പൊങ്കാലയടുപ്പിൽനിന്ന്​ മാധ്യമങ്ങളും സർക്കാറും ഊതിയൂതിപ്പടർത്തിയ ആചാരപ്പുക

ആറ്റുകാൽ ക്ഷേത്രസമിതി നോട്ടീസായി മാധ്യമങ്ങൾ ഒരു ദിവസം കൊണ്ട് മാറുന്നതിലൂടെ, സ്വന്തം വായനക്കാരുടെയും പ്രേക്ഷകരുടെയും പലതരം അവകാശങ്ങളെയാണ് അവ ഒറ്റയടിക്ക് റദ്ദാക്കുന്നത്. ഇത്തരം ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വലിച്ചെറിഞ്ഞ് മുന്നോട്ടുപോകുന്ന തലമുറക്കുമുന്നിൽ ഈ പത്രങ്ങളും ചാനലുകളും പരിഹാസ്യമായി മാറുന്നത് അവർ തിരിച്ചറിയുന്നുപോലുമില്ല.

ലയാളിസ്ത്രീയുടെ ഏറ്റവും പുരോഗമനപരമായ ആഘോഷം എന്ന നിലക്കുതന്നെ ഇത്തവണയും മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും വിശ്വാസികൾക്കൊപ്പം ആറ്റുകാൽ പൊങ്കാല കൊണ്ടാടി. മറ്റൊരു ഉത്സവത്തിനുമില്ലാത്തവിധം, പൊങ്കാലയിലുള്ള സ്ത്രീപങ്കാളിത്തം ചൂണ്ടിക്കാട്ടി ഐതിഹ്യത്തെയും അന്ധവിശ്വാസത്തെയും പുരോഗമനകരം എന്ന മട്ടിൽ ന്യായീകരിക്കുന്ന ധാരാളം തിയറികൾ ഇത്തവണ അവതരിപ്പിക്കപ്പെട്ടു. വലതും ഇടതുമെല്ലാം ഒരുദിനം കൊണ്ട് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും അടുപ്പിൽ തിളച്ചുതൂവുന്ന ഒരൽഭുതവിദ്യ. മുൻവർഷങ്ങളിൽ കാണാത്തതരം ഒരു രാഷ്ട്രീയ ആഭിചാരക്രിയയാണ് ഇത്തവണ ആറ്റുകാൽ പൊങ്കാലയടുപ്പിൽ വേവിച്ചെടുത്തത്.

വിശ്വാസികളായ മനുഷ്യരെ പറ്റിക്കുന്ന കേരളത്തിലെ വലിയ ഏർപ്പാടുകളിലൊന്നായ ശബരിമലയിലെ മകരജ്യോതിയെ, ഇപ്പോഴും ഒന്നാം പേജിലും പ്രൈംടൈമിലും വച്ചാരാധിക്കുന്ന മാധ്യമങ്ങളുടെ പൊങ്കാല ആഘോഷം സ്വഭാവികം മാത്രമാണ്. എങ്കിലും, മതപരമായ ഒരു വലിയ അന്ധവിശ്വാസത്തെ അതിന്റെ എല്ലാതരം പ്രതിലോമകതകളോടും കൂടി നിസ്സംശയം ഏറ്റെടുക്കുന്നതിൽ ഒരുതരം ചിന്താശേഷിയും മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും സർക്കാർ സംവിധാനങ്ങളും പുലർത്തുന്നില്ല എന്നത്, മലയാളിയെ സംബന്ധിച്ച് എന്തുമാത്രം ലജ്ജാകരമാണ്.

മാധ്യമങ്ങളുടെ ഏറ്റവും നെറികെട്ട ഒരു പ്രകടനമായിരുന്നു, തിരുവിതാംകൂർ രാജകുടുംബം തിരുവനന്തപുരം നഗരത്തിൽ തുറന്ന ജീപ്പിൽ നടത്തിയ ‘പ്രദക്ഷിണ'ത്തിന്റെ മാതൃഭൂമി വാർത്ത. രാജഭക്തി നിറഞ്ഞുതുളുമ്പുന്ന അലങ്കാരങ്ങളോടെയാണ് ആ വാർത്ത വായനക്കാരിലൂടെ സഞ്ചരിക്കുന്നത്. മാത്രമല്ല, പഴയ രാജകുടുംബങ്ങൾക്കും അവയുടെ പ്രതിനിധികൾക്കുമുള്ള "കുലീന സ്ഥാനം' ജനാധിപത്യത്തിലൂടെയും തുടരേണ്ടതുണ്ട് എന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്ന ഒരു ചോദ്യം കൂടി ഈ റിപ്പോർട്ടിൽ തിരുകിക്കയറ്റുന്നുമുണ്ട്.

ആറ്റുകാൽ ക്ഷേത്രസമിതി നോട്ടീസായി മാധ്യമങ്ങൾ ഒരു ദിവസം കൊണ്ട് മാറുന്നതിലൂടെ, സ്വന്തം വായനക്കാരുടെയും പ്രേക്ഷകരുടെയും പലതരം അവകാശങ്ങളെയാണ് അവ ഒറ്റയടിക്ക് റദ്ദാക്കുന്നത്. ഇത്തരം ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വലിച്ചെറിഞ്ഞ് മുന്നോട്ടുപോകുന്ന തലമുറക്കുമുന്നിൽ ഈ പത്രങ്ങളും ചാനലുകളും പരിഹാസ്യമായി മാറുന്നത് അവർ തിരിച്ചറിയുന്നുപോലുമില്ല.

അന്ധവിശ്വാസത്തിലൂന്നിയ ഒരു ആചാരത്തെ എങ്ങനെയാണ് ഇത്ര വിപുലമായി സർക്കാർ സംവിധാനങ്ങൾക്ക് ഏറ്റെടുക്കാനാകുക എന്നും ആലോചിക്കേണ്ട സന്ദർഭമാണിത്. പൊങ്കാലയിടാൻ വരുന്നവരുടെ സൗകര്യത്തിന് പൊതുസംവിധാനങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, പൊങ്കാല അടുപ്പുകളുടെ ഇഷ്ടിക ഉപയോഗിച്ച് പാവങ്ങൾക്ക് വീടുണ്ടാക്കാം എന്നത് ഒരു പദ്ധതിയായി നഗരസഭ തന്നെ അവതരിപ്പിക്കുകയാണ്. മതപരമായ ഒരു ആചാരത്തിന്റെ സംരക്ഷണം ഇവിടെ നഗരസഭ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. പൊങ്കാല അടുപ്പുകളുടെ ഇഷ്ടികയാണോ ഒരു വികസനപ്രക്രിയയിലൂടെ രൂപപ്പെടേണ്ട പരിഹാരമാണോ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു പദ്ധതിയുടെ ഐഡിയോളജിയായി മാറേണ്ടത്?

മാധ്യമങ്ങളും ഔദ്യോഗിക സംവിധാനങ്ങളും നടത്തുന്ന ഈ ആചാര ബുൾഡോസിംഗ്, ഒരു പിന്തിരിപ്പൻ പൊതുബോധനിർമിതി കൂടി എളുപ്പം സാധ്യമാക്കുന്നുണ്ട്. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്, ആറ്റുകാൽ പൊങ്കാലയിലേക്കുവരുന്ന സ്ത്രീകളുടെ വർഗപ്രാതിനിധ്യം എടുത്തുകാട്ടിയുള്ള ന്യായീകരണ യുക്തികൾ. ഈ സ്ത്രീകൾ പഴയ അടിമമനുഷ്യരുടെ പിന്തുടർച്ചക്കാരാണ്, പാരതന്ത്ര്യത്തിൽനിന്നുള്ള അത്തരം അധഃസ്ഥിത സ്ത്രീകളുടെ ഒരു വിടുതൽ ആണ് ഈ കൂടിച്ചേരൽ എന്നൊക്കെയുള്ള ന്യായങ്ങൾ വരുന്നു.

ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന സുപ്രീംകോടതി വിധി വന്ന സമയത്ത്, കേരളത്തിലെ തെരുവുകളിൽ നിറഞ്ഞുതൂവിയ സ്ത്രീകളെ നേരെ എതിർപക്ഷത്തുനിർത്തി വർഗവിചാരണ നടത്തിയവർ തന്നെയാണ് പൊങ്കാലയിൽ സ്ത്രീസംരക്ഷകരായി വരുന്നത്. അതായത്, ശബരിമലയിലെ ആചാരലംഘകർ ആറ്റുകാലിൽ ആചാരസംരക്ഷകരായി മാറുന്നു. രണ്ടിടത്തെയും സ്ത്രീകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. വർഗം കൊണ്ടല്ല അവരുടെ ഐഡന്റിറ്റിയെ അടയാളപ്പെടുത്തേണ്ടത്, പകരം, അവർ പ്രതിനിധീകരിക്കുന്ന ആചാരത്തിന്റെ യുക്തിയില്ലായ്മ കൊണ്ടായിരിക്കണം.

വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടായിവരുന്നതിന്റെ സാമൂഹ്യശാസ്ത്രം പരിഗണിക്കേണ്ടതുതന്നെ. എന്നാൽ, അവയെ ഒരുതരം ചോദ്യം ചെയ്യലുകളുമില്ലാതെ ഉൾക്കൊള്ളുന്നതിന്റെ രാഷ്ട്രീയം അപകടകരമാണ്. അത് കേരളത്തെ പുറകോട്ടുനയിക്കുകയേയുള്ളൂ. നവോത്ഥാനത്തിന്റെ പുതിയ കാല തുടർച്ചയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയാണിത് എന്ന് ഓർക്കണം. ഇത്തരം പൊങ്കാലകളിലൂടെ നാം ഇല്ലാതാക്കിക്കളയുന്ന ചില മനുഷ്യരെക്കുറിച്ചുകൂടി ഓർക്കണം. പൊയ്കയിൽ അപ്പച്ചനെയും അയ്യൻകാളിയെയും ശ്രീനാരായണ ഗുരുവിനെയും സഹോദരൻ അയ്യപ്പനെയും വി.ടി. ഭട്ടതിരിപ്പാടിനെയും ദാക്ഷായണി വേലായുധനെയും എ.കെ.ജിയെയും പി. കൃഷ്ണപിള്ളയെയുമൊക്കെ റദ്ദാക്കിക്കളയുന്ന ഇടങ്ങളാണ് ഈ വ്യാജ പൊതുബോധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിൽനിന്നുയരുന്ന ആചാരപ്പുക, ബ്രഹ്മപുരത്തെ മൂടിയ മാലിന്യപ്പുകയേക്കാൾ അപകടകാരിയായ ഒന്നായിരിക്കും.


Summary: ആറ്റുകാൽ ക്ഷേത്രസമിതി നോട്ടീസായി മാധ്യമങ്ങൾ ഒരു ദിവസം കൊണ്ട് മാറുന്നതിലൂടെ, സ്വന്തം വായനക്കാരുടെയും പ്രേക്ഷകരുടെയും പലതരം അവകാശങ്ങളെയാണ് അവ ഒറ്റയടിക്ക് റദ്ദാക്കുന്നത്. ഇത്തരം ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വലിച്ചെറിഞ്ഞ് മുന്നോട്ടുപോകുന്ന തലമുറക്കുമുന്നിൽ ഈ പത്രങ്ങളും ചാനലുകളും പരിഹാസ്യമായി മാറുന്നത് അവർ തിരിച്ചറിയുന്നുപോലുമില്ല.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments