365 ദിവസങ്ങൾ, 360 ഡിഗ്രിയിൽ

ട്രൂ​കോപ്പി തിങ്കിന് ഒരുവർഷം പൂർത്തിയാവുന്ന സന്ദർഭത്തിൽ സി.ഇ.ഒയും മാനേജിംഗ് എഡിറ്ററുമായ കമൽറാം സജീവ് എഴുതുന്നു.

ട്രൂ കോപ്പി തിങ്ക്, ഒരു വർഷം മുമ്പ് തുടങ്ങുമ്പോൾ അതിന് മലയാളത്തിൽ പൂർവമാതൃകയില്ലായിരുന്നു. പുതിയ കാലത്തെ ജേണലിസത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എത്തിക്​സിനെ ഒരു ബദൽധാരയിൽ മാത്രമല്ലാതെ, മുഖ്യധാരയിൽ തന്നെ സ്ഥാപിക്കാനായിരുന്നു ശ്രമം.

കോവിഡിനെതുടർന്നുള്ള ലോക്ക്ഡൗൺ കാലത്തായിരുന്നു തുടക്കം. നമ്മുടെ തലമുറയും നമ്മുടെ കാലവും ഇതുവരെയും നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിഘട്ടം. മലയാളത്തെ ഒരു ആഗോള മലയാളി റീഡർ ക്ലാസിലേക്ക് തുറന്നുവെക്കാൻ അനുയോജ്യമായ സന്ദർഭമായിരുന്നു ഇത് എന്ന്, ട്രൂ കോപ്പിയുടെ ലോക്ക്ഡൗൺ ദിനങ്ങൾ തെളിയിച്ചു. പക്ഷേ ലോകം മുഴുവൻ അടഞ്ഞുകിടക്കുമ്പോൾ തുടങ്ങിയ ഒരു മാധ്യമ സ്ഥാപനത്തിന് പ്രവർത്തന സാഹചര്യം ഒട്ടും അനുകൂലമായിരുന്നില്ല.

പുതിയ തലമുറയുടെ ഗൗരവകരമായ വായന ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നു എന്നതിന്റെ സൂചനയായിരുന്നു ട്രൂ കോപ്പിയുടെ ദീർഘമായ ടെക്സ്റ്റുകൾക്കും വീഡിയോകൾക്കും പോഡ്കാസ്റ്റുകൾക്കും ലഭിച്ച പ്രതികരണം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വായനയുടേയും കാഴ്ചയുടേയും ഒരു ക്വാണ്ടം ജംപ് സാധ്യമായി, ട്രൂ കോപ്പിയിലൂടെ.

ഈ കണ്ടന്റിന്റെ വായനക്കാരും കാഴ്ചക്കാരും കേൾവിക്കാരും ഒരു പുതിയ ക്ലാസിൽ പെട്ടവരുമായിരുന്നു; വായനയുടെ നിലവാരത്തിൽ ഒരുതരം വിട്ടുവീഴ്ചയും പുലർത്താത്തവർ, എല്ലാവിധ യാഥാസ്ഥികതകളെയും കുടഞ്ഞെറിഞ്ഞവർ. ഇന്ത്യയിലെയും ഇന്ത്യക്കുപുറത്ത് യു.എസ്, യു.കെ, ആസ്ത്രേലിയ, ഗൾഫ് രാജ്യങ്ങളിലെയും വായനക്കാരുടെയും പ്രേക്ഷകരുടെയും വലിയൊരു ഓഡിയൻസ് ട്രൂ കോപ്പിക്ക് സാധ്യമാക്കാൻ കഴിഞ്ഞു.

മറ്റൊരു പ്രധാന കാര്യം, കൃത്യമായ രാഷ്ട്രീയ പക്ഷമുള്ള എഴുത്തുകാരുടെ സാന്നിധ്യമാണ്. സ്ത്രീ എഴുത്തുകാരാണ് അവരിലേറെയും. ഒപ്പം, ഇന്ത്യക്കുപുറത്ത് ജീവിക്കുന്ന മലയാളി എഴുത്തുകാരുടെ പുതിയ തലമുറ, ഇതുവരെ ആവിഷ്‌കരിക്കപ്പെടാത്ത സ്വന്തം അനുഭവലോകം വായനക്കാരുടെ മുന്നിൽ തുറന്നുവെച്ചു. ഇത്തരം വായനക്കാരുടെയും എഴുത്തുകാരുടെയും ഇടപെടലിലൂടെയാണ് ട്രൂ കോപ്പിയുടെ വൈവിധ്യമാർന്ന കണ്ടന്റ് തീരുമാനിക്കപ്പെട്ടത്.

കോവിഡുമായി ബന്ധപ്പെട്ട, മെഡിക്കൽ സയൻസിന്റെ ശാസ്ത്ര- രാഷ്ട്രീയ- സാമൂഹികശാസ്ത്ര വിശലകനങ്ങൾ സമഗ്രമായി തന്നെ ട്രൂ കോപ്പിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു. കോവിഡാനന്തരം രൂപപ്പെടാനിരിക്കുന്ന ഭാവി ലോകത്തിന്റെ പ്രതിസന്ധികൾ, ആഗോള തലത്തിലെ പ്രമുഖ മെഡിക്കൽ സയൻസ് വിദഗ്ധർ ട്രൂ കോപ്പിയിലൂടെ പങ്കുവെച്ചു.

കേരളത്തിലെ ഓൺലൈൻ വിദ്യാഭ്യാസമാണ് ട്രൂ കോപ്പി ഏറ്റെടുത്ത മറ്റൊരു വിഷയം. പൊതുവിദ്യാഭ്യാസത്തിന്റെ ആഘോഷിക്കപ്പെടുന്ന കുതിപ്പിനിടയ്ക്കും അടിസ്ഥാനവർഗക്കാരായ വിദ്യാർഥി സമൂഹം അഭിമുഖീകരിച്ച ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്നം ട്രൂ കോപ്പി ചർച്ചക്കു വെച്ചു.

മാധ്യമ വിശ്വാസ്യത പൊതുസമൂഹത്തിന്റെ കടുത്ത ആക്രമണത്തിന് വിധേയമായപ്പോൾ, ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ സ്വയം വിമർശനപരമായ വീണ്ടുവിചാരങ്ങൾ ട്രൂ കോപ്പിയിലൂടെ പങ്കിട്ടു. നമ്മുടെ പൊതുസമൂഹത്തിലെയും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെയും സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും സ്ത്രീകൾ തന്നെ ചർച്ച ചെയ്തു. കവിതയിലെയും കഥയിലെയും നോവലിലെയും ഏറ്റവും പുതിയ തലമുറ സ്വന്തം ആവിഷ്‌കാര മാധ്യമമായി ട്രൂ കോപ്പിയെ തെരഞ്ഞെടുക്കുന്നു. കലയിലെയും സംസ്‌കാരത്തിലെയും പ്രതിധാരാ ഭാവുകത്വത്തിന്റെ അരങ്ങായി ട്രൂ കോപ്പി അംഗീകരിക്കപ്പെടുന്നു.

സമൂഹത്തിലെ വ്യത്യസ്തമാർന്ന പ്രതിനിധാനങ്ങൾ അവരുടെ സ്വത്വപരവും സാമ്പത്തികവും സാമൂഹികവും വർഗപരവുമായ അതിജീവനപ്രശ്നങ്ങൾ ട്രൂ കോപ്പിയിലൂടെ തുറന്നു പറഞ്ഞു. കഴിഞ്ഞ ഒരു വർഷം ആഗോളതലത്തിൽ തന്നെ ദൈനംദിന ജീവിതവും പൗരസമൂഹവും നേരിട്ട വിഷയങ്ങളെല്ലാം ട്രൂ കോപ്പിയുടെ കൂടി ആശങ്കകളും പ്രതീക്ഷകളുമായി മാറി.

ടെക്സ്റ്റ്, വീഡിയോ, ഓഡിയോ തുടങ്ങിയ മൾട്ടിമീഡിയ പ്ലാറ്റ്ഫോമിന്റെ ഏറ്റവും നൂതനമായ സങ്കേതങ്ങൾ ക്രിയാത്മകമായി അവതരിപ്പിക്കപ്പെട്ടു. നിലപാടും നവീന സാങ്കേതിക വിദ്യയും ഒരുമിക്കുന്ന പുതിയൊരു പ്ലാറ്റ്ഫോമിനായിരുന്നു ട്രൂ കോപ്പിയുടെ ശ്രമം. വെബ്സീൻ എന്ന മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ മാഗസിനിലൂടെ ട്രൂ കോപ്പി ആ യാത്ര തുടരുകയാണ്. വെറും 20 ആഴ്ചകൾ കൊണ്ട്, 20 പാക്കറ്റുകളിലൂടെ വെബ്സീൻ ഇന്ത്യൻ മാധ്യമലോകത്തുതന്നെ മലയാളത്തിന്റെ ഏറ്റവും പുതിയ മാധ്യമത്തിന്റെ അടയാളമായിക്കഴിഞ്ഞു.

ഒരുതരത്തിലുമുള്ള കാണാച്ചരടുകളും നിക്ഷിപ്ത താൽപര്യങ്ങളും നിയന്ത്രിക്കാനില്ലാത്ത, ജേണലിസത്തിന്റെ സ്വതന്ത്രമായ ആവിഷ്‌കാരം ഉറപ്പുവരുത്തുന്ന ഒരു എഡിറ്റോറിയൽ നയത്തിന്റെയും ഒരു എഡിറ്റോറിയൽ ടീമിന്റെയും സൃഷ്ടിയാണ് ട്രൂ കോപ്പി തിങ്ക് പോർട്ടലും ട്രൂ കോപ്പി വെബ്സീനും.
ഇന്ത്യൻ മാധ്യമലോകത്തിലെ സവിശേഷമായ ഒരു ബ്രേക്കിങ് ഘട്ടമായി ട്രൂ കോപ്പിയെ വിപുലപ്പെടുത്താനാണ് ശ്രമം. കഴിഞ്ഞ ഒരു വർഷത്തെ അനുഭവങ്ങൾ അതിനുള്ള ഇന്ധനമായി മാറിയിട്ടുണ്ട്.

പ്രിൻറ്​ മാധ്യമങ്ങളുടെ അപ്രമാദിത്തം ഇല്ലാതാകുകയും അവിടേക്ക് ഡിജിറ്റൽ മാധ്യമങ്ങൾ കടന്നുവരികയും ചെയ്യുന്ന ഒരു കാലം കൂടിയായിരുന്നു ഇത്. ഉടമസ്ഥതയുടെയും മൂലധനത്തിന്റെയും കുത്തകയും ഉള്ളടക്കത്തിലെ യാഥാസ്ഥിതികതയും വായനക്കാരിൽനിന്നുള്ള അന്യവൽക്കരണവും ഒരു പരിധിവരെ ഇല്ലാതായി. ജനാധിപത്യപരവും ബഹുസ്വരവുമായ ഒരു മീഡിയ സ്പെയ്സ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ രൂപപ്പെട്ടു. എന്നാൽ, ഇത്തരം ഇടങ്ങളും മലയാളിയെ സംബന്ധിച്ച് അപ്രാപ്യമായിരുന്നു. കാരണം, രാഷ്ട്രീയ നിലപാടുള്ള ഒരു എഡിറ്റർ കൂട്ടുകെട്ടിന്റെ അഭാവം, പുതിയ ഉള്ളടക്കങ്ങളെ അരാഷ്ട്രീയതയിലേക്കും വലതുപക്ഷത്തേക്കും പരിമിതപ്പെടുത്തി. ഈ ഹൈജാക്കിങ്ങിൽനിന്ന് ഡിജിറ്റൽ മീഡിയയുടെ മാത്രമല്ല, ജേണലിസത്തിന്റെ തന്നെ പുരോഗമനപരമായ വീണ്ടെടുപ്പായിരുന്നു ട്രൂ കോപ്പിയുടെ തുടക്കകാലത്തുണ്ടായിരുന്ന വെല്ലുവിളി. ഇതിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനായി എന്നതുതന്നെയാണ് ട്രൂ കോപ്പിയുടെ ഭാവിയെക്കുറിച്ചും അത്രമേൽ നിശ്ചയദാർഢ്യത്തോടെ സംസാരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.


Summary: ട്രൂ​കോപ്പി തിങ്കിന് ഒരുവർഷം പൂർത്തിയാവുന്ന സന്ദർഭത്തിൽ സി.ഇ.ഒയും മാനേജിംഗ് എഡിറ്ററുമായ കമൽറാം സജീവ് എഴുതുന്നു.


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments