ആൾട്ട് ന്യൂസിനെതിരായ സാമ്പത്തിക ആക്രമണം; സ്വതന്ത്ര മാധ്യമങ്ങൾ കരുതിയിരിക്കേണ്ട ഒരു ഭീഷണി

‘‘മാധ്യമങ്ങൾക്കെതിരായ ഭരണകൂട ഗൂഢാലോചനകളെല്ലാം എല്ലായ്‌പ്പോഴും വിജയിക്കാറുണ്ട്. ഇതിൽ ഭാഗികമായി മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും ഒരുപോലെ പങ്കുണ്ട്. ഭരണകൂടം ഉന്നയിക്കുന്ന സാമ്പത്തിക ആരോപണങ്ങളെല്ലാം അതേപോലെ വിശ്വസിക്കുകയും റിപ്പോർട്ട് ചെയ്യുകയുമാണ് നമ്മൾ ചെയ്യുന്നത്.’’ ആൾട്ട് ന്യൂസിനെതിരായ നടപടികൾക്കുപുറകിലെ ഭരണകൂട അജണ്ടകളെക്കുറിച്ച്​ മാധ്യമപ്രവർത്തകരായ ആർ. രാജഗോപാലും ജോസി ജോസഫും.

ൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനുപിന്നാലെ ആൾട്ട് ന്യൂസിന്റെ മാതൃസംഘടനയായ പ്രാവ്ദ മീഡിയ ഫൗണ്ടേഷനും അതിന്റെ മറ്റ് ഡയറക്ടർമാർക്കുമെതിരെ കഴിഞ്ഞദിവസം ഗുജറാത്ത് അസിസ്റ്റൻറ്​ രജിസ്ട്രാർ ഓഫ് കമ്പനീസ് നോട്ടീസ് അയച്ചു. ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഡൽഹി സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടൻറുമായ ശശാങ്ക് സൗരവ് നൽകിയ പരാതിക്ക് 15 ദിവസത്തിനകം ഡോക്യുമെന്ററി തെളിവുകൾ സഹിതം അഭിപ്രായങ്ങളും വിശദീകരണങ്ങളും സമർപ്പിക്കാൻ പ്രാവ്ദ മീഡിയ ഫൗണ്ടേഷനോട് നോട്ടീസിൽ നിർദ്ദേശിക്കുന്നുണ്ട്. ഇത് പാലിക്കാത്ത പക്ഷം കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ സെക്ഷൻ 447/448/449 പ്രകാരമോ, കമ്പനീസ് ആക്ട് 2013 ന്റെ മറ്റ് പ്രസക്തമായ വകുപ്പുകൾ ഉൾപ്പെടുത്തിയോ ശിക്ഷാനടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. പരാതിക്കാരൻ തന്നെ നോട്ടീസിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചു.

എന്തുകൊണ്ട് പ്രാവ്ദ മീഡിയയെ വേട്ടയാടുന്നു?

2013 ലെ കമ്പനി ആക്ട് സെക്ഷൻ എട്ട് പ്രകാരം രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ കീഴിലാണ് ആൾട്ട് ന്യൂസ് പ്രവർത്തിക്കുന്നത്. ആൾട്ട് ന്യൂസ് വെബ്‌സൈറ്റ് വഴി ശേഖരിക്കുന്ന സംഭാവനകളും ഗ്രാന്റായി പ്രാവ്ദ മീഡിയ ഫൗണ്ടേഷന് ലഭിക്കുന്ന സാമ്പത്തിക സഹായവും ചേർന്നുള്ള കോർപ്പസിൽ നിന്നാണ് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള എല്ലാ ചെലവും നടത്തുന്നത്.

സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ വസ്തുനിഷ്​ഠതയോടെ പ്രതികരിക്കുന്ന മാധ്യമസ്ഥാപനമാണ്​ ആൾട്ട് ന്യൂസ്. ഇപ്പോൾ ആൾട്ട് ന്യൂസിനും മാതൃസംഘടനയായ പ്രാവ്ദ മീഡിയക്കും നേരേയുള്ള ഈ ആസൂത്രിത ആക്രമണത്തെ ആവിഷ്കാര- അഭിപ്രായ സ്വാതന്ത്രങ്ങളോട് ചേർത്ത് തന്നെ സംസാരിക്കേണ്ടതുണ്ട്. 2002 ലെ ഗുജറാത്ത്​ വംശഹത്യയിലെ ഇരകൾക്ക് നീതി കിട്ടാൻ മുകുൾ സിൻഹയോടൊപ്പം നിയമപോരാട്ടം നടത്തിയ, അ​ദ്ദേഹത്തിന്റെ പങ്കാളി നിർഝരി മുകുൾ സിൻഹയാണ് പ്രാവ്ദ മീഡിയ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ. ആൾട്ട് ന്യൂസ്​ സ്ഥാപകരായ പ്രതീക് മുകുൾ സിൻഹ, മുഹമ്മദ് സുബൈർ എന്നിവരാണ് പ്രാവ്ദ മീഡിയ ഫൗണ്ടേഷൻ ഡയറക്ടർമാർ. ഇവർക്കെല്ലാമെതിരെയാണ് ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നത്.

ഗുജറാത്ത്​ വംശഹത്യയിലെ ഇരകൾക്ക്​ നീതിക്കായി പോരാടിയ ആർ.ബി. ശ്രീകുമാറിന്റെയും ടീസ്ത സെതൽവാദിന്റെയും സഞ്ജീവ് ഭട്ടിന്റെയുമെല്ലാം അറസ്റ്റിനുപിന്നാലെ പ്രതിപ്പട്ടികയുടെ ശ്രേണി പൂർത്തിയാക്കാനുള്ള ഭരണകൂട അജണ്ടകളുടെ ഭാഗമായി മാത്രമേ ഈ നടപടിയേയും കാണാനാകൂകയുള്ളൂ. പ്രാവ്ദ മീഡിയക്കെതിരെ പരാതിപ്പെട്ടിരിക്കുന്ന ശശാങ്ക് സൗരവ് തന്നെ കഴിഞ്ഞ മെയ് 28ന് വസ്തുതാപരിശോധനയുടെ പേരിൽ നുണ പ്രചരിപ്പിക്കുന്ന സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ട്വീറ്റ് പങ്കുവെച്ചിരുന്നു. ‘സുബൈർ ഒരു നുണയനാണെന്നും അയാളുടെ ഹിന്ദുമതത്തോടുള്ള വിദ്വേഷമാണ് പക്ഷപാതപരമായി ആൾട്ട് ന്യൂസിലൂടെ അവതരിപ്പിക്കുന്നതെന്നു’മായിരുന്നു ശശാങ്കിന്റെ ട്വീറ്റ്.

ഫാക്ട് ചെക്കിങ്ങുകളെ പേടി

ഹിന്ദുമതത്തെ അവഹേളിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചെന്ന ആരോപണത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) എന്നിവ ചുമത്തിയാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2014 നുമുമ്പ്, ശേഷം എന്ന അടിക്കുറിപ്പോടെ ഒരു ഹോട്ടലിലെ സൈൻബോർഡ് ‘ഹണിമൂൺ ഹോട്ടൽ' എന്നതിൽ നിന്ന് ‘ഹനുമാൻ ഹോട്ടലി’ലേക്ക് മാറിയതിന്റെ ട്വീറ്റാണ് 2018 ൽ അദ്ദേഹം പങ്കുവെച്ചത്. 1985-ലെ ആക്ഷേപഹാസ്യചിത്രമായ കിസ്സി സേ നാ കെഹ്നയിലെ ഒരു രംഗത്തിലെ സ്​ക്രീൻഷോട്ടായിരുന്നു അത്.

ഹിന്ദുത്വ സംഘടനകളുടെ വർഗീയകുതന്ത്രങ്ങളെ ഫാക്ട് ചെക്കിങ്ങിലൂടെ പൊളിച്ചെഴുതുന്ന സുബൈറിനെതിരെ നേരത്തെയും നിയമനടപടികളും ആക്രമണ ഭീഷണികളുമുണ്ടായിരുന്നു. രണ്ടു വർഷത്തിനിടെ ആറോളം എഫ്.ഐ.ആറുകൾ സുബൈറിനതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വസ്തുത തന്നെ ഫാക്ട് ചെക്കിങ്ങുകളെ ഇവർ എത്രത്തോളം ഭയപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തുന്നതാണ്. ഹനുമാനെ സുബൈർ പരിഹസിച്ചെന്ന @balajikijaiin എന്ന ട്വിറ്റർ ഉപയോക്താവിന്റെ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് ഡൽഹി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. സുബൈറിന്റെ അറസ്റ്റിനുശേഷം പ്രതീക് സിൻഹക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇതേ അക്കൗണ്ടിൽ നിന്ന് ഡൽഹി പോലീസിനെ ടാഗ് ചെയ്ത് മറ്റൊരു ട്വീറ്റുമുണ്ടായിരുന്നു. ഗണപതിയെ അവഹേളിച്ച് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന പേരിൽ 2015 ലെ സിൻഹയുടെ പോസ്റ്റിനെ ഉയർത്തികാട്ടിയാണ് ഇപ്രാവശ്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

സുബൈറും പ്രതീക് സിൻഹയും വർഷങ്ങൾക്കുമുമ്പ് പങ്കുവെച്ച ട്വീറ്റുകളെ കുത്തിപ്പൊക്കാൻ മാത്രം തയ്യാറാക്കപ്പെട്ട @balajikijaiin എന്ന അക്കൗണ്ടിനു പിന്നിലെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ദി വയർ, ക്വിൻറ് പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുബൈർ അറസ്റ്റിലായതിനുപിന്നാലെ ജൂൺ 30 മുതൽ ഈ അക്കൗണ്ട് പ്രവർത്തിച്ചിട്ടില്ലെന്ന് ക്വിൻറിന്റെ അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള വികാഷ് അഹിറാണ് ഈ തന്ത്രങ്ങൾക്ക് പിന്നിലെന്നും ക്വിൻറ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വികാഷ് അഹിർ ബി. ജെ പി നേതാക്കളായ യോഗി ആദിത്യനാഥ്, ഗുജറാത്തിലെ ബി. ജെ. പി അധ്യക്ഷൻ ചന്ദ്രകാന്ത് രഘുനാഥ് പാട്ടീൽ, എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി മുസ്​ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന വികാഷ് അഹിറിനെ സംബന്ധിച്ച്​ ആൾട്ട് ന്യൂസിനെയും ഡ‍യറക്ടമാരെയും മുഖ്യധാരയിൽനിന്ന് നിഷ്കാസനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

വിദേശ ഫണ്ട് എന്ന ആരോപണത്തിനുപുറകിൽ

സുബൈറിന്റെ അറസ്റ്റിനുശേഷം നടത്തിയ അന്വേഷണത്തിൽ ആൾട്ട് ന്യൂസിന് ലഭിച്ച സംഭാവനകൾ ചോദ്യം ചെയ്യപ്പെടുകയും എഫ്.സി.ആർ.എ രജിസ്‌ട്രേഷൻ ഇല്ലാതെ ഇവർ വിദേശ ഫണ്ട്​ സ്വീകരിച്ചതായി പൊലീസ് ആരോപിക്കുകയും ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്ന് പ്രാവ്ദ മീഡിയക്ക് 2,31,933 രൂപ ലഭിച്ചതായാണ് ഡൽഹി പൊലീസ് അറിയിച്ചത്. പേയ്‌മെൻറ്​ ഗേറ്റ് വേയായ റേസർ പേയിൽ നിന്ന് ലഭിച്ച മറുപടി പ്രകാരം ഇന്ത്യക്കുപുറത്ത് ഐ.പി വിലാസമുള്ള മൊബൈൽ നമ്പറുകളിൽ നിന്നാണ് ഫണ്ട് ലഭിച്ചതെന്നും അവർ ആരോപിച്ചിരുന്നു. ബാങ്കോക്ക്, ആസ്‌ട്രേലിയ, മനാമ, നോർത്ത് ഹോളണ്ട്, സിംഗപ്പൂർ, ന്യൂയോർക്ക്, ഇംഗ്ലണ്ട്, റിയാദ്, ഷാർജ, സ്റ്റോക്ക്‌ഹോം, അബുദാബി, വാഷിംഗ്ടൺ, കൻസാസ്, ന്യൂജേഴ്‌സി, ഒന്റാറിയോ, കാലിഫോർണിയ, ടെക്‌സസ്, ലോവർ സാക്‌സോണി, ബേൺ, ദുബായ്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽനിന്ന്​ വിവിധ ഇടപാടുകൾ നടന്നതായി പൊലീസ് പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടാതെ, സമൂഹമാധ്യമങ്ങൾ വിശകലനം ചെയ്തതിലൂടെ അറസ്റ്റിലായശേഷം അദ്ദേഹത്തെ പിന്തുണച്ച് ട്വീറ്റ് ചെയതതെല്ലാം യു.എ.ഇ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ മിഡിലീസ്​റ്റ്​രാജ്യങ്ങളിൽ നിന്നും പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും പ്രസ്താവനയിൽ പ്രത്യേകം പറഞ്ഞിരുന്നു. ഇതു കൂടി പരിഗണിച്ച് സുബൈറിനെതിരായ എഫ്‌.ഐ.ആറിൽ 2010ലെ വിദേശ സംഭാവന (നിയന്ത്രണം) നിയമത്തിന്റെ 35-ാം വകുപ്പു കൂടി ഡൽഹി പൊലീസ് ചേർത്തതായി ഡി.സി.പി. കെ.പി.എസ് മൽഹോത്ര അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിദേശ ഫണ്ട്​ കൈപ്പറ്റിയിരുന്ന ഒരു തീവ്രവാദിയാണ് സുബൈറെന്ന പേരിൽ അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഫൗണ്ടേഷനാണ് പ്രാവ്ദ മീഡിയ. കൂടാതെ, കമ്പനി ആക്റ്റിലെ സെക്ഷൻ എട്ട് പ്രകാരം കമ്പനിയുടെ ലാഭവിഹിതങ്ങളെല്ലാം ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കപ്പെടുന്നത്. പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആൾട്ട് ന്യൂസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ പേയ്​മെൻറ്​പ്ലാറ്റ്ഫോം വിദേശ സംഭാവന സ്വീകരിക്കാൻ അനുവദിക്കുന്നതല്ലെന്നും ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് മാത്രമാണ് തങ്ങൾക്ക് സംഭാവന ലഭിച്ചതെന്നും ആൾട്ട്​ ന്യൂസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്. ഫൗണ്ടേഷന് ലഭിക്കുന്ന എല്ലാം സംഭാവനകളും സംഘടനുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് അവരുടെ വ്യക്തിഗത അക്കൗണ്ടുകളിൽ പണം ലഭിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും ജീവനക്കാർക്ക് പ്രതിമാസ പ്രതിഫലം മാത്രമേ ഇതിൽ നിന്ന് ലഭിക്കുന്നുള്ളുവെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം ഫാക്ട് ചെക്കിംഗ്​ എന്ന തങ്ങളുടെ ഉദ്യമത്തെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ഈ ശ്രമങ്ങൾക്കെതിരെ ശക്തമായ പോരാടുമെന്നും ആൾട്ട് ന്യൂസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

വിദേശ ഫണ്ടിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ ആൾട്ട് ന്യൂസിൻറെ ഔദ്യോഗിക പ്രസ്താവന,photo; alt news,fb
വിദേശ ഫണ്ടിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ ആൾട്ട് ന്യൂസിൻറെ ഔദ്യോഗിക പ്രസ്താവന,photo; alt news,fb

മാധ്യമ സ്വാതന്ത്ര്യം എന്ന മിഥ്യ

180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്രങ്ങളെ വിലയിരുത്തുന്ന ‘റിപ്പോർട്സ് വിത്തൗട്ട് ബോർഡേഴ്സ്’ പുറത്തിറക്കിയ 2022ലെ 20ാമത്​ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് അനുസരിച്ച് 180 രാജ്യങ്ങളിൽ 150-ാം സ്ഥാനത്താണ് ഇന്ത്യ. സൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് കഴിഞ്ഞ വർഷത്തെ 142-ാം റാങ്കിൽ നിന്ന് 150-ാം സ്ഥാനത്തേക്ക് താഴുകയാണ് ചെയ്തത്. മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം ഉറപ്പുവരുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചികയിൽ റാങ്കിങ്ങ് നടക്കുന്നത്. 2016 -ൽ 133-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം പിന്നീട് തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്​. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളും മറ്റുമാണ് റാങ്കിംഗിലെ ഇടിവിന് കാരണമായി പറയുന്നത്. മാധ്യമപ്രവർത്തകർ വധഭീഷണി നേരിടുന്ന ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭയമുണ്ട്, പക്ഷെ പോരാട്ടം ശക്തമാക്കണം

ഇന്ത്യയിൽ ഇത്ര സ്വാധീനമുണ്ടാക്കിയ ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസിനെയും അതിന്റെ സ്ഥാപകരായ മുഹമ്മദ് സുബൈറിനെയും പ്രതീക് സിൻഹയെയുമെല്ലാം മുഖ്യധാരയിൽനിന്ന് നിന്ന് ഇല്ലാതാക്കേണ്ടത് മറ്റാരെക്കാളും ഭരണകൂടത്തിന്റെ ആവശ്യമാണെന്ന് മാധ്യമപ്രവർത്തകനും കോൺഫ്ലുവൻസ് മീഡിയ സ്ഥാപകനുമായ ജോസി ജോസഫ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘നരേന്ദ്രമോദിയെയും ഡോണൾഡ് ട്രംപിനെയും പോലുള്ള സ്വേച്​ഛാധിപതികൾക്ക് അനുയായികളും സ്വീകാര്യതകളും ലഭിക്കുന്ന ഈ കാലത്ത് ആൾട്ട് ന്യൂസ് പോലുള്ള വസ്തുതാ പരിശോധന മാധ്യമങ്ങൾ ഇവർക്ക് അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ട്. വസ്തുതാപരമായ വിവരങ്ങൾക്കെതിരെ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ഈ ആക്രമണമാണ് ആൾട്ട് ന്യൂസിനെതിരെയും നടക്കുന്നത്. ഏകാധിപത്യ മനോഭാവവും മാഫിയാ സ്വാഭാവവുമുള്ള ഒരു ഭരണകൂടമായി ഇന്ത്യയിലെ ഭരണകൂടം മാറിയിട്ടുണ്ട്. ഭരണഘടനക്ക് യാതൊരു വിലയും നൽകാതെ, നിയമസംവിധാനങ്ങളെ മുഴുവൻ നിയന്ത്രിച്ച്, ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങിയും സർക്കാരുകളെ വലിച്ചുതാഴെയിട്ടും മുന്നോട്ടുപോകുന്ന സർക്കാർ, കേട്ടാൽ വിഡ്ഢി​ത്തരമെന്ന് തോന്നുന്ന ആരോപണങ്ങളിലാണ് സർക്കാർ വിമർശകരെ ജയിലിലടക്കുന്നത്. അന്വേഷണ ഏജൻസികളെല്ലാം ഇവരുടെ കോമാളിമാരായി മാറിക്കഴിഞ്ഞു. ആത്മാവില്ലാത്ത ഇന്ത്യൻ മാധ്യമങ്ങളുടെ പൊള്ളത്തരം എത്രത്തോളമാണെന്ന് വെളിപ്പെടുത്തിതരാൻ മോദി സർക്കാരിന് കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതകളൊന്നുമില്ലാതെ ഭരണകൂടത്തിന്റെ സ്തുതിപാഠകരായി അവർ മാറിക്കഴിഞ്ഞു. ഈ ജീർണിച്ച മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ഇന്ത്യൻ മാധ്യമരംഗത്തിന്​ പുതിയ ചരിത്രം നിർമിച്ചെടുക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഈ വെല്ലുവിളിക്കുമുന്നിൽ മുട്ടുമടക്കാതെ, ലാഭേച്​ഛയില്ലാതെ പ്രവർത്തിക്കുന്ന ‘ട്രൂകോപ്പി’ പോലുള്ള സ്വതന്ത്ര മാധ്യമ സംരംഭങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്.''

ജോസി ജോസഫ്
ജോസി ജോസഫ്

‘‘മുഹമ്മദ് സുബൈറിനെതിരയുള്ള അറസ്റ്റ് അവസാനത്തേതല്ല. ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന മോദി സർക്കാർ ഇനിയും നിരവധി മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. കൂടുതൽ ഇരുട്ടിലേക്കാണ് നമ്മൾ പോകുന്നത്. ജനാധിപത്യത്തെ വീണ്ടെടുക്കാൻ നീണ്ട പോരാട്ടം തന്നെ വേണം. ഈ പോരാട്ടം നയിക്കാൻ ദുർബലരായ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾക്ക് സാധിക്കില്ല. പക്ഷേ സ്വതന്ത്ര മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇതേറ്റെടുക്കണം’’- ജോസി ജോസഫ് പറഞ്ഞു.

നിയമങ്ങളെ മുഴുവൻ ഭരണകൂടം കൈയ്യിലെടുക്കുന്നതും ഭരണകൂട വിമർശകരെ അടിച്ചമർത്തുന്നതും മാതൃകയായി മാറുമോ എന്ന്​ തനിക്ക്​ ഭയമുണ്ടെന്ന്ടെ ദ ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ തിങ്കിനോട് പറഞ്ഞു. ‘‘എഡിറ്റർമാരെയും പത്രപ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്ന ബി-ഗ്രേഡ് സിനിമാതന്ത്രങ്ങളേക്കാൾ എളുപ്പമാണിത്. മാധ്യമങ്ങൾക്ക് അരക്ഷിതാസ്ഥ സൃഷ്ടിക്കാൻ പരസ്യദാതാക്കളെ ഭീഷണിപ്പെടുത്തി, തങ്ങൾക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളുടെ വായയടപ്പിക്കുക എന്ന മറ്റൊരു തന്ത്രവും അവർ പ്രയോഗിക്കുന്നുണ്ട്​’’- രാജഗോപാൽ പറഞ്ഞു.

‘‘ആൾട്ട് ന്യൂസ് അടച്ചുപൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് അവർക്കെതിരെ സർക്കാർ നടപടികൾ തുടരുന്നതെന്ന് അവർ തന്നെ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് അപകടപരമായ ഒരു പാറ്റേണിനെയാണ് തുറന്നുകാണിക്കുന്നത്. നിലവിൽ ആൾട്ട് ന്യൂസിനെതിരെ ആരോപിക്കപ്പെടുന്ന സാമ്പത്തിക ആരോപണങ്ങൾ പോർട്ടലിന്റെ ഉപജീവന സ്രോതസ്സുകളെ തടയാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഞാൻ കരുതുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ആൾട്ട് ന്യൂസിന്റെ സംഭാവനാദാതാക്കളുടെ വിവരങ്ങൾ പങ്കിടാൻ റേസർ പേയോട് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആൾട്ട് ന്യൂസിന്റെ സംഭാവനകളുടെ പട്ടിക പരിശോധിക്കുന്ന ഈ നടപടിയിലൂടെ ദാതാക്കളിൽ ചിലരെ ഭയപ്പെടുത്താൻ കഴിയില്ലെങ്കിലും സമാനമായ മറ്റ് പോർട്ടലുകളിലേക്ക് തുക സംഭാവന ചെയ്യുന്നതിനുമുമ്പ് ഇത്തരം നടപടികൾ തീർച്ചയായും അവരെ രണ്ടുവട്ടം ചിന്തിക്കാൻ പ്രേരിപ്പിക്കും.നിർഭാഗ്യവശാൽ ഭരണകൂടത്തിന്റെ ഇത്തരം ഗൂഢാലോചനകളെല്ലാം എല്ലായ്‌പ്പോഴും വിജയിക്കാറുണ്ട്. ഇതിൽ ഭാഗികമായി മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും ഒരു പോലെ പങ്കുണ്ട്. ഭരണകൂടം ഉന്നയിക്കുന്ന ഇത്തരം സാമ്പത്തിക ആരോപണങ്ങളെല്ലാം അതേപോലെ വിശ്വസിക്കുകയും റിപ്പോർട്ട് ചെയ്യുകയുമാണ് നമ്മൾ ചെയ്യുന്നത്. ഭരണകൂടത്തിന്റെ ഉപകരണങ്ങൾ എളുപ്പം വിശ്വസിക്കുന്നത് ഇന്ത്യൻ മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും ഡി.എൻ എയുടെ ഭാഗമായി കഴിഞ്ഞു. എന്താണ് ഇത്തരം ആരോപണങ്ങൾക്കുപിന്നിലെന്ന് മനസ്സിലാക്കാതെ ഞാനുൾപ്പടെയുള്ളവർ സിനിക്കുകളുടെ വേഷത്തിൽ അഭയം തേടുകയാണ്. മാധ്യമങ്ങളിലുള്ള സർക്കാറിന്റെ ചില ലീഡർ അവതാരകൻമാരിലൂടെ ഈ ആരോപണങ്ങൾ സംബന്ധിച്ച പ്രേക്ഷകരുടെ സംശയങ്ങളെ ബോധ്യങ്ങളാക്കി മാറ്റാൻ അവർക്ക് കഴിയുന്നു’’- അദ്ദേഹം പറയുന്നു.

ആർ. രാജഗോപാൽ
ആർ. രാജഗോപാൽ

‘‘നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ മധുരതരമായ ശബ്ദത്തിൽ ഭരണകൂടത്തിന്റെ കൊട്ടിപ്പാട്ടുകാരായി മാറിയിരിക്കുന്നു. ഞാൻ അടക്കമുള്ള മാധ്യമപ്രവർത്തകരും മുഖ്യധാരാ മാധ്യമങ്ങളും നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്ന്, ഒരു നുണ പറയുമ്പോൾ അത് തിരിച്ചറിയാൻ കഴിയാത്തതാണ്​​’’- രാജഗോപാൽ പറഞ്ഞു: ""സാമ്പത്തിക പദപ്രയോഗങ്ങളിലും മറ്റും വേണ്ടത്ര വൈദഗ്ധ്യമില്ലാത്തത് പല വിഷയങ്ങളുടെയും അമിത ലളിതവൽക്കരണത്തിന് കാരണമായിട്ടുണ്ട്. ഈ സവിശേഷ സ്ഥിയിലാണ് ആൾട്ട് ന്യൂസ് പോലുള്ള മാധ്യമങ്ങളുടെ പ്രാധാന്യം വർധിക്കുന്നത്. നുണകളെ വസ്തുതകൾകൊണ്ട് പ്രതിരോധിക്കുകയാണ് ആൾട്ട് ന്യൂസ് ചെയ്യുന്നത്. വലതുപക്ഷത്തിന്റെ നുണകൾ തകർത്ത് പീഡിപ്പിക്കപ്പെടുന്നവർക്ക് ശക്തി പകരുകയും നുണകളെ ചെറുക്കാൻ ശബ്ദമില്ലാത്തവർക്ക് പ്രതീക്ഷ നൽകുകയുമാണ് ആൾട്ട് ന്യൂസ് പോലുള്ള മാധ്യമങ്ങൾ ചെയ്യുന്നത്. ഇത് ഭരണകൂടത്തിന് ഭീഷണിയാണ്. അതുകൊണ്ടാണ് ആൾട്ട് ന്യൂസ് പോലുള്ള പോർട്ടലുകളെ ലക്ഷ്യം വെച്ച് പീഡിപ്പിക്കപ്പെടുന്നവരുടെ അവസാന പ്രതീക്ഷയും തകർക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. പക്ഷേ ഇന്ന് ആൾട്ട് ന്യൂസ് പോലുള്ള സെെറ്റുകൾക്ക് മാത്രമേ രാജാവ് നഗ്‌നനാണെന്ന് ഉറക്കെ പറയാനുള്ള കരുത്തുള്ളൂ’’- രാജഗോപാൽ പറഞ്ഞു.


Summary: ‘‘മാധ്യമങ്ങൾക്കെതിരായ ഭരണകൂട ഗൂഢാലോചനകളെല്ലാം എല്ലായ്‌പ്പോഴും വിജയിക്കാറുണ്ട്. ഇതിൽ ഭാഗികമായി മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും ഒരുപോലെ പങ്കുണ്ട്. ഭരണകൂടം ഉന്നയിക്കുന്ന സാമ്പത്തിക ആരോപണങ്ങളെല്ലാം അതേപോലെ വിശ്വസിക്കുകയും റിപ്പോർട്ട് ചെയ്യുകയുമാണ് നമ്മൾ ചെയ്യുന്നത്.’’ ആൾട്ട് ന്യൂസിനെതിരായ നടപടികൾക്കുപുറകിലെ ഭരണകൂട അജണ്ടകളെക്കുറിച്ച്​ മാധ്യമപ്രവർത്തകരായ ആർ. രാജഗോപാലും ജോസി ജോസഫും.


റിദാ നാസർ

സബ് എഡിറ്റര്‍

Comments