ആഗോള തലത്തിൽ തന്നെ പത്രങ്ങളും ടെലിവിഷനും ഉൾപ്പെടുന്ന പരമ്പരാഗത മാധ്യമങ്ങൾ (legacy media) അത്യാസന്നനിലയിലാണ്. ഇതിന് ഭൗതികവും ഭൗതികേതരവുമായ കാരണങ്ങളുണ്ട്. സാങ്കേതികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും ഭാവുകത്വപരവുമായ കാരണങ്ങൾ. ചരിത്രത്തിൽ എന്നും എന്നപോലെ ഉൽപാദന ഉപകരണങ്ങളുടെ മാറ്റം ഉൽപാദന ബന്ധങ്ങളിലും സാമ്പത്തിക ക്രമത്തിലും സാംസ്കാരിക തലത്തിലും സൃഷ്ടിക്കുന്ന വ്യതിയാനങ്ങൾ തന്നെയാണ് ഈ പുതിയ അവസ്ഥക്കും പിന്നിൽ എന്നു പറയാം.
ആദ്യം പത്രങ്ങളും തുടർന്ന് ടെലിവിഷനും ഇപ്പോൾ ന്യൂസ് വെബ്സൈറ്റുകളും കാലഹരണപ്പെടുന്നു. പുതിയ കാലത്തിന്റെ ഉൽപാദനോപകരണമായ വിവരസാങ്കേതികവിദ്യ സൃഷ്ടിച്ച സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളും- വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം, എക്സ്, ടിക് ടോക്, പോഡ്കാസ്റ്റ്- വിഡിയോ പ്ലാറ്റ് ഫോമുകളും നിർമിതബുദ്ധി ചാറ്റ് ബോക്സുകളും ഉൾപ്പെടുന്ന സമാന്തര മാധ്യമലോകമാണ് ഇന്ത്യ അടക്കം ലോകമാകെ കൂടുതൽ ജനങ്ങൾക്ക് ഇന്ന് വാർത്തയ്ക്കും വിനോദത്തിനുമുള്ള പ്രാഥമിക സ്രോതസ്സ്; പ്രത്യേകിച്ച്, ചെറുപ്പക്കാരാണ് ഈ മാറ്റത്തിന്റെ പതാകാവാഹകർ.
ലോകമാകെ മുഖ്യധാരാ മാധ്യമങ്ങൾ ചരിത്രത്തിലേറ്റവും കനത്ത വിശ്വാസ്യതാ (Trust) നഷ്ടത്തിലാണ്. യുദ്ധങ്ങൾ, സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം, കാലാവസ്ഥാമാറ്റം, പകർച്ച വ്യാധികൾ തുടങ്ങി വാർത്തകൾ ഏറ്റവുമധികമുണ്ടാകുന്ന കാലമാണ്. എന്നിട്ടും വാർത്താമാധ്യമങ്ങളോട് ആഗോള തലത്തിൽ തന്നെ വൈമുഖ്യം (News avoidance) വർധിക്കുകയാണെന്ന് പഠനങ്ങൾ. എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും നിയമവിധേയവും ആധികാരികവുമായി പ്രവർത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ അന്ത്യം ജനാധിപത്യത്തിനേൽപ്പിക്കുന്ന ആഘാതം ഇതിനകം തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്.

പുതിയ സാങ്കേതികവിദ്യയും അതിന്റെ മേൽപറഞ്ഞ ഉൽപന്നങ്ങളും മറ്റെല്ലാ മേഖലയിലും എന്ന പോലെ മാധ്യമരംഗത്തും സൃഷ്ടിച്ചിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളാണ്. കോവിഡ് ഈ സ്ഥിതി കൂടുതൽ വഷളാക്കി. അഭൂതപൂർവമായ മത്സരത്തിൽ നിലനിൽപ്പിനായുള്ള മരണവെപ്രാളമാണ് പത്രങ്ങളിലും ടി.വിയിലും ഇന്ന് കാണുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ലോകമാകെ പൂട്ടിപ്പോയ മാധ്യമസ്ഥാപനങളുടെയും ജോലി നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെയും എണ്ണം ഭീമമാണ്. പരസ്യങ്ങൾ ലെഗസി മാധ്യമങ്ങളെ വിട്ട് ഡിജിറ്റൽ ലോകത്ത് കുടിയേറുന്നു. വിപണിയെ ആകർഷിക്കാൻ ഏതു മാർഗവും സ്വീകരിക്കുകയാണ് ജീവൻ നിലനിർത്താനുള്ള വേവലാതിയിൽ ലെഗസി മീഡിയയുടെ ഏക ലക്ഷ്യം.
ഒരുതരം നിയമവും ആധികാരികതയും ബാധകമല്ലാത്ത സാമൂഹ്യമാധ്യമങ്ങളുമായി മത്സരിക്കാൻ അവയുടെ സ്വഭാവങ്ങൾ തന്നെ ലെഗസി മാധ്യമങ്ങൾ പിന്തുടരുന്നു.
ബഹുഭൂരിപക്ഷ മാധ്യമങ്ങൾക്കും മുഖ്യ ലക്ഷ്യം ലാഭവും മൂലധനവും ആയിരിക്കുമ്പോൾ സ്ഥിതി പരമാവധി വഷളാകുന്നു. ഒരുതരം നിയമവും ആധികാരികതയും ബാധകമല്ലാത്ത സാമൂഹ്യമാധ്യമങ്ങളുമായി മത്സരിക്കാൻ അവയുടെ സ്വഭാവങ്ങൾ തന്നെ ലെഗസി മാധ്യമങ്ങൾ പിന്തുടരുന്നു. അതോടെ ഈ മേഖലയിൽ പ്രാമുഖ്യം വഹിച്ചിരുന്ന മൂല്യങ്ങളും ആദർശങ്ങളും കീഴ് വഴക്കങ്ങളും കീഴ്മേൽ മറിയുന്നു. സ്വാഭാവികമായും വിപണിയിൽ ഭൂരിപക്ഷത്തിനും ആകർഷകമാകുക അവരുടെ ഏറ്റവും പ്രാകൃതവാസനകളെയും അഭിരുചികളെയും തൃപ്തിപ്പെടുത്തുന്ന ഉള്ളടക്കമാണല്ലോ. അപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിലും ക്രൈം, ഒളിഞ്ഞുനോട്ടം, ലൈംഗിക വൈകൃതം, പരദൂഷണം, മത- ജാതി- ലിംഗവിദ്വേഷം, വൈകാരിക വിഷയങ്ങൾ, അന്ധവിശ്വാസം തുടങ്ങിയവക്ക് പ്രാമുഖ്യം കൈവരുന്നു. ആധികാരികതക്കു പകരം ആഖ്യാനവും വസ്തുതക്കു പകരം വികാരവും തെളിവുകൾക്കും വിശകലനങ്ങൾക്കും പകരം ഉപരിപ്ലവതയും അരങ്ങുവാഴുന്നു.

ഏറ്റവും ആധികാരികതയുള്ള പരമ്പരാഗത മാധ്യമങ്ങളേക്കാൾ ഇന്ന് വിപണിയിൽ പ്രചാരം ഏറ്റവും സ്തോഭജനകമായ ഉള്ളടക്കം നൽകുന്ന യൂട്യൂബ് ചാനലുകൾക്കാണല്ലോ. നൈമിഷിക സംതൃപ്തിയിൽ അഭിരമിക്കുന്ന സമൂഹത്തിന് ക്ഷമയും സമയവും ആലോചനയും ആവശ്യമായ വിശദവും വിശകലനാത്മകവുമായ ഉള്ളടക്കത്തിനോട് താൽപര്യമില്ലാതായിരിക്കുന്നു. രാഷ്ട്രീയവും സാംസ്കാരികവും സാമൂഹ്യവും ശാസ്ത്രീയവും ഒക്കെയായ അരമണിക്കൂർ നീളുന്ന പരിപാടികൾ ഒരുക്കിയിരുന്ന പ്രോഗ്രാം ഡിവിഷനുകൾ എല്ലാ ചാനലുകളിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. പകരം അവതാരകരുടെ കൊച്ചുവർത്തമാന- രോഷപ്രകടന ഷോകളും “നൂറ് സെക്കൻ്റിൽ നൂറ് വാർത്ത” എന്ന എണ്ണിച്ചുട്ടപ്പങ്ങളും മതി എന്നാകുന്നു. പ്രകൃതിദുരന്തങ്ങളും മരണങ്ങളും സ്ത്രീധനക്കൊലയും ആത്മഹത്യയും പ്രതികാരവും ഒക്കെ പ്രേക്ഷകവികാരം ഊറ്റിയെടുക്കാനുള്ള കാഴ്ചപ്പണ്ടങ്ങളാകുന്നു. ഇവയുടെ പരമാവധി സാധ്യതയും ചികയാൻ പരവേശം കാട്ടുന്ന മാധ്യമപ്രവർത്തകർക്ക് ഔചിത്യബോധം കൈമോശമാകുന്നു.
നിലനിൽപ്പിന് പരസ്യത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നതും അവയുടെ മാനദണ്ഡം പ്രേക്ഷകരുടെ എണ്ണം മാത്രം അളക്കുന്ന ‘TRP റേറ്റിങ്” മാത്രവുമാകുമ്പോഴും മാധ്യമങ്ങളുടെ ലക്ഷ്യം എങ്ങനെയും മുന്നിൽ ആളെ കൂട്ടുക മാത്രമാകുന്നത് സ്വാഭാവികം.
മാറുന്ന കാറ്റിനൊപ്പം ലോകമാകെ രാഷ്ട്രീയ - സാമൂഹ്യ നേതാക്കൾ പ്രസക്തി നഷ്ടപ്പെട്ട ലെഗസി മീഡിയയെ തള്ളി സാമൂഹ്യമാധ്യമങളിൽ ചേക്കേറുന്നു. മാധ്യമ പ്രവർത്തകരെയല്ല “ഇൻഫ്ലുവൻസർ”മാരെയാണ് അവർക്കാവശ്യം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുഖ്യധാരാ മാധ്യമങ്ങളെ പൂർണമായും അവഗണിച്ച് പോഡ്കാസ്റ്റുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. മാധ്യമങ്ങളുടെ മാറ്റം സമൂഹത്തിൽ വരുന്ന പൊതുവായ മാറ്റങ്ങളിൽ നിന്ന് വേർപ്പെടുത്തി കാണുന്നത് ഉപരിപ്ലവമാകുമെന്ന് സാരം.
നിലനിൽപ്പിന് പരസ്യത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നതും അവയുടെ മാനദണ്ഡം പ്രേക്ഷകരുടെ എണ്ണം മാത്രം അളക്കുന്ന ‘TRP റേറ്റിങ്” മാത്രവുമാകുമ്പോഴും മാധ്യമങ്ങളുടെ ലക്ഷ്യം എങ്ങനെയും മുന്നിൽ ആളെ കൂട്ടുക മാത്രമാകുന്നത് സ്വാഭാവികം. ഗണം (എണ്ണം) ഗുണത്തെ അടിയറവ് പറയിക്കുന്നു. ഇതിന്റെ പ്രത്യക്ഷഫലം രൂപവും ഉള്ളടക്കവും തമ്മിൽ ഉടലെടുക്കുന്ന നാടകീയമായ ഒരു വൈരുദ്ധ്യമാണ്. നിർമ്മിതബുദ്ധി അടക്കം അത്യന്താധുനിക സാങ്കേതികവിദ്യ തുറക്കുന്ന അമ്പരപ്പിക്കുന്ന സാധ്യതകൾ കൊണ്ട് മാധ്യമങ്ങൾ രൂപത്തിൽ സമ്പുഷ്ടമാകുന്നു. എന്നാൽ ഈ കണ്ണഞ്ചിപ്പിക്കുന്ന രൂപത്തിനുള്ളിലാകട്ടെ, ഏറ്റവും പ്രാകൃതമായ ചോദനകളെ തൃപ്തിപ്പെടുത്താനുതകുന്ന ഉള്ളടക്കം!

സാമ്പത്തികവും സാങ്കേതികവുമായി മാറിയ പുതിയ കാലത്തിന്റെ രാഷ്ട്രീയ- സാംസ്കാരിക- ഭാവുകത്വ പരിണാമവും ശ്രദ്ധേയമാണ്. തീവ്രമായ രാഷ്ട്രീയ ധ്രുവീകരണം, വലതുപക്ഷവൽക്കരണം, ജനാധിപത്യത്തിലൂടെ അധികാരമേറുന്ന പുത്തൻ സ്വേച്ഛാധികാരം, സത്യാനന്തരസമൂഹത്തിന്റെ ഉദയം എന്നിവയൊക്കെ ചേർന്ന് രണ്ടാം ലോക മഹായുദ്ധശേഷം ആഗോള ജനാധിപത്യ ലോകത്ത് രൂഢമൂലമായ ലിബറൽ സമവായം തന്നെ തകിടംമറിഞ്ഞിരിക്കുന്നു. വസ്തുനിഷ്ഠ സത്യത്തെക്കാൾ തങ്ങളുടെ ആത്മനിഷ്ഠശരികളിൽ മാത്രം ജനം അഭിരമിക്കുന്നു. അതോടെ സത്യം പറയുന്നവയ്ക്കല്ല, തങ്ങളുടെ പക്ഷത്തിനൊപ്പം നിൽക്കുന്ന മാധ്യമങ്ങൾക്കായി ജനസമ്മതി. ബി ജെ പി യുടെ ഉച്ചഭാഷിണിയായ റിപ്പബ്ലിക് ടിവിക്കും അതിന്റെ തീവ്രപക്ഷപാതിയായ നായകൻ അർണബ് ഗോസ്വാമിക്കുമാണ് റേറ്റിങ്ങിൽ കരുത്ത് എന്നോർക്കുക. ശബരിമലസമരകാലത്ത് ഏറ്റവും അവസാനക്കാരായിരുന്ന ജനം ടിവി റേറ്റിങ്ങിൽ രണ്ടാംസ്ഥാനം വരെ എത്തിയത് കേരളവും ഈ ആഗോള മാറ്റങ്ങൾക്ക് ഒപ്പം തന്നെയെന്ന് തെളിയിച്ചു.
നിഷ്പക്ഷ മാധ്യമങ്ങളെക്കാൾ പക്ഷപാതി മാധ്യമങ്ങൾക്കാണ് ജനസമ്മതി. ടെലിവിഷനിൽ മാധ്യമപ്രവർത്തകർ നഗ്നമായ പക്ഷപാതികളാകുന്നതിന്റെ കാരണം അതു തന്നെയാണ്.
മുമ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾക്കായിരുന്നു ജനങ്ങളിൽ പ്രചാരം. ഏറ്റവും ജനസമ്മതിയുള്ള രാഷ്ട്രീയ കക്ഷിയുടെ പോലും മാധ്യമങ്ങളിലല്ല ആ പാർട്ടിക്കാർ തന്നെയും വിശ്വസിച്ചിരുന്നത്. പക്ഷേ ഈ സത്യാനന്തര കാലത്ത് നിഷ്പക്ഷ മാധ്യമങ്ങളെക്കാൾ പക്ഷപാതി മാധ്യമങ്ങൾക്കാണ് ജനസമ്മതി. ടെലിവിഷനിൽ മാധ്യമപ്രവർത്തകർ നഗ്നമായ പക്ഷപാതികളാകുന്നതിന്റെ കാരണം അതു തന്നെയാണ്. ഈ പക്ഷപാതത്തെ സാധൂകരിക്കാൻ ആവശ്യമായ തെളിവ് പോലും ആർക്കും വേണമെന്നില്ല.
ഈ ആഗോളഘടകങ്ങൾക്ക് പുറമേയാണ് ഇന്ത്യയിൽ ഇന്ന് സവിശേഷമായി സമൂഹത്തിൽ നെടുനായകത്വം നേടിയ ഭൂരിപക്ഷമതാഭിമുഖ്യം. സോഷ്യലിസവും സെക്യുലറിസവും ഒക്കെ പഴഞ്ചനായ കാലം. മതേതരരേക്കാൾ മതവാദികൾക്കാണ് അംഗീകാരം. മാധ്യമ പ്രവർത്തകരും ഈ പുതിയ മതബോധത്തിൽ നിന്ന് മുക്തരല്ല. അതുകൊണ്ട് മതപ്രചാരണത്തിനായുള്ള സന്നദ്ധപ്രവർത്തനം അവർ സ്വയം ആരുടെയും സമ്മർദ്ദം ഇല്ലെങ്കിലും ഏറ്റെടുക്കുന്നു. അടിയന്തരാവസ്ഥയിലെ പോലെ കരിനിയമങ്ങളും അടിച്ചമർത്തലുകളും ഒന്നും ഇല്ലാതെ തന്നെ കേന്ദ്ര സർക്കാരും ബി ജെ പിയും മാധ്യമങ്ങളെ ഇത്രയും വിധേയമാക്കിയ കാലവും ഇന്ത്യയിൽ മുമ്പുണ്ടായിട്ടില്ല. സ്വയം കീഴടങ്ങാത്തവയെ സാമ്പത്തിക മാർഗങ്ങളിലൂടെ അവർ മുട്ടു കുത്തിക്കും. ആഗോള മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ മുമ്പ് ഒരിക്കലും ഇന്നത്തെപ്പോലെ ഇന്ത്യ ഇത്രയും പിന്നിൽ പോയിട്ടില്ല.

പൂർണമായും
വിധേയപ്പെട്ടിട്ടില്ലാത്ത
കേരളം
ലോകത്തും ഇന്ത്യയിലും ആഞ്ഞുവീശുന്ന വലിയ മാറ്റങ്ങളിൽ നിന്ന് പൂർണമായും മാറിനിൽക്കാൻ കേരളത്തിനും കഴിയില്ല. രാഷ്ട്രീയമായാലും മാധ്യമരംഗമായാലും ഏറിയോ കുറഞ്ഞോ ഈ പ്രബലമാകുന്ന നെടുനായകത്വത്തിന് കീഴിലാവുക സ്വാഭാവികം. നേരത്തെ പറഞ്ഞ രീതിയിൽ മാധ്യമങ്ങൾ ഇവിടെയും മാറിയിട്ടുണ്ട്. എങ്കിലും ഒരു കാര്യം കാണാതെവയ്യ. രാഷ്ട്രീയത്തിലും സമൂഹത്തിലും എന്ന പോലെ പുതിയ മാറ്റങ്ങൾക്ക് ഇന്നും പൂർണമായും വിധേയമായിട്ടില്ല കേരളത്തിലെ മാധ്യമരംഗം എന്ന്, മറ്റ് ഭാഷകളിലെ മാധ്യമലോകത്തെ പരിചയമുള്ളവർക്ക് ബോധ്യമാകും. ഹിന്ദിയിലും മറ്റ് പല പ്രാദേശിക ഭാഷകളിലും കാണുന്നതുപോലെയുള്ള മറയില്ലാത്ത വർഗീയത, സ്ത്രീവിരുദ്ധത, ഭരണവർഗാഭിമുഖ്യം, അന്ധവിശ്വാസപ്രചാരണം എന്നിവ ഇന്നും കേരളത്തിലെ മാധ്യമങ്ങളിൽ അത്രയ്ക്ക് ശക്തമല്ലെന്ന് നിസ്സംശയം പറയാനാകും. പരിഷ്കൃതമെന്നും ദേശീയമെന്നും എന്നവകാശപ്പെടുന്ന ഇംഗ്ലീഷ് മാധ്യമങ്ങളിൽ പോലും കാണുന്ന രാഷ്ട്രീയ- മതപക്ഷപാതം കേരളത്തിൽ ഇനിയും ഉണ്ടായിട്ടില്ല. അതിന് കേരളത്തിന്റെ വ്യത്യസ്തമായ ചരിത്രവും പാരമ്പര്യവും തന്നെയാണ് കാരണം. വെല്ലുവിളികൾ ശക്തമെങ്കിലും ഇന്നും ജനാധിപത്യ ലിബറൽ പുരോഗമന മൂല്യങ്ങൾ കേരളത്തിൽ നിന്ന് പൂർണമായും വഴിമാറിയിട്ടില്ല.
ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ടെലിവിഷൻ ചാനലുകളിലെ അനഭിലഷണീയ പ്രവണതകൾ പരിശോധിക്കുന്ന ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആൻ്റ് ഡിജിറ്റൽ സ്റ്റാൻഡേഡ്സ് അതോറിട്ടി (NBDSA) കനത്ത പിഴ അടക്കം ശിക്ഷ ചുമത്തിയവയിൽ ഭൂരിപക്ഷവും ഹിന്ദി ചാനലുകളാണ്. കടുത്ത വർഗീയ പ്രചാരണം, മുസ്ലിം വിദ്വേഷം, സ്ത്രീവിരുദ്ധത, അന്ധവിശ്വാസ പ്രചാരണം എന്നിവയിൽ ഏർപ്പെട്ടതിന് ശിക്ഷിക്കപ്പെട്ട ചാനലുകളിൽ TV18, ഇന്ത്യ ടുഡേയുടെ ആജ്തക്, ടൈംസ് നൗവിന്റെ നവഭാരത് ടൈംസ്, സീ ടിവി തുടങ്ങിയ പ്രമുഖ ചാനലുകളും അവയിലെ സുധീർ ചൗധരി അടക്കം പ്രധാന അവതാരകരുമുണ്ട്. 2023- ൽ ഇവ സംപ്രേക്ഷണം ചെയ്ത ഏഴ് മുസ്ലിം വിരുദ്ധ പരിപാടികൾ നീക്കം ചെയ്യാൻ അതോറിട്ടി ഉത്തരവായിരുന്നു. ജ്യോതിഷപ്രവചനത്തിലൂടെ കടുത്ത അന്ധവിശ്വാസം പ്രചരിപ്പിച്ചതിന് ശിക്ഷ നേടിയത് കന്നഡയിലെ പ്രമുഖ ചാനലാണ്. ഈ അതോറിട്ടിയുടെ ശിക്ഷ ഏറ്റവും കുറച്ചുമാത്രം നേടിയിട്ടുള്ളത് മലയാളം ചാനലുകളാണ്.
ഇന്നും രാഷ്ട്രീയ- മതകാര്യങ്ങളിൽ താരതമ്യേന പ്രത്യക്ഷത്തിലെങ്കിലും നിഷ്പക്ഷതയും സന്തുലിതാവസ്ഥയും പുലർത്തുന്ന മുഖ്യധാരാ മാധ്യമങ്ങൾ മലയാളത്തിലേതാണ്.
ഇന്നും രാഷ്ട്രീയ- മതകാര്യങ്ങളിൽ താരതമ്യേന പ്രത്യക്ഷത്തിലെങ്കിലും നിഷ്പക്ഷതയും സന്തുലിതാവസ്ഥയും പുലർത്തുന്ന മുഖ്യധാരാ മാധ്യമങ്ങൾ മലയാളത്തിലേതാണ്. മറ്റ് ഭാഷകളിൽ നിറഞ്ഞുകാണുന്ന “ഗോദി മാധ്യമങ്ങൾ” കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമെങ്കിലും മുഖ്യധാരയിൽ കടന്നുവന്നിട്ടില്ല. കേരളത്തിൽ ഭരണപക്ഷാഭിമുഖ്യം മാധ്യമങ്ങളിൽ ഏറിവരികയാണെന്ന് തോന്നുന്നില്ല. മാത്രമല്ല സർക്കാരുകളുടെ ഏറ്റവും വലിയ വിമർശകർ ഇവിടുത്തെ മാധ്യമങ്ങൾ തന്നെയാണ്. ചിലപ്പോൾ അത് അല്പം അതിരുകടന്നുപോയാലും, ജനാധിപത്യത്തിൽ അത് അമിതാധികാരത്തിന് ആവശ്യമായ വിലക്ക് ഉറപ്പാക്കുന്നു.

മാധ്യമങ്ങൾ ഒരു സ്ഥിരം പ്രതിപക്ഷത്തിന്റെ (“സൗവർണ പ്രതിപക്ഷം”) പങ്ക് ഏറ്റവും ശക്തമായി വഹിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഇന്നും കേരളം ഉണ്ട്. ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരിനെ നിരന്തരം വിചാരണ ചെയ്യുന്നതിൽ ഇവിടുത്തെ മാധ്യമങ്ങൾ ഏറെക്കുറെ ഒന്നിച്ചാണ്. ഇതിന് മാധ്യമങ്ങളുടെ മാർക്സിസ്റ്റ് വിരോധത്തിലേറെ കേരളത്തിലെ പൊതുമണ്ഡലത്തിന്റെ ജനിതകമാണ് കാരണം. മുമ്പ് യു ഡി എഫ് സർക്കാരിനോടും മാധ്യമങ്ങളുടെ പൊതുസമീപനം മറ്റൊന്നായിരുന്നില്ല. അത് ഒരു ദശാബ്ദത്തോളം മുമ്പ് നടന്ന കഥയായിരുന്നതിനാൽ പലരും മറന്നുപോയിട്ടുണ്ട് എന്നുമാത്രം. ഇനി നാളെ കോൺഗ്രസ്സ് മുന്നണി അധികാരമേറിയാലും മാധ്യമവിമർശനം കുറയാൻ സാധ്യതയില്ല. രാഷ്ട്രീയക്കാരെയെന്ന പോലെ ശക്തമായി മത-ജാതിസംഘടനകളെയോ നേതാക്കളെയോ വിമർശിക്കാറില്ലെങ്കിലും ഇന്നും ഏതെങ്കിലും ഒരു മതത്തിനും ജാതിക്കും വിധേയമായിട്ടില്ല കേരളത്തിലെ മാധ്യമ മുഖ്യധാര.
വർഗീയ സംഘടനകളോട് കടുത്ത വിമർശനവും അടിച്ചമർത്തപ്പെടുന്നവരോട് അനുഭാവവും പുലർത്താൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് ഇന്നും കഴിയുന്നുണ്ട്. സമീപകാലത്ത് സർക്കാരിന്റെ സ്കൂൾ പരിഷകാരങ്ങൾക്കെതിരെ മതനേതാക്കൾ ഇളകിയപ്പോഴും ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്കെതിരെ എതിരെ സംഘപരിവാരം അക്രമം അഴിച്ചുവിട്ടപ്പോഴും യെമനിൽ മലയാളി യുവതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോഴുമൊക്കെ മലയാള മാധ്യമങ്ങൾ ഒരേ സ്വരത്തിൽ വിമർശനമുയർത്തിയത് ശ്രദ്ധേയം. ഒരു വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റു മരിക്കുകയും സർക്കാർ ആശുപത്രിമതിൽ തകർന്ന് ഒരു രോഗി കൊല്ലപ്പെടുകയും ചെയ്യുന്നതു പോലെയുള്ള സംഭവങ്ങളിൽ, വൈകാരികലക്ഷ്യമായാണെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ ചർച്ച ചെയ്യുന്നതും അധികാരികളെ വിചാരണ ചെയ്യുന്നതുമായ മാധ്യമങ്ങൾ കേരളത്തിൽ മാത്രമേ ബാക്കിയുള്ളൂ.
പല ചാനലുകളും ആങ്കർമാരും സ്വന്തം അഭിപ്രായ പ്രകടനം അനുവദിക്കുന്നതരം സവിശേഷ പരിപാടികളിൽ മാത്രമല്ല, പാനൽ ചർച്ചാ പരിപാടികളിലും, സാധാരണ വാർത്താബുള്ളറ്റിനുകളിൽ പോലും കടുത്ത രാഷ്ട്രീയാഭിമുഖ്യവും പരിഹാസവും തിണ്ണമിടുക്കും രോഷവും മറ്റും ഉളുപ്പില്ലാതെ പ്രകടിപ്പിക്കുന്നു.
ഇതൊക്കെയാണെങ്കിലും ഇവിടെയും തീർച്ചയായും മാറ്റങ്ങൾ വന്നിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ പരസ്യമായ പക്ഷപാതം ശരിയല്ലെന്ന പരമ്പരാഗത മാധ്യമമൂല്യസങ്കൽപം കേരളത്തിലും മാറിവരുന്നു. അടുത്തകാലത്ത് ഇന്ത്യ- പാകിസ്ഥാൻ സംഘർഷ വേളയിൽ വസ്തുതകൾക്കും സത്യത്തിനും എന്നതിനേക്കാൾ വൈകാരികതക്കും അതിദേശീയതയ്ക്കും പ്രാധാന്യം നൽകി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഇന്ത്യൻ മാധ്യമങ്ങൾ ആഗോള തലത്തിൽ വിമർശനവിധേയമായിരുന്നു. കേരളത്തിലെ മാധ്യമങ്ങളും ഏറെ വ്യത്യസ്തമായിരുന്നില്ല. പല ചാനലുകളും ആങ്കർമാരും സ്വന്തം അഭിപ്രായ പ്രകടനം അനുവദിക്കുന്നതരം സവിശേഷ പരിപാടികളിൽ (മീറ്റ് ദ എഡിറ്റേഴ്സ്) മാത്രമല്ല, പാനൽ ചർച്ചാ പരിപാടികളിലും, സാധാരണ വാർത്താബുള്ളറ്റിനുകളിൽ പോലും കടുത്ത രാഷ്ട്രീയാഭിമുഖ്യവും പരിഹാസവും തിണ്ണമിടുക്കും രോഷവും മറ്റും ഉളുപ്പില്ലാതെ പ്രകടിപ്പിക്കുന്നു. ചില ചാനലുകളിൽ ദിവസവും എല്ലാ പാനലിസ്റ്റുകളും ഒരേ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു. ഏറ്റവും വിദ്വേഷവും വികാരവും പ്രകടിപ്പിക്കുന്ന ചർച്ചകൾക്ക് ഏറ്റവും റേറ്റിങ്ങ്. വ്യത്യസ്ത പക്ഷങ്ങൾക്കും വേദി നല്കുകയാണ് ജനാധിപത്യത്തിൽ ബഹുസ്വരത ഉറപ്പാക്കുന്ന മാധ്യമധർമ്മം എന്ന അടിസ്ഥാനതത്വം തന്നെ പലപ്പോഴും അവഗണിക്കപ്പെടുന്നു. പക്ഷപാതികൾക്ക് ജനസമ്മതി വരുന്ന കാലത്ത് എന്തിന് നിഷ്പക്ഷത?

പരദൂഷണവും വിദ്വേഷപ്രകടനവും കാണാൻ തടിച്ചു കൂടുന്ന പ്രേക്ഷകർ റേറ്റിങ്ങ് ഉയർത്തുമെങ്കിലും വിശ്വാസ്യതയിലും ആദരം നേടുന്നതിലും തങ്ങൾ പിന്നോട്ട് പോകുകയാണെന്ന് ആ ചാനലുകൾ തിരിച്ചറിയുന്നില്ല. അഥവാ അറിഞ്ഞാലും തങ്ങൾക്ക് റേറ്റിങ്ങ് മതി എന്ന് കരുതുന്നവർ അത് കണക്കാക്കാറുമില്ല. പക്ഷേ കാലങ്ങളായി ഉണ്ടാക്കിയെടുത്ത ആധികാരികതയും വിശ്വാസ്യതയുമാണ് മാധ്യമങ്ങൾക്ക് ഇടുങ്ങിയ പക്ഷപാതപ്രകടനത്തിലൂടെ നഷ്ടമാകുക. നൈമിഷികമായ രസം കൊള്ളുന്നതിലുപരി ആരും ആ മാധ്യമത്തെ വിശ്വാസത്തിലെടുക്കില്ല. സ്വാഭാവികമായും ഇതെല്ലാം ഇന്ന് മാധ്യമപ്രവർത്തകരെ സമൂഹത്തിൽ ഏറ്റവും വെറുപ്പ് സമ്പാദിക്കുന്നവരാക്കുന്നു.
നാല് ദശാബ്ദത്തിലേറെയുള്ള എന്റെ സജീവ മാധ്യമകാലത്ത് മാധ്യമപ്രവർത്തകർ ഇത്രധികം വെറുക്കപ്പെട്ട കാലം ഓർമ്മയിലില്ല. സഹിഷണതയും ക്ഷമയും കുറഞ്ഞകാലത്ത് അവസരം കിട്ടുമ്പോഴെല്ലാം “മാപ്രാകളെ” ആക്രമിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം പെരുകുന്നു. നിയന്ത്രണമില്ലാതെ തങ്ങളെ ആക്രമിക്കുന്ന മാധ്യമങ്ങളെ അതേ നാണയത്തിലോ അതിലേറെയോ തിരിച്ചടിക്കാൻ രാഷ്ട്രീയക്കാർ മടിക്കില്ല. സമൂഹത്തിലെ വർഗീയതയും സ്ത്രീവിരുദ്ധതയും ഒക്കെ ഉൾക്കൊള്ളുന്നവയാണ് ആ സമൂഹത്തിന്റെ തന്നെ ഉൽപ്പന്നമായ രാഷ്ട്രീയ പാർട്ടികളും. അവയുടെ കടന്നാക്രമണത്തിൽ സ്ത്രീകളായ മാധ്യമപ്രവർത്തകർ കൂടുതൽ ശരവ്യർ ആകുന്നത് നമ്മുടെ സമൂഹത്തിൽ ആഴത്തിലുള്ള ആൺകോയ്മ മൂലമാണ്.
എന്തായാലും രാഷ്ട്രീയത്തിലെന്ന പോലെ മാധ്യമരംഗത്തും ലോകത്തും ഇന്ത്യക്കുള്ളിലും വീശിയടിക്കുന്ന കാറ്റുകൾ കേരളത്തിലും മറ്റിടങ്ങളിലെപ്പോലെ ശക്തമല്ലെങ്കിലും പ്രകടമാണ്. എത്രകാലം പിടിച്ചു നിൽക്കും എന്നത് കേരളത്തിലെ ജനാധിപത്യ- മതേതര- പുരോഗമന പാരമ്പര്യത്തിന്റെ അതിജീവനശേഷിയെ ആശ്രയിച്ചിരിക്കുന്നു. എന്തായാലും ഇനി പഴമയിലേക്ക് മടക്കം സാധ്യമല്ല. പരമ്പരാഗത മാധ്യമങ്ങളുടെ കാലം കഴിഞ്ഞു. ഒരുപക്ഷേ മാറിയ മാധ്യമശൈലികൾ തന്നെ സ്വീകരിച്ചുകൊണ്ട് അസത്യത്തെയും അമിതാധികാരത്തെയും ചോദ്യം ചെയ്യാനാകുമെന്ന് തെളിയിച്ച ധ്രുവ് റാഠിമാരാണ് ഈ ഇരുണ്ട തുരങ്കത്തിന്റെ അറ്റത്തെ പ്രകാശനാളം.
