സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സൈബർ ലോകമാണ് ഫേസ്ബുക്ക്. ലോകത്താകെയും 2.6 ബില്യണിലധികം പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഫേസ്ബുക്കിന്. അതിൽ തന്നെ ഇതര രാഷ്ട്രങ്ങളെ അപേക്ഷിച്ച്, ഏറ്റവും ഉയർന്ന തോതിൽ ഉപഭോക്താക്കൾ ഇന്ത്യയിലാണ്.
ഇന്ത്യയിൽ ഫേസ്ബുക്കിന് ഒരു മുഖ്യധാര ജനകീയ മാധ്യമത്തിന്റെ പരിവേഷമാണുള്ളത്. അതിനാൽ തന്നെ ഫേസ്ബുക്കിലൂടെയുള്ള വാർത്താ വിനിമയ സാധ്യതക്ക് ഇന്ത്യയിൽ വലിയ പ്രാധാന്യമുണ്ട്. ഉപഭോക്താക്കളുടെ ഇടപെടലുകൾക്ക് കൃത്യമായ അതിർവരമ്പ് നിശ്ചയിക്കുകയും അത് ലംഘിക്കുന്നവരെ നിഷ്‌ക്കരുണം നീക്കുകയും അടക്കമുള്ള നടപടിയാണ് ഏതൊരു സമൂഹമാധ്യമവും എന്ന പോലെ ഫേസ്ബുക്കും പിന്തുടരുന്നത്.
സമൂഹ നന്മക്ക് നിരക്കാത്ത വാദങ്ങൾ ഉയർത്തുന്നവരെ ബഹിഷ്‌കരിക്കുന്നതിൽ ഫേസ്ബുക്കിന് നിർബന്ധ ബുദ്ധിയുള്ളതായി കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്ന് വായിച്ചെടുക്കാം. എന്നാൽ സമ്പൂർണ നിഷ്പക്ഷ മനോഭാവത്തിൽ നിന്ന് ഭരണപക്ഷ മനോഭാവത്തിലേക്ക് നടന്നടുക്കുന്ന ഫേസ്ബുക്കിനെയാണ് ഇപ്പോൾ ഇന്ത്യയിൽ കണ്ടെത്താനാവുക.
സമീപകാലത്ത്, സംഘപരിവാർ ദുർവൃത്തികളോട് കണ്ണടച്ച് മൗന പിന്തുണ നൽകിയെന്ന വസ്തുതയാണ് ഫേസ്ബുക്കിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇന്ത്യയിൽ ഫേസ്ബുക്ക് നേടിയെടുത്ത പ്രതിഛായയും ജനസമ്മതിയും വിശ്വാസ്യതയും തകരാനിടയാക്കിയ ഒരു കാരണമിതാണ്.
സമൂഹ സുസ്ഥിതിയുടെ അടിസ്ഥാന ശിലകളിൽ പ്രധാനപ്പെട്ടതാണ് മാധ്യമങ്ങളുടെ വിശേഷിച്ചും സമൂഹ മാധ്യമങ്ങളുടെ സ്വാധീനം. ഏതൊരു വാർത്തയെയും (വ്യാജമാകട്ടെ/ നിർവ്യാജമാകട്ടെ) അതിവേഗം സാമൂഹികവൽക്കരിക്കാൻ ഇത്തരം ആഗോള നെറ്റ് വർക്ക് ശൃംഖലകൾക്ക് എളുപ്പം സാധിക്കും. സമൂഹത്തിന്റെ ചിന്താധാരയെ ഏകീകരിക്കുവാനും സർവ്വതല വൈജ്ഞാനിക വിഭവ ശേഖരണത്തിനും ചിലപ്പോൾ ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലത്തെ വരെ സ്വാധീനിക്കുവാനും സൈബർ സാമ്രാജ്യങ്ങൾക്ക് ശേഷിയുണ്ട്.
ഫേസ്ബുക്ക് കമ്പനി തന്നെ സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകളെ രാഷ്ടീയ അട്ടിമറിക്ക് ദുരുപയോഗം ചെയ്ത സംഭവങ്ങൾ അമേരിക്കയിലും ബ്രെക്‌സിറ്റിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിദ്വേഷ രാഷ്ട്രീയത്തോളുള്ള ഫേസ്ബുക്കിന്റെ മൃദുസമീപനം നേരത്തെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ടങ്കിലും അന്നതിന് വേണ്ടത്ര പൊതു ശ്രദ്ധ ആകർഷിക്കാനായില്ല.
ബി.ജെ.പിയെ പിണക്കിയാൽ കമ്പനിക്കുണ്ടായേക്കാവുന്ന പ്രത്യാഘാതം ഭയന്ന് ഫേസ്ബുക്ക് സംഘപരിവാർ നയങ്ങളെ ശിരസ്സാവഹിക്കുകയാണെന്ന് കാണിച്ച് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഫേസ്ബുക്ക് രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകളിൽ കനൽ കോരിയിടുന്നത്. ഇന്ത്യയിൽ ബി.ജെപിക്ക് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുന്നതിന് പലപ്പോഴായി ഫേസ്ബുക്ക് വേദിയായെന്നാണ് ഫേസ്ബുക്കിന്റെ തന്നെ ഇന്ത്യയിലെ ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിനിടയിൽ ഫേസ്ബുക്ക് മേധാവി മാർക് സുക്കർബർഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്യുന്ന ചിത്രം മാധ്യമങ്ങളിൽ വൈറലായതോടെ ആരോപണങ്ങൾക്ക് അൽപം കൂടി വ്യക്തത ലഭിച്ചു.
ഇന്ത്യൻ ദേശീയ മാധ്യമങ്ങളെ സമർത്ഥമായി വരുതിയിലാക്കിയ സംഘപരിവാറിന് ഫേസ്ബുക്കിനെയും വിലക്കെടുക്കാൻ കഴിഞ്ഞങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. പക്ഷേ, ബി.ജെ.പി നേതാക്കളുടെ വിഷലിപ്ത പ്രസ്താവനകൾക്ക് സുക്കർബർഗിന്റെ അംഗീകാരം കൂടി കിട്ടുമ്പോൾ നിഷ്പ്രഭമായി പോകുന്ന ജനാധിപത്യത്തിന്റെ തകർച്ച നാം തിരിച്ചറിയേണ്ടതുണ്ട്.
ഫേസ്ബുക്കിൽ മുസ്ലിം വിരുദ്ധത ശർദ്ദിക്കുന്ന ബി.ജെ.പി നേതാക്കളിൽ പ്രമുഖരായ ആനന്ദ് കുമാർ ഹെഡ്ജി, തെലങ്കാനയിലെ ഏക ബി.ജെ.പി എം.പിയായ ടി.രാജ സിംഗ്, കപിൽ മിശ്ര തുടങ്ങിയവർക്കെതിരെ ഫേസ്ബുക്ക് അച്ചടക്ക ലംഘനത്തിനുള്ള നടപടികൾ കൈക്കൊള്ളുവാനോ പോസ്റ്റ് നീക്കം ചെയ്ത് അക്കൗണ്ട് സസ്‌പെന്റ് ചെയ്യാനോ മുതിരുന്നില്ലെന്ന് വാൾസ്ട്രീറ്റ് ജേണൽ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നു.
വിദ്വേഷ ഭാഷണങ്ങൾക്കും വ്യാജ വാർത്തകൾക്കും ഔദ്യോഗികമായി ഇടം നിഷേധിക്കുന്ന ഫേസ്ബുക്ക് ബി.ജെ.പി നേതാക്കളുടെ പ്രകോപന പ്രസ്താവനകൾക്കെതിരെയും വ്യാജ വാർത്തകൾക്ക് നേരെയും നിശബ്ദമാവുകയാണ് പതിവ്. അഭയാർത്ഥികളായ റോഹിംഗ്യൻ മുസ്ലിംകളെ വെടിവെച്ചു കൊല്ലണമെന്ന് ഫേസ്ബുക്കിൽ പ്രഖ്യാപിച്ചത് ടി.രാജാസിംഗ് ആയിരുന്നു. മുസ്ലിം പള്ളികൾ തകർക്കുമെന്നും ബീഫ് കഴിക്കുന്നവരെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നും രാജാസിംഗ് ഭീഷണി മുഴക്കിയിരുന്നു. ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ഫേസ്ബുക്കിന്റെ ബ്ലാക്ക് ലിസ്റ്റിൽ
ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ കമ്പനി ഉദ്യോഗസ്ഥർ നിരന്തരം ഉന്നയിച്ചപ്പോഴെല്ലാം ഇന്ത്യൻ ഫേസ്ബുക്ക് പബ്ലിക് പോളിസി എക്‌സിക്യുട്ടീവായ അൻഖി.ദാസ് അതിനെ നിശിതമായി വിലക്കിയത്രെ.! ഫേസ്ബുക്ക് ലൈവിൽ വന്ന് "മുസ്ലിംകളെ അക്രമിക്കൂ..' എന്ന് ആക്രോശിച്ച കപിൽ മിശ്രയെ നമ്മൾ മറന്നിട്ടില്ല. അനേകം നിരപരാധികൾ കൊല്ലപ്പെട്ട വലിയൊരു വർഗ്ഗീയ കലാപത്തിലേക്കായിരുന്നു ആ വാക്കുകൾ കൊണ്ടെത്തിച്ചത്.
ഫേസ്ബുക്കിൽ തുടരുന്നതിന് നിയമപ്രകാരം അയോഗ്യനാവേണ്ട കപിൽ മിശ്രക്കെതിരെ എന്തുകൊണ്ടാണ് ഒരു സസ്‌പെൻഡ് വാണിംഗ് പോലും നൽകാൻ കമ്പനി തയ്യാറാകാത്തത്. രാജ്യത്തെ ശിഥിലമാക്കുന്നതിന് കപട രാജ്യസ്‌നേഹം പേറി നടക്കുന്ന മുസ്ലിംകൾ മനപ്പൂർവം കോവിഡ് പടർത്താൻ ശ്രമിക്കുകയാണന്ന നുണ പ്രചാരണം ഫേസ്ബുക്കിൽ ഒഴുക്കി വിട്ടത് ബി.ജെ.പി പാർലമെന്റ് അംഗമായ ആനന്ദ് കുമാർ ഹെഗ്ജിയാണ്. ഇന്നും ദുഷ്പ്രചാരണം കൊണ്ട് ഫേസ്ബുക്കിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ് ഹെഡ്ജി എന്നത് അമ്പരപ്പുളവാക്കുന്ന സത്യമാണ്.
സമൂഹത്തിന്റെ ശരിയായ വഴിയിലൂടെയുള്ള സൗഹാർദ്ദപരവും മാനസികപരവുമായ വികാസം ലക്ഷ്യമിടുന്ന, നിഷ്പക്ഷ സ്വഭാവം പുലർത്തേണ്ട ഒരു സമൂഹമാധ്യമം ഫാസിസത്തിന്റെ അപ്രീതി ഭയന്ന് ഇന്ത്യയിൽ മത-സാമൂഹിക സ്പർധ വളർത്താൻ കൂട്ടുനിൽക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. അതിന്റെ മുറിപ്പാടുകൾ സമൂഹത്തിലുണ്ടാക്കാവുന്ന പ്രതിഫലനങ്ങൾ എത്രത്തോളമായിരിക്കും.?
വികസ്വര രാജ്യങ്ങളിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നതിനുള്ള ഫേസ്ബുക്കിന്റെ അകമഴിഞ്ഞ പങ്കാളിത്തം ചൂണ്ടിക്കാണിച്ച കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തിനു ശേഷം കമ്പനിക്ക് നേരെ ഉയർന്നു വരുന്ന വലിയ ചോദ്യമാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. ഫേസ്ബുക്കിന്റെ നിസ്സംഗത കേവലം ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകളിൽ മാത്രമൊതുങ്ങന്നതല്ല.
വർഗ്ഗീയ ലഹളകളിലേക്ക് പ്രേരിപ്പിക്കുന്ന വ്യാജവാർത്തകൾ മെനയുവാനും പ്രചരിപ്പിക്കുവാനും സംഘപരിവാറിന്റെ ആയിരക്കണക്കിന് പേജുകൾക്കും ഗ്രൂപ്പുകൾക്കും ഫേസ്ബുക്കിന്റെ നിയമാവലികൾ ബാധകമല്ല. ഡൽഹി കലാപം സംഘടിതമായി ആസൂത്രണം ചെയ്യപ്പെട്ടത് ഫേസ്ബുക്കിന്റെ സഹോദര മാധ്യമമായ വാട്‌സ് ആപ്പിലൂടെയായിരുന്നു.
വിദ്വേഷ പ്രചാരണം ദൂരവ്യാപകമാക്കുവാൻ ബി.ജെ.പി യുടെ ആസ്ഥാനമായ ദീൻ ദയാലുവിൽ ഒരു മുഴുനില കെട്ടിടമാണ് ഐ.ടി സെൽ എന്ന പേരിൽ പ്രവർത്തിക്കുന്നത്. സാങ്കേതിക സംവിധാനങ്ങളെ ദുരുപയോഗിച്ച് കൊണ്ടുള്ള സംഘത്തിന്റെ നീക്കങ്ങളെ സാങ്കേതിക വിദഗ്ധരും മാസ് കമ്യൂണിക്കേഷൻ ഗവേഷകരും സൂചിപ്പിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ബി.ജെ.പി വിജയം കൈവരിച്ച കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പിലും ഫേസ്ബുക്കും അതിന്റെ സഹോദര മാധ്യമമായ വാട്‌സ്ആപ്പും നടത്തിയ അട്ടിമറികളെ വിശകലനം ചെയ്യുന്ന "The real face of Facebook in India' എന്ന പുസ്തകം ഉയർത്തിപ്പിടിച്ച് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയൻ രാജ്യസഭയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച പ്രമേയം വലിയ വാർത്തയായിരുന്നു. ഒരു സമൂഹമാധ്യമം വ്യവസ്ഥാപിതമായ ഒരു പ്രത്യയശാസ്ത്രത്തെ എങ്ങനെ ജനകീയമാക്കുന്നു എന്നാണ് പുസ്തകം കണ്ടെത്താൻ ശ്രമിച്ചത്. മാധ്യമ പ്രവർത്തകരായ സിറിൽ സാമും പരൻ ജോയ് ഗുഹാ താക്കൂർത്തയും സംയുക്തമായി രചന നിർവ്വഹിച്ച പുസ്തകം ഇന്ത്യയിലെ ത്രീവ്ര വലതു പക്ഷത്തിന്റെ പ്രചാരകാരായി മാറുന്ന ഫേസ്ബുക്കിന്റെ യഥാർത്ഥ മുഖത്തെയാണ് അനാവരണം ചെയ്തത്.
മുതിർന്ന ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ പലപ്പോഴും ട്രെന്റിംഗ് പട്ടികയിൽ ഇടം പിടിക്കാറില്ല. അത്തരം വാർത്തകളെ മനപ്പൂർവം ഊതിക്കെടുത്തുകയും ബദൽ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഫേസ്ബുക്ക് അധീനതയിലുള്ള മാധ്യമങ്ങളിൽ സംഭവിക്കാറുള്ളത്. റാഫേൽ യുദ്ധവിമാനക്കരാറിലെ അഴിമതി, അമിഷ് ഷായുടെ മകനെ ചൊല്ലിയുള്ള ആരോപണങ്ങൾ, പൗരത്വ സമരങ്ങൾക്ക് ആഹ്വാനം നൽകിയവരെ അനിധികൃതമായി തുറുങ്കിലടക്കൽ തുടങ്ങിയവ ഇത്തരത്തിൽ ഫേസ്ബുക്കിൽ നിറം കെട്ടുപോകുന്ന യാഥാർത്ഥ്യങ്ങൾക്കുൾക്കുദാഹരണമാണ്.
നവമാധ്യമങ്ങൾ വരക്കുന്ന രാഷ്ട്രീയ രേഖ
അന്താരാഷ്ട്ര ടെക് ഭീമന്മാർ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ നിർണ്ണയിക്കുന്നതെങ്ങനെ എന്ന ഗഹനമായ പഠനത്തിന് ആധാരമായത് ജനാധിപത്യ നേതാക്കളെ പിൻതള്ളി ഡൊണാൾഡ് ട്രംപ് യാദൃശ്ചിക വിജയം കൈവരിച്ച യു.എസ് പൊതു തെരഞ്ഞെടുപ്പിലെ അസാധ്യതയെ ചൊല്ലിയുള്ള എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളാണ്.
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമാണ് സ്‌നോഡൻ.
വാഷിംഗ്ടൺ പോസ്റ്റ്, ദി ഗാർഡിയൻ എന്നീ പത്രങ്ങളിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കേംബ്രിഡ്ജ് അനലറ്റിക്ക എന്ന ടെക് കമ്പനി ട്രംപിനെ ബഹു ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കുന്നതിന് എപ്രകാരം വഴിയൊരുക്കി എന്ന് സ്‌നോഡൻ സമർത്ഥിച്ചത്. പരാജയ സാധ്യതകൾ ഏറെയുണ്ടായിരുന്ന, മാനവിക, രാഷ്ട്രീയ തത്വങ്ങളോട് ഒരിക്കലും നീതി പുലർത്താത്ത ട്രംപിന്റെ വിജയം ആഗോള ജനതക്ക് ഇന്നും ഉൾകൊള്ളാവുന്നതല്ല. ഇവിടെയാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക എന്ന ബിഗ് ഡാറ്റ വിശകലന കമ്പനിയുടെ ഇടപെടൽ തിരിച്ചറിയേണ്ടത്.
തെരഞ്ഞെടുപ്പിലെ ട്രംപിന്റെ പ്രധാന പ്രതിയോഗിയായിരുന്ന ഹിലരി ക്ലിന്റനെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങളുള്ള വാർത്തകളും അദ്ദേഹത്തിനെതിരെ ജനങ്ങൾ ഏറ്റെടുക്കാവുന്ന തരത്തിലുള്ള ആരോപണങ്ങളും സൃഷ്ടിച്ച് കമ്പനി മൈക്രോ ടാർഗറ്റ് മെസേജിംഗ് വഴി ബിഗ് ഡാറ്റയിൽ നിന്നും ലഭിച്ച ഉപഭോക്തക്കളിലേക്ക് നിരന്തരം എത്തിച്ചു കൊണ്ടിരുന്നു. വ്യാജസന്ദേശങ്ങളിൽ വിശ്വസിച്ചവരുടെ വോട്ടുകൾ ഹിലരിക്ക് നഷ്ടമായി. ഹിലരി പോലുമറിയാതെ വോട്ടർമാരുടെ മനസ്സിൽ ഹിലരി നേടിയെടുത്ത പ്രതിഛായ തകർന്നടിഞ്ഞു.
ഹിലരിക്ക് നഷ്ടമായ വോട്ടുകൾ ട്രംപിന്റെ പെട്ടിയിൽ വീണില്ലെങ്കിലും പ്രതിയോഗികൾക്ക് കിട്ടിയേക്കാവുന്ന പിന്തുണയുടെ പരമാവധി ട്രംപിനുള്ളതിനേക്കാൾ താഴെ വരുത്തുന്നതിൽ കമ്പനി വിജയിച്ചിരുന്നു.
ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം ഫേസ്ബുക്കിൽ നിന്നും കടമെടുത്ത അഞ്ച് കോടി വ്യക്തിവിവരങ്ങൾ അടിസ്ഥാനമാക്കിയായിരുന്നത്രേ കേംബ്രിഡ്ജ് അനലറ്റിക തെരഞ്ഞടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്.!
ഫേസ്ബുക്കിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട് യു.എസ് കോൺഗ്രസ് മാർക് സുക്കർബർഗിനെ വിളിച്ചു വരുത്തി. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾ നേരിട്ട സുക്കർബർഗ് നന്നായി വിയർത്തു.
ഗൂഗിളും ഫേസ്ബുക്കും ഇതര മാധ്യമസൈറ്റുകളും നമ്മൾ പങ്കുവെക്കുന്ന സ്വകാര്യ വിവരങ്ങളെ വിവിധ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത് അതിന്റെ ഗുണഭോക്താക്കളായി മാറുന്നു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സസൂക്ഷ്മം അവലോകനം ചെയ്തും നിരന്തരം പിന്തുടർന്നു കൊണ്ടും എതിർകക്ഷികളുടെ വോട്ടർമാരെ തിരിച്ചറിയലാണ് ഇത്തരം കരാർ കമ്പനികളുടെ പ്രാഥമിക ദൗത്യം. പിന്നീട് അവരെ മാത്രം കേന്ദ്രീകരിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കും. ഏതെങ്കിലുമൊരു മാധ്യമ വെബ് സൈറ്റിലൂടെയോ ബഹുരാഷ്ട്ര സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ല, വാട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ സ്വകാര്യ സന്ദേശ നെറ്റ് വർക്കുകളിലൂടെയായിരിക്കും ഇത്തരം വാർത്തകൾ ഓടി നടക്കുക. ഒരു സമൂഹത്തിന്റെ മനോഘടനയെ ഒന്നടങ്കം മാറ്റിപ്പണിത് വിജയം സുനിശ്ചിതമാക്കലാണ് ലക്ഷ്യം. കേം ബ്രിഡ്ജ് അനലറ്റിക്ക വിവിധ രാഷ്ട്രങ്ങളിൽ ഇത്തരം അട്ടിമറി നടത്തിയതായി നേരത്തേ ആരോപണമുണ്ട്.
2011 മുതൽ ഇന്ത്യയിലെ ഫേസ്ബുക്ക്-ബി.ജെ.പി കൂട്ടുകെട്ട് ശക്തമാണ്. അന്ന് അതിലെ അപകടം തിരിച്ചറിയുവാനോ സോഷ്യൽ മീഡിയ പ്രചാരണം പ്രതിരോധിക്കുവാനോ പ്രതിപക്ഷത്തിനായില്ല. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ഫേസ്ബുക്ക് ഹിന്ദുത്വയുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുന്നോട്ട് വന്നത്.
2014 ലെ പൊതു തെരഞ്ഞെടുപ്പിലും പ്രാദേശിക, സംസ്ഥാന തെരഞ്ഞടുപ്പുകളിലും ബി.ജെ.പി യുടെ ആധിപത്യം ഉറപ്പിക്കുക ഫേസ്ബുക്കിന്റെ പ്രഖ്യാപിത നയമായിരുന്നു. കോർപ്പറേറ്റ് ശക്തികളും പരമോന്നത നീതിപീഠത്തിലിരുന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സേവിച്ച ന്യായാധിപന്മാരും ചേർന്ന് ബി.ജെ.പിക്ക് മുന്നിലുണ്ടായിരുന്ന നിയമപരവും സാന്നത്തികപരവുമായ മാർഗ്ഗതടസ്സങ്ങൾ നീക്കിക്കൊടുക്കുകയായിരുന്നല്ലോ.
ഇന്ന് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ ബി.ജെ.പിക്ക് മുൻ നിര സ്ഥാനമാണുള്ളത്. ഫേസ്ബുക്കിൽ പരസ്യ വിളംബരം ചെയ്യുന്നതിനുമാത്രം 4.01 കോടി വരെ ബി.ജെ.പി ചിലവഴിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നും ബി.ജെ.പി അനുകൂല കോർപ്പറേറ്റുകളിൽ നിന്നും ഫേസ്ബുക്കിന് സമാനമായ തോതിൽ പരസ്യ വിക്ഷേപണത്തിന് പണമെത്തുന്നു. കോൺഗ്രസിനു പോലും എത്തിപ്പിടിക്കാനാവാത്ത നേട്ടങ്ങൾ ബി.ജെ.പി ക്ക് അനായാസം സാധിക്കുന്നു.
ബി.ജെ.പി യുടെ രണ്ടാം വിജത്തെ EVM അട്ടിമറി എന്ന് മാത്രം വ്യാഖ്യാനിക്കുന്നത് തീർത്തും അയുക്തിയാണ്.
ഭരണഘടന സംരക്ഷിക്കുവാൻ സന്നദ്ധത കാണിക്കാത്ത നീതിന്യായ സംവിധാനത്തോട് ജനങ്ങൾ എത്ര തവണ അവിശ്വാസം പ്രകടിപ്പിച്ചാലാണ് ജനാധിപത്യം മടങ്ങിവരിക.. അതിനവർ അനുവദിക്കുമോ.