്കപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ അത് അനീതിയ്ക്ക് വഴിവെയ്ക്കുമെന്നാണ്. വ്യക്തിനിഷ്ഠമായ തീര്‍പ്പുകള്‍ക്കപ്പുറം നീതിയുക്തവും ന്യായയുക്തവും യുക്തിസഹവുമായ കാരണങ്ങള്‍ പറഞ്ഞായിരിക്കണം ശിക്ഷകള്‍ നടപ്പാക്കേണ്ടത്.
കഴിഞ്ഞ 10 വര്‍ഷം കേബിള്‍ ടി.വി. നെറ്റ് വര്‍ക്ക് ആക്റ്റിന് കീഴില്‍ പ്രവര്‍ത്തിച്ച ഒരു ചാനല്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയെന്ന് ഇന്ത്യയില്‍ ഏതെങ്കിലുമൊരു പൗരന്‍ പരാതിപ്പെടുകയോ ഏതെങ്കിലുമൊരു അധികാരി അത്തരമൊരു നിരീക്ഷണം നടത്തുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലെ ഒരധികാരിയ്ക്കും ഏതെങ്കിലും നിയമവ്യവസ്ഥ ലംഘിച്ചാണ് മീഡിയ വണ്‍ പ്രവര്‍ത്തിച്ചത് എന്ന പരാതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ലൈസന്‍സ് പുതുക്കാന്‍ നല്‍കുന്ന വേളയില്‍ മാത്രം ഇത്തരമൊരു ആരോപണം ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉന്നയിച്ചു എന്നതും അതപ്പടി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു എന്നതും അംഗീകരിക്കുന്നതിനുമുന്‍പ് മീഡിയ വണ്ണിനോട് വിശദീകരണം ചോദിച്ചില്ല എന്നതും അങ്ങേയറ്റം ദുരുപദിഷ്ഠവും അധികാരദുര്‍വിനിയോഗവുമായി കണക്കാക്കേണ്ടിവരും.
ഇത് ഇന്ത്യയില്‍ നിലവിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കോ മാധ്യമസ്ഥാപനങ്ങള്‍ക്കോ മാത്രം വെല്ലുവിളിയാകുന്ന സംഗതിയല്ല. ജനാധിപത്യത്തെ മൊത്തം പിന്നോട്ടടിയ്ക്കുന്ന, ജനാധിപത്യപരമായി 75 വര്‍ഷക്കാലം കൊണ്ട് നാം നേടിയെടുത്ത മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുന്ന, അതിന്റെ ശോഭ കെടുത്തുന്ന, എക്‌സിക്യൂട്ടീവിന്റെ തലപ്പത്തേയ്ക്ക് അധികാരകേന്ദ്രീകരണം നടത്തുന്ന, ഭരണഘടനയുടെ അടിസ്ഥാനതത്വമായ സെപെറേഷന്‍ ഓഫ് പവേഴ്‌സിനെ പോലും ലംഘിയ്ക്കുന്ന ഒരു വിധിന്യായമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ജനാധിപത്യത്തെപ്പറ്റി ശുഭോദര്‍ക്കമായ പ്രതീക്ഷകള്‍ സൂക്ഷിക്കുന്ന ഏതൊരു പൗരനും ആശങ്കപ്പെടേണ്ടിവരും. ഈ ആശങ്ക പരിഹരിയ്ക്കാന്‍ ജനാധിപത്യപരമായ എല്ലാ വഴികളും ഉപയോഗിയ്ക്കുകയും ഓരോ സ്ഥാപനത്തെ ഉപയോഗിച്ചും തുറവുകള്‍ ഉണ്ടാക്കി, വഴികള്‍ വെട്ടി ജനാധിപത്യ അവകാശങ്ങള്‍ നിലനിര്‍ത്തുന്ന ശ്രമങ്ങള്‍ തുടരുകയും ചെയ്യുക എന്നുള്ളതാണ് പൗരന്‍മാര്‍ക്ക് ചെയ്യാനാവുക.
* ആര്‍ട്ടിക്കിള്‍ 19(2): Nothing in sub clause (a) of clause (1) shall affect the operation of any existing law, or prevent the State from making any law, in so far as such law imposes reasonable restrictions on the exercise of the right conferred by the said sub clause in the interests of the sovereignty and integrity of India, the security of the State, friendly relations with foreign States, public order, decency or morality or in relation to contempt of court, defamation or incitement to an offence.
ഇതിനകത്ത്, സോവെര്‍നിറ്റി ആന്‍ഡ് ഇന്റഗ്രിറ്റി ഓഫ് ഇന്ത്യ, സെക്യൂരിറ്റി ഓഫ് ദി സ്റ്റേറ്റ്, പബ്ലിക് ഓര്‍ഡര്‍ ഡീസന്‍സി ഓര്‍ മൊറാലിറ്റി, ഡിഫമേഷന്‍, കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട്, ഇന്‍സൈറ്റ്‌മെൻറ് ടു ആന്‍ ഒഫെന്‍സ് എന്നിവയിന്‍ മേല്‍ നിയമം ഉണ്ടാക്കുന്നതിനാണ് തടസ്സമില്ലാത്തത്. അല്ലാതെ നിലവിലുള്ള നിയമത്തിനകത്ത് ഇങ്ങനെയുള്ള സംഗതികള്‍ വ്യാഖ്യാനിക്കാന്‍ എക്‌സിക്യൂട്ടീവിന് അധികാരമില്ല. ആര്‍ട്ടിക്കിള്‍ 19 (2) അനുശാസിക്കുന്ന നിയന്ത്രണങ്ങള്‍ മാത്രമെ സ്റ്റേറ്റിന് വരുത്താന്‍ പറ്റൂ.
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
Think
Nov 24, 2022
6 Minutes Read
പ്രമോദ് രാമൻ
Nov 07, 2022
6 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jul 24, 2022
4 Minutes Read
വി.എ. അബ്ദദുൽ അസിസ്
11 Feb 2022, 06:28 PM
വസ്തു നിഷ്ടമായ വിലയിരുത്തൽ... തികച്ചും അന്യായ വിധിയാണ് മാധ്യമ സ്വാതന്ത്രത്തിന് ഉണ്ടായത്.