മാധ്യമങ്ങളുടെ യജമാന ഭക്തിയും രാമഭക്തിയും

‘‘അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മാദ്ധ്യമങ്ങൾ പ്രകടിപ്പിക്കുന്ന ഉന്മാദതുല്യമായ ഭകതിപ്രഹർഷം ഹിന്ദുത്വ ഫാഷിസത്തിനുള്ള വരവേൽപ്പാണെന്ന് കാണാതെവയ്യ. വർഗ്ഗീയ രാഷ്ട്രീയത്തിനായി നടത്തപ്പെടുന്ന ഒരു മതച്ചടങ്ങിലെ യജമാനനോടുള്ള ഭക്തിയെ രാമഭക്തിയായി തെറ്റിദ്ധരിപ്പിക്കുന്ന മാദ്ധ്യമങ്ങൾ സ്വന്തം ശവക്കുഴിതോണ്ടുകയാണെന്നും ഓർക്കുന്നില്ല’’- ഒ.കെ. ജോണി എഴുതുന്നു.

വിശ്വഹിന്ദു പരിഷത്ത് ഉൾപ്പടെയുള്ള സംഘപരിവാര സംഘടനകളുടെ നേതൃത്വത്തിൽ വർഗ്ഗീയവാദികൾ 1992–ൽ ബാബറി മസ്​ജിദ് തകർക്കുമ്പോൾ ഇന്ത്യയിൽ തത്സമയ ടെലിവിഷൻ വാർത്താചാനലുകളില്ലായിരുന്നു. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൗനാനുവാദത്തോടെ നടന്നതെന്ന് അക്കാലത്തുതന്നെ ആരോപിക്കപ്പെട്ട ആ അക്രമസംഭവത്തിന്റെ പിന്നിലെ വർഗീയ രാഷ്ട്രീയത്തെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക മാദ്ധ്യമങ്ങളായ ആകാശവാണിയും ദൂരദർശനും ബോധപൂർവ്വം മൗനംപാലിക്കുകയായിരുന്നു. രാമഭക്തരുടെ തീർത്തും സ്വാഭാവികമായ ഒരു വൈകാരികപ്രകടനമായിരുന്നു അതെന്ന മട്ടിലാണ് വൻകിട പത്രങ്ങളും ആ ആസൂത്രിത കുറ്റകൃത്യത്തെ അവതരിപ്പിച്ചത്.

പള്ളിതകർക്കലിന് മുന്നോടിയായി എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര ഹിന്ദുവികാരത്തെയും വർഗ്ഗീയതയെയും ആളിക്കത്തിക്കുവാനുള്ള ആസൂത്രിതശ്രമമാണെന്ന് അറിയാമായിരുന്നുവെങ്കിലും ഭരണകൂടവും മാദ്ധ്യമങ്ങളും ആ അപകടത്തിനുനേരെ കണ്ണടയ്ക്കുകയായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കാവിവൽക്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടിയ ബാബറി മസ്​ജിദ് തകർക്കലിനുശേഷം ഇന്ത്യൻ മാദ്ധ്യമങ്ങളും കാവിരാഷ്ട്രീയത്തിന്റെ സന്നദ്ധസേവകരായി എന്നതാണ് ശ്രദ്ധേയമായ സംഗതി. അയോദ്ധ്യ കേസിലെ അന്തിമവിധിയിലും മസ്​ജിജ് തകർത്തത് ഗുരുരുതര ക്രമിനൽ കുറ്റമാണെന്ന് സുപ്രീംകോടതി എടുത്തുപറയുന്നുണ്ടെങ്കിലും മാദ്ധ്യമങ്ങൾ അക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് രാമക്ഷേത്രമാഹാത്മ്യം ആലപിക്കുന്നത്.

കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നു/ Photo: Praveen Jain

മതേതര– ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു മതത്തിന്റെ പുരോഹിതന്മാർക്കൊപ്പം യജമാനസ്​ഥാനിയായി കാർമികത്വം വഹിക്കുന്നതിലും മലയാള മാദ്ധ്യമങ്ങൾ അനൗചിത്യം കാണുന്നില്ലെന്നതാണ് തമാശ. ഈ മതാനുഷ്ഠാനത്തിന് മുന്നോടിയായി ദക്ഷിണേന്ത്യയിലെ മുഴുവൻ ശൈവദേവാലയങ്ങളിലും പ്രധാനമന്ത്രി നടത്തിയ മിന്നൽ സന്ദർശനങ്ങൾ എന്തിന്റെ സൂചനയാണ്? പള്ളി തകർത്ത വർഗ്ഗീയവാദികളായ കർസേവകരുടെ അതേ ഉന്മാദത്തോടെയാണ് ആ പള്ളിയുടെ സ്​ഥാനത്ത് പണിത രാമക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ ക്ഷേത്രപര്യടനത്തെക്കുറിച്ചും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.

അയോദ്ധ്യയിലെ മതാനുഷ്ഠാനങ്ങളിൽ രാമഭക്തരോടും സംഘപരിവാരഭക്തരോടുമൊപ്പം താദാത്മ്യം പ്രാപിച്ച മലയാള മാദ്ധ്യമങ്ങൾ ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളേക്കാളും അപരിഷ്കൃതമായ അവസ്​ഥയിലാണെന്ന് പറയാതെ വയ്യ. ആർക്കിയോളജി ഉദ്യോഗസ്​ഥനായ കെ.കെ. മുഹമ്മദിനെ മുൻനിർത്തി പള്ളി പൊളിച്ചതിനെ പരോക്ഷമായി ന്യായീകരിക്കുവാനുള്ള ശ്രമം മാദ്ധ്യമങ്ങൾ ഇപ്പോഴും തുടരുകയാണല്ലോ.

കെ.കെ. മുഹമ്മദ്

സംഘപരിവാര സംഘടനകൾ അവരുടെ സ്വന്തം മാദ്ധ്യമങ്ങളിലൂടെയും ദൈനംദിന പ്രവർത്തനങ്ങളിലൂടെയും അനുഷ്ഠാന കർമങ്ങളിലൂടെയും നടത്തിയിരുന്ന ഹിന്ദുത്വ പ്രത്യയശാസ്​ത്ര പ്രബോധനം ഇന്ത്യയിലെ മഹാഭൂരിപക്ഷം ദിനപത്രങ്ങളും ടെലിവിഷൻ ചാനലുകളും സ്വയം ഏറ്റെടുത്തുകഴിഞ്ഞു എന്നതിന്റെ തെളിവാണ് രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയെ മുൻനിർത്തി ആഴ്ച്ചകളായി മാദ്ധ്യമങ്ങൾ പ്രകടിപ്പിക്കുന്ന ഭക്തിപ്രഹർഷം. സംഘപരിവാരത്തിന്റെ ഹിന്ദുത്വരാഷ്ട്ര സംസ്​ഥാപനം എന്ന ലക്ഷ്യത്തിനായി സന്നദ്ധസേവനം നടത്തുവാൻ മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് തെല്ലും ലജ്ജയില്ലാതായി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. എന്നാൽ, ഇത് പൊടുന്നനെയുണ്ടായ ഒരു വേഷപ്പകർച്ചയുമല്ല.

ആർ.എസ്​.എസിന്റെ നൂറാം വാർഷികമെത്തുമ്പോഴേക്കും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുവാനുള്ള സംഘപരിവാര അജണ്ടയിലെ മുഖ്യ ഇനമായിരുന്നു ബാബറി മസ്​ജിദിന്റെ സ്​ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കുകയെന്നത്. കോൺഗ്രസ് സർക്കാരുകളുടെ മൃദു ഹിന്ദുത്വ നിലപാടുകളാണ് അവർക്കതിന് സഹായകമായിരുന്നതെങ്കിലും ബി.ജെ.പിയും നരേന്ദ്ര മോദിയും അധികാരത്തിലെത്തിയോടെ ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഭരണഘടനയെത്തന്നെ നോക്കുകുത്തിയാക്കി ഹിന്ദുത്വ ഫാഷിസം നടപ്പാക്കുക അനായാസമായി. ജുഡിഷ്യറി ഉൾപ്പടെയുള്ള ഭരണഘടനാസ്​ഥാപനങ്ങളെ ഉപയോഗിച്ച് ഹിന്ദുത്വ ഫാഷിസം നടപ്പാക്കുവാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ അതിവേഗം ശക്തിയാർജ്ജിച്ചതോടെ പാർലമെൻ്റിൽപ്പോലും പ്രതിപക്ഷശബ്ദം തമസ്​കരിക്കപ്പെട്ടു. ഭരണകൂടത്തെ മാത്രമല്ല, അതിന്റെ സാമ്പത്തിക പങ്കാളികളായ അദാനിയെപ്പോലുള്ള കോർപ്പറേറ്റുകളെയും വിമർശിക്കുന്നവർ രാജ്യേദ്രാഹികളായി മുദ്രകുത്തപ്പെട്ടു. കോർപ്പറേറ്റുകളെ ഉപയോഗിച്ച് സ്വതന്ത്ര– സ്വകാര്യ മാദ്ധ്യമങ്ങളെ വരുതിയിലാക്കുവാനും പലതരം ഭീഷണികളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാദ്ധ്യമങ്ങളുടെ എഡിറ്റോറിയൽ നയത്തെ സ്വാധീനിക്കുവാനും കഴിഞ്ഞതോടെ ജനാധിപത്യം എന്ന സങ്കൽപ്പംപോലും വെല്ലുവിളിക്കപ്പെടുകയാണ്.

അർണബ് ഗോസ്വാമി, നവികാ കുമാർ

റിപ്പബ്ലിക് ടി.വിയുടെ അർണാബ് ഗോസ്വാമിയെയും ടൈംസിലെ നവികാ കുമാറിനെയും പോലുള്ള സംഘപരിവാരത്തിെൻ്റ പ്രോക്സി എഡിറ്റർമാർ മലയാള മാദ്ധ്യമങ്ങളിലും ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. വർഗ്ഗീയതയും അന്യമത വിദ്വേഷവും പ്രചരിപ്പിക്കുവാനായി ബി.ജെ.പി വക്താക്കളെ ചർച്ചകളിൽ പങ്കെടുപ്പിച്ചിരുന്ന വാർത്താ ചാനലുകളിൽ ഇപ്പോൾ ആ ദൗത്യം നിർവ്വഹിക്കുവാനായി മാദ്ധ്യമപ്രവർത്തകവേഷമിട്ട മുഴുവൻ സമയ സംഘപരിവാരഭക്തരെ നിയമിക്കുവാനും തുടങ്ങിയിരിക്കുന്നു. റിപ്പോർട്ടർ ചാനലിലെ സ്​ഥിരം സംഘപരിവാരവക്താവായ, അന്യമത വിദ്വേഷിയായ ഒരു മാന്യ മഹിളയെയും എഡിറ്റർ എന്നാണല്ലോ ചാനൽ വിശേഷിപ്പിക്കുന്നത്. ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങിയോ, അവരെ പ്രീതിപ്പെടുത്തുവാനോ വേണ്ടി ജനാധിപത്യബോധവും മനുഷ്യമര്യാദയുമില്ലാത്ത വർഗ്ഗീയവാദികളെ എഡിറ്റർമാരായി നിയോഗിക്കുവാൻ നിർബ്ബന്ധിതരാവുന്ന കള്ളപ്പണക്കാരും സാമൂഹികവിരുദ്ധരുമായ മാദ്ധ്യമസ്​ഥാപനമുടമകളാണ് കേരളത്തിലും മതേതര– ജനാധിപത്യസങ്കൽപ്പങ്ങൾക്ക് ഭീഷണിയുയർത്തുന്നത്. ഈ മാദ്ധ്യമങ്ങളുടെ ജനവഞ്ചന തുറന്നുകാട്ടപ്പെടേണ്ടതുമാണ്.

ശബരിമലയിൽ സ്​ത്രീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കുവാൻ ഭരണഘടനാബാദ്ധ്യതയുള്ള കേരള സർക്കാരിനെതിരെ വിശ്വാസസംരക്ഷണം മറയാക്കി ബി.ജെ.പിയും കേരളത്തിലെ കോൺഗ്രസും ഒറ്റക്കെട്ടായി നടത്തിയ തെരുവുകലാപത്തിനെ പിന്തുണച്ച മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ വാസ്​തവത്തിൽ സംഘപരിവാര അജണ്ടയെയാണ് പിന്തുണച്ചത്. ഇന്നിപ്പോൾ, ‘വിശ്വഗുരു’വായി സ്വയം അവരോധിതനായ പ്രധാനമന്ത്രിയെ ആൾദൈവ പദവിയിൽ പ്രതിഷ്ഠിക്കുവാനാണ് മലയാള മാദ്ധ്യമങ്ങൾ മത്സരിക്കുന്നത്. മണിപ്പുരിലെ വംശഹത്യക്കും അവിടെ നടന്ന അതിക്രൂരമായ സ്​ത്രീപീഡനങ്ങൾക്കും മൗനാനുവാദം നൽകിയ ഒരു കേന്ദ്ര സർക്കാരിനെയും അതേക്കുറിച്ച് മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെയും നാരീശക്തിയുടെ വക്താക്കളായി കൊണ്ടാടുവാനും ഈ മലയാള മാദ്ധ്യമങ്ങൾക്ക് ലജ്ജയില്ലെന്നോർക്കുക.

റിപ്പോർട്ടർ ചാനലിലെ ‘മീറ്റ് ദ എഡിറ്റേഴ്സ്’ പരിപാടിയിൽ നിന്ന്

മണിപ്പൂരിൽ പോകാതെ കേരളത്തിൽവന്ന് നാരീശക്തിയെപ്പറ്റി വീമ്പുപറയുന്ന പ്രധാനമന്ത്രിയെ പ്രശംസിക്കുവാൻപോന്ന വിവേകമില്ലായ്മ പ്രകടിപ്പിച്ച മലയാള മാദ്ധ്യമങ്ങളെ ജനാധിപത്യത്തിന്റെ കാവൽ നായ്ക്കളെന്നല്ല, ജനങ്ങൾ ഭയപ്പെടേണ്ടുന്ന വേട്ടപ്പട്ടികളെന്നാണ് വിശേഷിപ്പിക്കേണ്ടത്. ഉന്മാദികളായ ആൾക്കൂട്ടങ്ങളാണ് ഫാഷിസത്തിന്റെ വളക്കൂറുള്ള മണ്ണെന്ന് ആർക്കാണറിയാത്തത്. ഇന്ത്യൻ മാദ്ധ്യമങ്ങളും ആ ഉന്മാദികളോടൊപ്പമാണെന്നതാണ് ഭയാനകമായ യാഥാർത്ഥ്യം.

ഈ ലജ്ജയില്ലായ്മയുടെ ഏറ്റവും വൃത്തികെട്ട പ്രകടനമാണ് കേരള കൗമുദി ദിനപത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ നരേന്ദ്ര മോദിയുടെ മുഖചിത്രമുള്ള പ്രത്യേക കളർ സപ്ലിമെൻ്റ്. ശ്രീനാരായണീയ പ്രസ്​ഥാനത്തിന്റെ ശബ്ദമായി അറിയപ്പെട്ടിരുന്ന കേരള കൗമുദിയുടെ ചീഫ് എഡിറ്റർ ദീപു രവി പേരുവച്ചെഴുതിയ മുഖപ്രസംഗത്തോടെ പ്രസിദ്ധീകരിച്ച ‘അമൃതമാനസം’ എന്ന സപ്ലിമെൻ്റ് പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് റേഡിയോ പരമ്പരയിലെ തിരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ സമാഹാരമാണ്. കേന്ദ്ര സർക്കാരിെൻ്റ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ചെയ്യേണ്ട പബ്ലിക് റിലേഷൻസ് ജോലി ഒരു പ്രമുഖ പത്രം നടത്തുമ്പോഴാണ് അത് അശ്ലീലമാവുന്നത്. പുരോഗമനപ്രസ്​ഥാനങ്ങളോടൊപ്പംനിന്ന ഒരു പത്രം ആത്മവഞ്ചനയും ജനവഞ്ചനയും മുഖമുദ്രയാക്കുകയാണെന്നതിന്റെ തെളിവാണ് ഈ മംഗളപത്രം.

ഇത് ഒരുദാഹരണം മാത്രം. മിക്കവാറും എല്ലാ മുഖ്യധാരാ ദിനപത്രങ്ങളും ഒരുതരത്തിലല്ലെങ്കിൽ വേറൊരു തരത്തിൽ സംഘപരിവാര മംഗളപത്രങ്ങളായിക്കഴിഞ്ഞു. ദേശീയ മാദ്ധ്യമങ്ങളെപ്പോലെ പ്രാദേശിക പത്രങ്ങളും അവയുടെ സ്​ഥാപനോദ്ദേശ്യത്തിന് വിരുദ്ധമായ വർഗ്ഗീയ–ഫാഷിസ്റ്റ് ശക്തികളുടെ സ്​തുതിപാഠകരായിക്കൊണ്ടിരിക്കുകയാണിപ്പോൾ. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മാദ്ധ്യമങ്ങൾ പ്രകടിപ്പിക്കുന്ന ഉന്മാദതുല്യമായ ഭക്തിപ്രഹർഷം ഹിന്ദുത്വ ഫാഷിസത്തിനുള്ള വരവേൽപ്പാണെന്ന് കാണാതെവയ്യ. വർഗ്ഗീയ രാഷ്ട്രീയത്തിനായി നടത്തപ്പെടുന്ന ഒരു മതച്ചടങ്ങിലെ യജമാനനോടുള്ള ഭക്തിയെ രാമഭക്തിയായി തെറ്റിദ്ധരിപ്പിക്കുന്ന മാദ്ധ്യമങ്ങൾ സ്വന്തം ശവക്കുഴിതോണ്ടുകയാണെന്നും ഓർക്കുന്നില്ല. കുനിയാൻ പറയുമ്പോഴേക്കും മുട്ടിലിഴയുന്ന മലയാള മാദ്ധ്യമങ്ങളുടെ അടിമമനോഭാവത്തോളം അശ്ലീലമായി കേരളത്തിൽ വേറെന്തുണ്ട്?


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments